ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയെയുമായി വന്നത്. എട്ടുവയസ്സുകാരിയായ മകൾ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങൾ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി.
‘എന്നെ സ്‌നേഹിക്കാൻ ആരുമില്ല. പിന്നെ ഞാൻ ആർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യേണ്ടത്?’
ഇതറിഞ്ഞ ആ മാതാവ് പൊട്ടിക്കരഞ്ഞു. ‘ഞങ്ങൾ കഷ്ടപ്പെടുന്നതു മുഴുവൻ ഇവൾക്കുവേണ്ടിയല്ലേ. അവളുടെ ഏത് ആഗ്രഹമാണ് സാധിച്ചുകൊടുക്കാത്തത്. എന്നിട്ടാണോ ഞങ്ങൾ സ്‌നേഹിക്കുന്നില്ലെന്ന് പറയുന്നത്.’
ഏതൊരു കുഞ്ഞിനും ഏറ്റവും പ്രധാനമായി ആവശ്യമുള്ളത് രണ്ടു കാര്യങ്ങളാണ്. ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയ ശാരീരിക ആവശ്യങ്ങളും പിന്നെ സ്‌നേഹവും അംഗീകാരവുമുള്ള മനസ്സും. മക്കൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കുന്നതോ ശാസിക്കാതെയോ ശിക്ഷിക്കാതെയോ വളർത്തുന്നതോ അല്ല സ്‌നേഹം. അവർ ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ സാമീപ്യമാണ്. വാത്സല്യത്തോടെയുള്ള തലോടലും ഒപ്പം കളിക്കുന്നതും ഉള്ളുതുറന്ന് സംസാരിക്കുന്നതുമൊക്കെയാണ് അവരാഗ്രഹിക്കുന്നത്.
പഴമക്കാരായ രക്ഷിതാക്കൾ പറയാറുണ്ട്; സ്‌നേഹം പുറമേ പ്രകടിപ്പിക്കാനുള്ളതല്ലെന്ന്. ആ ധാരണ പൂർണമായി ശരിയാകാനിടയില്ല. അത് ഗുണം ചെയ്യില്ല. സ്‌നേഹം കിട്ടുന്ന വ്യക്തിക്ക് അത് അനുഭവപ്പെട്ടാൽ മാത്രമേ അവരിൽ അതിന്റെ പ്രതികരണം ഉണ്ടാകുകയുള്ളൂ. വാരിക്കോരി സ്‌നേഹം കൊടുക്കണമെന്നല്ല. നിയന്ത്രണങ്ങൾ ഉണ്ടായേ മതിയാവൂ. പ്രായത്തിനനുസരിച്ചുള്ള അച്ചടക്കം ചെറുപ്പത്തിലേ കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. ഇവിടെ ബുദ്ധിപൂർവമായി പെരുമാറേണ്ടത് മാതാപിതാക്കളാണ്. വേണ്ടിടത്ത് നിയന്ത്രിക്കണം. അതിനൊപ്പം സ്‌നേഹവും സൗഹൃദവും നിലനിർത്തുകയും വേണം. വീട്ടിൽ അവർ ആഗ്രഹിക്കുന്ന സ്‌നേഹം കിട്ടാതെവരുമ്പോഴാണ് തെറ്റായ വഴികളിലൂടെ അത് നേടിയെടുക്കാൻ ശ്രമിക്കുന്നത്.
കൂട്ടുകുടുംബം അണുകുടുംബത്തിന് വഴിമാറിയതോടെ നമ്മുടെ കുട്ടികളിൽ അന്യതാബോധം ശക്തമായി ഉടലെടുത്തു തുടങ്ങി. മാതാവും പിതാവും ജോലിക്കാരാണെങ്കിൽ പറയുകയും വേണ്ട. കുട്ടികൾ ഡേ കെയറിലോ ജോലിക്കാരിയുടെ സംരക്ഷണത്തിലോ ആയിരിക്കും വളർന്നുവരുന്നത്. മാതാപിതാക്കളുടെ നൈസർഗികമായ സ്‌നേഹവും തലോടലുമാണ് അവർക്കപ്പോൾ നഷ്ടപ്പെടുക. പഴയകാലത്ത് മാതാപിതാക്കളുടെ അഭാവത്തിൽ വല്യുമ്മയും വല്യുപ്പയും സന്മാർഗിക കഥകൾ പറഞ്ഞുകൊടുത്തും ലാളിച്ചും മര്യാദകൾ പഠിപ്പിച്ചുമൊക്കെ കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു. ഇന്ന് തിരക്കിനിടയിൽ കുറച്ചു സമയം മാത്രമാണ് രക്ഷിതാക്കൾക്ക് കുഞ്ഞിനൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. എന്നാൽ മാതാപിതാക്കളുടെ സ്‌നേഹം അനുഭവവേദ്യമാകുന്നതിനും അവരെയറിയുന്നതിനും വളരെയധികം സമയം കുഞ്ഞിനോടൊപ്പം ചെലവഴിക്കേണ്ടതുണ്ട്. ഇതിനായി ദിവസവും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവിതത്തിലെ മർമപ്രധാനമായൊരു കാര്യമായി ഇതിനെ കരുതിയാൽ സമയം ലഭ്യമാകും.