ചരിത്രം തിളങ്ങുന്ന കൊന്നാര് ഗ്രാമം

History of Konnar Village - Malayalam

ഴയ ഏറനാട് താലൂക്കിന്‍റെ ഹൃദയ ഭാഗത്തിലൂടെ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി പരന്നൊഴുകുന്ന ചാലിയാര്‍. നാലുഭാഗവും കൊന്നമരങ്ങള്‍ അതിരുകെട്ടിയ പുഴയോര ഗ്രാമമുണ്ട്- കൊന്നാര്. കൊന്നമരങ്ങളാല്‍ നിബിഡമായൊരിടം. ഏപ്രില്‍-മെയ് മാസങ്ങളില്‍ കൊന്നപ്പൂക്കള്‍ പൂത്തുതുടങ്ങുന്നതോടെ ഗ്രാമം ചേതോഹരമാകും. അതിലുപരി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരയോദ്ധാവായ മുഹമ്മദ് കോയ തങ്ങളുടെ ജന്മദേശം കൊന്നാര് ഗ്രാമത്തില്‍ ഇടംനേടിയത് ഈ ഗ്രാമത്തിന്‍റെ ചാരുത കൂട്ടുന്നു. ഇന്ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് പഞ്ചായത്തിന്‍റെ ഭാഗമാണ് കൊന്നാര്. സയ്യിദന്മാരെ കൊണ്ട് പേരുകേട്ട നാടാണെന്ന മേല്‍വിലാസം കൊന്നാരയുടെ  മാറ്റു വര്‍ധിപ്പിക്കുന്നു. 1921-ലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യ സമരത്തില്‍ ഉറച്ചുനിന്നു ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നിരന്തര യുദ്ധം നടത്തിയ ചരിത്രം കൊന്നാരിന് മറക്കാനാവില്ല. പൂക്കോട്ടൂരിനെയും തിരൂരങ്ങാടിയെയും പോലെ മലബാര്‍ സമര ചരിത്രത്തില്‍ കൊന്നാരിന്‍റെ ചരിത്രത്തിനും തിളക്കം ഏറെയുണ്ട്.

 

കൊന്നാര് തങ്ങന്മാര്‍

അഹ്ലുബൈത്തിന്‍റെ സുഗന്ധമുള്ള കാറ്റാണ് കൊന്നാരിലേത്. ഇസ്ലാമിക വൈജ്ഞാനിക ആസ്ഥാനമായിരുന്ന ഖുറാസാനിലെ ബുഖാറയില്‍ നിന്ന് ഹിജ്റ വര്‍ഷം 928 (എഡി 1521)-ല്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍ മതപ്രബോധനാര്‍ത്ഥം വളപട്ടണത്തെത്തി. ഇവിടം മുതല്‍ക്കാണ് കേരളത്തിലെ ബുഖാരി സാദാത്തീങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. കരുവന്‍തിരുത്തിയിലെ സയ്യിദ് അബ്ദുറഹിമാന്‍ ബുഖാരിയുടെ അഞ്ചാമത്തെ പുത്രനായ സയ്യിദ് മുഹമ്മദ് ബുഖാരിയാണ് കൊന്നാരെത്തുന്നത്. ഇദ്ദേഹത്തിലൂടെയാണ് കൊന്നാര് ബുഖാരി സാദാത്തുക്കളുടെ ഉത്ഭവവും വികാസവും.

ചികിത്സാവശ്യാര്‍ത്ഥം 1199-ല്‍ കൊന്നാരയിലെത്തിയ സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങള്‍ ദേശത്തിന്‍റെ ഇസ്ലാമിക ചുവടുവെപ്പുകള്‍ക്ക് തുടക്കമിട്ടു. കൊന്നാര് തങ്ങന്മാരില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ബുഖാരി തങ്ങളുടെ പുത്രനായ സയ്യിദ് അഹ്മദ് ബുഖാരി. കൊഞ്ഞുള്ള ഉപ്പാപ്പ എന്നറിയപ്പെട്ട മഹാപണ്ഡിതനായിരുന്നു തങ്ങള്‍. അദ്ദേഹത്തിന്‍റെ സാമീപ്യവും ജീവിതവും കൊന്നാരക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കി. കൊഞ്ഞുള്ളപ്പാപ്പയുടെ അത്ഭുത സിദ്ധികള്‍ക്ക് മുമ്പില്‍ ബ്രിട്ടീഷ് പട്ടാളം അടിയറവ് പറഞ്ഞ ചരിത്രം പലരും ഇന്നും വിസ്മയത്തോടെ അയവിറക്കുന്നുണ്ട്.

സയ്യിദ് മുഹമ്മദ് ബുഖാരി പ്രസിദ്ധ ചികിത്സകന്‍ കൂടിയായിരുന്നു. ചികിത്സ തേടി നിരവധി ആളുകള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കടന്നുവരവിന്‍റെ സമയത്തുണ്ടായ കറാമത്തുകള്‍ നാട്ടുകാരും എണ്ണിയെണ്ണി പറയും. സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് അബ്ദുറഹിമാന്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി(കൊഞ്ഞുള്ള ഉപ്പാപ്പ) തുടങ്ങിയവരാണ് കൊന്നാരയിലെ തങ്ങന്‍മാരുടെ പൂര്‍വപിതാക്കന്മാര്‍. ഗ്രാമത്തില്‍ ജനജീവിതം തുടങ്ങിയതിനെ കുറിച്ച് അവരുടെ ജീവിത മാര്‍ഗങ്ങളെക്കുറിച്ചും മുജീബ് തങ്ങള്‍ വിശദീകരിക്കുന്നു: ആദ്യകാലത്ത് ചാലിയാര്‍ തീരത്തായിരുന്നു കൃഷി ചെയ്തിരുന്നത്. വളരെ ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു ഇത്. മികച്ച ജലസേചന സൗകര്യവും ലഭിച്ചു. നിറഞ്ഞൊഴുകുന്ന ചാലിയാര്‍ തന്നെയായിരുന്നു പഴയകാലത്ത് ഈ നാടിന്‍റെ ജീവനാഡി. തണ്ടാടി (മത്സ്യബന്ധനം) ആയിരുന്നു നാട്ടുകാരുടെ മുഖ്യജീവിതോപാധി. അതിനായി പ്രത്യേക വള്ളങ്ങളും ബോട്ടുകളും ഉണ്ടായിരുന്നു. മാവൂരിലെ ഗോളിയോര്‍ റയോണ്‍സ് ഫാക്ടറിയില്‍ തൊഴില്‍ ചെയ്തവര്‍ കൊന്നാരയില്‍ ഏറെയുണ്ടായിരുന്നു.

പള്ളിയും ചാലിയാറിന്‍റെ തീരത്ത് തന്നെയായിരുന്നു. കിണര്‍ കുഴിച്ച് വെള്ളമെടുക്കല്‍ അക്കാലത്ത് ഏറെ ബുദ്ധിമുട്ടായിരുന്നു. അന്ന് പുഴയില്‍ നിന്ന് വെള്ളമെടുത്താണ് പള്ളിയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ജനജീവിതത്തെ സാംസ്കാരികമായി കെട്ടിപ്പടുത്തതിലും നിലനിര്‍ത്തിയതിലും ചാലിയാറിന്‍റെ സ്വാധീനം തള്ളിക്കളയാനാവില്ല.

 

വെള്ളക്കാരെ തുരത്തിയ ആത്മവീര്യം

അധിനിവേശ ശക്തികള്‍ക്കെതിരെ രാപ്പകല്‍ അക്ഷീണം പടപൊരുതിയ കൊന്നാര് തങ്ങന്‍മാരുടെ ചരിത്രം അത്ഭുതകരമാണ്. കൊന്നാരയിലെ ഖിലാഫത്ത് നിയമങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. ഖിലാഫത്ത് സമരമുറകള്‍ക്ക് കൃത്യമായ പരിശീലനങ്ങള്‍ കൊന്നാര് ഭാഗത്ത് സയ്യിദന്മാരുടെ നേതൃത്വത്തില്‍ നടന്നുപോന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മറ്റും നേതൃത്വത്തില്‍ സ്ഥാപിച്ച ഖിലാഫത്തിന് കൊന്നാര് മുഹമ്മദ് കോയ തങ്ങളുടെ പിന്തുണ ലഭ്യമായി. ഇത് ഖിലാഫത്ത് പ്രസ്ഥാനത്തിന് വേരുറപ്പിക്കാന്‍ സഹായകമായി. കേരളത്തിലെ മാപ്പിളമാര്‍ക്ക് ഊര്‍ജവും ആത്മധൈര്യവും നല്‍കാന്‍ പ്രസ്ഥാനത്തിനായി. ഖിലാഫത്ത് കോടതിയും കൊന്നാര് ഭാഗത്ത് നിലവില്‍വന്നു. നാട്ടുകാര്‍ക്കിടയില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികള്‍ക്ക് ശക്തമായ ശിക്ഷയായിരുന്നു കോടതി മുഖേന നടപ്പാക്കിയത്. എന്നാല്‍ മതഭ്രാന്തനായാണ് ബ്രിട്ടീഷുകാര്‍ സയ്യിദവര്‍കളെ വിശേഷിപ്പിച്ചത്. ഇസ്ലാമിക പാരമ്പര്യ വിശ്വാസത്തിലും ശരീഅത്ത് നിയമം നടപ്പാക്കുന്നതിലും കര്‍ക്കശ നിലപാടുകള്‍ വച്ചുപുലര്‍ത്തിയതിനാലായിരുന്നു ഇത്.

ബ്രിട്ടീഷുകാര്‍ ശക്തമായി പിടിമുറുക്കിയ കാലം. തുടരെത്തുടരെയുള്ള ആക്രമണങ്ങള്‍ക്ക് മുസ്ലിംകളും അല്ലാത്തവരും വിധേയരായി. എന്നാല്‍ കൊന്നാര് പ്രതിരോധ ആക്രമണങ്ങള്‍ എല്ലാം കൃത്യമായ നീക്കങ്ങളോടെയായിരുന്നു. ഈ സമയത്ത് ഗറില്ലായുദ്ധമുറകള്‍ക്ക് പേരുകേട്ട നാടായി കൊന്നാര്. ചാലിയാര്‍ പുഴ വഴി ബോട്ടിലൂടെ കടന്നുവന്ന ബ്രിട്ടീഷ് പട്ടാളത്തെ നേരിടാന്‍ കൊന്നാര് തങ്ങന്മാര്‍ ഗറില്ലാ രീതി സമര്‍ത്ഥമായി ഉപയോഗിച്ചു. പുഴയുടെ തീരങ്ങളില്‍ വലിയ കുഴികള്‍ നിര്‍മിച്ച് അതിലൊളിച്ചിരിക്കുക, ബ്രിട്ടീഷുകാര്‍ വരുന്ന സമയത്ത് പൊടുന്നനെ കൂട്ടായ ആക്രമണങ്ങളിലൂടെ അവരെ തുരത്തുക, ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് വിരമിച്ച പട്ടാളക്കാരെയാണ് തങ്ങള്‍ ഇതിനായി നിയമിച്ചിരുന്നത്. ഇത്തരം യുദ്ധമുറകളില്‍ അവര്‍ നേരത്തെ നേടിയ പരിശീലനം സഹായകവുമായിരുന്നു. ഗറില്ലകളെ നേരിട്ട് അക്രമിക്കാന്‍ ഭയന്ന് വെള്ളപ്പട്ടാളം പുഴ കടക്കാതെ മറുകരയില്‍ നിന്ന് നിറയൊഴിക്കലായിരുന്നു പതിവ്. തങ്ങളുടെ നേതൃത്വത്തിലുള്ള ഖിലാഫത്ത് സൈന്യവും ബ്രിട്ടീഷ് പട്ടാളവും തമ്മില്‍ നിരവധി പോരാട്ടങ്ങള്‍ നടക്കുകയുണ്ടായി.

ബ്രിട്ടീഷ് സൈന്യത്തിന്‍റെ വെടി അതിജീവിച്ച് കൗതുകമായ കൊത്തുപണികളുള്ള കൊന്നാര് പള്ളി 65 വര്‍ഷത്തോളം ചരിത്രസ്മാരകമായി നിലനിന്നത് സ്മരണീയമാണ്. വെടിയുണ്ടകളേറ്റ് തകര്‍ന്ന പഴയ പള്ളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്‍റെ നേതൃത്വത്തില്‍ 1985-ല്‍ പുനര്‍ നിര്‍മിക്കാനായി പൊളിച്ചപ്പോള്‍ കലാപ കാലത്ത് ബ്രിട്ടീഷ് പട്ടാളം വര്‍ഷിച്ച ബുള്ളറ്റുകള്‍ ഭിത്തികളില്‍ കണ്ടെത്തുകയുണ്ടായി. പഴയ മുഹ്യിദ്ദീന്‍ മിനാരം പള്ളിയുടെ സ്ഥാനത്ത് നിര്‍മിച്ച പുതിയ പള്ളിയുടെ വാതിലില്‍ കലാപകാലത്ത് ബ്രിട്ടീഷുകാരുടെ ഗണ്ണുകളില്‍ നിന്നും പതിച്ച ഒരു ബുള്ളറ്റ് ഇപ്പോഴും കാണാം. ഒന്നര ഇഞ്ചോളം നീളം വരുന്ന ഈ ബുള്ളറ്റാണ് ഇന്ന് മലബാര്‍ സമരത്തിന്‍റെ ശേഷിപ്പായി ഇവിടെ ബാക്കിയുള്ളത്. ഹിജ്റ പതിനൊന്നാം നൂറ്റാണ്ടില്‍ പഴയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത് ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങളായിരുന്നു. 1921-ലെ ബ്രിട്ടീഷ് വെടിവെപ്പില്‍ പള്ളി ഏതാണ്ട് തകര്‍ന്നു. കൊന്നാര് വലിയുണ്ണി തങ്ങളുടെ ധീരമായ ചെറുത്തുനില്‍പ്പ് ബ്രിട്ടീഷുകാര്‍ക്ക് വലിയ തലവേദന തന്നെ സൃഷ്ടിച്ചു.

ഒളിവില്‍ താമസിച്ചിരുന്ന കൊന്നാരിലെ ചില പോരാളികളുടെ അന്ത്യം ദാരുണമായിരുന്നു. അതിലൊരാള്‍ അരീക്കോട് വടക്കുംമുറിയിലെ ഭാര്യയുടെ വീട്ടില്‍ വന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട സമയം, ഈ വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ് സൈന്യം വീട് വളഞ്ഞ് അദ്ദേഹത്തെ പിടികൂടി കോഴിക്കോട്ടേക്കു കൊണ്ടുപോയി. യാത്രക്കിടയില്‍ ആത്മരക്ഷാര്‍ത്ഥം അദ്ദേഹം കൈകള്‍ കൊണ്ട് ബ്രിട്ടീഷുകാരന്‍റെ കഴുത്തുമുറുക്കി. ഇതിന്‍റെ പകയില്‍ അവരദ്ദേഹത്തെ ബയണറ്റ് കൊണ്ട് അടിച്ച്  കൊന്നു. 1922 ഏപ്രിലിലായിരുന്നു ഇത്. കൊന്നാര് തങ്ങളുടെ സൈന്യത്തിലുണ്ടായിരുന്ന മുന്നണിപ്പോരാളികള്‍ ആറ്റക്കോയ തങ്ങള്‍, എറക്കോടന്‍ ഇബ്റാഹിം, എറെക്കോടന്‍ ചെറിയ മോയിന്‍ കുട്ടി ഹാജി, പാലക്കല്‍ അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതരായിരുന്നു. മാപ്പിള ചരിത്രം പേറി മര്‍മരത്തോടെയൊഴുകുന്ന ചാലിയാറിന്‍റെ തീരങ്ങള്‍ ഇനിയും വാചാലമാകും.

കൊന്നാരയിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മറ്റൊരു രാജ്യസ്നേഹിയായിരുന്നു കോലോത്തുംപടി കോയക്കുട്ടി തങ്ങള്‍. ടോട്ടന്‍ഹാമിന്‍റെ മാപ്പിള റിബലിയെന്‍ എന്ന കൃതിയില്‍ പറയുന്നതനുസരിച്ച് 1922 ജനുവരി 17-ന് എടവണ്ണയില്‍ വച്ചാണ് അദ്ദേഹത്തെ വെള്ളപ്പട്ടാളം പിടികൂടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് രാജിനെതിരെ യുദ്ധം ചെയ്തുവെന്നും കൊലപാതകത്തിന് പ്രേരണ നല്‍കി എന്നും ആരോപിച്ച് 1923 മാര്‍ച്ച് 23-ന് സ്പെഷ്യല്‍ ജഡ്ജി ജാക്സണ്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ പീനല്‍കോഡിലെ 12, 302, 114 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി വധശിക്ഷ നടപ്പാക്കി. പക്ഷേ,  കൊന്നാരക്കാര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. തൂക്കി കൊല്ലുന്നതിനു മുമ്പ് അന്ത്യാഭിലാഷം ചോദിച്ച പട്ടാളക്കാരനോട് കുറച്ചു വെള്ളം കൊണ്ടുവരാന്‍ തങ്ങള്‍ പറഞ്ഞുവത്രെ. പിന്നീട് രണ്ടു റക്അത്ത് നിസ്കരിച്ചു, ശേഷം തൂക്കിലേറ്റാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല.

ചികിത്സാരംഗത്ത് കൊന്നാര് തങ്ങന്മാര്‍ കാണിച്ച സാമര്‍ത്ഥ്യം അത്ഭുതകരമാണ്. ചെറിയ കോയക്കുട്ടി തങ്ങള്‍  എല്ല് സംബന്ധമായ പ്രശ്നങ്ങളുടെ സ്പെഷലിസ്റ്റായിരുന്നു. നിരവധി ഭ്രാന്തന്മാരെ ചികിത്സിച്ചു ഭേദമാക്കിയ പാരമ്പര്യവും തങ്ങന്മാര്‍ക്കവകാശപ്പെടാനുണ്ട്. എഴുപത്തഞ്ചോളം രോഗികളെയാണ് ഇത്തരത്തില്‍  ഇവിടെവച്ച് സുഖപ്പെടുത്തിയതത്രെ. രോഗികള്‍ അല്‍പകാലം ഇവിടെ താമസിച്ച് ശമനം നേടി തിരിച്ചുപോകലാണ് പതിവ്. തങ്ങന്‍മാര്‍ വരുന്നതിന് മുമ്പ് തന്നെ കൊന്നാര് ജനവാസമുണ്ടായിരുന്നു. ബുഖാരി തങ്ങന്മാര്‍ക്ക് പുറമെ മറ്റു സാദാത്തുക്കളും ഇവിടെ താമസിക്കുന്നുണ്ട്.

കൊന്നാര് പള്ളിയുടെ പുനര്‍ നിര്‍മാണത്തിനായി രംഗത്തുവന്നത് പ്രമുഖ പണ്ഡിതനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ആണ്. പുതുക്കിപ്പണിയുന്ന മിനാരം പള്ളിയുടെ ശിലാസ്ഥാപനം 1985 ഡിസംബര്‍ അഞ്ചിന് താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളാണ് നിര്‍വഹിച്ചത്. ഇതിന്‍റെ ഉദ്ഘാടനം 1987 ഒക്ടോബര്‍ 29-ന് അസര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി അദ്ദേഹംതന്നെ നിര്‍വഹിക്കുകയുണ്ടായി. 2004-ല്‍ മാട്ടൂല്‍ തങ്ങള്‍ പള്ളിയുടെ ഒന്നാം നില ഉദ്ഘാടനം നിര്‍വഹിച്ചു. കലാപാനന്തരം ഉറങ്ങിക്കിടന്ന കൊന്നാര് പള്ളി മഖാം ഇന്ന് നാടിന്‍റെ ആത്മീയ വെളിച്ചമായി ഉയര്‍ന്ന് നില്‍ക്കുന്നു.

 കൊന്നാര് മഖാം ചരിത്രത്തില്‍

കൊന്നാര് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നത് സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് അബ്ദുറഹിമാന്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി (കൊഞ്ഞുള്ള ഉപ്പാപ്പ) എന്നിവരാണ്. ഇവരുടെ പേരില്‍ വര്‍ഷംതോറും ഇവിടെ ഉറൂസ് നടന്നുവരുന്നു. ആയിരങ്ങള്‍ ആത്മീയാനന്ദം തേടി അതില്‍ പങ്കെടുക്കാനെത്തുന്നു. മഖാമില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇവിടത്തെ പള്ളിയും ദര്‍സുമെല്ലാം നടന്നുപോകുന്നത്.

ചെറുവാടി കടവില്‍ നിന്നും ഫറൂഖ് കടവില്‍ നിന്നും കൊന്നാരിലേക്ക് മുമ്പ് ബോട്ട് സര്‍വീസുണ്ടായിരുന്നു. അത് ചരിത്രമായി. വെള്ളത്തിലൂടെ കടത്തിക്കൊണ്ട് വന്നു നടത്തിയിരുന്ന തടിവില്‍പനയും ഓര്‍മയായി. ചരിത്ര സ്മരണകളുടെ കലവറ തന്നെയാണ് കൊന്നാര് പ്രദേശം. ദീനിയ്യായ ഉണര്‍വ് കൊണ്ട് പഴമയുടെ പ്രതാപം കൊന്നാര് നിലനിര്‍ത്തുകയാണ്.

Exit mobile version