തിരുനബി(സ്വ)യെ അറിയുക

ഇന്ന ബയ്തൻ അൻത സാകിനുഹൂ…
നബിയേ! അങ്ങ് വസിക്കുന്ന വീടകം നിത്യവും പ്രകാശപൂരിതമാണ്, മറ്റൊരു വിളക്കിനാവശ്യമേയില്ല.
സുപരിചിതമാണ് ഇമ്പമുള്ള ഈ വരികൾ. പ്രകാശമാണ് മുത്ത് റസൂൽ(സ്വ). നിത്യവും ജ്വലിച്ചു നിൽക്കുന്ന പ്രകാശഗോപുരം. അസ്സിറാജുൽ മുനീർ!
തിരുനബിയെ അറിയുന്നതും അറിയിച്ചു കൊടുക്കുന്നതും വലിയൊരു പുണ്യകർമമാണ്. നമുക്ക് മികച്ചൊരു ഇസ്‌ലാമിക പ്രവർത്തനവും.
ലോകം ഇരുട്ടിലേക്ക് നീങ്ങുന്നതാണ് നാം കാണുന്നത്. ഒപ്പം നമ്മുടെ മനസ്സകങ്ങളും! വെളിച്ചം സ്വീകരിച്ചുകൊണ്ട് മാത്രമേ ഇരുട്ടിനെ നമുക്ക് മുറിച്ചുകടക്കാനാകൂ. എങ്ങനെയാണ് നമ്മുടെ അകം വെളുപ്പിനാവുക?
അല്ലാഹുവിനെയും അവന്റെ തിരു ദൂതരെയും അറിഞ്ഞുകൊണ്ട് തന്നെ.
ഖബർ! നാം കേൾക്കുന്നത് തന്നെ ഭീതിയോടെയാണ്. മരണത്തോടെ നാം എത്തിപ്പെടുന്നത് ഖബ്‌റുകളിലാണ്. ഇരുൾ മുറ്റിയ ഖബ്‌റിനകത്ത് പ്രത്യക്ഷപ്പെടുന്ന ഒരു വെളിച്ചമുണ്ട്, അതാണ് തിരുറസൂൽ(സ്വ).
പരലോകത്തെ മാത്രം കാര്യമാണോ ഇത്? ഒരിക്കലുമല്ല. ഇഹലോകത്തും ഈ വെളിച്ചമില്ലാതെ മുന്നോട്ട് പോകാനാവില്ല. ‘ഹാദാ റസൂലുല്ലാഹ്!’ അവിടന്ന് നമുക്കൊപ്പമുണ്ട്. സുവാർത്തകരായി, താക്കീതുകാരായി, സർവോപരി സാക്ഷിയായി. നമ്മുടെ വാക്കുകൾ, പ്രവൃത്തികൾ എല്ലാം ആ തിരുദൂതരറിയുന്നു. അല്ലാഹു അവിടത്തേക്ക് അറിയിച്ചുകൊടുക്കുന്നു.
എന്റെ ജീവിതവും മരണവും നിങ്ങൾക്ക് നന്മ തന്നെയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ ഞാനറിയും. നന്മ ചെയ്യുന്നതിൽ സന്തോഷിച്ചു അല്ലാഹുവിനെ സ്തുതിക്കും, അല്ലാത്തത് ചെയ്യുമ്പോൾ നിങ്ങൾക്ക് വേണ്ടി മാപ്പിരക്കും (മുസ്‌നദ് അൽബസാർ).

സഹോദരങ്ങളേ…
എത്രമേൽ പ്രതീക്ഷാ നിർഭരമാണീ വാക്കുകൾ. നമ്മെ സദാ നിരീക്ഷിക്കുന്ന, പ്രചോദനം നൽകുന്ന, തിരുത്തുന്ന തിരുനബി(സ്വ). നമുക്കായി സന്തോഷിക്കുന്ന, സന്തപിക്കുന്ന തിരുദൂതർ(സ്വ). ആ നേതാവിനെ അറിയാനാണ്, അറിയിച്ചുകൊടുക്കാനാണ് നാം ഒരുങ്ങേണ്ടതും ഒരുക്കേണ്ടതും. അതുവഴി പ്രവാചകർ(സ്വ)യുടെ അനുഗ്രഹം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
തിരുദൂതരെ തെറ്റിദ്ധരിച്ചവരുണ്ട്, തെറ്റായി ധരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. നബി(സ്വ)യെ അറിയാനവസരം കിട്ടാതെ പോയവരുണ്ട്. അവർക്കു വെളിച്ചമേകണം. നമ്മുടെ കർമമണ്ഡലമാണത്. അതിനായി വസന്തത്തിന്റെ മാസത്തിൽ നാം കർമനിരതരാവണം.
തിരുദൂതരെ അറിയാനുള്ള അവസരങ്ങൾ അനേകമുണ്ടാക്കണം, റബീഉൽ അവ്വൽ കാമ്പയിൻ നമുക്കതിനുള്ളതാണ്. മൗലിദുകൾ ഗദ്യമായും പദ്യമായും ഒറ്റക്കും കൂട്ടായും നമ്മുടെ വീടകങ്ങളിലും എല്ലായിടത്തും വെളിച്ചം പരക്കട്ടെ, ഇരുട്ട് മായട്ടെ.
കേൾക്കാത്തവർ മാത്രമല്ല, കേട്ടവർ തന്നെ വീണ്ടും വീണ്ടും തിരുനബി(സ്വ)യെ കേൾക്കട്ടെ. നബിപഠനമാണ് ഈ മാസത്തിലെ പ്രധാന പ്രവർത്തനമെന്ന് നാം മറക്കരുത്.
പുണ്യനബി പ്രമേയമായിട്ടുള്ള കിതാബുകൾ, വിവിധ ഭാഷയിൽ വിരചിതമായിട്ടുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ ശ്രമിക്കണം. പകർത്തണമെങ്കിൽ അറിയണം, അറിഞ്ഞ് പിൻപറ്റുന്നതിന്റെ രസം വേറെത്തന്നെയാണ്!
മുത്ത് റസൂൽ അനുഗ്രഹമാണ്, രക്ഷയുടെ വഴിയാണ്, ഇരുട്ടിനെതിരെയുള്ള പൂർണ വെളിച്ചമാണ്. അവിടന്ന് നൽകിയ സന്ദേശം നമുക്ക് ജീവവായുവാകണം, അത് നാം പകർത്തണം.
‘നൂറിനെ ഊതിക്കെടുത്താനാവില്ല, അവിശ്വാസികൾ എത്ര തന്നെ വെറുപ്പ് കാട്ടിലായും’ (തൗബ 32).
ഇരുട്ടിന്റെ ഉപാസകരോട് നാമെന്തിന് കലഹിക്കണം? നാം തിരുദൂതരെ ചേർത്ത് പിടിക്കുക. ഐഹികവും പാരത്രികവുമായ രക്ഷയുടെ നിദാനം തിരുദൂതരിലുള്ള വിശ്വാസം തന്നെ. ‘മുൻജിൽ ഖലാഇഖി മിൻ ജഹന്നമ ഫീ ഗദീ…’

ഹാദി

Exit mobile version