ഇമാം ഇസ്ഫറായിനി(റ) പറയുന്നു: ‘നിഷ്കളങ്കമായ തൗബ ചെയ്യാൻ തൗഫീഖ് ലഭിക്കാൻ വേണ്ടി ഞാൻ മുപ്പത് വർഷം അല്ലാഹുവിനോട് പ്രാർഥിച്ചു. പക്ഷേ, ആഗ്രഹം പൂവണിഞ്ഞില്ല. അത്ഭുതത്തോടെ ഇക്കാര്യം ഓർത്ത് ഞാൻ ഉറങ്ങി. സ്വപ്നത്തിൽ ഒരാൾ വന്ന് എന്നോട് പറയുന്നതായി കണ്ടു: ‘നീ അത്ഭുതപ്പെടുന്നതെന്തിന്? നീ അല്ലാഹുവോട് ചോദിച്ചത് ചെറിയ കാര്യമാണോ? നിന്നെ ഇഷ്ടപ്പെടാനാണ് ചോദിച്ചത്. കാരണം യഥാർഥ തൗബ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും.’
അല്ലാഹുവിലേക്കുള്ള മടക്കമാണ് തൗബയുടെ കാതൽ. തിന്മകളിൽ നിന്നു നന്മകളിലേക്കുള്ള തിരിച്ചുപോക്കാണത്. ആദ്ധ്യാത്മിക വഴിയിലെ ആദ്യ പടിയും വിജയത്തിന്റെ തുടക്കവുമാണത്. ഇഹപര വിജയങ്ങളുടെ മാർഗമാണ് തൗബയെന്ന് വിശുദ്ധ ഖുർആൻ ഓർമിപ്പിക്കുന്നുണ്ട്. വിശ്വാസികളേ, നിങ്ങൾക്ക് വിജയം നേടണമെങ്കിൽ അല്ലാഹുവിലേക്ക് തൗബകൊണ്ട് മടങ്ങുകയെന്ന് അല്ലാഹു അരുളിയിട്ടുണ്ട്.
പാപസുരക്ഷിതരായ നബിമാരെല്ലാം നിരന്തരമായി തൗബ നടത്തുകയും നമ്മെ അതിന്റെ ഗൗരവം ഉണർത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്യൽ നിർബന്ധമാണെന്ന് ഇമാം നവവി(റ).
പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്തുപോയ തെറ്റുകളെയോർത്ത് ഖേദമുണ്ടാവുകയും ഇനിയൊരിക്കലും തിന്മകൾ ആവർത്തിക്കുകയില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്താൽ മാത്രമേ തൗബ സ്വീകരിക്കൂ. മനുഷ്യരുമായി ബന്ധപ്പെട്ട കുറ്റങ്ങളാണെങ്കിൽ അവരോടും മാപ്പ് തേടണം, പൊരുത്തം വാങ്ങണം. ഇവയിലേതെങ്കിലും നിബന്ധന നഷ്ടപ്പെട്ടാൽ തൗബ പൂർണമാവില്ല.
ഇവക്ക് പുറമെ, തൗബ സ്വീകരിക്കാൻ ചില നിബന്ധനകൾ കൂടി സൂഫി പണ്ഡിതർ പറഞ്ഞിട്ടുണ്ട്. ദുഷിച്ച സൗഹൃദങ്ങൾ ഒഴിവാക്കി സജ്ജനങ്ങളോട് കൂട്ടുകൂടണം. അറിവും ഭക്തിയുമുള്ളവരോട് ബന്ധം സ്ഥാപിക്കുന്നത് തന്നെ പാപമോചനത്തിന് കാരണമാണ്.
ഒരു പാപത്തെയും നിസ്സാരമായി ഗണിക്കരുത്. അല്ലാഹുവിന്റെ മഹത്ത്വവും ഔന്നത്യവും അറിഞ്ഞവർ എല്ലാ അശ്രദ്ധകളും വൻപാപമായി കാണും. ഉന്നതരായ സ്വഹാബിമാരുടെ ജീവിതം അങ്ങനെയായിരുന്നു. അനസ്(റ) പറഞ്ഞു: ‘ചെറുതും നിസ്സാരവുമായി നിങ്ങൾ കാണുന്ന പല തെറ്റുകളും നബി(സ്വ)യുടെ കാലത്ത്, എല്ലാം നശിപ്പിക്കുന്ന വൻപാപങ്ങളായാണ് ഞങ്ങൾ കണ്ടിരുന്നത്.’
ആത്മീയതയുടെ അളവനുസരിച്ച് തൗബയിലും വ്യത്യാസമുണ്ടായിരിക്കും. സാധാരണക്കാർ ഹറാമുകളിൽ നിന്നു തൗബ ചെയ്യുമ്പോൾ, അല്ലാഹുവിൽ നിന്ന് ഹൃദയത്തെ അശ്രദ്ധമാക്കുന്ന കാര്യങ്ങളിൽ നിന്നു തൗബ ചെയ്താണ് സൂഫികൾ അല്ലാഹുവിലേക്കടുത്തത്.
അല്ലാഹുവല്ലാത്ത മറ്റെന്തെങ്കിലും കാര്യങ്ങൾ ഹൃദയത്തിൽ വന്നാൽ അതൊരു വൻ കുറ്റമായി അവർ കാണുകയും തൗബ നിർവഹിക്കുകയും ചെയ്തിരുന്നു. സ്വന്തം സൽകർമങ്ങളുടെ ചിന്തപോലും മനസ്സിൽ വന്നാൽ അവർ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങും.
തൗബ സ്വീകരിക്കപ്പെട്ടവർ രാപ്പകൽ വ്യത്യാസമില്ലാതെ ദിക്റിലും ഇസ്തിഗ്ഫാറിലും മുഴുകുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. തൗബ ചെയ്തതിനു ശേഷവും തിന്മയിലേക്ക് മടങ്ങിയാൽ തൗബ ശരിയായിട്ടില്ലെന്ന് അവർ മനസ്സിലാക്കി. തഖ്വയോടെ ജീവിക്കാതെ, ഞാൻ തൗബ ചെയ്തുവെന്ന് വാദിക്കുന്നവൻ വ്യാജനാണെന്ന് ശൈഖ് സുർറൂഖ്(റ) പറഞ്ഞിട്ടുണ്ട്.
തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു നിൽക്കാതെ പാപമോചനം തേടുന്നത് കള്ളന്മാരുടെ അടയാളമാണെന്ന് ശൈഖ് ദുന്നൂൻ അൽമിസ്വ്രി(റ) പറയാറുണ്ട്. തൗബ ചെയ്ത ശേഷം ചെയ്യുന്ന ഒരു പാപം തന്നെ, തൗബക്ക് മുമ്പ് ചെയ്ത എഴുപത് തെറ്റിനേക്കാൾ മാരകമാണെന്ന് യഹ്യ റാസി(റ) പഠിപ്പിക്കുന്നു.
അല്ലാഹുവിലേക്കുള്ള മടക്കത്തെ മൂന്ന് രൂപത്തിൽ മഹാന്മാർ വിവരിച്ചിട്ടുണ്ട്. ഒന്ന്, അല്ലാഹുവിന്റെ ശിക്ഷ ഭയന്ന് തെറ്റുകളിൽ നിന്നു തൗബ ചെയ്യൽ. രണ്ട്, സ്വർഗീയാനുഭൂതികൾ ലഭിക്കാൻ വേണ്ടിയുള്ളത്. മൂന്ന്, അല്ലാഹുവിനെ മാത്രം ലക്ഷ്യംവെച്ച് തൗബ ചെയ്യൽ. ഇവയിൽ മൂന്നാമത്തേതാണ് ഏറ്റവും ഉന്നതമായ തൗബ. അമ്പിയാക്കളുടെയും അത്യുന്നതരായ ഔലിയാക്കളുടെയും തൗബയാണിത്. പാപങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ വിശാലമായ ഭൂമി മുഴുവൻ ഇടുങ്ങുന്നതായി അനുഭവപ്പെടുന്നതാണ് യഥാർഥ തൗബയെന്ന് ശൈഖ് ദുന്നൂൻ(റ) അരുളി.
തൗബയുടെ പുണ്യം
തൗബ ചെയ്യുന്നവരെ അല്ലാഹുവിന് പെരുത്തിഷ്ടമാണ്. അകവും പുറവും ശുദ്ധിയാക്കിയവരെയും പാപങ്ങളിൽ നിന്ന് പാശ്ചാത്തപിച്ച് മടങ്ങുന്നവരെയും നാഥൻ ഇഷ്ടപ്പെടുമെന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതു വരെ തൗബ സ്വീകരിക്കപ്പെടുമെന്ന് ഹദീസിൽ കാണാം. തെറ്റുകളിൽ നിന്നു തൗബ ചെയ്ത് മടങ്ങുന്നവൻ പാപം ചെയ്യാത്തവനെ പോലെയാണെന്നാണ് റസൂൽ(സ്വ)യുടെ സുവിശേഷം.
അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശനാവാൻ പാടില്ല. അത് വൻ കുറ്റമാണ്. ഏതു ദോഷവും റബ്ബ് പൊറുത്തുതരുമെന്നും അവൻ പാപം പൊറുക്കുന്നവനും കൃപാലുവുമാണെന്നും ഖുർആനിൽ വിവിധയിടങ്ങളിൽ കാണാം. സവിശേഷ സമയങ്ങളും സ്ഥലങ്ങളും തൗബ സ്വീകരിക്കാൻ വേണ്ടി അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. വിശുദ്ധ റമളാനെ തൗബയുടെ മാസമെന്ന് വിശേഷിപ്പിക്കാറുണ്ട്.
തൗബ അനിവാര്യമാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് ഇമാം ഗസ്സാലി(റ) പറയുകയുണ്ടായി. ഒന്ന്, നന്മ ചെയ്യാനുള്ള ഭാഗ്യവും അവസരവും ലഭിക്കണമെങ്കിൽ പൂർണമായും തെറ്റുകളിൽ നിന്നു മാറിനിൽക്കണം. പാപങ്ങളെല്ലാം ഇരുട്ടാണ്. ഹൃദയം കടുത്തുപോകുന്ന ഇരുൾ. പാപങ്ങൾ വർധിക്കുന്തോറും ഖൽബ് കറുത്തിരുണ്ട് പോവുകയും നന്മകളിൽ താൽപര്യം നഷ്ടപ്പെടുകയും അവസാനം ദുഷിച്ച അന്ത്യം വരെ സംഭവിക്കാൻ സാധ്യതയുമുണ്ട്. കളവ് പറയുന്നവന്റെ വായിൽ നിന്നും വമിക്കുന്ന ദുർഗന്ധം കാരണം മലക്കുകൾ അവനെ ഉപേക്ഷിച്ച് പോവുമെന്ന് കാണാം. അത്തരം നാക്കുകൾകൊണ്ട് എങ്ങനെ ദിക്ർ ചൊല്ലാൻ കഴിയും? ഇത്തരം മാലിന്യങ്ങളിൽ നിന്നും ഈ മാൻ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാൻ തൗബ അനിവാര്യമാണ്. തഹജ്ജുദും മറ്റു സൽകർമങ്ങളും നഷ്ടപ്പെടുന്നവർ തിരിച്ചറിയേണ്ടത് തങ്ങുടെ പാപങ്ങളാണ് ഇത്തരം സുകൃതങ്ങളിൽ നിന്നും തടയുന്നതെന്നാണ്.
രണ്ട്, ഇബാദത്തുകൾ സ്വീകരിക്കപ്പെടണമെങ്കിലും തൗബ അനിവാര്യമാണ്. അല്ലാഹു വിലക്കിയ കാര്യങ്ങൾ ചെയ്ത് മലിനമായ ഹൃദയംകൊണ്ട് നിർവഹിക്കുന്ന ഇബാദത്തുകൾ എങ്ങനെ സ്വീകരിക്കപ്പെടാനാണ്?
തൗബ ഹൃദയത്തിന്റെ പ്രവർത്തനമാണ്. ഖൽബിനെ പൂർണമായി ശുദ്ധിയാക്കുന്നവർക്ക് മാത്രമേ യഥാർഥ തൗബ സാധ്യമാകൂ.
തൗബയുടെ ആമുഖങ്ങൾ മൂന്നാണ്. ഒന്ന്, പാപങ്ങളുടെ ഗൗരവം മനസ്സിലാക്കുക. അവ നമ്മെ അല്ലാഹുവിൽ നിന്ന് അകറ്റുമെന്നും അപകടകരമാണെന്നും തിരിച്ചറിയുക. രണ്ട്, പാപികൾക്കുള്ള അതികഠോരമായ ശിക്ഷയെ ഓർക്കുക. മൂന്ന്, നമ്മുടെ ദൗർബല്യവും നിസ്സാരതയും മനസ്സിലാക്കുക. സൂര്യന്റെ ചൂടോ ഒരു പ്രഹരമോ ഉറുമ്പിന്റെ കടിപോലും സഹിക്കാൻ കഴിയാത്തവർ എങ്ങനെയാണ് കത്തിയാളുന്ന നരകാഗ്നി സഹിക്കുക? അതിശക്തരായ സബാനിയ്യാക്കളുടെ പ്രഹരത്തെയും വിഷസർപ്പങ്ങളുടെ തീണ്ടലും അനുഭവിക്കുക?!
തൗബയെ പിന്നേക്ക് മാറ്റിവെക്കുന്നതാണ് ഏറ്റവും അപകടകരം. മരണം എപ്പോഴും നമ്മെ പിന്തുടരുന്നുണ്ട്. പാപങ്ങളുടെ തുടക്കം ഹൃദയകാഠിന്യവും അന്ത്യം ഈമാൻ നഷ്ടപ്പെടലുമായിരിക്കുമെന്ന് മഹാന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇബ് ലീസിന്റെയും ബൽആമിന്റെയും ദുരന്ത കഥകൾ നമ്മൾ മറക്കരുത്.
ആത്മീയജീവിതം കൊണ്ട് നമുക്ക് വെളിച്ചം പകർന്ന മഹാന്മാർ സദാ സമയവും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരുന്നു. ചെറിയ അശ്രദ്ധകളെ പോലും വൻകുറ്റമായി കണ്ട് അവർ കരഞ്ഞ് തൗബ ചെയ്തു. അയൽവാസിയുടെ ചുറ്റുമതിലിൽ നിന്നും സമ്മതമില്ലാതെ അൽപം മൺതരിയെടുത്ത് കൈയിൽ പുരട്ടിയ തെറ്റിന് നാൽപത് വർഷം കരഞ്ഞു തൗബ ചെയ്ത മഹാനായ കഹ്മസ്(റ)വിന്റെ ജീവിതം നമുക്ക് പാഠമാവണം. ഈ റമളാനിലെങ്കിലും നസൂഹായ തൗബ ചെയ്യാൻ അല്ലാഹു തുണക്കട്ടെ.
അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം