സര്ഹിന്ദില് ട്രൈനിറങ്ങുമ്പോള്‍ വീശിക്കൊണ്ടിരുന്ന പുലര്ക്കാറ്റിന് ആത്മീയതയുടെ ആര്ദ്രതയുണ്ടായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ആ പരിഷ്കര്‍ത്താവിനെ പരിചരിച്ചതിന്റെ ചാരിതാര്‍ത്ഥ്യം റെയില്വേസ്റ്റേഷന് പരിസരങ്ങളില്‍ തന്നെ പ്രകടമാണ്. സ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സര്‍ഹിന്ദി(റ)യുടെ മസാര്‍ സ്ഥിതി ചെയ്യുന്നത്. സഞ്ചാരവഴികളിലെ പ്രകൃതിക്കാഴ്ചകള് പതിറ്റാണ്ടുകള്‍ക്ക് പിന്നിലെ കേരളീയ പരിസരങ്ങളിലേക്കാണ് മനസ്സിനെ കൊണ്ടുപോയത്. വിശാലമായ നെല്‍പ്പാടങ്ങളിലേക്ക് പണിയായുധങ്ങളും ചുമലിലേറ്റി നീങ്ങുന്ന ഗ്രാമീണരുടെ ഗൃഹാതുരക്കാഴ്ചകള് അനുഭൂതിയേകുന്നതായിരുന്നു.
വൈകാതെ അല്ലാമാ സര്‍ഹിന്ദി(റ)യുടെ ചാരത്തെത്തി. പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം. മുഗള്‍ രാജാക്കന്മാര് ഇന്ത്യ ഭരിക്കുന്ന കാലത്താണ് നൂറ്റാണ്ടിന്റെ പരിഷ്കര്‍ത്താവിന് പഞ്ചാബിലെ ഈ ദേശം ജന്മം നല്‍കുന്നത്. അവിഭക്ത ഇന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ സിയാല്‍കോട്ടില്‍ നിന്നും വ്യത്യസ്ത പഠനശാഖകളില്‍ വിജ്ഞാനം സന്പാദിച്ച് ആത്മജ്ഞാനത്തിന്റെ ഗിരിശൃംഗം കീഴടക്കിയാണ് ശൈഖ് സര്‍ഹിന്ദി(റ) ഒരു ജനതയുടെ ദിഗ്വിജയത്തിന്റെ നായകനായത്. അന്ന് പഞ്ചാബ് തമോമയമായിരുന്നു. തീര്‍ത്തും അപരിഷ്കൃതരും അജ്ഞരുമായ ഒരു ജനത. നിതാന്തമായ സംസ്കരണ പ്രക്രിയയുടെ അനുരണനമായി സര്‍ഹിന്ദ് പ്രദേശം ജ്ഞാന പ്രസരണത്തിന്റെ അണമുറിയാത്ത പ്രവാഹമാവുകയായിരുന്നുവെന്ന് ചരിത്രം.
ആ ചരിത്ര സത്യങ്ങളെ മനസ്സില്‍ ആവാഹിച്ചേ പഞ്ചാബിന്റെ നഗരപ്രാന്തങ്ങളിലൂടെ നമുക്കു യാത്ര ചെയ്യാനാവൂ. അല്ലാമാ സര്‍ഹിന്ദി (റ)യുടെ മസാറിന് സമീപത്തായി ഉയര്‍ന്നു നില്ക്കുന്ന ചില പൗരാണിക കെട്ടിടങ്ങളുണ്ട്. ഒരു കാലത്ത് വിജ്ഞാന ആദാനപ്രദാനങ്ങളുടെ ഈറ്റില്ലമായിരുന്നുവത്രെ അവയെല്ലാം. പക്ഷേ, ഇന്ന് അവ കേവലം മുസാഫര്‍ഖാനയും അതിഥി മന്ദിരങ്ങളുമായി ചുരുങ്ങി. അറിവിന്റെ മധുര സ്പര്ശങ്ങള് അന്യം നിന്നുപോയതിനാല്‍ വിറങ്ങലിച്ച് നില്ക്കുന്ന കെട്ടിടങ്ങള്‍. പൂര്‍വികരുടെ പ്രതാപവും പ്രശസ്തിയും തിരിച്ചു പിടിക്കാനാഗ്രഹിക്കുന്നവര് അവയുടെ വിമോചകര്‍ക്ക് കാതോര്‍ക്കുന്നു.
സര്‍ഹിന്ദി(റ)യുടെ ആത്മിക സാന്നിധ്യം ഒരു മടക്കയാത്രക്ക് ആരുടെയും മനസ്സനുവദിക്കില്ല. എങ്കിലും കിശംഘഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. മാന്‍സ ജില്ലയിലെ ഒരു പ്രധാന ഗ്രാമമാണ് കിശംഘഡ്. കാര്‍ഷികവൃത്തിയിലൂടെ പഞ്ചാബിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നത് മാന്‍സയിലെ ജനങ്ങളാണെന്നു പറയാം. കോട്ടണ്‍ നിര്‍മാണത്തിലാണ് മാന്സയുടെ നൈപുണ്യം. അത് കൊണ്ടാണ് ഠവല അൃലമ ീള ംവശലേ ഴീഹറ എന്ന പേരില്‍ ഇത് വിഖ്യാതമായത്. മുന്‍പേ തന്നെ ഈ നഗരം സിഖുകാരുടെ സങ്കേതമാണ്. മുസ്ലിം ചരിത്രമോ പാരമ്പര്യമോ ഈ നഗരത്തിന് അവകാശപ്പെടാന്‍ ഏറെയൊന്നുമുണ്ടാവില്ല. പിറ്റേന്നു പുലര്‍ച്ചെയാണ് കിശംഘഡില്‍ വണ്ടിയിറങ്ങുന്നത്. പുറത്തപ്പോള്‍ ചാറ്റല്‍ മഴയായിരുന്നു. പനയോലകള്‍ കൊണ്ട് നിര്‍മിച്ച തൊപ്പിക്കുടകള്‍ ധരിച്ച് ധൃതിപിടിച്ച് നടക്കുന്ന കര്‍ഷകരെ വഴിയോരങ്ങളിലെങ്ങും കാണാം.
പൗരാണികതയുടെ അടയാളങ്ങളവശേഷിക്കുന്ന കിശംഘഡിലെ കൊച്ചുഗ്രാമത്തില്‍ നിന്നും ഞങ്ങള്‍ കിഴക്കോട്ട് നടക്കാന്‍ തുടങ്ങി. റോഡിന്റെ പാര്‍ശ്വങ്ങളില്‍ നിന്നും ഗ്രാമവാസികളുടെ സൂക്ഷമമായ നോട്ടങ്ങള്‍, അപരിചിതത്വത്തിന്റെ മുഖഭാവങ്ങള്‍, മുസ്ലിമിന്റെ വേഷവിധാനങ്ങള്‍ അവര്‍ക്കു ചിരപരിചിതമല്ലാത്തതിനാല്‍ ഞങ്ങളുടെ തലപ്പാവിന്റെ ഘടന കണ്ട് വര്യേരായ സിഖുകാരാണോ എന്നുപോലും ചോദിച്ചു ചിലര്‍. യാത്രാ മധ്യേ ഒരപരിചിതനോട് പള്ളിയന്വേഷിച്ചപ്പോഴാണ് അവിടെ ‘മസ്ജിദ്’ എന്നത് കേട്ടുകേള്‍വി പോലുമില്ലെന്ന് ബോധ്യം വരുന്നത്. അശ്രാന്തമായ തിരച്ചിലിനൊടുവില്‍ പതിനാല് കിലോമീറ്ററപ്പുറത്താണ് ഒരു പള്ളി കണ്ടെത്താനായത്. പിന്നീടാണ് അത് മുസ്ലിം പള്ളിയല്ല, ഖാദിയാനികളുടെ ആരാധനശാലയാണെന്നറിയുന്നത്. പിന്നെയൊരു പള്ളിയുള്ളത് അറുപത് കി.മീറ്റര്‍ അപ്പുറത്താണത്രെ.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ജീവിക്കുന്ന കിശംഘഡിലെ മുസ്ലിംകളെ കുറ്റപ്പെടുത്താനാകില്ല. അവരുടെ സാമൂഹികവും സാംസ്കാരികവുമായ പരിസ്ഥിതികളന്വേഷിച്ചപ്പോള് ചില വേദനാജനകമായ വെളിപ്പെടുത്തലുകളായിരുന്നു. കിശംഘഡിലെ ന്യൂനപക്ഷമായ മുസ്ലിംകള്ക്ക് എന്നും അവഗണനയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും കഥനങ്ങളാണ് പറയാനുള്ളത്. സ്വന്തമായി ഭവനങ്ങളോ കൃഷിയിടങ്ങളോ ഇല്ലാത്ത അവര്‍ സിഖുകാരനോ ഹൈന്ദവനോ വേണ്ടി ദാസ്യവേല ചെയ്യുന്ന ദാരുണാവസ്ഥയാണ്. അവരുടെ സാംസ്കാരികാപചയം ഏറെ ഗുരുതരവും. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലണയുന്ന യുവാക്കള്‍ക്ക് അതിന്റെ ഭവിഷ്യത്തുകളോ മതവിലക്കുകളോ അറിവില്ലായിരുന്നു. മതവിജ്ഞാനത്തിന്റെ അപര്യാപ്തതയും ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയും മുഴച്ചുനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഗ്രാമത്തില്‍.
മര്‍കസ് സന്നദ്ധ പ്രബോധകര്‍ പല ഘട്ടങ്ങളിലായി ക്യാന്പ് ചെയ്ത് നല്കിയ മതാധ്യാപനം അവരില്‍ ഏറെ പരിവര്‍ത്തനങ്ങളുണ്ടാക്കി. നിസ്കാരവും നോന്പും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. റമളാന്റെ തുടക്കത്തില്‍ നോന്പെടുക്കാന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവങ്ങള്‍ അവരുടെ നിഷ്കളങ്കത സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. ‘കന്നുകാലികള്‍ക്ക് പുല്ലരിഞ്ഞാല്‍ നോന്പ് മുറിയുമോ?, ചിരിച്ചാല്‍ നോന്പ് അസാധുവാകുമോ?’ തുടങ്ങിയ ചോദ്യങ്ങള്‍. റമളാന്‍ 12ന് നാല് മണിയായപ്പോള്‍ കരഞ്ഞു വന്ന് ‘ഞാനല്‍പ്പം വെള്ളം കുടിക്കട്ടെ’ എന്ന് ചോദിച്ച 55 കാരന് നയനങ്ങള്‍ ഈറനണിയിച്ചു. പക്ഷേ, പതിയെപ്പതിയെ ആ നാടുമാറുകയായിരുന്നു. മതകീയമായി ശക്തമായ മുന്നേറ്റം തന്നെ മാസങ്ങള്‍ കൊണ്ട് സമുദായത്തിനുണ്ടായി. അവരുടെ ഈ ആവേശവും ഔത്സുക്യവുമാണ് ഇസ്ലാമിക ചിഹ്നങ്ങള്‍ അപരിചിതവും അന്യവുമായി കിശംഘഡ് എന്ന ഗ്രാമത്തില്‍ പള്ളി ഉയരാന്‍ നിമിത്തമായത്. ഇന്ന് അവര്‍ കേരളത്തിലെ പണ്ഡിതരെ കാത്തിരിക്കുകയാണ്. അവരുടെ ജീവിതത്തിന് വെളിച്ചവും ദിശാബോധവും തുടര്‍ന്നും നല്‍കാനായി…
കിശംഘഡ് വിടാന്‍ ഒരു പ്രബോധകനെ അവന്റെ ദൗത്യബോധമനുവദിക്കുകയില്ല. ഇവരുടെ നവോത്ഥാനം തന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന ചിന്ത അവന്റെ മനസ്സിനെ എപ്പോഴും കര്മോത്സുകനാക്കിക്കൊണ്ടിരിക്കും. ആ വ്രണിത ഹൃദയവുമായാണ് ഞങ്ങള്‍ മേലര്കോട്ലയിലേക്ക് തിരിക്കുന്നത്.
മേലര്കോട്ല പല കാരണങ്ങളാല്‍ എന്റെ മനസ്സിലിടം പിടിച്ചിരുന്നു. 1995 ല്‍ കിറശമ ഠീറമ്യ യില്‍ വന്ന ങമഹലൃസമേേമ മി കഹെമിറ ീള ുലമരല ഫീച്ചറും 2002 മാര്‍ച്ച് 2ന് ഠവല ശോല െീള കിറശമ പ്രസിദ്ധീകരിച്ച ‘പരമ്പരാഗതമായി സാഹോദര്യത്തിന്റെ ധന്യ ഭൂമിക’ എന്ന പഠനവും ‘ഇവിടെ മുസ്ലിംകള് സുരക്ഷിതരാണ്’ എന്ന തലക്കെട്ടില്‍ 1997 ആഗസ്ത് 13ന് കിറശമി ഋഃുൃല ൈപുറത്ത് വിട്ട റിപ്പോര്‍ട്ടും മേലര്കോട്ലയിലെ മുസ്ലിം പ്രതാപവും അന്തസ്സും വരച്ചുകാട്ടുന്നതായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഒരു സമുദ്ധാരകന് പഞ്ചാബില്‍ സാധിച്ചെടുത്ത വിപ്ലവങ്ങളെക്കുറിച്ച് ചരിത്രം അയവിറക്കുന്നുണ്ട്. ഹൈദര്‍ ശൈഖ് എന്നറിയപ്പെടുന്ന ശൈഖ് സദ്റുദ്ദീന്‍ സദ്രീജഹാന് എന്നവരാണ് ആ സമുദ്ധാരകന്. അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വംവഴി പഞ്ചാബിലെ സിംഹഭാഗം ജനങ്ങളും സംസ്കൃതരും ഭക്തരുമായിത്തീര്ന്നു. കൂടാതെ 1750 കളില്‍ അഹ്മദ് ശാഹ് അബ്ദാലി എന്ന സാത്വികനായ നായകനു കീഴിലായിരുന്നു മേലര്കോട്ലയടക്കം പഞ്ചാബിലെ മിക്ക പ്രദേശങ്ങളും. ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ ശ്രേണിയായ സുന്നത്ത് ജമാഅത്ത് ഈ സൂഫി വര്യരിലൂടെ അവിടെ പ്രചരിക്കുകയും ഇടം പിടിക്കുകയും ചെയ്തിരുന്നു. പില്ക്കാലത്തെ സാമുദായികോന്നമനത്തിനു പിന്നിലെ ചോദന ഈ ആദര്‍ശ സംഹിതയായിരുന്നു.
സങ്ക്രൂര്‍ ജില്ലയിലെ മേലര്കോട്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ മുസ്ലിം പ്രതാപത്തിന്റെ ഇന്നലെകള്‍ ദൃശ്യമാവും. ഭൂരിപക്ഷ മുസ്ലിം പ്രദേശമായ ഇവിടെ ഇന്നുപക്ഷേ, ആ പുഷ്കലതയൊന്നും കാണാനില്ല. ഖേദകരമെന്ന് പറയാം, ഇസ്ലാമിന്റെ തീവ്രവാദ പരിവേഷമായ ദയൂബന്ദികളാണിവിടെയുള്ളത്. പടിഞ്ഞാറിന്റെ സ്വാധീനവും നവീനവാദികളുടെ പ്രവണതകളും ഇസ്ലാമിന്റെ സൗന്ദര്യത്തെ തല്ലിക്കെടുത്തുന്നതാണ്. പഞ്ചാബിലെ ചീഫ് മുഫ്തിയുള്‍പ്പെടെയുള്ള ഉന്നത വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും മുന്നൂറിലധികം സുന്നീ കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ സൗകര്യപ്രദമായ പള്ളിയില്ല, മതപാഠശാലകളുമില്ല. ദയൂബന്ദികളുടെ അതിപ്രസരണമുള്ള ഈ ഗ്രാമത്തില്‍ പ്രവര്‍ത്തനക്ഷമതയുള്ള പ്രബോധകരുടെ ആവശ്യകതയെക്കുറിച്ച് തദ്ദേശീയര്‍ പങ്കുവെക്കുന്നത് ഏറെ പ്രതീക്ഷകളോടെയാണ്.
പട്യാലയിലേക്കുള്ള പ്രയാണം ആസ്വാദ്യമായിരുന്നു. പഞ്ചാബിന്റെ തെക്കുകിഴക്കന്‍ ജില്ലയായ പട്യാല സംസ്ഥാനത്തെ വികസിത നഗരങ്ങളില്‍ പ്രധാനമാണ്. നഗരത്തില്‍ നിന്നും 20 കി.മീറ്റര്‍ അകലെയാണ് ബസ്ബാന എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. മുസ്ലിം വീടുകള്‍ പരിമിതമായെങ്കിലുമുണ്ട്. പള്ളിയില്ലാത്തത് കൊണ്ട് വെള്ളിയാഴ്ച ജുമുഅ നടന്നത് ഒരു വീട്ടിലായിരുന്നു. ഗ്രാമീണതയുടെ ആതിഥ്യമര്യാദ ഏറെ ആശ്ചര്യപ്പെടുത്തി. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍കൂട്ടം ദൃഷ്ടിയില് പെട്ടു. ഒരു ശവം ചിതയിലെരിക്കുന്നു. തിരിഞ്ഞുനടക്കുമ്പോള്‍ പിന്നില്‍ വന്ന് വിതുമ്പുന്ന ബന്ധുക്കളെ കണ്ടപ്പോഴാണ് അത് ഒരു മുസ്ലിമിന്റെ മയ്യിത്താണ് എന്നറിയുന്നത്. മനസ്സുവേദനിച്ച നിമിഷങ്ങള്‍! ദിവസങ്ങളോളം ആ ചിത്രം ഉറക്കം കെടുത്തി. മതവിജ്ഞാനത്തിന്റെ അപര്യാപ്തത സൃഷ്ടിച്ച മയ്യിത്തുകളോടുള്ള ഈ ക്രൂരകൃത്യം ഹൈന്ദവ സംസ്കൃതിയില്‍ നിന്നും ചേക്കേറിയതാണ്. ഇവിടെയൊരു പരിവര്‍ത്തനം വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്.
പിന്നീട് പോയത് നര്‍വാണയില്‍. മുസ്ലിംകള് ‘പുതുമുസ്ലിംകളാ’യ കഥയാണ് ഇവിടെ പങ്കുവെക്കാനുള്ളത്. കിശംഘഡില്‍ കണ്ടത് പോലെ തന്നെ കര്‍ഷകരായ മുസ്ലിംകളാണ് ഇവിടെയും കൂടുതലുള്ളത്. മര്‍കസ് ഇവിടെ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മതബോധമില്ലാത്തതിനാല് ഭൂരിപക്ഷവും ചേലാകര്‍മം പോലും ചെയ്തിട്ടില്ല. ഇവിടെ ആദ്യം മുപ്പത് മുസ്ലിം യുവാക്കളെ ചേലാകര്‍മത്തിന് വിധേയരാക്കി. രണ്ടാം ഘട്ടത്തില്‍ നൂറോളം പേരെയും.
ഹരിയാനപഞ്ചാബ് അതിര്‍ത്തി പ്രദേശമായ നര്‍വാണയില്‍ മര്കസിനു കീഴിലുള്ള ഞഇഎക നടത്തിയ നോന്പ് തുറ അവര്‍ക്ക് നവ്യാനുഭവമായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ സംഗമിച്ചത് അതിശയത്തോടെയാണ് അവര്‍ നോക്കിക്കണ്ടത്. ഇസ്ലാമികമായ പുതുജീവിതത്തിന്റെ ആസ്വാദ്യതലത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയ അവര്‍ക്ക് ഞഇഎക പ്രവര്‍ത്തകരെ പിരിയാന്‍ മനസ്സില്ലായിരുന്നു. തിരിച്ചുവരുമെന്ന് വാഗ്ദാനം നല്കി യാത്ര തിരിക്കുമ്പോള്‍ ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനായതിന്റെ ചാരിതാര്‍ത്ഥ്യം മനസ്സിന് തണുത്ത ഒരനുഭൂതി നല്കി. ആധുനിക പഞ്ചാബിന് കളഞ്ഞുപോയ നഷ്ടപ്രതാപങ്ങളെച്ചൊല്ലി പരിതപിക്കാന്‍ അവര്‍ക്ക് ഒരുപാടുണ്ടായിരുന്നു. നഗരഗ്രാമപ്രാന്തങ്ങളില് സന്മാര്ഗ വെളിച്ചത്തിന്റെ കിരണങ്ങള്‍ക്ക് യാചിക്കുന്ന സഹോദരങ്ങള്‍. ഇത്തരം ദേശങ്ങളില്‍ നമുക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ട്, നന്മകള് പകരാനുണ്ട്. മതപ്രബോധകന്റെ ദൗത്യമാണത്. വേണ്ടത് ആത്മാര്‍ത്ഥതയാണ്, നിസ്വാര്‍ത്ഥമായ മനസ്സും. വിമോചനത്തിന്റെ തിരിനാളങ്ങളുമായി ദൗത്യബോധത്തോടെ പഞ്ചാബ് മുസ്ലിംകള്‍ക്കിടയിലേക്ക് കടന്നുചെല്ലാന്‍ കരുത്തുള്ള പ്രബോധകരിലേക്ക് ഇത് സമര്‍പ്പിക്കുന്നു.
യാത്ര: ഡോ. എപി അബ്ദുല്‍ഹകീം അസ്ഹരി