നബിദിനാഘോഷം: വിവാദങ്ങളും വസ്തുതകളും

തിരുനബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ് വഹാബികൾ പ്രചരിപ്പിക്കാറുള്ളത്. അവർ എഴുതി: …ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെയൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ് (അൽമനാർ 2006 ഏപ്രിൽ പേ. 13).
എന്നാൽ നബി(സ്വ)യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് തിങ്കളാഴ്ച ദിവസത്തെ നോമ്പിന്റെ കാരണത്തിൽ തന്റെ ജന്മദിനത്തെ നബി(സ്വ) ഉൾപ്പെടുത്തിയത്. ഇത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്. ഇതു സംബന്ധമായ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ എഴുതി: തിങ്കളാഴ്ച പുണ്യറസൂൽ(സ) ജനിച്ച ദിവസം. കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി(സ) ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ് (നോമ്പും നിയമവും പേ. 43). നബി(സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ് (നബിദിനാഘോഷം പേ. 31).

ഹദീസിൽ ഒന്നും പറഞ്ഞില്ല!

നബിദിനത്തെ നിസ്സാരപ്പെടുത്താൻ മുജാഹിദുകൾ എഴുതിവിടാറുള്ള ദുർവാദമാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത്. ‘ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആ കൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്’ (അൽമനാർ 2006 ഏപ്രിൽ പേ. 12).
ഇതൊരിക്കലും ശരിയല്ല. തിങ്കൾ, വെള്ളി ദിവസങ്ങളുടെ പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനനദിനമാണെന്നതാണ്. നബി(സ്വ)യുടെയും ആദം നബി(അ)ന്റെയും ജന്മദിനത്തെ കുറിച്ച് ഹദീസിൽ വന്നത് അൽമനാർ മാസികയിൽ നിന്ന് തന്നെ നമുക്ക് വായിക്കാം: ‘നബി(സ)പറഞ്ഞു: തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ഠിക്കുന്നത് (മുസ്‌ലിം)’
(അൽമനാർ 2015 ഡിസംബർ പേ. 4).
‘സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടതും (മുസ്‌ലിം, അബൂദാവൂദ്)
(അൽമനാർ 2018 നവംബർ പേ. 46).

അമുസ്‌ലിംകളുടെ സമ്പ്രദായമോ?

മൗലിദാഘോഷം അമുസ്‌ലിംകളുടെ സമ്പ്രദായമായാണ് വഹാബികൾ പരിചയപ്പെടുത്തുന്നത്: മൗലിദ് ആഘോഷം മുശ്‌രിക്കുകളുടെയും കാഫിറുകളുടെയും സമ്പ്രദായമാണ് (ശബാബ് വാരിക 2019 നവംബർ 15 പേ. 30).
എന്നാൽ, ഇത് വസ്തുതകൾക്ക് നിരക്കാത്ത ആരോപണം മാത്രമാണ്. അതിന് ഏറ്റവും വലിയ തെളിവാണ് തിങ്കളാഴ്ച നോമ്പ്. ഈ നോമ്പ് തിരുനബി(സ്വ)യുടെ ജന്മദിനത്തെ പരിഗണിച്ചുകൊണ്ടാണ്. ഇക്കാര്യം നബി(സ്വ) വ്യക്തമാക്കിയത് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംകളാകമാനം നബി(സ്വ) ജനിച്ച മാസം സമാഗതമാവുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നുവെന്നത് ലോകത്ത് അറിയപ്പെട്ട സംഗതിയാണ്. മുജാഹിദ് സ്ഥാപക നേതാക്കൾ പോലും മൗലിദാഘോഷത്തെ മുസ്‌ലിംകളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിവസമായാണ് പരിചയപ്പെടുത്തിയിരുന്നത്. അൽമുർശിദിന്റെ വരികൾ ഇങ്ങനെ: ‘റബീഉൽ അവ്വൽ മാസം ഇതാ ആഗതമായിരിക്കുന്നു. അത് നമ്മെ ആനന്ദിപ്പിക്കുന്നു. അത് നമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്‌ലിമിന്റെയും മുഖകമലങ്ങളിൽ ഹർഷ ചിഹ്നങ്ങൾ കളിയാടുന്നു. ഓരോ ഭക്തനും സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. എന്തുകൊണ്ട്? മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സർവ്വവിധ സൗഭാഗ്യത്തിനുള്ള മാർഗങ്ങളെ വെട്ടി തെളിച്ചു തന്ന ആ പുണ്യപുരുഷൻ, ലോകത്തിന് അനുഗ്രഹമായി നിയോഗിക്കപ്പെട്ട ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ) തന്റെ സ്പർശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതുപോലുള്ള ഒരു റബീഉൽ അവ്വൽ മാസത്തിൽ ആയതുകൊണ്ട് തന്നെ (അൽമുർശിദ് മാസിക 1937 മെയ് പേ. 9).

ജൂത സൃഷ്ടിയോ?

പ്രവാചക സ്‌നേഹത്തിൽ നിന്നും സമുദായത്തെ അകറ്റിനിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്. കെഎൻഎം മുഖപത്രം എഴുതി: ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്‌ലിംകളിലേക്ക് പകരുകയായിരുന്നു. അതിന് കുട പിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു. സൂഫികളോടും ശീഇകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെ പകർപ്പവകാശം ഏറ്റെടുത്തവർ (അൽമനാർ 2015 ഡിസംബർ പേ. 5).
പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി(സ്വ)യെ സാധാരണക്കാരനും അവിടുത്തെ ജന്മം ഒരു സാധാരണക്കാരന്റെ പിറവിയുമാക്കി മാറ്റുകയാണ് മുജാഹിദുകൾ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് നബി(സ്വ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന് എങ്ങനെയാണ് പറയാനാവുക?
പക്ഷേ, തിരുനബി(സ്വ)യുടെ ജന്മദിനം മുസ്‌ലിംകൾ ആഘോഷിച്ചുവരുന്നതാണെന്നും നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ ചിലപ്പോഴൊക്കെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. മുജാഹിദ് പണ്ഡിതസഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു: ‘പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ് ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല’ (അൽമുർശിദ് മാസിക 1938 മെയ് പേ. 9).

രണ്ട് ആഘോഷങ്ങൾ മാത്രം

നബിദിനാഘോഷം അനിസ്‌ലാമികമാണെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളേ ഉള്ളൂവെന്നാണ് മുജാഹിദുകൾ പറയാറുള്ളത്. മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതി: മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള്ഹയുമാണ് (അൽമനാർ 2006 ഏപ്രിൽ പേ. 14).
എന്നാൽ ഇസ്ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളത്. മുജാഹിദുകൾ തന്നെ ഇക്കാര്യം സമ്മതിക്കുന്നത് നോക്കൂ:
1. റമദാൻ മാസം.
‘നബി(സ)തിരുമേനിക്ക് വിശുദ്ധ ഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന…. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ’ (അൽമനാർ മാസിക 2012 ജൂലൈ പേ. 5).

2. റബീഉൽ അവ്വൽ മാസം
മുജാഹിദ് പ്രസിദ്ധീകരണമായിരുന്ന അൽമുർശിദിൽ എഴുതുന്നു: ‘…. താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു’ (അൽ മുർശിദ് മാസിക 1939 ഏപ്രിൽ).
നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലെന്നാണ് മൗലവിമാരുടെ മറ്റൊരു ദുഷ്പ്രചാരണം.
‘ജന്മദിനാഘോഷം ഇസ്‌ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിന്റെ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല’ (അൽമനാർ 2015 ഡിസംബർ പേ. 5).
മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് അവരുടെ ധാരണ! ഓരോ റബീഉൽ അവ്വൽ സമയത്തും നബി(സ്വ)യുടെ മഹത്ത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്‌ലാമിക പാഠങ്ങൾ വ്യാപകമാക്കാനും സാധിക്കുന്നുവെന്നത് സദ്ഫലമാണല്ലോ.
നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ എണ്ണിപ്പറഞ്ഞത് അഭിനവ മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നോക്കൂ: ‘പ്രജാവത്സകനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു, അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു, അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു’ (അൽമുർശിദ് മാസിക 1938 മെയ് പേ. 22).

സമയവും എണ്ണവും
നിശ്ചയിക്കൽ ബിദ്അത്ത്

പ്രത്യേക എണ്ണമോ സമയമോ നിർണിതമല്ലാത്ത ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രെ. നബിദിനാഘോഷം ബിദ്അത്താണെന്ന കള്ളം പറയാൻ മൗലവിമാർക്കുള്ള പ്രധാന രേഖയാണിത്.
‘നിരുപാധികമായി പറയപ്പെട്ട മുത്വ്‌ലഖ്, ആമ്മ് (വ്യാപകവും പൊതുവായതുമായ) കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്’ (ആരാണ് പുത്തൻവാദികൾ, ശാഫി സ്വലാഹി പേ. 40).
വിശ്വാസികൾ ചെയ്യുന്ന നന്മകളില്ലാതാക്കാൻ മുജാഹിദുകൾ കണ്ടുപിടിച്ച ഉപായമാണിത്. ഈ തത്ത്വമുപയോഗിച്ച് ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് സാധിക്കും. എന്നാൽ, ഇസ്‌ലാമികമായി ഇതിനൊരു അടിസ്ഥാനവുമില്ല. നിരുപാധികം കൽപിക്കപ്പെട്ട പല കാര്യങ്ങളും സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചുകൊണ്ടാണ് നമ്മൾ ചെയ്യാറുള്ളത്. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ് നൽകുന്നു. മതപഠനമെന്നത് വ്യാപകമായി കൽപിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ അതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയവും ദിവസവും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയിട്ടില്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസ്വൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്‌റസ സംവിധാനം തന്നെ ബിദ്അത്താണെന്ന് പറയേണ്ടിവരും.
എന്നാൽ, മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ: ‘ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി’ (ശബാബ് വാരിക 2008 നവംബർ 14 പേ. 33).
‘മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു. 5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു’ (വിചിന്തനം വാരിക 2022 ജൂൺ 10 പേ. 34).
അപ്പോൾ പിന്നെ, നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസ്വൂൽ. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചുകൊണ്ടാണുതാനും.

പുതുരൂപങ്ങൾ ബിദ്അത്ത്!

നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദ് വിശ്വാസം. ശബാബ് വാരിക എഴുതി: ‘നബി(സ)യെ സ്‌നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്. അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്’ (ശബാബ് 2013 ജനുവരി 18 പേ. 16).
മതപരമായി ഒരടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല. സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ്വ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും പ്രവാചക സ്‌നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും. മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്.
നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘അബൂബക്കർ സിദ്ദീഖ്(റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ് (അഹ്‌മദ്).
ഉമർ(റ) ഈ ലോകത്തോട് വിടപറയുകയാണ്. അവിടുത്തെ (നബിയുടെ) ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ(റ)നോട് പറഞ്ഞു: അബ്ദുല്ല, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700) നോക്കൂ, എന്തൊരു വികാര തീവ്രമായ രംഗങ്ങൾ!’
ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്‌നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്. മൗലവിമാരുടെ വാദപ്രകാരം ഈ രണ്ടു സ്വഹാബി നേതാക്കളും ചെയ്തത് ബിദ്അത്താണ്. കാരണം ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ നബി(സ്വ) നിർദ്ദേശിച്ചിട്ടില്ലല്ലോ.
‘പ്രവാചക സ്‌നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവരായിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ)യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും; രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും. ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ(റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്‌മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയുമുള്ള ആളായിരുന്നു ജഅ്ഫർ ബ്‌നു മുഹമ്മദ്(റ). പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും (ശബാബ് വാരിക 2019 നവംബർ 22 പേ. 33).

നബിദിനാഘോഷം ശിർക്ക്!?

പ്രവാചകർ(സ്വ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണത്രെ. നബി(സ്വ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്. ‘തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്. അത് ശിർക്കാണ്’ (ശബാബ് 2019 നവംബർ 15 പേ. 31).
അല്ലാഹുവല്ലാത്തവരുടെ പൊരുത്തം ആഗ്രഹിക്കാൻ പാടില്ല, അത് നബി(സ്വ)യുടേതാണെങ്കിൽ പോലും ശിർക്കാണെന്നാണ് മൗലവിമാരുടെ പുതിയ കണ്ടെത്തൽ. എന്നാൽ മതപരമായി ഇതിനും യാതൊരു അടിസ്ഥാനവുമില്ല. ഖുർആൻ പറയുന്നു: അല്ലാഹുവും അവന്റെ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ (തൗബ 62).
മൗലവിമാരുടെ വരികളിൽ നിന്നുതന്നെ ഇക്കാര്യം ബോധ്യപ്പെടും. ‘ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്’ (ശബാബ് വാരിക 2019 നവംബർ പേ. 14).
‘റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്. (തുർമുദി)
(അൽമനാർ മാസിക 2008 ഡിസംബർ പേ. 50).
അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നതാണ് കണ്ടത്. ഈ വൈരുധ്യമില്ലെങ്കിൽ എന്തു മുജാഹിദിസം?
നബിദിനം കേരളത്തിലെ സുന്നികളുടേത് മാത്രമാണെന്നു പറഞ്ഞ് ചെറുതാക്കാനും മൗലവിമാർ ശ്രമിക്കാറുണ്ട്. സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. മുജാഹിദ് സ്ഥാപകനും നേതാവുമായ വക്കം മൗലവി എഴുതിയത് കാണുക: ‘റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്’ (മുസ്‌ലിം മാസിക, എഡി 1914, 1089 മകരം വാല്യം 6).
വക്കം മൗലവിയുടെ ഈ ഉദ്ധരണം മുന്നിൽവെച്ച് ഡോ. ടികെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം: ‘ഇതിൽനിന്നും മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കുപരി, സ്വതന്ത്രവും പക്വമായ നയം സ്വീകരിക്കുകയാണ്. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).
വക്കം മൗലവിയുടെ മുസ്‌ലിം മാസിക പുന:പ്രസിദ്ധീകരണം റബീഉൽ അവ്വലിൽ നടന്നത് വലിയ ശുഭ സൂചകമായി മൗലവി കണ്ടത്രെ. ഡോ. ടി കെ ജാബിർ എഴുതുന്നു: മുസ്ലിം മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചുപോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന:പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട് (വക്കം മൗലവി: ചിന്തകൾ, രചനകൾ പേ. 147).
അൽമുർശിദിന്റെ വരികൾ കൂടി വായിക്കുക: റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തുവരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്(സ)നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്‌മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത്’ (അൽമുർശിദ് 1935 ജൂൺ പേ. 1).

പുണ്യമെന്ന് പറയരുത്!

നബിദിനാഘോഷത്തിന് പുണ്യമുണ്ടെന്ന് പറയരുതെന്നാണ് ഒടുവിൽ മൗലവിമാർ പറയുക. ‘പുണ്യം എന്ന നിലയിൽ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം മുസ്ലിംകൾക്ക് ചെയ്യണമെങ്കിൽ മുഹമ്മദ് നബിയുടെ നിർദ്ദേശം വേണം. നിർഭാഗ്യവശാൽ മുഹമ്മദ് നബിയുടെ അനുയായികൾ എന്ന് പറയുന്ന മുസ്ലിം പിന്മുറക്കാർ ഈ യാഥാർത്ഥ്യം മറന്നുപോയി. മറ്റു നേതാക്കൾക്കൊപ്പം മുഹമ്മദ് നബിയെ താഴ്ത്തിക്കെട്ടി. നബി കാണിച്ചു തന്നിട്ടില്ലെങ്കിലും നിർദ്ദേശിച്ചിട്ടില്ലെങ്കിലും നബി ജയന്തി ആഘോഷമാക്കി. നബി ജനിച്ച മാസം തന്നെ ഉത്സവമാക്കി’ (ശബാബ് വാരിക 2013 ജനുവരി 18 പേ. 7).
നബിദിനത്തിന്റെ ഭാഗമായി ഇസ്‌ലാം പഠിപ്പിക്കാത്തതൊന്നും മുസ്‌ലിംകൾ ചെയ്യാറില്ല. മൗലിദിന്റെ സദസ്സുകളിൽ നടക്കുന്നതെല്ലാം ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങൾ തന്നെയാണ്. അതിനാൽ അതൊക്കെയും പുണ്യമുള്ളതുമാണ്.
ആദ്യകാല മൗലവിമാർ മൗലിദ് സദസ്സിനെ കുറിച്ച് പറഞ്ഞത് കാണുക: മേൽപ്പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദ് മജ്‌ലിസ്. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. അതിൽ സംബന്ധിക്കുവാൻ തൗഫീഖ് ലഭിക്കുന്നവർ ഭാഗ്യവാന്മാരുമാണ്. ഈ മൗലിദ് സദസ്സിൽ ദീനിയായ, സ്വഹീഹായ ദീനറിയുന്ന ആലിമുകൾ ധാരാളം കൂടിയിരിക്കണം. അവരുടെ ഉപദേശങ്ങൾ മുറക്ക് നടക്കണം (അൽ മുർശിദ് മാസിക 1938 മെയ് പേ. 23).
എന്നാൽ മൗലിദ് സദസ്സുകൾ പുണ്യമുള്ളതാണെന്ന് പറയാൻ ആധുനിക മൗലവിമാർക്ക് വിമ്മിട്ടമാണ്. പക്ഷേ, സ്വന്തം നേതാക്കന്മാരുടെ മൗലിദുകൾ (സ്മരണകൾ) വലിയ പുണ്യവും! ഉമർ മൗലവിയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകം പുണ്യകർമമായി പരിചയപ്പെടുത്തുന്നത് കാണുക: ആറ് പതിറ്റാണ്ടുകളുടെ സംഭവ ബഹുലമായ ആദർശ ജീവിതത്തിലെ കൈപ്പും മധുരവും ഇടകലർന്ന സ്മരണകൾ. നിങ്ങൾ വായിക്കൂ, അറിവു നേടൂ. ഇത് ഒരു പുണ്യ കർമ്മമായി സ്വീകരിക്കുമാറാകട്ടെ (ഓർമ്മകളുടെ തീരത്ത് പേ. 3).

റസൂൽ(സ്വ) കൽപിച്ചിട്ടുണ്ടോ?

അല്ലാഹുവും റസൂലും കൽപിക്കാത്തതെല്ലാം ബിദ്അത്താണെന്ന വാദമാണ് വിശ്വാസികളെ പല നന്മകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപായമായി മൗലവിമാർ ജൽപിക്കുന്നത്. ‘അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിന് ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം (അൽമനാർ 2018 നവംബർ പേ. 20).
ഇമാമുമാരുടെ പ്രസ്താവനകളെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതുന്നു: ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം (അൽ മനാർ 2015 ഡിസംബർ പേ. 5).
ഇജ്മാഇനെയും ഖിയാസിനെയും വെട്ടിമാറ്റുന്ന ഇത്തരം കൈക്രിയകൾ നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ റസൂലോ കൽപിക്കാത്തത് ധാരാളം കാണാൻ കഴിയുകയും ചെയ്യും. ഒരു ഉദാഹരണം പറയാം. എല്ലാ വെള്ളിയാഴ്ചയിലും ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു: അല്ലാഹുവിനെ സ്തുതിക്കലും പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅ്മിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്‌നുകൾ ആകുന്നു (അൽമനാർ 2022 ജൂൺ പേ. 39).
‘ഹംദ്, സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ’ (ശബാബ് 2019 ഏപ്രിൽ 2 പേ. 26).
എന്നാൽ നബി(സ്വ) ഏതെങ്കിലുമൊരു വെള്ളിയാഴ്ച ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ? കൽപിച്ചിട്ടുണ്ടോ? ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച ‘ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം’ എന്ന പുസ്തകത്തിൽ എഴുതുന്നു: ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിന്റെ ഇടയിൽ ഇരിക്കണമെന്നും ഖുത്വ്ബയിൽ ഹംദും, തദ്കീറും, ഉപദേശവും, ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി (പേ. 12. 1945ൽ പ്രസിദ്ധീകരിച്ചത്).
ഖുത്വ്ബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും ഹദീസിൽ തെളിവില്ല. ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (ശബാബ് 2009 ജൂലൈ 10 പേ. 21).
ഖുത്വ്ബയിലെ സ്വലാത്ത് ഖുർആനോ ഹദീസോ നിർദേശിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴും വഹാബികൾ ഖുത്വ്ബയിൽ സ്വലാത്ത് നിർബന്ധപൂർവം ചൊല്ലുന്നു, സമയവും ദിവസവും നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുത്വ്ബയിലെ സ്വലാത്തിന് നാം കാണുന്നു. എന്നിട്ടും ഖുത്വ്ബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും. തെളിവില്ലാത്തതുകൊണ്ട് വഹാബികൾ ആ സുന്നത്ത് ഒഴിവാക്കുന്നു! മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത ഖുത്വ്ബയിലെ സ്വലാത്ത് നിർബന്ധപൂർവം കൊണ്ടുനടക്കുന്നു! ഇങ്ങനെയൊക്കെയാവുമ്പോഴേ മുജാഹിദാവൂ!?

 

അസ്‌ലം സഖാഫി പയ്യോളി

Exit mobile version