ചരിത്രത്താളുകളിലെ സ്വഫർ

ഹിജ്‌റ കലണ്ടറിലെ ഓരോ മാസത്തിനും ഒട്ടേറെ ചരിത്ര സംഭവങ്ങൾ അയവിറക്കാനുണ്ട്. താരതമ്യേന ചൂടുള്ള മാസമായതിനാൽ ജാഹിലിയ്യാ കാലത്ത് സ്വഫർ മാസത്തിന് ‘നാജിർ’ എന്നും പേരുണ്ടായിരുന്നു. ശൂന്യമെന്നാണ് സ്വഫറിന്റെ അർത്ഥം. വർഷത്തിലെ ഈ രണ്ടാം മാസത്തിൽ യുദ്ധത്തിനും മറ്റുമുള്ള യാത്രകൾ കാരണം വീടുകൾ കാലിയാകുന്നതുകൊണ്ടാണ് പ്രസ്തുത നാമകരണമെന്ന് ഇമാം ഖസ്വീനി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. മുഹർറമിനെയും സ്വഫറിനെയും ചേർത്ത് ‘സ്വഫറാനി’യെന്നും അറബികൾ പ്രയോഗിക്കാറുണ്ട്.
വർഷത്തിൽ 12 മാസങ്ങളാണ്, അതിൽ നാലു മാസം യുദ്ധം നിഷിദ്ധമായ വിശിഷ്ട മാസങ്ങളാണെന്നർത്ഥമുള്ള ഖുർആനിന്റെ ഒമ്പതാം അധ്യായം മുപ്പത്തിയാറാം സൂക്തവും സൂറത്തുൽ ബഖറയുടെ ഇരുന്നൂറ്റി പതിനേഴാം സൂക്തവും വിശദീകരിച്ച് മുഫസ്സിരീങ്ങൾ അവ ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നിവയാണെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജാഹിലിയ്യാ കാലത്തെ അറബികൾ സ്വാർത്ഥ താൽപര്യ പൂരണത്തിനും യുദ്ധ സൗകര്യത്തിനും വേണ്ടി പ്രസ്തുത മാസങ്ങളിൽ ഭേദഗതി വരുത്തി സ്വഫറിനെ ഉപര്യുക്ത മാസങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുകയും മുഹർറമിനെ സാധാരണ മാസങ്ങളെ പോലെ കാണുകയും ചെയ്യുമായിരുന്നു. സൂറത്തുത്തൗബയുടെ മുപ്പത്തിയേഴാം ആയത്തിലൂടെ ഈ ദുഷ്പ്രവണതയെ അല്ലാഹു ശക്തമായി എതിർക്കുന്നുണ്ട്. പ്രസിദ്ധമായൊരു നബിവചനത്തിലെ ‘വലാസ്വഫറ’ എന്ന വാക്യത്തിന് ഈ രീതി ഇല്ലായ്മ ചെയ്യലാണ് ഉദ്ദേശ്യമെന്ന് മഹാന്മാർ വിശദീകരിച്ചതു കാണാം.
വിശുദ്ധ ഇസ്ലാം യുദ്ധത്തിനും അക്രമത്തിനും വലിയ പ്രാധാന്യം നൽകുന്നുവെന്നും അതിന്റെ പ്രചാരണം തന്നെ വാളിലൂടെയായിരുന്നുവെന്നും ചിലർ വാദിക്കാറുണ്ട്. എന്നാൽ നുബുവ്വത്തിന് ശേഷം 13 വർഷം മക്കയിൽ ഏറെ ത്യാഗങ്ങൾ സഹിച്ച് കഴിയുകയും ജീവിതം ദുസ്സഹമായപ്പോൾ ഹബ്ശയിലേക്കും പിന്നീട് മദീനയിലേക്കും പലായനം നടത്തുകയും ചെയ്തു. ഇതിനിടയിൽ എഴുപതിൽ പരം ആയത്തുകളിൽ സ്രഷ്ടാവ് യുദ്ധം വിലക്കിയ ശേഷമാണ് സൂറത്തുൽ ബഖറയിലെ 193ാം സൂക്തത്തിലൂടെ പ്രതിരോധാർത്ഥം യുദ്ധത്തിനനുമതി നൽകിയതെന്ന് ഹാഫിള് ദഹബി. ഹിജ്‌റ രണ്ടാം വർഷം സ്വഫറിലായിരുന്നു ഇത്. നബി(സ്വ)യുടെ സാന്നിധ്യമുണ്ടായ ആദ്യ യുദ്ധമായ ‘വദ്ദാൻ’ നടന്നതും ഇതേ സ്വഫറിൽ തന്നെ.
പ്രവാചകരും മുഹാജിറുകളിൽ കുറച്ചു പേരും ചേർന്ന് മക്ക-മദീനക്കിടയിലെ പ്രദേശമായ അബവാഇനടുത്തുള്ള ‘വദ്ദാൻ’ എന്ന സ്ഥലത്തേക്ക് ഖുറൈശി സംഘത്തെ ഉദ്ദേശിച്ചു യാത്ര തിരിച്ചെങ്കിലും പോരാട്ടം നടക്കാതെ പരസ്പര രഞ്ജിപ്പോടെ പിരിയുകയുണ്ടായി. അബവാഇന്റെ ആറോ എഴോ മൈലടുത്തായതുകൊണ്ട് ഇതിന് ‘അബവാഅ് യുദ്ധം’ എന്നും പേരുണ്ട്.
ഇസ്‌ലാമിക ചരിത്രത്താളുകളിൽ അവിസ്മരണീയമായ ക്രൂരതയുടെ പ്രതീകമാണ് ‘ബിഅ്‌റ് മഊന.’ ഇത് നടന്നത് ഹിജ്‌റ നാലാം വർഷം സ്വഫറിലാണ്. ബനൂ ആമിർ ഗോത്രനേതാവായ ആമിർ ബിൻ മാലികിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് നബി(സ്വ) ഒരു സംഘത്തെ അയച്ചു. അദ്ദേഹം സത്യമതം സ്വീകരിച്ചില്ലെങ്കിലും തന്റെ നാടായ നജ്ദിൽ ഇസ്‌ലാമിനെ പ്രബോധനം ചെയ്യാൻ ഒരു സംഘത്തെ അയച്ചുതരാൻ പ്രവാചകരോടാവശ്യപ്പെട്ടു. അവർക്ക് താൻ അഭയം നൽകുമെന്നും വാക്കു നൽകി. മുൻദിർ ബിൻ അംറ്(റ)വിന്റെ നേതൃത്വത്തിൽ എഴുപതംഗ സംഘത്തെ തിരുദൂതർ അവിടേക്കയച്ചു. ബിഅ്‌റ് മഊനയിലെത്തിയ സംഘം ഹറാം ബിൻ മൽഹാൻ(റ)ന്റെ അടുത്ത് പ്രവാചകരുടെ കത്ത് അവിടത്തെ നേതാവായ ആമിർ ബിൻ ത്വുഫൈലിന് കൊടുത്തയച്ചു. ആമിർ ബിൻ മാലികിന്റെ സഹോദര പുത്രനായിരുന്ന അദ്ദേഹം ഇസ്‌ലാമിക വിരോധിയായിരുന്നു. അദ്ദേഹം നബി(സ്വ)യുടെ കത്ത് പരിഗണിച്ചില്ലെന്നു മാത്രമല്ല അത് കൈമാറിയ ഹറാം(റ)വിനെ വധിക്കുകയുമുണ്ടായി. സംഘത്തിലെ ബാക്കിയുള്ളവരെയും കൊല ചെയ്യാനായി നാട്ടുകാരുടെ സഹായം തേടി. പക്ഷേ, ആമിർ ബിൻ മാലിക് നൽകിയ അഭയം മറികടക്കാൻ ജനങ്ങൾ തയ്യാറായില്ല. അയാൾ പിന്നീട് സുലൈം ഗോത്രത്തിൽ നിന്നുള്ള സഹായികളെ വരുത്തുകയും രണ്ടു പേരൊഴികെ എല്ലാ മുസ്‌ലിംകളെയും കൊന്നുകളയുകയും ചെയ്തു. കഅ്ബ് ബിൻ സൈദും അംറ് ബിൻ ഉമയ്യ(റ)യും മാത്രമാണ് രക്ഷപ്പെട്ടത്.
വേദനിപ്പിക്കുന്ന വാർത്തയറിഞ്ഞ പ്രവാചകർ(സ്വ) അതിയായി ദു:ഖിച്ചു. ഇസ്‌ലാമിക മാർഗത്തിൽ അനുചരന്മാർക്കു വന്ന വിഷമം മൂലം ഒരു മാസത്തോളം എല്ലാ ഫർള് നിസ്‌കാരങ്ങളിലും ആ കൊടിയ ശത്രുവിനെതിരെ പ്രാർത്ഥന നടത്തി. അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു. അയാൾ കുടുംബക്കാരാൽ തന്നെ കൊല്ലപ്പെടുകയായിരുന്നു. വഞ്ചനക്ക് കളമൊരുക്കിയ ആമിർ ബ്‌നു മാലിക്കിനെ പിന്നീട് സ്വഹാബത്ത് വധിക്കുകയുണ്ടായി.
സ്വഫർ ഇരുപത്തി നാലിനാണ് റസൂൽ(സ്വ)യും അബൂബക്കർ(റ)വും സൗർ ഗുഹയിൽ പ്രവേശിച്ചതെന്ന് അജാഇബുൽ മകലൂഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതി നിർണയിച്ച ഒട്ടേറെ ചരിത്രസംഭവങ്ങൾ സ്വഫറിൽ അരങ്ങേറിയിട്ടുണ്ട്. ചരിത്രത്തെ സംബന്ധിച്ച് കൃത്യമായ അവബോധം മുസ്‌ലിമിന് അനിവാര്യമാണ്. ഇന്നലെകളിൽ നിന്ന് പാഠമുൾക്കൊണ്ടാകണം ഭാവിയിലേക്കുള്ള പ്രയാണം. ‘ബുദ്ധിശാലികൾക്ക് പൂർവികരുടെ ചരിത്രങ്ങളിൽ ഉത്തമ പാഠമുണ്ടെ’ന്ന ഖുർആനികാധ്യാപനം ചരിത്ര വാതായനത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.

 

ജുനൈദ് റാഫിഈ ആലൂർ

Exit mobile version