കാലോചിത പരിഷ്‌കാരങ്ങൾക്ക് വിധേയമാകുമ്പോഴാണ് വ്യവസ്ഥക്ക് സംവേദനക്ഷമത നിലനിർത്താനാവുക. കാലം അതിദ്രുതം വളരുമ്പോൾ മാറ്റങ്ങൾക്കും സമാന വികാസം നിലനിർത്താൻ സാധിക്കണം. അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കാതിരിക്കുമ്പോഴാണ് വിസ്മൃതിയുടെ പുറമ്പോക്കുകളിലേക്ക് പലതിനും പിൻവാങ്ങേണ്ടി വരുന്നത്. ദർസുകളിൽ നിന്ന് ദഅ്‌വാ കോളേജുകളിലെത്തി നിൽക്കുന്ന മതവിജ്ഞാന പദ്ധതിയുടെ മാറ്റത്തെ സൂചിപ്പിക്കാനാണ് ഉദ്ധൃത മുഖവുര ചേർത്തത്.
മുഹമ്മദ് നബി(സ്വ) പകർന്ന വിജ്ഞാനം തലമുറകൾക്ക് പകരാൻ കഴിയുന്ന കാര്യക്ഷമമായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള പണ്ഡിതരുടെ ഗൗരവ ചിന്തയുടെ ഉത്തരമായിരുന്നു പള്ളികൾ കേന്ദ്രീകരിച്ചു നടന്ന ദർസ് സമ്പ്രദായം. മുസ്‌ലിം ലോകത്ത് സർവാംഗീകൃത രീതിയും ഇതു തന്നെയായിരുന്നു. മഖ്ദൂമുമാർക്ക് മുമ്പേ കേരളത്തിൽ നിലവിൽ വന്ന പള്ളിദർസുകൾക്ക് കൃത്യമായ പാഠ്യപദ്ധതി സ്വരചനകളിലൂടെ രൂപപ്പെടുത്തി കേന്ദ്രീകൃത സ്വഭാവം നൽകിയത് മഖ്ദൂമുമാർ തന്നെയാണ്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം കേരളത്തിലേക്ക് മതപഠനത്തിന് അന്ന് വിദ്യാർത്ഥികൾ എത്തിച്ചേർന്നതും അതിനാലായിരുന്നു. ഇത്രയും പാരമ്പര്യവും മഹത്ത്വവുമുള്ള മതപഠന പദ്ധതിയുടെ പുതിയ കാല തുടർച്ച നിലനിൽക്കാനും അതിന്റെ സാമ്പ്രദായിക വ്യവസ്ഥക്ക് ഉടവില്ലാതിരിക്കാനുമാണ് ദഅ്‌വാ കോളേജുകളുടെ രൂപീകരണത്തിലേക്ക് അതിന്റെ ശിൽപികൾ എത്തിച്ചേരുന്നത്.
മതഭൗതിക വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണത്തിനു മുമ്പ് ദർസുകളിൽ ഭൗതിക ജ്ഞാനശാഖകൾ കൂടി വിപുലമായി പഠിച്ചിരുന്നു. ശേഷം മതത്തിന്റെ വിവിധ ശാഖകളിൽ ഗഹനമായ പഠനത്തിനായി സിലബസ് ക്രോഡീകരിക്കപ്പെട്ടു; ഗോളശാസ്ത്രമുൾപ്പെടെയുള്ള ശാഖകളെ അപ്പോഴും നിലനിർത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിന്റെ ശക്തമായ വ്യാപനവും തൊഴിൽ സാധ്യതകളുമൊക്കെ ആലോചിച്ച് സമുദായത്തിൽ ചെറിയ തോതിലെങ്കിലും മതപഠനത്തോട് വിപ്രതിപത്തി ദൃശ്യമായി. മദ്‌റസാ പഠനത്തിനപ്പുറത്തേക്ക് മതവിജ്ഞാനത്തിന്റെ ആഴമറിയുന്നവർ ചുരുങ്ങിക്കൊണ്ടിരുന്നു. ഭൗതിക രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നവർക്ക് മതത്തിന്റെ ആചാരനിഷ്ഠകളോട് പോലും അവഗണന തോന്നിത്തുടങ്ങി. ഈ വൈരുധ്യം അതിന്റെ ഏറ്റവും ശക്തമായ നിലയിലേക്ക് അതിവേഗം സഞ്ചരിക്കുമ്പോൾ അവരോട് ക്രിയാത്മകമായി സംവദിക്കാൻ കഴിയുന്നവരുടെ അഭാവം വേഗത്തിൽ പരിഹൃദമാവേണ്ടതാണെന്ന ബോധ്യമാണ് ദഅ്‌വാ സംരംഭത്തിന്റെ വ്യാപനത്തിലേക്ക് നയിച്ചത്.
ഈ മാറ്റം അനിവാര്യമായിരുന്നു, അത് പിഴവറ്റതാണെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു. മതപ്രബോധനം കേരളീയ മുസ്‌ലിം സമൂഹത്തിന് പ്രാഥമിക അറിവുള്ളവരെ കൂടുതൽ പ്രബുദ്ധവത്കരിക്കുന്നതിലും സാമൂഹ്യമായ ആത്മീയാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിലും പരിമിതമായി. ഈ തലം ഏറ്റവും അടിസ്ഥാനവും പ്രാധാന്യമർഹിക്കുന്നതുമാണെന്നിരിക്കെ മതവിജ്ഞാനത്തിന്റെ വെളിച്ചം കടന്നുചെല്ലാത്ത ദേശങ്ങൾ കൊച്ചുകേരളത്തിന്റെ ഇത്തിരിവട്ടത്ത് തന്നെയുണ്ടെന്ന് തിരിച്ചറിയേണ്ടിവന്നു.
ഫീൽഡ് ദഅ്‌വയുടെ പ്രാധാന്യം ഉൾക്കൊണ്ട് പണ്ഡിതർ കേരളത്തിനകത്തും പുറത്തുമുള്ള ദേശങ്ങളിൽ സജീവ ഇടപെടൽ നടത്താനും അതിന്റെ ഫലങ്ങൾ അനുഭവിച്ചറിയാനും ഇതുവഴി സാധിച്ചു. മുസ്‌ലിമാണെന്ന തിരിച്ചറിവിന് സുന്ദരമായ പേരിനപ്പുറം ഒന്നും അവകാശപ്പെടാനില്ലാത്ത ജനതക്ക് മതത്തിന്റെ അടിസ്ഥാന വിശ്വാസവും ഇസ്‌ലാമിന്റെ ജീവിതസംസ്‌കാരവും പഠിപ്പിച്ച് കൊടുക്കുക വഴി സാധിച്ചെടുത്ത പുതിയ വിപ്ലവങ്ങൾക്ക് തിരികൊളുത്താൻ ദഅ്‌വാ സംരംഭത്തിന് കഴിഞ്ഞുവെന്നത് ഭാവി ചലനങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്.
ഉത്തരേന്ത്യയിൽ ദാരിദ്ര്യത്തിന്റെ സമ്പൂർണ ഭാവം എല്ലാ നിലക്കും അനുഭവിച്ചറിയുന്ന മുസ്‌ലിംകൾക്ക് പുതിയ ശ്രമങ്ങൾ നവോത്ഥാന സമാനമാണ്. അടുത്ത തലമുറക്ക് മതവിദ്യയുടെ ഉന്നത വഴിയിലേക്ക് ദിശ നൽകാൻ കൂടി കഴിഞ്ഞാൽ സനാഥത്വത്തിന്റെ വെള്ളിരേഖകൾ സമ്മാനിക്കാൻ കൂടി നമുക്ക് സാധിക്കും.
കേരളത്തിലെ മുസ്‌ലിം മുഖ്യധാര സുന്നി സമൂഹമാണ്. ഭൗതിക വിദ്യാഭ്യാസ മേഖലകളോട് ഒട്ടും അഭിനിവേശമില്ലാത്തവരെന്ന അപഖ്യാതി കാലങ്ങളായി ആരോപിക്കപ്പെടുന്നവർ കൂടിയാണ് അവർ. ഭൗതിക സ്ഥാപനങ്ങൾക്ക് ശില പാകിയപ്പോൾ ആരോപണത്തിന്റെ ശക്തി കുറഞ്ഞുവെങ്കിലും വിവിധ കോണുകളിൽ നിന്ന് ‘പിന്തിരിപ്പൻ’ വിളികൾ കേട്ടുകൊണ്ടിച്ചിരുന്നു. ദഅ്‌വാ കോളേജുകളുടെ ഉത്ഭവത്തോടെ അപ്രതിരോധ്യമായ വിദ്യാഭ്യാസ മുന്നേറ്റം സുന്നി സമൂഹം സാക്ഷാത്കരിച്ചു. സുന്നികളിൽ നിന്ന് ഭൗതിക മേഖലകളിൽ ഉന്നത നിലകളിലെത്തിയവർ ഉണ്ടായിരുന്നെങ്കിലും സുന്നി എന്ന സ്വത്വത്തെ അഭിമാനപൂർവം സ്ഥാപിച്ചെടുക്കാനുള്ള ആർജവവും താൽപര്യവുമുള്ളവർ ആപേക്ഷികമായി കുറവായിരുന്നു. ആരോപണമുന്നയിക്കുന്നവർക്ക് ഊർജം പകരുന്നത് ഇതു കൂടിയാണ്.
പൊതു വിഷയങ്ങളിൽ പണ്ഡിതനേതൃത്വത്തിന് കൃത്യമായ വീക്ഷണങ്ങൾ രൂപപ്പെടുത്താൻ സാധിച്ചുവെന്നത് സവിശേഷ പ്രതിപാദ്യമർഹിക്കുന്നതാണ്. മത വിഷയങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ച് അവബോധവും നിലപാടുകളുമില്ലാത്തവരെന്ന് മുസ്‌ലിയാക്കന്മാരെക്കുറിച്ച് ചിലരെങ്കിലും പരസ്യമായിത്തന്നെ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലിം നിലപാടുകൾ ആരായുന്നതിൽ പോലും പണ്ഡിതനെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിനെ കാന്തപുരം ഉസ്താദ് തിരുത്തിയെഴുതി. മുസ്‌ലിം നിലപാടെന്നാൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടെന്നായിരുന്നു അതുവരെയുള്ള സമവാക്യം. ഇതാണ് പൊളിഞ്ഞുവീണത്. അത്തരമൊരു ബോധത്തിന്റെ സാമൂഹ്യവത്കരണം ദഅ്‌വ സംരംഭങ്ങൾക്കും നാന്ദികുറിച്ചു. പണ്ഡിതന്റെ പ്രവർത്തന വീഥി സമൂഹമാണെന്നും സമൂഹത്തെ ബാധിക്കുന്ന സമസ്ത വിഷയങ്ങളിലും കൃത്യമായ ധാരണകൾ മതപരിപ്രേക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ രൂപപ്പെടുത്തണമെന്നുമുള്ള തീക്ഷ്ണമായ ചിന്തയാണ് ‘മുസ്‌ലിയാക്കന്മാരെ’ പുരോഗമനവാദികളെന്ന് രഹസ്യമായിട്ടെങ്കിലും സമ്മതിക്കാൻ പലരെയും പ്രേരിപ്പിച്ചത്.
പ്രസിദ്ധീകരണങ്ങളിൽ മുസ്‌ലിം വിഷയങ്ങളെ വിലയിരുത്താനും വിശകലനം ചെയ്യാനും ചില പ്രതിസന്ധിയുണ്ടായിരുന്നു സുന്നികൾക്ക്. പലപ്പോഴും ഇത് അപൂർണതകളിൽ തട്ടിനിന്നു. മതജ്ഞാനത്തിന്റെ ഉരക്കല്ലിൽ ഉരച്ചെടുക്കാതെയുള്ള വിശകലനങ്ങൾക്ക് സമൂഹത്തിന്റെ നിലപാടുകളെ കൃത്യമായി രൂപപ്പെടുത്താനായില്ല. ഇപ്പോൾ സുന്നി പ്രസിദ്ധീകരണങ്ങളെ സമ്പന്നമാക്കുന്ന എഴുത്തുകാരിൽ ദഅ്‌വാ സന്തതികൾക്ക് അദ്വിതീയ ഇടമുണ്ട്. മുസ്‌ലിം ലോകത്തെ പ്രഗത്ഭ ധൈഷണികരെ കേരളത്തിനു പരിചയപ്പെടുത്താനും അവരുടെ പുതിയ ആശയങ്ങളെക്കുറിച്ചുള്ള അവബോധം രൂപപ്പെടുത്താനും ഇത്തരമൊരു ഇടപെടലിലൂടെ സാധ്യമായി.
വിഷയങ്ങളെ വിലയിരുത്തുന്നതിൽ അക്കാദമിക രീതി സ്വീകരിക്കുന്നതിലൂടെ മുഖ്യധാരയോട് കാര്യക്ഷമമായി സംവദിക്കാൻ സാധിച്ചു. ആർജവമുള്ള നിലപാടുകളെ ‘അച്ചടിഭാഷ’യുടെ നിലവാരം ചോരാതെ ആവിഷ്‌കരിച്ചപ്പോൾ യാഥാസ്ഥിതികരോട് പ്രതികരിക്കാനും ധൈഷണിക അങ്കത്തിന് ഒരുമ്പെടാനും ബുദ്ധിജീവികളടക്കം സന്നദ്ധരായി. ദഅ്‌വാ സംരംഭങ്ങൾക്ക് മുമ്പും കേരളത്തിൽ നിലനിന്നിരുന്ന സുന്നികളുടെ പ്രതികരണ ശേഷിയെ വിസ്മരിച്ചല്ല ഇതെഴുതുന്നത്. പക്ഷേ, ഒറ്റപ്പെട്ട ശ്രമങ്ങളെ കൂട്ടായ്മയായി വികസിപ്പിക്കാനും അപരിചിതമായിരുന്ന ഇടങ്ങളിൽ പ്രാതിനിധ്യമറിയിക്കാനും സാധിച്ചുവെന്നതാണ് പ്രധാനം.
മുസ്‌ലിം ബുദ്ധിജീവി ശീർഷകം കാലങ്ങളായി അലങ്കരിച്ചിരുന്നത് സുന്നിവിരുദ്ധ വിഭാഗങ്ങളായിരുന്നു. വർഷങ്ങൾക്ക് മുമ്പേ തൂലികാ വിപ്ലവത്തിലൂടെ അതിന്റെ അടിവേരറുക്കാനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചത് ഇതിനോട് ചേർത്തുവായിക്കുക. മുസ്‌ലിം ചിന്തകളെ വിവർത്തനം ചെയ്ത് ആഗോള ഇസ്‌ലാമിനൊപ്പം നിൽക്കുന്നത് തങ്ങളാണെന്ന വ്യാജധാരണ സൃഷ്ടിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളെ വിചാരണ ചെയ്യാനും യാഥാർത്ഥ്യത്തെ തുറന്നെഴുതാനും നമ്മുടെ പ്രസിദ്ധീകരണങ്ങൾക്ക് സാധിച്ചു. നമുക്കന്യമല്ലാത്ത വിദേശ ഭാഷകളിൽ തന്നെയുള്ള വിദേശ പണ്ഡിതരുടെ ചിന്തകൾ പോലും മുമ്പ് പരിചയപ്പെടാനാവാതിരുന്നത് അക്കാദമിക രീതിശാസ്ത്രമവലംബിച്ചുള്ള അവരുടെ എഴുത്തുകളോട് പൂർണമായും താദാത്മ്യപ്പെടാൻ നമുക്കായില്ല എന്നതുകൊണ്ടാണ്.
തുടക്ക ഘട്ടങ്ങളിൽ ഭൗതിക പഠനത്തിൽ ആർട്‌സ് വിഷയങ്ങളിൽ ബിരുദ പഠനത്തിനുള്ള അവസരമൊരുക്കിയെങ്കിലും ഇപ്പോൾ വിവിധ വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര പഠനം നടത്താനും ഗവേഷണ മേഖലകളിൽ സജീവമാകാനുമുള്ള അവസരങ്ങളൊരുക്കുന്നുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠനത്തിനുള്ള സ്‌കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികളെയും നമുക്ക് സൃഷ്ടിക്കാൻ സാധിച്ചു. ഒപ്പം സിവിൽ സർവീസ് മേഖലകളിലേക്ക് ശ്രദ്ധിക്കാനും. അവയുടെയൊക്കെ അനിവാര്യത പരിഗണിച്ച് പരിശീലനം നൽകാനും വിവിധ സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നുണ്ട്.
ഭാഷാ വിജ്ഞാനീയം ഗൗരവമായി പരിഗണിച്ച് തുടങ്ങിയതും ദഅ്‌വകളുടെ ഗുണഫലമാണ്. വിവിധ ഭാഷകൾ ആധികാരികമായിത്തന്നെ പഠിക്കുന്നതിലൂടെ മതാധ്യാപനങ്ങളെ അതിരുകളില്ലാതെ പങ്കുവെക്കാനും മതത്തിനു പുറത്തുള്ളവരോട് സംവാദാത്മകമായി ഇടപെടാനും സാധ്യമാവും.
ആമുഖത്തിൽ സൂചിപ്പിച്ച മാറ്റത്തെ സ്വാഗതം ചെയ്യാൻ ദഅ്‌വാ സംരംഭങ്ങളും സന്നദ്ധമാണ്. പുതിയ പരിഷ്‌കാരങ്ങളെ ആശ്ലേഷിക്കുമ്പോൾ ചലനങ്ങൾക്ക് ഗതിവേഗം കൈവരും. പഠന മേഖലകളിൽ ആഴം വർധിപ്പിക്കാനുള്ള ആലോചനകൾ ശക്തമാക്കണം. വിശ്വാസ, കർമശാസ്ത്രങ്ങളിൽ ഗഹനമായ പഠന-മനനങ്ങൾക്ക് നിലവിൽ ശക്തമായ പരിഗണന നൽകുന്നുണ്ടെന്നിരിക്കെ കൃത്യമായ വിഷയ വിഭജനങ്ങൾ നടത്തി വിദ്യാർത്ഥികൾക്ക് തലനാരിഴ കീറിയുള്ള ചർച്ചകൾക്കായി വേദികൾ രൂപീകരിക്കേണ്ടതുണ്ട്. പുതിയ വിഷയങ്ങളെ സ്ഥൈര്യത്തോടെ സ്വാഗതം ചെയ്യാനും മതനിലപാടുകൾ ആധികാരികമായി പ്രസ്താവിക്കാനും ഇതുവഴി സാധിക്കും. സമൂഹത്തെ കർമശാസ്ത്രാനുസൃതമായി നയിക്കേണ്ട ബാധ്യത പണ്ഡിതരിൽ നിക്ഷിപ്തമായിരിക്കെ വിശേഷിച്ചും.
ദഅ്‌വാ വിദ്യാർത്ഥികൾ ഇസ്‌ലാം, അതിലെ അവാന്തര കക്ഷികൾ, ആധുനികത, ഇതര സമൂഹങ്ങൾ എന്നീ നാലു തലങ്ങൾ കൃത്യമായി പഠിക്കണം. മതനിയമത്തെയും വിവിധ വിഷയങ്ങളോടുള്ള അതിന്റെ നിലപാടുകളെയും പ്രഥമ പരിഗണന നൽകി പഠിക്കണം. കേരളീയ സാഹചര്യത്തിൽ അവാന്തര കക്ഷികളെക്കുറിച്ചുള്ള പഠനങ്ങൾക്ക് സവിശേഷതയുണ്ട്. കാലങ്ങളായി സുന്നീ പണ്ഡിതർ ആശയപരമായി ഒരിക്കലും രാജിയാവാത്ത അവാന്തര വിഭാഗങ്ങളെ ആരോഗ്യകരമായി സമീപിക്കാനും പൊതുജനങ്ങളിൽ ആദർശബോധം രൂപപ്പെടുത്താനും ഈ പഠനം അനിവാര്യമാണ്.
ദീനിന്റെ തനിമയാർന്ന സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പ്രവണതകൾ മതത്തിനുള്ളിൽ തന്നെ ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ആധുനികതയുടെയും അതിന്റെ നിർമിതികളുടെയും അപകടവും മൂല്യരാഹിത്യവും മുഖ്യധാരയിൽ അവതരിപ്പിക്കാൻ ശേഷിയുള്ള പണ്ഡിതർ അനിവാര്യമാണ്. ഫെമിനിസം, കലാവിഷയങ്ങൾ തുടങ്ങിയവയിൽ ധൈഷണിക യുദ്ധത്തിനു തന്നെ പണ്ഡിതർ തയ്യാറാവേണ്ടതുണ്ട്. യുക്തിയും വിശ്വാസവും തമ്മിലുണ്ടാവേണ്ട ഇഴയടുപ്പത്തിൽ മാത്രം ശ്രദ്ധിച്ച് ദൈവികാസ്ഥിത്വത്തെ വെല്ലുവിളിക്കുന്നവർക്കെതിരിൽ അഭേദ്യമായ പ്രതിരോധ തന്ത്രങ്ങളാവിഷ്‌കരിക്കുമ്പോഴേ ആധുനികതക്കൊത്ത് മതത്തെ പരിഷ്‌കരിച്ച് വികൃതമാക്കുന്നവരുടെ കാപട്യം ബോധ്യപ്പെടുത്താനാവൂ. ശരീഅത്ത് ഇസ്‌ലാമിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് ‘ക്ലീൻഷേവ് മുജ്തഹിദുകൾ’ ഇലാഹിനെ തിരുത്തിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെ നിയമദാതാവിന്, അതനുസരിച്ച് ജീവിക്കുന്നവരുടെ ദീർഘവീക്ഷണവും യുക്തിയും അവകാശപ്പെടാനാവാത്ത ദാരിദ്ര്യം!!!
അവാന്തര വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് നൽകുന്നതിൽ കവിഞ്ഞ പ്രാധാന്യം മത താരതമ്യപഠനത്തിന് നൽകണം. ഭാഷയുടെ പരിമിതി അവസാനിച്ചപ്പോൾ ആശയദാരിദ്ര്യം പുതിയ കാരണമാവരുത്. യൂറോപ്പിൽ മാത്രമല്ല നമ്മുടെ ദേശാതിരുകൾക്കുള്ളിൽ തന്നെ മതാശയങ്ങളെ നികൃഷ്ടമായി വിലയിരുത്തുകയും ദൈവിക സാന്നിധ്യം ഏത് മതത്തിലാണെന്ന് പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. അവർക്ക് ഇസ്‌ലാമിന്റെ അപ്രമാദിത്വത്തെ പക്വതയോടു കൂടി വിശദീകരിക്കാനും സ്ഥാപിക്കാനും പുതിയ തലമുറക്ക് സാധിക്കണം.
പുതിയ പദ്ധതികളിലൂടെയും ആസൂത്രിത നീക്കങ്ങളിലൂടെയും ആത്മീയതയെയും മനുഷ്യ സംസ്‌കാരത്തിന്റെ സമ്പൂർണതയെയും വിലക്കെടുക്കാൻ ചിലർ പരസ്യമായിത്തന്നെ ഒരുമ്പെട്ടിറങ്ങിയിട്ടുണ്ട്. ദാർശനികതയെ നന്നായി പ്രയോഗിക്കാനുള്ള മികവാണ് ഇവരെ തിരിച്ചറിയുന്നതിൽ നിന്നും സക്രിയമായി പ്രതികരിക്കുന്നതിൽ നിന്നും ജനങ്ങളെ തടയുന്നത്. ഫിലോസഫിയെ ഗൂഢശാസ്ത്രമായി മാറ്റിനിർത്താതെ സ്വീകരിക്കാനും ഇസ്‌ലാമിക മാപിനികൾ കൊണ്ട് വ്യവഛേദിക്കാനും സാധിക്കുമ്പോഴേ ഈ മേഖലയിലെ ശ്രമങ്ങൾ ഫലദായകമാവൂ. ഇമാം ഗസ്സാലി(റ)യുടെ പഠനരീതിയും എതിരാശയങ്ങളെ വിശകലനം ചെയ്യുന്നതിൽ സ്വീകരിച്ച സമീപനവും താരതമ്യ പഠന വേളയിൽ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
ഇതര മതപ്രബോധകർ ആശയങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി ഇസ്‌ലാമിന്റെ നിലപാടുകളെ പലപ്പോഴും അനുചിതമായി ഉദ്ധരിക്കുകയും ഖുർആനിക സൂക്തങ്ങളിലെ ഗഹനമായ ഭാഗങ്ങളെ വികലമായി അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. പഠിതാവ് തന്റെ വിശ്വാസ പ്ലാറ്റ്‌ഫോം കൃത്യമായും ഗഹനമായും പഠിച്ചുറപ്പിച്ച ശേഷമേ ഇത്തരം ശ്രമങ്ങൾക്കൊരുങ്ങാവൂ എന്നതിനാലാണ് ഈ വിഷയം ഓർമപ്പെടുത്തിയത്.
ദഅ്‌വാ സന്തതികളുടെ കൂട്ടായ്മ ഇസ്‌ലാമിക ചലനങ്ങളുടെ ഫലപ്രാപ്തിക്കും ഏകീകരണത്തിനും ഉപകരിക്കും. സ്ഥാപന കേന്ദ്രീകൃതമായ കൂട്ടായ്മകളിൽ കവിഞ്ഞ് മുഴുവൻ പഠിതാക്കളും ഒരേ മനസ്സോടെ സംഗമിക്കുമ്പോൾ തിളക്കമുള്ള ആശയങ്ങൾക്ക് രൂപം നൽകാനാകും. പ്രയോഗവത്കരണത്തിന് വിഭിന്നമായ വഴികൾ കണ്ടെത്താനും കഴിയും. കടന്നുചെല്ലേണ്ട ഇടങ്ങളെ കൃത്യമായി മനസ്സിലാക്കാനും ഗ്യാപ് ഫില്ലിംഗ് എളുപ്പം നിർവഹിക്കാനും ഇത്തരമൊരു വേദി അനിവാര്യമാണ്.
ദഅ്‌വാ കോളേജുകളുടെ കോട്ടനേട്ടങ്ങളെക്കുറിച്ചു കണക്കെടുക്കുമ്പോൾ നേരത്തെ സൂചിപ്പിച്ച ഗവേഷണ പഠനം മുഴുവൻ സംരംഭങ്ങളും ശക്തമായി ആലോചിക്കേണ്ടതുണ്ട്. നിലവിൽ ചെറിയ ശ്രമങ്ങൾ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്‌കോളർഷിപ്പുകളുപയോഗിച്ച് വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനുള്ള അവസരങ്ങൾ എമ്പാടുമുണ്ടെന്നിരിക്കെ അതിനായുള്ള അന്വേഷണങ്ങൾ വിദ്യാർത്ഥി പക്ഷത്തുനിന്ന് തുലോം കുറവാണ്. പുറം സമൂഹവുമായി ഇടപെടുമ്പോൾ ലഭിക്കുന്ന അനുഭവങ്ങളും അവസരവും സമൂഹത്തിന്റെ ‘പൾസ്’ അറിയാനും ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതി ശാസ്ത്രങ്ങളിൽ വരുത്തേണ്ട കൂട്ടിച്ചേർക്കലുകളെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാവാനും ഉപകരിക്കും. മീഡിയകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി ഉപന്യസിക്കുമ്പോഴും അതിന്റെ പ്രയോഗവത്കരണം ലക്ഷ്യമിട്ട് ഒരു സംഘത്തെ സൃഷ്ടിക്കുന്നതിൽ നാം എത്ര മുന്നോട്ടുപോയി എന്ന ആത്മവിമർശം ഉചിതമാണ്.
മധ്യകാല ഇസ്‌ലാമിന്റെ പ്രഫുല്ലമായ നാഗരികതയെ തിരിച്ചുപിടിക്കാനുള്ള ആത്മവീര്യമുണ്ടാകാൻ ആ പ്രഫുല്ലത അസ്തമിച്ച നിമിഷങ്ങളെ ഗദ്ഗദത്തോടെ ഒരാവർത്തിയെങ്കിലും വായിക്കേണ്ടതുണ്ട്. മുസ്‌ലിം ലോകത്തിന്റെ സമ്പൂർണ മേധാവിത്വത്തിന്റെ അടിവേരറുത്ത് അവസാന മീസാൻ കല്ലും വെച്ച് യൂറോപ്പ് നെയ്‌തെടുത്ത അട്ടിമറിക്കഥകളെ വേദനയോടെ കോറിയിട്ട ചരിത്ര പണ്ഡിതരുടെ രചനകളെ ഓരോ താളിലും വായനയുടെ സാക്ഷ്യമായി ഒരു തുള്ളി കണ്ണീരിറ്റിച്ചേ നമുക്ക് വായിക്കാനാവൂ. ദഅ്‌വാ സംരംഭങ്ങളുടെ ഏറ്റവും സമ്പൂർണ ലക്ഷ്യം അത്തരമൊരു നാഗരികതയുടെ സൃഷ്ടിപ്പാണ്. അതിനായുള്ള അർധാവസരങ്ങൾ പോലും കഠിനാധ്വാനത്തിലൂടെ ഫിനിഷിംഗിലെത്തിക്കാൻ പാടവമുള്ള പണ്ഡിത പ്രതിഭകൾ വളർന്നുവരണം. ഇവിടെ അങ്കത്തട്ടിലുള്ളവർക്കൊപ്പം ഗ്യാലറിക്ക് കൂടി നിർവഹിക്കാവുന്ന സേവന ദൗത്യങ്ങൾ ഏറെയുണ്ട്.
മതവിജ്ഞാന പദ്ധതികളെ ഏറ്റവും ജനകീയ മുഖമായി മാറ്റിയ ദഅ്‌വാ സംരംഭങ്ങളുടെ ഗുണാത്മക മാറ്റത്തെക്കുറിച്ചുള്ള ആലോചനയും ഒപ്പം ഏറ്റെടുക്കുന്ന ദൗത്യത്തെ മനോഹരമാക്കുന്ന പങ്കാളിത്തവും പ്രധാനമാണ്. ഈ ചങ്ങാത്തം കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് വ്യാപ്തിയും ആഴവുമേറെയുണ്ടാവും. വിഭവങ്ങൾ എമ്പാടുമുണ്ടെന്ന അഭിമാനം കർമവീര്യവുമായി തുലനം ചെയ്‌തേ ആസ്വദിക്കാവൂ. അപ്പോൾ മാറ്റത്തിനായുള്ള ഉൾപ്രേരണകളെ തിരിച്ചറിയാനും പുതിയ ചുവടുകളുടെ അനിവാര്യത അളന്നെടുക്കാനും സാധിക്കും. നാം സംഭരിച്ച ഊർജം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ കൂടിയുള്ളതാണെന്ന ബോധ്യമാവട്ടെ നമ്മെ നയിക്കുന്നത്.
ഇഎംഎ ആരിഫ് ബുഖാരി