സ്വത്വം, സമ്പത്ത്, സന്താനം തുടങ്ങിയ അടിമത്വങ്ങളില്‍ നിന്ന് മുക്തി നേടിയവനാണ് യഥാര്‍ത്ഥ ധര്‍മിഷ്ഠന്‍. അവന്‍ എല്ലാം അന്യര്‍ക്കു വ്യയം ചെയ്യും. സ്വന്തത്തിനു ദാനം ലഭിച്ചതു പോലും മറ്റുള്ളവര്‍ക്കു വേണ്ടി വിനിയോഗിക്കും. “സ്വശരീരവും സമ്പത്തുകളും അല്ലാഹു വാങ്ങിയ ഒരു പറ്റം സത്യവിശ്വാസികള്‍”എന്നത്ര ഇക്കൂട്ടരെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. “നീതിയും നന്മയും തീര്‍ച്ചയായും അല്ലാഹു കല്‍പ്പിക്കുന്നു”എന്ന ഖുര്‍ആന്‍ നിര്‍ദേശത്തെ ജീവിത വ്രതമാക്കിയവരാകും ഇവര്‍. അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ എല്ലാ ഇനങ്ങളും ഈ പറഞ്ഞ നീതിയും നന്മയും (അല്‍ അദ്ലു വല്‍ ഇഹ്സാന്‍) ഉള്‍ക്കൊള്ളുന്നുണ്ട്. അല്ലാഹുവിനെതിരാകുന്ന എല്ലാത്തിലും മോശവും ദോഷവും (അല്‍ ഫഹ്ശാഇ വന്‍ മുന്‍കര്‍) കുടികൊള്ളുന്നുണ്ട്.
സാധാരണക്കാരന്റെ ധര്‍മിഷ്ഠത സമ്പത്തില്‍ ഒതുങ്ങുമ്പോള്‍ അസാധാരണക്കാരുടേത് സമ്പത്ത്, കര്‍മം എന്നിവയിലേക്ക് വികസിക്കുന്നു. അസാധാരണക്കാരില്‍ അസാധാരണക്കാരുടേത് ഇവ രണ്ടിനും പുറമെ ആത്മീയ അവസ്ഥാന്തരങ്ങളില്‍ കൂടി വ്യാപിച്ചുകിടക്കും. എന്നാല്‍ പ്രവാചകന്മാരുടെ ധര്‍മിഷ്ഠത ഇവയ്ക്കെല്ലാം പുറമെ ആത്മരഹസ്യങ്ങളില്‍ കൂടി വ്യാപരിക്കുന്നു.
മേല്‍പറഞ്ഞ അര്‍ത്ഥത്തിലുള്ള ഒരു സാത്വികന്റെ സ്വഭാവങ്ങളില്‍ പ്രധാനമാണ് സ്വന്തത്തെ വെറുപ്പോടെയും പടപ്പുകളെ തൃപ്തിയോടെയും കാണുക എന്നത്. തന്റെ താഴെയുള്ളവരുടെയും മുതിര്‍ന്നവരെയും സമപ്രായക്കാരെയുമൊക്കെ അര്‍ഹമാം വിധം പരിഗണിക്കണമെന്ന ബോധം ഇവനുണ്ടാകും. കളവോ പിഴവോ അവഹേളനമോ കൂട്ടുകാരില്‍ ആരോപിച്ചുകൂടാ. സൃഷ്ടികളില്‍ ആരെയും കുറ്റപ്പെടുത്തുകയുമരുത്. ശറഇനു വിരുദ്ധമായ വഴി തെരഞ്ഞെടുക്കുന്നവനെ പോലും കുറ്റപ്പെടുത്താന്‍ തുനിയരുത്. അവന്റെ കുറ്റം പിശാചില്‍ ആരോപിച്ച് സദുപദേശിയാവാനാണ് ശ്രമിക്കേണ്ടത്. കഴിയുമെങ്കില്‍ കൈകൊണ്ട് തെറ്റുകള്‍ തടയുക. പറ്റില്ലെങ്കില്‍ നാവുകൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ട്. അതിനും സാധ്യമാകാത്തപക്ഷം ദുര്‍മാര്‍ഗികളുടെ അവസ്ഥയില്‍ പരിതപിച്ച് ഏകാന്തനാവുക.
ദാരിദ്ര്യം മറച്ചുവെക്കുക, സമ്പന്നത പ്രകടമാക്കുക, സംവാദങ്ങള്‍ വെടിയുക, ആത്മീയാനുഭവങ്ങള്‍ രഹസ്യമാക്കി വെക്കുക, വിഷമങ്ങള്‍ സഹിക്കുക, സ്വന്തം താല്‍പര്യത്തേക്കാള്‍ അപരന്‍റേതിനു മുന്‍തൂക്കം നല്‍കുക. മറ്റുള്ളവരുടെ ആവശ്യപൂരണത്തില്‍ നിരതനാവുക, എടുത്തുപറയില്ലെന്നുറപ്പിച്ച് ദാനം ചെയ്യുക, സ്വന്തം ബാധ്യതകള്‍ വീട്ടാന്‍ ആരെയും കാത്തുനില്‍ക്കാതിരിക്കുക, സാമൂഹികാവശ്യങ്ങള്‍ക്ക് സ്വന്തത്തെ ഉഴിഞ്ഞുവെക്കുക, മഹത്ത്വമെല്ലാം മറ്റുള്ളവര്‍ക്കാണെന്ന് കണക്കാക്കി സ്വന്തത്തില്‍ പോരായ്മ ദര്‍ശിക്കുക, ചെയ്യുന്ന സുകൃതങ്ങള്‍ കുറ്റമറ്റതാണെന്നു നിനക്കാതിരിക്കുക, സ്വന്തത്തിന് നേട്ടമുള്ളതെല്ലാം വെടിയുക, പൊതുജന പ്രശംസയും നൃശംസയും ഒരേ ഭാവത്തില്‍ ഉള്‍ക്കൊള്ളുക.
സത്യം, പക്വത, ഔദാര്യം, സദ്സ്വഭാവം, മാന്യത, സൗഹൃദ പെരുമാറ്റം തുടങ്ങിയവ പുലര്‍ത്തുക, കൂട്ടുകാരില്‍ നിന്നുള്ള ചീത്ത വര്‍ത്തമാനങ്ങള്‍ കേട്ടില്ലെന്നു നടിക്കുക, കരാറുകള്‍ യഥാവിധി പാലിക്കുക. അസൂയ, വെറുപ്പ്, കുശുമ്പ്, തുടങ്ങിയവ വെടിയുക, അല്ലാഹുവിന്റെ പ്രീതിയില്‍ മാത്രം സ്നേഹവും ദ്യേവും കൊള്ളുക, സാധ്യമാകുന്നിടത്ത് മുതലും പദവിയും അപരര്‍ക്ക് സൗകര്യപ്പെടുത്തുക, ചെയ്ത ഉപകാരങ്ങള്‍ എടുത്തുപറയാതിരിക്കുക. ഗുണവാന്മാരുമായി സഹവസിക്കുകയും നിര്‍ഗുണന്മാരെ വര്‍ജിക്കുകയും ചെയ്യുക, തന്റെ കാര്യത്തില്‍ അല്ലാഹുവിനോട് സംവദിക്കാന്‍ താനല്ലാതെ ആരുമുണ്ടാകില്ലെന്നുറപ്പിക്കുക. ദേഹേച്ഛകള്‍ അടക്കുന്നതില്‍ അശ്രാന്ത പരിശ്രമം കാട്ടുക തുടങ്ങിയവയെല്ലാം ഇത്തരക്കാരില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. ദേഹേച്ഛകള്‍ മനുഷ്യന്റെ വിഗ്രഹങ്ങളാണ്. അവ തച്ചുടച്ചേ പറ്റൂ എന്നാണ് ആത്മജ്ഞാനികളുടെ താക്കീത്.
ഒരു ധര്‍മിഷ്ഠനുണ്ടാകേണ്ട ചില ഗുണങ്ങള്‍ കൂടി പറയാം:
ദാരിദ്ര്യത്തിന്റെ പേരില്‍ ഒരാളെയും വെറുപ്പോടെ കാണാതിരിക്കുക. സമ്പത്തിന്റെ പേരില്‍ ഒരുത്തനെയും പരിഗണിക്കാതിരിക്കുക. സ്വദേശിയെയും വിദേശിയെയും പരിചിതനെയും അപരിചിതനെയും സമഭാവത്തോടെ കാണുക. തീറ്റയുടെ കാര്യത്തില്‍ കാഫിറിനെയും വലിയ്യിനെയും വേര്‍തിരിച്ചു കാണാതിരിക്കുക. ഒന്നും പിന്നത്തേക്ക് സൂക്ഷിച്ചു വെക്കാതിരിക്കുക. അനുഗ്രഹം പ്രകടമാക്കുകയും സ്നേഹം മറച്ചുവെക്കുകയും ചെയ്യുക, കുറഞ്ഞതോ കൂടിയതോ ആയ സമ്മാനങ്ങള്‍ക്ക് മുമ്പില്‍ ഭാവമാറ്റം വരാതെ നിലകൊള്ളുക, ദീനില്‍ പെടാത്ത ഒരു കാര്യത്തിന്റെയും പേരില്‍ ആരോടും മുഖം കടുപ്പിക്കാതിരിക്കുക. ദാനം കിട്ടിയാല്‍ നന്ദി കാണിക്കുക. ഒന്നും ലഭിക്കാത്ത പക്ഷം ക്ഷമ കൈക്കൊള്ളുക, കിട്ടിയാല്‍ അതിനായി ആദ്യം സുഹൃത്തിനെ തെരഞ്ഞെടുക്കുക, കിട്ടിയില്ലെങ്കില്‍ ശുക്ര്‍ പറയുകയും ചെയ്യുക.
ചുരുക്കത്തില്‍ അല്ലാഹുവിനെയല്ലാതെ മറ്റുള്ളവരെ കൊണ്ട് വ്യാപൃതനാകാതിരിക്കലാണ് ആത്മജ്ഞാനിയുടെ ധര്‍മനിഷ്ഠ. അത് അവന്റെ ജ്ഞാനത്തിനനുസരിച്ചും മറ്റുള്ളവരുടേത് മതത്തിന്റെ പതിവ് ശൈലി ശീലങ്ങള്‍ക്കുമനുസരിച്ചുമാണ് നടക്കുക.
സമര്‍പ്പണം
ആത്മികദാഹിയുടെ ഉദാത്തമായ ശീലമാണ് തവക്കുല്‍, അഥവാ സമര്‍പ്പണം. സ്വയം ഉണ്‍മയുള്ളവനും മറ്റുള്ളവയ്ക്ക് ആസ്ഥിക്യം നല്‍കുന്നവനുമാണ് അല്ലാഹു എന്ന ബോധമാണ് തവക്കുലിന്റെ പൊരുള്‍. അല്ലാഹുവിന്റെ പൂര്‍ണവും വിശാലവുമായ അറിവ്, കഴിവ്, ആസൂത്രണം തുടങ്ങിയവയെകുറിച്ചുള്ള ബോധം തവക്കുലില്‍ പെടും. അല്ലാഹുവില്‍ മനസ്സകം അര്‍പ്പിതവും ശാന്തവുമാകലും അവനോടുള്ള ബന്ധം കാരണമായി മനസ്സ് വിഭ്രമിക്കാതിരിക്കലുമാണ് തവക്കുല്‍ മൂലമുണ്ടായിത്തീരുക. തവക്കുല്‍ യഥാവിധി ഉള്‍ക്കൊണ്ട ഒരാള്‍ക്ക് നിരോധനങ്ങളുടെ നിമിത്തങ്ങളെ നിരസിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല.
തഫ്വീള്, തസ്ലീം (കീഴ്പ്പെടലും അനുസരണവും) എന്നീ പദവികള്‍ക്കു താഴെയാണ് തവക്കുലിന്റെ സ്ഥാനം. ഉപകാരപ്രദമായവ സ്വീകരിക്കുകയും ഉപദ്രവകരമായവ തിരസ്കരിക്കുകയുമാണ് തവക്കുലിലെ ഉയര്‍ന്ന സ്ഥാനം. എന്നാല്‍ കല്‍പനാ നിരോധനങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ നാം അനുസാരികളാവുകയും അല്ലാഹുവിന്റെ വിധികള്‍ക്ക് മുമ്പില്‍ സ്വന്തം അഭീഷ്ടങ്ങള്‍ വെടിഞ്ഞ് അടിമപ്പെടലുമാണ് തഫ്വീളും തസ്ലീമും.
തവക്കുലിന്റെ മര്യാദകളില്‍ പെടുന്ന മറ്റു രണ്ടു കാര്യങ്ങളാണ് സിഖതും രിള്വായും (സുസ്ഥിരത/സംതൃപ്തി). സിഖത് കൊണ്ടര്‍ത്ഥമാക്കുന്നത് മനസ്സിനു കടിഞ്ഞാണിട്ട് ആത്മസത്യങ്ങള്‍ അണഞ്ഞു പോകാതെ നിലനിര്‍ത്തലത്രെ. “രിള്വാ”ലക്ഷ്യ പ്രാപ്തിക്കു പിറകെ ഉണ്ടാകുന്ന വികാരമാണ്. രിള്വായുടെ പൊരുള്‍ പ്രകൃത്യാ വെറുക്കുന്നതിനെപ്പോലും ആത്മയുക്തിയാല്‍ തൃപ്തിപ്പെടലാകുന്നു. ഇഹത്തിലോ പരത്തിലോ പരീക്ഷണാര്‍ത്ഥം അല്ലാഹു വിധിച്ച ഒരു കാര്യത്തെ വെറുപ്പോടെ കാണുകയോ പരാതിപ്പെടുകയോ ചെയ്താല്‍ അവന്‍ കുറ്റക്കാരനും തെറ്റുകാരനുമായി മാറും.
മനക്കരുത്ത്
ആത്മീയതയുടെ സത്തയാണ് നിയ്യത്ത് (മനക്കരുത്ത്). ഈമാനിനു ശേഷം ഇഹപര വിജയത്തിലേക്കുള്ള വഴിവെട്ടുന്ന മാധ്യമമാണത്. ഭൗതിക താല്‍പര്യങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പാരത്രിക മോഹങ്ങളില്‍ നിന്ന് സുന്നത്തായും നിയ്യത്തിനെ നിര്‍മുക്തമാക്കണം. ഇവ നിയ്യത്തില്‍ കലര്‍പ്പുണ്ടാക്കുന്ന കാര്യങ്ങളാണ്. പല ഉദ്ദേശ്യങ്ങളില്‍ നിന്ന് ഒന്നിനെ നിര്‍ണിതമാക്കുന്ന പ്രക്രിയയാണ് നിയ്യത്ത്. ഖസ്വ്ദ്, അസ്മ്, ഇറാദത്ത് (ലക്ഷ്യം, ദൃഢത, ഉദ്ദേശ്യം) തുടങ്ങിയവയെല്ലാം നിയ്യത്തിന്റെ അനുബന്ധ ഭാവങ്ങളത്രെ. ഉദ്ദിഷ്ട കാര്യത്തിലേക്ക് മനക്കരുത്ത് മുഴുവനായി തിരിച്ചുവിടലാണ് ഖസ്വ്ദ്. ഖസ്വ്ദിനെ സുദൃഢവും സജീവവുമാക്കുന്നത് അസ്മും. തടസ്സങ്ങള്‍ തട്ടിമാറ്റി കഴിവുകള്‍ ഉയിര്‍പ്പിച്ച് ലക്ഷ്യത്തിന്റെ നേര്‍ക്കു നീങ്ങലാണ് ഇറാദത്ത്. നിയ്യത്ത് ആത്മാര്‍ത്ഥതയുള്ളതായാല്‍ പ്രേരണകള്‍ ഒന്നായിച്ചേര്‍ന്ന് കര്‍മത്തിന്റെ കുശലത സജീവമാകും.
സത്യത്തിന്റെ പൊരുള്‍
സത്യം (സ്വിദ്ഖ്) മറ്റൊരുത്തമ ഗുണമാണ്. അല്ലാഹുവിനെ സംബന്ധിച്ചാകുമ്പോള്‍ സ്വിദ്ഖ് അവന്റെ കലാമിലേക്ക് ചെന്നെത്തുന്ന ആശയമാണ്. അടിമകളെ സംബന്ധിച്ചാകുമ്പോള്‍ അകവും പുറവും രഹസ്യവും പരസ്യവും നേര്‍രേഖയില്‍ നിലകൊള്ളുന്നതിനാണ് സ്വിദ്ഖ് എന്നു പറയുക. ആത്മീയ അവസ്ഥകളും സ്ഥാനങ്ങളുമെല്ലാം സ്ഥാപിതമാകുന്നത് സ്വിദ്ഖിന്റെ മേലിലാണ്. അല്ലാഹുവിലുള്ള ആത്മാര്‍ത്ഥത പ്രകടിപ്പിക്കാന്‍ വരെ സ്വിദ്ഖ് അനിവാര്യമാണ്. സ്വിദ്ഖ് മറ്റൊന്നിലേക്ക് ആവശ്യമായതല്ല, അതേ സമയം എല്ലാം സ്വിദ്ഖിലേക്ക് ആവശ്യമായവയാണ്. ഇബാദത്ത് കൊണ്ട് അല്ലാഹുവിനെ ലക്ഷ്യമാക്കലാണ് ഇബാദത്തിലുള്ള ഇഖ്ലാസിന്റെ പൊരുള്‍. നിസ്കാരത്തില്‍ ചിലപ്പോള്‍ നമുക്ക് അലസതയുണ്ടാവും. എന്നാല്‍ മനസ്സാന്നിധ്യത്തോടെ ഇബാദത്ത് ചെയ്യുമ്പോഴേ നാം സ്വിദ്ഖ് പുലര്‍ത്തിയവരാകൂ.
ഇതിനനുസരിച്ച് എല്ലാ സ്വാദിഖും (സത്യവാന്‍) മുഖ്ലിസ് (ആത്മാര്‍ത്ഥതയുള്ളവന്‍) ആണെന്നു പറയാം. പക്ഷേ, എല്ലാ മുഖ്ലിസും സ്വാദിഖാകണമെന്നില്ല. ഇവിടെയാണ് ഇത്തിസ്വാല്‍, ഇന്‍ഫിസ്വാല്‍ (ബന്ധവും ബന്ധവിഛേദവും) എന്നീ ആശയങ്ങള്‍ പ്രസക്തമാകുന്നത്. ഇന്‍ഫിസ്വാല്‍ അല്ലാഹു അല്ലാത്തവയില്‍ നിന്നുള്ള വേര്‍പ്പാടാണെങ്കില്‍ ഇത്തിസ്വാല്‍ അല്ലാഹുവിന്റെ സാന്നിധ്യ ബോധമാണ്. തഹ്ഖീഖ്, തഫ്രീദ് (നിര്‍ണയം, ഏകമാക്കല്‍) എന്നീ രണ്ടു അവസ്ഥകളും സാധകനുണ്ടാവാം. ഒന്നാമത്തേത് ആത്മീയ അവസ്ഥകളും സ്ഥാനങ്ങളും വേര്‍തിരിച്ചും നിര്‍ണയിച്ചും അനുഭവിക്കലാണ്. രണ്ടാമത്തേത് എല്ലാറ്റിന്റെയും നിര്‍മാതാവും നിയന്താവുമായ അല്ലാഹുവിന്റെ ഏകത്വം അനുഭവവേദ്യമായ കാരണത്താല്‍ ബോധവും വിവേകവും മറഞ്ഞ് ദൈവചിന്തയില്‍ നിലയുറപ്പിക്കലുമാണ്.
ഇമാം ഗസ്സാലിറ);പറുദീസ/11 എസ്എസ് ബുഖാരി