മനുഷ്യ ജീവിതത്തിന്റെ തലസ്ഥാനം എന്നു പറയുന്നത് തലച്ചോറാണ്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കി ജീവിതതാളം തെറ്റിക്കുന്ന മദ്യപാനം അപലപനീയമായ കുറ്റകൃത്യമാണ്. വിഷാംശമുള്ള രാസവളങ്ങള്‍ പ്രയോഗിച്ച് വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ഹോര്‍മോണുകള്‍ കുത്തിവെച്ച് വളര്‍ത്തിയ ഇറച്ചിക്കോഴിയും തിന്നു ജീവിക്കുന്ന മലയാളികളുടെ ആരോഗ്യനില അത്യന്തം ഗുരുതരാവസ്ഥയിലാണെന്ന് എല്ലാവരും പ്രസംഗിക്കുന്നുണ്ട്. എന്നിട്ടും മദ്യപാനം ഒരു അന്തസ്സായി തന്നെ മലയാളി കൊണ്ടുനടന്നു.
മലയാളി കുടിച്ചു നശിക്കുന്ന വരുമാനം കൊണ്ട് അഥാ നികുതിപ്പണം സ്വരൂപിക്കുവാന്‍ ലജ്ജയേതുമില്ലാതെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മത്സരിച്ചു. ഇതിനെല്ലാം ഒരറുതി ഉണ്ടാക്കാനുള്ള നടപടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കുടിച്ചു പൂസാവാത്ത അച്ഛനും ഭര്‍ത്താവും ആങ്ങളയും ഉള്ളവരായിരിക്കുവാന്‍ ഇവിടുത്തെ സ്ത്രീജനങ്ങള്ക്കവസരമുണ്ടാക്കി കൊടുത്ത നടപടിയെ എതിര്‍ക്കില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ സിപിഎം നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിയോജിപ്പുകള്‍ മറികടന്ന് രാഹുല്‍ ഗാന്ധിയുടെ ആജ്ഞാശക്തിയുള്ള അനുഗ്രഹാശിസ്സുകളോടെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് കുടിയിരുത്തപ്പെട്ടത് വിഎം സുധീരന് അല്ലായിരുന്നെങ്കില്‍, ബാറുകള്‍ ഇല്ലാത്ത കേരളം എന്നതിലേക്ക് ഒരുപക്ഷേ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും കെ ബാബു എക്സൈസ് വകുപ്പ് മന്ത്രിയുമായ യുഡിഎഫ് സര്‍ക്കാര്‍ എത്തിച്ചേരുകയില്ലായിരുന്നു. അതിനാല്‍ യുഡിഎഫ് സര്‍ക്കാറിന്റെ ആശാവഹമായ മദ്യനയത്തിന് ഏറ്റവും കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിഎം സുധീരന് ആണെന്നതും യാഥാര്‍ത്ഥ്യമാണ്. മുഖ്യമന്ത്രി പറയുന്നത് ചെയ്യുന്ന ആളല്ല, മറിച്ച് മുഖ്യമന്ത്രിയെകൊണ്ട് ചെയ്യിപ്പിക്കുന്ന ആളാണ് യഥാര്‍ത്ഥത്തില്‍ കെപിസിസി പ്രസിഡന്റ് എന്നു തെളിയിക്കുവാന്‍ വിഎം സുധീരനു സാധിച്ചുവെന്നും പറയാം.
ഇത്തരം സുധീര നടപടികളിലൂടെ കുടിച്ചു പൂസാവാത്ത മലയാളികളുടെ മാതൃഭൂമിയായി കേരളം മാറുമെങ്കില്‍ അതിനെ മസ്തിഷ്കത്തിന്റെ ആരോഗ്യമാണ് മനുഷ്യ ജീവിതത്തിന്റെ ആരോഗ്യം എന്നു കരുതുന്നവര്ക്കൊന്നും എതിര്‍ക്കാനാവില്ല. പക്ഷേ, മദ്യനിരോധനം, മദ്യോപഭോഗത്തിനുള്ള അവസരങ്ങളുടെ കുറവ് എന്നിവകൊണ്ടു മാത്രം ഏതെങ്കിലും ജനത മസ്തിഷ്കാരോഗ്യമുള്ള മാനവജീവിതം എന്നതു സാക്ഷാത്കരിക്കുമോ? സുധീരാപധാനങ്ങള് നിറഞ്ഞുനില്ക്കുന്ന ഇന്നത്തെ കേരളത്തില്‍ ഇത്തരം അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഒരുപക്ഷേ അനൗചിത്യമാകാം. പക്ഷേ, യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ക്ക് എല്ലായ്പ്പോഴും അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടിവരും. എന്തുകൊണ്ടെന്നു വ്യക്തമാക്കാം.
മദ്യം മാത്രമാണ് തലച്ചോറിനെ താറുമാറാക്കി വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ജീവിതതാളം തെറ്റിപ്പിക്കുന്നതെന്ന് വലിയ മദ്യവിരോധിയായ മഹാത്മാഗാന്ധി പോലും പറയുമെന്നു തോന്നുന്നില്ല. ഇനി, മഹാത്മാഗാന്ധി അത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചാലും അതു ശരിയല്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന ഏതാനും അയല്‍രാജ്യങ്ങളെങ്കിലും ഇന്ത്യാ മഹാരാജ്യത്തിനുണ്ട്. ഉദാഹരണത്തിന് പാകിസ്താന്. സമ്പൂര്‍ണ മദ്യനിരോധനം വിട്ടുവീഴ്ചയില്ലാതെ നിലവിലുള്ള ഒരു രാജ്യമാണ് പാകിസ്താന് എന്ന ഇന്ത്യയുടെ സഹോദര രാഷ്ട്രം. പക്ഷേ, അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് സമാധാനത്തോടെ പ്രാര്‍ത്ഥന നിര്‍വഹിക്കാനുള്ള സാഹചര്യം പോലും നിലവിലില്ല എന്നതാണു വാസ്തവം. കലാപം, കൊള്ളിവെപ്പ്, ബോംബ് സ്ഫോടനം എന്നതൊക്കെ എപ്പോള്‍ വേണമെങ്കിലും ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് സംഭവിക്കാം എന്ന സ്ഥിതിയാണ് പാകിസ്താനിലുള്ളത്. ആരുടെ മദ്യപാനം കൊണ്ടാണ് പാകിസ്താന് ജനതയുടെ ജീവിതം ഇവ്വിധം താളപ്പിഴകളുടേതായിത്തീര്ന്നത്?
മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കാം. ബര്‍മയില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ട ക്രൈസ്തവമുസ്ലിം മത വിശ്വാസികള്‍ അനേകായിരമുണ്ട്. പുരക്ക് തീക്കൊളുത്തി, പുരുഷന്മാരെ തല്ലിച്ചതച്ച്, സ്ത്രീകളെ പിച്ചിച്ചീന്തി മുസ്ലിംകളെ പ്രത്യേകമായും അവിടെ നിന്ന് തുരത്തിയോടിച്ചത് അഹിംസാ ദര്‍ശനത്തിന്റെ വിശ്വോത്തര പ്രതീകമായി ഗണിക്കപ്പെടുന്ന ശ്രീബുദ്ധന്റെ അനുയായികളും ഭിക്ഷുക്കളുമാണ്. ബുദ്ധ ഭിക്ഷുക്കളുടെ ഈ ഭ്രാന്തന് നടപടി മദ്യപാനം എന്ന ദുശ്ശീലം കൊണ്ട് സംഭവിച്ചതാണെന്ന് ആര്‍ക്കു പറയാനാകും?
ഒരു തുള്ളി മദ്യം ജീവിതത്തിലൊരിക്കലും രുചിച്ചിട്ടില്ലാത്ത, വെറും പച്ചക്കറി തീറ്റക്കാരനായ, ചിത്പാവന്‍ ബ്രാഹ്മണ യുവാവാണ് “ഹിന്ദുരാഷ്ട്ര” എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന നാഥുറാം വിനായക് ഗോഡ്സേ എന്ന മറാത്തക്കാരന്. എന്നിട്ടും ഏതു മുഴുത്ത കള്ളുകുടിയനും ചെയ്യാനാകാത്ത വിധം ഭ്രാന്തവും ക്രൂരവമായ കൊടുംകൃത്യംമഹാത്മാഗാന്ധി എന്ന ലോകാദരണീയനായ ഹിന്ദുവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുക എന്ന കഠോരകൃത്യംഗോഡ്സേ ചെയ്തു. മനുഷ്യന്റെ തലച്ചോറിനു ഭ്രാന്തു ബാധിക്കാനും അതിലൂടെ അയാള്‍ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തിനു താളപ്പിഴയുണ്ടാക്കുന്നവനായിത്തീരാനും മനുഷ്യന് മദ്യപാനിയാകണമെന്നില്ല എന്നൊരു പാഠം ഗോഡ്സേ നല്കുന്നില്ലേ…? ഇതൊക്കെ പരിഗണിച്ചു ചിന്തിക്കുന്ന ഒരാള്‍ക്കും മദ്യം മാത്രമാണ് മാനവജീവിതത്തെ താളക്കേടിലാക്കുന് ഒരേയൊരു വിപത്തെന്നു പറയാനാകില്ല.
ഇത്രയും പറഞ്ഞത് മദ്യത്തിനെതിരെയുള്ള ഏതു ചെറുചലനത്തെയും അംഗീകരിക്കേണ്ടതില്ലെന്ന നിലയിലല്ല. തീര്‍ച്ചയായും ഈ നിരോധനമടക്കം അത്തരം നടപടികള്‍ നാം പ്രോത്സാഹിപ്പിക്കുക തന്നെ വേണം. മാനവജീവിതത്തെ താറുമാറാക്കുന്ന ഒരേയൊരു വിപത്തെന്നും അതിനാല്‍ മദ്യവിരുദ്ധമായ വിഎം സുധീരന്റെ നടപടികളാല്‍ മലയാളികള്‍ എന്നെന്നേക്കുമായി എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെട്ടു എന്നും വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ കാര്യങ്ങളെ ലഘൂകരിച്ച് കാണുന്നത് വസ്തുതാവിരുദ്ധമായ മുഖസ്തുതി സാഹിത്യത്തിനു മാത്രമേ മുതല്ക്കൂട്ടാവൂ എന്നു സൂചിപ്പിക്കാനാണ്.
എകെ ആന്റണി എന്ന കോണ്‍ഗ്രസുകാരനായ മറ്റൊരു “ആദര്ശധീരന്” കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരായം നിരോധിച്ച് ഉത്തരവിറക്കി. അപ്പോഴും കേരളത്തിലെ മുത്തശ്ശി മാധ്യമങ്ങള്‍ “കേരളമിതാ കുടിച്ചു പൂസാവാത്തവരുടെ നാടായി മാറുന്നു” എന്ന മട്ടില്‍ കീര്‍ത്തനം പാടി. എന്നിട്ടെന്തു സംഭവിച്ചു എന്നു കേരളം കണ്ടു. ചാരായത്തേക്കാള്‍ അപകടകരമായ കളറുചേര്‍ത്ത മദ്യം കൂടുതല്‍ കാശു കൊടുത്ത് വാങ്ങിക്കുടിച്ച് പൂസ്സാകുന്നവരായി കേരളീയര്‍ മാറി. നാടുനാറുകയും ചെയ്തു. ബാറുകള്‍ ഇല്ലാത്ത കേരളം എന്ന സുധീരന്റെ ആദര്‍ശ നടപടികളിലൂടെ സംസ്ഥാനം എവിടേക്ക് എത്തിപ്പെടും എന്നും കണ്ടുതന്നെ അറിയണം.
ചാരായം കിട്ടാതെ വന്നപ്പോള്‍ കളറുചേര്‍ത്ത മദ്യം ഉപയോഗിച്ചുകൊണ്ട് വിദേശ മദ്യമുതലാളിമാര്‍ക്ക് മുതല്‍ക്കൂട്ടുണ്ടാക്കി കൊടുത്തു കേരളീയര്‍. വിദേശമദ്യവും സുലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായാല്‍ കഞ്ചാവും പെത്തഡില് ഇഞ്ചക്ഷനും ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് എന്നിവയുമൊക്കെ ഉപയോഗിച്ച് മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് വിപണിയൊരുക്കുന്നതും പേടിക്കണം. പത്രവാര്‍ത്തകളില്‍ ഏതാണ്ടെല്ലാ ദിവസവും ബ്രൗണ്‍ഷുഗറും കഞ്ചാവും പെത്തഡില് ആംപ്യൂളുകളും കടത്താന്‍ ശ്രമിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തു എന്നു കണ്ടുവരുന്നുണ്ട്.
അതിനാല്‍ മദ്യം നിരോധിക്കുന്നതോടൊപ്പം കൂടുതല്‍ അപകടകരമായ മദ്യേതര ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരായി മാറി മലയാളികള്‍ കുഴ തെറ്റിപ്പോവാതിരിക്കുവാന് വേണ്ട ജാഗ്രതാ നടപടികള്‍ സര്‍ക്കാറും രാഷ്ട്രീയ നേതാക്കള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, മത നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ മുഴുവന്‍ നേതൃവിഭാഗങ്ങളും കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലാത്തപക്ഷം മദ്യം എന്ന കടലില്‍ നിന്നു രക്ഷപ്പെട്ട് പുതു തലമുറ പ്രവേശിക്കുന്നത് മയക്കുമരുന്നെന്ന ചെകുത്താന്റെ വായിലേക്കായിരിക്കും.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി