ദേശീയ പ്രസ്ഥാനവും ഖിലാഫത്ത് മൂവ്‌മെന്റും

മലബാർ സമരത്തെ കുറിച്ച് പഠിച്ചപ്പോൾ ഞാൻ കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ് 1920 ഏപ്രിൽ 26, 27, 28 ദിവസങ്ങളിൽ മഞ്ചേരിയിൽ നടന്ന അഞ്ചാമത് മലബാർ ജില്ലാ സമ്മേളനം. അതുവരെ സ്വാതന്ത്ര്യസമരത്തിൽ ഉന്നയിക്കപ്പെടാത്ത ചില പ്രമേയങ്ങൾ കടന്നുവന്ന സമ്മേളനമായിരുന്നു അത്. സാധാരണക്കാരായ മനുഷ്യർ പ്രതിനിധികളായെത്തുകയും അവർ ദാരിദ്ര്യവും കുടിയാൻ പ്രശ്‌നവും നാട്ടിലെ പ്രധാന വിഷയങ്ങളായി ഉന്നയിക്കുകയും ചെയ്തു. അതുവരെ രാഷ്ട്രീയ മണ്ഡലം നിയന്ത്രിച്ചിരുന്ന ഭൂപ്രഭുക്കന്മാരും വരേണ്യവർഗക്കാരും അതിൽ കുപിതരാവുകയും ഇത്തരത്തിലുള്ള ചർച്ചകൾ ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ വോട്ടെടുപ്പുണ്ടായി. 1200 ഓളം വരുന്ന പ്രതിനിധികളിൽ ഭൂരിപക്ഷവും ദരിദ്രരും സാധാരണക്കാരുമായിരുന്നു. ഈ പ്രമേയങ്ങളിൽ ഇഷ്ടപ്പെടാത്തതിനെ എതിർത്തും വേണ്ടതിനെ സ്വീകരിച്ചും അവർ വോട്ട് ചെയ്തു. ഫലം വന്നപ്പോൾ ഭൂപ്രഭുക്കന്മാർ ന്യൂനപക്ഷമാകുകയും സാധാരണ ജനങ്ങൾ ഭൂരിപക്ഷമാകുകയും ചെയ്തു. ജനാധിപത്യത്തിന്റെ ഉദയമാണ് അന്ന് മഞ്ചേരിയിൽ കണ്ടത്. പ്രസ്തുത യോഗത്തിൽ നിന്ന് ആനി ബസന്റ്, മദ്രാസിൽ നിന്നെത്തിയ ഹിന്ദു പത്രത്തിന്റെ എഡിറ്റർ കസ്തൂരിരംഗൻ അയ്യങ്കാർ, ബ്രിട്ടീഷുകാരുടെ പ്രിയഭാജനമായ മങ്കട കൃഷ്ണവർമ്മ തുടങ്ങിയവരും നിരവധി ഭൂപ്രഭുക്കന്മാരും ന്യൂനപക്ഷത്തിന്റെ പരാജയം കണ്ടു ക്ഷുഭിതരായി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. മഞ്ചേരി രാമയ്യരും ഇറങ്ങി പോയവരിലുണ്ടായിരുന്നു. ഈ സമ്മേളനത്തെ കുറിച്ച് മഞ്ചേരി രാമയ്യർ പിൽക്കാലത്ത് പറഞ്ഞു: സമ്മേളനം നടക്കുമ്പോൾ ആൾക്കാർ ലഘുലേഖ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നത് ഞാൻ കണ്ടു. ഞാൻ സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് ഒരു മാപ്പിളയുടെ കയ്യിൽനിന്ന് ഇങ്ങനെ കൊടുക്കുന്ന ഒരു ലഘുലേഖ തട്ടിപ്പറിച്ച് വാങ്ങിച്ചു. അത് ‘തുർക്കെ മുവാലാത്’ എന്ന ഒരു ലഘുലേഖയാണ്. തുർക്കി പ്രശ്‌നവും മാപ്പിള നാട്ടിലെ സാധാരണക്കാരുടെ പ്രശ്‌നവും ബന്ധിപ്പിച്ചുകൊണ്ടുള്ള എന്തോ വിഷയമാണ് അതിൽ എഴുതിയിരിക്കുന്നത്. ഒരു കാര്യം ശ്രദ്ധേയമാണ്, തട്ടിപ്പറിച്ച മാപ്പിളയെ ചേറ് മണക്കുന്നുണ്ടായിരുന്നു.
കേരളത്തിലെ ജനാധിപത്യ യുഗം തുറന്നത് മഞ്ചേരി സമ്മേളനത്തിലൂടെയാണ്. വേണ്ടാത്തതിനെ നിഷേധിക്കുകയും വേണ്ടതിനെ നേടിയെടുക്കുകയും ചെയ്ത സാധാരണജനങ്ങളുടെ മനസ്സായിരുന്നു അവിടുത്തെ ജനാധിപത്യ വിജയം. ആ സമ്മേളനത്തിലെ വിജയമാണ് മാപ്പിളമാർക്കും സാധാരണക്കാർക്കും ഏറ്റവും കൂടുതൽ സന്തോഷം നൽകിയത്. സാമ്രാജ്യത്വം താങ്ങിനിർത്തുന്ന ഈ വ്യവസ്ഥ മാറിയാൽ മാത്രമേ പട്ടിണി മാറുകയുള്ളൂ എന്ന തിരിച്ചറിവും പ്രസ്തുത സമ്മേളനത്തിലൂടെയാണ് ഉണ്ടാകുന്നത്. അതിന് ഒരു കലാപം നടത്താനും ആ കലാപത്തിന് അഹിംസാ മാർഗം സ്വീകരിക്കാനും അവർ തയ്യാറായിരുന്നു. അക്കണക്കിന് ഗാന്ധിജിയുടെ നിസ്സഹകരണ/അഹിംസാ മാർഗം പിന്തുടർന്ന് 1920 ഓഗസ്റ്റ് മാസം മുതൽ 1921 ഓഗസ്റ്റ് വരെയുള്ള ഒരുവർഷം അവർ സംയമനത്തിലൂടെ മുന്നേറി. ഗാന്ധിജി തന്നെ പിൽക്കാലത്ത് പറഞ്ഞത് ‘ഞങ്ങളും ഈ നിസ്സഹകണം പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷിച്ചത് ഒരു വർഷം കൊണ്ട് സ്വാതന്ത്ര്യം കിട്ടും എന്നായിരുന്നു’ എന്നാണ്. പക്ഷേ വർഷം ഒന്ന് പിന്നിട്ടിട്ടും സ്വാതന്ത്ര്യലബ്ധിയുണ്ടായില്ലെന്ന് മാത്രമല്ല, പട്ടിണി വർധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ താഴെത്തട്ടിലെ അസഹനീയമായ യുദ്ധഫണ്ട് പിരിവായിരുന്നു ദാരിദ്ര്യത്തിന് കാരണം. മുകൾതട്ടിൽ പ്രഭുക്കന്മാരെ വിളിച്ചുകൂട്ടി യുദ്ധഫണ്ട് സമ്മേളനം നടത്തി. കോഴിക്കോട് വിക്ടോറിയ ഹാളിൽ ഇത്തരത്തിലൊരു യോഗം നടന്നു. യോഗത്തിൽ കെപി കേശവമേനോൻ പങ്കെടുക്കുകയും തനിക്ക് മലയാളത്തിൽ സംസാരിക്കാൻ അവസരം തരണമെന്ന് പറയുകയും ചെയ്തു. അനുമതി കിട്ടാതായതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇറങ്ങിപ്പോവുന്നതും ബ്രിട്ടീഷ് രാജാവിനെ ചോദ്യം ചെയ്യുന്നതുമൊക്കെ വലിയ തെറ്റായി ഗണിക്കപ്പെടുന്ന കാലമായിരുന്നു അത്. പക്ഷേ മധ്യവർഗത്തിൽപെട്ട ചെറുപ്പക്കാരായ പലരും തെറ്റിനെതിരെ ശബ്ദമുയർത്തി തുടങ്ങിയിരുന്നു. കെ.പി നാരായണ മേനോൻ അതിലെ പ്രധാനിയായിരുന്നു. 1917 കോഴിക്കോട് നടന്ന രണ്ടാം മലബാർ ജില്ലാ സമ്മേളനം (ടെന്നീസ് കോർട്ട് സമ്മേളനം) ഉദ്ഘാടനം ചെയ്തത് സി.പി രാമസ്വാമി അയ്യരാണ്. ജന്മിത്വ വ്യവസ്ഥ മാറ്റമില്ലാതെ നിലനിർത്തണമെന്ന് വാദിക്കുന്ന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.
1914 മുതൽ 1921 വരെയുള്ള കാലഘട്ടം വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. അതിനെ നിസ്സഹകരണ സമരം, മലബാർ സമരം, ഖിലാഫത്ത്, പട്ടിണി എന്നിങ്ങനെ വേർപ്പെടുത്തി പറയേണ്ടതില്ല. നാം നമ്മുടെ ലോകത്തെ തിരിച്ചറിഞ്ഞ കാലമാണിത്. എത്രയോ ചെറുപ്പക്കാർ പട്ടാളത്തിൽ ജോലി തേടി പോയിരുന്നു. ബ്രിട്ടീഷുകാരെ സഹായിക്കാനായിരുന്നില്ല അവരുടെ പോക്ക്, പട്ടിണി മാറ്റാനായിരുന്നു. യുദ്ധശേഷം കടുത്ത ബ്രിട്ടീഷ് വിരുദ്ധ മനസ്സുമായി അവരെല്ലാം തിരിച്ചു വരാൻ തുടങ്ങി. അവർ നാട്ടിൽ വന്ന് പറഞ്ഞത് നിങ്ങൾ വിചാരിക്കും പോലെ വലിയ രാക്ഷസരൊന്നുമല്ല ബ്രിട്ടൻ, അവർ ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ രാജ്യമായി മാറിയിട്ടുണ്ട്, അവർക്കു മുമ്പിലേക്ക് മറ്റു ലോകരാഷ്ട്രങ്ങൾ വളർന്നുകഴിഞ്ഞു, ഈ ഘട്ടത്തിൽ നാം ബ്രിട്ടനെതിരെ പോരാടിയാൽ നമുക്ക് നാട്ടിലെ പട്ടിണി മാറ്റാൻ പറ്റും… തുടങ്ങിയ കാര്യങ്ങളാണ്. ബ്രിട്ടീഷ് വിരുദ്ധമനസ്സോടെ തിരിച്ചുവന്ന് സാധാരണക്കാരനെ സമരത്തിലേക്ക് നയിച്ച പട്ടാളക്കാരിൽ പ്രമുഖനായിരുന്നു സർദാർ ചന്ദ്രോത്ത്. അദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നാണ് അക്കാലത്തെ പട്ടാളക്കാരുടെ മതനിരപേക്ഷമായ ശൗര്യം വായിക്കാൻ കഴിയുന്നത്. അദ്ദേഹത്തിന്റെ കൃതിയിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി മഞ്ചേരിയിൽ നടത്തിയ സമ്മേളനത്തെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. പട്ടാളം താമിയുടെ കുറിപ്പുകളിൽ നിന്നും അത്തരം കാര്യങ്ങൾ വ്യക്തമാണ്.

മലബാർ കലാപം ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്ന് പ്രചരിപ്പിക്കുന്നവർ പ്രയോജനപ്പെടുത്തുന്നത് ബ്രിട്ടീഷ് രേഖകളാണ്. അടുത്തകാലത്ത് കണ്ടെടുക്കപ്പെട്ട ഒരു രേഖ, ബ്രിട്ടീഷുകാരാൽ നിർമിക്കപ്പെട്ട മലബാർ റബല്യൻ എന്ന പേരിൽ 30 മിനിറ്റ് ദൈർഘ്യമുള്ള, മലബാറിൽ നടന്ന സമരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്. ശബ്ദമില്ലാതെ, കുറിപ്പുകളായാണ് ആ ഡോക്യുമെന്ററിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇതിലുള്ള പല ചിത്രങ്ങളും അവർ കൃത്രിമമായി നിർമിച്ചതാണ്. ബാംഗ്ലൂർ റെജിമെന്റിൽ നിന്ന് വന്ന പട്ടാളക്കാരനായ റോബിൺസൺ ബാംഗ്ലൂരിലെ തന്റെ സംഘത്തോടൊപ്പം മഞ്ചേരിയിലും തിരൂരങ്ങാടിയിലും കുടികൊള്ളുന്ന അധ്യാത്മിക മഹത്തുക്കളുടെ ശവക്കല്ലറകൾക്ക് ചുറ്റും നിന്ന് പടങ്ങളെടുത്തിരുന്നു. ഈ ചിത്രങ്ങൾ വെച്ച് അത്തരം ശവക്കല്ലറകൻ ആയുധപ്പുരകളാണെന്നും ഭക്തിയോടെയല്ല, ജനങ്ങൾ അത്തരം ശവക്കല്ലറകളിൽ പോകുന്നതെന്നും പ്രചരിപ്പിച്ചു. 1922 ആകുമ്പോഴേക്കും ഈ സിനിമ ഇന്ത്യയിലും പുറത്തും ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച് മലബാർ സമരങ്ങൾക്ക് വർഗീയമായ മാനം നൽകാൻ ശ്രമിച്ചു. ഇങ്ങനെയൊരു കലാപം ഇനി ഭൂമുഖത്തുണ്ടാകാൻ പാടില്ല, ഇങ്ങനെയൊരു വർഗം ഇനി ഈ ഭൂമിയിലുണ്ടാകാൻ പാടില്ല എന്നായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിലപാട്. ഈ ലക്ഷ്യത്തിലേക്ക് ആദ്യമായി വഴിയൊരുക്കിയ ഈ സിനിമയുടെ തിരക്കഥ മദ്രാസിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്ന ഗിൽബർട്ട് സ്‌ലേറ്ററാണ് ഈ നുണ സിനിമക്ക് ചുക്കാൻ പിടിച്ചത്. ബ്രിട്ടീഷുകാരുടെ സകല നുണപ്രചരണങ്ങൾക്കും ചരടുവലിച്ചത് ഇയാളായിരുന്നു. വ്യാജ പ്രചാരണത്തിലൂടെ കലാപം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ തുടങ്ങിയ പബ്ലിസിറ്റി ബ്യൂറോയുടെ അധ്യക്ഷനായിരുന്ന ഗിൽബർട്ട് സ്‌ലേറ്റർ പിന്നീട് റിട്ടയർ ചെയ്ത് ബ്രിട്ടനിലെത്തുകയും 1936 ൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ചിത്രവും മലബാർ കലാപ സംബന്ധിയായ വിവരണവും ഉണ്ട്. അവസാന ഭാഗത്ത് ഗിൽബർട്ട് പറയുന്നത് ബ്രിട്ടീഷുകാർ മലബാറിലെ സമൂഹത്തെ കുറിച്ച് ഇതുവരെ മനസ്സിലാക്കിയതെല്ലാം തെറ്റാണ്, അവർ വിചാരിച്ച ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ട് അവിടുത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളെ അടിച്ചമർത്താൻ സാധ്യമല്ല, അതിനു വേറെ വല്ല വഴിയും നോക്കുന്നതായിരിക്കും നല്ലത് എന്നാണ്. 1921 ലും അതിനു മുമ്പും നടന്ന സമരങ്ങളിൽ നിരവധി ആളുകളെ കൊല്ലാനായെങ്കിലും അടിച്ചമർത്താനായിട്ടില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് അദ്ദേഹം. നമ്മുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കാരണങ്ങളിൽ മലബാറിൽ നടന്ന സമരങ്ങളും കലാപങ്ങളും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. 1937 വടകരയിൽ അന്തമാനിൽ നിന്ന് മടങ്ങിവരുന്നവരുടെ എക്‌സ് പ്രിസണേഴ്‌സ് കോൺഫറൻസ് ചേർന്നിരുന്നു. പ്രസ്തുത സമരപ്പന്തലിൽ വലിയ ഒരു ചിത്രം വരച്ചു വെക്കുകയും അതിനുതാഴെ ഇങ്ങനെ എഴുതി വെക്കുകയും ചെയ്തിരുന്നു: ‘മരണവണ്ടി മറക്കുമോ?’ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ നാം മറന്നിട്ടില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ആ സ്മരണ ഇന്നും നിലനിർത്തിപ്പോരുന്നു. അവർ നമുക്ക് പകർന്ന മതനിരപേക്ഷ പാരമ്പര്യം വരാനിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ വായുവിനു വേണ്ടിയുള്ളതായിരുന്നു.

മലബാറിലെ പോരാട്ടങ്ങളെ സംബന്ധിച്ച് നിരവധിയായ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗത്തിൽ ഇതേക്കുറിച്ചുള്ള 200 പ്രബന്ധങ്ങളുണ്ട്. അതിൽ ഒരു പ്രബന്ധത്തിൽ പോലും ഇത് ഹിന്ദു വിരുദ്ധകലാപമാണെന്ന് അക്കാദമികമായി ഒരു മനുഷ്യനും പറഞ്ഞിട്ടില്ല. ഒരിടത്തും അതൊരു വർഗീയ കലാപമായി ചിത്രീകരിക്കപ്പെട്ടിട്ടില്ല. പട്ടിണിക്കെതിരെ സാധാരണ മനുഷ്യർ നടത്തിയ പോരാട്ടമായിട്ടാണ് എല്ലാ ചരിത്ര ഗവേഷകരും അതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പിടികൂടിയ എല്ലാവർക്കും ഒരു കുറ്റമായിരുന്നല്ലോ ചുമത്തപ്പെട്ടത്. ബ്രിട്ടീഷ് രാജാവിനെതിരെയുള്ള യുദ്ധം എന്നതായിരുന്നു അത്. നാടുകടത്താനും തൂക്കിലേറ്റപ്പെടാനുമൊക്കെ കാരണമായത് ആ കുറ്റമാണ്. എം പി നാരായണമേനോനെ 1921 സെപ്റ്റംബർ രണ്ടിനാണ് മഞ്ചേരിയിൽ വച്ച് പിടികൂടുന്നത്. അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് ബോംബെ ക്രോണിക്കിൾ പ്രസിദ്ധീകരിച്ച ഒരു വിവരണം ഈയടുത്തകാലത്ത് കണ്ടെടുക്കപ്പെട്ടിരുന്നു. തുണികെട്ടി അപഹസിച്ച് ദയനീയമായിട്ടായിരുന്നു അദ്ദേഹത്തെ ഇറക്കി കൊണ്ടുപോയതെന്ന് ആ വിവരണത്തിൽ പറയുന്നു. അദ്ദേഹത്തെ വിചാരണ ചെയ്ത് കോയമ്പത്തൂരിലെ ജയിലിലടക്കാൻ ആരോപിക്കപ്പെട്ട കുറ്റം ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം ചെയ്തു എന്നുള്ളതായിരുന്നു. അദ്ദേഹത്തെ ബ്രിട്ടീഷ് രേഖകൾ വിശേഷിപ്പിച്ചത് മോസ്റ്റ് ഡെയ്ഞ്ചറസ് യംഗ് മാൻ ഇൻ മലബാർ (മലബാറിലെ ഏറ്റവും അപകടകാരിയായ യുവാവ്) എന്നായിരുന്നു. മാപ്പിളമാരോട് ചേർന്നുനിന്ന് മാപ്പിള മേനോനായി അവർക്കായി പോരാട്ടം നയിച്ചു എന്നുള്ളതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.

ഖിലാഫത്തും ദേശീയ പ്രസ്ഥാനവും

തുർക്കിയുമായി ബന്ധപ്പെട്ടാണ് ഖിലാഫത്ത് പ്രസ്ഥാനം ഉയർന്നുവരുന്നത്. എന്നാൽ തുർക്കിയുമായി മാത്രം ബന്ധപ്പെട്ടാണ് എന്ന ധാരണയും വേണ്ട. തുർക്കി എന്നത് ലോകത്തെ ഏറ്റവും വലിയ തന്ത്രപ്രധാനമായ ഒരു പ്രദേശമാണ്. അവിടെ ഒരു ഭരണകൂടമുണ്ടാകാൻ യൂറോപ്യൻ രാജ്യങ്ങൾ ഒരിക്കലും സമ്മതിക്കാറില്ല. അതിന്റെ പ്രധാന കാരണം മെഡിറ്ററേനിയൻ കടലിലേക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് വിശിഷ്യാ റഷ്യ പോലെയുള്ള രാജ്യങ്ങൾക്ക് തുർക്കി പ്രദേശത്ത് കൂടി വേണം കടന്നുവരാൻ. കടൽ തുറയില്ലാത്ത അടഞ്ഞദേശമായ റഷ്യയ്ക്ക് കടലിലേക്കുള്ള വഴിതുറക്കുന്നത് തുർക്കി വഴി മെഡിറ്ററേനിയൻ കടലും അഫ്ഗാനിസ്ഥാൻ വഴി അറബിക്കടലുമാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ തുർക്കിയെ നിയന്ത്രിക്കേണ്ടത് പലരും ആവശ്യമായി കണ്ടിരുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ബ്രിട്ടൻ തുർക്കിയെ കയ്യടക്കി. യുദ്ധം തുടങ്ങുംമുമ്പ് തുർക്കിയുടെ മുഴുവൻ സംരക്ഷണവും ബ്രിട്ടൻ ഏറ്റെടുത്തിരുന്നു. വരേണ്യരായ മുസ്‌ലിംകൾക്ക് പട്ടാളത്തിൽ പ്രവേശനം നൽകിയും ധനം നൽകിയും ബ്രിട്ടൻ സഹായിച്ചു. ജർമ്മനി തിന്മയുടെ ശക്തിയാണെന്ന് പ്രഖ്യാപിച്ചു. യുദ്ധം കഴിയുമ്പോഴേക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുസ്‌ലിം ജനവിഭാഗം. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. കൊടുത്ത വാഗ്ദാനങ്ങളെല്ലാം ലംഘിക്കുകയും ട്രയാൻ, സവേഴ്‌സ് എന്നീ രണ്ട് സന്ധികൾ ഒപ്പുവെക്കുകയും ചെയ്ത് ബ്രിട്ടൻ തുർക്കിയെ ഇല്ലാതാക്കി. ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി. ഇത് ലോക മുസ്‌ലിംകൾക്ക് വലിയ അപമാനവും വെല്ലുവിളിയുമായി. മാത്രമല്ല, ഇക്കാര്യം ലോക മുസ്‌ലിംകൾക്കിടയിൽ പെട്ടെന്ന് പരക്കുകയും ചെയ്തു.
റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവവും ഖിലാഫത് രൂപീകരണത്തിലേക്ക് നയിച്ചിട്ടുണ്ട്. ഈയടുത്ത് കൊച്ചി പുരാരേഖകളിൽ നിന്ന് ബ്രിട്ടീഷ് അധികാരികൾ കൊച്ചിയിലെ ദിവാനയച്ച ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. അതിനു മുകളിൽ ബോൾഷെവിക് മെനേഴ്‌സ് (ബോൾഷെവിക് ഭീഷണി) എന്ന് എഴുതിയിരിക്കുന്നത് കാണാം. തുർക്കിയിൽ നിന്ന് ഖിലാഫത്ത് എന്ന പേരിൽ കുറേയാളുകൾ ലോകത്തിലേക്ക് ഇറങ്ങി തിരിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രചാരണം നടത്തുന്ന ആളുകളെ മുഴുവൻ നിരീക്ഷിക്കുവാൻ പ്രത്യേക പോലീസ് സേനയെ സജ്ജമാക്കണം എന്നാണ് പ്രസ്തുത കത്തിലെ നിർദേശം. ഈ കത്ത് അക്കാലത്തെ എല്ലാ കളക്ടർമാർക്കും അയച്ചിരുന്നു. തുർക്കിയിലെ ഖിലാഫത്തിനെ ബ്രിട്ടനെതിരെയുള്ള/കമ്മ്യൂണിസം പ്രചരിപ്പിക്കാനുള്ള ഉദ്യമമായിട്ടാണ് ബ്രിട്ടീഷ് ഗവൺമെന്റ് കണ്ടിരുന്നത്. അതിനാൽ തുർക്കി ഖിലാഫത്തിനെ അടിയോടെ വെട്ടിക്കളയുക എന്നത് മുതലാളിത്വത്തിന്റെ ആവശ്യമായിരുന്നു. ഈ ഖിലാഫത്ത് സന്ദേശം ഇന്ത്യയിലെത്തിയപ്പോൾ സ്വതന്ത്ര പ്രസ്ഥാനത്തിലേക്ക് അന്നോളം വരാതിരുന്ന മുസ്‌ലിംകളെ ആകർഷിക്കുവാൻ ആനി ബസന്റിനെ പോലെയുള്ളവർ ശ്രമിച്ചു. ഹിന്ദു മുസ്‌ലിം ഐക്യം എന്ന പ്രമേയത്തിൽ വലിയ മുന്നേറ്റം ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടാവുകയും 1916 ഡിസംബറിൽ ലക്‌നൗവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തു. അവിടേക്ക് എല്ലാ വിഭാഗങ്ങളെയും കോൺഗ്രസ് ക്ഷണിച്ചിരുന്നു. എല്ലാവരും ലക്‌നൗവിലേക്ക് പോകുക എന്നത് പുണ്യമായി കണ്ടു. മുസ്‌ലിംകൾ പൊളിറ്റിക്കൽ മക്ക എന്നാണ് ലക്‌നൗവിനെ വിശേഷിപ്പിച്ചത്. രാജ്യത്താകമാനം മതഐക്യത്തിന്റെ അന്തരീക്ഷം നിലവിൽവന്നു. ഈ ഘട്ടത്തിലാണ് അമൃത് സറിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്. ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജി സമര രംഗത്തിറങ്ങുകയും ആദ്യത്തെ അഖിലേന്ത്യാ ഹർത്താൽ നടത്തുകയും ഇന്ത്യയിലെ സർവ ജനങ്ങളും ഇന്ത്യക്കാർ എന്ന വികാരത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തു. ജനങ്ങളെല്ലാം ജനക്കൂട്ടങ്ങളായി മാറി. രാഷ്ട്രീയമായി മാറ്റമുണ്ടാക്കാൻ ജനങ്ങൾ പൊതുനിരത്തിലിറങ്ങുന്ന പ്രതിഭാസം രൂപപ്പെട്ടു. ഇത് ബ്രിട്ടീഷുകാർക്ക് തലവേദനയായി. ഈ ജനകൂട്ടങ്ങളെ അടിച്ചമർത്താൻ അവർ കരിനിയമങ്ങൾ പടച്ചുണ്ടാക്കി. ഇക്കാലത്താണ് ജനക്കൂട്ട നിരോധനനിയമമായ റൗലത്ത് ആക്ട് വരുന്നത്. പിന്നീട് ഗാന്ധിജി സമര രംഗത്ത് സജീവമായി. ബ്രിട്ടീഷ് ഭരണം ഒരു പിശാചാണെന്നും അതിന് അറുതി വരുത്തണമെന്നും അതിനായി നാം ഒരുമിച്ചുനിൽക്കണമെന്നും പ്രഖ്യാപിച്ച ഖിലാഫത്തിന്റെ ഭാഗമായി കോൺഗ്രസ് മാറുകയും ഗാന്ധിജി അതേറ്റെടുക്കുകയും ചെയ്തു. അലി സഹോദരന്മാർ മാത്രമല്ല, ഗാന്ധിജിയും ആനിബസന്റും കോൺഗ്രസും ഇതിനു പിറകിൽ ചേരുകയും വലിയ ജനകീയ മുന്നേറ്റമായി അത് മാറുകയും ചെയ്തു. അതേ വർഷം തന്നെയാണ് ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ആദ്യത്തെ മിശ്രഭോജനം കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള ആനിഹാൾ റോഡിലെ തിയോസഫി ലോഡ്ജിൽ നടക്കുന്നത്. പൊതുവഴികൾ എല്ലാ മനുഷ്യനും പ്രാപ്തമാകണമെന്നും അവർ പ്രഖ്യാപിച്ചു. തളി ക്ഷേത്രത്തിനു മുന്നിലുള്ള റോഡിൽ കൂടി പന്നിയും പശുവും പട്ടിയും മാത്രം നടന്നാൽ പോര, ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യനും നടക്കാൻ പറ്റണം അവിടെ എന്നും പ്രഖ്യാപിച്ചു. ഇതെല്ലാം ഹോംറൂൾ സ്വയംഭരണ പ്രക്ഷോഭത്തിലെ ഭാഗമായി വന്നതായിരുന്നു.
മലബാർ ജനതയെ കാണാൻ 1920 ൽ ഗാന്ധിജി ശൗക്കത്തലിയോടൊപ്പം കോഴിക്കോടെത്തുകയും മാപ്പിള ജനതയോട് പ്രസംഗിക്കുകയും ചെയ്തു. മാപ്പിളമാരിൽ രാഷ്ട്രീയബോധം അങ്കുരിപ്പിക്കാൻ ആ സമ്മേളനം കാരണമായി. സമ്മേളനം കഴിഞ്ഞയുടനെയായിരുന്നു പൊതുയോഗങ്ങൾ നിരോധിച്ച് കൊണ്ടുള്ള ബ്രിട്ടീഷ് നിയമം വന്നത്. എന്നാൽ ഈ നിരോധനത്തെ ലംഘിച്ച് ജനക്കൂട്ടം കളക്ടറേറ്റിനു മുമ്പിലൂടെ ശക്തിപ്രകടനം നടത്തി. ഗാന്ധിജിയുടെയും ഷൗക്കത്തലിയുടെയും പ്രസംഗം കേട്ട് തിരിച്ചെത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ജനത സ്വദേശങ്ങളിൽ ഖിലാഫത്ത് കമ്മിറ്റികൾ സ്ഥാപിക്കാൻ തുടങ്ങി. ഒരു മുസ്‌ലിം വിഷയമായിട്ടല്ല ആരും ഇതിനെ കണ്ടത്. ഗാന്ധിജിയുടെ ഈ പ്രഖ്യാപനം വന്നതോടെ യു ഗോപാലമേനോൻ അതിന്റെ സെക്രട്ടറിയായും നിരവധി ഹിന്ദുക്കൾ അതിന്റെ പ്രചാരകരായും മാറി. ഖിലാഫത്തിനോടൊപ്പം മലബാറിലെ പ്രധാന പ്രശ്‌നമായ കുടിയാൻ വ്യവസ്ഥയും ചർച്ചയായി.
എംപി നാരായണ മേനോൻ, കെ മാധവൻ നായർ, കെപി കേശവമേനോൻ തുടങ്ങിയവരെല്ലാം ഒരുമിച്ചു മുന്നേറി. 1919 ഓഗസ്റ്റ് മാസത്തിൽ ഖിലാഫത് ദിനം അവർ ഒരുമിച്ച് ആഘോഷിച്ചു. ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു ഏറ്റവും കൂടുതൽ ജനത ഇതിൽ പങ്കാളികളായത്. സമരം ഈ സ്ഥലങ്ങളിൽ മാത്രം വ്യാപിക്കാനുള്ള കാരണമായി ഇഎംഎസ് എഴുതിയത് മലബാറിലെ വൻകിട ജന്മിമാർ ഇവിടെയായിരുന്നു ജീവിച്ചിരുന്നതെന്നും അതിനാൽ കൊടിയ ചൂഷണങ്ങൾക്ക് വിധേയരായവരാണ് ഇവിടത്തുകാർ എന്നുമായിരുന്നു. സഹിക്കാനാവാത്ത ദാരിദ്ര്യമാണ് അവരെ കലാപത്തിലേക്ക് എത്തിച്ചത്. മലബാർ സമര കാരണം മതമല്ല, ദാരിദ്ര്യമായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ പൊതുധാരണ മാത്രം മതി. പക്ഷേ ബ്രിട്ടീഷുകാർ ഇതിനെ കണ്ടത് ദാരിദ്ര്യത്തിന്റെ കണ്ണിലൂടെയല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ അവരുടെ അന്വേഷണ റിപ്പോർട്ടിൽ മാപ്പിളമാർ, പ്രത്യേകിച്ചും കാട്ടു മാപ്പിളമാർ കലാപത്തിനിറങ്ങാൻ കാരണം മതഭ്രാന്തായിരുന്നു എന്ന് പറയുന്നുണ്ട്. പക്ഷേ വില്യം ലോഗൺ 1880 നടത്തിയ അന്വേഷണത്തിൽ മതഭ്രാന്തല്ല, തെറ്റായ റവന്യൂ നയമാണ് കലാപ കാരണമെന്ന് സമ്മതിക്കുന്നുണ്ട്. ലോഗൻ തുടർന്ന് പറയുന്നു: ‘ഈ റവന്യൂ നയം മാറ്റാതെ കലാപത്തെ അടിച്ചമർത്താൻ സാധ്യമല്ല. അവരുടെ പ്രതിഷേധം ന്യായമാണ്’. താഴെത്തട്ടിലെ ഈ ജനത അസഹനീയമായ അവരുടെ അവസ്ഥ മാറ്റുന്നതിനുള്ള ഒരു സമരത്തിലേക്ക് വന്നത് യുദ്ധത്തിന്റെ പ്രത്യേക പശ്ചാത്തലത്തിലാണ്. ആ സമയം അവർ രാഷ്ട്രീയബോധം നേടി പൊതുപ്രവർത്തനത്തിനിറങ്ങി. ബ്രിട്ടീഷുകാർ യുദ്ധ കലാപ ഘട്ടങ്ങളിൽ വിദ്യാഭ്യാസം നൽകി തയ്യാറാക്കിയ ബ്രിട്ടീഷ് അനുകൂല യുദ്ധപ്രഭാഷകർക്കെതിരെ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും എംപിയും ഹസൻ കോയ മുല്ലയും കൗണ്ടർ പ്രൊപഗണ്ടയൊരുക്കി. അവർ നാടുനീളെ സഞ്ചരിച്ച വീട് കേറി ലഘുലേഖ വിതരണം ചെയ്തു. ഇന്ന് കാണുന്ന ചുമരെഴുത്തുകൾ അന്നാണ് തുടങ്ങിയത്. അങ്ങനെ ഗ്രാമങ്ങളിൽ രാഷ്ട്രീയ വേദികൾ സജീവമായി. അവർ ചുറ്റുപാടുമുള്ള ലോകത്തെ തിരിച്ചറിയാനും മുൻകാല പോരാട്ടങ്ങളെ കുറിച്ച് പഠിക്കാനും തുടങ്ങി. ഇതു കണ്ട ബ്രിട്ടീഷുകാർ ഇത്തരം വേദികൾ തടയാനും ഓഫീസുകൾ റെയ്ഡ് ചെയ്യാനും തുടങ്ങി. അങ്ങനെയാണ് തിരൂരങ്ങാടിയിൽ സംഘർഷമുണ്ടാകുന്നത്. അവിടെ നിന്ന് എല്ലാം അവസാനിപ്പിച്ചു എന്ന് പറഞ്ഞ് കളക്ടർ തോമസ് ഒരു ബൈക്കിൽ കോഴിക്കോട്ടേക്ക് മടങ്ങവേ താനൂർ വിട്ട് പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിന് നേർക്ക് വരുന്നതു കണ്ടു. തങ്ങളുടെ സഹോദരങ്ങൾക്ക് എന്തോ ആപത്തു വന്നിരിക്കുന്നു എന്ന വാർത്ത കേട്ട് അവർ തിരൂരങ്ങാടിയിലേക്ക് നീങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം മറ്റൊരു വഴിക്ക് വണ്ടി തിരിക്കുകയും രക്ഷപ്പെടുകയും ചെയ്യുകയാണുണ്ടായത്. അതിനുശേഷമുള്ള കുറച്ചു ദിനങ്ങൾ സമരക്കാരുടെ കയ്യിലായിരുന്നു ഏറനാടും വള്ളുവനാടും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി പറയുന്നുണ്ട്: ‘നാം സ്ഥാപിച്ച ഈ രാജ്യം സ്വതന്ത്ര രാജ്യമാണ്. ഗാന്ധിജി വിഭാവനം ചെയ്ത രാജ്യമാണ്. ഈ രാജ്യത്ത് ഇപ്പോൾ ആരുടെ കൈയിലാണോ ഭൂമിയിരിക്കുന്നത് അവരാണ് അതിന്റെ ഉടമസ്ഥർ. ജന്മിത്വമിതാ അവസാനിച്ചിരിക്കുന്നു. നിങ്ങളാണിനി ഭൂമിയുടെ ഉടമസ്ഥർ. ഇനി നിങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റിന് നികുതി കൊടുക്കരുത്. ഇവിടെ ഒരു മത ഭരണകൂടവും സ്ഥാപിക്കലല്ല എന്റെ ലക്ഷ്യം’
മറ്റൊരിക്കൽ മഞ്ചേരിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘നാം ഏറെ കഷ്ടപ്പെട്ടിരിക്കുന്നു. ഇതിനു കാരണം ബ്രിട്ടീഷ് ഭരണകൂടമാണ്. നമ്മളിൽ ആരും പട്ടിണി കിടക്കരുത്’. മലബാറിലെ ഏറ്റവും വലിയ പ്രശ്‌നം പട്ടിണി തന്നെയായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സമരത്തിൽ പങ്കെടുത്തവർ പിടിച്ചെടുത്തതിൽ അധികവും പത്തായത്തിൽ കിടക്കുന്ന നെല്ലായിരുന്നു. തുടർന്ന് സാധാരണക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു അവ. വാരിയൻകുന്നന്റെതായി ഈ അടുത്ത് കിട്ടിയ ഒരു രേഖയിൽ പറയുന്നു: എന്റെ 200 ചെർമക്കൾ കാട്ടിൽ നിന്ന് മുളയും തേക്കും വെട്ടി ബ്രിട്ടീഷ് പട്ടാളം വരുന്നതിനെ തടയാൻ വേണ്ടി സ്വമേധയാ കഠിനാധ്വാനം ചെയ്യുകയാണ്. ചെറുമക്കൾ എന്നാൽ അടിസ്ഥാന വർഗമായ താഴെതട്ടിൽ പണിയെടുക്കുന്നവരാണ്. ഇവരെല്ലാം വാരിയംകുന്നത്തിനോടൊപ്പമായിരുന്നു നിലകൊണ്ടത്. ഇതറിഞ്ഞ് ബ്രിട്ടീഷ് പട്ടാളം പാണ്ടിക്കാട്ടെത്തി ജന്മിമാരുടെ പിന്തുണയോടെ ഇവരിൽ പലരെയും പിടികൂടുകയും നിലമ്പൂരിലെ ജയിലിൽ അടക്കുകയും ചെയ്തു. തുടർന്ന് വാരിയംകുന്നൻ തന്റെ അനുയായികളോടൊപ്പം നിലമ്പൂരിൽ എത്തി ജയിൽ തകർക്കുകയും പോലീസ് സ്റ്റേഷൻ തീയിടുകയും ചെയ്ത് അവരെ മോചിപ്പിച്ചു. ഒരു മതനിരപേക്ഷ ഭരണകൂടം സ്ഥാപിക്കുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് ഇതിൽനിന്ന് വ്യക്തമാണ്. എങ്കിലും അദ്ദേഹത്തിന് ആദ്യകാലത്ത് ആവേശം കൊടുത്ത, അദ്ദേഹം കൂടി മെമ്പറായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ജന്മിത്വ ഭരണകൂടവും ഒരു വ്യവസ്ഥ തന്നെ തകരുന്നു എന്ന് കണ്ടപ്പോൾ സമരത്തിൽ നിന്ന് പിൻമാറുകയും ഒറ്റു കൊടുക്കുകയും ചെയ്യുകയാണുണ്ടായത്. ആനിബസന്റ് അതിൽ പ്രധാനിയാണ്. 1922ൽ ആനി ബസന്റ് How India wrote for freedom എന്ന പുസ്തകമെഴുതി. ഈ ഇസ്‌ലാമിക ശക്തികളെ അഥവാ മാപ്പിളമാരെ ഇങ്ങനെ പ്രചോദിപ്പിച്ചത് ഞാനല്ല ഗാന്ധിജിയാണ് എന്നെഴുതി. തുടർന്ന് അവർ പറയുന്നു: ഇത് ഗാന്ധിജി വിതച്ച വിത്താണ്. ഗാന്ധിജിയാണ് ഇത്തരം മുന്നേറ്റങ്ങൾക്ക് വീര്യം പകർന്നത് എന്നത് ശരിയാണ്. അത് ബ്രിട്ടീഷ് വിരുദ്ധത കൊണ്ടു മാത്രമായിരുന്നില്ല, ഇവിടത്തുകാർ അനുഭവിക്കുന്ന ദുരിത പ്പെയ്ത്തുകൾ തീർക്കണമെന്ന മോഹം കൊണ്ടു കൂടിയായിരുന്നു. പിന്നീട് കലാപ താൽപര്യങ്ങളുടെ വിസ്തൃതി കൂടിവന്നു. വഴിസ്വാതന്ത്ര്യം, വസ്ത്രധാരണം, വിദ്യാഭ്യാസം, ജനാധിപത്യാവകാശങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സ്വാതന്ത്ര്യസമരം പ്രധാനപ്പെട്ട കാരണമായി മാറി. അത്തരം ദിശാമാറ്റത്തിന് തുടക്കമിട്ടത് മലബാറിലെ പോരാളികളാണ്. മലബാർ പോരാളികൾ സഹിച്ച ത്യാഗമാണ് നമ്മൾ ഇന്ന് സ്വാതന്ത്ര്യമായി അനുഭവിക്കുന്നത്.
ഒമ്പത് വൻ പട്ടാള കമ്പനികളാണ് ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ സമരം അമർച്ചചെയ്യാൻ എത്തിയിരുന്നത്. അവർ നാട്ടിലെത്തി കർഫ്യൂ പ്രഖ്യാപിച്ചു . ആളുകളെ മുഴുവൻ അറസ്റ്റ് ചെയ്തു വിദൂരങ്ങളിലേക്ക് ട്രെയിനുകളിൽ നാടുകടത്തി. അതിലൊന്നു മാത്രമാണ് 1921 നവംബർ 19ന് അർധരാത്രി കോയമ്പത്തൂരിനടുത്ത് പോത്തന്നൂരിൽ വെച്ച് തുറന്നതും 70 പേരുടെ രക്തസാക്ഷിത്വത്തിൽ കലാശിച്ചതും. ഇതിനു സമാനമായ സംഭവങ്ങൾ പലയിടങ്ങളിലും നടന്നിട്ടുണ്ട്. സെപ്റ്റംബർ 2 മുതൽ നിരവധി തവണ മലബാറിൽനിന്ന് ദൂരസ്ഥലങ്ങളിലേക്ക് വായുകടക്കാത്ത വാഗണുകളിൽ മാപ്പിളമാരെ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. അവയൊന്നും പുറത്തു വന്നിട്ടില്ല എന്നതാണ് സത്യം. കോയമ്പത്തൂരിലെ പോത്തന്നൂരിൽ വെച്ച് നടന്ന വാഗൺ ദുരന്തം പുറത്തുവരാൻ കാരണം അവിടുത്തെ പ്രദേശവാസികൾ കണ്ടതു കൊണ്ട് മാത്രമാണ്.
നാം ഒരുമിച്ചു നടത്തിയ ദേശീയ പോരാട്ടം തന്നെയാണ് മലബാർ സമരം. അതിലെ ഖിലാഫത്ത് സമരം അതിന്റെ അഭിവാജ്യഘടകമായിരുന്നു. മതമൈത്രി അതിന്റെ ചാലകശക്തിയായി വർത്തിച്ചു. മദ്രാസ് നിയമസഭയിൽ മലബാർ സമരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ മലബാറിലെ ബ്രിട്ടീഷുകാരുടെ സഹായികളായ മുസ്‌ലിം പ്രമാണിമാരായ പ്രതിനിധികളെല്ലാം നിശ്ശബ്ദരായിരിക്കുമ്പോൾ മലബാർ പോരാളികൾക്ക് വേണ്ടി ശബ്ദിച്ചത് കോയമ്പത്തൂരിലെയും ആന്ധ്രയിലെയും കർണാടകയിലെയും ഹിന്ദു പ്രതിനിധികളായിരുന്നു. അതിൽ പ്രമുഖനാണ് സ്വതന്ത്ര ഇന്ത്യയിലെ ധനകാര്യ മന്ത്രിയായി ചുമതലയേറ്റ ആർ.കെ ഷൺമുഖ ജെട്ടി. സമരത്തിൽ മരിച്ചവർക്ക് 300 രൂപ വീതം നഷ്ടപരിഹാരം നൽകാനുള്ള മദ്രാസ് ഗവൺമെന്റിന്റെ തീരുമാനത്തിനുള്ള പ്രതികരണമായി അദ്ദേഹം ചോദിച്ചു: ‘ഒരു കറുത്ത ഇന്ത്യക്കാരന് നിങ്ങൾ വിലയിട്ടത് മുന്നൂർ രൂപയാണോ’. ഇത്തരത്തിൽ ഹിന്ദുക്കളുടെ കൂടിയുള്ള മുന്നേറ്റമായിരുന്നു മലബാറിലെ സമരങ്ങൾ. കട്ടിലശ്ശേരിയും എംപി നാരായണ മേനോനും തമ്മിലുള്ള ഗാഢമായ സൗഹൃദം വിശ്രുതമാണ്. കട്ടിലശ്ശേരി എംപിയെ വിളിച്ചത് അബൂത്വാലിബ് എന്നാണ്. സവർണ്ണ കോൺഗ്രസുകാർ നാരായണമേനോനെ അംഗീകരിച്ചിരുന്നില്ല. അതുപോലെ മഞ്ചേരി സമ്മേളനത്തിൽ ഖിലാഫത് പ്രമേയം അവതരിപ്പിച്ചത് കോമു മേനോനായിരുന്നു. ഖിലാഫതിന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയിൽ വന്നത് യു ഗോപാലമേനോനായിരുന്നു. അതുകൊണ്ട് തന്നെ ആ പോരാട്ടം മായ്ക്കാനാവാത്ത മതനിരപേക്ഷതയുടെ ഏടാണ്. ഈ ഉശിരായ സമരമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നൽകിയത്. സ്വാതന്ത്ര്യത്തിന്റെ ശീതളച്ഛായയിൽ നിന്ന് നമുക്ക് ഉറക്കെ പറയാം ‘നമ്മെ വിഭജിക്കാൻ ആർക്കും കഴിയില്ലെന്ന്’.

ഡോ. ശിവദാസൻ

 

Exit mobile version