പതിനേഴാം രാവു പോലെ ഒരു മൗലവി

സമകാലിക മലയാളം വാരികയിൽ (ലക്കം 2022 മെയ് 9) പ്രസിദ്ധ എഴുത്തുകാരൻ താഹ മാടായി തന്റെ മദ്‌റസാ ഉസ്താദിനെ അനുസ്മരിച്ചെഴുതിയ മുഹമ്മ ദിശ: പതിനേഴാം രാവ് പോലെ ഒരു മൗലവി എന്ന ഹൃദയസ്പൃക്കായ കുറിപ്പിന്റെ സംഗ്രഹം:

ഉസ്താദ് വടിച്ച പ്ലെയ്റ്റ് പോലെ എന്നത് നാട്ടിലെ ചൊല്ലാണ്. പാത്രത്തിലെ ഏറ്റവും ചെറിയ വറ്റ് പോലും ഉസ്താദ്/മൗലവി വിരൽകൊണ്ട് തുടച്ച് വൃത്തിയാക്കി, മിനുക്കി വെക്കും. ഒജീനെ(ആഹാരം) ഇത്രയും ആദരവോടെയും പ്രിയത്തോടെയും ആസ്വദിച്ചു കഴിക്കുന്നവരെ അധികം കണ്ടിട്ടില്ല.
ഇതെല്ലാം ഓർമിക്കുന്നത് വെള്ളവസ്ത്രത്തിന്റെ അഴകിൽ സഫലമായ ജീവിതം നയിച്ച ഒരു പ്രിയപ്പെട്ട ഉസ്താദ് വിടപറഞ്ഞ ദു:ഖം നിറഞ്ഞ പശ്ചാത്തലത്തിലാണ്. ഒരു മദ്‌റസ അധ്യാപകൻ എന്ന നിലയിൽ എന്നെ, മറ്റു പലരെയും പ്രചോദിപ്പിച്ച ഗഫൂർ ഉസ്താദ് ഈ റമളാൻ പതിനഞ്ചാം രാവിൽ മരണപ്പെട്ടു. മരിക്കുന്നതിനു തൊട്ടു മുന്നേയുള്ള ദിവസം ഞങ്ങൾ ഫോണിൽ സുഖവിവരങ്ങൾ കൈമാറിയിരുന്നു. പിറ്റേന്നു രാവിൽ മാടായിപ്പാറയിൽ നിന്ന് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി മുത്തന്നൂർ പൂച്ചേങ്ങാലിൽ, കഫൻ കൊണ്ടു മൂടിയ ആ മുഖം കണ്ടപ്പോൾ, ഓർമയിലെ ഓത്തുപള്ളിക്കാലം അങ്ങനെ തന്നെ ഓർമവന്നു.
ഓത്തുപള്ളി പാട്ടിൽ മാത്രം കേട്ട ബാല്യമായിരുന്നില്ല ഞങ്ങളുടേത്. പുലർച്ചെയുള്ള എഴുന്നേൽക്കൽ, മുസ്ഹഫും കിതാബുകളും കയ്യിൽ നെഞ്ചോടു ചേർത്തുപിടിച്ചുള്ള മദ്‌റസാ യാത്രകൾ. ഒന്നാം ക്ലാസിൽ പഠിപ്പിച്ച ഉസ്താദിന്റെ പേര് ഓർക്കുന്നില്ല. എന്നാൽ മൂന്നാം ക്ലാസിലെ ഉസ്താദിനെ പിന്നീടൊരിക്കലും മറന്നിട്ടുമില്ല. ഗഫൂർ ഉസ്താദ് ഒരിക്കലും വടി കയ്യിലെടുത്തിരുന്നില്ല.

ഗഫൂർ ഉസ്താദ് ഓത്തുപള്ളിയിൽ ഇളംചിരിയുടെ ചന്ദ്രക്കല പോലെ കുട്ടികൾക്ക് സാന്ത്വനമായി. ഖുർആൻ/ ഖിറാഅത്ത് പഠിപ്പിക്കുമ്പോൾ, ഓരോ സൂറത്തിലും ഹൃദയം പതിപ്പിക്കാൻ പറഞ്ഞു. പ്രവാചക കഥകൾ പറയുമ്പോൾ, മരുഭൂമിയിലൂടെ ഉസ്താദിനോടൊപ്പം നടക്കുന്നതുപോലെ തോന്നി. മലപ്പുറം ശൈലിയിലെ ആ വർത്തമാനം ഞങ്ങൾക്ക് കൗതുകമുണർത്തുന്നതായിരുന്നു. വെള്ള വസ്ത്രത്തിന്റെ അഴകിൽ ഉസ്താദ് നിറഞ്ഞുനിന്നു. ഉസ്താദിനെപ്പോലെ ഭംഗിയിൽ തലയിൽ കെട്ടുന്ന ഒരാൾ അക്കാലത്തുണ്ടായിരുന്നില്ല.

നോമ്പുകാലത്ത് അയൽക്കാരായ ബെന്നിയേട്ടനെയും കുടുംബത്തെയും വീട്ടിൽ വിളിച്ച് നോമ്പുതുറപ്പിക്കുമ്പോൾ ഒപ്പമിരുത്തണം എന്ന് ഉസ്താദ് പറഞ്ഞു. അദ്ദേഹം തുല്യരായി മനുഷ്യരെ കണ്ടു.
അദ്ദേഹം കുറേ വർഷം ഞങ്ങളുടെ പള്ളിയിലെ ഖത്തീബുമായിരുന്നു. ജ്ഞാനത്തിന്റെ ഭാരം കൊണ്ടല്ല, ഭക്തിയുടെ നിറവുകൊണ്ട് അദ്ദേഹം വിശ്വാസികളുടെ ഹൃദയം കവർന്നു. നിസ്‌കരിക്കാൻ വന്നിരിക്കുന്നവരുടെ ഊര തളരുന്നതുവരെ അദ്ദേഹം പാണ്ഡിത്യം വിളമ്പി വെറുപ്പിച്ചില്ല. മൈക്ക് എക്കോ മോഡിലാക്കി ഘോര ഘോരം അട്ടഹസിച്ചില്ല. വളരെ ശാന്തമായി വാക്കുകൾ ഉച്ചരിച്ചു. എഴുതുന്ന കാര്യം അറിഞ്ഞപ്പോൾ തലയിൽ കൈവെച്ചനുഗ്രഹിച്ചു.
കുട്ടിക്കാലത്തെ ഓർമകളിലൊക്കെ ഉസ്താദുണ്ട്. റമളാൻ രാവിൽ ഉസ്താദ് നോമ്പു തുറക്കാൻ വീട്ടിൽ വരും. തുടർന്ന് ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഹൃദയം തുറന്നുള്ള ദുആ ഉണ്ട്. ആ കാലത്ത് ഉപ്പ സിംഗപ്പൂരിൽനിന്നു നാട്ടിൽ വന്നാൽ നേർച്ചയുണ്ടാവും. വെളുത്ത കവറിട്ട തലയണയുടെ മേൽ നേർച്ചക്കിത്താബും പൂഴി നിറച്ച ഗ്ലാസിൽ ഊദ് തിരിയും കത്തിച്ചു ഉസ്താദിന്റെ നേതൃത്വത്തിൽ ‘മൻഖൂസ് മൗലൂദ്’. ആ നേർച്ചയുടെ താളം ഇപ്പോഴും ഓർമയിൽ മുദ്രിതമായി കിടക്കുന്നു.
ഉസ്താദ് മാടായിയിൽനിന്നു പിരിഞ്ഞുപോയിട്ടും ഓരോ റമളാനിലും ബദ്‌രീങ്ങളുടെ ആണ്ടു നേർച്ചാ ദിവസം മാടായിലേക്ക് വരുമായിരുന്നു. പ്രിയപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ഹൃദയം തുറന്ന ദുആയും അനുഗ്രഹവും നൽകി തിരിച്ചുപോകും.
കുറേ മാസങ്ങളായിരുന്നു ഉസ്താദിനെ കണ്ടിട്ടും വിളിച്ചിട്ടും. പതിനഞ്ചാം രാവിൽ ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയിൽ ഉമ്മ, അനിയൻ, പെങ്ങൾ എന്നിവരൊക്കെ ഒന്നിച്ചിരിക്കുമ്പോൾ ഉസ്താദിന്റെ ഫോണിൽ വിളിച്ചു. ഉസ്താദിന്റെ ഭാര്യയാണ് ഫോൺ എടുത്തത്. ഉസ്താദിന് ഫോൺ കൈമാറി. ഈ വർഷം മാടായിലേക്കില്ല എന്ന് ഉസ്താദ് പറഞ്ഞു. പതിനേഴാം രാവിൽ വരില്ല. വയ്യ. എങ്കിലും അൽഹംദുലില്ലാഹ്. മോൻ കോഴിക്കോട് വരുമ്പോൾ വിളിക്കണം. നമുക്ക് കാണാം. അനിയനുമായും സംസാരിച്ചു. ഉസ്താദിനെക്കുറിച്ചുള്ള ഓർമകളിൽ മുഴുകി ഞങ്ങൾ കുറേ നേരം ഇരുന്നു. പിറ്റേന്ന് രാത്രി അതേ സമയമാകുമ്പോൾ പെങ്ങളുടെ വാട്‌സാപ്പിൽ ഒരു മെസ്സേജ്: നമ്മുടെ പ്രിയപ്പെട്ട ഗഫൂർ ഉസ്താദ് മരണപ്പെട്ട വിവരം അറിയിക്കുന്നു.
രാത്രി പുലരാറാകുമ്പോൾ, മലപ്പുറം തൃപ്പനച്ചി മുത്തന്നൂർ പൂച്ചേങ്ങാലിലെ വീട്ടിലെത്തി ഇന്നലെ സംസാരിച്ച ആ കണ്ണടഞ്ഞ മുഖം കണ്ട് തിരിച്ചു വരുമ്പോൾ ആലോചിച്ചു. ഇത്രയും ദൂരത്തു നിന്നാണ് ഉസ്താദ് വന്ന് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്ത് മടങ്ങിയിരുന്നത്. ജീവിച്ചിരുന്നപ്പോൾ ഉസ്താദിനെ കാണാൻ ഈ വീട്ടിൽ ഒരിക്കലും വന്നില്ലല്ലൊ…
ജീവിച്ചിരിക്കുമ്പോൾ ഉള്ള ഓർമകളെയാണ് പ്രാർത്ഥനകൾ എന്നു പറയുന്നത്. ഉസ്താദേ, ആ നെറ്റിയിൽ ഓർമകൾ കൊണ്ടാരുമ്മ. ചൂരൽവടിയുടെ വട്ടപ്പത്തിൽനിന്ന് കൈത്തലത്തെ രക്ഷിച്ചതിന്. ഞങ്ങൾക്ക്, ആ കാലത്തെ മദ്‌റസാ കുട്ടികൾക്ക് അടികൾ നിസ്സഹായമായി സഹിക്കുകയല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ലല്ലോ.

താഹ മാടായി

Exit mobile version