ഡല്‍ഹിയില്‍ ജേണലിസം പഠിക്കുന്ന കാലത്ത് എന്‍റെ ക്ലാസില്‍ മുസ്ലിമായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിമിതി എന്നതിനേക്കാള്‍ അതൊരു സാധ്യതയായിരുന്നു. നമ്മുടെ കേന്ദ്ര സര്‍വകലാശാലകളിലും പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളിലും ഒരു മുസ്ലിം വിദ്യാര്‍ത്ഥി നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് വലിയ പാഠങ്ങള്‍ നല്‍കിയ സാധ്യത. കേരളത്തിലെ സര്‍ക്കാര്‍ സ്കൂള്‍, കോളേജ് പരിസരത്ത് നിന്ന് രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലെത്തുന്ന ഒരു മലയാളി മുസ്ലിമിന് സ്വാഭാവികമായും നേരിട്ടേക്കാവുന്ന സാംസ്കാരിക വെല്ലുവിളികളേക്കാള്‍, വിദ്യാഭ്യാസ ജീവിതത്തിലെ പുതിയ തിരിച്ചറിവുകളിലേക്കുള്ള അനുഭവങ്ങളാണ് ‘ഒരേയൊരു മുസ്ലിം’ അവസ്ഥ സമ്മാനിച്ചത്.
യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ച നാളുകളില്‍ തന്നെ ചില വിദ്യാര്‍ത്ഥികള്‍ എന്നെ പതിവായി വീക്ഷിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ അവഗണിച്ചുവെങ്കിലും പിന്നീട് വലിയ അസ്വസ്ഥതകള്‍ അത് സൃഷ്ടിച്ചു. പലപ്പോഴും അവര്‍ക്ക് തങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത കൗതുകം നിറഞ്ഞ സാന്നിധ്യമായിരുന്നു ഞാന്‍. ചിലരെങ്കിലും ദഹിപ്പിക്കുന്ന നോട്ടങ്ങളെറിഞ്ഞു. ചിലപ്പോള്‍ പരിഹാസങ്ങളായി. എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും രാജ്യദ്രോഹവും തീവ്രവാദവും അവര്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അവരോടൊക്കെയും സൗഹാര്‍ദത്തോടെ ഇടപഴകാന്‍ ശ്രദ്ധിച്ചിരുന്നു.
സംശയാസ്പദമായോ കൗതുകകരമായോ എന്നെ സമീപിക്കാറുള്ള അത്തരം വിദ്യാര്‍ത്ഥികളില്‍ ഒരാളോട് ഞാന്‍ സംസാരിച്ചു. ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളാണ് ആ സുഹൃത്ത് അന്ന് പങ്കുവച്ചത്. താന്‍ ജീവിതത്തില്‍ ആദ്യമായാണ് ഒരു മുസ്ലിമിനെ അടുത്തറിയുന്നതെന്നും ഭീകരവാദികളല്ലാത്ത മുസ്ലിംകള്‍ ഉണ്ടെന്നത് തന്‍റെ പുതിയ അറിവാണെന്നും എന്‍റെ ക്ലാസ്മേറ്റ് പറഞ്ഞപ്പോള്‍ അതൊരു മുന്‍വിധിയോടെ പറഞ്ഞതാകുമെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം അതൊരു യാഥാര്‍ത്ഥ്യമായിരുന്നു. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയില്‍ ഉപരിപഠനത്തിനെത്തിയ അവന്‍ തന്‍റെ ജീവിതത്തില്‍ ഒരു മുസ്ലിമിനെ പോലും നേരില്‍ കണ്ട് പരിചയപ്പെട്ടിരുന്നില്ല. അവന്‍റെ ഗ്രാമത്തില്‍ ഒറ്റ മുസ്ലിം കുടുംബം പോലുമില്ല. അവന് ആകെ പരിചയമുള്ള മുസ്ലിം വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും മാത്രം കാണുന്ന മുസ്ലിമാണ്. ഇങ്ങനെ ജീവിതത്തില്‍ ഒരു മുസ്ലിമിനെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളായിരുന്നു എന്നെ ഏറെ കൗതുകത്തോടെ, അതിനേക്കാള്‍ ആശങ്കയോടെ നോക്കിക്കണ്ട സഹപാഠികള്‍. ഇത് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നു മാത്രം.
അടുത്തിടെ ഒരു മാധ്യമ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവെ, എന്നോടൊപ്പം അനുഭവങ്ങള്‍ പങ്കിട്ട മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായ കെസി സുബി സമാനമായൊരു കാര്യം വിശദമായി സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഗ്രാമത്തിലും ഒരൊറ്റ മുസ്ലിം വീടുണ്ടായിരുന്നില്ല. സ്വാഭാവികമായും മുസ്ലിം ജീവിത പരിസരത്തെക്കുറിച്ച് യാതൊരു ധാരണയും തനിക്കുണ്ടായിരുന്നില്ല എന്നും പിന്നീട് കോഴിക്കോട്ട് ജോലി കിട്ടി താമസം മാറിയപ്പോഴാണ് ആദ്യമായി മുസ്ലിംകളുടെ ജീവിതം അടുത്തുനിന്ന് കാണാന്‍ തുടങ്ങിയതെന്നും! നമ്മുടെ കലാലയങ്ങളില്‍ ഏറിയോ കുറഞ്ഞോ ഈ അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയും സ്വതന്ത്രചിന്തയുടെ വ്യാപനവും വിദ്യാഭ്യാസ രംഗത്തെ ബഹുസ്വരമായ മാറ്റത്തിന് എത്രത്തോളം സഹായകമായിട്ടുണ്ടെന്നത് പഠനാര്‍ഹമായ വിഷയമാണ്.
ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധ്യതകള്‍ തുറക്കുകയാണോ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണോ എന്നന്വേഷിക്കുന്ന നിരവധി അക്കാദമിക പഠങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ നടന്നിട്ടുണ്ട്. വ്യവസായ വത്കരണം, നഗരവത്കരണം, മതേതരത്വവത്കരണം എന്നിവ വിദ്യാഭ്യാസ രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളെക്കാള്‍ എത്രയോ വലുതാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ആഗോളവത്കരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നതെന്ന് സ്പാനിഷ് സാമൂഹ്യ ശാസ്ത്രജ്ഞന്‍ മ്വാല്‍ കാസ്റല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സാമ്പത്തിക ശാസ്ത്രസിദ്ധാന്തങ്ങളില്‍ വിദഗ്ധരായ ഫ്രാന്‍സ് വാന്‍വട്ട്, ഗായ്നിസ് എന്നിവര്‍’Last Past the post: Comparative, Educatoin, Moderntiy and perhaps Post – Moderntiy’ എന്ന ദീര്‍ഘ പഠനം തന്നെ നടത്തിയിട്ടുണ്ട്. ഇവര്‍ സിദ്ധാന്തിക്കുന്നത് സാങ്കേതിക വിദ്യക്കനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ ഫോര്‍മുലയാണ് ആഗോളവത്കരണം മുന്നോട്ടു വെക്കുന്നതെന്നും അതുവഴി ഓരോ രാജ്യത്തും വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതില്‍ ആഗോളവത്കരണത്തിന് വ്യക്തമായ പങ്കുണ്ടെന്നുമാണ്. ഇതിന്‍റെ ഫലമായി ‘നോളജ് ഇക്കണോമി’ വ്യാപകമായ ഒരു സാമ്പത്തിക സംജ്ഞയായി വികസിച്ചുവന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ വൈജ്ഞാനിക സാമ്പത്തിക രാഷ്ട്ര നിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ വന്ന പഠങ്ങള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പോലും യൂറോപ്പിലെയും ഏഷ്യയിലെയും യൂണിവേഴ്സിറ്റികളിലെ മതപശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ വെല്ലുവിളികളാണ് നിലനില്‍ക്കുന്നതെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഓരോ സമൂഹത്തെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍, ചിന്തകള്‍, മനുഷ്യവിഭവങ്ങള്‍, സാധന സേവനങ്ങള്‍ തുടങ്ങിയവയുടെ ഉദാരമായ അതിര്‍ത്തിഭേദമാണല്ലോ ആഗോളവത്കൃത ലോകത്തിന്‍റെ സ്വഭാവം. വികസിത രാഷ്ട്രങ്ങളില്‍ ആഗോളവത്കരണാനന്തര ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസനയം, പുതുതലമുറ കോഴ്സുകള്‍, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവ ആഗോളവത്കരണത്തിന്‍റെ ഫലമായി വികസിത രാഷ്ട്രങ്ങളില്‍ നടപ്പിലാക്കുകയുണ്ടായി. അവികസിത രാഷ്ട്രങ്ങളില്‍ പക്ഷേ, വിഭവ ദൗര്‍ലഭ്യം കാരണം വേണ്ടവിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനായില്ല. ഒപ്പം വിദ്യാസമ്പന്നരായ ആളുകള്‍ പോലും വച്ചുപുലര്‍ത്തുന്ന പക്ഷപാതിത്വം, വിവേചനം, മുന്‍വിധി, അസഹിഷ്ണുത തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യപോലുള്ള ഒരു രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ഇന്ത്യപോലെയുള്ള വികസ്വര രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചുപണിയാവുന്ന വിധത്തിലാണ് ആഗോളവത്കരണം സ്വാധീനം ചെലുത്തിയിട്ടുള്ളതെങ്കിലും പുരോഗമനപരമായ മാറ്റങ്ങളുടെ ദൃശ്യത നമ്മുടെ രാജ്യത്തെ യൂണിവേഴ്സിറ്റികളില്‍ തുലോം കുറവാണെന്ന് കാണാം. ഇന്ത്യയിലെ പ്രധാന കേന്ദ്ര സര്‍വകലാശാലകളിലും ഐഐടി, ഐഐഎം ഉള്‍പ്പെടെയുള്ള ഉന്നത കലാലയങ്ങളിലും ഏറിയോ കുറഞ്ഞോ ഈ വിവേചനം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ ഇവിടങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് ഒരോ കാമ്പസിന്‍റെയും സാഹചര്യമനുസരിച്ച് മാറുമെങ്കിലും വ്യക്തമായ സാംസ്കാരിക വെല്ലുവിളികള്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം, കാമ്പസ് ജീവിതം, ഭക്ഷണം, മതജീവിതം, അസൈന്‍മെന്‍റുകള്‍, മാര്‍ക്ക്, ഉപരിപഠനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം, ഗവേഷണം, മത്സരാധിഷ്ഠിത പരീക്ഷകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര മേഖലകളെയും ഈ വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷം സ്വാധീനിക്കുന്നുണ്ട്. പിജി പഠനസമയത്തെ അവസാന കാലത്ത് പ്രാക്ടിക്കല്‍ പേപ്പറുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്ത എനിക്കെതിരെ കോഴ്സ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി പോയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇവന് ഇത്ര മാര്‍ക്ക് കിട്ടിയതില്‍ സാങ്കേതികമായ ചില പ്രശ്നങ്ങളുണ്ടെന്ന് ശരിക്കും വിശ്വസിച്ചവരായിരുന്നു സഹപാഠികളായ പരാതിക്കാര്‍. അങ്ങനെ സംഭവിക്കാനേ പാടില്ലെന്ന പൊതുബോധത്തില്‍ നിന്നുവന്ന പരാതി! ചിലപ്പോഴെങ്കിലും പ്രൊഫസര്‍മാരില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്നും പല രീതിയിലുമുള്ള വിവേചനം ഉണ്ടാകാറുണ്ട്. ഇതെല്ലാം മറികടന്നുവേണം ഒരു മുസ്ലിം വിദ്യാര്‍ത്ഥിക്ക് സ്വന്തം പഠനവും കരിയറുമെല്ലാം മുന്നോട്ടുകൊണ്ടുപോകാന്‍. പുതിയ കാലത്ത് കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ഇന്ത്യ ‘ഗാട്ട്’ കരാറിന്‍റെ ഭാഗമായതിനാല്‍ തന്നെ അന്തര്‍ദേശീയ മാറ്റങ്ങള്‍ ഇവിടുത്തെ വിദ്യാഭ്യാസ കാര്യങ്ങളിലും എളുപ്പം കടന്നുവരും. ആഗോളവത്കരണ ശേഷം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രായോഗികമായി നടന്ന രണ്ട് മാറ്റങ്ങള്‍ ഇവയാണ്: വിദേശ സര്‍വകലാശാലകളുടെ സാന്നിധ്യവും പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ വ്യാപനവും. പൊതുഖജനാവില്‍ നിന്ന് ഫണ്ടെടുത്ത് നടത്തുന്ന ദേശീയതലത്തിലെ സര്‍വകലാശാലകളേക്കാള്‍ മുസ്ലിം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളികള്‍ തീര്‍ക്കുന്നത് വിദേശ സര്‍വകലാശാലകളും സ്വകാര്യ യൂണിവേഴ്സിറ്റികളുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയവും പുരോഗമന സംവാദങ്ങളും നിലനില്‍ക്കുന്ന ജെഎന്‍യു പോലുള്ള യൂണിവേഴ്സിറ്റികളിലും അലിഗഢ് പോലെ മുസ്ലിം പാരമ്പര്യമുള്ള കാമ്പസുകളിലും താരതമ്യേന വെല്ലുവിളികള്‍ കുറവാണെങ്കിലും അരാഷ്ട്രീയതയും ആധുനികതയും അരങ്ങുവാഴുന്ന സ്വകാര്യ, വിദേശ യൂണിവേഴ്സിറ്റികളില്‍ മുസ്ലിം വിദ്യാര്‍ത്ഥി ജീവിതം വലിയ വെല്ലുവിളിയാണെന്നാണ് ഡാര്‍നല്‍ കോള്‍ എഴുതിയ റീ-കണ്‍സിഡറിംഗ് കാമ്പസ് ഡൈവേഴ്സിറ്റി: എക്സാമിനേഷന്‍സ് ഓഫ് മുസ്ലിം സ്റ്റുഡന്‍സ് എക്സ്പീരിയന്‍സ് എന്ന വിഖ്യാത പഠനത്തില്‍ വിശദീകരിക്കുന്നത്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള വെല്ലുവിളികളാണ് മുസ്ലിംകള്‍ക്കുണ്ടാകുന്നതെന്നാണ് വിവിധ കേസ് സ്റ്റഡികള്‍ ആധാരമാക്കി പ്രസ്തുത പഠനം വ്യക്തമാക്കുന്നത്.
1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിലോ 1992-ല്‍ നിലവില്‍ വന്ന പരിഷ്കരണത്തിലോ വിദേശ സര്‍വകലാശാലകള്‍ നമ്മുടെ കലാലയങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വിശദീകരിക്കുന്നില്ല. ഇത് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളില്‍ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍(യുജിസി) മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്ന് ഇവിടെ വിദേശ കോഴ്സുകള്‍ നടത്തുന്ന സ്ഥാപങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് യൂണിവേഴ്സിറ്റി അക്രഡിയേഷന്‍ ഉണ്ടായിരിക്കണം എന്നതിനപ്പുറത്തേക്ക് സ്വതന്ത്രമായ സാമ്പത്തിക വ്യവഹാരങ്ങള്‍ പിന്തുടരുന്ന ഇത്തരം യൂണിവേഴ്സിറ്റികള്‍ പണം കൊയ്യാനുള്ള സ്ഥാപനങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. സ്വകാര്യ സര്‍വകലാശാലകളില്‍ മിക്കതും ഇതില്‍ നിന്ന് വിഭിന്നമല്ല താനും. ഘടനാപരമായ ഇത്തരം വെല്ലുവിളികള്‍ക്ക് പുറമെയാണ് അസഹിഷ്ണുതയും വിവേചനവും മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തെ ബാധിക്കുന്നത്. നിലവില്‍ 600 വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഇന്ത്യയില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. യുകെ (158), കാനഡ (80), യുഎസ് (44) എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള സംരംഭങ്ങളാണ് കൂടുതല്‍. എന്നാല്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി കേവലം ആറ് വിദേശ സര്‍വകലാശാലകള്‍ക്കാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (AICTE) നല്‍കിയിട്ടുള്ളത്. കൂടാതെ വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ അറുപത്തിയേഴ് കോളേജുകള്‍ക്കും ഇന്ത്യയില്‍ കോഴ്സുകള്‍ നടത്താന്‍ അനുമതിയുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 45 മില്യണ്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ എണ്ണൂറ് വിദേശ സര്‍വകലാശാലകള്‍ കൂടി ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ രൂപത്തിലുള്ള വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുമ്പോഴും സുപ്രധാന രാഷ്ട്രീയ തീരുമാനം വരുമ്പോഴും മുസ്ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളെ പരിഗണിക്കുന്നേയില്ല എന്നതാണ് മറ്റൊരു വസ്തുത. അപ്പോള്‍ സ്വാഭാവികമായും പുതിയ സര്‍വകലാശാലകള്‍ വരുമ്പോഴും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല.
അതേസമയം, സമീപ കാലത്തായി രാജ്യത്തെ വിവിധ കാമ്പസുകളില്‍ ഉപരിപഠനത്തിനെത്തുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ക്രിയാത്മകമായ സംവാദങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഗവേഷണരംഗത്തും അവര്‍ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. വിവിധ കാമ്പസുകളിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മകളും പ്രബുദ്ധ രാഷ്ട്രീയ മുന്നേറ്റവുമെല്ലാം ഈ മാറ്റം കൂടുതല്‍ ദൃശ്യമാക്കുന്നുണ്ട്. വെല്ലുവിളികളെ മറികടക്കാനും പരിഹരിക്കാനും ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു എന്നതുതന്നെ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.