തിരുദര്ശനങ്ങളിലെ മനഃശാസ്ത്ര സൂചിക

I (26)

ഇന്‍ഫോസിസിന്റെ മാനേജിംഗ് ഡയറക്ടര്‍ നാരായണ മൂര്‍ത്തിയോട് സ്ഥാപനത്തിന് എങ്ങനെയുള്ളവരെയാണ് ജോലിക്കായി തെരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി: “എനിക്ക് ജീനിയസ്സുകളെയല്ല ആവശ്യം; വശ്യമായ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവരെയാണ് ഞാനന്വേഷിക്കുന്നത്.’
ഹൈടെക് യുഗത്തിലാണ് നാം. ബിരുദധാരികള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നു. പക്ഷേ, നാം വിവരദാഹികളായ വിവരദോഷികളായി അധഃപതിച്ച് കൊണ്ടിരിക്കുന്നു. മാസ്മര വ്യക്തിത്വം (charming personality) ഉള്ളവര്‍ക്കാണ് ഇന്ന് ഡിമാന്‍റ്. പേഴ്സണാലിറ്റി എന്നാല്‍ സൗന്ദര്യമല്ല, സുന്ദരമായ പെരുമാറ്റമാണ്. ഗ്ലാമറല്ല മാനറാണ്. പത്രാസല്ല ഓജസ്സാണ്.
ഇന്ന് പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സുകളും പുസ്തകങ്ങളും വിപണിയില്‍ സജീവമാകുന്പോള്‍ ഉയര്‍ന്ന കൊടുത്ത് അവ സ്വായത്തമാക്കിയിട്ടും ജീവിതത്തിന് മാറ്റമില്ലാതെ അനുഭവപ്പെടുന്പോള്‍ പ്രവാചക ജീവിതത്തിലെ മനഃശാസ്ത്ര സമീപനങ്ങളും വ്യക്തിത്വ വികസന തത്ത്വങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്ത് ഒരാള്‍ക്കുപോലും സമര്‍പ്പിക്കാ`ന്‍ കഴിഞ്ഞിട്ടില്ലാത്തതും ഒരിക്കലും കഴിയാത്തതുമായ രീതികള്‍ നമുക്ക് പ്രവാചകര്‍( ((സ്വ)യിലൂടെ വായിച്ചെടുക്കാം. ആധുനിക മനഃശാസ്ത്രത്തിലെ രീതികളെ വിലയിരുത്തുന്പോള്‍ വെറും തത്ത്വത്തിലധിഷ്ഠിതവും നിത്യജീവിതത്തില്‍ നാം ചെയ്യുന്ന വിഷയങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുകയാണെന്ന് ബോധ്യപ്പെടും.
മാത്രമല്ല, വ്യക്തിത്വ വികസനത്തിന് പ്രസിദ്ധിയാര്‍ജിച്ചവരുടെ ജീവിത കഥകള്‍ പരാജയത്തിന്റെതായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള കാലത്തെ അതിജീവിക്കുന്ന അന്തര്‍ദേശീയ ബെസ്റ്റ് സെല്ലറെന്ന് പറയപ്പെടുന്ന സ്റ്റീഫന്‍ കോവെ എഴുതിയ the seven habits of highly effective people എന്ന പുസ്തകത്തില്‍ വശ്യതയാര്‍ന്ന പേഴ്സണാലിറ്റിക്ക് അനിവാര്യമായ ഒരു തത്ത്വം പ്രതിപാദിച്ചിട്ടുണ്ട് be proactive എന്ന്.
ഈ വാക്ക് നിഘണ്ടുവില്‍ കാണില്ല. എന്നാല്‍ reactive എന്ന പദം ഡിക്ഷണറിയില്‍ കാണും. റിയാക്ടീവ് ഉല്‍കൃഷ്ട ശൈലിയല്ല. ഇത് നെഗറ്റീവ് സ്വഭാവമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ വൈകാരികമായി നടത്തുന്ന പ്രതികരണത്തെയാണ് റിയാക്ടീവ് എന്നു വിളിക്കുന്നത്. വൈകാരിക പ്രതികരണം എപ്പോഴും നിഷേധാത്മകമായിരിക്കും. നെറ്റി ചുളിക്കും, മുഖം കറുക്കും, ശരീരം വിറക്കും, രക്തം തിളക്കും, കണ്ണുമിഴിക്കും, വാക്കേറ്റമുണ്ടാക്കും, ബാലന്‍സ് നഷ്ടപ്പെടും, പകരം വീട്ടും, അക്രമിക്കും, ആത്മഹത്യക്കൊരുങ്ങും, മിത്രം ശത്രുവാകും, ബന്ധം വിഛേദിക്കും, സഹോദര`ന്‍ എതിരാളിയാകും.
എന്നാല്‍ പ്രതിസന്ധികളില്‍ യുക്തിപൂര്‍വം നടത്തുന്ന പ്രതികരണത്തെയാണ് പ്രോ ആക്ടീവ് എന്നു സ്റ്റീഫ“ന്‍ കോപെ വിശേഷിപ്പിക്കുന്നത്. ടെന്‍ഷന്റെ നിമിഷങ്ങളിലും മനസ്സ് ശാന്തം. അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുന്ന മുഖം. പ്രകോപിപ്പിക്കപ്പെടുന്പോഴും സമചിത്തത. കുറ്റപ്പെടുത്തിയാലും കാതോര്‍ക്കുന്ന ശൈലി. തീരാനഷ്ടത്തിലും മനഃശാന്തി. പരാജയത്തിലും ശുഭാപ്തി വിശ്വാസം. മാറാരോഗങ്ങളിലും നഷ്ടപ്പെടാത്ത നര്‍മബോധം. അവിശ്വസ്തത കാണിച്ചാലും പകരം വിശ്വസ്തത. വെറുത്താലും സ്നേഹിച്ചു വശത്താക്കാനുള്ള ഉദ്യമം.
ചുരുക്കത്തില്‍ “വികാരജീവി’ എന്നതിനെക്കാള്‍ “വിവേകജീവി’ ആകുന്നവരാണ് പ്രോ ആക്ടീവ് വ്യക്തികള്‍. ഈ ഒരു രീതി ഇസ്ലാമിക കാഴ്ചപ്പാടില്‍ പ്രവാചക മനഃശാസ്ത്രത്തില്‍ നമുക്ക് കണ്ടെത്താനാവുമോ? തീര്‍ച്ചയായും. നബി(സ്വ) പറയുന്നു: “ഗുസ്തിയില്‍ തോല്‍പിക്കുന്നവനല്ല ശക്ത“ന്‍, മറിച്ച് കോപം വരുന്പോള്‍ സ്വന്തത്തെ അടക്കി നിര്‍ത്താ“ന്‍ കഴിയുന്നവനാണ് ശക്ത“ന്‍’ (ബുഖാരി). ഖുര്‍ആ“ന്‍ പറയുന്നതു നോക്കൂ: “കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍, സല്‍കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു (ആലുഇംറാ`ന്‍/134).
പ്രോ ആക്ടീവായിട്ടുള്ളവര്‍ ഒരിക്കലും സ്വന്തം ദുരിതങ്ങള്‍ക്ക് മറ്റുള്ളവരെ പഴിചാരാറില്ല. എന്റെ പിഴവിന് ഞാനാണുത്തരവാദി എന്ന നിലപാട് അവര്‍ എടുക്കുന്നു. എന്റെ സാഹചര്യത്തെ ഞാ“ന്‍ കുറ്റപ്പെടുത്തുന്നില്ല. നമ്മുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം സാഹചര്യങ്ങളോ മറ്റുള്ളവരുടെ പെരുമാറ്റമോ ആണെന്ന് സാധൂകരിക്കുന്ന പതിവാണ് നമുക്കുള്ളത്. നമുക്കുണ്ടാവുന്ന അനുഭവമല്ല, ആ അനുഭവത്തോടുള്ള നമ്മുടെ പ്രതികരണമാണ് നമ്മെ വേദനിപ്പിക്കുന്നത്.
ഏതൊരു സാഹചര്യത്തോടും നിങ്ങളുടെ പ്രതികരണം തെരഞ്ഞെടുക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ട്. ആരോട്, എപ്പോള്‍, എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതിന് നമുക്ക് ആധിപത്യമുണ്ടായിരിക്കണം.
ഒരു നബിവചനം നോക്കൂ: “ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ശക്തനായ വിശ്വാസിയാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമനും പ്രിയങ്കരനും. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളിലും നന്മയുണ്ട്. നിനക്ക് ഉപകരിക്കുന്നതിനെ ആഗ്രഹിക്കുകയും അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. ദുര്‍ബലനാകരുത്. ഇനി നിനക്ക് എന്തെങ്കിലും തിന്മ ബാധിച്ചാല്‍ ഞാ“ന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നു എന്നൊന്നും പറയരുത്. നേരെ മറിച്ച്, അല്ലാഹു ഉദ്ദേശിച്ചതും വിധിച്ചതും സംഭവിച്ചു എന്നു പറയുക. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നു എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതാണ്’ (മുസ്ലിം).
വശ്യതയാര്‍ന്ന വ്യക്തിത്വത്തിന് വാക്ചാതുരി അനിവാര്യമാണെന്ന് ആധുനിക മനഃശാസ്ത്രം പറയുന്നു. വാളുകൊണ്ടല്ല വാക്കു കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടത്. ജോസഫ് കോണ്‍റാഡ് പറയുന്നു: “സൗമ്യമായ വാക്കുകളും ഉചിതമായ പ്രയോഗങ്ങളും എനിക്കു തരിക, ഞാ`ന്‍ ലോകത്തെ ഇളക്കാം.’ ഇതുപോലെയുള്ള ധാരാളം ഉദ്ധരണങ്ങള്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ് ലോകത്തെ ഏറ്റവും വലിയ മനഃശാസ്ത്രജ്ഞനായ നബി(സ്വ)യുടെ വാക്കുകള്‍ നമുക്ക് നോക്കാം: “നല്ല വാക്ക് ധര്‍മമാണ്’ (ഇബ്നുഹിബാ“ന്‍).
ഹൃദയത്തെ കീഴടക്കുന്ന സമീപനങ്ങളായിരുന്നു നബി(സ്വ)യുടേത്. ആശയവിനിമയം എല്ലാവരോടും ഒരുപോലെയാകാ`ന്‍ പാടില്ല. ശ്രോതാവിനനുസരിച്ച് ശൈലി മാറണം. ഇത് നബി(സ്വ)യുടെ ജീവിതത്തിലൂടെ നമുക്ക് കാണാ`ന്‍ കഴിയും.
ആധുനിക മനഃശാസ്ത്രത്തില്‍ ട്രാന്‍സാക്ഷന്‍ അനാലിസിസ് എന്നൊരു സിദ്ധാന്തമുണ്ട്. ആശയവിനിമയാപഗ്രഥനം, ടിഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിബന്ധങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ ആകര്‍ഷകമായ രീതിയില്‍ ആശയവിനിമയം നടത്താം എന്നൊക്കെയാണ്. ഇതിന്റെ ഉപജ്ഞാതാവാണ് ഡോ. എറിക്സണ്‍. പക്ഷേ, ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ച് വിവാഹമോചനം നടത്തിയ വ്യക്തിയാണ്. സ്വന്തം ജീവിതത്തില്‍ അതു കൊണ്ടുവരാന്‍ സാധിച്ചില്ല.
ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ വിജയിച്ചവരെ മാതൃകയാക്കുക. ഡോ. എറിക്സണിനെ മാതൃകയാക്കാ`ന്‍ പറ്റുമോ? ഇല്ല. എന്നാല്‍ തിരുദൂതരുടെ ജീവിതത്തെക്കുറിച്ച് ഖുര്‍ആ“ന്‍ പറയുന്നു: “അല്ലാഹുവിന്റെ പ്രവാചകരില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്’. ആ പ്രവാചകന്റെ ജീവിതമാണ് മാതൃക. അതിലാണ് വിജയം. ലക്ഷക്കണക്കിന് ഹദീസുകള്‍ നമ്മുടെ മുന്പില്‍ തുറക്കപ്പെട്ടിരിക്കെ പാശ്ചാത്യര്‍ അവതരിപ്പിക്കുന്നതിലും മറ്റും മാത്രം ആകൃഷ്ടരാവുന്നവര്‍ക്ക് വ്യക്തിത്വം മെച്ചപ്പെടുത്താന്‍ സാധിക്കുക പ്രയാസമാണ്.
ഇമാം ബുഖാരി(റ) സ്വഹീഹില്‍ ആദ്യം ഉന്നയിക്കുന്ന ഹദീസ് തന്നെ ഏറ്റവും വലിയ മനഃശാസ്ത്രമാണ്: “നിശ്ചയം പ്രവര്‍ത്തനങ്ങള്‍ നിയ്യത്ത് കൊണ്ടാണ്. ഓരോ മനുഷ്യനും അവ`ന്‍ കരുതിയതാണു ലഭിക്കുക. ഐഹികം മോഹിച്ചോ ഒരു സ്ത്രീയെ നികാഹ് ചെയ്യാന്‍ ഉദ്ദേശിച്ചോ ആണ് ഒരാളുടെ ഹിജ്റയെങ്കില്‍ അവന്റെ പലായനം അവനുദ്ദേശിച്ചതിലേക്കാകുന്നു’ (ബുഖാരി).
ഈ ഹദീസില്‍ ഒരാളെക്കുറിച്ചുള്ള സൂചനയുണ്ട്. മദീനയിലേക്ക് ഹിജ്റ പോകുന്ന കൂട്ടത്തില്‍ ഉമ്മു ഖൈസ് എന്ന സ്ത്രീയെ വിവാഹം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ പോയിരുന്നു. മുഹാജിറു ഉമ്മുഖൈസ് എന്നാണ് ഞങ്ങളദ്ദേഹത്തെ വിളിച്ചിരുന്നതെന്ന് ഇബ്നുമസ്ഊദ്(റ) പറയുന്നു. ഈ സംഭവം നബി(സ്വ) മനസ്സിലാക്കിയപ്പോള്‍ വ്യക്തിയെ പരാമര്‍ശിക്കാതെ പൊതുവായ പ്രയോഗത്തിലൂടെ കാര്യം അവതരിപ്പിച്ചു. ഏതു പ്രവര്‍ത്തനത്തിനും സദുദ്ദ്യേം വേണം; ഹിജ്റക്കായാലും, എന്നു പറയുന്പോള്‍ വിവാഹം ഉദ്ദേശിച്ച പോയ വ്യക്തിക്ക് കാര്യം ബോധ്യപ്പെടും. ആ വ്യക്തിയെ എടുത്തുപറയുന്നപക്ഷം മാനസികമായി തളരാനും മറ്റുള്ളവര്‍ അറിയുന്നതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിക്കാനും സാധ്യതയുണ്ട്. പൊതുവായ പ്രസ്താവന കൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി നബി(സ്വ)യുടെ സമീപനത്തിലുണ്ട്.
യുക്തിപരമായ സമീപനത്തിലൂടെ വ്യക്തിയുടെ സ്വഭാവത്തെയും ചിന്തയെയും മാറ്റിയെടുക്കാ`ന്‍ സാധിക്കും. പ്രവാചക മാതൃക നോക്കൂ:
ഒരാള്‍ സങ്കടപ്പെട്ടുകൊണ്ട് നബി(സ്വ)യോട് പറഞ്ഞു: “പ്രവാചകരേ, ഞാനും ഭാര്യയും വെളുത്തവര്‍. എന്നാല്‍ അവളൊരു കറുത്ത കുഞ്ഞിനെ പെറ്റു.’
നബി(സ്വ) ചോദിച്ചു: “നിനക്ക് ഒട്ടകമുണ്ടോ?’
“ഉണ്ട്’
“അവയുടെ നിറം എന്താണ്?’
“ചുകപ്പ്’
“ആ കൂട്ടത്തില്‍ കറുപ്പും വെള്ളയും കലര്‍ന്ന ഒട്ടകങ്ങളുണ്ടോ?’
“ഉണ്ട്’
“അതെങ്ങനെയുണ്ടായി’
“ഏതെങ്കിലും ഞരന്പ് ആ നിറം പിടിച്ചെടുത്തതായിരിക്കും’
“എങ്കില്‍ നിന്റെ കുഞ്ഞിന്റെ സ്ഥിതിയും അങ്ങനെയാവാമല്ലോ’
മനോഹരമായ ശൈലിയാണിവിടെ നബി(സ്വ) സ്വീകരിച്ചത്. അവര്‍ക്ക് മനസ്സിലാവുന്ന ഉദാഹരണം കൊണ്ട് യുക്തിപൂര്‍വം കാര്യം ബോധ്യപ്പെടുത്തി. പാശ്ചാത്യര്‍ ഇറക്കുമതി ചെയ്യുന്ന പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സുകള്‍ ഇസ്ലാമിക മനഃശാസ്ത്രത്തിന് മുന്പില്‍ വെറും തമാശ മാത്രം.

 

Exit mobile version