പുതുവഴികള്‍ തേടുന്ന മതവിദ്യാഭ്യാസം

Modern religious Education - malayalam

അറിവ് മനുഷ്യന്‍റെ അമൂല്യ സമ്പത്താണ്. ഇളംപ്രായം മുതല്‍ മരണം വരെ വിജ്ഞാനം നുകരണമെന്നതാണ് ഇസ്ലാമിന്‍റെ താല്‍പര്യം. വിജ്ഞാന സമ്പാദനത്തിന് ഇത്രമേല്‍ പ്രാധാന്യം നല്‍കിയ മറ്റൊരു മതമോ പ്രത്യയശാസ്ത്രമോ ഇല്ല. ചെറിയവനും വലിയവനും പുരുഷനും സ്ത്രീയും  ഒന്നടങ്കം ജ്ഞാന സമ്പാദനത്തിലേര്‍പ്പെടണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: അറിവ് തേടല്‍ ഒരോ മുസ്ലിമിനും നിര്‍ബന്ധമാണ്’ (ഇബ്നുമാജ).ڔവിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാനാണ് (തിര്‍മിദി).

സമൂഹത്തില്‍ സദാചാര ബോധവും ധാര്‍മിക ചിന്തയും ഉന്നത ജീവിത മൂല്യങ്ങളും  വളര്‍ത്തിയെടുക്കുന്നതില്‍ മതവിജ്ഞാനം വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ആദ്യകാലം മുതല്‍ മതത്തിന്‍റെ തനതായ ആശയങ്ങളും വിധിവിലക്കുകളും സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ക്രാന്തദര്‍ശികളായ പണ്ഡിതര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്.

പ്രവാചകരുടെ ജീവിത കാലത്ത് ഇസ്ലാം പുല്‍കാന്‍ സൗഭാഗ്യം സിദ്ധിച്ച കേരള മണ്ണില്‍ ഇന്ത്യയുടെ ഇതര പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉന്നതമായ ഇസ്ലാമിക മൂല്യങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കാന്‍ കാരണവും ഇതു തന്നെയാണ്. കേരള മുസ്ലിംകള്‍ക്കിടയില്‍ വൈജ്ഞാനികമായ ഉണര്‍വും ഇസ്ലാമിക അധ്യാപനങ്ങളോടുള്ള ഇഴയടുപ്പവും ഉണ്ടാക്കിയത് മാലിക് ബ്നു ദീനാര്‍(റ)വും സംഘവും കേരളത്തിലെത്തിയതോടെയാണ്. ഇസ്ലാമികാധ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിയത് അവരുടെ മാതൃകാ ജീവിതത്തിലൂടെയാണ്. ഒപ്പം അവരുടെ സാരോപദേശങ്ങള്‍ക്കും ജനം കാതോര്‍ത്തു. പിന്നീട് പള്ളികള്‍, ഓത്തുപള്ളികള്‍, ദര്‍സുകള്‍, വഅളുകള്‍ തുടങ്ങി വിവിധ മാര്‍ഗേണ മതത്തിന്‍റെ തത്ത്വസംഹിതകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറി.

ഉസ്താദ് ഓതിക്കൊടുക്കുക, വിദ്യാര്‍ത്ഥികള്‍ കേട്ട് പഠിക്കുക എന്നതായിരുന്നു ആദ്യ കാലത്തെ പ്രധാന ബോധന രീതി. ചെറിയ കിതാബുകള്‍ മുതല്‍ ഉന്നത പഠനവും ഗവേഷണങ്ങളും പള്ളി ദര്‍സുകളിലൂടെ ഗുരുകുല സമ്പ്രദായത്തിലായിരുന്നു നടന്നിരുന്നത്. അധ്യാപന പരിശീലനം നേടാനും പഠിച്ചത് ആവര്‍ത്തിച്ച് മനസ്സിലാക്കാനും താഴെ ക്ലാസിലുള്ള വിദ്യാര്‍ത്ഥികളെ മുതിര്‍ന്നവര്‍ പഠിപ്പിക്കുന്ന രീതി സഹായകമായി. അങ്ങനെ മുസ്ലിം കേരളത്തിന് ഒരിക്കലും അവഗണിക്കാനാവാത്ത സാംസ്കാരിക പൈതൃകമാണ് ഓത്തുപള്ളികള്‍ സംഭാവന ചെയ്തത്.

പള്ളി ദര്‍സുകള്‍ പരിഷ്കരിച്ച്  അറബിക് കോളേജുകളായും ദഅ്വാ കോളേജുകളായും ഇന്‍റഗ്രേറ്റഡ് സംവിധാനങ്ങളായും പിന്നീട് രൂപാന്തരപ്പെട്ടു. ഇസ്ലാമിക വിഷയങ്ങളിലെ ഉന്നത ഗവേഷണമെന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അക്കാലത്ത് സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉപരിപഠനത്തിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സംവിധാനങ്ങളെയോ അറബ് രാജ്യങ്ങളെയോ ആശ്രയിക്കാതെ മാര്‍ഗമില്ലായിരുന്നു. മഖ്ദൂം കുടുംബത്തിലെ പലരും ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലാണ് ഉപരിപഠനം നടത്തിയിരുന്നത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) മദീനയില്‍ ചെന്ന് ഇബ്നു ഹജറുല്‍ ഹൈതമി(റ)വില്‍ നിന്നു വിദ്യ നേടിയത് വിശ്രുതമാണ്. ദാറുല്‍ ഉലൂം ദയൂബന്ദ്, വെല്ലൂര്‍ ബാഖിയാതു സ്വാലിഹാത്ത്, ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ എന്നിവ നിലവില്‍ വന്നതോടെ അവിടങ്ങളില്‍ പോയി ഉപരിപഠനം നേടുന്നത് വര്‍ധിച്ചുവന്നു. സമസ്തയുടെ ആദ്യകാല പണ്ഡിതരില്‍ പ്രമുഖരെല്ലാം ഇത്തരം സ്ഥാപനങ്ങളില്‍ പഠനം നടത്തിയവരാണ്.

ഇസ്ലാമിന്‍റെ വ്യാപനം കേരളത്തില്‍ ത്വരിതപ്പെട്ടതോടെ പ്രാഥമിക മതപാഠങ്ങള്‍ വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പാക്കല്‍ അനിവാര്യമാണെന്ന് സാത്വികരായ പണ്ഡിതര്‍ക്ക് ബോധ്യപ്പെട്ടു. തതടിസ്ഥാനത്തില്‍ രൂപകല്‍പന ചെയ്ത  മതപഠന രീതിയാണ് മദ്റസാ സംവിധാനം. മതവിദ്യാഭ്യാസ മേഖലയിലെ ആധുനികതയുടെ  സ്വാധീനഫലമായി ചുരുങ്ങിയ കാലം കൊണ്ട് മദ്റസകളും കോളേജുകളും വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ കേരളത്തില്‍ മദ്റസകള്‍ വലിയ പ്രചാരം നേടുകയുണ്ടായി.  മദ്റസകളെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുന്നതിനായി സമസ്തയുടെ കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. ഇതോടെ പള്ളി ദര്‍സുകളിലും വഅള് പരമ്പരകളിലും ഒതുങ്ങിയ മതപഠനം മദ്റസകളിലേക്കും മതസ്ഥാപനങ്ങളിലേക്കും അതു മുഖേന പുതിയ തലമുറകളിലേക്കും എളുപ്പത്തില്‍ വ്യാപിച്ചു. ഭൗതികതയുടെ അതിപ്രസരത്തിനിടക്കും മറ്റ് വിദ്യാഭ്യാസങ്ങള്‍ക്കിടയിലും മതബോധം നിലനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ സ്വാധീനം ചെലുത്താന്‍ മദ്റസകള്‍ക്ക് സാധിക്കുന്നുണ്ട്.

എങ്കിലും വിവിധ കാരണങ്ങളാല്‍ മതവിദ്യാഭ്യാസ മാര്‍ഗങ്ങള്‍ ഇന്ന് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തലമുറകള്‍ക്ക് പ്രാഥമിക മതപഠനം സാധ്യമാക്കിയിരുന്ന മദ്റസാ സംവിധാനം പിന്നാക്കമായിക്കൊണ്ടിരിക്കുന്നു. ഭൗതിക വിദ്യയോടുള്ള അമിതാസക്തി, മദ്റസക്കുള്ള സമയക്കുറവ്, ബോധന രീതിയിലെ അശാസ്ത്രീയത, പ്രാപ്തരായ അധ്യാപകരുടെ അഭാവം, ഇംഗ്ലീഷ് മീഡിയങ്ങളുടെയും മറ്റും കടന്നുകയറ്റം, രാവിലെയും വൈകുന്നേരവുമുണ്ടായിരുന്ന മതപഠനം ഒരു നേരമായി ചുരുങ്ങിയത്, മക്കള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ചുള്ള രക്ഷിതാക്കളുടെ അവബോധമില്ലായ്മ ഇതെല്ലാം പിന്നാക്കത്തിന്‍റെ  കാരണങ്ങളില്‍ ചിലതാണ്. മദ്റസകളുടെ സമയക്രമീകരണത്തിലും  അധ്യയന രീതി ശാസ്ത്രത്തിലും സംവിധാനങ്ങളിലും കാലാനുസൃതവും പ്രായോഗികവുമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പാഠ്യപദ്ധതിയിലെ ആവര്‍ത്തനങ്ങള്‍ കാരണം വളരെ ദൈര്‍ഘ്യമേറിയതാണ്  ചില പാഠഭാഗങ്ങളെന്നു പറയാതിരിക്കാനാകില്ല. അത്രയൊന്നും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ അനാവശ്യ ഊന്നല്‍ നല്‍കുന്നതും ആവശ്യത്തിലേറെ വിശദമാക്കുന്നതും കാലോചിതമായ പരിഷ്കരണമര്‍ഹിക്കുന്നു. മത്സരത്തിന്‍റെയും വേഗതയുടെയും കാലത്ത് ഈ കാലതാമസത്തോട് പുതുതലമുറക്ക് താല്‍പര്യമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിനുള്ളില്‍ ആവര്‍ത്തനങ്ങളില്ലാതെ പരമാവധി വിദ്യനേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്.

 

അനിവാര്യമായ വീണ്ടുവിചാരം

പാഠഭാഗങ്ങള്‍ കുട്ടികള്‍ കാണാതെ പഠിച്ച് പരീക്ഷാ പേപ്പറില്‍ പകര്‍ത്തുന്നതിനപ്പുറം നിത്യജീവിതത്തില്‍ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍  വേണ്ടത്ര അവസരമില്ലെന്നത് പരിമിതി തന്നെയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ മതപഠനത്തിന് വീടുകളില്‍ നിന്ന് ഗൗരവമുള്ള സമീപനം ലഭിക്കാതെ പോകുന്നു. ഈ സാഹചര്യത്തില്‍ പരിശീലനവും മദ്റസയില്‍ നിന്നു തന്നെ നല്‍കേണ്ടിവരും.

ഖുര്‍ആനിന്‍റെ ഭാഷയായ അറബി പത്താം ക്ലാസ് കഴിഞ്ഞിട്ടും അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്കാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യം. അറബി പഠന സംബന്ധമായി കൂടുതല്‍ ആലോചനകള്‍ക്ക് സമയമായിരിക്കുന്നു. ആരാധനകളില്‍ ആത്മീയതയും ഭക്തിയും വര്‍ധിക്കുന്നതിന് അതിലടങ്ങിയ വചനങ്ങളുടെ പൊരുളറിയണം. അതിനുതകുന്ന തരത്തില്‍ പഠന സമ്പ്രദായം ക്രമീകരിക്കണം. ഇതിനെപ്പറ്റി കരിക്കുലം സമിതിയിലും അധ്യാപക ലോകത്തും ചര്‍ച്ചകള്‍ നടക്കണം. അര്‍ത്ഥവത്തായ പല നീക്കങ്ങളും ഈ മേഖയില്‍ നടക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ വേണ്ടത്ര മുമ്പോട്ട് പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പന്ത്രണ്ടാം ക്ലാസ് വരെ അറബി പുസ്തകങ്ങള്‍ പഠിച്ചിട്ടും അറബി ഭാഷാ കൈകാര്യത്തിന് കുട്ടികള്‍ക്ക് കഴിയുന്നില്ല എന്ന അവസ്ഥ  മാറണം. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ ഈ ശേഷി കൈവരിച്ചിട്ടുണ്ടോ എന്നതും ആലോചനയര്‍ഹിക്കുന്നതാണ്. അവര്‍ പത്തുവര്‍ഷമല്ല അതില്‍ കൂടുതല്‍ അറബി പഠിച്ചവരായിരിക്കും. എന്നിട്ടും അവര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് കുട്ടികളില്‍ മാറ്റങ്ങളുണ്ടാക്കാനാവുക? ഇക്കാര്യത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള ചില നല്ല മാതൃകകള്‍ അനുകരിക്കാവുന്നതാണ്.

 

വേണം അറബിക് മീഡിയം മദ്റസകള്‍

ലോകഭാഷകളില്‍ ഏറ്റവുമധികം വളര്‍ച്ച യും പ്രചാരവുമുള്ളതും വളരെ ലളിതമായതും ജാതിമത ഭേദമന്യേ ഏതൊരാള്‍ക്കും വേഗത്തില്‍ മനസ്സിലാക്കാനും  സംസാരിക്കാനും സാധിക്കുന്നതുമായ അന്താരാഷ്ട്ര ഭാഷ അറബിയാണ്. അറബി പഠനം  ഇസ്ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കാനും ആരാധനകള്‍ക്ക് മാറ്റ് കൂട്ടാനും പ്രാപ്തി നല്‍കുന്നതിനപ്പുറം ആഗോള തൊഴില്‍ മേഖലകളില്‍ അനന്ത സാധ്യതകളാണ് തുറന്നുതരുന്നത്. ലോകത്ത് ഏറ്റവുമധികം വളരുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ അറബി ഭാഷ പഠിക്കുന്നതിന് ജപ്പാന്‍, ചൈന, റഷ്യ, ലണ്ടന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ ഉന്നത സര്‍വകലാശാലകളില്‍ പ്രത്യേകڔഡിപ്പാര്‍ട്ടുമെന്‍റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

അറബി പഠനത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള നാടാണ് കേരളം. അറബി വ്യാകരണ ശാസ്ത്രത്തില്‍ ഇഴകീറിയുള്ള അന്വേഷണവും നിരവധി വര്‍ഷത്തെ അറബി കിതാബ് പഠനവും നടക്കുന്നുണ്ടെങ്കിലും വേണ്ട സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അച്ചടി ഭാഷയിലുള്ള അറബി വാക്യങ്ങള്‍ അറബികളേക്കാള്‍ നന്നായി വ്യാകരണ ശാസ്ത്രമടിസ്ഥാനപ്രകാരം വായിക്കാന്‍ സാധിക്കുണ്ടെങ്കിലും ഭാഷാപ്രയോഗത്തില്‍ പരാജയപ്പെടുന്നു. അതുപോലെ, പരിശുദ്ധ ഖുര്‍ആന്‍ പഠനം പ്രൈമറി ക്ലാസുകളില്‍ നിന്നു തന്നെ ആരംഭിക്കുന്നുണ്ടെങ്കിലും ഉച്ചാരണ ശാസ്ത്രത്തിലും ശൈലിയിലും സ്ഫുടതയിലും കേരളീയര്‍ പിന്നിലാണ്.

ഇത്തരം സാഹചര്യത്തില്‍, വിശുദ്ധ ഖുര്‍ആനിന്‍റെയും ഇസ്ലാമികാധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ അറബി ഭാഷ ആധാരമാക്കി പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള 14 വര്‍ഷത്തെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കണം. അത് നടപ്പാക്കാന്‍ പറ്റുന്ന മദ്റസകള്‍ കണ്ടെത്തണം. ദീനീ വിഷയങ്ങളിലെ ബോധനരീതി  അറബിയിലാക്കുന്നതോടെ ഇംഗ്ലീഷിലെന്ന പോലെ അറബി ഭാഷയും അനായാസം പഠിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.  നിത്യജീവിതത്തിലെ ദിക്റുകള്‍, വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടേണ്ട പ്രാര്‍ത്ഥനകള്‍, പെരുമാറ്റ മര്യാദകള്‍, സമൂഹ്യപാഠങ്ങള്‍, മാതൃ പിതൃ ഗുരു ജനങ്ങളോടുള്ള കടപ്പാടുകള്‍, ഇസ് ലാമിക ചരിത്രം, വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, വ്യാകരണ ശാസ്ത്രം,  പാരായണ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തിലൂടെ പഠനം നടത്തുമ്പോള്‍ڔപഠനഭാരംڔകുറയ്ക്കാനാവുന്നു. കുട്ടിയുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ അളക്കാനും പരീക്ഷ കേവലം ഓര്‍മപരിശോധന മാത്രമാകാതെ കുട്ടിയുടെ യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്താനും അവന്‍റെ സര്‍വതോന്മുഖമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കാനും കഴിയുന്നു. കുട്ടിയുടെ പ്രവര്‍ത്തന മികവ്, ചെയ്യാനുള്ള കഴിവ്,  ടീം വര്‍ക്ക്, സ്വഭാവം, ധാര്‍മികത, നൈതികത തുടങ്ങിയവ അടിസ്ഥാനമാക്കി ഗ്രേഡ് നല്‍കാനും സാധിക്കും. കാലോചിതമായ നവീകരണങ്ങളിലൂടെ മതബോധന രംഗം കാര്യക്ഷമമാക്കുന്നതിന് സമുദായ നേതൃത്വം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.

(ഈ ലേഖനത്തിലെ അഭിപ്രായങ്ങളോട് വായനക്കാരുടെ പ്രതികരണം ക്ഷണിക്കുന്നു- എഡിറ്റര്‍)

Exit mobile version