ടുണീഷ്യ, ഈജിപ്ത്: മുല്ലപ്പൂവിന്റെ പ്രതിവിപ്ലവം

ഈജിപ്തിലെ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രൂപപ്പെട്ട പ്രതിസന്ധിക്ക് ഒട്ടും അയവു വന്നിട്ടില്ല. സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള മുര്‍സി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന് അധികാരം കൈമാറും വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് അനുയായികള്‍. പ്രധാന ചത്വരങ്ങളിലെല്ലാം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ റാബിയത്തുല്‍ അദവിയ്യ ചത്വരത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചു വീണു. പ്രക്ഷോഭകരുടെ നിശ്ചയദാര്‍ഢ്യവും ഭരണകൂടത്തിന്റെ അന്ത്യശാസനവും പുതിയ ഏറ്റുമുട്ടലിനും രക്തച്ചൊരിച്ചിലിനും വഴിവെച്ചിരിക്കുകയാണ്. സൈന്യം അതിന്റെ സ്വഭാവം പുറത്തെടുക്കുന്നു. ജനങ്ങളെ വെടിവെച്ച് വീഴ്ത്തി വരുതിയിലാക്കുകയെന്ന ക്രൂരമായ പരിഹാരത്തിലേക്കാണ് അവര്‍ നീങ്ങുന്നത്. ഇവിടെ ജനകീയ അഭിവാഞ്ഛകളുടെ പ്രതിനിധാനം അവകാശപ്പെടുന്ന മുസ്ലിം ബ്രദര്‍ഹുഡ് അതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കൂട്ടാക്കുന്നുമില്ല. പ്രവര്‍ത്തകരെ കുരുതികൊടുത്തും അധികാരം പുനഃസ്ഥാപിക്കുമെന്ന എടുത്തു ചാട്ടത്തെ ധീരതയെന്നോ രാഷ്ട്രീയ പക്വതയെന്നോ വിളിക്കാനാകില്ല.
ഹുസ്നി മുബാറക്കിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിന് അറുതി വരുത്തിയത് മുല്ലപ്പൂ വിപ്ലവമെന്ന് കൊണ്ടാടപ്പെട്ട ജനകീയ പ്രക്ഷോഭമായിരുന്നു. തഹ്രീര്‍ ചത്വരം ആര്‍ത്തിരമ്പിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ മുബാറക്കിന് സാധിച്ചില്ല. ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമ്മര്‍ദത്തില്‍ ആടിയുലഞ്ഞ് ആ വന്‍ മരം കടപുഴകി വീണു. ആ അധികാര ശൂന്യതയിലേക്ക് കയറി നിന്നത് മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയരൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയായിരുന്നു. ബ്രദര്‍ഹുഡിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും മുന്നിലെത്താന്‍ അവര്‍ക്ക് സാധിച്ചു. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ അങ്ങേയറ്റം പ്രതീക്ഷയോടെയാണ് തുടക്കത്തില്‍ കണ്ടത്. പ്രക്ഷോഭവും രാഷ്ട്രീയ അനിശ്ചിതത്വവും സമ്പദ്വ്യവസ്ഥയില്‍ വരുത്തി വെച്ച പരുക്ക് പരിഹരിച്ച് രാജ്യത്തെ സ്വാസ്ഥ്യത്തിലേക്ക് നയിക്കാന്‍ മുര്‍സി സര്‍ക്കാറിന് സാധിക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. വലിയ വാഗ്ദാനങ്ങള്‍ അദ്ദേഹം നല്‍കുകയും ചെയ്തു.
പക്ഷേ, വര്‍ഷം ഒന്ന് പിന്നിടുമ്പോഴേക്കും ജനം അക്ഷമരായി. മാറ്റത്തിന്റെ സൂചനകള്‍ ഒന്നും കാണാതെ അവര്‍ നിരാശരായി. നേരിട്ട് ഭരണം ഏറ്റെടുക്കാന്‍ ബ്രദര്‍ഹുഡ് തീരുമാനിച്ചതില്‍ നിന്ന് തുടങ്ങുന്നു പിഴവ്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധി, തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യ മേഖല, എല്ലാത്തിനും ഉപരി ഇന്ധന ക്ഷാമവും. ഇന്ധന പ്രതിസന്ധിയെ മുര്‍സിയെ തകര്‍ക്കാന്‍ വെച്ച ടൈം ബോംബെന്നാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിനുള്ള സാധ്യത ആരായുകയായിരുന്നു അദ്ദേഹം. തംറദ് എന്നപേരില്‍ ആരംഭിച്ച മുര്‍സി വിരുദ്ധ പ്രക്ഷോഭം ജനപങ്കാളിത്തം കൊണ്ട് മുബാറക്ക് വിരുദ്ധ പ്രക്ഷോഭങ്ങളെ അതിശയിപ്പിച്ചു. അങ്ങനെയാണ് സൈന്യത്തിന്റെ ഇടപെടലോടെ മുര്‍സി അധികാരഭ്രഷ്ടനായത്. ഇത് ഈജിപ്തിലെ മാത്രം സ്ഥിതിയല്ല. വസന്തത്തിന്റെ ഈറ്റില്ലമെന്ന് ആഘോഷിക്കപ്പെട്ട ടുണീഷ്യയിലും പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. അവിടെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അന്നഹ്ദ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഏത് നിമിഷവും നിലംപതിക്കും. ഈ മുല്ലപ്പൂ മണം എത്ര പെട്ടെന്ന് അസ്തമിക്കുന്നത് എന്ത്കൊണ്ടാണ്? ജനാധിപത്യത്തിനായി മുറവിളി കൂട്ടിയ അതേ ജനം ഇവരെ ഭരണത്തില്‍ നിന്ന് ആട്ടിയോടിക്കാന്‍ വീണ്ടും തെരുവിലിറങ്ങുന്നതിന്റെ പൊരുളെന്താണ്?
നേരും നുണയും
മുല്ലപ്പൂ വിപ്ലവമെന്നും അറബ് വസന്തമെന്നും വിളിക്കപ്പെട്ട അധികാരമാറ്റ പരമ്പരകളെയും പ്രക്ഷോഭങ്ങളെയും തുറന്ന മനസ്സോടെ വിലയിരുത്തി മാത്രമേ ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്ക് സഞ്ചരിക്കാനാകൂ. നിലവിലുള്ള ഭരണകൂടത്തെ ജനകീയ മുന്നേറ്റത്തിലൂടെ തകര്‍ത്തെറിഞ്ഞുവെന്നതാണ് ആദ്യ നോട്ടത്തില്‍ കണ്ണില്‍ പെടുക. ഇങ്ങനെ തകര്‍ക്കപ്പെട്ട ഭരണകൂടത്തിന് പകരമായി രാഷ്ട്രീയ അധികാരം കൈക്കലാക്കിയ ‘ഇസ്ലാമിസ്റ്റുകള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഇത് അവരുടെ വിജയമാണെന്ന് അവകാശപ്പെടാറുണ്ട്. തങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ശരിയെന്ന് തെളിഞ്ഞതിന്റെ ഒറ്റപ്പേരാണ് മുല്ലപ്പൂവെന്നും അവര്‍ വിളിച്ചു കൂവുന്നു.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ യഥാര്‍ഥ വസ്തുതകള്‍ മുങ്ങിപ്പോകുകയാണ്. ഈ ജനകീയ മുന്നേറ്റങ്ങളിലെ രാഷ്ട്രീയ ഉള്ളടക്കം പരമിതമായിരുന്നു. രാഷ്ട്രീയമായ അവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അവര്‍ തെരുവിലിറങ്ങിയത്. നിലവിലുള്ളതിനെ തകര്‍ത്തെറിഞ്ഞിട്ട് എന്താണ് സ്ഥാപിക്കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ധാരണയോ പ്രത്യയശാസ്ത്രമോ മാതൃകയായി ഒരു നേതാവോ അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ഉത്കണ്ഠകള്‍ മുഴുവന്‍ സാമ്പത്തികമായിരുന്നു. ടുണീഷ്യയിലേക്കും ഈജിപ്തിലേക്കും പ്രത്യശാസ്ത്ര ബാധ്യതകളില്ലാതെ ഒന്നു നോക്കിയാല്‍ ഇത് മനസ്സിലാകും. നവലിബറല്‍ സാമ്പത്തിക നയം വരുത്തിവെച്ച തൊഴില്‍ പ്രതിസന്ധിയായിരുന്നല്ലോ ടുണീഷ്യയില്‍ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.
മുഹമ്മദ് ബൗസിസ് എന്ന ഉന്തുവണ്ടിക്കച്ചവടക്കാരന്‍ അഭ്യസ്തവിദ്യനായിരുന്നു. അവന് പഠിപ്പിനൊത്ത പണിയില്ല. എങ്ങനെയെങ്കിലും പണിയെടുത്ത് ജീവിക്കാമെന്ന് വെച്ചാല്‍ ലൈസന്‍സ്, തൊഴില്‍ കാര്‍ഡ് തുടങ്ങിയ ആയുധങ്ങളുമായി സര്‍ക്കാറെത്തും, പോലീസിന്റെ രൂപത്തില്‍. സ്വന്തം വിഭവങ്ങള്‍ മുഴുവന്‍ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭേച്ഛക്ക് വിട്ടു കൊടുത്ത്, അവര്‍ക്കായി ഉദാരവല്‍കരിച്ച്, അവര്‍ക്ക് വേണ്ടി സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിച്ച്, അവരുടെ സംരക്ഷണയില്‍ ഭരണത്തില്‍ കടിച്ചു തൂങ്ങിയ ബിന്‍ അലിമാരെയാണ് ജനം വലിച്ച് താഴെയിട്ടത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതുല്‍പാദിപ്പിക്കുന്ന ചങ്ങാത്തങ്ങള്‍ക്കുമെതിരെയായിരുന്നു തഹ്രീര്‍ ആര്‍ത്തിരമ്പിയത്. എന്നാല്‍ അത് ഭരണം പിടിക്കാനായിരുന്നുവെന്ന് പരാവര്‍ത്തനം ചെയ്തത് ആരാണ്? ടുണീഷ്യയില്‍ അന്നഹ്ദ, ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ്. അവര്‍ തെരുവിലുണ്ടായിരുന്നില്ല. തെരുവിലുണ്ടായിരുന്നവര്‍ ഭരണത്തിലും. (വളരെ വൈകി മാത്രമാണ് ബ്രദര്‍ഹുഡ് ഒന്നാം തഹ്രീര്‍ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നതെന്ന് ഓര്‍ക്കുക) അത്കൊണ്ടാണ് കൊല്ലം ഒന്ന് കഴിയും മുമ്പ് ഈജിപ്ത് ഈ നിലയിലായത്. യഥാര്‍ത്ഥ ജനാഭിലാഷം തിരിച്ചറിയാതെ ഐഎംഎഫ് വായ്പക്കായി മുട്ടിലിഴഞ്ഞും ബിക്കിനി, മദ്യ ടൂറിസമാണ് എല്ലാ സാമ്പത്തിക പ്രതിസന്ധിക്കുമുള്ള ഒറ്റമൂലിയെന്ന് വിശ്വസിച്ചും ഇസ്റാഈലിനെ പിണക്കാതെ രാഷ്ട്രീയ അധികാരത്തില്‍ മാത്രം മനസ്സുറപ്പിച്ചും ഭരിച്ച മുഹമ്മദ് മുര്‍സി തന്റെ പതനം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.
സൈനിക അട്ടിമറി?
മുര്‍സിക്കെതിരെ സൈനിക അട്ടിമറിയായിരുന്നോ ജനകീയ മുന്നേറ്റമായിരുന്നോ എന്നത് സംബന്ധിച്ച് വലിയ സംവാദം നടന്നുകഴിഞ്ഞതാണ്. ഈജിപ്തില്‍ സൈന്യത്തിനുള്ള വിശേഷ അധികാരങ്ങളും ഭരണയന്ത്രം അവര്‍ കൈപ്പിടിയിലൊതുക്കിയതിന്റെ ചരിത്രവും സൈനിക അട്ടിമറി വാദത്തെ സാധൂകരിക്കുന്നതാണ്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരക്കസേരയില്‍ എത്തിയ ഒരാളെ ജനങ്ങളുടെ പിന്തുണയില്ലാതെ താഴെയിറക്കാന്‍ സൈന്യത്തിനാകില്ല. മുര്‍സി രാജിവെക്കണമെന്ന് തെരുവില്‍ ആര്‍ത്തു വിളിച്ചത്  സൈന്യമായിരുന്നില്ല. തംറദ് എന്ന് വിളിക്കപ്പെട്ട ഒരുതരം അയഞ്ഞ പ്രസ്ഥാനമായാണ് ഇത്തവണത്തെ ഭരണ വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയത്. മുര്‍സി സ്ഥാനമൊഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് താഴെ അവര്‍ രണ്ട് കോടിയിലേറെ ഒപ്പ് ശേഖരിച്ചു. ഇത് മുര്‍സിക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലായതിനാല്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് അവര്‍ വാദിച്ചു.
സത്യത്തില്‍ ഒരു തരം തിരിച്ച് വിളിക്കലാണ് ഈജിപ്തില്‍ നടന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ജനാധിപത്യപരമായ തലമാണ് ഇത്തരം തിരിച്ചുവിളികള്‍. നിശ്ചിത കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാറിന്റെ തലവന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തെ അധികാരക്കസേരയില്‍ നിന്ന് താഴെയിറക്കാനുള്ള അധികാരം ജനത്തിന് നല്‍കുന്നുവെന്നതാണ് തിരിച്ച് വിളിക്കലിന്റെ പ്രയോഗം. അത് വ്യവസ്ഥാപിതമായ വോട്ടെടുപ്പിലൂടെ ആയിരിക്കണം.
നവ ജനാധിപത്യത്തിന്റെ ബലാരിഷ്ടതകള്‍ അനുഭവിക്കുന്ന ഈജിപ്തില്‍ അത് നടന്നത്, എങ്ങനെയാണോ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് അതേ മാര്‍ഗത്തിലൂടെ ആയെന്ന് മാത്രം. 52 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് മുര്‍സി അധികാരത്തിലേറിയത്. പക്ഷേ ബൂത്തിലെത്തിയത് ജനസംഖ്യയുടെ അമ്പത് ശതമാനം മാത്രമായിരുന്നു. ഭൂരിപക്ഷ ജനാധിപത്യത്തിന്റെ വലിയ പരിമിതിയാണ് ഇത്. എന്നാല്‍ അദ്ദേഹത്തെ തിരിച്ച് വിളിച്ചത് അദ്ദേഹത്തിന് വോട്ട് ചെയ്തവരും ചെയ്യാത്തവരും ബൂത്തിലേക്ക് പോകാത്തവരുമാണ്. മുബാറക്കാനന്തരം ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്നു. സൈന്യവുമായും അമേരിക്കയടക്കമുള്ള വന്‍ശക്തികളുമായും ബ്രദര്‍ഹുഡ് നടത്തിയ നീക്കുപോക്കുകളുടെ ഫലമായിരുന്നു അത്. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ ദൗര്‍ബല്യങ്ങളും പരിചയക്കുറവും തിടുക്കവും മൂലം സ്വന്തം കുഴിതോണ്ടിയ മുര്‍സിയെ ജനം പിടിച്ച് താഴെയിടുമെന്ന് വന്നപ്പോള്‍ സൈന്യം മറുചേരിയിലേക്ക് മാറി. ഇതാണ് ഇപ്പോള്‍ നടക്കുന്നതിന്റെ ആകെത്തുക.
അപാരമായ പ്രതീക്ഷകളാണ് മുര്‍സി നല്‍കിയത്. പക്ഷേ, ജനങ്ങളുടെ സാമ്പത്തിക ആധി പരിഹരിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ അധികാരം കൂടുതല്‍ ഭദ്രമാക്കാന്‍ ശ്രമിക്കുകയായിരുന്നു. നീതിന്യായ വിഭാഗത്തിനും മുകളില്‍ തന്നെ പ്രതിഷ്ഠിക്കുന്നതായിരുന്നു ആ ഭേദഗതി. പുതിയ ഭരണഘടനക്ക് അംഗീകാരം തേടി ഹിതപരിശോധനക്കായി പിന്നെ ശ്രമം. ശ്രദ്ധ മുഴുവന്‍ അങ്ങോട്ടു പോയി. തണുത്ത പ്രതികരണമാണ് ജനം ഹിതപരിശോധനക്ക് നല്‍കിയത്. പകുതി പേരും പങ്കെടുത്തതേയില്ല. മുര്‍സിക്ക് പരിചയക്കുറവുണ്ടായിരിക്കാം. ഇഖ്വാന് അതില്ലല്ലോ. ഈജിപ്തില്‍ ആഴത്തില്‍ വേരുകളുണ്ടെന്നാണല്ലോ അവരുടെ അവകാശവാദം. എന്തേ ജനങ്ങള്‍ നല്‍കിയ സൂചന തിരിച്ചറിഞ്ഞില്ല? കൂടെനില്‍ക്കുന്ന പകുതി മന്ത്രിമാരും രാജിവെച്ചൊഴിഞ്ഞ് തികച്ചും ഒറ്റപ്പെട്ടാണ് മുര്‍സി പടിയിറങ്ങിയത്.
മുന്നിലെ വഴി
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വബോധം കാണിക്കേണ്ടത് ബ്രദര്‍ഹുഡ് നേതൃത്വം തന്നെയാണ്. മഹത്തായ ഒരു രാജ്യത്തെ ശിഥിലമാക്കുകയെന്ന സാമ്രാജ്യത്വ സ്വപ്നത്തിന് ഇഖ്വാന്‍ കൂട്ടുനില്‍ക്കരുത്. മുര്‍സിയെ തിരിച്ചു വിളിച്ചുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. താല്‍കാലിക പ്രസിഡന്‍റ് അദ്ലി മന്‍സൂറും പ്രധാനമന്ത്രി ഹസീമുല്‍ ബബ്ലാവിയും മുന്നോട്ട് വെച്ച സഖ്യസാധ്യത സ്വീകരിക്കുകയെന്ന വിശാലമായ പരിഹാരത്തിലേക്ക് നീങ്ങാന്‍ ബ്രദര്‍ഹുഡിന് സാധിച്ചാല്‍ അത് ഏറ്റവും ദേശസ്നേഹപരമാകും. ദേശീയ എ്യെസര്‍ക്കാര്‍ രൂപവല്‍കരിക്കുക തന്നെ. അങ്ങനെ വന്നാല്‍ സൈന്യത്തിന്റെ ഇടപെടല്‍ ചെറുക്കാനാകും. ഇത്തരമൊരു മഴവില്‍ സഖ്യം വന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗം എത്രയും വേഗം അറ്റകുറ്റപ്പണിക്ക് വിധേയമാക്കാന്‍ സാധിക്കും.
ഈ പോംവഴിക്ക് ബ്രദര്‍ഹുഡിന്റെ ‘താമ്പോരിമ’ അനുവദിക്കുന്നില്ലെങ്കില്‍ അവര്‍ സൈന്യവുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തട്ടെ. മുബാറക്ക് വീണശേഷം അധികാരമേറ്റെടുത്ത ജനറല്‍ തന്‍ത്വാവി തെരഞ്ഞെടുപ്പ് നടത്താന്‍ വൈകിയപ്പോള്‍ ജനം രണ്ടാം തഹ്രീര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നല്ലോ. അന്ന് ബ്രദര്‍ഹുഡ് ആ പ്രക്ഷോഭത്തെ പിന്തുണച്ചില്ല. അവര്‍ സൈന്യവുമായി രഹസ്യ ചര്‍ച്ച നടത്തുകയായിരുന്നു. ഇപ്പോഴും അത് ആവര്‍ത്തിക്കട്ടെ. ഈജിപ്തിനെ ഇങ്ങനെ ആഭ്യന്ത യുദ്ധത്തിലേക്ക് തള്ളിവിടുന്നതിനേക്കാള്‍ ‘ജനാധിപത്യപരം’ ഇത്തരമൊരു രഹസ്യബാന്ധവമായിരിക്കും.
സത്യത്തില്‍ ഈ ബ്രദര്‍ഹുഡ് അത്ര സുതാര്യ ജനാധിപത്യ പ്രസ്ഥാനമൊന്നുമല്ലല്ലോ. നിഗൂഢമായ ഒരു തലം എന്നും അതിനുണ്ടായിരുന്നു, ജമാഅത്തെ ഇസ്ലാമിയെപ്പോലെ.

മുസ്തഫ പി എറക്കല്‍

Exit mobile version