തുടക്കം നന്നാവട്ടെ

മുൻകാല പ്രവാചകരായ മൂസാ(അ) ഒരു ദിവസം ശരീരവേദനയുടെ കാര്യത്തിൽ അല്ലാഹുവിനോട് സങ്കടം പറഞ്ഞു. ഒരു മരം കാണിച്ചുകൊടുത്ത് അതിന്റെ ഇല പറിച്ച് കഴിക്കാനായിരുന്നു അല്ലാഹുവിന്റെ നിർദേശം. മൂസാ(അ) അപ്രകാരം ചെയ്തു. വേദന ശമിച്ചു. പിന്നീടൊരിക്കൽ ഇതുപോലെ വേദനയനുഭവപ്പെട്ടപ്പോൾ പ്രവാചകർ ആ മരച്ചുവട്ടിൽ പോയി ഇല പറിച്ചു കഴിച്ചു. പക്ഷേ ആശ്വാസം കിട്ടിയില്ല. അപ്പോൾ മൂസാ(അ) അല്ലാഹുവിനോട് ആവലാതിപ്പെട്ടു: നാഥാ, നീ പറഞ്ഞ മരത്തിന്റെ ഇല കൊണ്ട് ഇപ്പോൾ വേദനക്ക് ശമനം കിട്ടുന്നില്ലല്ലോ? അല്ലാഹുവിന്റെ മറുപടി ഇങ്ങനെ: ‘നേരത്തെ താങ്കൾ എന്നിൽ നിന്നാണ് മരത്തിലേക്കും ഇലയിലേക്കുമൊക്കെ പോയത്. ഇപ്പോൾ താങ്കൾ നേരിട്ട് ഇലയിലേക്കാണ് പോയത്. ഫലം കിട്ടാതെ വന്നപ്പോഴാണ് എന്നെ സമീപിച്ചത്.’
‘തുടക്കം നന്നാവട്ടെ, അപ്പോഴാണ് ഒടുക്കം നന്നാവുക’- ഇബ്‌നു അത്വാഇല്ലാഹിസ്സിക്കന്ദരി(റ)യുടെ തത്ത്വോപദേശമാണിത്. ഒടുക്കമുള്ളതിനെല്ലാം തുടക്കവുമുണ്ടാവും. ഇതാണ് സർവ സൃഷ്ടികളുടെയും സ്വാഭാവം. ഏറെ പരിശുദ്ധിയോടെയാണ് നമ്മുടെ സൃഷ്ടിപ്പ് തന്നെ. കറകളൊന്നുമില്ലാതെയാണ് നാം ഭൂമിയിലേക്കു വന്നത്. യാതൊരു കറകളുമില്ലാതെ ഭൂമുഖത്ത് നിന്ന് പരലോകത്തേക്ക് മടങ്ങുകയും വേണം. അതാണ് ജീവിത വിശുദ്ധി. പെട്ടെന്നൊരു ദിവസം പരിശുദ്ധമാകുന്നതല്ല ആരുടെയും സ്ഥിതി. നാം കടന്നുവന്ന ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോവുമ്പോൾ നമ്മെ മലിനപ്പെടുത്തിയ സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് ഓർമ വേണം.
നാം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമൊന്നും നമ്മുടെ കഴിവുകൊണ്ടല്ല. നല്ലതാവട്ടെ, ചീത്തയാവട്ടെ എല്ലാത്തിനും കഴിവ് നൽകുന്നവൻ അല്ലാഹുവാണ്. ഏതൊരു നന്മക്കും നമുക്ക് അവസരം കിട്ടുന്നത് റബ്ബിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്. ഈ വിചാരമുണ്ടെങ്കിലേ തുടക്കം നന്നാവൂ.
എത്ര തന്നെ ഒരുക്കിവെച്ചാലും മുൻകൂട്ടി ആസൂത്രണം ചെയ്താലും ഒടുക്കം റബ്ബിന്റെ നിശ്ചയപ്രകാരമേ ആവൂ. അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും സദാ വർഷിച്ചുകിട്ടുന്ന കാര്യങ്ങളിൽ മാത്രമേ അന്ത്യവും ശുഭകരമാവൂ എന്നതാണനുഭവം.
ഓരോ കാര്യവും എങ്ങനെ തുടങ്ങണമെന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. ബിസ്മി ചൊല്ലി തുടങ്ങുന്നതിന് ഫലമേറെയുണ്ട്. നല്ല കാര്യങ്ങളിലെല്ലാം ബിസ്മിയുണ്ടാവണം. എല്ലാ കഴിവുകളുമുള്ള അല്ലാഹുവിനെ മുൻനിർത്തി ഒരു കാര്യം ചെയ്യുമ്പോൾ അവന്റെ സഹായമുണ്ടാകുമെന്നതാണ് യാഥാർത്ഥ്യം. ധൃതിപിടിച്ച് ചാടിയിറങ്ങാതെ കൃത്യമായി ആലോചിച്ചും നാഥനെ ഓർത്തും ആരംഭിച്ചാൽ ഒടുക്കവും ശുഭകരമാവും.

 

ഹാദി

Exit mobile version