ജ്ഞാനസേവനം ആരാധനയാക്കിയ വൈലത്തൂർ ഉസ്താദ്

സൈതലവി ഹാജി-ഖദീജ ദമ്പതികൾക്ക് ജനിച്ച ഏഴു മക്കളിൽ അവസാനത്തെയാളാണ് ശൈഖുനാ വൈലത്തൂർ ബാവ മുസ്‌ലിയാർ. പിതാവിനെ പോലെ ഉസ്താദും യത്തീമായാണ് ജനിച്ചത്. പിതാവ് ജനിക്കുന്നതിന്റെ നാല് മാസം മുമ്പ് അദ്ദേഹത്തിന്റെ പിതാവ് സൈതലവിക്കുട്ടി മുസ്‌ലിയാർ മരിച്ചിരുന്നു. ആ ഓർമക്കാണ് ഉസ്താദിനും ആ പേരുതന്നെയിട്ടത്.

ഹിജ്‌റ 1355 (ക്രി: 1936) ൽ ഉമ്മയുടെ വീട്ടിലാണ് ജനനം. യത്തീമായി ജനിച്ചത് കൊണ്ട് തന്നെ ഉസ്താദ് വളരെ ലാളനയിലാണ് വളർന്നത.് ഉമ്മയിൽ നിന്നാണ് മതപഠനത്തിന്റെ തുടക്കം. ഖുർആനിന്റെ ചില ഭാഗങ്ങളും മുതഫരിദും മറ്റും ഉമ്മയിൽ നിന്ന് പഠിച്ച ശേഷം നാട്ടിലെ ഖുർആൻ പഠിപ്പിക്കുന്ന ഉസ്താദുമാരിൽ നിന്ന് പഠിച്ചു.

1941 മുതൽ 1947 വരെ സ്‌കൂൾ വിദ്യാഭ്യാസം നേടി. ശേഷം ചിലവിൽ ജുമാ മസ്ജിദിലെ ദർസിൽ ചേർന്നു. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുദരിസ്. ഉസ്താദിന്റെ ശിഷ്യരിൽ നിന്ന് ചെറിയ കിതാബുകൾ എല്ലാം ഓതി. സ്വർഫിൽ ഉസ്താദിനെ കൈപ്പിടിച്ച് ഉയർത്തിയത് പെരുമ്പടപ്പ് അബ്ദുറഹ്മാൻ മുസ്‌ലിയാരാണ്. എനിക്ക് വേണ്ടി വല്ലാതെ കഷ്ടപ്പെട്ടവരാണദ്ദേഹം എന്ന് ഉസ്താദ് പലപ്പോഴും പറയാറുണ്ട്.

വീട്ടിൽ കൃഷിത്തിരക്കിൽ ഓത്ത് പലപ്പോഴും മുടങ്ങും. കന്ന് പൂട്ടും ഊർച്ചയും നല്ല വശമുള്ള ഉസ്താദിനെ വീട്ടുകാർക്ക് വളരെ ആവശ്യമായി. അങ്ങനെ ഓത്ത് നീണ്ടുപോയി. വീട്ടിലെ കാളവണ്ടി പലപ്പോഴും ഉസ്താദാണ് കൊണ്ടുനടക്കാറുള്ളത്. തിരൂർ ടൗൺ പഴയ ജുമുഅത്ത് പള്ളി നിർമാണത്തിനാവശ്യമായ കല്ലുകൾ ഞാൻ കാളവണ്ടി വഴി എത്തിച്ച് കൊടുത്തതാണെന്ന് ഉസ്താദ് പറഞ്ഞതോർക്കുന്നു.

കുണ്ടൂരുസ്താദ് ചിലവിൽ ഓതാൻ വന്നപ്പോൾ ഭക്ഷണം ബാവ ഉസ്താദിന്റെ വീട്ടിലായിരുന്നു. അദ്ദേഹം താൽപര്യമെടുത്താണ് രണ്ടാമതും ഓതാൻ തുടങ്ങുന്നത്. പക്ഷേ ഇടക്ക് കൃഷിയുടെ പ്രശ്‌നം വരുമ്പോൾ ഓത്തു മുടങ്ങും. അങ്ങനെ നാടുവിടാൻ തീരുമാനിച്ചു. ഉമ്മയുടെ അതിരറ്റ സ്‌നേഹം പ്രതിബന്ധമായി. ഒടുവിൽ കരിങ്കപ്പാറ ഉസ്താദിനെ കാര്യം ധരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഉമ്മക്ക് ഖിദ്മ (സേവനം) ചെയ്യാൻ വേണ്ടിയാണ് തടസ്സമെങ്കിൽ ഒരിക്കലും പോകാൻ പറ്റില്ല.’

അതിന് ഇഷ്ടം പോലെ ജോലിക്കാർ വീട്ടിലുണ്ട്. സ്‌നേഹം മാത്രമാണ് തടസ്സമെന്നറിയിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: ‘എങ്കിൽ സമ്മതമില്ലാതെ പോകാം. ആ സ്‌നേഹത്തിന് അറ്റമില്ലല്ലോ.’

അതിനടുത്താണ് ദർസിൽ പുതിയങ്ങാടി മുഹിയിദ്ദീൻകുട്ടി മുസ്‌ലിയാർ വരുന്നത്. അദ്ദേഹം കരിങ്കപ്പാറ ഉസ്താദിന്റെ ശിഷ്യനാണ്. പേരാമ്പ്രയിലായിരുന്നു അദ്ദേഹത്തിന്റെ ദർസ്. അദ്ദേഹത്തോട് ഈ കാര്യം സംസാരിച്ചു. അദ്ദേഹം പറഞ്ഞു: ‘ബാവ അങ്ങോട്ട് വരണ്ട. അവിടെ നിൽക്കാൻ ഭയങ്കര പ്രയാസമാണ്. സൗകര്യമൊന്നുമില്ല; ഒരു കക്കൂസ് പോലും ഇല്ല.’

ഉസ്താദ് ചോദിച്ചു: പിന്നെ നിങ്ങളെല്ലാം എന്ത് ചെയ്യും?

കല്ലുവെട്ട്കുഴിയും മറ്റും ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ, എങ്കിൽ എനിക്കും അങ്ങനെയാകാമെന്നായി ബാവ ഉസ്താദ്.

കുടുംബം സമ്മതം തരില്ലെന്ന് ഉറപ്പുള്ളതിനാൽ ആരോടും ചോദിച്ചില്ല. സഹോദരിയോട് താനൂരിൽ ദർസിൽ പോകുന്നു എന്ന് പറഞ്ഞു. കാരണം ദൂരത്തേക്ക് അവരും അനുവദിക്കില്ല. അവർ രണ്ട് രൂപ കൊടുത്തു. എന്നും വൈകുന്നേരം കാലികളെയെല്ലാം കഴുകി ആലയിൽ കൊണ്ട് വന്ന് കെട്ടി കുറേ അപ്പുറത്തുള്ള കുളത്തിൽ പോയി കുളിച്ച് വസ്ത്രം ധരിക്കലാണ് പതിവ്. അന്ന് മാറ്റാനുള്ള വസ്ത്രങ്ങൾ എടുത്ത് അൽഫിയ്യയുടെ ഒരു ഭാഗം അതിന്റെ ഉള്ളിൽ വെച്ച് വസ്ത്രങ്ങൾ സാധാരണ പോലെ ചുരുട്ടിപ്പിടിച്ച് ആർക്കും സംശയം തോന്നാത്ത രൂപത്തിൽ ഇറങ്ങി. കുളിച്ച് വസ്ത്രങ്ങൾ അണിഞ്ഞു. ട്രെയിൻ കയറാൻ താനൂരിലേക്ക് നടന്നു.

താനൂരിൽ വെച്ച് അബൂബക്കർ ഹാജിയെ കണ്ടുമുട്ടി. അദ്ദേഹത്തോട് രണ്ട് രൂപ കടം ചോദിച്ചു. നാല് രൂപയാണ് കയ്യിലുള്ളത്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് വടകരയിലേക്കുള്ള ട്രെയിൻ സമയം അറിഞ്ഞു. രാത്രി അതിനടുത്ത ദർസിൽ അൽപം കൂടി സഹോദരിയോട് പറഞ്ഞ വാക്കും സത്യമാക്കി. ജീവിതത്തിൽ യാത്ര ചെയ്ത് പരിചയമില്ലാത്ത ഉസ്താദ് ട്രെയിൻ കയറി വടകരയിലെത്തി പേരാമ്പ്രയിലേക്ക് നടന്നു.

പിന്നെ വീട്ടിലേക്ക് കത്തയച്ചു. കത്ത് കിട്ടിയ ഉടനെ ജ്യേഷ്ഠൻ 60 രൂപ മണിയോർഡറായി അയച്ചുകൊടുത്തു. ആറു മാസമാണ് പേരാമ്പ്രയിൽ നിന്നത്. വടകര മുഹമ്മദാജി ഉപ്പാപ്പ വല്ലപ്പോഴും ദർസിൽ വരാറുണ്ട്. ബറകത്തിന് അദ്ദേഹത്തിൽനിന്ന് കിതാബിന്റെ ചില വരികൾ ഓതിയിട്ടുണ്ട്.

നിനക്ക് സ്വതന്ത്രമായി പഠിക്കാം, ജോലിക്കൊന്നും വരേണ്ട എന്നെല്ലാം കുടുംബം വാക്കുകൊടുത്തു. അപ്പോൾ നാട്ടിലേക്ക് തിരിച്ചു.

നാട്ടിൽ കരിങ്കപ്പാറ ഉസ്താദിന്റെ ദർസിൽ തന്നെ ചേർന്നു. ചെറിയ എല്ലാ കിതാബുകളും ഓതണമെന്ന കണിശത ഉസ്താദിന് ഉണ്ടായിരുന്നു. അതുകൊണ്ട് ദർസിലെ മുതിർന്ന വിദ്യാർത്ഥികളിൽ നിന്ന് പല കിതാബുകളും ഓതി.

അക്കാലത്തെ നല്ല വാഇളായിരുന്ന ഓമച്ചപ്പുഴ കുഞ്ഞി അഹ്മദ് മുസ്‌ലിയാരിൽ നിന്ന് പത്ത് കിതാബും ഇസ്‌ലാമിലേക്ക് വന്ന് കരിങ്കപ്പാറ ഉസ്താദിന്റെ അരികിൽ ഓതി വളർന്ന സ്വൂഫിയായ പകര മുഹമ്മദ് മുസ്‌ലിയാരിൽനിന്ന് ഉംദയും മറ്റും, പേരോട് ഉസ്താദിന്റെ ഗുരുവും സൂഫിയും നിറഞ്ഞ പണ്ഡിതനുമായ അബ്ദുൽ ഖാദർ മുസ്‌ലിയാരിൽ (പുല്ലൂക്കര ഉസ്താദ്) നിന്ന് ബൈത്ത് കിത്താബിലെ നല്ലൊരു ഭാഗവും കായംകുളം മുദരിസായിരുന്ന പാങ്ങിൽ ബാപ്പു മുസ്‌ലിയാരിൽനിന്ന് ചില കിതാബുകളും ഓതുകയുണ്ടായി.

ബാവ ഉസ്താദ് അൽഫിയ്യ ഓതുന്നതിനിടയിലാണ് കരിങ്കപ്പാറ ഉസ്താദ് ഹജ്ജിന് പോകുന്നത്. അപ്പോൾ ശിഷ്യനായ നന്നമ്പ്ര സൈതാലി മുസ്‌ലിയാരെ ദർസ് ഏൽപ്പിച്ചു. അങ്ങനെ അൽഫിയ്യയുടെ പല ഭാഗങ്ങളും അദ്ദേഹത്തിൽനിന്നും ഓതി.

എങ്കിലും പ്രധാന ഗുരു കരിങ്കപ്പാറ ഉസ്താദാണ്. ഉസ്താദിന്റെ ഫത്ഹുൽ മുഈൻ ക്ലാസ് വിവരണാതീതം. ഒരു വരി പൂർണമായി ഓതുമായിരുന്നില്ല. പലപ്പോഴും ആ വരിക്കൊത്ത് തുഹ്ഫയും ഫിഖ്ഹിന്റെ മറ്റു കിതാബുകളും വച്ച് കൊണ്ടുള്ള ആഴത്തിലുള്ള ആ ക്ലാസ് ബാവ ഉസ്താദ് സ്മരിക്കാറുണ്ട്.

അതിനിടയിൽ കരിങ്കപ്പാറ ഉസ്താദ് തൊട്ടടുത്ത ഓമച്ചപ്പുഴയിലേക്ക് മാറി. ഉസ്താദും കൂടെ പോയി. പക്ഷേ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബക്കാർ സമ്മതിച്ചില്ല. നാട്ടിലേക്ക് തന്നെ വരാൻ നിർബന്ധിച്ചു. ഉസ്താദ് കൂട്ടാക്കിയില്ല. അവസാനം എനിക്ക് കരിങ്കപ്പാറ ഉസ്താദിനെപ്പോലെ ഓതാൻ പറ്റിയ ഒരു പ്രഗത്ഭ ഗുരുവിനെ അവിടെ കൊണ്ടുവരുമെങ്കിൽ വരാമെന്ന് പറഞ്ഞു. മഹല്ല് കാരണവരും നാട്ടുപ്രമാണിമാരുമായ കുടുംബത്തിന് അത് സാധ്യമായിരുന്നു.

അങ്ങനെയാണ് വലിയ മുഹഖിഖും സ്വൂഫിയും എല്ലാ ഫന്നുകളിലും മാഹിറുമായ, ഇപ്പോൾ തമിഴ്‌നാട് അതിരാ പട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്ന പാങ്ങിൽ അബ്ദുല്ല മുസ്‌ലിയാരെ അവർ നാട്ടിലേക്ക് കൊണ്ടുവരുന്നത്. കരിങ്കപ്പാറ ഉസ്താദിനെ പിരിയേണ്ടിവന്നു. പുതിയ ദർസിൽ ചേർന്നു.

പാങ്ങിൽ ഉസ്താദിന്റെ ദർസിൽ വലിയ ഫന്നുകൾ ഓതുന്ന മുതിർന്ന വിദ്യാർത്ഥികൾ കൂടുതലായതിനാൽ ഒരു സബ്ഖ് മാത്രമേ ഉസ്താദിൽ നിന്ന് കിട്ടിയുള്ളൂ. മുഖ്തസ്വറും ഫത്ഹുൽ മുഈനും എല്ലാം മുതിർന്ന കുട്ടികളെ ഏൽപ്പിച്ചു. ഇതിൽ ദുഃഖിതനായി അകത്തെ പള്ളിയിൽ ഒറ്റക്കിരുന്ന് വിലപിച്ചു. പാങ്ങിലുസ്താദ് അടുത്തേക്ക് വിളിച്ചപ്പോൾ വിതുമ്പി വിതുമ്പി കാര്യം പറഞ്ഞൊപ്പിച്ചു. ശിഷ്യന്റെ പഠന ഔത്സുക്യം ഗ്രഹിച്ച അദ്ദേഹം സബ്ഖുകൾ മുഴുവൻ സ്വന്തമായി നടത്തിക്കൊടുത്തു. എല്ലാ കിതാബുകളും നല്ല തഹ്ഖീഖോടെത്തന്നെ പൂർത്തിയാക്കി. പാങ്ങിലുസ്താദിന്റെ ക്ലാസുകളെ ഉസ്താദ് മദ്ഹ് ചെയ്യാറുണ്ട്.

പിന്നെ അവിടെ മുദർരിസായി കരിഞ്ചാപ്പാടി മുഹ്‌യുദ്ദീൻ മുസ്‌ലിയാർ വന്നു. വലിയ പണ്ഡിതനും വാഇളുമായിരുന്ന അദ്ദേഹത്തിൽ നിന്നാണ് ജംഉൽ ജവാമിഉും മറ്റും ഓതിയത്. കരിങ്കപ്പാറ ഉസ്താദിന്റെ ദർസിലെ കൂട്ടുകാർ ചിലപ്പോഴെല്ലാം ഉസ്താദിനെ കാണാൻ വരും. അസ്വറിന് ശേഷമാണ് വരവ്.

അതിനിടയിൽ ആ കൂട്ടുകാർ ഹജ്ജിന് പോകാൻ പണം കെട്ടി. ഉസ്താദിന് പോരാൻ പറ്റില്ലെന്നു പറഞ്ഞാൽ പ്രയാസമാകുമെന്നും കരുതി അവർ അറിയിച്ചില്ല. രേഖകൾ ശരിയായി യാത്ര പറയാനാണ് അവർ വന്നത്. സാധാരണ പോലെ അസ്വറിന് ശേഷം വന്ന് അൽപം സംസാരിച്ചു. വിവരം അറിഞ്ഞാൽ ഉസ്താദിന് താങ്ങാത്ത മനസ്സാണെന്നറിയാവുന്ന അവർ പിരിയാൻ നേരമാണ് കാര്യം പറഞ്ഞത്. അപ്പോഴേക്കും ഉസ്താദിന്റെ മുഖം വാടി. അവർ ദുആ വസ്വിയ്യത് ചെയ്ത് സലാം പറഞ്ഞ് ധൃതിയിൽ പോയി. ഉസ്താദ് അകത്തെ പള്ളിയിൽ കയറി കരച്ചിലായി. മുക്രി വഴി വിവരമറിഞ്ഞ ജ്യേഷ്ഠൻ ശകാരിച്ചു. അടുത്ത വർഷം പോകാമെന്ന് സമാധാനിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷം ഉസ്താദ് ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്നയിലേക്ക് പോയി. അന്നവിടെ ശൈഖുനാ ഒകെ ഉസ്താദിന്റെ പ്രധാന ശിഷ്യരിൽ പെട്ട കാപ്പാട് ഇബ്രാഹിം മുസ്‌ലിയാരായിരുന്നു മുദരിസ്. അദ്ദേഹത്തിൽ നിന്നാണ് രിസാലയും മറ്റും ഓതിയത്. ആ വർഷം ആദ്യമായി ഹജ്ജും ചെയ്തു.

ഹജ്ജ് കഴിഞ്ഞ് നാട്ടിൽ തന്നെ ഓതി അന്ന് അവിടെ ദർസ് നടത്തുന്നത് കരിങ്കപ്പാറ ഉസ്താദിന്റെ പ്രധാന ശിഷ്യനും വലിയ കവിയുമായ തിരൂരങ്ങാടി ബാപ്പു ഉസ്താദ് ആണ്. അദ്ദേഹത്തിൽ നിന്ന് പല കിതാബുകളും ഓതി. അന്ന് ദർസിലെ മുതിർന്ന വിദ്യാർത്ഥി ഉസ്താദായിരുന്നു. കോളേജിൽ പോകുന്ന ബാച്ചിലെ ഏറ്റവും കഴിവും പ്രാപ്തിയുമുള്ളയാളും. അതുകൊണ്ട് തന്നെ അവർക്കെല്ലാം വായിച്ച് ഓതി കൊടുത്തിരുന്നതും (പ്രധാന ഉസ്താദിൽ നിന്ന് ഓതിയ ശേഷം നല്ല കഴിവുള്ള മുതിർന്ന വിദ്യാർത്ഥികളിൽ നിന്ന് ആവർത്തിച്ച് ഓതുക) ഉസ്താദ് ആയിരുന്നു. കുഞ്ഞിമോൻ ഫൈസി, അഞ്ചരക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ ആ കൂട്ടത്തിൽ പെട്ടവരാണ്.

എല്ലാവരും കൂടി പട്ടിക്കാട് ജാമിഅയിലേക്കാണ് പോയത്. ഇകെ ഉസ്താദായിരുന്നു സെലക്ഷൻ നടത്തിയത്. എല്ലാവരേയും കൂട്ടി നിർത്തി ചോദിച്ചു. പലരും ഉത്തരം മുട്ടിയെങ്കിലും ഉസ്താദ് കൃത്യമായി മറുപടി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഇ.കെ. പറഞ്ഞു. കത്ത് വന്നവർ മാത്രം ഇങ്ങോട്ട് വന്നാൽ മതി. മറ്റാരും വരണ്ട. എന്തുകൊണ്ടോ ഉസ്താദിന് കത്ത് വന്നില്ല. ഉസ്താദിൽ നിന്ന് പഠിച്ച എല്ലാവർക്കും മുത്വവ്വൽ, മുഖ്തസ്വർ, ആറാം ക്ലാസ് എന്നിങ്ങനെ കത്ത് വന്നു. ആ വർഷം അങ്ങനെ പോയി.

പിറ്റെ വർഷം ബാഖിയാതിൽ ചേർന്നു. അന്ന് അവിടത്തെ സഹപാഠികളിലൊരാളായിരുന്നു കുണ്ടൂർ ഉസ്താദ്. അന്നു ബാഖിയാത്തിലെ ഉസ്താദുമാർ താനൂർ കെകെ അബൂബക്കർ ഹസ്‌റത്ത്, ജബ്ബാർ ഹസ്‌റത്ത് തുടങ്ങിയവയാണ്. ചില തടസ്സങ്ങളാൽ നാട്ടിൽ വന്നു. പിന്നെ അവിടേക്ക് പോകാനായില്ല. ആ കാലത്താണ് കല്യാണം നടക്കുന്നത്. അതിലേക്ക് ക്ഷണിച്ചു കുണ്ടൂരുസ്താദിനും കൂട്ടുകാർക്കും കത്തെഴുതിയത് അറബി കവിതകളിലൂടെയാണ്. നാട്ടിൽവന്ന് പൊടിയാട്ട് കുട്ടിമുസ്‌ലിയാരുടെ ദർസിൽ ചേരാൻ തീരുമാനിച്ചു.

നാട്ടിൽ വന്നു ബാപ്പുസ്താദിന്റെ അരികിൽ സമ്മതത്തിന് ചെന്നു. ഉസ്താദ് പറഞ്ഞു: ‘ഇനി എവിടെയും പോകണ്ട. ഇവിടെ തന്നെ നിൽക്കാം.’

ബാപ്പു ഉസ്താദിനെ ഉൾക്കൊള്ളാൻ പര്യാപ്തനായ ശിഷ്യൻ എന്ന നിലക്കും കുറച്ച് വലിയ കിതാബുകൾ ഓതിക്കൊടുക്കാമെന്ന നിലക്കുമായിരിക്കണം ഉസ്താദ് ഇങ്ങനെ പറഞ്ഞത്. ചഗ്മീനി, ഖാളി, ഹംദുള്ള അടങ്ങുന്ന വലിയ വലിയ കിതാബുകൾ ഓതുന്നത് അക്കാലത്താണ്.

അടുത്ത വർഷം ദയൂബന്ത് ദാറുൽ ഉലൂമിൽ ദൗറത്തുൽ ഹദീസിൽ ചേർന്ന് പഠിച്ചു. അവിടത്തെ സഹപാഠികളാണ് റഈസുൽ ഉലമ സുലൈമാനുസ്താദും ടിസി ഉസ്താദുമൊക്കെ. ആ കാലത്താണ് ഉറുദു പഠിച്ചത്.

ബിരുദം നേടി ഉസ്താദ് നാട്ടിലെത്തി. ദർസ് രംഗത്ത് സജീവമായി. കിതാബുകൾ സ്വന്തം മനസ്സിലാക്കി വളരെ സരളമായ ശൈലിയിൽ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുക ഉസ്താദിന്റെ പ്രത്യേകതയാണ്. ആദ്യമായി കുണ്ടൂരിനടുത്ത തെയ്യാലയിൽ മുദർരിസ് ആയി. രണ്ട് വർഷം അവിടെ നിന്നു. ശേഷം തിരൂരങ്ങാടി വലിയ പള്ളിയിൽ ഏഴുവർഷം. പിന്നെ വീട്ടിൽ ആളില്ലാതെ ദർസ് നിർത്തേണ്ടിവന്നു.

വെറുതെ നിൽക്കുമ്പോൾ ഒരു കൃഷിയാവാം എന്ന നിലക്ക് വെറ്റില കൃഷിക്ക് തുടക്കം കുറിച്ചു. അതിന്റെ തുടക്ക പരിചരണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ കുറച്ചാളുകൾ വീട്ടിൽ വന്നു. കൃഷി സ്ഥലത്തുനിന്ന് ഉസ്താദെത്തിയപ്പോൾ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ പറഞ്ഞയച്ചവരായിരുന്നു അവർ. വളവന്നൂരിലേക്ക് മുദരിസ് ആയി ഒരു തടസ്സവും പറയാതെ ഏൽക്കാൻ പറഞ്ഞിരിക്കുന്നു എന്ന അറിയിപ്പുമായി വന്നതാണവർ.

അങ്ങനെ അവിടെ സേവനമേറ്റു. ആ കാലത്ത് വളവന്നൂർ യതീംഖാനയിലേക്ക് വന്ന അറബികളുടെ സ്വീകരണത്തിന് സമസ്തയെ പുകഴ്ത്തി ഉസ്താദ് എഴുതിയ സ്വാഗതഗാനം വളരെ ശ്രദ്ധേയമായി. അവിടെ നാല് വർഷം പൂർത്തിയാക്കി. പിന്നെ ഒരു വർഷം വെളിമുക്കിലും രണ്ട് വർഷം ചെമ്മങ്കടവിലും സേവനം ചെയ്തു. ശേഷം ഓമച്ചപ്പുഴ പുത്തൻപള്ളിയിലേക്ക്. പതിനൊന്ന് വർഷം അവിടെ സേവനം ചെയ്തു. അതിന്റെ രണ്ടാം വർഷമാണ് ഈ ലേഖകൻ അവിടെ മുതഅല്ലിമായി എത്തുന്നത്.

ദർസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ദഅ്‌വ, ഖണ്ഡനം, രചന രംഗങ്ങളിലെല്ലാം സജീവമായിരുന്നു. 1981 മുതൽ സമസ്തകേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പറും പിന്നീട് അതിന്റെ ഫത്‌വ ബോർഡ് അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു. ഓമച്ചപ്പുഴയിൽ മുദരിസ്സായി നിൽക്കുമ്പോഴാണ് ശൈഖുനാ ഒകെ ഉസ്താദ് ഇഹ്‌യാഉസ്സുന്നയിലേക്ക് ഉസ്താദിനെ ക്ഷണിക്കുന്നത്. അങ്ങനെ നീണ്ട 22 വർഷം ഇഹ്‌യാഉസ്സുന്നയിൽ സേവനം ചെയ്തു.

അൻപതോളം വർഷം നീണ്ടുനിന്ന ഈ ദർസ് സേവന കാലത്ത് വിലപ്പെട്ട പല ഗ്രന്ഥങ്ങളും അവിടുന്ന് രചിച്ചിട്ടുണ്ട്. അൻപതിലധികം വരും അവ. അതിൽ അഞ്ചെണ്ണം മലയാളത്തിലാണ്.

ഉസ്താദിന്റെ രചനാശൈലി സവിശേഷമാണ്. ഈജാസ്, ഇത്വ്‌നാബ്, മുസാവാത്ത് ഈ മൂന്ന് രൂപത്തിലാണല്ലോ പ്രയോഗങ്ങൾ. അവിടുത്തെ പ്രയോഗങ്ങൾ അധികവും മുസാവത്തോ ഈജാസോ ആയിരിക്കും. ഇബാറത്തുമായി ബന്ധമുളള എതൊരാൾക്കും കണ്ട ഉടനെ ഉദ്ദേശ്യം മനസ്സിലാകുന്ന ശൈലിയാണ് പദപ്രയോഗങ്ങൾ മുഴുവനും.

അദ്ദേഹത്തിന്റെ ദിനചര്യ അൽപം പരാമർശിക്കാതെ വയ്യ. അഞ്ചുവഖത്ത് വുളുഇന്റെ മുമ്പ് പല്ല് തേക്കുന്ന പതിവ് തെറ്റിക്കാറില്ല. തഖ്‌ലീലും ദൽക്കും (തേച്ചുരപ്പും തിക്കകറ്റലും) വളരെ ശ്രദ്ധിച്ചാണ് വുളു ചെയ്യാറുളളത്. ഖിബ്‌ലയിലേക്ക് തിരിഞ്ഞല്ലാതെ വുളു എടുക്കുന്നത് കണ്ടിട്ടില്ല. വുളു കഴിഞ്ഞ് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് രണ്ട് കയ്യും കണ്ണും ഉയർത്തി ദുആ ചെയ്യാതെ റൂമിലേക്ക് പോകുന്നത് ഒമ്പത് വർഷത്തെ വിദ്യാർത്ഥി ജീവിതത്തിനിടയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

സ്വുബ്ഹി വാങ്കിന് ശേഷം പള്ളിക്ക് സമീപമുള്ള കരിങ്കപ്പാറ ഉസ്താദിന്റെയും മോല്യാർപാപ്പയുടെയും ഖബ്‌റിങ്ങൽ ചെന്ന് രണ്ടുപേർക്കും സലാം പറഞ്ഞാണ് റൂമിലേക്ക് പോവുക. സിയാറത്ത് കഴിഞ്ഞാൽ പളളിയിൽ കയറും. തട്ട് ഇല്ലാത്ത പളളിയാണ്. ആരെങ്കിലും വാങ്ക് വിളിച്ചതറിയാതെ കിടക്കുന്നുണ്ടെങ്കിൽ കയ്യിലുളള മുണ്ടിന്റെ തലകൊണ്ട് അവരുടെ കാലിൽ തട്ടി മുഴുവൻ പേരെയും ഉണർത്തും.

പിന്നെ റൂമിൽ ചെന്ന് വസ്ത്രങ്ങൾ മാറ്റി പള്ളിയിൽ വന്ന് സ്വുബഹിയുടെ സുന്നത്ത് നിസ്‌കരിക്കും. ശേഷം ഖിബ്‌ലയിലേക്ക് ചെരിഞ്ഞ് കിടന്ന് ദിക്‌റ് ചൊല്ലി ഉടനെ എഴുന്നേറ്റ് ഇരുക്കും.

നിസ്‌കാരം കഴിഞ്ഞ് ഞങ്ങൾ വിദ്യാർത്ഥികൾ ഖുർആൻ ഓതുമ്പോൾ ഉസ്താദ് ചെരുവിൽ നടന്ന് വളീഫകൾ ചൊല്ലി തീർക്കും. അതു കഴിഞ്ഞ് തഫ്‌സീറുൽ ജലാലൈനി സബ്ഖിന് സമയമാകുന്നതുവരെ ഖുർആൻ ഓതും. സബ്ഖിന് ചെന്നാൽ ഓത്ത് ഒരു വഖ്ഫിൽ എത്തിച്ച് സ്വദഖല്ലാഹുൽ അലിയ്യുൽ അളീം എന്ന് പറഞ്ഞ് ഖുർആൻ ചുംബിച്ച് നിർത്തും.

ശേഷം അന്ന് ജലാലൈനി ഓതാൻ ഉദ്ദേശിക്കുന്ന അത്രയും ഭാഗം ഖുർആൻ ഒരാൾ ഓതണം. മറ്റുള്ളവർ അത് ശ്രദ്ധിക്കണം. അതിൽ തജ്‌വീദിന്റെ നിയമങ്ങൾക്ക് എതിരു വന്നാൽ പ്രത്യേകം പറഞ്ഞു തരും. ഖിറാഅത്തിന്റെ നിയമങ്ങൾ വിശദീകരിച്ച് പ്രസിദ്ധമായ ജസ്‌രിയ്യക്കും അതിന്റെ  സകരിയ്യൽ അൻസാരി(റ)യുടെ ശർഹായ ദഖാഇഖുൽ മുഹ്കമക്കും ഉസ്താദ് അൽ മഖാസ്വിദുസ്സനിയ്യ എന്ന ഒരു വിശദീകരണം എഴുതിയത് ഓർക്കുക.

ജലാലൈനി വസ്ത്രം മാറ്റാതെയാണ് സബ്ഖ് നടത്താറുളളത്. അത് കഴിഞ്ഞ് വസ്ത്രം മാറ്റി ലുങ്കി ഉടുത്ത് എഴുത്തിൽ പ്രവേശിക്കും. അടുത്ത ക്ലാസിനു ചെന്നാൽ എഴുത്ത് നിർത്തും. ഏതൊരു ക്ലാസ് തുടങ്ങുന്നതിനു മുമ്പും കഴിഞ്ഞാലും എഴുത്ത് തന്നെ. അടുത്ത ക്ലാസില്ലെങ്കിൽ ആ സമയവും എഴുതും. ചായ സമയം വരെ ആ ക്ലാസ് നീളും. പിന്നെ മൂത്രിച്ച് വുളു ചെയ്ത് വന്ന് നാല് റകഅത്ത്  ളുഹാ നിസ്‌കരിക്കും. ഒരിക്കലും ളുഹാ മുടക്കാറില്ല. ചായകഴിച്ച് വീണ്ടും സബ്ഖ്. ഉച്ചവരെ എഴുത്തും സബ്ഖുമായി  നീങ്ങും.

മുമ്പുള്ള റവാത്തിബ് നിസ്‌കരിക്കാതെ മഗ്‌രിബ് അല്ലാത്ത ഒരു നിസ്‌കാരത്തിനും ഇഖാമത്ത് കൊടുക്കാൻ പറയാറില്ല. ഇശാഅ് നിസ്‌കരിച്ച ഉടനെ വിത്‌റ് നിസ്‌കരിക്കും. മൂന്നായിരുന്നു ആദ്യമൊക്കെ നിസ്‌കരിച്ചിരുന്നത്. പിന്നീട് ഉള്ളാൾ തങ്ങളുടെ നിർദേശപ്രകാരം പതിനൊന്ന് റക്അത്താക്കി. സുന്നത്തുകൾ പളളിയിൽ നിന്ന് തന്നെയാണ് നിർവഹിക്കുക. ഇശാഅ് കഴിഞ്ഞ് ഹദ്ദാദ് ചൊല്ലും. ശൈഖുനാ ഒകെ ഉസ്താദും ശൈഖുനാ സുലൈമാൻ ഉസ്താദും ഇങ്ങനെ തന്നെയായിരുന്നുവെന്ന് അവരുടെ ശിഷ്യർ പറയാറുണ്ട്.

മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് റൂമിൽ പോയ ഉടനെ തന്നെ ദലാഇലുൽ ഖൈറാത്ത് ഏഴിൽ ഒന്ന് ചൊല്ലും. ഉസ്താദിന്റെ ഉപ്പ നന്നാക്കിയ ദലാഇലുൽ ഖൈറാത്താണ് ചൊല്ലാറുള്ളത്. തൻവീറുൽ മസർറാത്ത് എന്നപേരിൽ ഉസ്താദ് ദലാഇലിന് ശറഹ് എഴുതിയിട്ടുണ്ട്. അസ്മാഉൽ ഹുസ്‌നയും അസ്മാഉൽ ബദ്‌റും മനഃപാഠമാണ്. അവ പതിവാക്കാറുണ്ട്. ഖാദിരി, രിഫാഇ, ബാഅലവി, ഹൈദറൂസി ത്വരീഖത്തുകൾ ഉസ്താദിനുണ്ട്.

രാത്രി സബ്ഖ് നടത്താറില്ല. വളരെ കുറഞ്ഞ ദിവസങ്ങൾ അൽഫിയ്യ ഒരു വർഷം നടത്തിയിരുന്നു. എത്ര ദേഷ്യം പിടിച്ചാലും ശകാരമോ ശാപപ്രയോഗമോ നടത്തിയിട്ടേയില്ല. കയ്യിന്റെ ഉളളനടിയിൽ അല്ലാതെ അടിക്കുകയില്ല. ആരെയും വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ഒരിക്കലും ചെയ്യില്ല. രണ്ട് പ്രാവശ്യമാണ് ഉസ്താദ് അടിക്കുന്നത് കണ്ടത്. രണ്ട്‌പേർ തല്ല് കൂടിയതിനായിരുന്നു അത്. അവരെ വിളിപ്പിച്ച് വണ്ണംകുറഞ്ഞ വടികൊണ്ട് രണ്ട് അടി വീതം കൊടുത്തു. നല്ലപോലെ ഉപദേശിക്കും. ചിലപ്പോൾ വളരെ ഗൗരവത്തിൽ പറയും. അത് മതി നന്നാവാൻ.

ജംഉൽജവാമിഅ് അല്ലാതെ ഒരു കിതാബും മുമ്പ് നോക്കിവെച്ച് ദർസ് നടത്താറില്ല. നടത്താനുളള സബ്ഖുകൾ നോക്കാൻ രചന കാരണം സമയം ലഭിക്കാറില്ല. അൽഫിയ ആയിരം വരിയും അതിലെ ശിഅ്‌റുകളും മറ്റ് കിതാബിലെ ശവാഹിദ് ബൈത്തുകളും കാണാതെ അറിയാം. മുഖ്തസ്വറും മറ്റും നാം വായിക്കും മുമ്പേ ഇങ്ങോട്ട് പറയും. ഫത്ഹുൽ മുഈൻ മനഃപാഠം പോലെയാണനുഭവം. എത്ര വൈകിയാലും സമയം പോയതറിയില്ല. അത്രയും രസമാണ് ക്ലാസ്. എന്ത് ചോദിച്ചാലും ഉടൻ മറുപടി പറയും. എന്തും എങ്ങിനെയും ചോദിക്കാം. അത് വളരെ ഇഷ്ടവുമാണ്. എല്ലാവരേയും വലിയ പരിഗണനയാണ്.

ഒരു ദിവസം ളുഹ്ർ നിസ്‌കരിച്ച് പിന്നിലേക്ക് നോക്കിയപ്പോൾ ദൂരെ ഒരു മുതഅല്ലിം  ഉറങ്ങുന്നു. അവനെ വിളിക്കാൻ പറഞ്ഞു. ഒരുത്തൻ പോയി കാല് കൊണ്ട് അവന്റെ കാലിൽ തട്ടി മെല്ലെ വിളിച്ചു. അപ്പോൾ ഉസ്താദ് വിളിച്ച് പറഞ്ഞു: ‘എന്താടാ അത് ഒരു മനുഷ്യനാണ്.’ അഥവാ കാല് കൊണ്ട് തട്ടി വിളിച്ചത് ഉസ്താദിന് ഇഷ്ടപ്പെട്ടില്ല. മനുഷ്യനോട് ചെയ്യാൻ പാടില്ലാത്തതാണ് അതെന്ന് സാരം. മൊത്തം വാക്കുകളിലും ജീവിതത്തിലും ഈ മനുഷ്യ സ്‌നേഹം നിറഞ്ഞുകാണാം.

ഉസ്താദിന് ദർസിൽ ഖാദിമ് (സേവകൻ) ഇല്ല. അത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അവിടുത്തെ വസ്ത്രങ്ങളും മറ്റും നാം കഴുകുന്നത് തീരെ ഇഷ്ടമില്ല. ദർസിൽ പഠിച്ചിരുന്ന വലിയ കിതാബിലൊന്നും എത്താത്ത ഒരു മുതഅല്ലിമുണ്ടായിരുന്നു. പലപ്പോഴും അലക്കിയിരുന്ന അവന് ഉസ്താദ് പൈസ കൊടുക്കുമായിരുന്നു. സൗജന്യമായി ഒന്നും ചെയ്യാൻ സമ്മതിക്കുമായിരുന്നില്ല. ബെല്ലോ ഫാനോ ഉപയോഗിച്ചില്ല. വേണമെന്നു പറഞ്ഞുമില്ല. ആവശ്യമുണ്ടെങ്കിൽ റൂമിൽ നിന്ന് വന്ന് വാതിലിൽ അടിക്കും. ഉടനെ ആരെങ്കിലും ചെല്ലും.

വ്യാഴാഴ്ചയാണ് അലക്കുന്ന കുട്ടിയെ വിളിക്കുക. ഒരു ദിവസം വാതിലിൽ മുട്ടിയപ്പോൾ ഞാൻ ചെന്നു. എന്നോട് എന്തേ എന്നു ചോദിച്ചു. ഉസ്താദ് വിളിച്ചല്ലോ എന്നായി ഞാൻ.

റഷീദെവിടെ?

ഞാൻ പറഞ്ഞു: അലക്കാനല്ലേ.

വീണ്ടും റഷീദെവിടെ?

അലക്കാൻ അഴിച്ചിട്ട ഡ്രസുകൾ എടുത്തു വേഗം പോന്നപ്പോൾ എന്റെ അരികിൽ വന്ന് ദേഷ്യപ്പെട്ടു. അത് അവിടെ തന്നെ ഇടുന്നതു വരെ നിർബന്ധം തുടർന്നു. നിർവാഹമില്ലാതെ ഞാൻ അതവിടെ വെച്ചു. ചിലപ്പോഴെല്ലാം റഷീദിന്റെ കയ്യിൽ നിന്ന് ഞങ്ങൾ ഉസ്താദിന്റെ വസ്ത്രം തബർറുകിനായി അലക്കാൻ വാങ്ങാറുണ്ടായിരുന്നു.

ഓമച്ചപ്പുഴയിൽ നിന്ന് വൈലത്തൂരിലേക്കും തിരിച്ചും നടന്നായിരുന്നു പോയിരുന്നത്. വാഹനം വല്ലതും കിട്ടിയെങ്കിൽ എന്ന് ചിന്തിക്കുക പോലും ചെയ്തില്ല. തവസ്സുൽ-ഇസ്തിഗാസ മുതൽ മറ്റു തർക്കത്തിലിരിക്കുന്ന ഏത് വിഷയം വന്നാലും നല്ലപോലെ ധരിപ്പിക്കും. ഉസ്താദിന് വശമില്ലാത്ത കാര്യം വന്നാൽ മറുപടി കണ്ടെത്തി പറയും.

ഭക്ഷണത്തിന് രുചി നോക്കി കഴിക്കാറില്ല. വേണ്ട ഭക്ഷണം രുചിയുണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടാൻ ഉണ്ടെങ്കിലുമില്ലെങ്കിലും ഒരുപോലെ കഴിക്കും. ഒരു ആക്ഷേപവും പറയില്ല.

ഒരിക്കൽ ഉസ്താദിന്റെ വീട്ടിൽ ചെന്നു. ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു: അൽപം ചക്കരചോറ് കൊണ്ട് വരട്ടെ? ഒരു പ്ലെയ്റ്റ് നിറയെ സാധനമെത്തി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. ഇടക്കിടയ്ക്ക് കല്ല് കടിക്കും. ഉടനെ അത് പുറത്തേക്കെടുത്ത് ഉസ്താദ് പറഞ്ഞു: ‘ആ ഇത് വെന്തില്ലല്ലോ.’ വീണ്ടും കടിക്കുമ്പോൾ ഇതും വെന്തില്ല എന്ന് ചിരിച്ച് പറഞ്ഞതല്ലാതെ വീട്ടുകാരെ അറിയിച്ചതുപോലുമില്ല.

ഒരു സൗകര്യവും കമ്മറ്റിയോട് ചോദിച്ചിട്ടില്ല.  ഞങ്ങൾ ഖുലാസ്വയും ഉഖുലൈദിസുമൊക്കെ ഓതുമ്പോൾ അത് വരക്കാനും എഴുതാനും ഒരു ബോർഡ് പോലും കമ്മറ്റിയോട് ആവശ്യപ്പെട്ടില്ല. ഒരു പലകയെടുത്ത് അതിലായിരുന്നു ശക്‌ലുകളും മറ്റും വരച്ചിരുന്നത്. എന്നിട്ട് തോർത്തു കൊണ്ട് തന്നെ അത് മായ്ക്കും.

ജംഅ് രണ്ടും മഹല്ലി നാലും മറ്റെല്ലാ കിതാബുകളും കരിങ്കപ്പാറ ഉസ്താദിന്റെ  കിതാബ് നോക്കി തെറ്റ് തീർത്ത് ശറഹ് നോക്കി എഴുതിയിട്ടുണ്ട്. തെറ്റ് തീർക്കാത്ത, ശറഹ് എഴുതാത്ത ഒരു കിതാബും ഉസ്താദിനില്ല. വളരെ നല്ല കയ്യക്ഷരമാണ്. ഉസ്താദിന്റെ കിതാബ് ഞങ്ങളുടെ ആരെങ്കിലും കയ്യിലുണ്ടാവും. സബ്ഖിനിടയിൽ വല്ല തെറ്റും കാണുകയോ സംശയമാവുകയോ ചെയ്താൽ കിതാബ് വാങ്ങി മുള കൊണ്ടുള്ള പേനയും മഷിക്കുപ്പിയും കത്തിയും കൊണ്ടുവരും. കത്തി കൊണ്ട് അത് മായ്ച്ച് ശരിയാക്കി എഴുതും.

താഴ്മയും വിനയവും അവിടുത്തെ പ്രകൃതിയാണ്. ആരോടും പകയില്ല. ആരെങ്കിലും വല്ല കിതാബോ പുസ്തകമോ രചിച്ചാൽ നന്നായി പ്രശംസിക്കും. ആരെയും ഗീബത്ത് പറയില്ല.

വലിയ കരുണാമനസ്സായിരുന്നു ഉസ്താദിന്. മദ്ഹബിലെ അഭിപ്രായ ഭിന്നതകൾ വരുമ്പോൾ കാരുണ്യം കൂടുതലുള്ള അഭിപ്രായങ്ങൾക്കാണ് കൂടുതൽ ന്യായങ്ങൾ പറയാറ്. ശിക്ഷയുടെ ആയത്തുകൾ, ഹദീസുകൾ വന്നാൽ വല്ലാത്ത ഭയം മുഖത്ത് കാണാം. കാവൽ ചോദിക്കും.

രാത്രി  അധികവും ഒന്നര മണി കഴിയും ഉറങ്ങാൻ. ഇരുന്ന് ഉറങ്ങുകയോ  തൂങ്ങി ഉറങ്ങുകയോ ഇല്ല. മൂത്രം ഒഴിച്ച്, പല്ല് തേച്ച്, വുളൂഅ് ചെയ്‌തേ ഉറങ്ങൂ. കിടക്കയോ മറ്റു വിരിപ്പുകളോ ഇഷ്ടമില്ല. കട്ടിലോ പായയോ മാത്രമാണ് ശീലം. ഓമച്ചപ്പുഴയിൽ കിടക്കാനുളള കട്ടിൽ കിതാബ് വെക്കാനാണ് ഉപയോഗിച്ചത്. താഴെ ഒരു പായ വിരിച്ചാണ് ഉറങ്ങുക. മണ്ണെണ്ണ വിളക്ക് മുന്നിൽ വെച്ചാണ് അവിടെ നിന്ന് പിരിയുന്നതു വരെ എഴുതിയയിരുന്നത്.

സംഘടനയോടും പ്രവർത്തകരോടും എഴുത്തുകാരോടും പ്രസംഗകരോടും പൊതുകാര്യങ്ങളിൽ ഏർപ്പെടുന്നവരോടും വലിയ ഇഷ്ടമാണ്. അവരിൽ ഹസൻ മുസ്‌ലിയാരെ പറയുമ്പോൾ ഉസ്താദിന് വലിയ ആവേശമാണ്.

ആരോടും ചോദിച്ച് പഠിക്കും. വലിയവനാണ് താനെന്ന ഭാവമില്ല. ഉസ്താദ് ഒതുക്കുങ്ങലിൽ ചേർന്ന ശേഷം ഒരുദിവസം ഞാൻ കാണാൻ ചെന്നു. സബ്ഖുകൾ ചോദിച്ചപ്പോൾ ഹംദുല്ല സബ്ഖ് ഉണ്ട്  എന്നു പറഞ്ഞു. എന്നിട്ട് പറഞ്ഞു: ‘ഞാൻ അവ്യക്തയുള്ള സ്ഥലത്ത് സുലൈമാൻ മോല്യേരോട് ചോദിക്കും. മൂപ്പർക്ക് എല്ലാം നോക്കി വെച്ച പോലെയാണ്.’ അങ്ങനെ പലരിൽ നിന്നും അവിടുന്ന് ചോദിച്ചതും പഠിച്ചതും പറയുന്നത് കേട്ടിട്ടുണ്ട്.

അസൂയ ആ ജീവിതത്തിലില്ല. നസ്വീഹത്ത് മാത്രം. ഉസ്താദിന്റെ ബദ്‌രിയ്യ ബുക്ക്സ്റ്റാൾ മാത്രമായിരുന്നു കോട്ടക്കലിൽ ആദ്യകാലത്ത് ഉണ്ടായിരുന്നത്. പിന്നെ ബറക്കാത്ത് വന്നു. അതിന്റെ ഉദ്ഘാടനത്തിന്  ഉസ്താദും പോയിരുന്നു. തിരിച്ചുവന്നപ്പോൾ ഞാൻ ചോദിച്ചു: അത് നമ്മുടെ ബുക്ക് സ്റ്റാളിന് അടിയല്ലേ? ഉസ്താദ് പറഞ്ഞു: അത് പാടെ തെറ്റാണ്. കടകൾ വർധിക്കുമ്പോൾ മാത്രമാണ് കച്ചവടം കൂടുക. ഒന്നിലധികം കടകളുള്ള സ്ഥലത്താണ് ആളുകൾ വരിക. ഒരിടത്തില്ലെങ്കിൽ മറ്റൊരിടത്ത് ഉണ്ടാകുമല്ലോ. ഒരു കടയിൽ വിലപറഞ്ഞത് മറ്റു കടയിൽ പോയി  ഉറപ്പ് വരുത്തുകയും ചെയ്യാം.’

സമയം വെറുതെ കളയുന്നത് വളരെ സൂക്ഷിച്ചിരുന്നു. റമളാൻ രാത്രികളിൽ ഉറക്കൊഴിക്കുന്നത് കൊണ്ട് അധികം പേരും രാവിലെ അൽപ്പം ഉറങ്ങും. എന്നാൽ റമളാനിൽ അതിരാവിലെ ചെല്ലുമ്പോഴും ഉസ്താദ് എഴുതുകയായിരിക്കും. അതിഥിയെ വല്ലാതെ പരിഗണിക്കും. അവർക്ക് വേണ്ടി എഴുത്ത് നിർത്തും. അവർ പോകുന്നതുവരെ എഴുതില്ല. എഴുതാനുണ്ട് എന്ന് കാണിക്കുകയോ പറയുകയോ ഇല്ല.

ഫറാഇളുൽ മുഹമ്മദിയ്യയുടെ ശർഹ് നല്ലൊരു ഭാഗം എഴുതിയത് വേലൂരിലെ ശഅ്‌റ് മുബാറക്ക് കാണാൻ പോകുമ്പോൾ ട്രെയ്‌നിലും അവിടെ ചെന്ന് ഒഴിവു സമയത്തുമാണ്. നാട്ടിലെ സുന്നി സെന്ററിനു വേണ്ടി നടത്തിയ ഗൾഫ് യാത്രയിലാണ് ബസ്മലയുടെ ശർഹ് പൂർണമായും എഴുതിയത്.

സ്വലാത്ത് മീർഗനി, ശാലിയാത്തിയുടെ ഹദ്ദാദും തഅ്‌ലീഖും, വിർദുന്നവവിയും ബദ്‌രിയ്യത്തുൽ ഹംസിയ്യയും ബാനത്ത് സുആദിന്റെ തഖ്മീസ്, ശറഹ് ദഖാഇഖുൽ മിൻഹാജ്, റൗളയുടെ ഫറാഇള് തുടങ്ങി കണക്കറ്റ കിത്താബുകൾ അവിടുത്തെ കൈകൊണ്ട് വിദ്യാർത്ഥി കാലത്ത് എഴുതിയിട്ടുണ്ട്.

ഫത്ഹുൽ മുഈൻ മുഴുവനും കരിങ്കപ്പാറ ഉസ്താദിന്റെ ഫത്ഹുൽ മുഈനുമായി തട്ടിച്ചു നോക്കി തെറ്റ് തീർക്കുകയും ഓരോ വരിക്കും കരിങ്കപ്പാറ ഉസ്താദ് എഴുതിയ ശർഹുകൾ മുഴുവനും നോക്കി എഴുതുകയും ചെയ്തു. കരിങ്കപ്പാറ ഉസ്താദിന്റെ ഗുരുവര്യർ ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും അവരുടെ ഉസ്താദ് പുതിയാപ്പിള അബ്ദുറഹിമാൻ മുസ്‌ലിയാരുടെയും ശർഹുകളും, അദ്ദേഹത്തിന്റെ ഉസ്താദ് കുട്ട്യമോല്യാർപാപ്പയുടെ ശർഹുകളും മറ്റു 20-ലേറെ ഫിഖ്ഹ് കിതാബുകളിലെ വളരെ പ്രധാനപ്പെട്ട ശർഹുകളുമെല്ലാം ഒരുമിച്ചതാണ് കരിങ്കപ്പാറ ഉസ്താദിന്റെ ഫത്ഹുൽമുഈൻ. വിദ്യാർത്ഥി കാലത്ത് അതു മുഴുവനും കൈകൊണ്ട് പകർത്തി. തനിക്ക് ദർസ് കാലത്തും മറ്റും വ്യക്തമായ അഭിപ്രായങ്ങളും കിതാബുകളുടെ ഇബാറത്തുകളും കരിങ്കപ്പാറ ഉസ്താദ് നേരിട്ട് പറഞ്ഞ കാര്യങ്ങളുമെല്ലാം ഉൾച്ചേർത്തതാണ് ബാവ ഉസ്താദിന്റെ ഫത്ഹുൽമുഈൻ.

ഇർശാദുൽ ഖാസ്വിദീൻ(ചെറിയ മിൻഹാജ്) ഇർഷാദുൽ യാഫിഈ, മുർശിദ്, ബൈത്ത്കിത്താബുകൾ മുഴുവനും ഏഴ് കിതാബ് മുഴുവനും, ഹികം, നഹ്‌വ് കിതാബ്, അൽഫിയ്യ, മഹല്ലി മുഴുവനും, ശറഹുതഹ്ദീബ്, ഖുതുബിയ്യത്ത്, റശീദിയ്യ, നുഖ്ബഃ, തശ്‌രീഹുൽ അഫ്‌ലാക്ക്, ഖുലാസ്വ, ഉഖുലൈദിസ്, തഅ്‌ലീമുൽ മുതഅല്ലിം അടക്കം നൂറിലേറെ കിത്താബുകൾ ഒരു വരിപോലും ചോർന്നു പോവാതെ ഉസ്താദുമാരുടെ നുസ്ഖ(കോപ്പി) നോക്കി തെറ്റ് തീർത്ത് ശറഹ് എഴുതി ഉസ്താദ്. ജലാലൈനി, സ്വാവി നാലു വാല്യവും, ബൈളാവി (അൽബഖറ) തുടങ്ങിയവയുടെയും അവസ്ഥ ഇതു തന്നെ.

ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ബാരി മുസ്‌ലിയാർ, പനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ, നന്നമ്പ്ര സൈതാലി മുസ്‌ലിയാർ, കക്കിടിപ്പുറം ഉസ്താദ്, ശാലിയാത്തിയുടെ ഖലീഫ ചാലിയം ഇമ്പിച്ചികോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ തുടങ്ങിയ സ്വൂഫിയാക്കളുടെ ഉജാസത്തുകളും വാങ്ങി എഴുതി വെച്ചിരുന്നു. ഇതെല്ലാം വിദ്യാർത്ഥി കാലം മുതൽ തുടങ്ങിയതാണ്.

ഒരു ചെറിയ പെരുന്നാളിന് തലേന്ന് എന്നെ വീട്ടിലേക്ക് വിളിച്ച് എപി ഉസ്താദ് ഈ പെരുന്നാളിന് ചാലിയത്ത് നിസ്‌കാരത്തിന് എത്തുമോ എന്ന് ചോദിച്ചു. അതേയെന്നറിയിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: ‘എന്നാൽ നീ പോയി ഉസ്താദിൽ നിന്നും മുസൽസലുൽ ബിയൗമിഈദ് വായിച്ച് ഇജാസത്ത് വാങ്ങി വരണം. എന്നിട്ട് നീ എനിക്ക് ആ മുസൽസലിന്റെ ഇജാസത്ത് തരണം’.

എത്ര നിഷ്‌കളങ്ക മനസ്സാണിത്. ഞാൻ വിസ്സമ്മതിച്ചു. നമുക്ക് രണ്ടു പേർക്കും കൂടി പോകാം എന്ന് പറഞ്ഞു. ഉസ്താദിന്റെ കൂടെ ഞാനും ചാലിയത്ത് പെരുന്നാൾ നിസ്‌കാരത്തിന് എത്തി. നിസ്‌കാരവും മറ്റും കഴിഞ്ഞ് മുസൽസൽ വൈലത്തൂർ ഉസ്താദ് വായിച്ച് എ.പി ഉസ്താദിൽ നിന്ന് ഇജാസത്ത് വാങ്ങി.

ഒരു വിദ്യാർത്ഥി പുസ്തകം എഴുതി പലരുടെ അരികിലും എഡിറ്റ് ചെയ്യാൻ കൊണ്ടുപോയി. ആരും സ്വീകരിച്ചില്ല. അവസാനം ഉസ്താദിന്റെ അരികിൽ കൊണ്ടുവന്നു. പല കിതാബുകളും പൂർത്തിയാക്കുന്ന തിരക്കിലാണ്. ഒരിക്കലും ഏറ്റെടുക്കാൻ കഴിയാത്ത തിരക്ക്. വളരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഉസ്താദ് പറഞ്ഞതിങ്ങനെ: ‘എന്താ അവർക്കൊന്ന് ഏറ്റെടുത്താൽ. അത് ആ കുട്ടിയെ പ്രോൽസാഹിപ്പിക്കലല്ലേ. എത്ര മസ്അലകൾ അതുകൊണ്ട് ഓർമിക്കാം. മാത്രമല്ല ഏത് ചെറിയവരും എഴുതിയതിലും നാം കാണാത്ത പലതും ഉണ്ടാകും. അതു നമുക്ക് പഠിച്ചു കൂടേ.’

മകളുടെ കല്യാണത്തിന് വളരെ രഹസ്യമായി അൽപം പൈസ കൊടുത്തു. ഏകദേശം ഒരു വർഷം കഴിഞ്ഞ് ഒരുദിവസം രാവിലെ ഉസ്താദ് വീട്ടിൽ വന്നു. ഉപ്പയെ കാണാനെന്നാണ് ഞാൻ മനസ്സിലാക്കിയത്. പോകാൻ നേരം പറഞ്ഞു: ‘നമ്മൾ തമ്മിൽ ഒരു ഇടപാട് ഉണ്ടല്ലോ.’ എന്നിട്ട് ബെൽറ്റ് തുറന്ന് പൈസയെടുത്തു. ഇടപാട് ഏതെന്നറിയാതെ പരുങ്ങിയപ്പോൾ ഉസ്താദ് സംഗതി വിശദീകരിച്ചു. ഞാൻ പറഞ്ഞു: അത് ഉസ്താദിന് ഹദ്‌യയാണ്. ഉസ്താദ് പറഞ്ഞു: ‘ഹദ്‌യ ഞാൻ സ്വീകരിച്ചിട്ടുണ്ടല്ലോ. ഇത് അങ്ങോട്ടും ഹദ്‌യ ആണ്.’

സമസ്തയിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ സത്യമെന്ന് ബോധ്യപ്പെട്ട താജുൽ ഉലമക്കും എപി ഉസ്താദിനുമൊപ്പം നിന്ന ഉസ്താദ് എതിർപക്ഷത്തുള്ള ആരെയും വിമർശിക്കാൻ പോയില്ല. എതിർവിഭാഗത്തിലെ ഉയർന്ന പണ്ഡിതരെയും സാദാത്തീങ്ങളെയും വളരെ ആദരവായിരുന്നു ഉസ്താദിന്.

സ്വദഖത്തുല്ലാഹ് ഉസ്താദിനെ സംബന്ധിച്ച് മദ്ഹ് പറയും. ശൈഖുനാ ഒകെ ഉസ്താദിന്റെ പ്രധാന ഉസ്താദാണദ്ദേഹം. അവിടുത്തെ പറ്റി ഒരു മർസിയ്യത്ത് തന്നെ ഉസ്താദ് എഴുതിയിട്ടുണ്ട്. കോട്ടുമല ഉസ്താദ്, ഹൈദ്രോസ് മുസ്‌ലിയാർ, കെവി. കൂറ്റനാട് ഇവരെല്ലാം ഉസ്താദിന് പ്രിയപ്പെട്ടവർ തന്നെ. കെ.വി. മരിക്കുന്നതിന്റെ അടുത്ത ഒരു ദിവസം ഉസ്താദ് സന്ദർശിച്ചു. ഇരുവരും വല്ലാതെ സന്തോഷിച്ചു. ദുആ ചെയ്ത് പിരിഞ്ഞു.

കിതാബിൽ കഴിവുള്ളവരെ വലിയ ബഹുമാനമാണ്. ശിഷ്യനും മഅ്ദിൻ മുദരിസുമായ അബ്ദുൽ ഗഫൂർ സഖാഫി കാവനൂരിനെ വല്ലാതെ പ്രശംസിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ രചനകളൊക്കെ വെളിച്ചം കാണിച്ചത് ഉസ്താദാണ്.

ഒരു ദിവസം പൊന്മള ഉസ്താദിന്റെ അടുത്തേക്ക് പോകുകയാണ്, നീ വരുന്നോ എന്ന് എന്നോട് ചോദിച്ചു. കാര്യമാരാഞ്ഞപ്പോൾ പറഞ്ഞു: ‘ഞാനെഴുതിയ ‘അത്തവസ്സുൽ’ ഒന്ന് മൂപ്പർക്ക് വായിച്ചു കൊടുക്കണം.’

ഞാനും കൂടെപ്പോയി. വൈലത്തൂർ ഉസ്താദ് വായന തുടങ്ങി. പൊന്മള ഉസ്താദല്ലേ, നഖ്‌ലുകളുടെ പാരാവാരമായ ‘ആ വലിയ ചെറിയ മനുഷ്യൻ’ ചില സ്ഥലങ്ങളിൽ നിർത്താൻ പറയും. അവിടെ നമുക്ക് ഇന്നത് ചേർക്കാമെന്നാകും പൊന്മള ഉസ്താദ്. അപ്പോൾ വൈലത്തൂർ ഉസ്താദ് ചോദിക്കും: അതിന് നഖ്‌ല്? പൊന്മള ഉസ്താദ് കിതാബ് പറയുമ്പോൾ അത് എഴുതി വെക്കും. ഇങ്ങനെ അൽപ്പനേരം കൊണ്ട് പത്തിരുപത് കിതാബും അതിന്റെ പേജും പുതിയ പതിപ്പിൽ ഇത്രാം വാല്യം പഴയത് ഇത്രയെന്നെല്ലാം അദ്ദേഹം പറയുകയുണ്ടായി. എല്ലാം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വഴിയിൽ വെച്ച് വൈലത്തൂർ ഉസ്താദ് അത്ഭുതം കൂറി പറയുകയാണ്: ‘എന്താണ് ആ ചെറുപ്പക്കാരന്റെ ഇത്ത്വിലാഅ് (കണ്ണ് കൊണ്ട് കണ്ടെത്തിയ അറിവ്). നമ്മളൊക്കെ എന്തിന് ജീവിക്കണം?’

നാട്ടിൽ നിന്ന് വന്നാൽ ആദ്യം വുളു ചെയ്ത് പള്ളിയിൽ കയറും. തഹിയ്യത് നിസ്‌കരിക്കും. എന്നിട്ടേ റൂം തുറക്കുകയുള്ളൂ. വയസ്സുചെന്ന സാധാരണക്കാരോട് വലിയ ബഹുമാനമാണ്. സയ്യിദൻമാരെയും അതിരറ്റ് ബഹുമാനിക്കും. വലിയ വിഷയങ്ങൾ വന്നാൽ ഞങ്ങളിൽ പലരെയും വിളിച്ച് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യും. പ്രശ്‌നങ്ങൾക്ക് ബദ്‌രീങ്ങളുടെ പേരിൽ രചിച്ച ‘മിഫ്താഹുള്ളഫ്ർ’ എന്ന അൽഫിയ്യ ചൊല്ലാൻ നേർച്ചയാക്കാറുണ്ട്.

ദീർഘകാലത്തെ വൈജ്ഞാനിക സേവനങ്ങൾക്ക് ഭൗതിക ലോകത്ത് വിരാമമിട്ട് ഉസ്താദ് യാത്രയായിരിക്കുകയാണ്. ധൈഷണിക ലോകത്തെ അനാഥമാക്കിയാണ് ആ മഹാമനീഷിയുടെ വിയോഗം. അല്ലാഹു ആ ഖബറിടം സ്വർഗപൂങ്കാവനമാക്കട്ടെ.

മുഹമ്മദ് അഹ്‌സനി പകര

Exit mobile version