പീഡനത്തില്‍ പതറാത്ത ഹബീബിന്റെ യാത്രാമൊഴി

നജ്ദിലെ പ്രമുഖ ഗോത്രമായ ബനൂഹനീഫയിലെ നിരവധി പേര്‍ ഹിജ്റ ഒമ്പതാം വര്‍ഷം സത്യസാക്ഷ്യം ലക്ഷ്യംവെച്ചു മദീനയിലേക്കു പുറപ്പെട്ടു. വളരെ ക്ലേശകരമായിരുന്നു ആ യാത്ര. രാത്രിയിലെ അതിശൈത്യവും പകലിലെ അത്യുഷ്ണവും തൃണവല്‍ക്കരിച്ചു അവര്‍. തിരുറസൂലിനെ കാണാനും സമാധാനത്തിന്റെ മതം പുല്‍കാനും. മദീനയിലെത്തിയ ഉടന്‍ അവര്‍ അഴുക്കുപുരണ്ട വസ്ത്രങ്ങള്‍ മാറ്റി കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞു. സുഗന്ധം പൂശി തിരുസവിധത്തിലേക്കു നീങ്ങി. അപരിചിത ദിക്കില്‍ വാഹനവും പാഥേയവും തങ്ങളില്‍ ആര് സൂക്ഷിക്കും? റസൂലിനെ കാണാനുള്ള ആവേശത്തില്‍ ആരും കാവലിനു പുറത്തുനില്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന മുസൈലിമ അക്കാര്യമേറ്റു. ദൗത്യസംഘം തിരുസന്നിധിയിലേക്ക് നീങ്ങി. സ്നേഹമസൃണമായ അവിടുത്തെ പെരുമാറ്റം അവര്‍ക്ക് കുളിരേകി. ആഹ്ലാദം അലതല്ലി. സുപ്രധാന ദീനീചിട്ടകള്‍ പഠിച്ച് ജന്മഭൂമിയിലേക്ക് മടങ്ങി. മദീനയിലേക്ക് സത്യമതം പുല്‍കാന്‍ പോയവരെ നജ്ദ് വാസികള്‍ കാത്തിരിക്കുകയായിരുന്നു. തിരിച്ചെത്തിയവര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. എല്ലാവരും മദീനാ അനുഭവങ്ങളും വിശേഷണങ്ങളും കൈമാറവെ മുസൈലിമ പ്രഖ്യാപിച്ചു: “ഞാനും പ്രവാചകനായിരിക്കുന്നു’ അതുകേട്ട് ജനം അമ്പരന്നു. ഗോത്രപ്രമുഖനും ആദരണീയനും പ്രാപ്തനുമാണയാള്‍. ജനസ്വാധീനമുള്ളതിനാല്‍ ആര്‍ക്കും തള്ളിപ്പറയാനാവില്ലതാനും. “മക്കയിലെ പ്രമുഖ ഗോത്രം ഖുറൈശിയിലെ മുഹമ്മദിന് പ്രവാചകത്വം നല്‍കിയവന്‍ നജ്ദിലെ ഹനഫി ഗോത്രത്തില്‍ നിന്ന് എന്നെയും പ്രവാചകനാക്കിയിരിക്കുന്നു.’ അവന്‍ തുടര്‍ന്നു പറഞ്ഞു. നജ്ദുകാര്‍ ഏറെപ്പേര്‍ ആ വിളംബരം കേട്ട് അഭിമാനംകൊണ്ടു. മുസൈലിമ നാട്ടിലും മറുനാട്ടിലും വാര്‍ത്തയായി. മുസൈലിമ അസത്യവാദിയാണെന്നും മുഹമ്മദ്(സ്വ) പ്രവാചകനാണെന്നും അറിയാമെങ്കിലും ഒരു ഖുറൈശി വംശജന്റെ സത്യപ്രസ്താവനയെക്കാള്‍ എനിക്കിഷ്ടം റബീഅക്കാരന്റെ അസത്യപ്രസ്താവനയാണെന്നു പറഞ്ഞ് ചിലര്‍ പിന്തുണച്ചു. മുസൈലിമ നിനച്ചതിലപ്പുറമായിരുന്നു ജനപിന്തുണ. പ്രവാചകത്വ വാദം ധിക്കാരത്തിന്റെ തേരിലേറാന്‍ അയാളെ പ്രേരിപ്പിച്ചു. ഇനി മദീനയിലെ അംഗീകാരം കൂടി ലഭിക്കണം. അതോടെ എല്ലാം ശുഭം, സുന്ദരം. അതിനായൊരു എഴുത്ത് തയ്യാറാക്കി ദൂതന്‍വശം നബി(സ്വ)ക്ക് കൊടുത്തുവിട്ടു. കത്തിങ്ങനെ: “അല്ലാഹുവിന്റെ പ്രവാചകന്‍ മുസൈലിമ പ്രവാചകനായ മുഹമ്മദിന് എഴുതുന്നത്. പ്രവാചകത്വമടക്കമുള്ള സര്‍വകാര്യങ്ങളിലും താങ്കളുടെ പങ്കാളിയാണ് ഞാന്‍. ഭൂമിയുടെ അവകാശം ഖുറൈശികളായ നിങ്ങള്‍ക്ക് പകുതിയും ബാക്കി പകുതി ഞങ്ങള്‍ക്കും. ഇതംഗീകരിച്ചു നല്‍കുക. നിഷേധവും തിരസ്കാരവും അക്രമമാകുന്നു.’ നബി(സ്വ) കത്തിന് മറുപടി കുറിച്ചതിങ്ങനെ: “അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്, കള്ളപ്രവാചകത്വ വാദിയായ മുസൈലിമക്ക് എഴുതുന്നത്. സന്മാര്‍ഗം പ്രാപിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. ഭൂമിയുടെ ഉടമാവകാശം അല്ലാഹുവിന് മാത്രമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്കത് നല്‍കും. അന്ത്യവിജയം ദൈവഭക്തര്‍ക്ക് മാത്രമത്രെ.’ തിരുദൂതരുടെ പ്രതികരണം വ്യാജനെ ചൊടിപ്പിച്ചു. അവനും സില്‍ബന്ധികളും സത്യപാത പിന്‍പറ്റുന്നതിനു പകരം ദ്രോഹ നടപടികള്‍ പലതും പരീക്ഷിച്ചുകൊണ്ടിരുന്നു. വ്യാജമായ അവകാശവാദവും പ്രചണ്ഡമായ വാദകോലാഹലങ്ങളും നിര്‍ത്തിവെച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും സല്‍സരണിയില്‍ പ്രവേശിച്ചു നല്ല മുസ്ലിമായി ജീവിച്ചു ഇഹപരവിജയം നേടാനും ആവശ്യപ്പെട്ടുകൊണ്ട് തിരുനബി(സ്വ) വീണ്ടുമൊരു കത്തെഴുതി. കത്ത് മുസൈലിമക്ക് എത്തിച്ചു കൊടുക്കാന്‍ തിരുദൂതര്‍ ഏല്‍പ്പിച്ചത് ഹബീബ് ബ്നു സൈദ്(റ)നെയായിരുന്നു. മദീന നിവാസികളായ എഴുപത് പുരുഷന്മാരും രണ്ടു സ്ത്രീകളും പങ്കെടുത്ത പ്രസിദ്ധമായ അഖബ ഉടമ്പടിയിലെ അംഗമായിരുന്നു ഹബീബും പിതാവ് സൈദുബ്നു ആസ്വിമും. കരാറില്‍ സംബന്ധിച്ച സ്ത്രീകളില്‍ ഒരാള്‍ ഹബീബിന്റെ പിതൃസഹോദരിയും മറ്റെയാള്‍ മാതാവ് നുസൈബയുമായിരുന്നു. ഇസ്‌ലാമും തിരുനബി(സ്വ)യുമായുള്ള ഈ കുടുംബത്തിന്റെ ബന്ധം സുദൃഢമായിരുന്നു. ഹിജ്റാനന്തരം റസൂല്‍(സ്വ)യുടെ സന്തത സഹചാരിയായിത്തീര്‍ന്നു ഹബീബ്(റ). എല്ലാ പ്രതിസന്ധിയിലും റസൂലിനൊപ്പം നിലയുറപ്പിച്ചു. ദൗത്യനിര്‍വഹണത്തിനായി ഹബീബ്(റ) യമാമയിലേക്ക് യാത്രയായി. ദുഷ്ടനും ധിക്കാരിയുമായ മുസൈലിമയുടെ കൊട്ടാരത്തില്‍ കടന്നുചെന്നു. പ്രവാചകര്‍ ഏല്‍പ്പിച്ച കത്ത് കൈമാറി. കത്ത് വായിച്ച മുസൈലിമക്ക് കലിയടക്കാനായില്ല. അയാളുടെ മുഖം വിവര്‍ണമായി. ദൂതനു നേരെ അക്രമം അരുതെന്ന മര്യാദ ലംഘിച്ച് ഹബീബ്(റ)നോട് ക്രൂരമായി പെരുമാറി, കഠിനമായി പീഡിപ്പിച്ചു. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് നീ വിശ്വസിക്കുന്നുവോ? മുസൈലിമ ചോദിച്ചു. “അതേ, അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്…’ ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് നീ അംഗീകരിക്കുമോ? “ഇങ്ങനെയൊരു പ്രവാചകനെക്കുറിച്ച് ഞാനിതുവരെ കേട്ടിട്ടേയില്ലല്ലോ’ ഹാസ്യരൂപേണ ഹബീബ്(റ) പ്രതികരിച്ചു. അയാള്‍ക്കത് സഹിച്ചില്ല. കിങ്കരന്മാര്‍ ഹബീബ്(റ)യെ പിടിച്ചുകെട്ടി. കഠിനമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു. അവര്‍ ഓരോ അവയവങ്ങളും മുറിച്ചുമാറ്റാന്‍ തുടങ്ങി. വേദനകൊണ്ട് പുളയുമ്പോഴും അദ്ദേഹം പവിത്രവചനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇരുകാലുകളും അരക്കെട്ടുവരെയും കൈകള്‍ ചുമല്‍ വരെയും ഛേദിച്ചു. ചോരയില്‍ കുതിര്‍ന്ന ആ ധീരപോരാളിയെ അവസാനം അവര്‍ തീയിലെറിഞ്ഞു. വെന്തെരിയുമ്പോഴും ഹബീബ്(റ) സത്യസാക്ഷ്യ വചനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത കൊടും ക്രൂരതക്ക് വിധേയമായ ആ ധീരാത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നു. തന്റെ ദൂതന് നേരിടേണ്ടിവന്ന ദുര്യോഗമറിഞ്ഞ് നബി(സ്വ) എല്ലാം സര്‍വശക്തനില്‍ അര്‍പ്പിച്ചു. മുസൈലിമയുടെ അന്ത്യം കണ്ടറിയുന്നതുപോലെ. ഇസ്‌ലാമിലെ മാതൃകാ മഹിളകളിലൊരാളായ ബനൂ നജ്ജാര്‍ ഗോത്രക്കാരന്‍ കഅ്ബ്ബ്നു അംറിന്റെ പുത്രി ഉമ്മു ഉമാറ എന്ന നുസൈബ(റ) ആയിരുന്നു ഹബീബ്ബ്നു സൈദ്(റ)ന്റെ പൊന്നുമ്മ. ഉഹ്ദ് രണാങ്കണത്തില്‍ മുസ്ലിം സൈനികര്‍ക്ക് വെള്ളം നല്‍കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത് തന്‍റേതായ ഭാഗധേയം നിര്‍ണയിച്ച മഹിള. തന്റെ പുത്രന്‍ ക്രൂരമായി വധിക്കപ്പെട്ടതറിഞ്ഞ് ഉമ്മുഉമാറയുടെ മനം പൊട്ടി. മുസൈലിമയുടെ രക്തത്തിനായി ആ ഉമ്മയുടെ അന്തരം കൊതിച്ചു. സത്യവിശ്വാസം പുല്‍കിയ കാരണത്താല്‍ തന്റെ മോനെ ഇഞ്ചിഞ്ചായി കൊന്നതിനു പ്രതികാരം ചെയ്യുമെന്നവര്‍ ആണയിട്ടു. തിരുദൂതരുടെ കാലം കടന്നുപോയി. സിദ്ദീഖ്(റ)ന്റെ ഭരണകാലം. അദ്ദേഹം ഒരു സൈന്യത്തെ യമാമയിലേക്ക് നിയോഗിച്ചു. നുസൈബ(റ)യും സംഘത്തോടൊപ്പം പുറപ്പെട്ടു. ഘോരമായ പോരാട്ടം നടന്നു. യുദ്ധത്തിനിടെ നുസൈബ(റ) തന്റെ പുത്രഘാതകനെ പരതിനടന്നു. പൊന്നുമോനെ വധിച്ച അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രു എവിടെ? അന്വേഷണത്തിനിടയില്‍ ഒരു ശത്രുവിന്റെ അവിചാരിതമായ വെട്ടേറ്റു മഹതിയുടെ വലതുകൈ മുറിഞ്ഞുപോയി. യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയം വരിച്ചു. കള്ള പ്രവാചകന്‍ മുസൈലിമ വധിക്കപ്പെട്ടു. ധീരനായ ഹബീബിന് ജന്മം നല്‍കിയ വീരമാതാവ് നുസൈബ(റ) മുറിഞ്ഞു തൂങ്ങിയ കൈയുമായി മുസൈലിമയുടെ ശരീരത്തിനടുത്തെത്തി ആ മാതൃഹൃദയം ആശ്വാസത്തിന്റെ നെടുവീര്‍പ്പയച്ചു. ആ ദുഷ്ടനെ വകവരുത്തിയതില്‍ തന്റെ മറ്റൊരു സന്താനമായ അബ്ദുല്ലയുമുണ്ടെന്നറിഞ്ഞതില്‍ അതീവ സന്തുഷ്ടയായി നാഥനു സ്തുതികളര്‍പ്പിച്ചു. ഹംസതുബ്നു അബ്ദുല്‍ മുത്തലിബിന്റെ ഘാതകനായ വഹ്ശി(റ)യും അബ്ദുല്ല(റ)യും കൂടിയാണ് മുസൈലിമയെ വധിച്ചതെന്ന് ചരിത്രം. (സുവറുന്‍മിന്‍ ഹയാത്തിസ്വഹാബ/330). ടിടിഎ ഫൈസി പൊഴുതന

Exit mobile version