ജനങ്ങളുടെ പാപങ്ങള്‍ ഇറക്കിവെക്കുകയും അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകള്‍ അഴിച്ചുമാറ്റുകയും ചെയ്യുന്ന പ്രവാചകനെന്ന് തിരുദൂതരെ വിശേഷിപ്പിച്ചത് ലോകത്തിന്റെ സ്രഷ്ടാവാണ്. അടിമകളോടുള്ള കാരുണ്യത്തിന്റെ ഭാഗമായി തന്റെ ഇഷ്ടക്കാരനെ പറഞ്ഞയച്ച് അവരുടെ പാപങ്ങള്‍ നീക്കുകയാണ് നാഥ`ന്‍ ചെയ്തത്. തിരുനബി(സ്വ) അതു സാധിക്കുക തന്നെ ചെയ്തു. പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും അവിടുന്ന് പഠിപ്പിച്ചു; വെളിപാട് പൂര്‍ത്തിയാക്കി. സമൂഹത്തെ സര്‍വസത്യത്തിലും വഴിനടത്തി. സ്വന്തമായി പറയാതെ വഹ്യായി ലഭിക്കുന്നതുകൊണ്ട് ന്യായം വിധിച്ചു. അങ്ങനെ ലോകത്തെ നബിനായകര്‍ ശുദ്ധീകരിച്ചെടുത്തു. പുറമെ, അന്ത്യവിധിയുടെ ഭീകരദിനങ്ങളില്‍ ശിപാര്‍ശയാലും കൗസര്‍ പാനീയവുമായും അവിടുന്ന് സഹായിക്കാനിരിക്കുന്നു. ഇതിലപ്പുറം എങ്ങനെ ചങ്ങലക്കെട്ടഴിക്കാനാണ്? പരലോക മോക്ഷമാണല്ലോ എല്ലാത്തിലും വലുത്.
തിരുദൂതരെക്കുറിച്ചുള്ള സ്നേഹസല്ലാപങ്ങളാണ് പൂനിലാവിന്റെ ആത്മാവ്. വിവിധ വിശ്വാസധാരകളെ പ്രതിനിധീകരിക്കുന്നവരുടെ സാകല്യമാകയാല്‍ സുന്നിവോയ്സിന്റെ പതിവു ശൈലിക്കു ഇണങ്ങാത്ത ചില പ്രയോഗങ്ങള്‍ ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്. യേശു, അബ്രഹാം തുടങ്ങിയവ ഉദാഹരണം. കേട്ടുവരാറില്ലാത്ത ഏതാനും ചില സമര്‍ത്ഥനരീതികളും കാണാം. അത് ലേഖകരുടെ സ്വാതന്ത്ര്യമായി മാത്രം മനസ്സിലാക്കുക. വിവിധ തലത്തില്‍ നിന്നുള്ള നബിവായനയാണ് താല്‍പര്യം; വിലയിരുത്തേണ്ടത് അനുവാചകരാണ്.
ദ്വൈവാരികയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനിനു ശേഷം വായനക്കാര്‍ക്ക് ലഭിക്കുന്ന ഒന്നാം കോപ്പിയാണിത്. അത് നബിസ്നേഹ ഗീതികളാക്കാ`ന്‍ അനുഗ്രഹിച്ച നാഥനെ സ്തുതിക്കുന്നു. വായിച്ച് എടുത്തുവെക്കാതെ, വീണ്ടും വായിച്ച് പഠിക്കാനാവണം നമ്മുടെ ശ്രമം.