ടൈഗ്രീസ്, നീ മറന്നോ?

 

ടൈഗ്രീസ്, എന്തൊരു ഭംഗിയാണു നിനക്ക്! ബഗ്ദാദ് നഗരത്തെ തഴുകിയുറക്കിയും തൊട്ടുണർത്തിയും ഒഴുകിയ നൂറ്റാണ്ടുകൾ. കാലം കനക മഷിയിൽ കുറിച്ചിട്ട യുഗപുരുഷന്മാരുടെ കഥകളെമ്പാടുമുണ്ടാകും നിനക്കു പറയാൻ.
ഓർമയുണ്ടോ നിനക്ക് ആ പ്രണയകഥ. തീർച്ച, അതു നിനക്കു മറക്കാനാവില്ലല്ലോ. ബഗ്ദാദിന്റെ ആധ്യാത്മിക വിഹായുസ്സിൽ ഇരുൾ പടർത്തി കാർമേഘങ്ങൾ അടിഞ്ഞുകൂടുകയും ദിവ്യപ്രഭയിൽ ജ്വലിച്ചുനിന്നിരുന്ന പർണശാലകൾ കണ്ണീരിൽ കുതിരുകയും ചെയ്ത ആ നാളുകൾ നിനക്കു മറക്കാനാകുമോ?!
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ഈ തീരത്തായിരുന്നു ആ പർണശാല. അന്നത്തെ ഇറാഖിലെ മുഴുവൻ ഗുരുശ്രേഷ്ഠരുടെയും ശൈഖായിരുന്ന ശൈഖ് അബൂഅബ്ദില്ലാഹിൽ അന്ദുലിസി(റ)ന്റെ ആധ്യാത്മിക കേന്ദ്രം. ഖുർആനിന് പുറമെ മുപ്പതിനായിരം ഹദീസുകൾ വ്യത്യസ്തങ്ങളായ ഉദ്ധരണ വഴികളുൾപ്പെടെ അദ്ദേഹത്തിന് മന:പാഠമായിരുന്നു.
അനേകായിരം കാതങ്ങൾ പറക്കുന്ന ദേശാടന പക്ഷികളെ പോലെ പ്രയാണം ചെയ്യാറുണ്ട് സൂഫികൾ. പ്രാപഞ്ചിക രഹസ്യങ്ങൾ തേടിയുള്ള അലച്ചിൽ. ശൈഖ് അബൂഅബ്ദില്ല(റ) അങ്ങനെയൊരു യാത്രയിലാണിപ്പോൾ. സൂഫി ലോകത്തെ കെടാവിളക്കുകളായ ജുനൈദുൽ ബഗ്ദാദി(റ)വും അബൂബക്കർ ശിബിലി(റ)വുമടക്കം നിരവധി മഹാരഥന്മാർ സേവകരും സഹയാത്രികരുമായുണ്ട്. സർവരുടെയും ആദരങ്ങളേറ്റുവാങ്ങി ആ സംഘം മുന്നോട്ടു നീങ്ങി. അവിശ്വാസികൾ പാർക്കുന്ന ഒരുൾനാട്ടിലാണ് ഒടുവിൽ അവരെത്തിപ്പെട്ടത്. അവിടെ വലിയ തിക്താനുഭവങ്ങൾ അവരഭിമുഖീകരിച്ചു. അംഗസ്‌നാനം ചെയ്യാൻ അൽപം ജലം പോലും ലഭിച്ചില്ല. ഗ്രാമവീഥിയിലൂടെ ഒരുപാടലഞ്ഞു. പക്ഷേ നിഷ്ഫലം.
അവരൊരു ക്രൈസ്തവാരാധനാലയത്തിനടുത്തെത്തി. അവിടെ കുറെ പുരോഹിതരുമുണ്ടായിരുന്നു. അവർ വിഗ്രഹങ്ങളെയും കുരിശുകളെയും ആരാധിക്കുന്നതുകണ്ട് യാത്രാ സംഘത്തിന് അതിശയം തോന്നി.
ഏറെ നേരത്തെ അലച്ചിലിനു ശേഷം ഗ്രാമത്തിന്റെ അതിരിലുള്ള ഒരു കിണറിനടുത്ത് അവരെത്തി. അതിൽ നിന്ന് കുറച്ചു പെൺകുട്ടികൾ വെള്ളം ശേഖരിക്കുകയായിരുന്നു. സ്വർണമാലകൾ കഴുത്തിലണിഞ്ഞ അതിസുന്ദരിയായൊരു പെൺകുട്ടിയെ കൂട്ടത്തിൽ കണ്ടു. ആമ്പൽ പൂക്കൾക്കിടയിലെ താമര പോലെ. അവളെ കണ്ട മാത്രയിൽ ശൈഖ് അബൂ അബ്ദില്ല(റ)വിന്റെ മുഖം വിവർണമായി. മഹാൻ നാട്ടുകാരോട് ചോദിച്ചു: ‘ഇവൾ ആരുടെ മകളാണ്?
ഒരാൾ പറഞ്ഞു: ‘ഇവൾ ഈ ഗ്രാമത്തലവന്റെ പുത്രിയാണ്.’
അതിശയത്തോടെ മഹാൻ വീണ്ടും: അവളെ എന്തിനാണ് ഇങ്ങനെ വെള്ളം ശേഖരിക്കാൻ വിട്ടിരിക്കുന്നത്? പിതാവ് അവളെ ശ്രദ്ധിക്കാത്തതെന്താണ്?
അതിനു ലഭിച്ച മറുപടി അതിശയോക്തി നിറഞ്ഞതായിരുന്നു: ‘അവളെ ആരെങ്കിലും വിവാഹം ചെയ്യുവാൻ ആ പിതാവ് ആഗ്രഹിക്കുന്നു. അവളെ വിവാഹം ചെയ്യുന്ന പുരുഷന് അവൾ സ്‌നേഹസമ്പന്നയായ ഒരു സേവകയായിരിക്കും. അവളുടെ പ്രതാപമോ സൗന്ദര്യമോ അവൾക്ക് വിഷയമേയല്ല.’
ഇതു കേട്ടപ്പോൾ മഹാൻ അവിടെ ശിരസു താഴ്ത്തി ഇരുന്നു. അന്നുതൊട്ടു മൂന്നുനാൾ ആരോടും സംസാരിക്കാതെ കഴിച്ചുകൂട്ടി. ഫർള് നിസ്‌കാരങ്ങൾ മാത്രം നിർവഹിക്കും. എന്തു ചെയ്യണമെന്നറിയാതെ ശിഷ്യരെല്ലാം ഗുരു ശ്രേഷ്ഠന്റെ സവിധത്തിൽ അമ്പരന്നു നിന്നു.
അവസാനം ശൈഖ് ശിബിലി(റ) ധൈര്യം സംഭരിച്ച് പറഞ്ഞു: സയ്യിദീ, ഒരാളോടും അങ്ങ് സംസാരിക്കുന്നില്ല. അങ്ങയുടെ സഹയാത്രികർ, മുരീദുമാർ ഈ മൗനത്തിൽ അന്ധാളിച്ചു നിൽക്കുകയാണ്.’
അന്നേരം സംഘത്തോട് ശൈഖ് പറഞ്ഞു: ‘എന്റെ പ്രിയരേ, കഴിഞ്ഞ ദിവസം നമ്മൾ കണ്ട ആ പെൺകുട്ടിയെ ഞാൻ വല്ലാതെ സ്‌നേഹിക്കുന്നു. എന്റെ മനസ്സ് സദാ അവളെക്കുറിച്ചുള്ള ചിന്തയിൽ വ്യാപൃതമാണ്. അവളുടെ ഈ മണ്ണ് വിട്ടുപിരിയാൻ എനിക്കാവുന്നില്ല.’
(തുടരും)

 

താജുദ്ദീൻ അഹ്‌സനി പാണ്ടിക്കാട്

Exit mobile version