കടുത്ത ദാരിദ്ര്യത്തിന്റെ കനലില്‍ വെന്തുനീറി നിസ്വനായ സഅ്ദുബ്‌നു ഖൈസമ വിടപറഞ്ഞതോടെ ബാലനായ മകന്‍ ഉമൈറുബ്‌നു സഅ്ദും ഉമ്മയും ശരിക്കും ഒറ്റപ്പെട്ടു. പക്ഷേ, ദുരവസ്ഥ ഏറെ നീണ്ടുനിന്നില്ല. കാരുണ്യവാന്റെ കടാക്ഷത്താല്‍ ഔസ് ഗോത്രത്തിലെ ധനികനായ സുവൈദിന്റെ പുത്രന്‍ ജുലാസ് ഉമൈറിന്റെ മാതാവിനെ പുനര്‍വിവാഹം ചെയ്തതോടെ കഷ്ടപ്പാടുകള്‍ക്കറുതിയായി. സ്വന്തം പുത്രനെ പോലെ ഉമൈറിനെ സ്‌നേഹിച്ച ജുലാസ് ബ്‌നു സുവൈദ് പിതാവിന്റെ അഭാവമറിയിക്കാതെ വളര്‍ത്തി. വളര്‍ത്തു പിതാവിനോട് ഉമൈറിനും ഏറെ ബഹുമാനവും സ്‌നേഹവുമായിരുന്നു. അവനില്‍ തെളിഞ്ഞു കണ്ട തന്റേടവും ധീരതയും സാമര്‍ത്ഥ്യവും അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
സത്യസാക്ഷ്യം സ്വീകരിക്കുമ്പോള്‍ സഅദിന് പത്തുവയസ്സാണ്. ആ കുഞ്ഞു ഹൃദയത്തില്‍ ഇസ്‌ലാം നന്നായി വേരൂന്നി. ചെറുപ്പമാണെങ്കിലും തിരുദൂതരുടെ പിന്നില്‍ നിസ്‌കരിക്കുന്നതില്‍ കണിശത പാലിച്ചിരുന്നു ഉമൈര്‍. കൃത്യമായി പള്ളിയിലെത്തും. ചിലപ്പോള്‍ വളര്‍ത്തുപിതാവിനൊപ്പം. അല്ലെങ്കില്‍
ഒറ്റക്ക്. അവന്റെ ദീനിയ്യായ വളര്‍ച്ചയും താല്‍പര്യവും മാതാവില്‍ വലിയ സംതൃപ്തിയുണ്ടാക്കി.
ഹിജ്‌റ ഒമ്പതാം വര്‍ഷം റോമക്കാര്‍ക്കെതിരെയുള്ള പടനീക്കത്തിന് തബൂക്കിലേക്ക് തയ്യാറാകാന്‍ പ്രവാചകര്‍ നിര്‍ദേശം നല്‍കി. ചില പടപ്പുറപ്പാടുകളിലൊന്നും ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയായിരുന്നില്ല അവിടുന്ന് പോരാളികളെ പറഞ്ഞയച്ചിരുന്നത്. വഴി മധ്യേയായിരിക്കും ലക്ഷ്യമറിയിക്കുക. എന്നാല്‍ തബൂക്കിനെക്കുറിച്ച് ആദ്യമേ പറയുകയുണ്ടായി. യാത്രാദൈര്‍ഘ്യവും ശത്രുക്കളുടെ മേധാവിത്വവും പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമൊക്കെയായിരിക്കണം ഈ വിളംബരത്തിനു പിന്നില്‍. പുറപ്പാടിനു ശേഷം ഇച്ഛാഭംഗമരുതല്ലോ. സാഹചര്യങ്ങള്‍ വിലയിരുത്തി സജ്ജീകരണങ്ങള്‍ ചെയ്യാനും ഇതു സഹായകമാകും. വെയില്‍ ചൂടില്‍നിന്നു രക്ഷപ്പെടാന്‍ ജനം തണലിടങ്ങള്‍ തേടിക്കൊണ്ടിരുന്ന അക്കാലത്ത് വളരെയേറെ ദുര്‍ഘടങ്ങള്‍ സഹിച്ച് സൈന്യം മുന്നേറാന്‍ തീരുമാനിച്ചു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാതെ റോമക്കാര്‍ മുസ്‌ലിം പീഡനം തുടരുന്ന സാഹചര്യത്തില്‍ അതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല.
യുദ്ധസന്നാഹങ്ങള്‍ വീക്ഷിച്ചപ്പോള്‍ ഉമൈറിനും പോരാട്ടവീഥി താല്‍പര്യമായി. മുഹാജിര്‍-അന്‍സ്വാര്‍ സ്ത്രീകള്‍ സ്വന്തം ആഭരണങ്ങള്‍ ദീനീ മാര്‍ഗത്തില്‍ ചെലവഴിക്കാനായി തിരുസവിധത്തില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. ഉസ്മാന്‍(റ) ആയിരം സ്വര്‍ണനാണയങ്ങള്‍ നല്‍കി. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) ഇരുന്നൂറ് ഊഖിയ സ്വര്‍ണക്കട്ടികള്‍ പ്രവാചകരുടെ പക്കല്‍ അര്‍പിച്ചു. ഒരാള്‍ തന്റെ ശയ്യയാണു വില്‍പനക്കു വെച്ചിരുന്നത്. അതു വിറ്റ് കിട്ടുന്ന പണം കൊണ്ട് പടവാള്‍ വാങ്ങി സമരത്തിനു പുറപ്പെടുകയാണു ലക്ഷ്യം. ഇതെല്ലാം കണ്ടപ്പോള്‍ സ്വന്തം ശരീരം ദീനിനു വേണ്ടി സമര്‍പ്പണം ചെയ്യാന്‍ ഉമൈര്‍(റ) കൊതിച്ചു.
ഇത്രയൊക്കെ ആവേശ രംഗങ്ങളുണ്ടായിട്ടും എന്താണ് തന്റെ വളര്‍ത്തു പിതാവ് ജുലാസ് ഒന്നുമറിയാത്ത ഭാവത്തില്‍ നടക്കുന്നത്? സാമ്പത്തികവും ശാരീരികവുമായ എല്ലാം ഒത്തിണങ്ങിയിട്ടും അദ്ദേഹം പുറപ്പെടാത്തതെന്ത്? ഉമൈര്‍ സ്വയം ചോദിച്ചു. ധര്‍മസമരത്തെക്കുറിച്ചു പറയണം. അതിനു പ്രേരിപ്പിക്കണം. അദ്ദേഹം ഉറച്ചു. സൗകര്യം ഒത്തുവന്നപ്പോള്‍ എല്ലാം വിശദമായി പറഞ്ഞു. നിര്‍വികാരനായി മുഴുവന്‍ കേട്ട ജുലാസിന്റെ പ്രതികരണമിങ്ങനെയായിരുന്നു: പ്രവാചകനാണെന്ന മുഹമ്മദിന്റെ വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളെക്കാള്‍ മോശക്കാരാണ്.’
ഉമൈര്‍(റ) തരിച്ചുപോയി. വിശ്വാസിയില്‍ നിന്നൊരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് വളര്‍ത്തുപ്പ പറഞ്ഞിരിക്കുന്നത്. മുര്‍തദ്ദ് (മതപരിത്യാഗി) ആകാന്‍പോന്ന പ്രതികരണം. ബുദ്ധിയും പക്വതയുമുള്ള ഒരു വിശ്വാസി അങ്ങനെ പറയുമായിരുന്നില്ല. പ്രശ്‌നം ഗുരുതരമാണെങ്കിലും പിതൃതുല്യനായ ഇദ്ദേഹത്തെക്കുറിച്ച് പരാതി പറയുന്നതെങ്ങനെ? പറയാതിരിക്കുന്നതെങ്ങനെ? ഉമൈര്‍ ധര്‍മസങ്കടത്തിലായി. ഒടുവില്‍ അദ്ദേഹം ജുലാസിനോട് പറഞ്ഞു: മുഹമ്മദുര്‍റസൂലിനു ശേഷം എനിക്കു പ്രിയപ്പെട്ടത് താങ്കളാണ്. നിങ്ങള്‍ എനിക്കു ചെയ്ത സഹായങ്ങളും പരിഗണനകളും സ്‌നേഹവും ഒരിക്കലും മറക്കാനാവുകയുമില്ല. ഈ പരാമര്‍ശം ഞാന്‍ പ്രവാചകരെ അറിയിച്ചാല്‍ താങ്കള്‍ക്ക് എന്നോടു വിരോധമാകും. പറയാതിരുന്നാല്‍ എന്നില്‍ നിന്നുള്ള വിശ്വാസ വഞ്ചനയുമാകും. വിശ്വാസ വഞ്ചന മുഅ്മിനിനു ചേര്‍ന്നതല്ല. അതിനാല്‍ ഞാനിത് തിരുനബിയോട് പറയുകയാണ്. പോംവഴി കണ്ടുകൊള്ളുക.’
പിന്നെ ഒരോട്ടമായിരുന്നു പ്രവാചക സന്നിധിയിലേക്ക്. മസ്ജിദുന്നബവിയില്‍ ചെന്നാണു നിന്നത്. റസൂലിനെ കാര്യം ധരിപ്പിച്ചു. ജുലാസിനെ വിളിക്കാന്‍ അവിടുന്ന് ആളയച്ചു.
അദ്ദേഹമെത്തിയ പാടെ പ്രവാചകരുടെ ചോദ്യം: ഉമൈറുബ്‌നു സഅദ് കേള്‍ക്കേ താങ്കളങ്ങനെ പറഞ്ഞോ?
‘അല്ലാഹുവിന്റെ ദൂതരേ, അവന്‍ പച്ചക്കള്ളം പറഞ്ഞതാണ്.’
ശ്രോതാക്കള്‍ ഇരുവരുടെയും മുഖത്തേക്കു മാറിമാറി നോക്കി അടക്കം പറഞ്ഞു: ‘ധര്‍മബോധത്തിലും അനുസരണയിലും വളര്‍ന്ന അവന്‍ കള്ളം പറയില്ല. ആ മുഖത്തുനിന്നു തന്നെ നിഷ്‌കളങ്കത വായിച്ചെടുക്കാം’.
‘ഉപകാരിയെ ഉപദ്രവിക്കുന്ന നന്ദികെട്ടവനാണവന്‍’-ഹൃദയത്തില്‍ കാപട്യം സൂക്ഷിച്ചിരുന്ന ഒരാളുടെ പ്രതികരണം.
‘നാഥാ, ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം നിന്റെ ദൂതര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കേണമേ.’ ഉമൈര്‍ ആസദസ്സില്‍ വെച്ച് കരളുരുകി തേടി. വിറക്കുന്ന ആ ചുവന്നുതുടുത്ത മുഖത്തേക്കു റസൂല്‍ നോക്കി. അവന്‍ കരയുകയാണ്.
‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ പറഞ്ഞതാണു ശരി. വേണമെങ്കില്‍ സത്യം ചെയ്യാം. ഉമൈര്‍ ബോധിപ്പിച്ചതു പോലെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് റബ്ബിനെ മുന്‍നിറുത്തി ഞാനിതാ സത്യം ചെയ്യുന്നു.’ തന്റെ ഭാഗം നന്നാക്കാന്‍ ജുലാസ് പറഞ്ഞു. ഇതു കൂടിയായതോടെ പലരും ഉമൈറിനെ സംശയിച്ചു. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം വിഷമവൃത്തത്തിലായി.
തിരുദൂതര്‍ക്ക് വഹ്‌യിന്റെ ലക്ഷണം. സ്വഹാബത്ത് നിശ്ശബ്ദതയോടെ കാതോര്‍ത്തു. അപ്പോള്‍ ഉമൈര്‍ ആശ്വസിക്കുന്നതും വളര്‍ത്തുപിതാവ് വിയര്‍ക്കുന്നതും അവര്‍ കണ്ടു. നാഥനോട് കളവു ബോധിപ്പിക്കാനാവില്ലല്ലോ. ‘തങ്ങള്‍ പറഞ്ഞില്ലെന്ന് അവര്‍ അല്ലാഹുവിനെ മുന്‍നിറുത്തി സത്യം ചെയ്യുന്നു. അവിശ്വാസത്തിന്റെ വാക്ക് അവന്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം അവിശ്വസിച്ചു… പശ്ചാത്തപിച്ചാല്‍ അവര്‍ക്കു നല്ലത്. വൈമുഖ്യം കാണിച്ചാല്‍ അല്ലാഹു അവര്‍ക്ക് വേദനാജനകമായ ശിക്ഷ കൊടുക്കും’ (സൂറതുത്തൗബ 74). വചനപ്പൊരുളോര്‍ത്ത് ജുലാസ് പേടിച്ചു. ഏറെ നേരം മൗനിയായി. പിന്നെ പറഞ്ഞു: യാ റസൂലല്ലാഹ്, കള്ളമാണ് ഞാന്‍ പറഞ്ഞത്. ഉമൈര്‍ പറഞ്ഞത് സത്യവും. ഞാന്‍ ഖേദിച്ചു മടങ്ങുന്നു. എന്റെ തൗബ സ്വീകരിക്കാന്‍ അങ്ങ് പ്രാര്‍ത്ഥിച്ചാലും. എന്റെ ജീവന്‍ ഞാനങ്ങേക്കു സമര്‍പ്പിക്കാം.’
ആനന്ദക്കണ്ണീര്‍ പൊഴിച്ചു നില്‍ക്കുന്ന ഉമൈര്‍(റ)ന്റെ ചെവിക്കു പിടിച്ച് സ്‌നേഹപൂര്‍വം പ്രവാചകര്‍ അരുളി: കുഞ്ഞേ, നിന്റെ കാത് അതിന്റെ ധര്‍മം നിറവേറ്റി. നിന്റെ രക്ഷിതാവ് നിന്നെ ശരിവെക്കുകയും ചെയ്തു. പ്രസ്തുത സംഭവം ജുലാസില്‍ വലിയ മാറ്റത്തിനു നിദാനമായി. വിശ്വാസം കൂടുതല്‍ തിളക്കമുള്ളതായി. ഉമൈറിനെ പൂര്‍വോപരി ലാളിച്ചും സ്‌നേഹിച്ചും വളര്‍ത്തി. ‘അല്ലാഹു അവന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. എന്നെ അവിശ്വാസത്തില്‍ നിന്നും നരകത്തില്‍ നിന്നും അവനാണ് രക്ഷിച്ചത്.’ ജൂലാസ് പിന്നീട് പലപ്പോഴും അനുസ്മരിക്കുമായിരുന്നു.
കാലം അതിന്റെ പ്രയാണം വേഗതയില്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു. ദമസ്‌കസിന്റെയും അലപ്പോയുടെയും ഇടയിലാണ് ഹിംസ് പട്ടണം സ്ഥിതി ചെയ്യുന്നത്. ആരെ ഗവര്‍ണറാക്കിയാലും അവിടെ അധികകാലം വാഴില്ല. ഗവര്‍ണറുടെ കുറ്റവും കുറവുകളും കണ്ടുപിടിച്ച് നിവേദനങ്ങളും പരാതികളുമായി നാട്ടുകാര്‍ ഖലീഫയെ സമീപിക്കും. പരാതി വര്‍ധിക്കുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയുകയോ കേന്ദ്രം മടക്കിവിളിക്കുകയോ ചെയ്യും. നീണ്ട ആലോചനക്കു ശേഷം രണ്ടാം ഖലീഫ ഉമര്‍(റ) അവിടേക്ക് ഉമൈര്‍(റ)നെ പ്രതിനിധിയായി നിയമിച്ചു. സിറിയയില്‍ ധര്‍മസമരത്തില്‍ വ്യാപൃതനായിരിക്കെയായിരുന്നു നിയമനം. അദ്ദേഹം ഹിംസിലെത്തി. ഭരണ കേന്ദ്രമായ പള്ളിയിലേക്ക് ജനങ്ങളെ വിളിച്ചു വരുത്തി പ്രഖ്യാപിച്ചു: ജനങ്ങളേ, ഇസ്‌ലാമാണ് ശക്തി. നീതി അതിന്റെ മഹത്ത്വവും സത്യം അതിന്റെ കവാടവുമാണ്. ആ കവാടം തകര്‍ക്കപ്പെട്ടാല്‍ മതത്തിന്റെ പവിത്രതക്കു നാശം പറ്റും. സുശക്തമായ ഭരണം നിലനില്‍ക്കുന്നിടത്തോളം കാലം മതം സുഭദ്രമായിരിക്കും. ഭരണത്തിന്റെ ശക്തി വാള്‍ പ്രയോഗമോ ചാട്ടവാറടിയോ അല്ല. സത്യത്തെ അംഗീകരിച്ച് നീതി വിധിക്കലാണ്.’
കാര്യമായ കുഴപ്പങ്ങളില്ലാതെ ഒരു വര്‍ഷം കടന്നു പോയി. ഒരു നാള്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം അദ്ദേഹം തലസ്ഥാനത്തേക്കു തിരിച്ചു. ലഭ്യമായ നികുതി, ആഹാര സഞ്ചി, ഭക്ഷണത്തളിക, വെള്ളപ്പാത്രം, ആയുധം എന്നിവ തോളില്‍ ചുമന്ന് കാല്‍നടയായി മദീനയില്‍ വന്ന അദ്ദേഹത്തെ ഖലീഫ ആകെയൊന്നു നോക്കി. ദുരിത യാത്ര കാരണം ആകെ ക്ഷീണിച്ചിരിക്കുന്നു. ഉമര്‍(റ) ആരാഞ്ഞു: ‘ഉമൈര്‍ എന്തു പറ്റി?’
റബ്ബിന്റെ അനുഗ്രഹത്താല്‍ ആരോഗ്യവാനും സന്തുഷ്ടനായുമാണ് ഞാന്‍ വന്നിരിക്കുന്നത്. താങ്കള്‍ കല്‍പിച്ചതു പോലെ എന്റെ സമ്പാദ്യങ്ങളെല്ലാം കൊണ്ടു വന്നിട്ടുണ്ട്.
‘താങ്കള്‍ എന്തൊക്കെയാണ് കൊണ്ടുവന്നിട്ടുള്ളത്’
ഭക്ഷണ സഞ്ചി, കഴിക്കാനുപയോഗിക്കുന്ന തളിക, വുളൂഇനും കുടിക്കാനും വെള്ളമെടുക്കുന്ന പാത്രം.
‘നടന്നാണോ വന്നത്?’
അതേ.
‘ഗവര്‍ണറായിട്ടും വാഹനമൊന്നും ലഭിച്ചില്ലേ?’
ഞാന്‍ ആവശ്യപ്പെട്ടില്ല. അവര്‍ തന്നതുമില്ല.
‘ബൈതുല്‍ മാലിലേക്ക് വല്ലതും…’
ഇല്ല.
‘കാരണം?’
‘ഹിംസിലെത്തിയ ഉടന്‍ നികുതി പിരിക്കാന്‍ പറ്റിയവരെ ഏല്‍പിച്ചു. അവര്‍ കൊണ്ടുവന്നത് അവരുമായി കൂടിയാലോചിച്ച് അര്‍ഹതപ്പെട്ടവര്‍ക്കു അപ്പപ്പോള്‍ തന്നെ നല്‍കി. ബാക്കി വന്നത് ന്യായമായ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു.’
പിന്നെ അദ്ദേഹം തന്നെ ചുമതലയില്‍ നിന്നു മാറ്റണമെന്നു ശക്തമായി ആവശ്യപ്പെട്ടു. എന്നിട്ടു കുടുംബ സമേതം മദീനക്കു പുറത്തു താമസമാക്കി.
ഒരിക്കല്‍ ഹാരിസ് എന്ന ദൂതന്‍ വശം നൂറു ദീനാറടങ്ങുന്ന കിഴി കൊടുത്ത് ഖലീഫ ഉമര്‍(റ) പറഞ്ഞു: താങ്കള്‍ ഉമൈറുബ്‌നു സഅദിന്റെ അതിഥിയായി ചെല്ലുക. ഐശ്വര്യമാണ് അദ്ദേഹത്തില്‍ കാണുന്നതെങ്കില്‍ തിരിച്ചുപോരുക. പ്രാരാബ്ധമാണ് കാണുന്നതെങ്കില്‍ ഇത് അദ്ദേഹത്തിനു സമ്മാനിക്കുക.’
ആഗതനെ സ്വീകരിച്ചിരുത്തി ഉമൈര്‍(റ) ചോദിച്ചു: താങ്കള്‍ എവിടുന്നാണ്?
ദൂതന്‍: മദീനയില്‍ നിന്നു വരുന്നു.
‘അവിടത്തെ മുസ്‌ലിംകളുടെ വിശേഷങ്ങള്‍?’
നല്ലത് തന്നെ.
‘ഖലീഫക്കോ?’
ആരോഗ്യവാനും സാത്വികനും.
‘നീതി നടപ്പാക്കുന്നില്ലേ?’
തീര്‍ച്ചയായും. ഒരു വേണ്ടാകൃത്യത്തിന് സ്വന്തം മകനെ ശിക്ഷിക്കുകയും തന്മൂലം അവന്‍ മരണപ്പെടുകയും ചെയ്തു.
അപ്പോള്‍ മഹാന്‍ പ്രാര്‍ത്ഥിച്ചു: നാഥാ, നീ അദ്ദേഹത്തെ സഹായിക്കേണമേ. നിന്നെ അത്യധികം സ്‌നേഹിക്കുന്നവനായാണ് ഞാനദ്ദേഹത്തെ കാണുന്നത്.’
ഖലീഫയുടെ ദൂതന്‍ മൂന്നു ദിവസം ഉമൈര്‍(റ)ന്റെ വസതിയില്‍ അതിഥിയായി താമസിച്ചു. ഓരോ രാത്രിയിലും ഓരോ ചപ്പാത്തി നല്‍കിവിരുന്നുകാരനെ സല്‍കരിച്ചു. മൂന്നാം നാള്‍ ഉമൈര്‍(റ)ന്റെ അയല്‍ക്കാരന്‍ വിരുന്നുകാരനോട് പറഞ്ഞതിങ്ങനെ: താങ്കള്‍ ഉമൈര്‍(റ)നെയും വീട്ടുകാരെയും വല്ലാതെ കഷ്ടപ്പെടുത്തിയല്ലോ.’ കഥയറിയാതെ സ്തബ്ധനായ വിരുന്നുകാരനോട് അയല്‍ക്കാരന്‍ വെളിപ്പെടുത്തി: ആകെ ഒരേയൊരു ചപ്പാത്തിയാണ് അവരുടെ ഒരു ദിവസത്തെ ഭക്ഷണം. അതാണ് കഴിഞ്ഞ മൂന്നു ദിവസവും താങ്കള്‍ക്കവര്‍ തന്നത്. എന്നിട്ടവര്‍ പട്ടിണി കിടക്കുകയായിരുന്നു. അവരിപ്പോഴാകെ പരവശരായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇനിയും അവരെ പ്രയാസത്തിലാക്കരുത്. താങ്കള്‍ക്ക് ഇനി എന്റെ വീട്ടില്‍ താമസമാക്കാം.’
കാര്യം ബോധിച്ച ഹാരിസ്(റ) ഖലീഫ ഏല്‍പിച്ച പണക്കിഴി ഉമൈര്‍(റ)നു കൈമാറിക്കൊണ്ട് പറഞ്ഞു: ഇത് അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ക്കു തരാന്‍ എന്നെ ഏല്‍പിച്ചതാണ്.’
‘ഇത് ഖലീഫക്കു തന്നെ കൊടുക്കുക. ഉമൈറിന് ആവശ്യമില്ലെന്നറിയിക്കുകയും ചെയ്യുക.’
ഇതുകേട്ട് സഹധര്‍മിണി ഇടപെട്ടു: പ്രിയപ്പെട്ടവരേ, സ്വീകരിച്ചോളൂ. ആവശ്യം വന്നാല്‍ ഉപയോഗിക്കുകയോ ധര്‍മം ചെയ്യുകയോ ആവാം.’ ഉടന്‍ ഹാരിസ്(റ) കിഴി അവിടെ വെച്ചു യാത്രയായി. ഉമൈര്‍(റ) അതെടുത്ത് ചെറിയ കിഴികളിലാക്കി അഗതികള്‍ക്കും ശുഹദാക്കളുടെ സന്തതികള്‍ക്കുമെല്ലാം വിതരണം ചെയ്തു. അതു തീര്‍ത്ത ശേഷമേ അദ്ദേഹം അന്തിയുറങ്ങിയുള്ളൂ.
ദൂതനില്‍ നിന്ന് വിവരങ്ങളറിഞ്ഞ ഖലീഫ ഉമൈര്‍(റ)ന് കത്തയച്ചു: ഉടന്‍ വന്നു കാണുക.
വൈകാതെ മഹാന്‍ മദീനയിലെത്തി. ഖലീഫ സ്‌നേഹ പുരസ്സരം അടുത്തിരുത്തി വിശേഷങ്ങളാരാഞ്ഞു. ഒടുവില്‍, പണം എന്തിനു വിനിയോഗിച്ചുവെന്നു തിരക്കി. അദ്ദേഹം പ്രതികരിച്ചു: അതങ്ങ് എനിക്കു തന്നതല്ലേ. ഇനി ചോദിക്കാനെന്തവകാശം!
അറിഞ്ഞേ തീരൂ എന്നായി ഖലീഫ. അപ്പോള്‍ മഹാന്‍ പറഞ്ഞു: സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത നാളില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരിക്കുകയാണ്.’ ഇതു കേട്ടു കരഞ്ഞുപോയി ഉമര്‍(റ). അദ്ദേഹം പറഞ്ഞു: സ്വന്തം ആവശ്യങ്ങള്‍ അവഗണിച്ച് അന്യരെ പരിഗണിക്കുന്ന വ്യക്തിത്വമാണ് താങ്കളെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ശേഷം, ഒരൊട്ടകത്തിനു വഹിക്കാവുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളും രണ്ട് തുണിയും ഉമൈറിനു നല്‍കാന്‍ ഖലീഫ ഉത്തരവിട്ടു.
‘ഭക്ഷണമൊന്നും വേണ്ട. ഞാനിങ്ങോട്ട് വരുമ്പോള്‍ രണ്ട് ചാക്ക് ഗോതമ്പുണ്ട് വീട്ടില്‍. അത് തീരുമ്പോഴേക്ക് റബ്ബ് വേറെ നല്‍കും. തുണി ഞാന്‍ കൊണ്ടുപോകാം. ഭാര്യ ധരിക്കുന്നത് ദ്രവിച്ചിരിക്കുന്നു. അവള്‍ക്കുടുക്കാം.’
പിന്നീടദ്ദേഹം കൂടുതല്‍ ജീവിച്ചില്ല. പരലോക യാത്രയില്‍ ഐഹികം ഭാരമാകരുതെന്നു കരുതി എല്ലാം നാഥനു സമര്‍പ്പിച്ച മഹാന്റെ സമ്പാദ്യം ഇലാഹീ പ്രീതി മാത്രമായിരുന്നു. ‘മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉമൈറുബ്‌നു സഅദിനെ പോലുള്ള ഏതാനും പേരെ ലഭിച്ചിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു’-മഹാന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഉമര്‍(റ) പ്രസ്താവിച്ചു.
(അല്‍ ഇസ്വാബ 3/32, ഉസ്ദുല്‍ഗാബ 1/293, സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ 241-256)