നിശ്ചയദാര്ഢ്യകത്തിന്റെ വിജയസാമ്രാജ്യം

ഉസ്മാനിയ ഖിലാഫത്ത് തകര്‍ന്നപ്പോള്‍, അതിന് ചുക്കാന്‍ പിടിച്ച സഖ്യസൈനിക നേതാക്കളില്‍ പ്രധാനിയായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലോര്‍ഡ് കഴ്സണ്‍ ആഹ്ലാദപൂര്‍വം പറഞ്ഞു: മുസ്‌ലിംകള്‍ക്കിടയില്‍ എ്യെമുണ്ടാക്കാനുതകുന്ന എന്തും നാം തകര്‍ക്കുകയും ഉപേക്ഷിക്കുകയും വേണം. ഇന്നത്തെ സ്ഥിതിയില്‍, ഉയര്‍ത്തെഴുന്നേല്‍ക്കാനാവാത്ത വിധം തുര്‍ക്കി മരിച്ചു കഴിഞ്ഞു. ഒരു സംസ്കാരത്തിന്റെ നട്ടെല്ലു തന്നെയാണ് നാം ഒടിച്ചത്; ഇസ്‌ലാമിന്റെയും ഖിലാഫത്തിന്റെയും.’
1924 മാര്‍ച്ച് മൂന്നിനാണ് തുര്‍ക്കി ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ തുര്‍ക്കിയുടെ പരാജയത്തോടെ ഉസ്മാനിയ ഖിലാഫത്തിന്റെ നിലനില്‍പിന് ഭീഷണി നേരിട്ടിരുന്നെങ്കിലും നാമമാത്രമായി അതു നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ തുര്‍ക്കിയെ മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചും ഖലീഫാ പദവി നിര്‍ത്തല്‍ ചെയ്തും പുതിയ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷയെന്ന സാമ്രാജ്യത്വ ശക്തികളുടെ വത്സലദാസന്‍ നാഷണല്‍ അസംബ്ലിയില്‍ നിയമം പാസ്സാക്കിയതോടെയാണ് സഹസ്രാബ്ദത്തിലധികം നീണ്ട മുസ്‌ലിം ഖിലാഫത്തും ഖലീഫാ സ്ഥാനവും ചരിത്രമാവുന്നത്. 1924 മാര്‍ച്ച് നാലിന്റെ പ്രഭാതം പുലരുന്നത് ഖിലാഫത്തിന്റെ തകര്‍ച്ചയുടെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ആ വാര്‍ത്ത തുര്‍ക്കിയിലെ അരാജകവാദികളെ മത്തുപിടിപ്പിച്ചെങ്കിലും പരലക്ഷം വിശ്വാസികളെ അതു വേദനിപ്പിച്ചു. തുര്‍ക്കിക്കാര്‍ക്കൊപ്പം ആഗോള മുസ്‌ലിം സമൂഹവും ആ വേദനയില്‍ പങ്കുചേര്‍ന്നു. (ഇന്ത്യയില്‍ ഖിലാഫത്ത് സംരക്ഷണ പ്രസ്ഥാനം രൂപംകൊണ്ടതും ഗതിമാറിയപ്പോള്‍ ഗാന്ധിജി പിരിച്ചുവിട്ടതും ചരിത്രം.)
തലേന്നു രാത്രി മറ്റൊരു വാര്‍ത്തകൂടി തുര്‍ക്കിക്കാര്‍ കേട്ടു. അവസാന ഖലീഫ അബ്ദുല്‍ മജീദ് രണ്ടാമന്‍ ഏതാനും വസ്ത്രങ്ങളും കുറച്ചു പണവും കുത്തിനിറച്ച പെട്ടിയുമായി ഒരു കാറില്‍ കയറി രാജ്യം വിട്ടതായിരുന്നു അത്. സര്‍വാധിപരായി കഴിഞ്ഞിരുന്ന, ഭരിക്കാന്‍ പിറന്ന വംശത്തിലെ ഇളം തലമുറക്കാരനുണ്ടായ ദുരന്തം. ശേഷിച്ച രാജകുടുംബങ്ങളെയെല്ലാം നാടുകടത്തി “അതാതുര്‍ക്ക്’ തന്റെ ശുദ്ധികലശ യജ്ഞം പൂര്‍ത്തീകരിച്ചതിനും ശേഷ ദിവസങ്ങളില്‍ തുര്‍ക്കിക്കാര്‍ മൂകസാക്ഷികളായി.
തുടര്‍ വര്‍ഷങ്ങളില്‍ ഇസ്‌ലാമിക സംസ്കൃതി അതിവേഗം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുന്നതാണ് കണ്ടത്. തുര്‍ക്കിയുടെ പിതാവ് (അതാതുര്‍ക്ക്) ആയി അവരോധിക്കപ്പെട്ട മുസ്തഫ കമാല്‍പാഷ അവ ഓരോന്നായി നശിപ്പിച്ചുകൊണ്ടിരുന്നു. തുടക്കത്തിലെ ഭരണ പരിഷ്കാരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നവര്‍ക്കുപോലും പിന്നീടദ്ദേഹത്തെ തള്ളിപ്പറയേണ്ടിവന്നു. നാലു വര്‍ഷം കൂടുമ്പോള്‍ ഭരണകാലാവധി പുതുക്കിക്കൊണ്ട് ഒരു ഏകാധിപതിയിലേക്കുള്ള വളര്‍ച്ച കൂടിയാണ് അതാതുര്‍ക്ക് ത്വരിതപ്പെടുത്തിയത്.
ഉസ്മാന്‍ ഒന്നാമന്റെ (12591326) രാജവംശമാണ് ലോകമുസ്‌ലിംകളുടെ ഖലീഫ എന്ന നിലയില്‍ പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ഉസ്മാനിയ ഖിലാഫത്തിന് അടിത്തറ പാകുന്നത്. ഈ വംശത്തിലെ പ്രഗത്ഭനായ ഭരണാധികാരി മുഹമ്മദ് രണ്ടാമന്‍ എന്ന സുല്‍ത്വാന്‍ മുഹമ്മദ് ഫാതിഹിന്റെ സാരഥ്യത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കപ്പെട്ടത് തുര്‍ക്കി ഖിലാഫത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവലേകി. യൂറോപ്യന്‍ ചരിത്രകാരന്മാരുടെ തമസ്കരണത്തിനു ഏറെ വിധേയനായ ഉസ്മാനി ഭരണാധിപനും ഇദ്ദേഹം തന്നെ. ക്രിസ്ത്യാനികള്‍ വിശുദ്ധ നഗരമായി കരുതിയിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കുകയും സാമ്രാജ്യ തലസ്ഥാനം അങ്ങോട്ടുമാറ്റുകയും ചെയ്തതാണ് സുല്‍ത്വാന്‍ ഫാതിഹിനെതിരെ തിരിയാന്‍ യൂറോപ്യന്‍ ചരിത്ര ഗ്രന്ഥകര്‍ത്താക്കള്‍ക്കു പ്രചോദകം. ബോസ്ഫറസ് നദിയുടെ ഇരുതീരങ്ങളിലുമായുള്ള ഈ നഗരം ഏഷ്യന്‍യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥലം കൂടിയായതിനാല്‍ ഭൂമിശാസ്ത്രപരമായും ഏറെ സവിശേഷമാണ്.
ക്രൈസ്തവ നാഗരികത മുറ്റിനിന്ന അവരുടെ ഈ ആസ്ഥാന നഗരി മുസ്‌ലിംകളുടേതാകുമെന്ന പ്രവാചക ദീര്‍ഘദര്‍ശനത്തിന്റെ പുലര്‍ച്ച കൂടിയായിരുന്നു കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കുള്ള മുസ്‌ലിം സൈനിക പ്രവേശം. ബിശ്റുബ്നു സഹ്മില്‍ നിന്ന് മുസ്നദ് അഹ്മദില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസ് ഇങ്ങനെ: നിങ്ങള്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കും. അതിന്റെ അമീര്‍ നല്ല അമീറാണ്. ആ സൈന്യം നല്ല സൈന്യവും.’ ഈ പ്രശംസിത സൈനികരില്‍ പെടാന്‍ മുആവിയ(റ) ഖലീഫയായതു മുതല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിനെതിരെ പടപ്പുറപ്പാട് തുടങ്ങിയിരുന്നു. ഉസ്മാന്‍(റ)ന്റെ കീഴില്‍ മുസ്‌ലിംകള്‍ നാവികസേന രൂപീകരിച്ചിരുന്നത് ഇത്തരം പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ സഹായകമാവുകയും ചെയ്തു.
എങ്കിലും ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെ ഒളിവിലും തെളിവിലും കരുനീക്കങ്ങള്‍ നടത്തി ഈ നഗരി 1453 വരെ പിടിച്ചുനിന്നു. ഉസ്മാനിയ രാജവംശത്തിലെ ഏഴാം ഖലീഫയായി 22കാരനായ സുല്‍ത്വാന്‍ മുഹമ്മദ് ഫാതിഹ് അധികാരമേല്‍ക്കുന്നത് ആയിടെയാണ്. യുദ്ധതന്ത്രം, നയതന്ത്രം, ധീരത, മനോദാര്‍ഢ്യം തുടങ്ങിയ ഗുണങ്ങളാല്‍ വിഖ്യാതനായ അദ്ദേഹം കോണ്‍സ്റ്റാന്‍റിനോപ്പിളിനെ കീഴടക്കാനുറച്ചു. ആ നഗരത്തിന് കോട്ടപോലെ സംരക്ഷണം നല്‍കുന്ന മലയിടുക്കുകളിലും ബോസ്ഫറസ് നദിയിലും ആധിപത്യം സ്ഥാപിച്ചാലേ അതിനാവൂ എന്ന് അദ്ദേഹം മനസ്സിലാക്കി. കരിങ്കടല്‍ വഴി ബോസ്ഫറസിലൂടെ യുദ്ധസമയങ്ങളില്‍ അവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായമെത്തുന്നത് തടയാന്‍ അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഈ ലക്ഷ്യത്തില്‍ മുന്‍ സുല്‍ത്വാന്‍ ബായസീദ് ഏഷ്യന്‍ തീരത്ത് പണിതിരുന്ന കോട്ടക്ക് അഭിമുഖമായി യൂറോപ്യന്‍ തീരത്ത് ഫാതിഹ് മറ്റൊരു കോട്ടയെടുപ്പിച്ചു. ഇതോടെ ബോസ്ഫറസ് തുര്‍ക്കികളുടെ കീഴിലൊതുങ്ങി.
അവധാനതാ പൂര്‍വമായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും. കോണ്‍സ്റ്റാന്‍റിനോപ്പിളിന്റെ കനത്ത കോട്ടമതില്‍ തകര്‍ക്കാന്‍ സാധാരണ പീരങ്കികള്‍ക്കു ശേഷിയില്ലെന്നു ഗ്രഹിച്ച അദ്ദേഹം മാരക പ്രഹരശേഷിയുള്ള ചെമ്പില്‍ നിര്‍മിച്ച പീരങ്കി വികസിപ്പിച്ചെടുത്തു. മൂന്നു കിന്‍റലോളം ഭാരമുള്ള ഉണ്ടയും നിര്‍മിച്ചു. ഒരു മൈല്‍ അകലെനിന്ന് പ്രയോഗിക്കാവുന്ന ഇതിന്റെ സാങ്കേതികത്തികവ് ഉസ്മാനികളുടെ അക്കാലത്തെ (ഒരുപക്ഷേ, എക്കാലത്തെയും) മികച്ച നിര്‍മിതിയായിരുന്നു. പരീക്ഷണാര്‍ത്ഥം ഇതു പ്രയോഗിച്ചപ്പോള്‍ ദൂരത്തില്‍ കൃത്യത പാലിക്കുകയും ആറടി അകലേക്ക് തുളച്ചു കയറുകയും ചെയ്തുവെന്ന് പാക് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി “ജഹാനെ ദീദ’യില്‍ വിവരിക്കുന്നു.
ബോസ്ഫറസ്, ഗോള്‍ഡന്‍ ഹോണ്‍ എന്നിവയാല്‍ വലയം ചെയ്യപ്പെട്ട കോണ്‍സ്റ്റാന്‍റിനോപ്പിളിന് കിഴക്കുഭാഗത്തേ കരയുള്ളൂ. ഇതിനാല്‍ വലിയൊരു നാവികപ്പട തന്നെ യുദ്ധത്തിനായി സജ്ജീകരിക്കേണ്ടിവന്നു. 140 പടക്കപ്പലുകളുള്ള നാവികസേന സുല്‍ത്താന്‍ സജ്ജമാക്കി. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ സുല്‍ത്താന്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഉപരോധിച്ചു. കരസേനയെ പട്ടണത്തിന്റെ കിഴക്കനതിര്‍ത്തിയിലും നാവിക പടയെ ബോസ്ഫറസിലും വിന്യസിച്ചു. ഗോള്‍ഡന്‍ ഹോണിലാണ് തുറമുഖമുള്ളത്. ഇവിടേക്കുള്ള പ്രവേശന ദ്വാരത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളുകാര്‍ കനത്ത ലോഹച്ചങ്ങലയിട്ടിരുന്നതിനാല്‍ ബോസ്ഫറസില്‍ നിന്ന് കപ്പലുകള്‍ക്ക് ഗോള്‍ഡന്‍ ഹോണിലേക്ക് എത്താനാവുമായിരുന്നില്ല. ചങ്ങലയുടെ സുരക്ഷക്കായി ബൈസാന്‍റിയന്‍ കപ്പലുകളും വിന്യസിച്ചിരുന്നു. ഫാതിഹിന്റെ കപ്പലുകള്‍ ഇവിടെ കുടുങ്ങി. ഉപരോധം കിഴക്കുഭാഗത്തു മാത്രമായിച്ചുരുങ്ങി. സമുദ്രഭാഗങ്ങള്‍ സുരക്ഷിതമാണെന്ന് കണ്ട നഗരവാസികള്‍ സര്‍വശക്തിയോടെയും കിഴക്കുഭാഗത്ത് പോരാട്ടം നടത്തി.
തുറമുഖം ഉപരോധിച്ചെങ്കിലേ നഗരം കീഴടക്കാനാവൂ എന്ന് സുല്‍ത്വാന്‍ ഊഹിച്ചു. ചങ്ങലയും പടക്കപ്പലുകളും കാരണം ഗോള്‍ഡന്‍ ഹോണിലൂടെ പ്രവേശിക്കാനുമാവില്ല. പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന ആലോചനയില്‍, അവസാനം കിഴക്കന്‍ കരയിലൂടെ കപ്പലുകള്‍ കടത്താന്‍ സുല്‍ത്വാന്‍ തീരുമാനിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത നിശ്ചയദാര്‍ഢ്യമായിരുന്നു അത്. പത്തുമൈല്‍ ദൂരം കരയിലൂടെ കപ്പലുകള്‍ സാഹസികമായി നീക്കിയാലേ ഗോള്‍ഡന്‍ ഹോണിലെത്താനാവൂ. എങ്കില്‍ ഖാസിം പാഷയെന്നു പേരുള്ള ഗോള്‍ഡന്‍ ഹോണിന്റെ ദക്ഷിണ തീരത്തെത്താം. ആ പദ്ധതി സൈനികത്തലവന്മാര്‍ക്കും ബോധിച്ചു. കഠിനാധ്വാനത്തിന് സൈനിക യൂണിറ്റുകളും തയ്യാറായി. കാര്യമായ നീക്കങ്ങളില്ലാതെ ഉപരോധം നീണ്ടുപോകുന്നത് ആര്‍ക്കും ഗുണകരമായിരുന്നുമില്ല.
കയറ്റിറക്കങ്ങളുള്ള ആ മലന്പാതയിലൂടെ ഒറ്റ രാത്രി കൊണ്ട് എഴുപത് കപ്പലുകള്‍ കാളകളും സൈനികരും കെട്ടിവലിച്ച അദ്ഭുതകഥനം പ്രമുഖ പാശ്ചാത്യന്‍ ചരിത്രപണ്ഡിതന്‍ ഗിബ്ബണ്‍ “ദ ഡിക്ലൈന്‍ ആന്റ് ഫാള്‍ ഓഫ് ദ റോമന്‍ എംപയര്‍’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ സ്ഥലം സന്ദര്‍ശിച്ച് രേഖപ്പെടുത്തിക്കാണാം. ദിവ്യാത്ഭുതമെന്നാണിതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഗിബ്ബണ്‍ എഴുതി: “വഴിനിറയെ പലകകളിട്ടു. കൊഴുപ്പുപുരട്ടി അതിന്റെ ഉപരിതലം മിനുസപ്പെടുത്തി. 70 കപ്പലുകള്‍ ഓരോന്നായി പലകകളില്‍ കയറ്റിവെച്ചു. ഓരോ കപ്പലിലും രണ്ടുവീതം കപ്പിത്താന്മാര്‍ സഞ്ചരിക്കുകയും കാറ്റിന്റെ ആനുകൂല്യം ലഭിക്കാന്‍ പായകള്‍ അഴിച്ചിടുകയും ചെയ്തു. മനുഷ്യരുടെയും മൃഗങ്ങളുടെയും സഹായത്തോടെ പത്തു മൈല്‍ പര്‍വത വഴിമുറിച്ചു കടന്ന് ഇവയെ ഗോള്‍ഡന്‍ ഹോണിലെത്തിച്ചു. വിളക്കുകളുടെ പ്രകാശത്തിലായിരുന്നു ഈ കപ്പലോട്ടം. കോണ്‍സ്റ്റാന്‍റിനോപ്പിളിന്റെ അതിര്‍ത്തി കാത്തിരുന്ന ബൈസാന്‍റിയന്‍ സൈനികര്‍ ബോസ്ഫറസിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നാരംഭിച്ച വിളക്കുകളുടെ ചെറുപ്രകാശ പ്രയാണം കണ്ടിരുന്നുവെങ്കിലും കൂരിരുട്ടു കാരണം എന്താണു സംഭവിക്കുന്നതെന്നവര്‍ മനസ്സിലാക്കിയില്ല. പ്രഭാതമായപ്പോഴേക്ക് ഫാതിഹിന്റെ 70 ചെറുകപ്പലുകളും പടുകൂറ്റന്‍ പീരങ്കിയും ഗോള്‍ഡന്‍ ഹോണിലെത്തിയ അദ്ഭുതം കണ്ട് ബൈസാന്‍റിയന്‍ സേന അന്ധാളിച്ചു’ (പേ 689690).
ഗോള്‍ഡന്‍ ഹോണിന്റെ ആഴക്കുറവു കാരണം ബൈസാന്‍റിയന്‍ സൈനികരുടെ വലിയ കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഫാതിഹിന്റെ കപ്പലുകള്‍ ചെറുതായിരുന്നതിനാല്‍ അവര്‍ക്ക് അതും അനുകൂല ഘടകമായി. ഈ മുന്നേറ്റത്തോടെ തുറമുഖവും ഉപരോധത്തിലായി. കൂറ്റന്‍ പീരങ്കിയും ഫാതിഹ് സ്ഥാപിച്ചു. തെക്കുകിഴക്ക് ഭാഗങ്ങള്‍ തങ്ങളുടെ വരുതിയിലായപ്പോള്‍ ഉസ്മാനിയ പീരങ്കികള്‍ അതിര്‍ത്തി മതില്‍ ലക്ഷ്യമാക്കി തീ തുപ്പി. ഏഴ് ആഴ്ച തുടര്‍ച്ചയായി ഇതു തുടര്‍ന്നു. കനത്ത ആ മതിലില്‍ മൂന്നു വിള്ളലുകള്‍ ഉണ്ടാക്കാന്‍ തുര്‍ക്കി സൈനികര്‍ക്കു കഴിഞ്ഞു. ഗിബ്ബണ്‍ എഴുതി: “നൂറ്റാണ്ടുകള്‍ ശത്രുക്കളെ പ്രതിരോധിച്ച ആ മതില്‍ ഉസ്മാനി പീരങ്കികളേറ്റ് നിറം കെട്ടു, പലയിടത്തും പിളര്‍ന്നു. സെന്റ് റൂമാനോസ് കവാടത്തിനരികില്‍ നാലു മിനാരങ്ങള്‍ നിലംപൊത്തി.’
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നശിപ്പിക്കാനല്ല, അവിടെ നിന്ന് മുസ്‌ലിംകള്‍ക്കെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കുക മാത്രമേ സമാധാനകാംക്ഷിയായ സുല്‍ത്വാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നതിന് തെളിവാണ് 1453 മെയ് 24ന് ബൈസാന്‍റിയന്‍ ചക്രവര്‍ത്തിക്ക് അദ്ദേഹം അയച്ച സന്ദേശം: ആക്രമണം നിര്‍ത്തി ഇപ്പോള്‍ കീഴടങ്ങിയാല്‍ പ്രജകളുടെ സ്വത്തും ജീവനും സുരക്ഷിതമായിരിക്കും. മോറിയ പ്രദേശം രാജാവിനു നല്‍കുകയും ചെയ്യും.’ പക്ഷേ, ചക്രവര്‍ത്തി അതു തള്ളി. അഞ്ചു ദിവസത്തെ സാവകാശം നല്‍കിയ ഫാതിഹ് തുടര്‍ന്ന് അന്തിമ പോരാട്ടത്തിന് ഉത്തരവു നല്‍കി. ഹിജ്റ 857 ജമാദുല്‍ അവ്വല്‍ ഇരുപതാം രാവ്. ഉസ്മാനിയാ പോരാളികള്‍ ദിക്റിലും തസ്ബീഹിലുമായി അന്നു രാത്രി കഴിഞ്ഞു. സുബ്ഹി നിസ്കാരാനന്തരം സുല്‍ത്വാന്‍ ഫാതിഹ് പോരാളികളെ അഭിസംബോധന ചെയ്തു. ളുഹ്ര്‍ നിസ്കാരം ഹാഗിയ സോഫിയ ചര്‍ച്ചില്‍ നടത്തണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പോരാട്ടത്തിന് തുടക്കമായി. ഉച്ചവരെ ഇരുവിഭാഗവും ഒപ്പത്തിനൊപ്പം നിന്നു. സെന്റ് റൊമാന്‍സിന്റെ ഭാഗത്ത് കടുത്ത പോരാട്ടം കാഴ്ചവെച്ച ആഗാഹസന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബറ്റാലിയന്‍ ഉയര്‍ന്ന കോട്ട മതിലിനു മുകളില്‍ കയറി ഖിലാഫത്തിന്റെ ചന്ദ്രാങ്കിത രക്തപതാക അവിടെ നാട്ടി. പ്രത്യാക്രമണത്തില്‍ അദ്ദേഹവും ഏതാനും സൈനികരും താഴെ വീണു ശഹീദായി. എങ്കിലും ഉസ്മാനിപ്പട മലവെള്ളം പോലെ ഇരച്ചുകയറുന്നത് കണ്ടു കോണ്‍സ്റ്റന്‍റൈന്‍ സൈനികര്‍ തിരിഞ്ഞോടി. തന്റെ സൈന്യം യുദ്ധക്കളത്തില്‍ നിന്ന് രക്ഷപ്പെടുന്നതു കണ്ട് ചക്രവര്‍ത്തി നിരാശനായി. “ക്രിസ്ത്യാനികളേ, നിങ്ങളാരെങ്കിലും എന്നെയൊന്ന് കൊന്നുതരുമോ’യെന്നദ്ദേഹം അവരോട് വിളിച്ചുചോദിച്ചു. തുടര്‍ന്നദ്ദേഹം ഏറ്റുമുട്ടി മരിച്ചു. പാലിയോ ലോഗസ് (144953) എന്ന കോണ്‍സ്റ്റന്‍റൈന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയുടെ അന്ത്യത്തോടെ 18 നൂറ്റാണ്ട് നിലനിന്ന റോമാ സാമ്രാജ്യം ചരിത്രകഥ മാത്രമായി, സീസര്‍ എന്ന പദവിയും.
സുല്‍ത്വാന്റെ അഭിലാഷം പോലെ ളുഹ്റിന്റെ സമയത്ത് അദ്ദേഹവും മന്ത്രിമാരും സെന്റ് റൊമാന്‍സ് കവാടത്തിലൂടെ പട്ടണത്തില്‍ പ്രവേശിച്ചു. ലോക പ്രശസ്ത ക്രിസ്ത്യന്‍ ദേവാലയമായ ഹാഗിയ സോഫിയയുടെ കവാടത്തില്‍ കുതിരയെ നിര്‍ത്തി ഫാതിഹ് താഴെയിറങ്ങി. വാങ്കുവിളി മുഴക്കാനാജ്ഞാപിച്ചു. ശിര്‍ക്കിന്റെ കേന്ദ്രങ്ങളില്‍ തൗഹീദിന്റെ ശബ്ദം ഇടിമുഴക്കം തീര്‍ത്തു.
എഡി 395ല്‍ റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുമ്പോള്‍ കിഴക്കന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനം കോണ്‍സ്റ്റാന്‍റിനോപ്പിളായിരുന്നു. പടിഞ്ഞാറന്‍ സാമ്രാജ്യ തലസ്ഥാനം റോമും. കിഴക്കന്‍ ക്രിസ്ത്യാനികളുടെ മതത്തലവന്‍ പാത്രിയാര്‍ക്കിസ് എന്ന പേരില്‍ അറിയപ്പെടുകയും ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായി ഹാഗിയ സോഫിയ മാറുകയും ചെയ്തു. കോണ്‍സ്റ്റന്‍റൈന്‍ ഒന്നാമന്‍ എഡി 360ല്‍ പണിത ഈ ദേവാലയത്തിന് വത്തിക്കാന്‍ ചര്‍ച്ചിനേക്കാള്‍ പാരമ്പര്യമുണ്ട്. 532ല്‍ ഹാഗിയ സോഫിയയുടെ ബ്രഹത്തായ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സുലൈമാന്‍(അ) നിര്‍മിച്ച ബൈതുല്‍ മുഖദ്ദസിനെ ഇകഴ്ത്തിക്കൊണ്ട് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി ഇങ്ങനെ പറഞ്ഞു: “ഓ സുലൈമാന്‍, ഞാന്‍ നിങ്ങളെ മറികടന്നിരിക്കുന്നു.’ ഒരു സഹസ്രാബ്ദത്തോളം പകുതി ക്രൈസ്തവ ലോകത്തിന്റെ കേന്ദ്രമായി ഇതു പരിലസിച്ചു. ആ ചരിത്രത്തിനാണ് സുല്‍ത്വാന്‍ ഫാതിഹ് പൂര്‍ണ വിരാമമിട്ടത്.
ഹാഗിയ സോഫിയ കീഴടക്കാന്‍ മുസ്‌ലിംകള്‍ക്കു കഴിയില്ലെന്നും അവര്‍ ചര്‍ച്ചിനോടടുക്കുമ്പോള്‍ മാലാഖ കരവാളുമായിറങ്ങി അവരെ ഓടിക്കുമെന്ന വിശ്വാസത്താല്‍ നാട്ടുകാര്‍ യുദ്ധ സമയത്ത് അവിടെ തടിച്ചുകൂടിയതും അദൃശ്യ സഹായം ലഭിക്കാതെ നിരാശരായതും ഗിബ്ബണ്‍ എഴുതിക്കാണാം (പേ 697). ഫാതിഹ് ഇതിനെ ജാമിഅ് ആയാ സോഫിയ എന്ന് പുനര്‍ നാമകരണം ചെയ്തു.
ഇതത്രയും ചരിത്രം. 1617 നൂറ്റാണ്ടുകള്‍ക്കിടെ തെക്കുകിഴക്കന്‍ യൂറോപ്പ്, മധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക എന്നീ മൂന്ന് വന്‍കരകളില്‍ അധികാരം സ്ഥാപിക്കുമാറ് വളര്‍ന്നു ഉസ്മാനിയ ഖിലാഫത്ത്. എന്നാല്‍ പിന്നീട് കെടുകാര്യസ്ഥതയും അഴിമതിയും സ്വാര്‍ത്ഥതയും അതിനെ പരാജയത്തിലെത്തിച്ചു. ഓരോ പ്രദേശങ്ങള്‍ സാമ്രാജ്യത്തില്‍ നിന്നു കൊഴിഞ്ഞുവീണു. പാശ്ചാത്യന്‍ ലോകത്ത് മുസ്‌ലിംകള്‍ക്കും ഖിലാഫത്തിനും നേരെ നടന്ന ഗൂഢാലോചനകള്‍ ഇതിന് ആക്കം കൂട്ടി. ഒന്നാം ലോക മഹായുദ്ധത്തോടെ തുര്‍ക്കി ഖിലാഫത്തിന്റെ പതനം സന്പൂര്‍ണമായി. കമാല്‍ പാഷയാണ് ഖിലാഫത്തിന്റെ ആരാച്ചാര്‍ പണിയെടുത്തത്. അദ്ദേഹം പ്രസിഡന്‍റായത് മുതല്‍ ഇസ്‌ലാമിക പൈതൃകം ചക്രശ്വാസം വലി തുടങ്ങി.
1923 ഒക്ടോബര്‍ 23 ജിഎന്‍എ ഭരണഘടനയില്‍ ഭേദഗതി ചെയ്ത് രാജ്യത്തെ റിപബ്ലിക്കാക്കി, പിറ്റേ വര്‍ഷം മാര്‍ച്ച് 3ന് ഖലീഫ സ്ഥാനം റദ്ദാക്കി. തലസ്ഥാനം അങ്കാറയിലേക്കു മാറ്റി. ജൂലൈയില്‍ ശരീഅത്ത് നിയമം, വഖഫ്, ശരീഅത്ത് കോടതികള്‍, മതവിദ്യാലയങ്ങള്‍ നിര്‍ത്തലാക്കി. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതിലെ വരുമാനം ഗവണ്‍മെന്റ് കണ്ടുകെട്ടി. പുരുഷന്മാര്‍ മതകീയ തലപ്പാവ് ധരിക്കുന്നത് കുറ്റകരമായി. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞില്ലെങ്കിലും പരിഹാസ്യമാക്കി. 1925 ഡിസംബറില്‍ ഹിജ്റ കലണ്ടര്‍ മാറ്റി ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പാക്കി. 1928 ഏപ്രില്‍ ഒന്നിന് ഔദ്യോഗിക മതം ഇസ്ലാമെന്നതു മാറ്റി. നവംബര്‍ രണ്ടിന് അറബി ഭാഷ നിരോധിച്ചു. 1932ല്‍ ഖുതുബയടക്കം ആരാധനകള്‍ അറബിക്കു പകരം തുര്‍ക്കിയിലാക്കി. ഇങ്ങനെ ഇസ്‌ലാമികമായ എല്ലാം രാജ്യത്തുനിന്നു തുടച്ചുനീക്കാന്‍ കമാല്‍പാഷ ധാര്‍ഷ്ട്യം കാണിച്ചു. ഇന്നു പക്ഷേ, ഖിലാഫത്ത് തകര്‍ച്ചയുടെ ഒമ്പതു ദശാബ്ധത്തിനു ശേഷം തുര്‍ക്കി അതിന്റെ മതചൈതന്യം ചെറിയ രൂപത്തിലെങ്കിലും തിരിച്ചുപിടിക്കുന്നുവെന്നത് ആശ്വാസകരമാണ്. പ്രസിഡന്റ് ഉര്‍ദുഗാന്റെ നയങ്ങള്‍ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് ഏറെ സഹായകമായ നിലയിലാണെന്നാണ് വിലയിരുത്തല്‍.

Exit mobile version