ചരിത്രം തിരയടിക്കുന്ന ചാവക്കാടിന്റെ കടലോരങ്ങൾ

കേരള മുസ്ലിം ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ തീരമേഖലയാണ് ചാവക്കാട്. തൃശൂർ ജില്ലയിലെ പ്രധാന താലൂക്കും നഗരസഭയുമാണ് ചാവക്കാട്. ആർത്തലക്കുന്ന അറബിക്കടലും ശാന്തമായൊഴുകുന്ന കനോലി കനാലും കേരത്തോപ്പുകളും കമനീയമാക്കുന്ന ദേശം. കടൽത്തീരവുമായി ചേർന്ന് കിടക്കുന്നതിനാൽ ഉയർന്ന പ്രദേശങ്ങളില്ല. ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പാലയൂർ പള്ളിയും ചാവക്കാട് താലൂക്കിലാണ്. ശാപമുണ്ടായിരുന്ന ശാപക്കാട്, ശവം കുഴിച്ചുമൂടിയിരുന്ന ശവക്കാട്, നിരവധി പോരാളികൾക്ക് ചാവൽ (മരണം) നൽകിയ കാട് എന്നിങ്ങനെ പല ഐതിഹ്യങ്ങളും ചാവക്കാട് എന്ന പേരിനു പിന്നിലുണ്ട്.
പ്രാചീന കാലത്ത് പ്രസിദ്ധമായ ഒരു വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു ഇത്. ജലഗതാഗതമായിരുന്നു നാടിന്റെ ജീവവായു. വഞ്ചിക്കടവ് കേന്ദ്രീകരിച്ചുള്ള കെട്ടുവള്ളങ്ങൾ ചരക്കുനീക്കങ്ങൾക്ക് വേഗം കൂട്ടി. നാളികേരമാണ് മുഖ്യകാർഷിക വിള. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിർമിക്കപ്പെട്ട ടിപ്പുസുൽത്താൻ റോഡും കനോലി കനാലും ചാവക്കാടിന്റെ ഉയർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ല. ഗൾഫ് സമ്പത്ത് മുഖ്യവരുമാനമായ ഈ പ്രദേശം മിനി ഗൾഫ് എന്നും അറിയപ്പെടുന്നു. ഗൾഫിലേക്ക് ചേക്കേറുന്നതിനു മുമ്പ് മത്സ്യബന്ധനവും ബീഡി തെറുപ്പുമായിരുന്നു നാട്ടുകാരുടെ പ്രധാന ധനാഗമന മാർഗം. ചേറ്റുവ പാലം വന്നതോടെ ചാവക്കാടിന്റെ മുഖച്ഛായ തന്നെ മാറി.
ചാവക്കാടിന്റെ നാൾവഴികൾ സാംസ്‌കാരിക ആദാനപ്രദാനങ്ങളുടെയും പോരാട്ടങ്ങളുടെയും ജ്വലിപ്പിക്കുന്ന ഓർമ പുസ്തകങ്ങളാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് പുന്നത്തൂർ സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ചാവക്കാട് ദേശം. 1717ൽ ഡച്ചുകാർ കീഴ്‌പ്പെടുത്തി. 1776ൽ മൈസൂരിനു കീഴിലായി. ബ്രിട്ടീഷ് അധിനിവേശത്തോടെ 1789ൽ സെപ്തംബർ 28ന് മദ്രാസ് പ്രവിശ്യയായ മലബാറിന്റെ ഭാഗമായി. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പൊന്നാനി താലൂക്കിലായിരുന്നു ഈ പ്രദേശം. എന്നാൽ അന്ന് തൃശൂർ ജില്ലയിലെ ഇതര താലൂക്കുകളെല്ലാം കൊച്ചിയുടെ ഭാഗമായിരുന്നു.
നിരവധി ചരിത്ര ശേഷിപ്പുകളുടെ സൂക്ഷിപ്പു കേന്ദ്രമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് താലൂക്ക് ഓഫീസ്. രാജ്യത്ത് ആദ്യമായി നികുതി നിഷേധിച്ച് ബ്രിട്ടീഷധിനിവേശത്തിനെതിരെ പ്രതിഷേധ ജ്വാലയുയർത്തിയ വെളിയങ്കോട് ഉമർ ഖാളി(റ)യെ തുറങ്കിലടച്ചതും അദ്ദേഹം അത്ഭുതകരമായി അപ്രത്യക്ഷനായതും ഈ കെട്ടിടത്തിൽ വെച്ചായിരുന്നു. ആദ്യത്തെ കുടിയേറ്റക്കാരായ ജൂതന്മാർ, ചേറ്റുവ ഉൾപ്പെടെയുള്ള കൊച്ചി രാജ്യത്ത് ആധിപത്യം സ്ഥാപിച്ച ഡച്ചുകാർ, ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത തദ്ദേശീയരെയും അക്കാലത്തെ ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനെയും അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും ശിലാഫലകങ്ങളും ഈ കെട്ടിടത്തിൽ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

ചാവക്കാടിന്റെ
പൈതൃക അടരുകൾ

ആദ്യകാല മുസ്ലിം അധിവാസ കേന്ദ്രങ്ങളിലൊന്നാണ് ചാവക്കാട്. ധാരാളം ഇസ്‌ലാമിക പൈതൃക മുദ്രകൾ ഇവിടെ പതിഞ്ഞു കാണാം. ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടിൽ തന്നെ ഇവിടെ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചമെത്തിയിട്ടുണ്ട്. പ്രാചീന തുറമുഖ നഗരമായ കൊടുങ്ങല്ലൂരിന്റെ സമീപ പ്രദേശമാണ് ഈ തീരദേശം. മാലികുബ്‌നു ദീനാറി(റ)നോടൊപ്പം മലബാറിലെത്തിയ ജുബൈറുബ്‌നുൽ ഹാരിസ് ചാവക്കാടിനടുത്തുള്ള ചേറ്റുവായിൽ പള്ളി സ്ഥാപിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. 1528ൽ പറങ്കികൾ ഈ പള്ളി തകർത്തതായി ചരിത്രരേഖകളുണ്ട്. ചേറ്റുവാ അന്ന് കൊച്ചിയുടെ ഭാഗമായിരുന്നു. ചാവക്കാട് മലബാറിലും. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ജന്മഭൂമിയാണ് വന്നേരി. കൊച്ചി രാജാക്കന്മാരുടെ പട്ടാഭിഷേകം നടന്നിരുന്ന ഇവിടെ സാമൂതിരി ഏതാനും മുസ്‌ലിംകളെ കുടിയിരുത്തിയതായും അവരുടെ ശാഖകൾ ചാവക്കാട് താലൂക്കിൽ വ്യാപിച്ചതായും ചരിത്രം പറയുന്നു.
മണത്തല, എടക്കഴിയൂർ, അകലാട്, മന്ദലാംകുന്ന്, അവിയൂർ, അഞ്ചങ്ങാടി, അണ്ടത്തോട്, വട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ മുസ്ലിംകൾ ഗണ്യമായ തോതിൽ അധിവസിക്കുന്നു. പ്രാചീന പള്ളികളാലും ദർസുകളാലും സമ്പന്നമാണ് പ്രദേശം. എടക്കഴിയൂർ, മണത്തല, അവയൂർ, അണ്ടത്തോട്, അഞ്ചങ്ങാടി എന്നിവിടങ്ങളിൽ ഇന്നും ശ്രദ്ധേയങ്ങളായ പള്ളിദർസുകളുണ്ട്. മാപ്പിള സാഹിത്യത്തിനും ഇസ്‌ലാമിക വിജ്ഞാനത്തിനും സേവനമർപ്പിച്ച ധാരാളം പ്രതിഭകൾക്ക് ജന്മം നൽകിയ മണ്ണാണിത്. സാദാത്തുക്കളുടെ സാന്നിധ്യം കൊണ്ടും ഇവിടം പ്രസിദ്ധം. പുണ്യപുരുഷന്മാരുടെ നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ മുസ്‌ലിം സന്ദർശകരെ ഇവിടേക്കാകർഷിക്കുന്നു.

മണത്തല മൂപ്പൻ
ചെഞ്ചായമണിയിച്ച മണ്ണ്

ചാവക്കാടിന്റെ ഭരണ സിരാകേന്ദ്രമാണ് മണത്തല വില്ലേജ്. ചാവക്കാട്ട് ആദ്യമായി വാങ്കൊലി മുഴങ്ങിയത് മണത്തല ജുമാമസ്ജിദിലാണ്. എഡി എട്ടാം ശതകത്തിൽ സ്ഥാപിച്ച ഈ പള്ളിയിൽ കാലങ്ങളായി ദർസ് നടക്കുന്നു. പ്രധാന മുസ്‌ലിം തീർത്ഥാടന കേന്ദ്രം കൂടിയാണ് മണത്തല. സാമൂതിരി രാജാവിന്റെ കാര്യസ്ഥനായിരുന്ന ഹൈദ്രോസ് കുട്ടി മൂപ്പരുടേതാണ് ജാറം. വെളിയങ്കോട് ഉമർ ഖാളി(റ) ഇവിടെ സിയാറത്തിനു വരികയും പള്ളിഭിത്തിയിൽ മൂപ്പരെക്കുറിച്ച് മൂന്നു വരി അറബിക്കവിത കോറിയിടുകയും ചെയ്തതായി ഇകെ അബ്ദുല്ല മുസ്‌ലിയാർ രചിച്ച മൗലിദിൽ പറയുന്നുണ്ട്.
കൊല്ലവർഷം 910 (ഏകദേശം ഹി. 1148) മേടം ഒന്നിനാണ് ഹൈദ്രോസ് കുട്ടി മൂപ്പന്റെ ജനനം. മൂസക്കുട്ടി മൂപ്പരാണ് പിതാവ്. സന്താന സൗഭാഗ്യമില്ലാതിരുന്ന മൂസക്കുട്ടി മൂപ്പൻ കൊച്ചി തക്യാവിലെ അബൂബക്കർ ഹൈദ്രോസ് എന്ന ബംബ് തങ്ങളെ ചെന്നുകണ്ട് സങ്കടമുണർത്തി. അദ്ദേഹത്തിന്റെ പ്രാർത്ഥന ഫലിച്ചു. അങ്ങനെ മൂസക്കുട്ടിക്ക് വാർധക്യ കാലത്ത് പിറന്ന മകനാണ് ഹൈദ്രോസ് കുട്ടി. രാജ്യതാൽപര്യം സംരക്ഷിക്കാൻ രാജാവ് കുട്ടിയെ ഏറ്റെടുക്കുകയും കോവിലകത്ത് വളർത്തുകയും ചെയ്തു.
സാമൂതിരിയുടെ കാര്യസ്ഥനായിരുന്നു മൂസക്കുട്ടി മൂപ്പൻ. ചാവക്കാട് ദേശത്തെ 32 ചേരിക്കല്ലുകളിലെ കരം പിരിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. നികുതിയായിരുന്നു രാജാവിന്റെ ഏക വരുമാന മാർഗം. പാവങ്ങളുടെ നടുവൊടിക്കുന്ന നികുതി നൈതികതക്കു നിരക്കുകയില്ലെന്ന ബോധ്യത്താൽ അദ്ദേഹം കരം പിരിച്ചെടുക്കുന്നതിൽ കൃത്യവിലോപം കാണിച്ചു. അതുകാരണം ഒരിക്കൽ രാജാവ് മൂപ്പനെ വീട്ടുതടങ്കലിലാക്കി. പിന്നീട് മോചിപ്പിച്ചു. ഭാര്യ ഗർഭിണിയായിരിക്കുമ്പോഴാണ് ഈ അറസ്റ്റും മോചനവും നടന്നത്.
പിതാവിന്റെ കാലശേഷം ഹൈദ്രോസ് കുട്ടി തൽസ്ഥാനത്ത് നിയമിതനായി. പിതാവിനെ പോലെ മകനും നിർധനരുടെ നീരൂറ്റുന്ന നിർബന്ധിത നികുതിക്ക് എതിരായിരുന്നു. കണ്ണൂരിൽ അന്തിയുറങ്ങുന്ന സയ്യിദ് മൗലൽ ബുഖാരി(റ)വായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. കണ്ണൂരിൽ പോയി മൗലാ തങ്ങളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു. തങ്ങൾ അദ്ദേഹത്തെ ആശീർവദിക്കുകയും പുലിക്കുട്ടിയായി ജീവിക്കാൻ ഉപദേശിക്കുകയും ചെയ്തു.
എഡി 1766 മുതൽ മലബാർ മൈസൂരിന്റെ അധീനതയിലായി. ഒമ്പതു വർഷം ഹൈദരലിയും ഏഴു വർഷം ടിപ്പുവും ഭരണം നടത്തി. സാമൂതിരി മൈസൂരിനെ അംഗീകരിക്കുകയും നിശ്ചിത വാർഷിക നികുതി അടക്കാൻ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. ഏതാനും വർഷം മുടക്കമില്ലാതെ നികുതിയടച്ചു. പിന്നെ നികുതി നൽകാൻ കഴിയാതെവന്നു. ചാവക്കാട്ടു നിന്നുള്ള വരവു നിലച്ചതാണ് കാരണം. ഹൈദ്രോസ് കുട്ടിയുടെ കൃത്യവിലോപത്തെക്കുറിച്ച് സാമൂതിരി ടിപ്പുവിനെ അറിയിച്ചു. അന്വേഷണത്തിൽ മൂപ്പരുടെ സത്യസന്ധതയും നീതിനിഷ്ഠയും മതബോധവുമറിഞ്ഞ ടിപ്പു അദ്ദേഹത്തിനെതിരെ നടപടി എടുക്കുന്നതിൽ നിന്ന് സാമൂതിരിയെ പിന്തിരിപ്പിച്ചു. മൂപ്പനെ മൈസൂരിലെത്തിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.
മൈസൂരിലെത്തിയ ഹൈദ്രോസ് കുട്ടിയും ടിപ്പുവും ദീർഘമായി സംസാരിച്ചു. മൂപ്പരിൽ ആകൃഷ്ടനായ ടിപ്പു തന്റെ ഒരു മകളെ വിവാഹം ചെയ്യാൻ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചു. ഹൈദ്രോസ് കുട്ടി ചാവക്കാട്ടേക്കു തിരിച്ചുപോയി. മീർഖാൻ സാഹിബായിരുന്നു ടിപ്പുവിന്റെ സൈനിക മേധാവി. താൻ മനസ്സിൽ താലോലിച്ച രാജകുമാരിയെ ഹൈദ്രോസ് കുട്ടിക്ക് വിവാഹം ചെയ്തുകൊടുത്ത വാർത്ത സാഹിബിന്റെ ചെവിയിലെത്തി. അതിനിടെ തന്റെ പുത്രിയെ ഏൽപ്പിച്ചു കൊടുക്കുന്നതിനുള്ള ക്ഷണക്കത്ത് ചാവക്കാട്ടെത്തിക്കാൻ ഖാൻസാഹിബിനെ ചുമതലപ്പെടുത്തി. അയാൾ അവസരം മുതലെടുത്തു. സംഘം സാമൂതിരിയെ കൂട്ടുപിടിച്ച് കത്തിൽ കൃത്രിമം കാണിച്ച് അതൊരു അറസ്റ്റു വാറണ്ടാക്കി.
എഴുത്ത് വായിച്ച മൂപ്പൻ വിഷണ്ണനായി. കൈയാമം വെക്കാൻ വന്നവരെ തുരത്തിയോടിച്ചു. പരിഭ്രാന്തരായ സംഘത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് സാമൂതിരി നായർ പടയെ സഹായത്തിനയച്ചു. മൂപ്പരും അനുയായികളും നായർ പടയുമായി ഏറ്റുമുട്ടി. പലരും രക്തസാക്ഷികളായി. അദ്ദേഹം തളർന്നു വീണു. അവശനായ മൂപ്പരെ പല്ലക്കിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ കുളത്തിൽ ചാടി. പ്രസ്തുത കുളമാണത്രേ കുന്നംകുളം റൂട്ടിലെ ചാട്ടുകുളം. പിന്നീട് വീടിനടുത്തുള്ള മറ്റൊരു കുളത്തിലാണ് അദ്ദേഹം പൊങ്ങിയത്! ഈ രണ്ടു കുളങ്ങളും ഇന്ന് പരിപാലിക്കപ്പെടുന്നു. ചാവക്കാട് അങ്ങാടി കഴിഞ്ഞുള്ള ഇടപള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അടുത്ത വെള്ളിയാഴ്ച ശത്രുക്കൾ പള്ളിക്ക് ചുറ്റും പതുങ്ങിയിരുന്നു. ജുമുഅ കഴിഞ്ഞിറങ്ങിയ മൂപ്പനു നേരെ അവർ ചീറിയടുത്തു. കനത്ത പോരാട്ടത്തിനൊടുവിൽ ഹൈദ്രോസ് കുട്ടി രക്തസാക്ഷിയായി. അവർ അദ്ദേഹത്തിന്റെ ശിരസ്സറുത്ത് കോവിലകത്തെത്തിച്ചു.
കാര്യസ്ഥനെ വധിച്ചതറിഞ്ഞ് സാമൂതിരി സന്തോഷിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉടലറ്റ ശിരസ്സു കണ്ട് നടുങ്ങി. അന്നു രാത്രി പേക്കിനാവുകൾ കണ്ടു ഉറക്കം നഷ്ടപ്പെട്ടു. പുലർന്നപാടേ പ്രായശ്ചിത്തമായി മൂപ്പരുടെ ശിരസ്സ് പട്ടിൽ പൊതിഞ്ഞ് നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്തേറ്റി തബല മുട്ടി പൂർണ ബഹുമതിയോടെ മണത്തല പള്ളിയിലെത്തിച്ചു. വിശ്വാസികൾ തങ്ങളുടെ നേതാവിന്റെ ശേഷിച്ച ഉടൽഭാഗം ഖബറടക്കാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു ഈ വരവ്. തലയും ഉടലും തമ്മിൽ അത്ഭുതകരമായി കൂടിച്ചേർന്ന ആ പുണ്യദേഹം പള്ളിയുടെ തെക്കു ഭാഗത്ത് അടക്കം ചെയ്തു. കൊല്ലവർഷം 967 (സുമാർ ഹി. 1206) മകരം 15നായിരുന്നു ഈ രക്തസാക്ഷിത്വം.
സാമൂതിരിയുടെയും പരിവാരത്തിന്റെയും അന്നത്തെ വരവാണ് പിന്നീട് ചാവക്കാടിന്റെ ഉത്സവമായി മാറിയത്. മകരം 15നാണ് ഈ ഉത്സവം നടക്കാറുള്ളത്. മൂപ്പരുടെ അംഗരക്ഷകരായിരുന്ന മേലെപ്പുര, ചഞ്ചേരി, കുങ്കുര് എന്ന തിയ്യ കുടുംബങ്ങളിൽ പെട്ട ചിലർ ഇപ്പോഴും അദ്ദേഹത്തിന് തർപ്പണബലിയിടാറുണ്ടത്രേ.

ഒരുമനയൂർ സാദാത്തുപള്ളി

ചാവക്കാട് ടൗണിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ഒരുമനയൂർ. കിഴക്ക് കാളമനക്കായലും പടിഞ്ഞാറ് കനോലി കനാലും വടക്ക് കണ്ണികുത്തിത്തോടും തെക്ക് ചേറ്റുവപ്പുഴയും അതിരിടുന്ന ദേശം. ഒരുമനയൂർ തങ്ങൾപടി രണ്ടു നൂറ്റാണ്ടായി ജനമനങ്ങളിൽ കൂടുകെട്ടിയ പുണ്യഭൂമിയാണ്. സഖാഫ് സാദാത്തുക്കളും ധാരാളം പുണ്യാത്മാക്കളും തങ്ങൾപടിയെ ഭക്തിസാന്ദ്രമാക്കുന്നു.
കീക്കോട്ട് തങ്ങന്മാരുടെ മഖാമും സാദാത്തു മസ്ജിദുമാണ് ഇവിടത്തെ ആകർഷണ കേന്ദ്രം. ഖളിർ നബി(അ) തറക്കല്ലിട്ട പള്ളിയാണ് സാദാത്തു മസ്ജിദെന്നാണ് വിശ്വാസം. പള്ളിക്ക് കുറ്റിയടിച്ച് ശിലാസ്ഥാപനം നടത്താതെ കീക്കോട്ട് ഹൈദ്രോസ് തങ്ങൾ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നതുകണ്ട് ഒരാൾ ചോദിച്ചു: കല്ലിടുകയല്ലേ തങ്ങളേ! ‘ആയിട്ടില്ല, കല്ലിടാൻ ഒരു ഫഖീർ വരുന്നുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ എവിടെ നിന്നോ ഒരു ഫഖീറെത്തി കല്ലിട്ട് അപ്രത്യക്ഷനായി. ആഗതൻ ഖളിർ നബി(അ)യായിരുന്നുവെന്ന് വിശദീകരിച്ച് ഹൈദ്രോസ് കോയ തങ്ങൾ ആകാംക്ഷക്ക് അറുതി വരുത്തി. ഒരുമനയൂർ മഹല്ല് രൂപം കൊള്ളുന്നതുവരെ ഈ പള്ളിയിൽ ജുമുഅ നടന്നിരുന്നു. പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലമാണെന്ന് ധാരാളം വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.

കീക്കോട്ട് തങ്ങൾ

സയ്യിദ് ഹുസൈൻ ബാഹുസൈൻ സഖാഫ് തങ്ങളാണ് കീക്കോട്ട് സയ്യിദുമാരുടെ വംശനാഥൻ. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ദേശം കിഴിക്കോട്ടു കടവിൽ നിന്നാണ് അദ്ദേഹം ഒരുമനയൂരിൽ വന്ന് താമസമാക്കിയത്. കിഴിക്കോട്ട് ലോപിച്ചാണ് കീക്കോട്ടായത്. നടുവണ്ണൂർ ചെറായി മഖാമിൽ അന്തിയുറങ്ങുന്ന സയ്യിദ് അബ്ദുല്ല ബാഹുസൈൻ സഖാഫ് ആറ്റക്കോയ തങ്ങളാണ് പിതാവ്.
ആത്മജ്ഞാനിയും അവശ വിഭാഗത്തിന്റെ അത്താണിയുമായിരുന്നു ഹുസൈൻ കുഞ്ഞിക്കോയ തങ്ങൾ. മലബാറിലെന്ന പോലെ തമിഴ്‌നാട്ടിലും പ്രസിദ്ധൻ. ചാവക്കാട്ടും പരിസരങ്ങളിലും മുസ്‌ലിംകൾക്ക് സ്വാധീനമുണ്ടാക്കുന്നതിൽ കീക്കോട്ട് വലിയ തങ്ങളുടെ പങ്ക് ചെറുതല്ല. കീക്കോട്ട് തറവാടും മഖാമും മസ്ജിദും സ്ഥിതി ചെയ്യുന്ന മൂന്ന് ഏക്കർ 56 സെന്റ് ഭൂമി പാടൂർ തെക്കുമ്പുറം നമ്പൂതിരി കുടുംബം ദാനം നൽകിയതാണ്. കുടുംബത്തിൽ ബാധിച്ച മഹാവിപത്തിൽ നിന്നു രക്ഷതേടി അവർ സയ്യിദവർകളെ സമീപിച്ചു. ഫലവും ലഭിച്ചു. ഭൂദാനത്തിന് അവരെ പ്രേരിപ്പിച്ചത് ഈ അനുഭവമാണ്. നിരവധി പേർ അദ്ദേഹം മുഖേന ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. പാടൂർ തെക്കുമ്പുറം അബ്ദുറഹ്‌മാൻ സാഹിബ് അതിൽ പ്രമുഖനാണ്.
ഒരിക്കൽ കീക്കോട്ട് തറവാടിനോടു ചേർന്നുള്ള കുളത്തിൽ അംഗശുദ്ധി വരുത്തുകയായിരുന്നു വലിയ തങ്ങൾ. അതിനിടയിൽ മുഖഭാവം മാറി. ഇരു കൈകളിലും വെള്ളം കോരി മുകളിലേക്കെറിയുന്നു! ‘തീ കെടട്ടെ, തീ കെടട്ടെ’ എന്നിങ്ങനെ പറയുന്നുമുണ്ട്. പൊടുന്നനെ ഇടിവെട്ടി. മാനം കറുത്തു. നാലു കി.മീറ്റർ അകലെ ചാവക്കാട് കടപ്പുറത്ത് കോരിച്ചൊരിയുന്ന മഴ! അവിടെ മത്സ്യത്തൊഴിലാളികളുടെ ഓലക്കുടിലുകൾ അഗ്‌നി വിഴുങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തങ്ങളുടെ ഇടപെടൽ. മഴയിൽ തീ കെട്ടടങ്ങി. കിടപ്പാടങ്ങൾ കത്തുന്നതു കണ്ട് നെഞ്ചുപൊട്ടിയ ചിലർ ‘കീക്കോട്ടെ വലിയ തങ്ങളേ’ എന്നു വിളിച്ചാർത്തതിന്റെ പ്രതിഫലനമായിരുന്നു അത്. അന്നുമുതൽ ജനങ്ങൾ അദ്ദേഹത്തെ തീക്കോട്ട് തങ്ങളെന്ന് വിളിച്ചു. ഹിജ്‌റ 1347 റമളാൻ എട്ടിനാണ് മഹാന്റെ വഫാത്ത്.
സയ്യിദ് ഹുസൈൻ കുഞ്ഞു സീതീ തങ്ങൾ, സയ്യിദ് അലവി ഹൈദ്രോസ് തങ്ങൾ, സയ്യിദ് മുഹമ്മദ് തങ്ങൾ, സയ്യിദ് മശ്ഹൂർ ഉണ്ണി തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ, ഖാജാ മുഈനുദ്ദീൻ ആറ്റക്കോയ തങ്ങൾ തുടങ്ങി അനേകം സയ്യിദുമാരും സയ്യിദാത്തുകളും കീക്കോട്ട് മഖാമിൽ അന്തിയുറങ്ങുന്നു.

സഖാഫ് സാദാത്തുക്കൾ

കേരളത്തിൽ മതപ്രബോധനാർത്ഥം കുടിയേറിയ പ്രശസ്ത സയ്യിദ് കുടുംബങ്ങളിലൊന്നാണ് സഖാഫ്. യമനിലെ സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ), മകൻ സയ്യിദ് അബ്ദുറഹ്‌മാൻ(റ) എന്നവർക്കാണ് ആദ്യമായി സഖാഫ് കുടുംബനാമം ലഭിക്കുന്നത്. ഹിജ്‌റ 739ൽ ഹളർമൗത്തിലെ തരീമിലാണ് അദ്ദേഹത്തിന്റെ ജനനം. മാതാവ് ആഇശ ബിൻത് അബീബകർ. ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽഖത്വീബ്(റ), ശൈഖ് അബൂബക്കർ ഇബ്‌നു ഈസി ബായസീദ്(റ), ശൈഖ് മുഹമ്മദുബ്‌നു സഈദ് ബാശകീൽ(റ) എന്നിവർ ഗുരുനാഥന്മാരാണ്.
അഗാധജ്ഞാനിയും സൂഫീവര്യനുമായിരുന്ന ഇദ്ദേഹം പ്രശസ്തിയോടുള്ള വിപ്രതിപത്തി കാരണം ജനങ്ങളിൽ നിന്നു മാറി ഏകാന്തവാസം വരിച്ചു. നിത്യവും നാലു ഖത്മ് ഖുർആൻ ഓതുക, ഹൂദ് നബി(അ)യുടെയും മറ്റു സച്ചരിതരുടെയും ഖബറുകൾ സന്ദർശിക്കുക, അവിടങ്ങളിൽ ധാരാളം സമയം ചെലവഴിക്കുക, നാൽപതു ദിവസം തുടർച്ചയായി നോമ്പനുഷ്ഠിക്കുക എന്നിവ അദ്ദേഹത്തിന്റെ പതിവുകളായിരുന്നു. ഹിജ്‌റ 819ൽ വഫാത്തായി. വീടിന് മേൽപ്പുരയെന്ന പോലെ അക്കാലത്തെ ഔലിയാക്കളുടെ മുകളിൽ പ്രതിഷ്ഠ നേടിയതു മൂലം പണ്ഡിതന്മാർ അദ്ദേഹത്തിനു നൽകിയ നാമമാണ് ‘സഖാഫ്.’ മേൽപ്പുര, ഉന്നതൻ എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.
സയ്യിദ് ഇബ്‌റാഹീമുബ്‌നു ഹുസൈൻ(റ) അൽഹള്‌റമിയാണ് കേരളത്തിലെ സഖാഫ് കുടുംബത്തിന്റെ പിതാവ്. തിരുനബി(സ്വ)യുടെ മുപ്പത്തിരണ്ടാം പൗത്രനാണ് അദ്ദേഹം. യമനിൽ നിന്ന് വന്ന സയ്യിദ് ഇബ്‌റാഹീമുബ്‌നു ഹുസൈൻ(റ) അൽഹള്‌റമി വടകര കക്കുന്നത്താണ് താമസിക്കാൻ തിരഞ്ഞെടുത്തത്. കോട്ടപ്പുറം (വളാഞ്ചേരി), പട്ടിക്കാട്, ഒരുമനയൂർ (ചാവക്കാട്), കുറ്റിപ്പുറം, തളീക്കര (കുറ്റ്യാടി), കൊടുമുടി, കൊപ്പം, പൊന്നാനി, കൂട്ടായി, കടലുണ്ടി, പരപ്പനങ്ങാടി പനയത്തിൽ, പട്ടാമ്പി, കൊളക്കാട്, വെങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ സഖാഫ് കുടുംബത്തിന്റെ ശാഖകൾ താമസിച്ചുവരുന്നു (കേരളത്തിലെ സയ്യിദ് കുടുംബങ്ങൾ).

 

അലി സഖാഫി പുൽപറ്റ

Exit mobile version