ജാമിഉൽ മൻസൂറിൽ നിസ്‌കരിച്ചുകൊണ്ടിരിക്കുന്ന സമയം. മുഹ്‌യിദ്ദീൻ ശൈഖ്(റ) ചെറിയൊരു ശബ്ദം കേൾക്കാനിടയായി. സുജൂദിന്റെ സ്ഥാനത്ത് പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ സീൽക്കാരമായിരുന്നു അത്. സുജൂദിലേക്ക് കുനിയുമ്പോൾ കൈ കൊണ്ട് പാമ്പിനെ മാറ്റി, ശാന്തനായി നിസ്‌കാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത്തഹിയ്യാത്ത് ഓതുമ്പോൾ തന്റെ തുടയിലൂടെയും മുതുകിലൂടെയും സർപ്പം ഇഴഞ്ഞു നീങ്ങി. ശൈഖ് അനങ്ങിയില്ല. നിസ്‌കാരത്തിൽ നിന്നും വിരമിച്ചപ്പോൾ പാമ്പിനെ എവിടെയും കണ്ടില്ല. ശേഷം പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോൾ നീണ്ട കണ്ണുകളുള്ള ഒരു വ്യക്തിയെ കണ്ടു. അതൊരു ജിന്നാണെന്ന് മഹാന് മനസ്സിലായി. ജിന്ന് പറഞ്ഞു: രാവിലെ സർപ്പത്തിന്റെ രൂപത്തിൽ കണ്ട വ്യക്തിയാണ് ഞാൻ. ഇതുപോലെ ഒരുപാടാളുകളെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അങ്ങയെ പോലെ ബാഹ്യമായും ആന്തരികമായും പ്രതിരോധിച്ച മറ്റാരെയും ഞാൻ കണ്ടിട്ടില്ല (ബഹ്ജ 185).
എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് നടക്കുന്നതെന്നും അതിൽ മനുഷ്യന് ആനന്ദിക്കാനേറെയുണ്ടെന്നും മനസ്സിലാക്കിയ ഔലിയാക്കളുടെയും സൂഫികളുടെയും രീതിയാണിത്. ഇസ്‌ലാമിക അധ്യാത്മിക ശാസ്ത്രത്തിലെ തവക്കുൽ എന്ന ശ്രേഷ്ഠ പദവിയുടെ ഉന്നതി പ്രാപിച്ചവരാണവർ. അവരിൽ ദൃശ്യമായ തവക്കുലിന്റെ ശരിയായ പ്രയോഗം മനസ്സിലാക്കുമ്പോഴാണ് ആത്മീയതയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കാനാവുക. സൃഷ്ടികളിലെ ആത്മീയ വെളിച്ചത്തിന്റെ തോതനുസരിച്ച് തവക്കുലിന്റെ പ്രയോഗിക തലങ്ങളും മാറും. ചിലർക്ക് അത് കേവല സമർപ്പണമാണെങ്കിൽ ഔലിയാക്കൾക്ക് അത് ആനന്ദമാണ്.
ഭാഷാർത്ഥം സൂചിപ്പിക്കുന്നത് പോലെ, എല്ലാം അല്ലാഹുവിലേൽപ്പിക്കുന്ന ഒരു പ്രക്രിയയല്ല തവക്കുൽ. എല്ലാം യജമാനനായ അല്ലാഹു ഏറ്റെടുത്തിട്ടുണ്ട് എന്ന തിരിച്ചറിവാണത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മുഴുവൻ കാര്യങ്ങളും റബ്ബിന്റെ നിയന്ത്രണത്തിലാണെന്നും അവന്റെ തീരുമാന പ്രകാരമാണ് എല്ലാം നടക്കുന്നതെന്നുമുള്ള തിരിച്ചറിവ്. ഇത്തരം തിരിച്ചറിവുകൾ ജീവിതത്തെ കൂടുതൽ ആസ്വദിക്കാനും പ്രയാസങ്ങളെ തരണം ചെയ്യാനും നമ്മെ സഹായിക്കും. വീട്ടിലെ കാര്യങ്ങൾ ഉപ്പയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് മകൻ പറയുമ്പോഴുണ്ടാകുന്ന മര്യാദക്കേട് റബ്ബിലേക്ക് ചേർത്തു പറയുമ്പോഴും ഉണ്ടാകുമെന്ന ബോധ്യമാണ് നമുക്കുണ്ടാവേണ്ടത്. അതുകൊണ്ടാണ് തവക്കുലിന്റെ നിർവചനമായി ‘തൃപ്തിയെ’ ശൈഖ് ഹസനുൽ ബസ്വരി(റ) എടുത്തു പറഞ്ഞത് (ഖൂതുൽ ഖുലൂബ് 8/2).
തവക്കുലിന് മൂന്ന് തലങ്ങളുണ്ട്. എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമേ നടക്കൂ എന്ന ഉറച്ച വിശ്വാസമാണ് ഒന്നാമത്തേത്. ‘സൽജൂൽ യഖീൻ’ എന്നാണ് ഈ സ്ഥാനത്തെ പണ്ഡിതർ വിശേഷിപ്പിക്കുന്നത്. സംതൃപ്തിയുടെ തണുപ്പ് അനുഭവിച്ചവർ!
തവക്കുൽ പരാമർശിക്കുന്നിടത്ത് ഇമാം ഗസാലി(റ) അതിനെ വിശ്വാസത്തോട് ചേർത്തി പറഞ്ഞതിന്റെ പൊരുളും ഇതാണ്. ഏകദൈവ വിശ്വാസത്തിന്റെ ഫലമായി വേണം തവക്കുലിനെ കാണാൻ. എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണെന്ന് മനസ്സിലാക്കുമ്പോൾ സർവവും അവന്റെ തീരുമാനപ്രകാരമാണെന്നും അതിൽ തനിക്ക് സന്തോഷിക്കാൻ വകയുണ്ടെന്നും തിരിച്ചറിയാൻ സാധിക്കും.
എല്ലാ നന്മയും തിന്മയും നാഥനിൽ നിന്നാണെന്ന വിശ്വാസം തന്നെയാണ് തവക്കുലിന്റെ അടിസ്ഥാനം. ദിനേനെ ഖുനൂത്ത് ഓതുന്നവരാണ് നാം. അല്ലാഹു ഉദ്ദേശിച്ച ഒരു കാര്യത്തെ ആർക്കും തടയാനാകില്ലെന്നും അവൻ തടഞ്ഞ ഒരു കാര്യം മറ്റാർക്കും നൽകാനാകില്ലെന്നും ഖുനൂത്തിൽ നാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ വാചകം കാണാം.
‘തഫ്‌വീള്’ ആണ് രണ്ടാമത്തെ തലം. വലിയ പ്രയാസങ്ങൾ തനിക്ക് വരാനുണ്ടെന്നറിഞ്ഞിട്ടും അതിനെ ഗൗനിക്കാതിരിക്കുന്ന ഘട്ടമാണിത്. അത്തരക്കാർ പ്രയാസങ്ങളിലും സന്തോഷിക്കുന്നു. ഒരർത്ഥത്തിൽ, അല്ലാഹുവിന്റെ തീരുമാനങ്ങളിൽ ഇടപെടാതിരിക്കുകയെന്ന തവക്കുലിന്റെ പൂർണതയാണ് തഫ്‌വീള് സാർത്ഥകമാക്കുന്നത്.
നമ്മിലേക്ക് പ്രയാസം എത്തിച്ചേരുമ്പോഴും എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്ന ബോധ്യമാണ് മൂന്നാമത്തെ തലം. ഇതിന് ‘തസ്‌ലീം’ എന്ന് പറയുന്നു. ഏത് പ്രതിസന്ധി നമ്മിലേക്ക് വന്നുചേരുമ്പോഴും അതെല്ലാം റബ്ബിന്റെ നിശ്ചയാനുസൃതമാണെന്ന് ബാഹ്യമായും ആന്തരികമായും ഉൾക്കൊള്ളുമ്പോഴാണ് തസ്‌ലീം സാധ്യമാകുന്നത്.
പ്രയാസങ്ങളിൽ ആനന്ദം കണ്ടെത്തിയവരായിരുന്നു ഔലിയാക്കൾ. ശൈഖ് ജീലാനി(റ) ഈ ഗണത്തിലുള്ള മഹാത്മാവാണെന്ന് ഗ്രന്ഥങ്ങളിൽ കാണാം. ഖാജാ മുഈനുദ്ദീൻ ചിശ്തി(റ) പലപ്പോഴും അല്ലാഹുവിനോട് പ്രയാസത്തെ തേടിയിരുന്നുവെന്ന് മുരീദ് കൂടിയായ സൂഫി ബഖ്തിയാർ കഅ്കി പറഞ്ഞതായി അജ്മീർ മൗലിദിലും കാണാം.
മുഹ്‌യിദ്ദീൻ ശൈഖ്(റ) പ്രസ്താവിച്ചു: ‘അനുഗ്രഹങ്ങൾ വരാനും പ്രയാസങ്ങൾ വരാതിരിക്കാനും നിങ്ങൾ ഒരിക്കലും ആഗ്രഹിക്കരുത്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമ്മിലേക്ക് വരാൻ വിധിക്കപ്പെട്ട അനുഗ്രഹങ്ങൾ നമുക്ക് എത്തിച്ചേരും. അതു പോലെ, നമുക്ക് കണക്കാക്കിയ പ്രയാസങ്ങളെ നാം വെറുത്താലും അത് നമ്മിലേക്ക് വന്നുചേരും. അല്ലാഹുവിന്റെ തീരുമാനങ്ങളിൽ സംതൃപ്തിയടയുക. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുക. ആപത്തുകൾ വരുമ്പോൾ ക്ഷമിക്കുക. നീ വലിയ പദവികളിലെത്തുമ്പോൾ അതൊരു ആനന്ദമായി മാറും. പ്രാർത്ഥനകൊണ്ട് പ്രയാസങ്ങളെ തടുക്കേണ്ടതില്ല. നരകശിക്ഷയേക്കാൾ വലിയ വിപത്തൊന്നും വരാനില്ലല്ലോ’. ആത്മസംതൃപ്തിയുടെ ആധ്യാത്മിക വശമാണ് ശൈഖ് പരിചയപ്പെടുത്തുന്നത്. പ്രയാസങ്ങൾ വരുമ്പോൾ പ്രാർത്ഥനകൾ കൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് പകരം അല്ലാഹുവിന്റെ തീരുമാനമാണല്ലോ എന്ന ആലോചനയിൽ ആനന്ദം കണ്ടെത്തണമെന്ന് സാരം.
അല്ലാഹു പറയുന്നു: അവനുദ്ദേശിക്കുന്ന ആളുകൾക്ക് അവൻ കണക്കില്ലാതെ കൊടുക്കും. അല്ലാഹുവിൽ തൃപ്തിപ്പെടുന്നവർക്ക് അവൻ മതിയാകും (ഖുർആൻ 3/65). ആത്മീയമായി വളരുന്നതിനനുസരിച്ചാണ് തവക്കുൽ പൂർണത കൈവരിക്കുക. ഒരിക്കൽ, ഒട്ടകത്തെ കയറൂരിവിട്ട അനുചരനോട് നബി(സ്വ) കാരണം തിരക്കിയപ്പോൾ ഞാൻ അല്ലാഹുവിൽ വിശ്വാസമർപ്പിക്കുന്നുവെന്നാണ് മറുപടി ലഭിച്ചത്. ഉടൻ അവിടന്ന് നിർദേശിച്ചു: ‘ആദ്യം ഒട്ടകത്തെ കെട്ടിയിടുക. എന്നിട്ട് അല്ലാഹുവിൽ വിശ്വാസമർപ്പിക്കുക’.
നാഥനിലേക്ക് കാര്യങ്ങൾ ഏൽപ്പിക്കുക എന്ന തലത്തിൽ നിന്നു മാറി, കാരണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് തന്നെ അല്ലാഹുവിൽ വിശ്വസിക്കുക എന്ന ശൈലിയാണ് നമുക്കുണ്ടാകേണ്ടത്. അതാണ് അദബും. തവക്കുലിന്റെ പൂർണതയിലെത്തുന്ന സമയത്ത് കാരണങ്ങളുമായി ബന്ധപ്പെടാതെ തന്നെ അല്ലാഹുവിൽ ചേരാൻ ഔലിയാക്കൾക്ക് സാധിക്കുകയും ചെയ്യും.
തവക്കുലിനെ കുറിച്ച് ഇഹ്‌യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിൽ ഇമാം ഗസാലി(റ) 54 പേജും മിൻഹാജുൽ ആബിദീനിൽ 27 പേജും പരാമർശിക്കുന്നുണ്ട്. എല്ലാം അല്ലാഹുവിലേക്ക് സമർപ്പിക്കുന്ന പരമമായ വിധേയത്വമാണ് ഇവിടെയെല്ലാം വിഷയീഭവിക്കുന്നത്. ദുനിയാവിലെ അനുഗ്രഹങ്ങൾ ചോദിച്ചുവാങ്ങുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്ന് വരെ ഇമാം ഗസാലി(റ) പറയുന്നു.
ബഗ്ദാദിന് പുറത്തുള്ള ഒരു കെട്ടിടത്തിൽ മുഹ്‌യിദ്ദീൻ ശൈഖ്(റ) 11 കൊല്ലം താമസിച്ചിരുന്നു. ബുർജുൽ അജമി എന്നായിരുന്നു ആ കെട്ടിടത്തിന്റെ പേര്. അവിടെ വെച്ച്, ഒരാൾ എന്നെ ഭക്ഷിപ്പിക്കുന്നത് വരെ ഞാൻ ഭക്ഷണ പാനീയങ്ങൾ കഴിക്കില്ലെന്ന് ശൈഖ് പ്രതിജ്ഞയെടുത്തു. നാൽപത് ദിവസത്തോളം വ്രതം തുടർന്നു. അതിനിടയിൽ ഒരു വ്യക്തി പത്തിരിയും കൂട്ടാനും മുന്നിൽ വെച്ച് കടന്നുപോയി. കഴിക്കാൻ മനസ്സിൽ ആഗ്രഹം വന്നെങ്കിലും ഭക്ഷിച്ചില്ല. ഉള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കാനിടയായി. വിശപ്പിന്റെ വിളി! തന്റെ സമീപത്തു കൂടി പോയ ശൈഖ് മഖ്‌റമി അതിനെ കുറിച്ച് തിരക്കിയപ്പോൾ അതെന്റെ ശരീരത്തിന്റെ സംസാരമാണെന്നും റൂഹ് അല്ലാഹുവിൽ ചേർന്ന് ശാന്തമായി നിൽക്കുകയാണെന്നും ശൈഖ് ജീലാനി(റ) മറുപടി നൽകി. പിന്നീട് ഖളിർ(അ) ഭക്ഷണം നൽകിയപ്പോഴാണ് വ്രതം അവസാനിപ്പിക്കുന്നത്.
എല്ലാം അല്ലാഹുവിലേക്ക് സമർപ്പിക്കുമ്പോൾ മഹാന്മാർക്ക് ലഭിച്ച ആത്മസംതൃപ്തിയാണ് അവരിലെ തവക്കുലിനെ മനോഹരമാക്കുന്നത്. ഉള്ളുറച്ച വിശ്വാസമാണ് അതിന്റെ ചാലകശക്തി. ജീവിതത്തിലെ ഓരോ ഘട്ടവും അവർ ആസ്വദിക്കുന്നു. പരീക്ഷണങ്ങൾ പോലും അവർ സന്തോഷിക്കാനുള്ള അവസരമാക്കുന്നു. എത്ര സാത്വികവും സുന്ദരവുമാണ് ആ അനുഭവം!
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി