പിഎംകെയുടെ പ്രബോധന രസതന്ത്രം പ്രസക്തമാകുന്നത്

മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം വിപുലമായതാണ് ദഅ്‌വ (ഇസ്‌ലാമിക പ്രബോധനം) എന്നിടത്തു നിന്നാണ് ദഅ്‌വ സംബന്ധിയായ ചർച്ചകൾ രൂപപ്പെട്ടു വരേണ്ടത്. മദീനയിലെ സമൂഹ നിർമിതിയുടെ ആദിപാഠങ്ങൾ മുതൽ തിരുപ്രവാചകരുടെ മുഴുജീവിതവും അതാണ് പഠിപ്പിക്കുന്നത്.

ഇസ്‌ലാം പ്രബോധനത്തെ വിശേഷിച്ചും, മുസ്‌ലിം വ്യവഹാരങ്ങളെ പൊതുവിലും സക്രിയമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ കർമപദ്ധതികൾ കാലോചിതമായി ആവിഷ്‌കരിച്ചാൽ മാത്രമേ നാം ചരിത്രത്തോട് നീതി പുലർത്തിയെന്ന് പറയാനൊക്കൂ. അവ്വിധം, പുതുകാലത്തിന്റെ ചുവരെഴുത്തുകൾ സൂക്ഷ്മമായി വായിച്ചെടുത്ത് നിസ്വാർത്ഥ മനസ്സോടെ മതപ്രബോധന രംഗത്തു വ്യാപരിച്ച പണ്ഡിതനായിരുന്നു പിഎംകെ ഫൈസി എന്ന ആകാരത്തിൽ കുറിയ, കർമമണ്ഡലത്തിൽ ഏറെ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ പ്രബോധന വൃത്താന്തങ്ങൾ ഇന്നും ഒരു വിസ്മയം പോലെ നമുക്ക് മുമ്പിൽ തെളിഞ്ഞുനിൽക്കുന്നത് കർമങ്ങളിലെ ആത്മാർത്ഥതയും വിവേകപരതയും കൊണ്ടുതന്നെയാണ്.

മനസ്സിന്റെയും ശരീരത്തിന്റെയും സുസ്ഥിതിയും സമാധാനവുമാണ് എല്ലാ മനുഷ്യരും എക്കാലത്തും ആശിക്കുക. മാറാരോഗങ്ങളാലും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങളാലും അത്യധികം അസ്വസ്ഥജനകമായ പുതിയ കാലത്തും ‘ന്യൂജനറേഷന്’ ആവശ്യമേറിയതും ഇവ രണ്ടും തന്നെ. ഹൃദയം തുറന്ന് സംസാരിക്കാൻ ഒട്ടുമിക്ക പേരും താൽപര്യപ്പെടാത്ത ഇക്കാലത്ത് നല്ല വാക്കുകളിലുള്ള നന്നേ ചെറിയ സംഭാഷണങ്ങൾ പോലും പ്രബോധനത്തിന്റെ പുതിയ വാതിലുകളാണ് തുറന്നുവെക്കുക. പിഎംകെ എന്ന പ്രബോധകന്റെ മൗലിക ഗുണങ്ങളിലൊന്നായി പലർക്കും വിലയിരുത്താവുന്നതും ഇതുതന്നെ. യാത്രകളിൽ തൊട്ടരികെ ഇരിക്കുന്നവർ, കൂടെ നടക്കുന്നവർ, സ്വന്തം നാട്ടുകാർ, സഹപാഠികൾ, സഹോദര സമുദായാംഗങ്ങൾ തുടങ്ങിയ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ളവരെ നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം അഭിമുഖീകരിച്ചു. എപ്പോഴും വൻ വിജയങ്ങൾക്കാവില്ലെങ്കിലും താൻ പ്രതിനിധീകരിക്കുന്ന ആദർശത്തെ പറ്റി പ്രബോധിതർക്കു ഹൃദയത്തിലുള്ള തെറ്റിദ്ധാരണയുടെ തോത് കുറക്കാനാവുമെന്ന് ഒട്ടനേകം ഇടപെടലുകളിലൂടെ അദ്ദേഹം തെളിയിച്ചു. അനേകമാളുകൾ അത്തരം ആദർശ ബന്ധുക്കളുമായി കൂടുതൽ സല്ലപിക്കാൻ താൽപര്യപ്പെടുമെന്ന് കാണിച്ചുതരികയും ചെയ്തു. ഒരു മണിക്കൂർ പ്രസംഗിക്കുന്നതിലേറെ ഫലവത്തായിരിക്കും ഒരു മിനിറ്റ് നേരത്തെ സംഭാഷണമെന്ന് അദ്ദേഹം മൗനമായി പറഞ്ഞു.

ആശയ സംവേദനങ്ങൾ വിരൽതുമ്പുകളിലൊതുക്കുന്ന സോഷ്യൽ മീഡിയ യുഗത്തിൽ ആളുകളുടെ ഹൃദയ സംഭാഷണങ്ങൾ വളരെ കുറഞ്ഞു പോയിരിക്കുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കൈയെത്തും ദൂരെ ഇരിക്കുന്നവരേക്കാൾ കാണാമറയത്തുള്ളവരുമായി ആശയങ്ങൾ പങ്കുവെക്കാനാണ് പലർക്കും ആവേശമെന്നതാണ് സത്യം. മറ്റൊരു പ്രധാന വില്ലൻ മുസ്‌ലിം സമുദായത്തിന് പൊതുവെയും മതവിദ്യാർത്ഥികൾക്ക് വിശേഷിച്ചുമുള്ള ഒരു തരം അപകർഷനാട്യമാണ്. പഠിച്ചെടുക്കേണ്ടവയിൽ ഏറ്റവും ഉത്കൃഷ്ടമായവയാണ് പഠിക്കുന്നതെങ്കിലും, മുന്തിയ ഇനം ധവള പുടവകളാണ് ഉടുക്കുന്നതെങ്കിലും താനൊന്നിനും കൊള്ളില്ലെന്നും കാണാൻ ചന്തമില്ലെന്നുമൊക്കെയുള്ള ‘സ്വയം കുറച്ചിൽ ബോധങ്ങൾ’ കുറേയൊക്കെ പിടികൂടിയിരിക്കുന്നു. മറ്റുള്ളവരുമായി ആരോഗ്യകരമായ ആശയ സംവേദനത്തിൽ നിന്നും ഈ ദുർബോധം അവരെ പിന്തിരിപ്പിക്കുന്നു.

മേൽചൊന്ന തരം രോഗങ്ങളൊന്നും പിഎംകെയെന്ന പണ്ഡിതനെ തെല്ലും ഗ്രസിച്ചിരുന്നില്ല. പാരമ്പര്യ രീതിയും വേഷവും ആചാരങ്ങളുമൊക്കെ നിലനിർത്തി മധുര ഭാഷണങ്ങളിലൂടെ തന്റെ ഹൃദയത്തിന്റെ വെണ്മ മറ്റുള്ളവരിലേക്ക് പകർത്താനാവുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ബസ്സിൽ സഹയാത്രികനായ ക്രിസ്തീയ പുരോഹിതനു മുതൽ മരണത്തിന് നാലു ദിവസം മുമ്പ് തന്റെ സുഹൃദ് വലയത്തിൽ പെടുത്തിയ മുസ്‌ലിം അവാന്തര വിഭാഗക്കാരനു വരെ സത്യമതത്തിന്റെ സുന്ദര സന്ദേശങ്ങൾ പകർന്നു നൽകാനായത്, പലരും അപ്രസക്തമെന്ന് നിനച്ചു പോയ അനൗപചാരിക സംഭാഷണങ്ങളിലൂടെയായിരുന്നുവെന്നത് നേര്. വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മുതൽ ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന അനേകമായിരം പേർ ആ സുഹൃദ്‌വലയത്തിന്റെ സുരക്ഷിതത്വം അനുഭവിച്ചു.

ദഅ്‌വ: ധൈഷണികോർജവും പ്രായോഗിക മികവും

മരണം വരെ മുതഅല്ലിമുകളായി ജീവിക്കാനായിരുന്നു നിഷ്‌കാമികളായ പണ്ഡിതരുടെയെല്ലാം പ്രാർത്ഥന. പഠനാരംഭത്തിന്റെ കൈപ്പേറിയ ബാല്യകാലം മുതൽ വഫാത്ത് വരെയും അമൂല്യമായ വിജ്ഞാനമുത്തുകളെ അന്വേഷിച്ചു കണ്ടെത്തുന്നതിലും പുതിയ കാലത്തിന്റെ രസക്കൂട്ടുകൾ ചേർത്ത് പകർന്നു നൽകുന്നതിലും അതിമിടുക്കനായിരുന്നു പിഎംകെ. ദീനീ പഠനത്തിൽ അത്യധികം ശ്രദ്ധ നൽകിയ കഠിന തപസ്വിയായ ഒരു മുതഅല്ലിമായതു കൊണ്ടാണ് സേവനത്തിന്റെ ആദ്യനാളുകളിൽ തന്റെ മുമ്പിലിരിക്കുന്ന ശിഷ്യഗണങ്ങൾക്ക് കിതാബുകളുടെ ആഴങ്ങൾ ചികഞ്ഞ് ഓതിക്കൊടുക്കാൻ അദ്ദേഹം പ്രാപ്തി നേടിയത്.

സുന്നിവോയ്‌സ്, സിറാജ്, അൽ ഇർഫാദ് തുടങ്ങിയ സുന്നി ജിഹ്വകളിലെ പത്രാധിപ പദവിയുടെ തിരക്കുകൾക്കിടയിലും കൊളത്തൂർ, ഉമ്മത്തൂർ, കൊണ്ടോട്ടി തുടങ്ങിയ ദർസിലെ മുതഅല്ലിമുകൾ പിഎംകെ ഫൈസിയെന്ന തങ്ങളുടെ ഉസ്താദിനെ ആവോളം ആസ്വദിച്ചു. ജീവിതത്തോടൊപ്പമുള്ള അടങ്ങാത്ത ജ്ഞാനതൃഷ്ണ മൂലം അന്തർദേശീയ തലത്തിലെ പ്രമുഖ പണ്ഡിതരെയും പ്രൊഫസർമാരെയും വരെ അദ്ദേഹം സവിനയം സമീപിച്ചു. കണ്ടും കേട്ടും വായിച്ചും ചോദിച്ചും അറിഞ്ഞ അത്യപാരമായ ആ ധൈഷണിക സമ്പത്തുമൂലം അദ്ദേഹം പത്രാധിപ പദവിയലങ്കരിച്ച മാഗസിനുകൾ ഗവേഷണാത്മക ജേണലുകളുടെ നിലവാരം പുലർത്തി. പുതിയ കാലം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പരസ്പരം ഇഴചേർന്ന ദ്വന്ദ്വാത്മക (ഉദാ: ഇസ്‌ലാം-കമ്മ്യൂണിസം, ഇസ്‌ലാം-പരിസ്ഥിതി) വിഷയങ്ങളെ പറ്റി ശരാശരിയിൽ കവിഞ്ഞ അറിവ്, തന്മൂലം അദ്ദേഹത്തിനുണ്ടായിരുന്നു.

സോഷ്യൽ നെറ്റ്‌വർകിംഗ് സൈറ്റുകളിൽ വിരലുന്തിയും അർത്ഥശൂന്യമായ സംസാരങ്ങളിലേർപ്പെട്ടും സമയം കൊല്ലുന്ന പുതിയ കാല ദഅ്‌വ പഠിതാക്കൾക്ക്/മുതഅല്ലിമുകൾക്ക് വ്യക്തമായൊരു സന്ദേശവുമാകുന്നു പിഎംകെ ജീവിതം.

കൊടുവള്ളി സിറാജുൽ ഹുദാ യതീംഖാനയിൽ മുതഅല്ലിമായിരിക്കെ തന്റെ സഹപാഠികളെല്ലാം സ്‌കൂളിൽ പോകുമ്പോൾ തൊട്ടപ്പുറത്തെ പബ്ലിക് ലൈബ്രറിയായിരുന്നു പിഎംകെയുടെ ആശ്രയം. സിറാജുൽ ഹുദയിൽ നിന്ന് പോരുമ്പോൾ, ആ മനസ്സിലുണ്ടായിരുന്ന ആനന്ദങ്ങളിലൊന്ന് കൊടുവള്ളി പബ്ലിക് ലൈബ്രറിയിലെ ഗ്രന്ഥങ്ങളിലേറെയും വായിച്ചു തീർത്തതിന്റെതായിരുന്നു. ആഗോളവത്കരണ കാലത്ത് അന്താരാഷ്ട്രീയ അക്കാദമിക ലോകത്ത് ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളുൾപ്പെടെ പുതിയ എന്തെല്ലാം കാര്യങ്ങൾ ദഅ്‌വാ വിദ്യാർത്ഥികൾ അറിയാനിരിക്കുന്നു!

മതാന്തര സംവാദങ്ങൾ, മത താരതമ്യ പഠനങ്ങൾ, ഖുർആൻ അമാനുഷികത, ആഗോള മുസ്‌ലിം പ്രശ്‌നങ്ങൾ, ഖിലാഫത് അടക്കമുള്ള അന്തർദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങൾ തുടങ്ങിയ വിവിധയിനം സമസ്യകൾക്ക് വിജ്ഞാന ലോകങ്ങളായ പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാർ നിർണയിച്ചുതന്ന അളവുകോലനുസരിച്ച് എന്തെല്ലാം പ്രതിവിധികൾ തേടാനിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെയും ഇന്റർനെറ്റിന്റെയും ആനുകൂല്യങ്ങൾ/സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സർഗവൈഭവം പരിപോഷിപ്പിക്കാൻ പലരും ശ്രമിച്ചു കാണുന്നില്ല എന്നത് വലിയ യാഥാർത്ഥ്യമായി അവശേഷിക്കുന്നു. ഈ രംഗത്തും പിഎംകെ വ്യത്യസ്തനായി.

അത്യപാരവും പരിപക്വവുമായ ഈ ധൈഷണികോർജത്തിന്റെ ഫലമായാണ് അദ്ദേഹത്തിൽ പ്രായോഗിക ദഅ്‌വാചിന്ത വേരുമുളക്കുന്നത്. വിശ്വാസികളായതിന്റെ പേരിൽ യാതനകൾ പേറുന്നവരായി താൻ കേട്ടറിഞ്ഞ ജനസമൂഹങ്ങളിലേക്ക് അദ്ദേഹം നേരിട്ടു ചെല്ലുകയായിരുന്നു; അവർക്കാവശ്യമായ സർവവിഭവങ്ങളുമായി. പൂർവസൂരികളായ സ്വൂഫികളുടെ അർപ്പണ ബോധവും ത്യാഗമനഃസ്ഥിതിയും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഉത്തേജനം പകർന്നിരിക്കണം. അങ്ങനെ, ആ മനുഷ്യനിലുള്ള പൂർണ വിശ്വാസംമൂലം പാലക്കാട്ടെ പാടവരമ്പുകളിലും മറ്റും അവർ രാത്രിയേറെ കഴിഞ്ഞും കാത്തിരുന്നു; പിഎംകെയുടെ വരവും പ്രതീക്ഷിച്ച്. ദഅ്‌വാ ക്ലാസുകളിലൂടെയും മറ്റും ഈ സന്ദേശം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അവരിൽ പലരും വ്യത്യസ്ത ഗ്രാമങ്ങളിലേക്ക് ഉരുപ്പടികളുമായി ചേക്കേറി. പ്രബോധക വിദ്യാർത്ഥികളുടെ അന്നവും ആശയങ്ങളും കാത്ത് ഇനിയുമെത്രയോ ദയനീയ മുഖങ്ങൾ ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

ദഅ്‌വാ കാമ്പസുകളിൽ തിങ്ക്-ടാങ്കുകളുണ്ടാകട്ടെ

കോഴിക്കോട് പാളയം ബസ്റ്റാന്റിനടുത്ത അറഫ ബിൽഡിംഗിലെ ഒരൊറ്റ മുറിയായിരുന്നു അൽ ഇർഫാദ് മാസികയുടെ പ്രഥമ ഓഫീസ്. അക്കാലത്തെ സുന്നി സമൂഹത്തിലെ പ്രമുഖ ബുദ്ധിജീവികളുടെ സായാഹ്ന ഒത്തുകൂടലിനുള്ള വേദിയുമായിരുന്നുവത്. ചൂടേറിയ ചർച്ചകൾക്ക് ആ ഒറ്റമുറി സാക്ഷിയായി. കേരളീയ പാരമ്പര്യ മുസ്‌ലിം സമൂഹത്തിൽ ഉയർന്നുവരേണ്ട സ്ഥാപനങ്ങൾ, ഉത്ഥാനങ്ങൾ, അന്തർദേശീയ ഇസ്‌ലാമിക പ്രശ്‌നങ്ങൾ എന്നിങ്ങനെ ഒട്ടനേകം കാര്യങ്ങൾ അവിടെ വിഷയീഭവിച്ചെന്നുവരും. എല്ലാവരും സ്വതസിദ്ധമായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയും. അങ്ങനെയൊക്കെ വെട്ടിയും തിരുത്തിയും എടുത്തുമാറ്റിയും ചേർത്തുവെച്ചും ആത്യന്തികമായ വലിയ ശരികളിലെത്തിച്ചേരുന്നതോടെ എല്ലാവരും ശാന്തമായി പിരിയും. അൽ ഇർഫാദ് മാസികയുടെ സന്തതികളെന്നോണം പിറവിയെടുത്ത റെഡ്ക്രസന്റ് ഹോസ്പിറ്റൽ, സ്‌നേഹസദനം, കിഴക്കൻ പാലക്കാട്ടെ ഫീൽഡ് ദഅ്‌വ എന്നിവക്കു പുറമെ അക്കാലത്തുയർന്നു വന്ന നഴ്‌സറി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, ആർട്‌സ് കോളേജുകൾ, ദഅ്‌വാ കോളേജുകൾ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ രൂപീകരണങ്ങളിൽ അനൗപചാരിക കൂടിച്ചേരലുകളിലെ ചർച്ചകൾക്ക് സ്വാധീനമുണ്ടായിരുന്നെന്ന് പറയാതിരിക്കാനാവില്ല.

കാലത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് മതവിദ്യാഭ്യാസ വ്യവസ്ഥിതിയിൽ അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും കാമ്പസിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കാനും ഉയർന്ന ചിന്താശേഷിയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ചർച്ചാവേദികൾ രൂപീകരിക്കുന്നത് ഉചിതമായിരിക്കും.

ഇത്തരം നിർണായക തീരുമാനങ്ങൾ പ്രബോധന രംഗത്ത് കൈക്കൊള്ളാൻ പിഎംകെക്കായി. അതുകൊണ്ടു തന്നെ അദ്ദേഹം സാധിച്ച ദഅ്‌വാ വിപ്ലവം ലോകത്തിനു തന്നെയും മാതൃകയാണ്. ബഹളങ്ങളോ അടിച്ചൊതുക്കലോ ജ്ഞാനശേഷി തെളിയിക്കുന്ന സംവാദങ്ങളോ സംഘടിപ്പിക്കാതെ പല കുടുംബങ്ങളെയും വ്യക്തികളെയും സത്യമതത്തിന്റെ ധവള തീരത്തണയിക്കാനാവുമെന്ന് അദ്ദേഹം കർമജീവിതം കൊണ്ട് തെളിയിക്കുകയുണ്ടായി.

മുഹ്‌സിൻ എളാട്

Exit mobile version