പ്രവാചകാനുരാഗവും ജനസേവനവും കൊണ്ട് ഇസ്ലാമിക ചരിത്രത്തിൽ ഉന്നതസ്ഥാനീയനായ ഭരണാധികാരിയാണ് മുളഫ്ഫർ രാജാവ്. സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ കാലത്ത് ഇർബൽ ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഹിജ്റ 549 മുഹർറം മാസത്തിൽ മൂസിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹി. 630 റമളാൻ 14ന് വെള്ളിയാഴ്ച രാത്രി 82-ാം വയസ്സിൽ അദ്ദേഹം പരലോകം പുൽകി. സുൽത്വാനുദ്ദീൻ, അൽ മലികുൽ മുഅള്ളം, മുളഫ്ഫറുദ്ദീൻ എന്നീ സ്ഥാനനാമങ്ങളിൽ അറിയപ്പെട്ട അദ്ദേഹത്തിന്റെ പൂർണ നാമം അബൂസഈദ് കോക്ബരി ബ്നു അലിയ്യുബ്നു ബക്തകിനു ബ്നു മുഹമ്മദുത്തുർക്കുമാനി എന്നാണ്.
വലിയ ധീരനും ധർമിഷ്ഠനുമായിരുന്നു മുളഫ്ഫർ. സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ കൂടെ കുരിശു പോരാളികളോട് ഏറ്റുമുട്ടിയ അദ്ദേഹത്തിന്റെ സത്യസന്ധത, ധീരത, നീതിബോധം, ആരാധനാ കണിശത, പ്രവാചക പ്രേമം തുടങ്ങിയ മൂല്യങ്ങളും ഉന്നതമായ വ്യക്തിപ്രഭാവവും കണ്ട് സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി(റ) തന്റെ സഹോദരി റബീഅ ബിൻത് അയ്യൂബിനെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. പാവങ്ങളുടെ മുമ്പിൽ വിനയാന്വിതനും ഒരു അഭയ കേന്ദ്രവുമായിരുന്ന മഹാൻ ശത്രുക്കളുടെ മുമ്പിൽ ഗർജിക്കുന്ന സിംഹം തന്നെയായിരുന്നു. ഇർബലിന്റെ സർവാധികാരിയായി വാഴുമ്പോഴും ഭൗതിക സുഖാഡംബരത്തെ ഹൃദയത്തിൽ നിന്ന് അദ്ദേഹം പിഴുത് മാറ്റി. പ്രപഞ്ചത്യാഗത്തിൽ മധുരം കാണുകയും ആരാധനയിൽ ലഹരി അനുഭവിക്കുകയും ചെയ്തു.
ഒരു രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത രാജാവായിരുന്നിട്ടും അനീതിയുടെ ഒരു തരി പോലും അദ്ദേഹത്തെ സ്പർശിച്ചില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭാര്യ റബീഅ ഖാതൂൻ അനുസ്മരിക്കുന്നു: ‘സർവാദരണീയനായ ഭരണാധികാരിയായിരുന്നു എന്റെ ഭർത്താവ്. പക്ഷേ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം അഞ്ച് ദിർഹം പോലും വിലമതിക്കാത്ത താഴ്ന്നയിനമായിരുന്നു. അത് മാറ്റി രാജകീയ പ്രൗഢിയുള്ള വസ്ത്രം ധരിക്കാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘താഴ്ന്നയിനം വസ്ത്രം ധരിച്ച് ബാക്കി പണം പാവങ്ങൾക്ക് നൽകലാണ് മുന്തിയ ഇനം വസ്ത്രം ധരിച്ച് സാധുക്കളെ കയ്യൊഴിയുന്നതിനേക്കാൾ എനിക്ക് താൽപര്യം (ഇബ്നു കസീർ 13/160).’
വർഷാവർഷം മൂന്ന് ലക്ഷം ദീനാർ മൗലിദിന് വേണ്ടി ചെവഴിച്ചിരുന്ന മുളഫ്ഫർ രാജാവ് പാവങ്ങളുടെ ഭക്ഷണം, താമസം എന്നിവക്ക് വേണ്ടി നിർമിക്കപ്പെട്ട ‘ദാറുള്ളിയാഫ’ക്കായി എല്ലാ വർഷവും ഒരു ലക്ഷം ദീനാർ വീതം നൽകുമായിരുന്നു. കൂടാതെ മക്ക, മദീന ഹറമുകളിൽ അദ്ദേഹത്തിന്റെ സഹായം പ്രത്യേകം പെയ്തിറങ്ങി. ഹിജാസിലെ വെള്ളക്ഷാമം പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ മുപ്പതിനായിരം ദീനാർ വാർഷിക സഹായം നൽകിവന്നു. ഏത് സാധാരണക്കാരനും സഹായമഭ്യർത്ഥിച്ച് ഏത് സമയത്തും തന്നെ സമീപിക്കാമായിരുന്നു. എല്ലാവരെയും അദ്ദേഹം കയ്യയച്ചു സഹായിക്കുകയും ചെയ്തു. ഭരണാധികാരികളുടെയും നിയമപാലകരുടെയും ക്രൂരതയുടെയും അനീതിയുടെയും എണ്ണമറ്റ കഥകൾ കാണാനാവുന്ന ആധുനിക ലോകത്ത് മുളഫ്ഫർ രാജാവിന്റെ നീതിയുടെ മുല്ലപ്പൂ സുഗന്ധമുള്ള ചരിത്രം നൽകുന്നത് വലിയ ആശ്വാസമാണ്.
നീതിപൂർണമായ ഭരണം കാഴ്ചവെക്കുന്നവർക്ക് ഉയർന്ന പ്രതിഫലമാണ് തിരുനബി(സ്വ) വാഗ്ദത്തം ചെയ്തിട്ടുള്ളത്. അമ്പതിനായിരം വർഷത്തിന്റെ ദൈർഘ്യം വരുന്നതാണല്ലോ മഹ്ശറിലെ നിറുത്തം. കത്തിജ്ജ്വലിക്കുന്ന സൂര്യഗോളം ഒരു ചാൺ അകലെ വന്നുനിൽക്കുന്ന അന്ന് ചെമ്പ് തറയിൽ നിന്ന് ജനം പഴുത്ത് നരകിക്കുമ്പോൾ ഏഴ് വിഭാഗം ആളുകൾക്ക് അല്ലാഹുവിന്റെ പ്രത്യേക തണൽ ലഭിക്കുമെന്ന് ഹദീസിലുണ്ട്. അതിലൊരു വിഭാഗമായി നബി(സ്വ) എണ്ണിയത് നീതിമാന്മാരായ ഭരണാധികളെയാണ്. മാത്രമല്ല ഓരോരുത്തർക്കും അധികാരമുണ്ടെന്നും അവനവന്റെ അധികാരത്തെ കുറിച്ച് എല്ലാവരും ചോദ്യം ചെയ്യപ്പെടുമെന്നും തിരുനബി(സ്വ) പഠിപ്പിച്ചു: ‘നിങ്ങൾ എല്ലാവരും ഭരണാധികാരികളാണ്. ഭരണത്തെ കുറിച്ച് എല്ലാവരും വിചാരണ ചെയ്യപ്പെടും. സ്ത്രീകളുടെ അധികാര പരിധി ഭർത്താവിന്റെ വീടകമാണ്.
ഹദീസിൽ സുവിശേഷമറിയിച്ച നീതിമാനായ ഭരണാധികാരിയെയാണ് മുളഫ്ഫർ രാജാവിലൂടെ നാം കാണുന്നത്. നീതിപൂർണമായ ഭരണ നിർവഹണത്തിന്റെ നിസ്തുലമായ നിരവധി മാതൃകകൾ അദ്ദേഹത്തിൽ നിന്ന് ലോകം ദർശിക്കുകയുണ്ടായി. പ്രജകളുടെ കണ്ണീരൊപ്പി മഹാൻ നടത്തിയ സാന്ത്വന പ്രവർത്തനങ്ങൾ നിരവധി ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിയറു അഅ്ലാമിന്നുബലാഅ് കുറിക്കുന്നു: ‘ഇർബൽ ഭരണാധികാരിയായ മുളഫ്ഫർ ദാനധർമം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഓരോ ദിവസവും വലിയ തോതിൽ ഭക്ഷണ വിതരണവും നടത്തിയിരുന്നു. പാവങ്ങളുടെ ഭക്ഷണം, വസ്ത്രം മറ്റു അടിസ്ഥാന സൗകര്യ വർധനവ് എന്നിവക്കായി ഓരോ വർഷവും വൻതുക നീക്കിവെക്കുകയും ചെയ്തു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, രോഗികൾ, യാത്രക്കാർ, വൃദ്ധർ തുടങ്ങിയവർക്ക് പ്രത്യേക സംരക്ഷണ ഗേഹം പണിയുകയും ദിവസവും അവരെ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും പരാതികൾ പരിഹരിക്കുകയും ചെയ്തിരുന്നു.
സ്ത്രീകളുടെയും അനാഥരുടെയും ശാക്തീകരണം ലക്ഷ്യംവെച്ച് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പരിചരണത്തിനായി ജീവനക്കാരെ നിയമിക്കുകയും ചെയ്തു. സ്ത്രീ സ്വാതന്ത്ര്യം വാദിച്ച് വനിതകളെ സുരക്ഷിത താവളങ്ങളിൽ നിന്ന് പുറത്തിറക്കി വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണ് ഇന്ന് ഫെമിനിസം ചെയ്യുന്നത്. എന്നാൽ സ്ത്രീ ശാക്തീകരണം അവർക്ക് സംരക്ഷണം ഒരുക്കിയാണ് വേണ്ടതെന്നാണ് മുളഫ്ഫർ രാജാവ് ലോകത്തിന് കാണിച്ച് കൊടുത്തത്. യാത്രക്കാരെ ലക്ഷ്യം വെച്ച് അദ്ദേഹം പണികഴിപ്പിച്ചതാണ് ‘ദാറു മുളീഫ്’ എന്ന പരിചരണ കേന്ദ്രം. യാത്രികർക്ക് ആവശ്യമായതെല്ലാം അവിടെ തയ്യാറാക്കിയിരുന്നു.
വൈജ്ഞാനിക രംഗത്തും മുളഫ്ഫറിന്റെ സേവനം നിസ്തുലമായിരുന്നു. പണ്ഡിതൻ കൂടിയായ അദ്ദേഹം വിജ്ഞാന വാഹകരെയും വിദ്യാർത്ഥികളെയും വലിയ തോതിൽ പ്രോത്സാഹിപ്പിച്ചു. പണ്ഡിതന്മാരെ ഗ്രന്ഥരചനക്ക് പ്രേരിപ്പിച്ചു. അവർക്ക് വൻ പാരിതോഷികങ്ങൾ സമ്മാനിക്കുകയും രചനകൾക്ക് രാജകീയ പരിഗണന നൽകുകയും ചെയ്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തുടനീളം നിർമിച്ചു. ശാഫിഈ, ഹനഫീ മദ്ഹബുകൾക്ക് വെവ്വേറെ സ്ഥാപനങ്ങൾ പണികഴിച്ച് രാജാവ് ഉദ്ഘാടനം ചെയ്തു. അവയുടെയെല്ലാം കീർത്തി അതിവേഗം പരക്കുകയും വിജ്ഞാനദാഹികൾ അങ്ങോട്ടൊഴുകുകയും ചെയ്തു. വിജ്ഞാന മലർവാടിയായി പരിണമിച്ച അത്തരം സ്ഥാപനങ്ങളിൽ രാജാവിന്റെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്നു. അറിവ് കേൾക്കൽ മുളഫ്ഫറിന്റെ പതിവ് രീതിയായിരുന്നു.
നേരും നെറിയും നീതിയും ജ്ഞാനവും കളിയാടുന്ന നല്ല നാടാവണം തന്റേതെന്ന് നിർബന്ധമുണ്ടായിരുന്ന അദ്ദേഹം ഒരുവിധ അരുതായ്മകളും വെച്ചുപൊറുപ്പിച്ചില്ല. ആത്മീയതയിലേക്ക് അദ്ദേഹം നേരിട്ട് ജനങ്ങളെ വഴിനടത്തുകയും മഹാന്മാരായ സൂഫികളെ ആദരിക്കുകയും അവർക്കു വേണ്ടി സ്ഥാപനങ്ങൾ നിർമിക്കുകയും ചെയ്തു. മാത്രമല്ല, അവരോടൊപ്പം സഹവസിച്ച് ആത്മീയ ലഹരി നുകരാനും രാജാവ് സമയം കണ്ടെത്തി. ഫ്രഞ്ച് തടവറയിലകപ്പെട്ടവരെ ഭീമമായ മോചനദ്രവ്യം നൽകി കൂട്ടത്തോടെ അദ്ദേഹം രക്ഷപ്പെടുത്തുകയുണ്ടായി. ഏകദേശം അറുപതിനായിരത്തോളം പേർ ഇത്തരത്തിൽ മോചിതരായെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ഓരോ വർഷവും പരിവാരസമേതം ഹജ്ജിന് പുറപ്പെടുന്ന രാജാവ് യാത്രാമധ്യേ പാവങ്ങളെയും ആവശ്യക്കാരെയും സഹായങ്ങൾ നൽകി സന്തോഷിപ്പിച്ചാണ് കടന്നുപോയിരുന്നത്. ആ ഇനത്തിൽ മാത്രം ഓരോ യാത്രയിലും അമ്പതിനായിരം ദീനാർ ചെലവഴിച്ചിരുന്നു. കൂടാതെ ഹാജിമാർ നേരിട്ടിരുന്ന അറഫയിലെ ജലക്ഷാമത്തിനും പരിഹാരം കാണുകയുണ്ടായി (സിയറു അഅ്ലാമിന്നുബലാഅ് 22/335).
മുളഫ്ഫർ രാജാവും മൗലിദും
ഇമാം ഇബ്നു ഖല്ലികാൻ(റ) പറയുന്നു: ഹദീസ്, വ്യാകരണം, കവിത തുടങ്ങി വിവിധ വൈജ്ഞാനിക ശാഖകളിൽ സാഗരസമാനരായ പണ്ഡിതനാണ് ഇബ്നു ദിഹ്യ എന്ന അബുൽ ഖത്വാബ് ഉമറുബ്നുൽ ഹസൻ(റ). അദ്ദേഹം തന്റെ അറിവന്വേഷണവുമായി ദീർഘകാലം വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ സഞ്ചരിക്കുകയുണ്ടായി. ലഭ്യമായ എല്ലാ പണ്ഡിതന്മാരെയും സമീപിച്ചു. ഖുറാസാനിലേക്കുള്ള യാത്രക്കിടെ ഹിജ്റ 604ൽ അദ്ദേഹം ഇർബൽ പട്ടണം സന്ദർശിക്കാനിടയായി. അവിടത്തെ ഭരണാധികാരിയായ മുളഫ്ഫർ രാജാവിനെ കണ്ടു ആശയ വിനിമയം നടത്തുകയും ചെയ്തു. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തിരുനബി(സ്വ)യുടെ മൗലിദാഘോഷങ്ങളിൽ ലയിച്ചുചേർന്ന രാജാവിനെയാണ് അദ്ദേഹം കണ്ടത്. പ്രവാചക പ്രേമികളാൽ നിബിഢമായ സദസ്സ് തോരാതെ പെയ്തിറങ്ങുന്ന നബികീർത്തനങ്ങളാൽ സമ്പന്നം. തദ്ദേശീയർക്കു പുറമെ ഇറാഖ്, ജസീറ തുടങ്ങി വിദേശ നാടുകളിൽ നിന്നു വരെ ആശിഖുകൾ എത്തിച്ചേർന്നിട്ടുണ്ട്. മൗലിദിന്റെ വേദിയും പരിസരവും നയന മനോഹരമായി അലങ്കരിച്ചിരിക്കുന്നു. എല്ലാ ദിവസവും അസ്വറിന് ശേഷം മൗലിദ് പാരായണം, മദ്ഹ് കാവ്യങ്ങൾ തുടങ്ങിയവ കൊണ്ട് അന്തരീക്ഷം തിരുപ്രകീർത്തനത്തിലലിയും. പണ്ഡിതനും ബുദ്ധിമാനും നീതിമാനുമായ ഒരു ഭരണാധികാരി തന്റെ ജനതയെ ഒന്നടങ്കം നബിമദ്ഹിൽ തളച്ചിടുന്നത് കണ്ട് ഇബ്നു ദിഹ്യ(റ)ക്ക് സന്തോഷം അടക്കാനായില്ല. അദ്ദേഹത്തിന്റെ അനുഗൃഹീത തൂലിക അതിവേഗം ചലിച്ചു. തിരുമദ്ഹിലായി ഒരു പ്രൗഢ രചന പിറന്നു. ‘അത്തൻവീർ ഫീ സിറാജിൽ മുനീർ’ എന്നദ്ദേഹം അതിന് നാമകരണം ചെയ്തു. താൻ രചിച്ച മൗലിദ് എഡിറ്റിംഗ് വേഗം പൂർത്തിയാക്കി രാജാവിന് സമ്മാനിച്ചു. റസൂൽ(സ്വ)യുടെ മദ്ഹിൽ ലയിച്ച രാജാവിന്റെ ഹൃദയം നിറഞ്ഞു. അതിന്റെ രചന പൂർത്തിയാക്കിയ പണ്ഡിതന് ആയിരം ദീനാർ പാരിതോഷികം നൽകുകയും ചെയ്തു (വഫയാത്തുൽ അഅ്യാൻ 3/449).
മുളഫ്ഫർ രാജാവിന്റെ മൗലിദിനെത്തുന്നവർക്ക് വിശിഷ്ട ഭക്ഷണങ്ങളും പലഹാരങ്ങളുമടങ്ങുന്ന നല്ല സദ്യ തന്നെയായിരുന്ന തയ്യാറാക്കിയിരുന്നത്. തിരുദൂതർ(സ്വ) ഈ ലോകത്തേക്ക് പിറന്നുവീണ റബീഉൽ അവ്വൽ മാസത്തിൽ ആശിഖുകൾക്ക് അതിരുകളില്ലാത്ത ആഘോഷമാണ്. ആ പുണ്യവസന്ത ദിനങ്ങൾ കൊട്ടാരവും പരിസരവും തിരുനബിയോരുടെ മദ്ഹിൽ ലയിക്കും.’
സബ്ത്വ്(റ)പറയുന്നു: മുളഫ്ഫർ രാജാവിന്റെ മൗലിദ് സദസ്സിൽ പങ്കെടുത്ത ഒരാൾ തന്റെ അനുഭവ വിവരണം നടത്തുന്നു: ‘അയ്യായിരം ആട്, പതിനായിരം കോഴി, നിരവധി മാടുകൾ, ഒട്ടകങ്ങൾ എന്നിവ അറുത്ത് തയ്യാറാക്കുന്ന സ്വാദിഷ്ഠമായ സദ്യയാണത്. വിവിധ തരം പലഹാരങ്ങളടങ്ങിയ ഒരു ലക്ഷത്തി മുപ്പതിനായിരം പാത്രങ്ങളിലാണ് മൗലിദിൽ പങ്കെടുത്ത അതിഥികൾക്ക് ഭക്ഷണം വിളമ്പുക. അനേകം നാടുകളിൽ നിന്ന് പ്രഗത്ഭ പണ്ഡിതന്മാരും സൂഫികളും പങ്കെടുക്കുന്ന ഗംഭീര പരിപാടിയായിരിക്കും മൗലിദ് സദസ്സ്. മൗലിദ് പാരായണം, മദ്ഹ് കീർത്തനം എന്നിവക്ക് പുറമെ പണ്ഡിതന്മാരുടെ തിരുനബി സ്നേഹ പ്രഭാഷണങ്ങളും അരങ്ങേറും (സിയർ, അൽ ബിദായത്തു വന്നിഹായ).
രാജാവിനെതിരെ മൗലിദ് വിരോധികൾ
വിശുദ്ധ ഖുർആനടക്കമുള്ള ഇസ്ലാമിക പ്രമാണങ്ങൾ പ്രോത്സാഹനം നൽകിയ പുണ്യകർമമാണ് തിരുനബി(സ്വ) അടക്കമുള്ള അമ്പിയാക്കളുടെയും ഔലിയാഇന്റെയും മദ്ഹ് പറയൽ. ഏത് മൗലിദിന്റെയും ഉള്ളടക്കം മദ്ഹ് പറയലാണല്ലോ. എന്നാൽ ഇസ്ലാമിക പ്രമാണങ്ങളെ മറികടന്നും ദുർവ്യാഖ്യാനിച്ചും പുത്തനാശയം കൊണ്ടുവന്നവരാണ് മൗലിദ് വിരോധികൾ. മുൻഗാമികൾക്കൊന്നും കേട്ടു പരിചയം പോലുമില്ലാത്ത പുതിയ തർക്കങ്ങൾ എഴുന്നള്ളിച്ച് അവർ സാമുദായികാന്തരീക്ഷം മലിനമാക്കി. പ്രമാണങ്ങൾക്കു മുമ്പിൽ തോൽക്കുമ്പോൾ അവർ ചെയ്യുന്ന വിലകുറഞ്ഞ നടപടിയാണ് സത്യത്തിന്റെ വക്താക്കളെ വ്യക്തിപരമായി ആക്ഷേപിക്കുക, അവരെ മതത്തിൽ നിന്നു പുറത്താക്കാൻ വൃഥാ ശ്രമിക്കുക എന്നിവ. മൗലിദ് വിരോധികൾ ഇവിടെയും അതുതന്നെയാണ് ചെയ്യുന്നത്. വിപുലമായ മൗലിദാഘോഷ പരിപാടിക്ക് നേതൃത്വം നൽകിയ മുളഫ്ഫർ അഴിമതിക്കാരനായ രാജാവായിരുന്നുപോലും. തന്റെ പ്രജകളെ ഒതുക്കി നിർത്താനാണത്രെ റബീഉൽ അവ്വൽ മാസത്തിൽ ആഹാരം വെച്ചു വിളമ്പിയത്. മഹാനായ ഒരു രാജാവിനെക്കുറിച്ചാണ് മൗലിദ് വിരോധികളുടെ ഈ പരദൂഷണം. എന്നാൽ മുളഫ്ഫർ രാജാവിനെതിരെയുള്ള അഴിമതി ആരോപണത്തിന് ഒരു തെളിവും ഇവർക്കില്ല. പ്രത്യുത, അദ്ദേഹം നീതിമാനും പണ്ഡിതനും പ്രപഞ്ച പരിത്യാഗിയും തഖ്വയിലധിഷ്ഠിതമായി ജീവിതം നയിച്ച മഹാനുമാണെന്ന് മൗലിദ് വിരോധികൾക്ക് പോലും സുസമ്മതനായ ഇബ്നു കസീർ അൽബിദായയിലും ഇമാം സുർഖാനി ശർഹുൽ മവാഹിബിലും ഇബ്നു ഖല്ലികാൻ വഫയാത്തിലും ഇമാം സുയൂത്വി അൽ ഹാവിയിലും മറ്റു പല ചരിത്ര പണ്ഡിതന്മാരും രേഖപ്പെടുത്തിയതു കാണാം.
വിമർശകർ പറയുംപോലെ മൗലിദാഘോഷം ഒരിക്കലും മുളഫ്ഫർ രാജാവിന്റെ സൃഷ്ടിയല്ല. അദ്ദേഹം അതിന് രാജകീയ പരിവേഷം നൽകി എന്നേയുള്ളൂ. സ്വാലിഹുകളിൽപെട്ട ഉമറുബിൻ മുല്ല(റ)യെ അനുകരിച്ചുകൊണ്ടാണ് മുളഫ്ഫർ രാജാവ് മൗലിദാഘോഷം നടത്തിയിരുന്നതെന്ന് ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമ(റ) അൽ ബാഇസ് എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
മുളഫ്ഫർ രാജാവിന്റെ കാലത്തോ അതിനു ശേഷമോ ഒരു ഇമാമും അദ്ദേഹത്തിന്റെ ചെയ്തിയെ പ്രശംസിക്കുകയല്ലാതെ വിമർശിച്ചിട്ടില്ല എന്നതും അത് ശരിയായിരുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ്. അതിവിപുലമായ നിലയിൽ മൗലിദ് കഴിക്കുന്ന ശൈലി ഹിജ്റ മൂന്ന് നൂറ്റാണ്ടിനു ശേഷമാണ് തുടങ്ങിയതെങ്കിലും സ്വഹാബത്ത് മുതൽക്കു തന്നെ മൗലിദ് കഴിക്കലുണ്ടായിരുന്നുവെന്നത് പ്രാമാണികമായി തെളിയിക്കാവുന്ന വസ്തുതയാണ്. സ്വഹാബത്തിന്റെ മടിത്തട്ടിൽ കിടന്നു വളർന്ന താബിഉകളിൽ പ്രമുഖനായ ഇമാം ഹസനുൽ ബസ്വരി(റ) പറയുന്നു: ഉഹദ് മല കണക്കെ എനിക്ക് സ്വർണമുണ്ടായിരുന്നുവെങ്കിൽ നബി(സ്വ)യുടെ മൗലിദ് പാരായണത്തിന് ഞാനത് ചെലവഴിക്കുമായിരുന്നു (ഇആനത്ത് 3/364).
നബിപ്രണയം മൂലം ലോകപ്രസിദ്ധനായിത്തീർന്ന മുളഫ്ഫർ രാജാവിന്റെ ഓർമകൾ അയവിറക്കുന്ന സന്ദർഭം കൂടിയാണ് ഹിജ്റ വർഷാരംഭം. പ്രവാചകരെ ഇത്രമേൽ സ്നേഹിച്ചുവെന്നതല്ലാത്തൊരു കുറ്റവും നൂറ്റാണ്ടുകൾക്കു ശേഷവും അദ്ദേഹത്തെ ഭത്സിക്കാൻ ബിദഇകൾക്കു വേണ്ടതില്ല.
അസീസ് സഖാഫി വാളക്കുളം