നിഷിദ്ധമായ ആഹാരങ്ങൾ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത്, കുരുങ്ങിച്ചത്തത്, അടിയേറ്റു ചത്തത്, വീണു ചത്തത്, കുത്തുകൂടി ചത്തത്, ഹിംസ്ര ജീവി ആഹരിച്ചതിൽ നിങ്ങൾ അറുത്തിട്ടില്ലാത്തത്, വിഗ്രഹങ്ങൾക്ക് ബലിയറുക്കപ്പെട്ടത് എന്നിവയെല്ലാം നിങ്ങൾക്ക് നിഷിദ്ധമാണ് (സൂറത്തുൽ മാഇദ 3). പത്ത് ഭക്ഷ്യപദാർത്ഥങ്ങളാണ് ഇവിടെ നിരോധിച്ചിരിക്കുന്നത്. അല്ലാഹു വാന-ഭുവനങ്ങളെ സൃഷ്ടിച്ച നാൾ മുതൽ ഇവയെല്ലാം നിഷിദ്ധമാക്കപ്പെട്ടതുമാണ് (ശുഅബുൽ ഈമാൻ-ബൈഹഖി).

ശവം

അറുക്കപ്പെടാതെ ചത്തതെല്ലാം ശവമാണ്, അവ ഭക്ഷ്യയോഗ്യമല്ല. അറുത്തത് തന്നെ നിയമങ്ങൾ പൂർണമായും പാലിക്കാതെയാണെങ്കിൽ അത് ശവത്തിന്റെ ഗണത്തിലാണ് പെടുക. കടകളിൽ നിന്ന് വാങ്ങുന്ന മാംസം നിയമപ്രകാരം അറുത്തതാണെന്ന് ഉറപ്പുവരുത്തണം. അന്നനാളവും ശ്വസന നാളവും പൂർണമായും അറുക്കണം. മേൽ നാളങ്ങളിൽ അൽപ്പ ഭാഗം മുറിക്കാതെ ബാക്കിയുണ്ടെങ്കിൽ അത് ഭക്ഷിക്കാൻ പാടില്ല (തുഹ്ഫ, മുഗ്‌നി). എത്രത്തോളമെന്നാൽ ഒരു ജീവിക്ക് രണ്ട് കഴുത്തുകളുണ്ടെങ്കിൽ അത് രണ്ടിലെയും ശ്വസന നാളവും അന്നനാളവും പൂർണമായും അറുക്കണമെന്നാണ് നിയമം (ബുജൈരിമി).
അറുക്കാതെ തന്നെ ഭക്ഷിക്കാവുന്ന രണ്ടെണ്ണമാണ് മത്സ്യവും ജറാദും(വെട്ടുകിളി). നബി(സ്വ) പറയുന്നു: നമുക്ക് രണ്ടു ശവങ്ങളും രണ്ടു രക്തങ്ങളും ആഹരിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നു. രണ്ടു ശവങ്ങൾ മത്സ്യവും ജറാദുമാണ്. രണ്ട് രക്തങ്ങളെന്നാൽ കരളും പ്ലീഹയുമാണ് (അഹ്‌മദ്, ഇബ്‌നുമാജ).

പന്നിമാംസം

പന്നിമാംസം ഹറാമാണെന്ന നിയമത്തിൽ ലോകമുസ്ലിംകൾ ഏകാഭിപ്രായക്കാരാണ് (ശർഹുൽ മുഹദ്ദബ്). പന്നിയുടെ മാംസം പോലെതന്നെ എല്ലും തോലും നെയ്യും മറ്റെല്ലാ ഉൽപന്നങ്ങളും നിഷിദ്ധമാണ്.

വിഗ്രഹത്തിന് ബലിയറുക്കപ്പെട്ടത്

ജാഹിലിയ്യാ കാലഘട്ടത്തിൽ അവർ ആരാധിക്കുകയും വിഗ്രഹങ്ങൾക്ക് ബലിയറുക്കുമ്പോൾ ഉപയോഗിക്കുകയും ചെയ്തിരുന്ന ചില പ്രത്യേക ശിലകളുണ്ടായിരുന്നു. അതാണ് നുസ്വുബ് (തഫ്‌സീർ അദ്ദുർറുൽ മൻസൂർ, ഇബ്‌നു കസീർ, ത്വബരി). മരണപ്പെട്ട സജ്ജനങ്ങൾക്കോ സത്യവിശ്വാസികൾക്കോ പരലോക ഗുണം പ്രതീക്ഷിച്ച് അല്ലാഹുവിന്റെ പേരിൽ അറുക്കുന്നതിനെ ഈ ഗണത്തിൽ പെടുത്തി നിഷിദ്ധമാണെന്ന് വാദിക്കുന്നത് പ്രാമാണിക പിന്തുണയില്ലാത്തതാണ്. അംഗീകൃത ഖുർആൻ വ്യാഖ്യാനങ്ങളിലൊന്നും ഇല്ലാത്ത ഈ വാദഗതി അബദ്ധവും അപരാധവുമാണ്.
കാഫിറുകളെ കുറിച്ച് അവതരിപ്പിച്ച ഖുർആൻ വചനങ്ങൾ അവർ സത്യവിശ്വാസികളുടെ മേൽ കെട്ടിവെക്കുന്നു എന്ന് പുത്തനാശയക്കാരെ കുറിച്ച് അബ്ദുല്ലാഹി ബ്‌നു ഉമർ(റ) നിരീക്ഷിച്ചതിന്റെ (സ്വഹീഹുൽ ബുഖാരി 6929) പുലർച്ചയുമാണത്.
ഖുർആൻ പറയുന്നത് ശ്രദ്ധാപൂർവം ഉൾക്കൊള്ളുക: ‘തീർച്ചയായും താങ്കളുടെ റബ്ബ് അവന്റെ സത്യപാതയിൽ നിന്ന് വ്യതിചലിച്ചവരെ നന്നായി അറിയുന്നു, സന്മാർഗികളെയും അവൻ നന്നായി അറിയുന്നു. ആകയാൽ നിങ്ങൾ അവന്റെ വചനങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ നാമം ചൊല്ലി അറുക്കപ്പെട്ടത് ഭക്ഷിച്ചോളൂ, അല്ലാഹുവിന്റെ നാമം ചൊല്ലി അറുത്തത് ഭക്ഷിക്കാൻ നിങ്ങൾക്ക് എന്താണ് തടസ്സമുള്ളത്?! (സൂറത്തുൽ അൻആം 117-119).
നജസായതോ ലഹരിയുണ്ടാക്കുന്നതോ ആയ യാതൊന്നും ഭക്ഷിക്കാൻ അനുവാദമില്ല. മോഷ്ടിച്ചതോ അപഹരിച്ചതോ കഴിക്കരുത്.
സത്യവിശ്വാസികളേ, നാം നിങ്ങൾക്ക് പ്രദാനം ചെയ്തതിലെ നല്ല വിഭവങ്ങൾ നിങ്ങൾ ആഹരിക്കുക. നിങ്ങൾ റബ്ബിന് നന്ദി കാണിക്കുവിൻ; നിങ്ങൾ അവനെ ആരാധിക്കുന്നുവെങ്കിൽ (അൽബഖറ 172).

 

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version