നിസ്‌കാരവും ആരോഗ്യ ശാസ്ത്രവും

നിസ്‌കാരത്തിൽ മതപരമായും ആരോഗ്യപരമായും ആത്മീയമായുമുള്ള ഘടകങ്ങളുണ്ട്. ആന്തരികമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്‌കാരം. ആരാധ്യനെ കൂടുതൽ അടുത്തറിയാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും നിസ്‌കാരത്തിലൂടെ സാധിക്കുന്നു.
ആരോഗ്യം സംരക്ഷിക്കുന്നതിലും നശിപ്പിക്കുന്നതിലും മനസ്സിന് വലിയ പങ്കുണ്ട്. ദു:ഖവും പ്രയാസങ്ങളും ദുഷ്ചിന്തകളും ആരോഗ്യത്തെ ബാധിക്കും. സമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളായ വിഷാദരോഗത്തിനും ടെൻഷനും നിസ്‌കാരം ഫലപ്രദമായ ചികിത്സയാണ്. ‘ങമി, ഠവല ഡിസിീംി’ എന്ന വിഖ്യാത കൃതിയുടെ കർത്താവും നൊബേൽ ജേതാവുമായ ഡോ. അലെക്‌സിസ് കാറൽ ഞലമറലൃ’ െഉശഴലേെൽ എഴുതി: മാനസികശക്തി കൈവരിക്കാൻ ഉപയുക്തമായ ഏറ്റവും ശക്തമായ പോംവഴിയാണ് നിസ്‌കാരം. അത് സ്വയം ഉത്തേജനവും ഊർജവും പ്രസരപ്പിക്കുന്നു. അല്ലാഹുവിൽ സ്വയം സമർപിക്കുന്നതിലൂടെ വിശ്വാസി നേടുന്നത് മാനസിക ഊർജത്തിന്റെ പരിപോഷണമാണ്.
ദു:ഖങ്ങളും പ്രയാസങ്ങളും അല്ലാഹുവിലർപിച്ചു നിസ്‌കരിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു. അതിരാവിലെ എഴുന്നേറ്റ് ‘അല്ലാഹുവാണ് വലിയവൻ’ എന്നാവർത്തിച്ചു പ്രഖ്യാപിച്ച് അവന് മുമ്പിൽ തല കുനിക്കുന്നവന് അഹങ്കരിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ മാനസിക സമ്മർദം കുറക്കാനും പ്രാർത്ഥനക്ക് കഴിയും. നിസ്‌കരിക്കുമ്പോഴും അതിനു ശേഷവും പ്രാർത്ഥന ഏറെ വരുന്നുണ്ടല്ലോ.
ചിന്തകൾ ആരോഗ്യത്തെ സ്വാധീനിക്കുന്നതു പോലെ തന്നെ സമയനിഷ്ഠയെയും സ്വാധീനിക്കും. ‘സമയബന്ധിതമായി നിസ്‌കാരം നിർബന്ധമാക്കി’ എന്നാണ് ഖുർആനിക പ്രഖ്യാപനം. നിസ്‌കാരം കൃത്യമായി നിർവഹിക്കുന്നവന് ജീവിതത്തിൽ ചിട്ട പാലിക്കാനും വ്യക്തിത്വം വികസിപ്പിക്കാനും സാധിക്കുന്നു. കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ അലസമായി നീട്ടിവെക്കുക വഴി പലവിധ പ്രയാസങ്ങൾ ഉളവാകുന്നതിൽ നിന്ന് നിസ്‌കാരം പ്രതിരോധിക്കും.
മാലിന്യങ്ങളിൽ നിന്ന് അകറ്റിനിർത്തി നിസ്‌കാരം നമ്മുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. എല്ലാവിധ മാലിന്യങ്ങളിൽ നിന്നും മുക്തമായെങ്കിലേ അണുബാധയേൽക്കാതിരിക്കുകയുള്ളൂ. അപ്പോഴേ നിസ്‌കാരം സാധുവാകൂ. കഴുകാൻ പറഞ്ഞ അവയവങ്ങൾ കഴുകുന്നതിലും തടവാൻ പറഞ്ഞവ തടവുന്നതിലും മതിയായ ശാസ്ത്രീയ വശമുണ്ട്. നിസ്‌കരിക്കുന്നതിനു മുമ്പായി ശരീരത്തിന്റെ ഓരോ ഭാഗവും നമ്മൾ വൃത്തിയാക്കുന്നു. ഒരു ദിവസം അഞ്ച് നേരം നിസ്‌കാരത്തിലേക്ക് കടക്കുമ്പോഴും ‘വുളൂ’ ചെയ്യുന്നതിലൂടെ മുൻകൈകൾ പല പ്രാവശ്യം കഴുകുന്നു. ജലദോഷമുള്ളവർ മൂക്ക് പിടിക്കുമ്പോൾ അണുക്കൾ കൈകളിൽ പറ്റുമല്ലോ. ഈ കൈ കൊണ്ട് വല്ലതും തൊട്ടാൽ അണുക്കൾ അവിടെയെത്തും. ആ വസ്തു രോഗമില്ലാത്ത മറ്റൊരാൾ തൊടുമ്പോൾ അണുക്കൾ അയാളിലുമെത്തുന്നു. കൈകളിൽ നിന്ന് മൂക്കിലേക്കും വായിലേക്കുമെത്താൻ താമസമില്ലല്ലോ. കൈകൾ കൂടെക്കൂടെ കഴുകി തുടക്കുകയാണ് ജലദോഷ വൈറസുകളെ അകറ്റാൻ ഒരു മാർഗം. ജലദോഷമുണ്ടാക്കുന്ന ഇരുന്നൂറിലേറെ വൈറസുകളുണ്ടെന്ന് ആരോഗ്യ ശാസ്ത്രം. അവയിൽ നിന്നെല്ലാം അകറ്റിനിർത്തി ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ വുളൂഇലൂടെ സാധ്യമാകും. മുൻകൈ കഴുകുന്നതു പോലെ പ്രധാനപ്പെട്ടതാണ് വായ കഴുകുന്നത്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. മാത്രമല്ല, നിസ്‌കരിക്കുന്നതിന്റെ ഭാഗമായി വായ കഴുകുന്നത് പല അലർജികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇത് വായ്ക്കുള്ളിലെ അണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് റക്അത്ത് നിസ്‌കരിക്കുന്നതിലൂടെ പേശികളും ഞരമ്പുകളും മറ്റും സജീവമാവുകയും ശരീരത്തിന് നവോന്മേഷം കൈവരുകയും ചെയ്യും.
ശരീരത്തിന്റെ മുഴുവൻ സന്ധികൾക്കും പേശികൾക്കും ചലനം ആവശ്യമാണ്. സന്ധികൾ നിഷ്‌ക്രിയമാകുമ്പോൾ നീരടിഞ്ഞു കൂടുകയും ചലനങ്ങൾക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്യും. വ്യായാമത്തിന്റെ അഭാവം ആരോഗ്യ രംഗത്തെ വലിയ വെല്ലുവിളിയാണ്. സാങ്കേതികമായ പുരോഗതി മൂലം യന്ത്രങ്ങൾ ആധിപത്യം സ്ഥാപിക്കുകയും ശാരീരിക ചലനം കുറയുകയും ചെയ്തത് രക്തധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ബ്ലഡ്ഷുഗർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ വിവിധ രോഗങ്ങൾക്ക് വ്യായാമമാണ് ഫലപ്രദമായ മരുന്ന്. വ്യായാമമില്ലാതെ മരുന്ന് മാത്രം കഴിക്കുകയാണെങ്കിൽ സുഖപ്പെടില്ലെന്നു മാത്രമല്ല, മരുന്നുപയോഗം ക്രമേണ വർധിപ്പിക്കേണ്ടതായും വരും. ഇതിന് പരിഹാരമായാണ് ഡോക്ടർമാർ നിത്യേനയുള്ള നടത്തവും വ്യായാമങ്ങളും നിർദേശിക്കുന്നത്. ചിട്ടയോടെ വ്യായാമം ചെയ്യുകയാണെങ്കിൽ പ്രമേഹത്തിനുള്ള മരുന്നുപയോഗം നിർത്താനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇവിടെയാണ് നിസ്‌കാരത്തിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്.
നിസ്‌കാരത്തിൽ എല്ലാ പേശികളും ചലിക്കുന്നുണ്ട്. ശാരീരികാരോഗ്യത്തിന് സഹായകമായ വ്യായാമത്തിന്റെ എല്ലാ വശങ്ങളും നിസ്‌കാരത്തിൽ കടന്നു വരുന്നു. കൈകാൽ വിരലുകൾ തുടങ്ങി തല വരെ നിസ്‌കാരത്തിൽ ഭാഗഭാക്കാവുന്നുണ്ട്. സുജൂദിൽ തല താഴ്ത്തി വെക്കുമ്പോൾ തലച്ചോറിനാവശ്യമായ രക്ത പ്രവാഹമുണ്ടാകുന്നു. നിസ്‌കാരത്തിന്റെ സുപ്രധാനമായൊരു ഗുണം തന്നെയാണിത്.
മുട്ടുവേദന ഇന്ന് സാധാരണമാണ്. അതിന്റെ പ്രധാന കാരണം മുട്ടുമടക്കലിന്റെ കുറവാണത്രെ. ഭക്ഷണം മേശപ്പുറത്തും ടോയ്ലറ്റ് യൂറോപ്യനുമാകുമ്പോൾ കാൽമുട്ടിന് നീരുവരാനുള്ള സാധ്യതയേറെ. ഇത്തരം രോഗികളോട് മുട്ടുമടക്കൽ വർധിപ്പിക്കാനും ഫിസിയോതെറാപ്പി നടത്താനുമാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. നിസ്‌കാരത്തിലെ ആവർത്തിക്കുന്ന ശാരീരിക ചലനങ്ങൾ സന്ധിരോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലത്രെ.
മനുഷ്യരാശിയുടെ ആരോഗ്യത്തിനും സന്തുഷ്ട ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകർമ പദ്ധതിയെന്ന നിലയിൽ വ്യായാമത്തിന് ശാസ്ത്രം വലിയ പ്രാധാന്യം നൽകുന്നു. ആധുനിക വ്യായാമങ്ങളിൽ കഠിനമായ മുറകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നേടിയെടുക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങൾ നിസ്‌കാരത്തിലെ ലളിതമായ വ്യായാമങ്ങളിലൂടെ തന്നെ ലഭ്യമാകുന്നുണ്ടെന്നും കൃത്യമായി നിസ്‌കാരം നിർവഹിക്കുന്ന വിശ്വാസിക്ക് യോഗ പോലുള്ള പലപ്പോഴും മതവിരുദ്ധം തന്നെയാകുന്ന കർമങ്ങൾ ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നും തിരിച്ചറിയുക.

 

അൽവാരിസ് മുഫസ്സിർ പയ്യന്നൂർ

Exit mobile version