രണ്ടു പുഴകള്‍, ചാലിയാറും ഇരുവഴിഞ്ഞിയും തലങ്ങും വിലങ്ങും ഒഴുകുന്ന ദേശക്കാരനാണു ഞാന്‍. എങ്കിലും എനിക്ക് നീന്തലറിയില്ല. എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍. എന്നിട്ടുമെന്നോട് പരിഭവം പറഞ്ഞില്ല രണ്ടു നദികളും. നീന്താനറിയാത്ത എന്നെ മുക്കിക്കളഞ്ഞിട്ടുമില്ല… പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്…’
ചാലിയാറിന്റെ തീരത്തെ ഒരു മദ്റസയിലെ കൈയെഴുത്ത് മാസികയില്‍ അഞ്ചാം ക്ലാസുകാരി എഴുതിയത്:
എല്ലാവരും ചേര്‍ന്ന് കൊന്നുതിന്നുകയാണ് ചാലിയാറിനെ. മണലൂറ്റി, മാലിന്യമൊഴുക്കി, കയ്യേറി… എങ്കിലും എന്റെ പുഴയെ ഞാന്‍ സംരക്ഷിക്കും.’
ജലം പ്രവഹിക്കുന്ന ഒരു ഇടം മാത്രമല്ല ഓരോ പുഴയും. സംസ്കാരത്തെയും അതിന്റെ അതിജീവനത്തെയും സമൂഹത്തിന്റെ നിലനില്‍പിനെ തന്നെയും ക്രമപ്പെടുത്തുന്ന ചലനാത്മകതയാണത്. അതുകൊണ്ടുതന്നെ ഒരു നദി നശിക്കുമ്പോള്‍ ഒരു ജലാശയം മാത്രമല്ല ഇല്ലാതാവുന്നത്; തലമുറകളുടെ നിലനില്‍പും സന്തുലനവുമാണ്. ജലസ്രോതസ്സുകളുടെ നാശത്തിനെതിരെ പ്രതികരിക്കുന്നത് പുണ്യകരമാവുന്നത് ഈ ഘടകങ്ങളൊക്കെ സമംചേരുന്നത് കൊണ്ടുകൂടിയാണ്.
ജലാശയങ്ങളുടെ ശോഷണവും മലിനീകരണവും, ശേഷിക്കുന്ന ഓരോ തുള്ളിയും ലാഭിക്കുക എന്ന വിതാനത്തിലേക്ക് മാനവരാശിയെ ചിന്താപരിവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നു. പ്രകൃതി വിഭവങ്ങളും കാലാവസ്ഥയുടെ മേന്മയും ശുദ്ധജല സ്രോതസ്സുകളുടെ ആധിക്യവും കൊണ്ട് ഏഷ്യയിലെ പറുദീസയും ദൈവരാജ്യവുമെന്നുമൊക്കെ വാഴ്ത്തപ്പെട്ടിരുന്ന കേരളത്തിന്റെ സമ്പത്തുക്കളെ, നദിയായാലും മലയായാലും കൃഷിസ്ഥലമായാലും, മനുഷ്യന്റെ ചൂഷണത്വരയും ഉപഭോഗ തൃഷ്ണയും ഒന്നൊന്നായി ഭൂപടത്തില്‍ നിന്നു മായ്ച്ചുകൊണ്ടിരിക്കുകയാണ്.
44 നദികളുണ്ട് കേരളത്തില്‍. അവയില്‍ നീളമുള്ള നാലാമത്തെ നദിയാണ് ചാലിയാര്‍. 169 കിലോമീറ്റര്‍ സഞ്ചരിച്ച് ബേപ്പൂരില്‍ വെച്ച് അറബിക്കടലില്‍ പതിക്കുന്ന ഈ നദിയുടെ ഉത്ഭവം പശ്ചിമഘട്ടത്തിലുള്ള ഇളന്പാരി മലകളില്‍ നിന്നാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളന്പാരി മലകള്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറംകോഴിക്കോട് ജില്ലകളുടെ പ്രധാന ശുദ്ധജല സ്രോതസ്സായ ചാലിയാര്‍ 17 കിലോമീറ്റര്‍ ഇരു ജില്ലകള്‍ക്കും അതിരിടുന്നുമുണ്ട്. ചാലിയാര്‍ കൂടുതല്‍ ദൂരവും താണ്ടുന്നത് മലപ്പുറം ജില്ലയിലൂടെയാണെങ്കിലും ഒടുവിലെ പത്തുകിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലൂടെ ഒഴുകിയാണ് കടലുമായി സന്ധിക്കുന്നത്.
ചാലിപ്പുഴ, പാണ്ടിയാറ്, പുന്നപ്പുഴ, ചെറുപുഴ, ഇരുവഴിഞ്ഞിപ്പുഴ, കരിമ്പുഴ, വണ്ടാരപ്പുഴ എന്നിവയാണ് ചാലിയാറിന്റെ പോഷകനദികള്‍. ഇതില്‍ ചിലത് വയനാട്ടില്‍ നിന്നുദ്ഭവിച്ച് ചാലിയാറില്‍ ലയിക്കുന്നു.
കക്കാടംപൊയില്‍ മുതല്‍ ബേപ്പൂര്‍ വരെ നിരവധി ജനവാസ മേഖലകളിലൂടെയാണ് ചാലിയാറൊഴുകുന്നത്. ഈ പ്രദേശങ്ങളിലെ ജലവിതാനം നിലനിറുത്തുന്നതിലും കാര്‍ഷികവൃത്തി, ജലസേചനം തുടങ്ങിയവയിലും ചാലിയാര്‍ നിസ്സീമമായ പങ്കുവഹിക്കുന്നു. നിലന്പൂര്‍, എടവണ്ണ, അരീക്കോട്, ചെറുവാടി, മാവൂര്‍, ഫറോക്ക് എന്നിവയാണ് പുഴയുടെ വഴിയിലെ പ്രധാന സ്ഥലങ്ങള്‍.
കരമാര്‍ഗമുള്ള യാത്രയും ചരക്കുനീക്കവും ദുസ്സഹമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ നിലന്പൂരില്‍ നിന്നുള്ള വനവിഭവങ്ങള്‍ ലോക വിപണിയിലെത്തിയത് ചാലിയാറിന്റെ ജലപാതയിലൂടെയാണ്. കോഴിക്കോട്, ബേപ്പൂര്‍ തുറമുഖങ്ങള്‍ വഴി കയറ്റി അയക്കപ്പെട്ടവയില്‍ നിലന്പൂരില്‍ നിന്നുള്ള തേക്ക്, വീട്ടി തടികള്‍ ബഹുരാഷ്ട്ര മരവ്യാപാരികള്‍ക്ക് പ്രിയങ്കരമായിരുന്നു. കല്ലായിയുടെ ഗതകാല പ്രതാപവും ചാലിയാറിന്റെ ആന്ദോളനങ്ങള്‍ കീറിമുറിച്ചു വരുന്ന നിലന്പൂര്‍ തടികളെ ചൂഴ്ന്ന് നിന്നായിരുന്നു. കൂറ്റന്‍ തടികള്‍ ചങ്ങാടമായി കെട്ടിയാണ് മണ്‍സൂണ്‍ കാലങ്ങളില്‍ ഇവ കല്ലായിയിലടിഞ്ഞത്. ഇവിടെയുള്ള തടിമില്ലുകളില്‍ ഇവ അറുത്ത് വ്യത്യസ്ത രൂപങ്ങളിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് കടത്തപ്പെട്ടു. ഈ മേഖലയെ ഉപജീവിച്ച് വലിയൊരു സമൂഹം നിലനിന്നു.
അക്കാലത്ത് മരവ്യവസായത്തില്‍ കല്ലായിയുടെ പെരുമ ഭൂഖണ്ഡങ്ങള്‍ക്കപ്പുറമെത്തി. ചാലിയാറാണ് ഇതിനു ചാലകശക്തിയായത്. എന്നാല്‍ കഴിഞ്ഞ നൂററാണ്ടിന്റെ മധ്യത്തോടെ, വിവിധ പ്രശ്നങ്ങള്‍ കല്ലായിയുടെ മരവ്യവസായത്തെ ബാധിച്ചു. മില്ലുകള്‍ അടച്ചുപൂട്ടി. ചാലിയാറിലൂടെയുള്ള മരക്കടത്തു നിലച്ചു. ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റിടങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. പൂര്‍വപ്രതാപത്തിന്റെ നിഴല്‍ചിത്രമായി മാത്രം ഇന്നും കല്ലായിയില്‍ മരവ്യവസായമുണ്ടെങ്കിലും.
കാളിന്ദിയായത്
മനുഷ്യരുടെ ചെയ്തികള്‍ മൂലം കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രകടമായെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ നദികളും തോടുകളും തടാകങ്ങളും മറ്റു ജലസംഭരണികളുമെല്ലാം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്ന വിലാപം കുറെ കാലമായി കേട്ടുതുടങ്ങിയിട്ട്. പതിരില്ലാത്ത ഈ പരിഭവം ചാലിയാറിന്റെ കാര്യത്തില്‍ അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്.
ചാലിയാറിന്റെ തീരദേശങ്ങളില്‍ നല്ല ജനസാന്ദ്രതയുള്ള പ്രദേശമാണ് മാവൂര്‍. അമ്പത്തിരണ്ടു വര്‍ഷം മുമ്പ്, രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാന ഘട്ടത്തിലാണ് മാവൂരില്‍ ബിര്‍ലാ ഗ്രൂപ്പിന്റെ ഗ്രാസിം ഫാക്ടറി വരുന്നത്. 1960ല്‍. 228.41 ഏക്കറാണ് സര്‍ക്കാര്‍ ഫാക്ടറിക്കായി ഏറ്റെടുത്തത്. ധാരണപ്രകാരം ഇതിലെ 82 ഏക്കറില്‍ കമ്പനിക്ക് സ്വതന്ത്രാവകാശവും നല്‍കി. ചാലിയാറിന്റെ സമ്പന്നതയും വടക്കന്‍ കേരളത്തിലെ മുളങ്കാടുകളുമാണ് കമ്പനിയെ ഇങ്ങോട്ടാകര്‍ഷിച്ചതിന്റെ പ്രധാന ഹേതുകങ്ങള്‍. ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഈ സ്ഥാപനത്തില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പള്‍പ്പ് ഡിവിഷനും സ്റ്റാപിള്‍ ഫൈബര്‍ ഡിവിഷനുമാണ് പ്രവര്‍ത്തിച്ചിരുന്നത്. 1963ല്‍ ഇവിടെ പള്‍പ്പ് ഉല്‍പാദനമാരംഭിച്ചു. മുളയും മറ്റുമുപയോഗിച്ചാണ് പള്‍പ്പും ഫൈബറും നിര്‍മിച്ചിരുന്നത്. പള്‍പ്പിന്റെയും ഫൈബറിന്റെയും നിര്‍മാണത്തിനാവശ്യമായ ആസിഡ് ഉള്‍പ്പെടെയുള്ള ചില അസംസ്കൃത വസ്തുക്കളും ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുകയുണ്ടായി.
പില്‍ക്കാലത്ത് അഭിശപ്തമായെങ്കിലും ഗ്രാസിമിന്റെ വരവ് മാവൂരിലും സമീപ പ്രദേശങ്ങളിലും സാമ്പത്തിക മുന്നേറ്റം തന്നെ സൃഷ്ടിച്ചു. എന്തൊക്കെ ന്യൂനതകളുണ്ടായിരുന്നെങ്കിലും പുതിയൊരു തൊഴില്‍ സംസ്കാരവും തൊഴിലാളി സമൂഹവും ഉരുവംകൊണ്ടു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെയാകെ ഈ സാമ്പത്തികാഭിവൃദ്ധി മാറ്റിപ്പണിതു. അവിദഗ്ധ തൊഴിലാളികള്‍ക്ക് അറുപതും വിദഗ്ധ തൊഴിലാളികള്‍ക്ക് തൊണ്ണൂറുമാണ് അക്കാലത്ത് വേതനം നല്‍കപ്പെട്ടത്. അന്നതൊരു മോഹക്കൂലി തന്നെയായിരുന്നു.
ഗ്രാസിമിന്റെ പരീക്ഷണങ്ങളില്‍ ബലി നല്‍കപ്പെട്ടത് ചാലിയാറാണ്. ഫാക്ടറിയില്‍ നിന്ന് പുറംതള്ളിയ മാലിന്യങ്ങള്‍ ചാലിയാറിനെ കാളിന്ദിയാക്കി. വിഷപദാര്‍ത്ഥങ്ങളും ആസിഡും മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഓക്സിജന്റെ അളവ് ഭീകരമാംവിധം കുറഞ്ഞു. പുഴയില്‍ കുളിച്ചവര്‍ക്ക് ചൊറിച്ചിലും മറ്റു ത്വക്ക് രോഗങ്ങളും അനുഭവപ്പെട്ടു. സമൃദ്ധമായിരുന്ന നദി മൃതപ്രജ്ഞയായി മാറുകയായിരുന്നു. മാവൂരിന്റെ മണ്ണ് മാത്രമല്ല, അന്തരീക്ഷവും വിഷപദാര്‍ത്ഥങ്ങളാല്‍ നിബിഡമായി. വാഴക്കാട് പഞ്ചായത്തില്‍ കാന്‍സര്‍ ബാധിച്ച് നിരവധി പേര്‍ മരണത്തിനു കീഴ്പ്പെട്ടു.
ഉണഞഉങ നടത്തിയ പഠനത്തില്‍ ചാലിയാര്‍ വെള്ളത്തില്‍ രാസജൈവ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തി. കുടിവെള്ളമായ നദി വിഷമയമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ അസ്വസ്ഥരായത് ചാലിയാറിന്റെ തീരവാസികളാണ്. കോപ്പര്‍, നിക്കല്‍, ലെഡ് നിക്ഷേപം, മാലിന്യങ്ങള്‍, സോഡിയം, കാത്സ്യം, മഗ്നീഷ്യം, കോളിഫോം ബാക്ടീരിയകളുടെ വര്‍ധനവ്… ചാലിയാറിന്റെ കൊന്നുതിന്നാന്‍ ഇതെല്ലാം മതിയായ കാരണങ്ങളായി. പുറമെ മണലൂറ്റും. പുഴ നശിക്കാന്‍ ഇനിയെന്തു വേണം?
തുടര്‍ന്നാണ് ചാലിയാറിനെ സംരക്ഷിക്കണമെന്ന വികാരം മാവൂരിലും സമീപ ദേശങ്ങളിലും ശക്തമാകുന്നത്. സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വേലിയേറ്റം തന്നെയുണ്ടായി. അതിനിടെ 85ല്‍ തൊഴിലാളികള്‍ ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചു. അത് മൂന്നു വര്‍ഷത്തോളം നീണ്ടു. കമ്പനി നിശ്ചലമായി. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി മാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണി മാര്‍ച്ച് തന്നെ തൊഴിലാളികള്‍ നടത്തി.
കെഎ റഹ്മാന്‍
ബിര്‍ലയുടെ ലാഭമല്ല, പ്രകൃതിയുടെയും മാനവന്റെയും സുസ്ഥിതിയാണ് സുപ്രധാനമെന്ന തിരിച്ചറിവോടെ സര്‍ക്കാര്‍ 2001ല്‍ ഗ്രാസിം അടച്ചുപൂട്ടി. ഗ്രാസിമിനെ കെട്ടുകെട്ടിച്ചതില്‍ കെഎ റഹ്മാനെന്ന മനുഷ്യസ്നേഹിയുടെ പ്രയത്നം ഏറെ വിലപ്പെട്ടതാണ്. സാധാ ഗ്രാമീണനായ ഇദ്ദേഹം സമരത്തിന്റെ നെറുകയില്‍ വന്നതോടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. തെളിനീരൊഴുകിയിരുന്ന ചാലിയാര്‍ കറുത്ത് കലങ്ങി വിഷമൊഴുക്കുന്നുവെന്ന് ഈ പച്ചമനുഷ്യനിലൂടെയാണ് മലയാളിയറിയുന്നത്. ഗ്രാസിമിന്റെ തുടക്കം മുതല്‍ നാലു പതിറ്റാണ്ട് കാലം മലിനീകരണത്തിനെതിരെ അദ്ദേഹം പോര്‍മുഖത്തു നിലയുറപ്പിച്ചു; ചാലിയാറിന്റെ പേരിനോട് ചേര്‍ത്തിവായിക്കാവുന്ന ഒറ്റയാനായി നിന്നുകൊണ്ട്.
ചാലിയാര്‍ കരയിലെ മനുഷ്യ മക്കള്‍, വിഷവായുവും മാരക പദാര്‍ത്ഥങ്ങളടങ്ങിയ ജലവും കാരണം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കടിപ്പെടുന്നുവെന്ന് മനുഷ്യാവകാശത്തിന്റെ പക്ഷത്തു നിന്നദ്ദേഹം വിളിച്ചു പറഞ്ഞു. ജോലിയല്ല, നിലനില്‍പാണ് പ്രധാനമെന്ന സന്ദേശം ജീവിതംകൊണ്ടു നല്‍കി. മൂന്നര പതിറ്റാണ്ട് സമരക്കളത്തില്‍ നിറഞ്ഞുനിന്നു.
പക്ഷേ, വിധിയായിരിക്കാം. രാസമലിനീകരണ വിപത്തിനെതിരെ പോരാടിയ അദ്ദേഹം അതേ കെടുതിയുടെ ഇരയായി കാന്‍സര്‍ ബാധിച്ചു മരിച്ചു. എങ്കിലും പരിസ്ഥിതിയുടെ സര്‍ഗാത്മകതക്കും വീണ്ടെടുപ്പിനും വേണ്ടി തേര്‍തെളിച്ച ആ ആയുസ്സ് വൃഥാവിലായില്ല. ആനുകാലികമായ ഓരോ മനുഷ്യ പ്രശ്നത്തിലും പരിസ്ഥിതിക്കായുള്ള ഈടുവെയ്പിലും കെഎ റഹ്മാന്‍ അനുസ്മരിക്കപ്പെടുന്നു. അദ്ദുറൈ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിആര്‍ നീലകണ്ഠന്‍ എഴുതി: അദ്ദുറൈ എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നമുണ്ട്. മീനുകള്‍ ഓടിക്കളിക്കുന്ന തെളിനീരൊഴുകുന്ന ചാലിയാര്‍. അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും ഇന്ന് ആ സ്വപ്നം ഭാഗികമായെങ്കിലും സത്യമായിരിക്കുന്നു’.
എന്തുകൊണ്ട് ജലക്ഷാമം?
വന നശീകരണത്തെയും അണക്കെട്ടുകളെയും മണലൂറ്റിനെയും എതിരിട്ടു തോല്‍പിച്ചാണിന്ന് ഓരോ തുള്ളി വെള്ളവും പുഴയില്‍കൂടി ഒഴുകുന്നത്. മനുഷ്യര്‍ കണ്ണില്‍ചോരയില്ലാതെ അതിനെയും മലിനീകരിക്കുകയാണ്. ഈ ക്രൂരതയുടെ നിര്‍വചനമെന്താണ്? നല്ലൊരു അരിപ്പയാണ് പുഴയിലെ മണല്‍പരപ്പുകള്‍. ദീര്‍ഘദൂരം ഇതിലൂടെ കടന്നെത്തുന്ന വെള്ളം ശുദ്ധീകരിക്കപ്പെടുന്നു. എന്നാലിന്ന് അരിപ്പയായി പ്രവര്‍ത്തിക്കേണ്ട മണല്‍, കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടതിനാല്‍ ശുദ്ധീകരണ സംവിധാനമില്ലാതെ കലക്കുവെള്ളമാണ് ഒഴുകുന്നത്. സ്വാഭാവികവും പ്രകൃതിദത്തവുമായ ശുദ്ധീകരണ പ്രക്രിയ പുഴകളില്‍ അന്യം നിന്നിരിക്കുകയാണ്. ചാലിയാറിന്റെയും മറ്റു നദികളുടെയും ദുര്യോഗമാണിത്.
ഭൂപടത്തില്‍ നീണ്ടുകിടക്കുന്ന ഒരു ഇലച്ചീന്തു പോലുള്ള കേരളത്തില്‍ ശരാശരി മുവ്വായിരം മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടും, ഇരുപതിലധികം പ്രധാന കായലുകളും നാല്‍പത്തിനാല് നദികളും അവയുടെ നൂറിലധികം പോഷക കൈവഴികളും പന്തീരായിരം തോടുകളും കുളങ്ങളും അതിന്റെ പത്തിരട്ടി കിണറുകളുമുണ്ടായിട്ടും വേനലില്‍ മിക്കയിടങ്ങളിലും കുടിവെള്ളം മുട്ടിപ്പോകുന്നതെന്ത് കൊണ്ടായിരിക്കും? പ്രകൃതിദത്തമായ ആനുകൂല്യങ്ങള്‍ അമിത ചൂഷണം ചെയ്യുന്നതിനുള്ള തിരിച്ചടിയാവുമോ ഇത്. കാലാവസ്ഥയിലെ ആശങ്കാജനകമായ മാറ്റവും മഴക്കുറവും പാരിസ്ഥിതിക നശീകരണവും സംസ്ഥാനത്തെ മരുപ്പറന്പാക്കുകയാണോ? വിട്ടൊഴിയാത്ത ആശങ്കകള്‍. പരിസ്ഥിതി പ്രവര്‍ത്തകരെ മാത്രമല്ല, മുഴുവന്‍ ജനസഞ്ചയത്തെയും ബാധിക്കുന്ന ചോദ്യങ്ങളാണിത്.
ചാലിയാര്‍ ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. നമ്മുടെ ജീവിത ശൈലിയുടെ ബലിക്കല്ലില്‍ തലവെച്ചു കിടക്കുന്ന ചൂഷണത്തിന്റെ ഒരിര. സഹനദികളൊക്കെ തുല്യ ദുഃഖം പേറിയൊഴുകുന്നു; വേനല്‍ക്കാലത്ത് ഒരു കണ്ണീര്‍ ചാലു മാത്രമായി. ഭാരതപ്പുഴ പോലും വെറും ഞരമ്പ് പരുവത്തിലാണ് വേനലിലൊഴുകുന്നത്. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെശേഷതലമുറകളുടെ നീക്കിയിരുപ്പിന്റെ പ്രശ്നമാണ്. ശേഷിക്കുന്ന ഓരോ ജലസ്രോതസ്സും സ്വച്ഛന്ദമായി നിലനിറുത്തി, മലിനീകരണ ഹേതുകങ്ങളെ ബോധവത്കരിച്ച് നാം ഭാവിയിലേക്കു കാത്തുവെക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിന്റെ വരുംകാല ചരിത്രം ഇത്ര ഹരിതാഭമായിരിക്കില്ല.
ഈ ബ്ലോഗ് കവിത പുഴയുടെ ഗതിയും വിധിയുമാകാതിരിക്കട്ടെ:
പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കി,
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ,
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്ത്
കരയുന്ന കരയുടെ കരളും പറിച്ച്
പുഴ ഒഴുകുന്നു…..
ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുകഹൃദയത്തിന്‍ വേപഥു അറിയാതെ
കടലിന്നഗാധതയിലേക്കവള്‍ ഒഴുകുന്നു….
പുഴ ഒഴുകുന്നു…..
ഗഫൂര്‍ മേല്‍മുറി