‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’

സൂലിന്‍റെ വഫാതിനു ശേഷം ഞാനൊരിക്കല്‍ ഒരു അന്‍സ്വാരി യുവാവിനോട് പറഞ്ഞു: സുഹൃത്തേ, ഇന്ന് ധാരാളം സ്വഹാബിമാര്‍ ജീവിച്ചിരിപ്പുണ്ടല്ലോ. വരൂ, നമുക്ക് അവരോട് ചോദിച്ചു പലതും പഠിക്കാം.’

അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ കാര്യം അത്ഭുതം തന്നെ. ജനങ്ങളെല്ലാം നിങ്ങളോട് ചോദിച്ചു പഠിക്കാന്‍ നടക്കുന്നു. നിങ്ങള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. നിങ്ങളാവട്ടെ, അവരില്‍ നിന്ന് പഠിക്കാനാഗ്രഹിക്കുന്നു!’

കൂട്ടുകാരന്‍ എനിക്കൊപ്പം വരാന്‍ കൂട്ടാക്കിയില്ല. ഞാനദ്ദേഹത്തെ ഉപേക്ഷിച്ചു. സ്വഹാബിമാരില്‍ നിന്ന് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പലരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ഞാനവരുടെ വീടുകള്‍ കയറിയിറങ്ങി. ചിലരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവര്‍ വിശ്രമത്തിലാണെങ്കില്‍ ഞാന്‍ പുറത്ത് തട്ടം വിരിച്ച് അവിടെയിരിക്കും. അവരുടെ ഉറക്കമുണര്‍ത്താന്‍ പോകില്ല. അപ്പോള്‍ ചൂടുള്ള മണല്‍ക്കാറ്റ് എന്‍റെ ദേഹത്തേല്‍ക്കും. എത്ര വലിയ ചൂടാണെങ്കിലും ഇല്‍മിനു വേണ്ടി ഞാനത് സഹിക്കും. വീട്ടുടമ ഉറക്കമുണര്‍ന്ന് പുറത്തുവരുമ്പോള്‍ കാത്തിരിക്കുന്ന എന്നെ കണ്ട് ആശ്ചര്യത്തോടെ ചോദിക്കും: റസൂലിന്‍റെ പിതൃവ്യപുത്രാ, നിങ്ങളെന്തിനു ഇങ്ങോട്ടുവന്നു. ഒരാളെ പറഞ്ഞയച്ചിരുന്നെങ്കില്‍ ഞാന്‍ അങ്ങോട്ടു വരുമായിരുന്നല്ലോ.’

അപ്പോള്‍ ഞാന്‍ പറയും: ‘അതല്ല ശരിയായ രീതി. ഞാനിങ്ങോട്ട് അങ്ങയെ തേടി വരണം. താങ്കള്‍ അതര്‍ഹിക്കുന്നുണ്ട്’ (വിജ്ഞാനം നമ്മെ തേടി വരികയില്ല, വിജ്ഞാനത്തെ തേടി നാം പോകണമെന്ന് സാരം).

ഇത് തിരുദൂതരുടെ ശിക്ഷണത്തില്‍ ശൈശവവും ബാല്യവും കഴിച്ചുകൂട്ടാന്‍ മഹാഭാഗ്യം സിദ്ധിച്ച അബ്ദുല്ലാഹിബ്നു അബ്ബാസ്(റ). തന്‍റെ ഔന്നത്യവും പാണ്ഡിത്യവും കണക്കിലെടുക്കാതെ വിനയാന്വിതനായി വിദ്യ തേടിയലയുന്ന ഈ ജ്ഞാനദാഹിയോട് ഒരിക്കല്‍ ആരോ ചോദിച്ചു: ഇത്രയും ജ്ഞാനം അങ്ങ്  എങ്ങനെയാണ് സമ്പാദിച്ചത്? ‘എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാന്‍ താല്‍പര്യമുള്ള നാവ്. ഗ്രഹിക്കാന്‍ കഴിവുള്ള ഹൃദയം. ഇതു രണ്ടു കൊണ്ടും.’ അദ്ദേഹം  മറുപടി നല്‍കി. അങ്ങനെയാണ് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഈ സമുദായത്തിലെ ഉന്നത പണ്ഡിതനായിത്തീര്‍ന്നത്.

തിരുദൂതര്‍(സ്വ) വഫാതാകുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന്. പിതൃവ്യ പുത്രനെന്ന നിലയില്‍ തിരുകുടുംബത്തോടും റസൂലിന്‍റെ ജീവിതചര്യയോടും  ഇടപഴകാന്‍ ഏറെ അവസരം ലഭിച്ചു. തിരുദൂതര്‍ അബ്ദുല്ലക്ക് തന്‍റെ വസതിയില്‍ പ്രത്യേക പരിഗണന നല്‍കുകയും വിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്നു.

തിരുനബി(സ്വ)യെ സദാ പിന്തുടര്‍ന്ന അദ്ദേഹം ധാരാളം തിരുവരുളുകള്‍ മന:പാഠമാക്കി. അടക്കാനാകാത്ത വിജ്ഞാന തൃഷ്ണ മൂലം റസൂലിന്‍റെ വിയോഗാനന്തരം പ്രമുഖ സ്വഹാബിമാരെ സമീപിക്കുകയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തു.

തനിക്കറിയാത്ത ഇല്‍മ് ആരുടെ പക്കലെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ആ വിജ്ഞാനകുതുകി അവിടെയെത്തും. എത്ര പണി പെട്ടായാലും അത് വശത്താക്കും. ജ്ഞാനത്തിന്‍റെ കൃത്യതക്കായി അദ്ദേഹം സ്വീകരിച്ച രീതി കേള്‍ക്കുക: ‘ഒരു മസ്അല മുപ്പത് സ്വഹാബിമാരോടെങ്കിലും ഞാന്‍ ചോദിക്കാറുണ്ട്’.  അഗാധമായ ജ്ഞാനം അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)നെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ളയാളാക്കിത്തീര്‍ത്തു. അടിയുറച്ച വിശ്വാസവും സ്വഭാവ മേന്മയും നല്ല ബുദ്ധിശക്തിയും പാണ്ഡിത്യവും മൂലം അദ്ദേഹത്തിന് നബി(സ്വ)യുടെ അനുയായികളില്‍ ഉന്നത പദവി ലഭിച്ചു. ഭരണരംഗത്ത് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് രണ്ടാം ഖലീഫ ഉമര്‍(റ) അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)നോട് കൂടിയാലോചന നടത്തുമായിരുന്നു. ഖലീഫക്ക് ചുറ്റും അന്‍സ്വാരികള്‍, മുഹാജിറുകള്‍, ബദ്രീങ്ങള്‍ പോലുള്ളവര്‍ സന്നിഹിതരായിട്ടും ഇബ്നുഅബ്ബാസ്(റ)ന്‍റെ അഭിപ്രായത്തിന് ഉമര്‍(റ) പ്രാമുഖ്യം നല്‍കിയിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയെ ഉമര്‍(റ) ഇങ്ങനെ വിശേഷിപ്പിച്ചു: ‘യുവാവായ വൃദ്ധന്‍!’

സന്ദര്‍ശകരെകൊണ്ടും ശിഷ്യഗണങ്ങളെകൊണ്ടും നിബിഢമായിരുന്നു അദ്ദേത്തിന്‍റെ വീട്. സഅദുബ്നു അബീവഖാസ്(റ)ന്‍റെ സാക്ഷ്യം: ‘തികഞ്ഞ ബുദ്ധിസാമര്‍ത്ഥ്യം, പെട്ടെന്ന് ഗ്രഹിക്കാനുള്ള ശേഷി, ധാരാളം വിജ്ഞാനം, വിശാലമായ ക്ഷമാശീലം തുടങ്ങിയ ഉന്നത ഗുണങ്ങള്‍ അദ്ദേഹത്തില്‍ മികച്ചുനില്‍ക്കുന്നു. ഇത് മറ്റാരിലും കണ്ടിട്ടില്ല.’

ഇബ്നുഅബ്ബാസ്(റ)നെ പോലെ ഹദീസ് വിജ്ഞാനത്തില്‍ പാണ്ഡിത്യമുള്ള ഒരാളെയും കണ്ടിട്ടില്ലെന്ന് ഉബൈദുല്ലാഹിബ്നു ഉത്ബ(റ). അബൂബക്കര്‍(റ)ന്‍റെയും ഉമര്‍(റ)ന്‍റെയും ഉസ്മാന്‍(റ)ന്‍റെയും വിധികല്‍പനകളെ സംബന്ധിച്ചും അദ്ദേഹത്തിന് വിശാലമായ പാണ്ഡിത്യമുണ്ടായിരുന്നു. അറബി ഭാഷ, സാഹിത്യം, കവിത എന്നിവയില്‍ ഇബ്നു അബ്ബാസ്(റ)ന്‍റെ പരിജ്ഞാനം കിടയറ്റതായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനം, വിധിവിലക്കുകള്‍, ഗണിതം തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം മികച്ചു നിന്നു.

ഒരു ദിവസം വിശുദ്ധ ഖുര്‍ആന്‍, മറ്റൊരു ദിവസം കര്‍മശാസ്ത്രം, പിന്നെ ചരിത്രം, ശേഷം കവിതാജ്ഞാനം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ സദസ്സിലെ ചര്‍ച്ചകള്‍. ഏതു ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നു. ആ സദസ്സില്‍ സംഗമിക്കുന്ന പണ്ഡിതന്മാരെല്ലാം അദ്ദേഹത്തോട് തികഞ്ഞ വിനയം പ്രകടിപ്പിക്കുമായിരുന്നു. ഒരു സമകാലികന്‍റെ സാക്ഷ്യപത്രം ഇങ്ങനെ: ഞാനൊരിക്കല്‍ ഇബ്നുഅബ്ബാസ്(റ)ന്‍റെ വൈജ്ഞാനിക സദസ്സിലേക്ക് കടന്നുചെന്നു. സന്ദര്‍ശകരാല്‍ അവിടം നിറഞ്ഞിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെ തിക്കിലും തിരക്കിലും പണിപ്പെട്ട് അദ്ദേഹത്തിന്‍റെ അടുത്തെത്തി. സന്ദര്‍ശകാധിക്യത്തെ പറ്റി അദ്ദേഹത്തോട് പറഞ്ഞു: ‘ധാരാളം പേരുണ്ട് പുറത്ത്. അവര്‍ക്കെല്ലാം അവസരം കിട്ടുമോ?’ അദ്ദേഹം അംഗസ്നാനത്തിന് വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ വെള്ളം കൊടുത്തു. വുളൂഅ് ചെയ്തു തയ്യാറായ അദ്ദേഹം നിര്‍ദേശിച്ചു: ‘വിശുദ്ധ ഖുര്‍ആനെക്കുറിച്ച് അന്വേഷിക്കാന്‍ വന്നവരെ ആദ്യം വിളിക്കൂ.’ ഖുര്‍ആന്‍ പഠിക്കാന്‍ വന്നവരെ ഞാനാദ്യം വിളിച്ചു. വലിയൊരു വിഭാഗം സദസ്സിലേക്ക് കടന്നുവന്നു. അവര്‍ പലതും ചോദിച്ചു. എല്ലാവരുടെയും സംശയത്തിനു നിവാരണം നല്‍കി. അവസാനം അദ്ദേഹം പറഞ്ഞു: ‘ഇനി നിങ്ങളുടെ മറ്റു കൂട്ടുകാര്‍ക്ക് വേണ്ടി നിങ്ങള്‍ വഴിമാറി കൊടുക്കൂ…’ അവര്‍ ഗുരു നിര്‍ദേശം പാലിച്ച് തിരിച്ചുപോയി. പിന്നീട് ദീനിന്‍റെ വിധിവിലക്കുകളെ കുറിച്ചറിയാന്‍ വന്നവരെ വിളിക്കാനാവശ്യപ്പെട്ടു. ഞാനത് വിളംബരപ്പെടുത്തി. അവരും കുറേ പേരുണ്ടായിരുന്നു. നിവാരണ ശേഷം തൃപ്തരായി അവര്‍ മടങ്ങിയപ്പോള്‍ ‘ഫറാഇള്’ (അനന്തരാവകാശ നിയമങ്ങള്‍) പഠിക്കാനെത്തിയവരെ വിളിക്കാന്‍ നിര്‍ദേശിച്ചു. അവര്‍ക്ക് ശേഷം അറബി സാഹിത്യവും കവിതയും പഠിക്കാനെത്തിയരെ വിളിച്ചു. ഇങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേകം അവസരം നല്‍കിക്കൊണ്ടുള്ള ആ ഖുറൈശീ പണ്ഡിതന്‍റെ വൈജ്ഞാനിക സദസ്സ് എല്ലാ ഖുറൈശികള്‍ക്കും അഭിമാനിക്കാന്‍ പോന്നതായിരുന്നു.

അദ്ദേഹത്തിന്‍റെ ശൈലിയും സമര്‍ത്ഥന ശേഷിയും പ്രതിയോഗികളെ പോലും വശീകരിക്കുന്നതായിരുന്നു. ആ വിദ്വല്‍ സദസ്സിലെ ന്യായവും തെളിവുകളും മൂര്‍ച്ചയേറിയതായിരുന്നു. തനിക്കെതിരെ കരുക്കള്‍ നീക്കുന്ന സംഘത്തെ തിരുത്താന്‍ അലി(റ) പറഞ്ഞുവിട്ടത് ഇബ്നുഅബ്ബാസ്(റ)നെയായിരുന്നു. ‘നിങ്ങള്‍ അലിയോട് പ്രതികാരത്തിനൊരുങ്ങാന്‍ കാരണമെന്താണ്?’ സംഭാഷണത്തിനിടെ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഖലീഫയുടെ എതിര്‍ചേരിക്കാരോട് ചോദിച്ചു. അവര്‍ മൂന്ന് കാരണങ്ങള്‍ നിരത്തി. ഒന്ന്: അല്ലാഹുവിന്‍റെ ദീനില്‍ അദ്ദേഹം അല്ലാഹുവല്ലാത്ത വിധികര്‍ത്താക്കളെ നിശ്ചയിച്ചു. അബൂമൂസല്‍ അശ്അരി(റ)യെയും അംറുബ്നുല്‍ ആസ്വി(റ)നെയും. രണ്ട്: ഇപ്പോള്‍ അദ്ദേഹം നടത്തുന്ന യുദ്ധത്തില്‍ പരാജിതരായ ശത്രുക്കളെ അടിമകളാക്കുകയോ അവരുടെ ധനം യുദ്ധാര്‍ജിത സമ്പത്തെന്ന നിലക്ക് പിടിച്ചെടുക്കുകയോ ചെയ്യുന്നില്ല. ശത്രുക്കള്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെങ്കില്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നു. നേരെമറിച്ച്, അവര്‍ മുസ്ലിംകളാണെങ്കില്‍ അവരുടെ രക്തം ചിന്തല്‍ അനുവദനീയവുമല്ല. മൂന്ന്: വിധികര്‍ത്താക്കളുടെ മധ്യസ്ഥ ശ്രമം നടക്കുമ്പോള്‍ എതിരാളികളുടെ ആവശ്യം മാനിച്ച് അദ്ദേഹം ‘അമീറുല്‍ മുഅ്മിനീന്‍’ എന്ന സ്ഥാനപ്പേര് ഉപേക്ഷിക്കാന്‍ വരെ സന്നദ്ധനായി. അദ്ദേഹം മുഅ്മിനുകളുടെ അമീറല്ലെങ്കില്‍ പിന്നെ അമുസ്ലിംകളുടെ അമീറാണോ?

എല്ലാം സശ്രദ്ധം കേട്ട ഇബ്നുഅബ്ബാസ്(റ) മറുപടി പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞ ഒന്നാമത്തെ ആരോപണത്തില്‍ അദ്ദേഹത്തിന്‍റെ പക്കല്‍ ഒരു തെറ്റും തന്നെയില്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അറിയിച്ചത് ശ്രദ്ധിക്കൂ… ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമില്‍ പ്രവേശിച്ച ശേഷം വേട്ട മൃഗങ്ങളെ കൊല്ലരുത്. അങ്ങനെ ആരെങ്കിലും മന:പൂര്‍വം ചെയ്താല്‍ കൊന്നുകളഞ്ഞ മൃഗത്തിന് സമാനമായ ഒരു വളര്‍ത്തു മൃഗത്തെ പ്രായശ്ചിത്തമായി നല്‍കണം. നിങ്ങളില്‍ നീതിമാന്മാരായ രണ്ടുപേര്‍ അതില്‍ തീര്‍പ്പ് കല്‍പിക്കണം (അല്‍മാഇദ: 95). ഒന്നോര്‍ത്തു നോക്കൂ. ഒരു വെള്ളി നാണയത്തിന്‍റെ നാലില്‍ ഒരംശം മാത്രം വിലവരുന്ന കാട്ടുമുയലിന്‍റെ കാര്യത്തില്‍ പോലും വിധികര്‍ത്താക്കളെ നിയമിക്കാന്‍ അല്ലാഹു കല്‍പിക്കുന്നുവെങ്കില്‍ മുസ്ലിംകളുടെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ വേണ്ടി അദ്ദേഹം വിധികര്‍ത്താക്കളെ നിയമിച്ചതില്‍ എന്താണ് തെറ്റ്?

യുദ്ധത്തില്‍ പരാജിതരായ എതിര്‍വിഭാഗത്തെ തടവുകാരാക്കുകയോ അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയോ ചെയ്യുന്നില്ലെന്നതാണല്ലോ നിങ്ങളുടെ രണ്ടാമത്തെ ആരോപണം.

വിശ്വാസികളുടെ മാതാവായ തിരുദൂതര്‍(സ്വ)യുടെ പത്നി ആഇശ(റ)യെയാണോ അലി ബന്ധിക്കേണ്ടത്? അവരുടെ സമ്പത്താണോ അദ്ദേഹം പിടിച്ചെടുക്കേണ്ടത്? നിങ്ങള്‍ പറയൂ. സൂറത്തുല്‍ അഹ്സാബ് ആറാം സൂക്തം ‘പ്രവാചകര്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ ബന്ധപ്പെട്ടതാണ്, പ്രവാചക പത്നികള്‍ വിശ്വാസികളുടെ മാതാക്കളുമാ’ണെന്ന് വ്യക്തമാക്കിയത് നിങ്ങള്‍ക്കറിയാമല്ലോ. പിന്നെ എങ്ങനെ അദ്ദേഹം അതു ചെയ്യും?!

സന്ധി സംഭാഷണത്തിനു വേണ്ടി ‘അമീറുല്‍ മുഅ്മിനീന്‍’ എന്ന സ്ഥാനപ്പേര് ഒഴിവാക്കിയെന്ന മൂന്നാമത്തെ ആരോപണം നോക്കാം. നിങ്ങള്‍ ഓര്‍ക്കുക. ഹുദൈബിയ്യാ സന്ധിയുടെ വ്യവസ്ഥകള്‍ എഴുതിത്തയ്യാറാക്കിയപ്പോള്‍ ശത്രുപക്ഷത്തിന്‍റെ ആവശ്യം മാനിച്ച് നബി(സ്വ) ‘അല്ലാഹുവിന്‍റെ പ്രവാചകനായ മുഹമ്മദ്’ എന്ന ശരിയായ നാമത്തിന് പകരം ‘അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ്’ എന്ന് തിരുത്തിയെഴുതാന്‍ സമ്മതിച്ചത് നിങ്ങള്‍ക്കറിയില്ലേ. അതുകൊണ്ട് നബി(സ്വ) അല്ലാഹുവിന്‍റെ പ്രവാചകനല്ലാതായിത്തീര്‍ന്നില്ലല്ലോ. അത്തരമൊരു വിട്ടുവീഴ്ചയല്ലേ അദ്ദേഹവും ചെയ്തത്!’ ഇബ്നുഅബ്ബാസ്(റ)ന്‍റെ മറുപടി കേട്ടു പലരും സത്യം ഗ്രഹിച്ചു. ഇരുപതിനായിരത്തോളം വരുന്ന വിഭാഗം അതോടെ അലി(റ)യുടെ പക്ഷത്ത് ചേര്‍ന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

രാത്രിയില്‍ ദീര്‍ഘ നേരം നിസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുമായിരുന്ന അദ്ദേഹം വിനയാന്വിതനും ഭക്തനും ആരാധനാ നിരതനും വലിയ ധര്‍മിഷ്ഠനുമായിരുന്നു. അല്ലാഹുവിന്‍റെ ശിക്ഷയെ ഓര്‍മപ്പെടുത്തുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ ആവര്‍ത്തിച്ച് ഓതി തേങ്ങിത്തേങ്ങി കരയും.

ഇബ്നു അബ്ബാസ്(റ)ന്‍റെ വീട്ടില്‍ അറിവ് മാത്രമല്ല, അന്നവും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വസതി പോലെ ഭക്ഷണവും പാനീയവും പഴവര്‍ഗങ്ങളും വിജ്ഞാനവും സുലഭമായി ലഭിക്കുന്ന മറ്റൊരു വീടില്ലെന്ന് ജനം പറയുമായിരുന്നു. പരിചിതരും അപരിചിതരുമായ എല്ലാവരോടും അദ്ദേഹത്തിന് അഭ്യുദയകാംക്ഷയാണുണ്ടായിരുന്നത്. ആരോടും വിദ്വേഷം പുലര്‍ത്താത്ത നിഷ്കളങ്കനും ശുദ്ധാത്മാവുമായിരുന്നു മഹാന്‍.

‘ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുമ്പോള്‍ ഞാന്‍ കൊതിക്കും; ഇതേപ്പറ്റി തനിക്കറിയാവുന്ന പോലെ എല്ലാവര്‍ക്കുമറിഞ്ഞിരുന്നെങ്കില്‍… ഒരു ന്യായാധിപന്‍ നീതി നിഷ്ഠവും സത്യസന്ധവുമായി വിധി നടത്തിയെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടനാവുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഇതായിരുന്നു മഹാന്‍റെ മനസ്സ്.

‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ അഥവാ ഖുര്‍ആന്‍ വ്യാഖ്യാതാവ് എന്ന നാമധേയത്തില്‍ പ്രസിദ്ധനായ ഇബ്നുഅബ്ബാസ്(റ) ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ മാറ്റി നിര്‍ത്താനാകാത്തയാളാണ്. ‘അല്ലാഹുവേ, വിശുദ്ധ ഖുര്‍ആനെ കുറിച്ച ജ്ഞാനം അദ്ദേഹത്തിന് നീ പഠിപ്പിച്ചുകൊടുക്കേണമേ’ എന്ന തിരുനബി(സ്വ)യുടെ പ്രാര്‍ത്ഥന അദ്ദേഹത്തെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവാക്കി. തിരുദൂതരില്‍ നിന്നും ഈ ഉമ്മത്തിനുവേണ്ടി അദ്ദേഹം മന:പാഠമാക്കിയ 1660 ഹദീസുകള്‍ ബുഖാരി, മുസ്ലിം രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ വായിലേക്ക് അമ്മിഞ്ഞ നുണയും മുമ്പ് ആദ്യമെത്തിയത് തിരുദൂതരുടെ ഉമിനീരാണെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. അതിനോടൊപ്പം തഖ്വയും ജ്ഞാനവുമെല്ലാം അദ്ദേഹത്തില്‍ സന്നിവേശിച്ചുവെന്നതാണ് വസ്തുത. ‘വിജ്ഞാനം നല്‍കപ്പെട്ടവര്‍ നിരവധി നന്മകള്‍ നല്‍കപ്പെട്ടവനാകും’ (വി.ഖു. 2: 269).

നബി(സ്വ)ക്ക് വുളൂഇന് വെള്ളം ഒരുക്കിക്കൊടുക്കുന്ന അദ്ദേഹം അവിടുന്ന് നിസ്കാരത്തിന് നിന്നാല്‍ പിന്നില്‍ തുടരും. യാത്രയില്‍ അനുഗമിക്കും. കണ്ണും കാതും ഖല്‍ബും തുറന്നുവച്ച് കൂടെ നില്‍ക്കും. ഒരനുഭവം മഹാന്‍ തന്നെ പറയട്ടെ: ‘ഒരിക്കല്‍ റസൂല്‍(സ്വ) വുളൂഅ് ചെയ്യാന്‍ ഒരുങ്ങി. ഞാന്‍ പെട്ടെന്ന് വെള്ളം എത്തിച്ചുകൊടുത്തു. എന്‍റെ പ്രവര്‍ത്തനം തങ്ങളുടെ മനം കവര്‍ന്നു. നിസ്കരിക്കാന്‍ നിന്നപ്പോള്‍ കൂടെ നില്‍ക്കാന്‍ സൂചന തന്നു. ഞാന്‍ പുറകില്‍ നിന്നു. നിസ്കാരാനന്തരം എനിക്കായി പ്രാര്‍ത്ഥിച്ചു: നാഥാ, ഇബ്നുഅബ്ബാസിന് വിജ്ഞാനം നല്‍കേണമേ.’

‘ശാന്തമായ  ആത്മാവേ, നിന്‍റെ റബ്ബിങ്കലേക്ക് സംതൃപ്തനും സന്തുഷ്ടനുമായി നീ മടങ്ങുക. എന്‍റെ സജ്ജനങ്ങളുടെ കൂടെ എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുക എന്ന വിളിയും സുവിശേഷവും കേട്ടുകൊണ്ട് ഹിജ്റ 68-ല്‍ എഴുപത്തൊന്നാം വയസ്സില്‍ ത്വാഇഫില്‍ വച്ച് ആ ജ്ഞാനതാരകം പൊലിഞ്ഞു. അവിടെ തന്നെയാണ് അന്ത്യവിശ്രമം.

(അല്‍ ഇസ്വാബ 2/330, അല്‍ഇസ്തീആബ് 2/350, ഉസ്ദുല്‍ ഗ്വാബ: 3/290, സ്വഫ്വതുസ്സ്വഫ്വ 1/746, സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ: 177-189)

Exit mobile version