ജീവിതത്തിലാണ് വിജയിക്കേണ്ടത്

വോട്ടെടുപ്പ് കഴിഞ്ഞു. ഇനി ഫലമറിയാനുള്ള ആകാംക്ഷക്കാലം. മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചയാള്‍ സ്വാഭാവികമായും ജയിക്കും. വിജയത്തില്‍ ഗുണപരമായ പങ്കാളിത്തം വഹിച്ചവര്‍ക്കും ജേതാക്കള്‍ക്കും ആഹ്ലാദമാവും. എന്നാല്‍ പരിശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് പരാജിതരുടെ പരാതി. പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നിട്ടും പലരും പരാജയപ്പെടുന്നു.
ഭൗതിക ലോകത്ത് എന്തിലും, എല്ലാവര്‍ക്കും മുന്തിയ വിജയം സാധിക്കണമെന്നില്ല. ആത്മാര്‍ത്ഥവും കഠിനവുമായ പരിശ്രമങ്ങള്‍ നടത്തിയാലും ചിലപ്പോള്‍ പരാജയത്തില്‍ കലാശിക്കാം. ചിലര്‍ തോല്‍ക്കുന്നിടത്താണ് മറ്റു ചിലരുടെ വിജയം. എല്ലാവര്‍ക്കും ഒരുപോലെ വിജയിക്കാനും പരിശ്രമങ്ങള്‍ ഫലപ്രദമാക്കാനും സാധിക്കുന്ന ഒരു മണ്ഡലമുണ്ട്, ജീവിതമണ്ഡലമാണത്. ആ മണ്ഡലത്തില്‍ നിശ്ചിത ദൗത്യവുമായി നിയോഗിതരായവരാണ് മനുഷ്യരെല്ലാം. അതിനു പരിശ്രമിച്ചവര്‍ക്ക് ഫലം നേടാം. ആ അധ്വാനങ്ങളൊന്നും നഷ്ടമാവുകയുമില്ല.
ജീവിതത്തില്‍ ഗുണങ്ങളനുഷ്ഠിച്ചും പ്രയോഗിച്ചും വിജയം വരിക്കാനാണ് വിശ്വാസി ഉത്സാഹിക്കേണ്ടത്. പരിധിക്കപ്പുറത്ത് ഏറെ ചെയ്യുന്നതിലല്ല കാര്യം. പരിധിക്കകത്തു നിന്ന് വേണ്ടത് ക്രമംപോലെ ചെയ്യുകയാണു പ്രധാനം. ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യുടെ ഉപദേശങ്ങളും ദര്‍ശനങ്ങളും ഈ വലിയ പാഠമാണ് ലോകത്തിനു പകര്‍ന്നത്. റൂമി സ്മരണയിലൂടെ നന്മയും ഗുണവും സ്വാംശീകരിച്ച് ധന്യമായ ജീവിതം നയിച്ച്, വിജയം നേടി സന്തുഷ്ടരാവാന്‍ ശ്രമിക്കുക.

 

Exit mobile version