ജ്ഞാനം വിതറിയ യാത്രകള്‍

ഇമാം അഹ്മദ്(റ) പതിനാറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ഹദീസ് തേടിയുള്ള പുറപ്പാട്. കൂഫയിലേക്കുള്ള ആദ്യയാത്ര ഹിജ്റ 183ലായിരുന്നു. മൂന്നു വര്‍ഷം അവിടെ തങ്ങി. 186ല്‍ ബസ്വറയിലേക്ക് വിട്ടു.187ല്‍ പിന്നെ സുഫ്യാനുബ്നു ഉയയ്നയെ തേടി മക്കയിലേക്ക്. ഈ യാത്രയില്‍ ആദ്യ ഹജ്ജ് ചെയ്തു. പിന്നെ ശൈഖ് അബ്ദുറസാഖിനെ തേടി 197ല്‍ യമനിലെ സ്വന്‍ആഇലെത്തി. ഇവിടേക്ക് യഹ്യബ്നു മുഈനും സഹയാത്രികനായുണ്ടായിരുന്നു. ഇമാമവര്‍കള്‍ പറയട്ടെ: “”വിജ്ഞാനവും ഹദീസും തെരഞ്ഞു ഞാന്‍ രാജ്യാതിര്‍ത്തികള്‍ കടന്നു. ശാമിലെ മുക്കുമൂലകള്‍ നടന്നു. ചെങ്കടല്‍ തീരത്തെ നാടുകളും പടിഞ്ഞാറന്‍ നാടുകളും അള്‍ജീരിയയും മക്കയും മദീനയും ഹിജാസും യമനും ഇറാഖും പേര്‍ഷ്യയും ഖുറാസാനും യാത്ര ചെയ്തു. വിദൂരദിക്കുകള്‍ സന്ദര്‍ശിച്ചു. ഒടുവില്‍ ബഗ്ദാദില്‍ തിരിച്ചെത്തി.” (ഇബ്നു ഹംദാന്‍ /സ്വിഫത്തുല്‍ ഫത്വാ)
“”ഞാന്‍ അഞ്ചു തവണ ഹജ്ജ് ചെയ്തിട്ടുണ്ട്. അതില്‍ മൂന്നും കാല്‍നടയായിട്ടായിരുന്നു. വാഹനം ഉപയോഗിച്ചിട്ടില്ല.” (ബാഗ്ദാദില്‍ നിന്നാണ് ഓരോ തവണയും പുറപ്പെട്ടത്). ഇമാമിന്റെ സഞ്ചാരപാതകള്‍ വിപുലമായിരുന്നു. ഇബ്നുല്‍ ജൗസി അതേക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞൊതുക്കിയതിങ്ങനെ: “”ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) ദുനിയാവ് രണ്ടുവട്ടം കറങ്ങിയിട്ടാണ് തന്റെ മുസ്നദിലെ ഹദീസുകള്‍ സമാഹരിച്ചത്.” (സ്വൈദുല്‍ ഖാഥിര്‍)
ഉസ്ബെക്കിസ്ഥാനിലെ “മാവറാഅന്നഹ്ര്‍’ പ്രദേശത്തെ ഒരു വ്യക്തിയില്‍ ഹദീസുണ്ടെന്നറിഞ്ഞ് ഇമാം അവിടെയെത്തി. പലപ്പോഴും യാത്രാ ചെലവ് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ ഇമാം ഒരിക്കല്‍ പറഞ്ഞു: “”എന്റെ പക്കല്‍ അമ്പത് ദിര്‍ഹമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ജരീറുബ്നു അബ്ദില്‍ ഹമീദ്(റ)നെ തേടി പുറപ്പെടുമായിരുന്നു.”
ഫജ്റുസ്സ്വാദിഖിന് മുന്പേ കുളിച്ചു വസ്ത്രം ധരിച്ച് ഹദീസ് തിരഞ്ഞു പുറത്തിറങ്ങാറുള്ള ഇമാമിനെ, പ്രിയ മാതാവ് വസ്ത്രത്തില്‍ പിടിച്ചു തടഞ്ഞുവെക്കുക പതിവായിരുന്നു. അവര്‍ പറയും: “മകനേ, വാങ്കുവിളിക്കട്ടെ. നേരം വെളുക്കട്ടെ’ (ഇബ്നുല്‍ ജൗസി, സ്വൈദുല്‍ ഖാഥിര്‍).
കിഴക്കും പടിഞ്ഞാറും രണ്ടുതവണ കറങ്ങി, ആയിരത്തി എഴുന്നൂറ് ഗുരുനാഥന്മാരില്‍ നിന്നും വിജ്ഞാനം ശേഖരിച്ച വിശ്രുതനായ ഹാഫിള് ഇബ്നു മന്‍ദഹ് (310 395) തന്റെ ഇരുപതാമത്തെ വയസ്സില്‍ സമാരംഭിച്ച യാത്ര അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നത്, സുദീര്‍ഘമായ നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ജ്ഞാനാന്വേഷണ പര്യവേക്ഷണത്തിനു ശേഷം അറുപത്തഞ്ചാമത്തെ വയസ്സിലാണ്. നാട്ടിലെത്തിയ ശേഷം വിവാഹം കഴിച്ചു, അധ്യാപനം തുടങ്ങി. നാട്ടിലിറങ്ങുമ്പോള്‍ താന്‍ ശേഖരിച്ച ഹദീസുകളും അനുബന്ധ ജ്ഞാനക്കുറിപ്പുകളും നാല്‍പ്പതു ഒട്ടകത്തിനു ചുമക്കാനുണ്ടായിരുന്നു. തത്തുല്യമായി ഹദീസു കേള്‍ക്കുകയും സമാഹരിക്കുകയും ചെയ്ത മറ്റൊരു ജ്ഞാനിയെ ഇസ്‌ലാമിക ചരിത്രത്തിനു പരിചയമില്ലെന്നു വിലയിരുത്തപ്പെടുന്നു.
വിജ്ഞാനവേട്ട:
കരയും കടലും താണ്ടിയ പൂര്‍വസൂരികള്‍
ഉന്നത സ്ഥാനീയനായ മൂസാ നബി(അ) വിശിഷ്ട ദാസന്‍ ഖളിര്‍(അ)നോടൊപ്പം നടത്തിയ വിജ്ഞാന യാത്രയുടെ ഉജ്ജ്വലവിവരണം വിശുദ്ധ ഖുര്‍ആനിലെ അല്‍കഹ്ഫ് അധ്യായത്തിലുണ്ട്. വിജ്ഞാന ദാഹശമനത്തിനുവേണ്ടി ത്യാഗം സഹിക്കാന്‍ സ്ഥാനമഹത്ത്വങ്ങള്‍ ഒരു തടസ്സമാകരുതെന്ന് അക്കഥ നമ്മെ ഉണര്‍ത്തി. അതിലുപരി, ജ്ഞാന വേട്ടക്കുവേണ്ടി നാടും വീടുമുപേക്ഷിച്ച് കരയും കടലും താണ്ടുവാന്‍ അക്കഥ മുസ്‌ലിം ഉമ്മത്തിന് കനത്ത പ്രേരണ നല്‍കുകയുണ്ടായി. പ്രസ്തുത സംഭവത്തിന്റെ പാഠങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് ഹാഫിളുദ്ദുന്‍യാ ഇബ്നു ഹജര്‍ അസ്ഖലാനി(റ) പറഞ്ഞു: “”വിജ്ഞാനാന്വേഷണമാര്‍ഗത്തില്‍ പ്രയാസങ്ങളും ദുരിതാവസ്ഥകളം സഹിക്കാനുള്ള പ്രേരണയാണ് ഈ ഹദീസ് ഉള്‍ക്കൊള്ളുന്നത്. കാരണം ഔന്നത്യനേട്ടം സാധ്യമാകാന്‍ ദുര്‍ഘട സ്ഥിതികള്‍ സഹിക്കുകയെന്നതാണ് പൊതുനിയമം. മൂസാന നബി(അ) മഹത്ത്വത്തില്‍ ഉന്നത സ്ഥാനീയനായിട്ടും ജ്ഞാനാന്വേഷണത്തിനും തദാവശ്യാര്‍ത്ഥം കരയിലും കടലിലും സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് തടസ്സമുണ്ടായില്ല (ഫത്ഹുല്‍ ബാരി).
വിശുദ്ധ പ്രവാചകരുടെ (സ്വ) തിരുമൊഴികള്‍ പകര്‍ന്നുകേള്‍ക്കാന്‍ യാത്ര ചെയ്തവരുടെ ഒട്ടേറെ സംഭവങ്ങള്‍ സമാഹരിച്ചാണ് ഇമാം ഖഥീബുല്‍ ബഗ്ദാദി “രിഹ്ല’ രചിച്ചത്. (ജ്ഞാനമുള്ളിടത്തേക്ക് യാത്ര ചെയ്യാന്‍ മടിക്കുന്നവര്‍ ഈ ഗ്രന്ഥം ഒരു തവണ പാരായണം ചെയ്യുന്നത് നന്ന്) നല്ലൊരു യാത്രാനുഭവസ്ഥനുമായിരുന്ന, ഇബ്നു ഖല്‍ദൂന്‍(റ) മുഖദ്ദിമയില്‍ ജ്ഞാനയാത്രയുടെ മഹത് ഫലങ്ങളെക്കുറിച്ച് അപഗ്രഥിക്കുന്നുണ്ട്. ലോകം കറങ്ങിയ ഒട്ടേറെ മഹായാത്രികരെ ഇസ്‌ലാമിക സമൂഹം സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ യാത്രകളധികവും പ്രബോധനപരമെന്നതോടൊപ്പം ജ്ഞാനാന്വേഷണ ലക്ഷ്യത്തിലുള്ളതുമായിരുന്നു. ജ്ഞാനം തേടുവാന്‍ ചൈനയില്‍ പോകാനുള്ള ആഹ്വാനം (ഹദീസ് നിരൂപണ ശാസ്ത്രപ്രകാരം സ്വഹീഹല്ലെങ്കിലും) ഇസ്‌ലാമിക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റെടുക്കുകയുണ്ടായി. “ഇരുമ്പില്‍ നിര്‍മിച്ച പാദുകവും ഊന്നുവടിയും കരുതുക. എന്നിട്ട് അവ രണ്ടും ഉപയോഗശൂന്യമാകും വരെ ജ്ഞാനമന്വേഷിച്ച് നടക്കുക’ ദാവൂദ് നബി(അ)ക്കു ലഭിച്ച കല്‍പ്പന പക്ഷേ, ശരിയാംവണ്ണം പ്രാവര്‍ത്തികമായത് വിശുദ്ധ പ്രവാചക നിയോഗാനന്തരമുണ്ടായ നവജാഗരണ കാലശേഷമാണ്.
“അറിവു തേടിയുള്ള യാത്ര’ വിവരിക്കുന്ന അധ്യായത്തില്‍ ഒരു ഹദീസ് പഠിക്കാന്‍ ജാബിറുബ്നു അബ്ദില്ലാഹ് അബ്ദുല്ലാഹിബ്നു ഉനൈസ്(റ)ന്റെ സമീപത്തെത്താന്‍ ഒരു മാസം യാത്ര ചെയ്യേണ്ടിവന്ന സംഭവം സ്വഹീഹുല്‍ ബുഖാരിയില്‍ സൂചിപ്പിക്കുന്നുണ്ട്. “അല്‍ അദബുല്‍ മുഫ്റദി’ല്‍ പ്രസ്തുത സംഭവം വിശദമാക്കുന്നതിങ്ങനെ:
ജാബിര്‍(റ) പറയുന്നു: അല്ലാഹുവിന്റെ വിശുദ്ധ ദൂതരില്‍ നിന്നും നേര്‍ക്കുനേര്‍ പകര്‍ത്തിയ ഒരു ഹദീസ് അവിടുത്തെ ഒരനുചരന്റെ പക്കലുണ്ടെന്ന് ഞാനറിഞ്ഞു. ഉടനെ ഒരു കഴുതയെ വാങ്ങി. യാത്രാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നിട്ടു ഞാന്‍ ശാമിലേക്ക് പുറപ്പെട്ടു. ഒരു മാസത്തെ യാത്ര. അവിടെയെത്തിയപ്പോഴാണ് അത് അബ്ദുല്ലാഹിബ്നു ഉനൈസാണെന്ന് അറിഞ്ഞത്. വീട്ടിനടുത്തെത്തി. വാതില്‍ കാവല്‍ക്കാരനോട് ജാബിര്‍ വന്നിരിക്കുന്നുവെന്ന് അറിയിക്കാനാവശ്യപ്പെട്ടു. വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതപൂര്‍വം പ്രതികരിച്ചു: “”ഇബ്നു അബ്ദില്ലയോ?” ഉദ്ദേശിച്ച ആള്‍ തന്നെയെന്ന് ഉറപ്പായപ്പോള്‍ അബ്ദുല്ലാഹിബ്നു ഉനൈസ് എഴുന്നേറ്റ് അതിഥിയെ സ്വീകരിച്ചു. അന്വേഷണത്തിനു നല്‍കിയ മറുപടിയിങ്ങനെ: “വിശുദ്ധ ദൂതരില്‍ നിന്നും ശ്രവിച്ച ഒരു തിരുമൊഴി താങ്കളുടെ പക്കലുണ്ടെന്നറിഞ്ഞു വന്നതാണ്. അതു ഞാന്‍ പകര്‍ന്നുകേള്‍ക്കുന്നതിന് മുമ്പ് താങ്കളോ ഞാനോ മരണപ്പെട്ടാലോ എന്നു ഭയന്ന് കാലതാമസം വരുത്താതെ ഇങ്ങുപോന്നു.’ അതിഥിയുടെ വിവരണം കേട്ടു അദ്ദേഹം പ്രസ്തുത ഹദീസ് പറഞ്ഞുകേള്‍പ്പിച്ചു.
പൂര്‍വസൂരികളുടെ ജ്ഞാന യാത്രാ സംഭവങ്ങള്‍ ചരിത്രത്തിലെ അതിശയങ്ങളാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്റെ സഹചാരിയും താബിഈ പ്രമുഖനുമായ മസ്റൂഖുല്‍ ഹമദീനി (വഫാത് ഹി. 63ല്‍) യെ ഹദീസ് വിജ്ഞാന വിദഗ്ധന്‍ ശഅ്ബി പരിചയപ്പെടുത്തുന്നതിങ്ങനെ: “”അദ്ദേഹത്തെക്കാള്‍ വലിയൊരു ജ്ഞാനാന്വേഷിയെ ഞാന്‍ കണ്ടിട്ടില്ല.” ഹാഫിള് ഇബ്നു അബ്ദില്‍ ബര്‍റ്(റ)ന്റെ കുറിപ്പ് ഇപ്രകാരം: “”ഒരു പദത്തിലെ ഒരക്ഷരത്തെ തേടി മസ്റൂഖ് യാത്ര പോയിട്ടുണ്ട്. ഇതുതന്നെ ഹസനുല്‍ ബസ്വരിയും ചെയ്തിട്ടുണ്ട്.” താബിഈ പ്രമുഖനും ബസ്വറ ദേശക്കാരനുമായ അബുല്‍ ആലിയ (റ) പറഞ്ഞു: “”വിശുദ്ധ പ്രവാചകരുടെ അനുചരന്മാരില്‍ നിന്നും ഹദീസു കേള്‍ക്കാന്‍ ബസ്വറക്കാരായ ഞങ്ങള്‍ മദീനയിലേക്ക് വണ്ടി കയറുകയായിരുന്നു.” (ഖഥീബുല്‍ ബഗ്ദാദി/അല്‍ഖിഫായ) പ്രസിദ്ധനായ താബിഈ ഗുരു സഈദ് ബ്നുല്‍ മുസ്വയ്യബ് പറയുന്നു: “”ഒരു ഹദീസിനു വേണ്ടി ഞാന്‍ ഏറെ രാപകലുകള്‍ യാത്ര ചെയ്തിട്ടുണ്ട്.” (ഇബ്നു കസീര്‍/അല്‍ ബിദായ)
പറഞ്ഞുകേട്ട മൂന്നു ഹദീസുകളുടെ ശരിയായ ഉറവിടം തേടിയാണ് ആമിറുബ്നു ശറീഹബീല്‍ എന്ന ശഅ്ബി കൂഫയില്‍ നിന്നും മക്കത്തെത്തിയത്. “”വിശുദ്ധ പ്രവാചകരുടെ സ്വഹാബിമാരില്‍ ആരെയെങ്കിലും കണ്ടുമുട്ടിയെങ്കിലോ, അല്ലെങ്കില്‍ സ്വഹാബികളില്‍ നിന്നും കേട്ട വല്ലവരെയും”
ശഅ്ബിയോട് ചോദിച്ചു: “”എങ്ങനെ ശേഖരിച്ചു ഈ ജ്ഞാനമത്രയും?” അദ്ദേഹത്തിന്റെ പ്രതികരണം. “”സൃഷ്ടികളെ ആശ്രയിക്കുന്നതങ്ങവസാനിപ്പിച്ചു, നാടുകളില്‍ കറങ്ങിത്തിരിച്ചു. ജീവനില്ലാത്ത വസ്തുപോല്‍ എല്ലാം ക്ഷമിച്ചു. കാക്കയെപ്പോലെ അതിരാവിലെ ജ്ഞാനം തേടി പുറപ്പെട്ടു.” (ദഹബി/തദ്കിറതുല്‍ ഹുഫ്ഫാള്) താബിഈ പ്രമുഖന്‍ അബ്ദു ഖിലാബ എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷവും മദീനയില്‍ മൂന്നു മാസം തങ്ങിയത് ഹദീസ് അറിയുന്ന ഒരാളുടെ വരവ് കാത്തായിരുന്നു. “”അങ്ങനെ അദ്ദേഹം വന്നു. ഞാന്‍ സമീപിച്ചു. എനിക്കു ഹദീസ് പകര്‍ന്നുതന്നു.” (ഖഥീബുല്‍ ബഗ്ദാദി/രിഹ്ല) അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പിറന്ന താബിഈ ഗുരു മക്ഹൂല്‍(റ) ശാമിലെ ഗുരുവായാണ് വിശ്രുതനായത്. അദ്ദേഹം പറയുന്നു: “”ജ്ഞാനമന്വേഷിച്ചു ഞാന്‍ ഭൂമിയാകെ ചുറ്റി. മിസ്വ്റില്‍ കുറേ കാലമുണ്ടായിരുന്നു. അവിടെ ലഭ്യമായ ജ്ഞാനമത്രയും ഞാന്‍ ശേഖരിച്ചു. പിന്നെ ഇറാഖിലെത്തി. ശേഷം മദീനയില്‍. അവിടങ്ങളിലുള്ള ജ്ഞാനവും ഞാന്‍ സമാഹരിച്ചു. പിന്നീട് ശാമില്‍ നിലയുറപ്പിച്ചു. ശേഖരിച്ച വിവരങ്ങളത്രയും നെല്ലും പതിരും വേര്‍തിരിച്ചെടുത്തത് ഇവിടെവെച്ചാണ” (ദഹബി/തദ്കിറ).
ഇമാമുമാരായ മാലിക്, അബൂ ഹനീഫ, സൗരി(റ) തുടങ്ങിയവരുടെ ശിഷ്യനായിരുന്ന ഇബ്നു ഫര്‍റൂഖ് അല്‍ ഖൈറുവാനി(റ) തന്റെ അനുഭവം അനുസ്മരിക്കുന്നതിങ്ങനെ: ഞാന്‍ കൂഫയിലെത്തിയതിന്റെ പ്രധാന ഉദ്ദ്യേം അഅ്മശില്‍ നിന്നും ഹദീസ് പഠിക്കുകയെന്നതായിരുന്നു. പക്ഷേ, (അക്കാലത്തുണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം) ഹദീസ് വക്താക്കളുമായി കുറച്ചുകാലത്തേക്ക് ഹദീസ് സംസാരമില്ലെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്ന സമയമായിരുന്നുവത്. പരദേശിയായ എന്നോട് അലിവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ ആവര്‍ത്തിച്ചു സന്ദര്‍ശിച്ചു. ഒരു ദിനമതാ, വേലക്കാരി വാതില്‍ തുറന്നു പുറത്തുവരുന്നു. “”ഇവിടെ വാതില്‍ക്കല്‍ പലപ്പോഴായി കാണുന്നല്ലോ, എന്താകാര്യം?” അവര്‍ തിരക്കി. വന്നകാര്യം പറഞ്ഞു. അങ്ങയുടെ നാടേതാ? “ആഫ്രിക്ക’.അവര്‍ തുറന്നു സംസാരിക്കാന്‍ ഒരുങ്ങി. “ഖൈറുവാന്‍ അറിയുമോ?'”അതേ, ഞാന്‍ അന്നാട്ടുകാരനാ’ “ഇബ്നു ഫര്‍റൂഖിന്റെ വീട്ടുകാരെ അറിയാമോ?’ “ഞാനാണ് ഇബ്നു ഫര്‍റൂഖ്’ “നിങ്ങള്‍ അബ്ദുല്ലയാണോ?’ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടവര്‍ ചോദിച്ചു. “അതേ.’ ചെറുപ്പത്തില്‍ ഞങ്ങള്‍ വിറ്റ അടിമപ്പെണ്ണായിരുന്നു അവള്‍. അഅ്മശിന്റെ അടുത്തേക്ക് അവള്‍ ഓടിപ്പോയി. “വാതില്‍ക്കല്‍ കാണാറുള്ള അദ്ദേഹം എന്റെ പഴയ യജമാനനാണ് മുതലാളീ’  അവളില്‍ സന്തോഷം പ്രകടമായിരുന്നു.
എനിക്കു പ്രവേശനാനുമതി ലഭിച്ചു. അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ എനിക്ക് താമസിക്കാന്‍ ഒരു വീട് ഏര്‍പ്പാട് ചെയ്തു. അങ്ങനെ അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഹദീസ് പഠിച്ചെടുത്തു (തര്‍ത്തീബുല്‍ മദാരിക്/ഖാളി ഇയാള്).
(തുടരും)
സ്വാലിഹ് പുതുപൊന്നാനി

Exit mobile version