അനിവാര്യ സന്ദർഭങ്ങളിൽ മാത്രം, തീരെ എടുത്തുചാട്ടമില്ലാതെ, അവധാനതയോടെ പ്രയോഗിക്കേണ്ട ഒരു കടുംകൈയാണ് വിവാഹ മോചനം. തീർത്തും അനിവാര്യ ഘട്ടങ്ങളിൽ, മറ്റു പരിഹാരങ്ങൾ വിജയിക്കാതെ വരുമ്പോൾ മാത്രമേ ഈ നിയമം ഉപയോഗിക്കാവൂ. നബി(സ്വ) പറഞ്ഞതിങ്ങനെ: ‘അല്ലാഹുവിന് ഏറെ വെറുപ്പുള്ള അനുവദനീയ കർമമാണ് ത്വലാഖ്’ (അബൂദാവൂദ്). ബന്ധം ബന്ധനമായി തുടരാതിരിക്കാൻ പലപ്പോഴും ഇത് ആവശ്യമായി വരുന്നതിനാൽ ഇസ്‌ലാം വ്യക്തമായ നിയമവ്യവസ്ഥയോടെ വിവാഹമോചനം അനുവദിച്ചിട്ടുണ്ട്.
ഇസ്‌ലാം മാത്രമല്ല വിവാഹമോചനം അനുവദിച്ചിട്ടുള്ളത്. ആവർത്തന പുസ്തകം (24: 1-4) ജൂതമതത്തിലെ വിവാഹമോചനത്തെയും മത്തായി (19-9) ക്രിസ്തുമതത്തിലെ വിവാഹ മോചനത്തെയും പരാമർശിക്കുന്നു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ക്രിസ്തുമതത്തിൽ വിവാഹമോചനം വളരെ സങ്കീർണമാണ്. മനുസ്മൃതി (9:81) ഹിന്ദുമതത്തിലെ വിവാഹമോചന നിയമം വിശദീകരിക്കുന്നു. മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് ആക്ഷേപിച്ച് രംഗത്തുവന്ന കമ്മ്യൂണിസവും വിവാഹമോചനത്തിന് അനുമതി നൽകിയിട്ടുണ്ട്. മാർക്‌സ്, എംഗൽസ് തിരഞ്ഞെടുത്ത കൃതികൾ വാല്യം: 3, പേജ് 319ൽ അത് വായിക്കാവുന്നതാണ്.
ഒട്ടുമിക്ക രാജ്യങ്ങളുടെ ഭരണഘടനയും നീതിപീഠങ്ങളും വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ്. യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ വസ്ത്രം മാറ്റുന്നതിന് തുല്യമായിട്ടാണത്രെ വിവാഹമോചനം നടക്കുന്നത്. ബ്രിട്ടൺ, ഫ്രാൻസ്, ബെൽജിയം, ജർമനി, ഇറ്റലി, ഹോളണ്ട്, സ്‌പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിവാഹമോചനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇസ്‌ലാമിലെ എല്ലാ നിയമങ്ങളെയും പോലെ വിവാഹ-വിവാഹമോചന നിയമങ്ങളും സ്രഷ്ടാവായ അല്ലാഹുവിന്റെ സംവിധാനമാണ്. സ്രഷ്ടാവിന്റെ നിയമങ്ങൾ അന്യൂനവും സൃഷ്ടികൾക്ക് ഏറ്റവും ഉപകാരപ്രദവുമായിരിക്കുമെന്നതിൽ സംശയമില്ല; സൃഷ്ടികൾ തയ്യാറാക്കുന്നവക്ക് പലവിധ പരിമിതികൾ ഉണ്ടാവുകയും ചെയ്യും. ആധികാരികമായി പഠനം നടത്തിയാൽ ഇസ്‌ലാമിക നിയമങ്ങളുടെ അപ്രമാദിത്വം ആർക്കും ബോധ്യപ്പെടുന്നതാണ്.
വിവാഹമോചനത്തിന് ത്വലാഖ്, ഫസ്ഖ്, ഖുൽഅ് എന്നീ രീതികളുണ്ട്. ലിആൻ കൊണ്ടും ബന്ധവിഛേദനം നടക്കും. വിശുദ്ധ ഖുർആൻ 2: 229, 231, 65: 2,6 വാക്യങ്ങൾ വിവാഹമോചനം സംബന്ധിച്ച പൊതുകാഴ്ചപ്പാട് വിശദീകരിക്കുന്നു. സ്ത്രീ സംരക്ഷണം, പരിപാലനം ഇത്യാദി കാര്യങ്ങൾ വിവാഹ ജീവിതത്തിൽ പ്രധാനമാണെന്നും അവരെ സംരക്ഷിക്കുന്നില്ലെങ്കിൽ നല്ല നിലയിൽ പിരിയുക എന്ന ഇസ്‌ലാമിക കാഴ്ചപ്പാടും പ്രസ്തുത വാക്യങ്ങൾ വ്യക്തമാക്കുന്നു. ഭാര്യമാരെ ഒരുനിലക്കും പ്രയാസപ്പെടുത്തരുതെന്ന കൽപനയും വിശുദ്ധ ഖുർആൻ 65:6 പഠിപ്പിക്കുന്നുണ്ട്.
നല്ല നിലക്ക് വിവാഹബന്ധം വേർപ്പെടുത്തുന്നതിന്റെ നേട്ടവും ആശ്വാസവും ഭാര്യക്ക് മാത്രമോ ഭർത്താവിന് മാത്രമോ രണ്ട് പേർക്കുമോ ആകാം. അഥവാ ഭാര്യഭർത്താക്കന്മാരുടെ നന്മയാണ് ഇസ്‌ലാമിലെ വിവാഹമോചന വ്യവസ്ഥിതിയുടെ അകപ്പൊരുൾ.
രണ്ട് സംസ്‌കാരങ്ങളാണ് വിവാഹത്തിലൂടെ ഒത്തുചേരുന്നത്. പരസ്പരം ഇഷ്ടപ്പെടാനായി നിരവധി കാരണങ്ങളുണ്ടെങ്കിലും അനിഷ്ടമായതും പലപ്പോഴുമുണ്ടാകും. അനിഷ്ടങ്ങളെ സഹിക്കാനും സംയമനം പാലിക്കാനും ചിലർക്ക് വ്യക്തിപരമായി കഴിയണമെന്നില്ല. അനിഷ്ടങ്ങൾ പരസ്പരം സഹിക്കാമെന്ന് ഇണകൾ തീരുമാനിച്ചാലും അവയെ ഊതിവീർപ്പിച്ച് ദമ്പതികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരുമുണ്ടാകും. ഏത് വിധേനയായാലും ഒത്തൊരുമയോടെ മുന്നോട്ട് പോകാനും വിവാഹബന്ധത്തിന്റെ മധു നുകരാനും തടസ്സങ്ങൾ സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങളാണ് വൈവാഹികബന്ധം വേർപെടുത്താനുള്ള ആലോചനയിലെത്തിക്കുന്നത്. ഇരുഭാഗത്തും പ്രകോപനമായി ഒന്നുമില്ലാത്ത സാഹചര്യത്തിലും മറ്റെന്തെങ്കിലും നേട്ടങ്ങൾക്കായും വിവാഹബന്ധം വേർപ്പെടുത്തുന്നവരുണ്ട്.
‘ഭാര്യഭർത്താക്കന്മാർക്കിടയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന ഭയമുണ്ടായാൽ, അഥവാ അവർക്കിടയിൽ പിണക്കമുണ്ടായാൽ ഇരുപക്ഷവും നീതിന്മാരായ ഓരോ മധ്യസ്ഥരെ നിയമിക്കട്ടെ. ഇണകളുടെ യോജിപ്പും ഐക്യവും സഹകരണവും അവർ ഇരുവരും ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹു അവർക്കിടയിൽ ഐക്യവും രമ്യതയും ഉണ്ടാക്കും’. വിവാഹബന്ധത്തിൽ വിള്ളലുണ്ടായാൽ എന്ത് ചെയ്യണമെന്ന വിശുദ്ധ ഖുർആനിന്റെ (4:25) സാരോപദേശമാണിത്.
ത്വലാഖ്
വിവാഹബന്ധം വേർപ്പെടുത്താനായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ത്വലാഖാണ്. പുരുഷൻ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം നിശ്ചിത പദങ്ങളുപയോഗിച്ച് വേർപ്പെടുത്തുന്ന രീതിയാണ് ത്വലാഖ്. വിവാഹശേഷം ലൈംഗികബന്ധം നടക്കുന്നതിന് മുമ്പാണ് ത്വലാഖ് നടത്തുന്നതെങ്കിൽ മഹ്‌റ്, അഥവാ വിവാഹദ്രവ്യത്തിന്റെ പകുതി മാത്രം ഭർത്താവിന് തിരികെ അവകാശപ്പെട്ടതാണ്. അവൾക്ക് ഇദ്ദ നിർബന്ധവുമില്ല. എന്നാൽ ലൈംഗിക ബന്ധം നടന്ന ശേഷമാണ് ത്വലാഖെങ്കിൽ മഹ്‌റ് പൂർണമായും ഭാര്യയുടെ അവകാശമായിരിക്കും. കാത്തിരിക്കൽ കാലാവധി എന്ന ഇദ്ദ ആചരിക്കൽ അവൾക്ക് നിർബന്ധവുമാണ്.
അനിഷ്ടങ്ങളെ തുടർന്നാണ് ത്വലാഖിന്റെ വഴി തിരഞ്ഞെടുക്കുന്നതെന്നതിനാൽ ദേഷ്യവും പകയും വാശിയുമൊക്കെ അടങ്ങുകയോ പ്രതികൂല ഘട്ടങ്ങൾ ഇല്ലാതാവുകയോ ചെയ്യുമ്പോൾ ത്വലാഖ് ചൊല്ലിയതിന്റെ പേരിൽ ഖേദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ത്വലാഖിന് മൂന്ന് അവസരങ്ങൾ ഇസ്‌ലാം നൽകിയിട്ടുണ്ട്. പൂർണാർത്ഥത്തിൽ വിവാഹബന്ധം വേർപ്പെടുന്നത് മൂന്ന് ത്വലാഖ് നിർവഹിക്കുന്നതോടെയാണ്. അവയെ ഓരോന്നായി മാത്രം നിർവഹിച്ച് മൂന്ന് തവണകൾ കൊണ്ട് വിവാഹബന്ധം പൂർണാർഥത്തിൽ വേർപെടുത്താം. മൂന്ന് ത്വലാഖ് ഒറ്റത്തവണയോ പല തവണകളായോ പൂർത്തീകരിച്ചാൽ അവളെ മറ്റൊരാൾ വിവാഹം ചെയ്ത് ലൈംഗികബന്ധം പുലർത്തിയ ശേഷം വിവാഹബന്ധം വേർപെടുത്തി ഇദ്ദ കാലാവധി കഴിയാതെ ആദ്യ ഭർത്താവിന് വീണ്ടും വിവാഹം ചെയ്യാൻ കഴിയില്ല.
ഒന്നോ രണ്ടോ ത്വലാഖ് നിർവഹിച്ച് ബന്ധവിഛേദം പൂർണതയിലെത്താത്ത രീതിയിൽ അവശേഷിപ്പിക്കുന്നതാണ് അഭികാമ്യം. എങ്കിൽ ഇദ്ദ കാലാവധി കഴിയുന്നതിന് മുമ്പ് നിശ്ചിത പദങ്ങൾ ഉപയോഗിച്ച് അവളെ പഴയ വിവാഹബന്ധത്തിലേക്ക് തന്നെ മടക്കിക്കൊണ്ടുവരാൻ സാധിക്കും. ഇദ്ദ കാലാവധി കഴിയുകയാണെങ്കിൽ അവളെ പുനർവിവാഹം ചെയ്യാവുന്നതുമാണ്.
ഭർത്താവിന് നേരിട്ട് ത്വലാഖ് നിർവഹിക്കാവുന്ന പ്രകാരം മറ്റൊരാളെ വകാലത്ത് ഏൽപിച്ച് അയാൾ മുഖേനയും നിർവഹിക്കാവുന്നതാണ്. ‘നീ തന്നെ നിന്നെ ത്വലാഖ് ചെയ്യുക’ എന്ന രീതിയിൽ ത്വലാഖ് ഭാര്യയെ ഏൽപിക്കാവുന്നതുമാണ്. നിശ്ചിത നിബന്ധനകൾ പാലിച്ചുകൊണ്ട് ഈ അവസരത്തിൽ അവൾക്ക് തന്നെ ത്വലാഖ് നിർവഹിക്കാം. ചില പ്രതിസന്ധി ഘട്ടങ്ങളിൽ ഖാളിക്ക് തന്റെ അധികാരനിർവഹണത്തിന്റെ ഭാഗമായും ത്വലാഖ് നടത്താനാവും.
ഇദ്ദയും ജീവനാംശവും
ആർത്തവം ഉണ്ടാകാറുള്ള വിവാഹമോചിത മൂന്ന് ശുദ്ധി കാലയളവാണ് ഇദ്ദ ആചരിക്കേണ്ടത്. അല്ലാത്തവൾ മൂന്ന് മാസക്കാലവും. വിവാഹമോചിത ഗർഭിണിയാണെങ്കിൽ പ്രസവം കൊണ്ട് ഇദ്ദ അവസാനിക്കും. ഭാര്യക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഭർത്താവ് തരപ്പെടുത്തിക്കൊടുക്കൽ നിർബന്ധമായ പ്രകാരം ഒന്നോ രണ്ടോ ത്വലാഖ് മാത്രം ചൊല്ലി വിവാഹബന്ധം വേർപെടുത്തപ്പെട്ട വിവാഹമോചിതക്കും ചെലവ് നൽകേണ്ടതാണ്. മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട വിവാഹമോചിത ഗർഭിണിയാണെങ്കിൽ അവൾക്കും ഭർത്താവ് ചെലവ് നൽകൽ നിർബന്ധം. ഇദ്ദ കാലാവധി കഴിഞ്ഞാൽ അവൾക്ക് വസ്ത്രമോ ഭക്ഷണമോ പാർപ്പിടമോ നൽകൽ ഭർത്താവിന് ബാധ്യതയില്ല. കോടതികയറിയും മറ്റും ജീവനാംശം എന്ന പേരിലോ മറ്റോ ഇദ്ദ കാലാവധിക്ക് ശേഷമുള്ള ചെലവുകൾക്കായി ഭർത്താവിൽ നിന്ന് പണം ഈടാക്കുന്നത് തെറ്റായ സമീപനമാണ്. മാനസിക പൊരുത്തമില്ലാതെ നിർബന്ധിതനായി മുൻഭർത്താവ് നൽകുന്ന ഇത്തരം സമ്പത്ത് മതബോധമുള്ള സ്ത്രീ ഉപയോഗിക്കാൻ പാടില്ല.
വിശുദ്ധ ഖുർആൻ 2:236 പരാമർശിക്കുന്ന മുത്അത്ത് (ജീവനാംശം എന്ന് ഇതിനെ ഭാഷാന്തരം ചെയ്യാറുണ്ട്) ഭാര്യഭർത്താക്കൾ പരസ്പരം ധാരണയിലെത്തുന്നതോ അല്ലെങ്കിൽ ഖാളിയോ തത്തുല്യരോ നിർദേശിക്കുന്നതോ ആയ സമ്പത്താണ്. മഹ്‌റിന്റെ പകുതിക്ക് മാത്രം അവകാശമുള്ളവളല്ലാത്ത എല്ലാ വിവാഹമോചിതകൾക്കും ഇത് കൊടുക്കൽ നിർബന്ധമാണ്.
വകഭേദങ്ങൾ
ത്വലാഖ് അടിസ്ഥാനപരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് അതിന് വ്യത്യസ്ത വിധികളുണ്ട്. ഒരു പുരുഷന് തന്റെ ഭാര്യയോട് തീരെ താൽപര്യമില്ലാത്ത അവസ്ഥ! തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്താത്ത ഭർത്താവിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ആനുകൂല്യങ്ങളോട് ഭാര്യക്കും താൽപര്യമില്ല. എങ്കിൽ തദവസരത്തിൽ ത്വലാഖ് ചൊല്ലുന്നത് ഹലാലാ(അനുവദനീയം)ണ്. ഭാര്യയുടെ അസഹ്യമായ രീതിയിലുള്ള ദുസ്സ്വഭാവം, ചാരിത്ര്യ കളങ്കം, അവളുടെ അവകാശങ്ങൾ ചെയ്തുകൊടുക്കാൻ ഭർത്താവിന് കഴിയാതിരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ത്വലാഖ് സുന്നത്തായ കർമമാണ്. ലൈംഗികബന്ധം പുലർത്തിയിട്ടുള്ള ഭാര്യയെ അശുദ്ധി സമയത്തോ, ലൈംഗികബന്ധം നടന്നിട്ടുള്ള ശുദ്ധി കാലയളവിലോ ബഹുഭാര്യമാരിൽ ഒരാളുടെ ഊഴം പൂർത്തിയാക്കാതെയോ, ഭാര്യക്ക് അനന്തര സ്വത്തിലുള്ള അവകാശം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഭർത്താവിന്റെ രോഗാവസ്ഥയിലോ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാണ്. ‘ഈലാഅ്’ എന്ന സത്യവാചകം മൊഴിഞ്ഞ ഭർത്താവ് ഭാര്യയുമായി വീണ്ടും ലൈംഗികബന്ധം ഉദ്ദേശിക്കുന്നില്ലെങ്കിൽ ത്വലാഖ് നിർബന്ധവുമാണ്. ഇത്തരം സാഹചര്യങ്ങളിലല്ലാതെയുള്ള ത്വലാഖ് കറാഹത്തുമാണ്.
മൂന്ന് ത്വലാഖ് ഒറ്റത്തവണയായി ചൊല്ലുന്നത് കുറ്റകരമല്ല. ഒരു തവണ ഒരു ത്വലാഖ് ചൊല്ലുന്ന രീതിയാണ് സുന്നത്ത്. ഒറ്റത്തവണയായി മൂന്ന് ത്വലാഖ് ചൊല്ലിയാൽ അവ മൂന്നും സംഭവിക്കുന്നതാണ്. സ്ഥിരപ്പെട്ട ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധമായി പലപ്പോഴും കോടതി വിധികൾ ഉണ്ടാകാറുണ്ട്. വിശ്വാസികൾ ആ വിഷയത്തിൽ ജാഗ്രത പാലിക്കണം. കോടതിയലക്ഷ്യമോ ഭരണഘടനാ ലംഘനമോ ആകാത്ത രീതിയിൽ ശരീഅത്ത് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ഇന്ത്യയിൽ ജീവിക്കുന്ന വിശ്വാസികൾ ശ്രദ്ധപുലർത്തണം. വിശുദ്ധ ഇസ്‌ലാമിന്റെ നിയമങ്ങൾ അവഗണിച്ചാൽ പരലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടുമെന്ന ഉത്തമബോധം ഉണ്ടാകണം.
മുത്ത്വലാഖ് ക്രിമിനൽ കുറ്റമായും അസാധുവായും നിയമം കൊണ്ടുവന്നതിനു പിറകെ സ്ത്രീകൾ കൂടുതൽ പീഡിപ്പിക്കപ്പെടുന്നതായാണ് പുതിയ കണക്കുകൾ നൽകുന്ന വിവരം. മുത്ത്വലാഖാണ് ക്രിമിനൽ കുറ്റമെങ്കിലും ത്വലാഖ് തന്നെ ചൊല്ലാൻ പുരുഷന്മാർ ഭയപ്പെടുന്നു. പിണക്കവും പ്രതികൂല ഘടകങ്ങളും നിമിത്തം ഭാര്യമാരെ അവർ സംരക്ഷിക്കുന്നുമില്ല. അങ്ങനെ അവൾ കയറില്ലാതെ കെട്ടിയിടപ്പെട്ടവളാകുന്നു.
ഭാര്യയോ മറ്റോ നൽകുന്ന പ്രതിഫലത്തിന് പകരമായി ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്തുന്ന രീതിയാണ് ഖുൽഅ്. പ്രതിഫലം പരസ്പര ധാരണയിലൂടെ നിശ്ചയിക്കാവുന്നതാണ്. അടിസ്ഥാനപരമായി ത്വലാഖ് പോലെ തന്നെ ഖുൽഉം പ്രോത്സാഹിപ്പിക്കപ്പെട്ടതല്ല. ത്വലാഖിന്റെ സാഹചര്യങ്ങളെ പോലെ ഖുൽഇനും വ്യത്യസ്ത വിധികളാണുള്ളത്.
ഖുൽഇലൂടെ സംഭവിക്കുന്നത് ബാഇനായ ത്വലാഖാണ്. അതായത് ഇദ്ദ കാലയളവിൽ നിശ്ചിത പദം ഉപയോഗിച്ച് പഴയ വിവാഹബന്ധത്തിലേക്ക് അവളെ തിരിച്ചെടുക്കാൻ ഭർത്താവിന് കഴിയില്ല. ഖുൽഇലും വിവാഹബന്ധം വേർപ്പെടുത്തേണ്ടത് ഭർത്താവ് തന്നെയാണ്; ഭാര്യയല്ല. വിവാഹബന്ധം വേർപ്പെടുത്താനുള്ള ഭർത്താവിന്റെ ഏകപക്ഷീയ മാർഗമാണ് ത്വലാഖ് എന്ന പ്രകാരം വിവാഹബന്ധം വേർപ്പെടുത്താനുള്ള സ്ത്രീയുടെ ഏകപക്ഷീയ വഴിയാണ് ഖുൽഅ് എന്ന നിലവിലുള്ള കോടതി സമീപനം ശരീഅത്ത് നിയമത്തിന് വിരുദ്ധമാണ്. അതിനാൽ വിശ്വാസികൾ ജാഗ്രത പുലർത്തണം.
ഫസ്ഖ് എപ്പോൾ?
ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ ഇണകളിൽ ഒരാളിൽ ഉണ്ടായിരിക്കുക, എല്ല് ഇടുങ്ങിയോ മാംസം വളർന്ന് ഇറങ്ങിയോ സംയോഗം സാധ്യമല്ലാത്തവിധം ലൈംഗിക ദ്വാരം കുടുസ്സായതാവുക, പുരുഷന്റെ ലിംഗം ഉത്തേജനമില്ലാത്തതോ ഛേദിക്കപ്പെട്ടേതാആവുക പോലുള്ള വൈകല്യങ്ങൾ വിവാഹ വേളയിൽ അറിയാതിരിക്കുകയും പിന്നീട് ബോധ്യപ്പെടുകയും ചെയ്താൽ ഇണകളിലെ മറുകക്ഷിക്ക് നികാഹ് ബന്ധം ഫസ്ഖ് ചെയ്യാവുന്നതാണ്. പ്രസ്തുത വൈകല്യങ്ങൾ വിവാഹസമയത്ത് അറിഞ്ഞിരുന്നെങ്കിലും വിവാഹ ശേഷം അതിനേക്കാൾ അധികമായ സ്ഥിതിയാണെങ്കിലും ഫസ്ഖ് ചെയ്യാം. പ്രസ്തുത വൈകല്യങ്ങൾ ഒഴികെ മറ്റ് മാരകരോഗങ്ങളോ പകർച്ചവ്യാധികളോ വെറുപ്പുളവാക്കുന്ന വൈകല്യങ്ങളോ വിവാഹസമയത്ത് ഉള്ളതിന്റെ പേരിൽ ഫസ്ഖ് അനുവദനീയമാണോ എന്നതിൽ അഭിപ്രായഭിന്നതയുണ്ട്. വൈകല്യങ്ങളുടെ പേരിലുള്ള ഈ ഫസ്ഖ് പുരുഷനും സ്ത്രീക്കും നിർവഹിക്കാവുന്നതാണ്.
മഹ്‌റ്, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ലഭിക്കാത്തതിന്റെ പേരിൽ സ്ത്രീക്ക് വിവാഹബന്ധം വേർപ്പെടുത്താം. ഭാര്യയുടെ പ്രസ്തുത അവകാശങ്ങൾ നൽകാൻ ഭർത്താവിന് കഴിവില്ലാത്ത സാഹചര്യത്തിൽ മാത്രമേ അവളുടെ ഫസ്ഖ് സാധുവാകുകയുള്ളൂ എന്നാണ് പ്രബലാഭിപ്രായം. എന്നാൽ ഭർത്താവിന് സാമ്പത്തികമായി കഴിവുണ്ടായിട്ടും പ്രസ്തുത അവകാശങ്ങൾ സ്ത്രീക്ക് നൽകാത്ത സാഹചര്യത്തിൽ ഫസ്ഖ് ആകാമെന്ന അഭിപ്രായവുമുണ്ട്.
സ്ത്രീക്ക് ഫസ്ഖ് അനുവദനീയമാകാൻ പ്രധാനമായും ചില നിബന്ധനകളുണ്ട്. ഭർത്താവ് അവളെ താമസിപ്പിച്ച വീട്ടിൽ നിന്നും ഭർതൃസമ്മതമില്ലാതെ ഇറങ്ങിപ്പോകാതിരിക്കുക, നോട്ടം, സ്പർശനം തുടങ്ങിയ ഏതൊരു ലൈംഗിക ആസ്വാദനവും തടസ്സപ്പെടുത്തിക്കൊണ്ട് ഭർത്താവുമായി പിണങ്ങാതിരിക്കുക ഇവ രണ്ടും ഉണ്ടായിട്ടില്ലെന്ന് ഖാളിയുടേയോ മുഹക്കമിന്റേയോ സമക്ഷത്തിൽ സത്യം ചെയ്ത് പറയുക, മഹ്‌റ്, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ ഏതെങ്കിലും ഒന്ന് കിട്ടുന്നില്ലെന്ന് സാക്ഷി മുഖേനയോ സ്വയം ഏറ്റുപറഞ്ഞോ സ്ഥിരപ്പെടുത്തുക എന്നിവയാണ് പ്രസ്തുത നിബന്ധനകൾ.
ഈ നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഫസ്ഖ് സാധുവാകുകയില്ല. വിവാഹബന്ധം വേർപെടാതെ അവശേഷിക്കുന്നതാണ്. ഭർത്താവുമായി പിണങ്ങിക്കഴിയുകയും ഭർതൃസമ്മതമില്ലാതെ അവൻ താമസിപ്പിച്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നവരാണ് ചെലവ് കിട്ടുന്നില്ലെന്ന പേരിൽ പലപ്പോഴും കോടതി മുഖേനയോ മറ്റ് മധ്യസ്ഥന്മാർ മുഖേനയോ ഫസ്ഖ് ചെയ്യാറുള്ളതെന്നതാണ് അനുഭവം. ഇത്തരം ഫസ്ഖുകൾ അസാധുവാണ്. ഫസ്ഖിന് മേൽനോട്ടം വഹിക്കുന്നവർ അതിന്റെ നിബന്ധനകൾ ഉറപ്പുവരുത്തുന്നതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഫസ്ഖിന്റെ നിമിത്തങ്ങൾ ഉണ്ടായ സ്ത്രീ ഖാളിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ഖാളി ഭർത്താവിന് മൂന്ന് ദിവസം അനുവദിക്കണം. ഖാളി ഇല്ലാത്ത നാടുകളിലും ഖാളി പണമോ പാരിതോഷികമോ ആവശ്യപ്പെടുന്ന സാഹചര്യത്തിലും നീതിമാനായ ഒരു വ്യക്തിയെ അവൾക്ക് മുഹക്കം ആയി ഏൽപിച്ച് ഫസ്ഖ് പൂർത്തിയാക്കാവുന്നതാണ്.
ലൈംഗികബന്ധം നടക്കുന്നതിന് മുമ്പ് ഇണകളിലൊരാൾ വിവാഹം ഫസ്ഖ് ചെയ്താൽ സ്ത്രീക്ക് മഹ്‌റിന് അവകാശമുണ്ടായിരിക്കുന്നതല്ല. ലൈംഗികബന്ധം നടന്നതിന് ശേഷം ഫസ്ഖ് നടത്തിയാൽ ഇദ്ദ കാലയളവിൽ നിശ്ചിത വാചകങ്ങൾ ഉച്ചരിച്ച് അവളെ പഴയ വിവാഹബന്ധത്തിലേക്ക് തിരിച്ചെടുക്കാൻ ഭർത്താവിന് അവസരമുണ്ടാകുന്നതല്ല.
ഡോ. അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി