പ്രകൃതി ദുരന്തങ്ങൾ: ചരിത്രത്തിൽ നിന്നു പഠിക്കേണ്ടത്

NATURAL CALAMITY-MALAYALAM

‘അൽ ആയാത്ത്’ (ദൃഷ്ടാന്തങ്ങൾ) എന്നത് ഖുർആൻ വിവിധയിടങ്ങളിൽ പ്രയോഗിച്ച പദമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങൾ, പ്രകൃതി ദൃഷ്ടാന്തങ്ങൾ എന്നിവയടക്കം വിവിധ ആശയതലങ്ങളിൽ ഖുർആൻ അൽ ആയാത്ത് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അവിശ്വാസവും അഹന്തയും ധിക്കാരവുമായി ഭൂമിയിൽ മതിമറന്ന് ജീവിക്കുന്നവർക്ക് പാഠമാണ് പ്രകൃതിയിൽ പലപ്പോഴായി നടന്നതും നടക്കുന്നതുമായ പ്രതിഭാസങ്ങൾ. ബോധവും ബോധ്യവുമുള്ള വിശ്വാസിക്ക് ഒന്നുകൂടി ഉയരാനും ഉണരാനും ആയാത്തുകൾ സഹായകമാകുന്നു. മുൻഗാമികളുടെ ചരിത്രങ്ങളിൽ അത്യത്ഭുതങ്ങളായ നിരവധി പ്രകൃതി പ്രതിഭാസങ്ങൾ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, മഹാവ്യാധികൾ, വെട്ട്കിളികൾ, പേനുകൾ, തവളകൾ, രക്തം, അട്ടഹാസം, ഭൂകമ്പം, ഇടി, മിന്നൽ, തീക്കാറ്റ്, പർവത പ്രകമ്പനം, രാജ്യം തലകീഴായി മറിക്കൽ തുടങ്ങി നിരവധി ഗൗരവ പരീക്ഷണങ്ങൾ ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്. പ്രതിപാദ്യ ശിക്ഷാ പരീക്ഷണങ്ങളെല്ലാം ധിക്കാരത്തിനും അഹങ്കാരത്തിനും അഹന്തക്കും ലഭിച്ചവയാണ്. അവിശ്വാസം ധിക്കാരത്തിന്റെയും അഹന്തയുടെയും ഘട്ടത്തിലെത്തുമ്പോൾ വലിയ അപകടകാരിയാവും. പ്രവാചകനെയും സത്യദർശനത്തെയും അവിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്. അത് അക്രമണത്തിന്റെയും പരിഹാസത്തിന്റെയും തോന്നിവാസത്തിന്റെയും ഘട്ടത്തിലെത്തുകയും പടച്ചവൻ നൽകിയ അനുഗ്രഹത്തിന് വില കൽപിക്കാതെ താന്തോന്നികളായി ജീവിക്കുകയും ചെയ്തപ്പോഴാണ് നൂഹ് നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും ജനതയടക്കമുള്ള മുൻഗാമികൾക്ക് ചരിത്രത്തിൽ എന്നും വിസ്മയമായി അവശേഷിക്കുന്ന പരീക്ഷണങ്ങൾ അല്ലാഹു നൽകിയത്. ഖുർആൻ അടയാളപ്പെടുത്തിയ അത്തരം ചില പരീക്ഷണങ്ങൾ അപഗ്രഥിക്കുക പ്രസക്തമാണ്.

ത്വൂഫാൻ പ്രളയം

സത്യദൗത്യവുമായി ആദ്യകാല സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് നൂഹ്(അ). വിഗ്രഹാരാധനയുടെ ആരംഭം നൂഹ് നബി(അ)യുടെ സമുദായത്തിൽ നിന്നായിരുന്നു. സത്യദർശനത്തിലേക്ക് ബോധനം നടത്തി 950 വർഷം നൂഹ്(അ) കഠിന പ്രയത്‌നം നടത്തി. രാവും പകലുമില്ലാതെ അധ്വാനിച്ച് ജനങ്ങളിലിറങ്ങി പ്രവർത്തിച്ചു. എന്നിട്ടും നൂറിൽ താഴെ പേർ മാത്രമാണ് സത്യം ഉൾക്കൊള്ളാൻ സന്നദ്ധരായത്. ധർമത്തിന്റെ ശബ്ദം കേൾക്കാൻ തയ്യാറാകാതിരുന്ന ജനതയോട് നൂഹ് നബി(അ) പറഞ്ഞു: ‘ഞാൻ എന്റെ ദൗത്യം നിർവഹിച്ചിട്ടുണ്ട്. നിങ്ങൾക്ക് എന്നെ ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി നോക്കാം.’ ഈ താക്കീതും അവർ ചെവികൊണ്ടില്ല. അപ്പോൾ അല്ലാഹു അവരെ ജലപ്രളയം മുഖേന നശിപ്പിച്ചു. നൂഹ് നബിയും കൂടെയുള്ള അൽപ്പം വിശ്വാസികളും അല്ലാഹുവിന്റെ നിർദേശ പ്രകാരം കപ്പലിൽ രക്ഷപ്പെട്ടു. ഇങ്ങനെ രക്ഷപ്പെട്ടവരിൽ നിന്നാണ് പിന്നീട് മനുഷ്യ തലമുറകൾ പിറന്നത്. അടുപ്പിൽ നിന്ന് ഉറവ പൊട്ടിയാണ് ത്വൂഫാൻ പ്രളയം ഉണ്ടായത് എന്നാണ് മിക്ക ഖുർആൻ വ്യാഖ്യാതാക്കളും സൂറത്ത് ഹൂദിലെ നാൽപ്പതാം വചനത്തിലെ ‘വഫാറത്തന്നൂർ’ എന്ന പരാമർശം വിശദീകരിച്ച് എഴുതിയത്. അടുപ്പുകളിൽ നിന്ന് വെള്ളം പൊട്ടിയൊഴുകി തിളച്ച് മറിയുന്ന നിലയിൽ ഭൂമിയിലാകെ ഉറവകൾ പൊട്ടി ഒഴുകി ജലപ്രളയം ശക്തമായ നാശം വിതച്ചു. എല്ലാ ജീവികളിൽ നിന്നും ആണും പെണ്ണുമായി രണ്ടെണ്ണത്തെ വീതം കപ്പലിൽ കയറ്റാൻ അല്ലാഹുവിന്റെ പ്രത്യേക നിർദേശമുണ്ടായിരുന്നു. ഭൂമിയിലെ ഉറവകൾക്ക് പുറമെ ആകാശത്ത് നിന്ന് പേമാരി വർഷിച്ച് കൊണ്ടിരുന്നു. ഭൂമിയും ആകാശവും ഒരുപോലെ തീർത്ത അതിശക്തമായ ജലപ്രളയം ചരിത്രത്തിലെ മഹാവിസ്മയമാണ്. ധിക്കാരികളും അഹങ്കാരികളുമെല്ലാം മുങ്ങി നശിച്ചു. ഭൂമിയൊന്നാകെ ജലസാഗരമായി. ചത്ത് പൊങ്ങിയ ധിക്കാരികളുടെ ശവങ്ങൾ വെള്ളത്തിന് മീതെ ഒഴുകിക്കൊണ്ടിരുന്നു. നൂഹ് നബിയും അവശേഷിച്ച വിശ്വാസികളും മറ്റ് ജീവജാലങ്ങളിലെ ഒരാണും പെണ്ണും കപ്പലിൽ സുരക്ഷിതരായി. ദിവസങ്ങളോളം നീണ്ടുനിന്ന പ്രളയം അല്ലാഹുവിന്റെ കൽപ്പന പ്രകാരം ക്രമേണ ശാന്തമായി. ഭൂമിക്ക് രണ്ടാം ജന്മം ലഭിച്ച പ്രതീതി. എങ്ങും ധിക്കാരികളുടെ ശവക്കൂമ്പാരങ്ങൾ. ജൂദി മലയിലാണ് നൂഹ് നബി(അ)ന്റെ കപ്പൽ മുട്ടി നിന്നത്. നൂഹ് നബിയുടെ സംഭവം ലോകത്തിന് അത്ഭുതമാണെന്ന് സൂറത്ത് അൻകബൂത്ത് പതിനഞ്ചാം വചനം കുറിക്കുന്നുണ്ട്. സൂറത്ത് ഹൂദ് 36 മുതൽ 48 വരെയും വിശദമായി ഈ സംഭവം വിവരിക്കുന്നുണ്ട്. കൂടാതെ ഖമർ, സൂറത്തു നൂഹ്, അൻകബൂത്ത്, ആലു ഇംറാൻ, നിസാഅ്, അൻആം അടക്കം നാൽപ്പത്തി മൂന്ന് സ്ഥലങ്ങളിൽ നൂഹ് നബി(അ)ന്റെയും ജനതയുടെയും ചരിത്രം ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്.

ജലപ്രളയം

ചരിത്രത്തിലെ അതിക്രൂരനും ധിക്കാരിയുമായ ഫറോവയുടെ സംഭവം ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. ആഡംബര ജീവിയും സുഖലോലുപനുമായിരുന്നു ഫറോവ. ഭരണത്തിന്റേയും അധികാരത്തിന്റേയും ഭ്രമത്തിൽ എല്ലാം മറന്നു. ദൈവവും സ്രഷ്ടാവുമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. അംഗീകരിക്കാത്തവരെ വകവരുത്തി. നിരാലംബരോടും പാവങ്ങളോടും അതിക്രൂരമായാണ് ഫറോവ പെരുമാറിയത്. ഫറോവയുടെ ക്രൂരവാഴ്ചക്ക് അന്ത്യം കുറിച്ച് ഇസ്‌റാഈല്യർക്ക് മോചനം ലഭിച്ച മഹാസംഭവം അതിശക്തമായ ചിന്തകളിലേക്ക് വിശ്വാസികളെ കൊണ്ടുപോകുന്നതാണ്. ധിക്കാരവും അഹന്തയും ഉണ്ടായപ്പോഴൊക്കെ നിരവധി പരീക്ഷണങ്ങൾ അല്ലാഹു നേരത്തെ നൽകിയിട്ടുണ്ട്. ക്ഷാമം, വരൾച്ച, ഉത്പാദനക്കുറവ്, വെള്ളപ്പൊക്കം, വെട്ട്കിളി, പേൻ, തവള, രക്തം തുടങ്ങിയവകൊണ്ടെല്ലാം അവരെ പരീക്ഷിച്ചു, മുന്നറിയിപ്പു കൊടുത്തു. അതൊന്നും അവരുടെ കണ്ണ് തുറപ്പിച്ചില്ല. അവസാനമാണ് ഫറോവയെയും കൂട്ടരെയും മുക്കി കൊല്ലുന്നത്.

ഫറോവക്കും സംഘത്തിനും ജലപ്രളയം, വെട്ട്കിളി, തവള, പേൻ, രക്തം എന്നിവ മുഖേന നൽകിയ പരീക്ഷണങ്ങളിലേക്ക് അഅ്‌റാഫിന്റെ 113-ാം വചനത്തിൽ സൂചനയുണ്ട്. മൂസാനബിയുടെ അനുഗാമികളെ തടഞ്ഞുവെക്കുകയും ഭക്ഷണവും വെള്ളവും നൽകാതെ കഷ്ടപ്പെടുത്തുകയും ചെയ്ത അധമ വികാരികളായാണ് ഫറോവയും സംഘവും നിലകൊണ്ടിരുന്നത്. അന്ത്യശിക്ഷയായി ലഭിച്ച ജലപ്രളയത്തിലെ മുങ്ങി നാശത്തിന് മുമ്പ് നിരവധി ശിക്ഷകളും പരീക്ഷണങ്ങളും അവർ അനുഭവിച്ചിട്ടുണ്ട്. സഈദുബ്‌നു ജുബൈർ(റ)ൽ നിന്ന് ഉദ്ധരണം. മൂസാനബി(അ) ഫറോവയോട് പറഞ്ഞു: ‘എന്റെ കൂടെ ഇസ്‌റാഈല്യരെ പറഞ്ഞയക്കണം. അവരെ ഇനിയും കഷ്ടപ്പെടുത്തരുത്.’ ഫറോവ സമ്മതിച്ചില്ല. അല്ലാഹു ശക്തമായ മഴ വർഷിപ്പിച്ചു. രാവും പകലും ഘോരമഴ. കോരിച്ചൊരിയുന്ന മഴയുടെ ഒരു തുള്ളി കൊണ്ട് ഒരു വലിയ പാത്രം നിറക്കാം. പ്രയാസത്തിലായ ഫറോവ കുടുംബം മൂസാ നബി(അ)യോട് മഴയൊന്ന് നീങ്ങിക്കിട്ടിയാൽ ഞങ്ങൾ വിശ്വസിച്ച് കൊള്ളാം, ഇസ്‌റാഈല്യരെ കൂടെ അയക്കാം എന്ന് പറഞ്ഞു. മൂസാനബി പ്രാർത്ഥിച്ചു. മഴ നീങ്ങി. പക്ഷേ, അവർ പഴയപടി തന്നെ തുടർന്നു. ശേഷം മുമ്പെങ്ങുമില്ലാത്ത സമ്പുഷ്ടമായ കൃഷിയും പഴവർഗങ്ങളും അവർക്ക് ലഭ്യമായി. അനുഗ്രഹത്തിന്റേയും സംതൃപ്തിയുടേയും പ്രദേശങ്ങളായി നാടൊന്നാകെ മാറി. അഹങ്കാരികൾ പറഞ്ഞു: ഞങ്ങളുടെ ആസൂത്രണം കൊണ്ടാണിതൊക്കെ. രണ്ടാം പരീക്ഷണമായി അല്ലാഹു വെട്ടുകിളികളെ ഇറക്കി. കൃഷികൾ മുഴുവനും കിളികൾ നശിപ്പിച്ചു. ഒന്നുമില്ലാതെ അവർ കുഴങ്ങി. വീണ്ടും മൂസാ നബിക്കരികിലെത്തി. ഇതൊന്ന് ഒഴിവായി കിട്ടാൻ പ്രാർത്ഥിക്കാൻ ആവശ്യമുന്നയിച്ചു. വിശ്വസിക്കാമെന്നും ഇസ്‌റാഈല്യരെ കഷ്ടപ്പെടുത്താതെ താങ്കളുടെ കൂടെ അയക്കാമെന്നും വീണ്ടും ഉറപ്പ് കൊടുത്തു. മൂസാനബി(അ)യുടെ പ്രാർത്ഥന കൊണ്ട് ആ പ്രയാസവും ഒഴിവായി. ഫറോവക്കും കൂട്ടുകാർക്കും ഒരു ഭാവമാറ്റവുമില്ല. മൂന്നാം പരീക്ഷണമായി ഒരു തരം ചെള്ളിനെ അല്ലാഹു അയച്ചു. ഭക്ഷണത്തിലും വെള്ളത്തിലുമെന്നല്ല മാവ് അരക്കുന്ന കല്ലിൽ വരെ ചെള്ളുകൾ കൂട് കെട്ടി. ഗത്യന്തരമില്ലാതെ അവർ മൂസാ നബിക്കരികിലെത്തി. ഒന്നുകൂടി വാഗ്ദാനം നടത്തി. മൂസാനബി(അ) പ്രാർത്ഥിച്ചപ്പോൾ ദുരന്തം ഒഴിവായി. അവർക്ക് മാറ്റമുണ്ടായില്ല. അടുത്ത പരീക്ഷണം തവളയായിരുന്നു. മുഴുവൻ അഹങ്കാരികളെയും തവളകൾ പൊതിഞ്ഞു. ചിലരുടെ കഴുത്ത് വരെ. സംസാരിക്കാൻ വായ തുറന്നാൽ വായയിലേക്ക് തവള ചാടും. കാണുന്നിടത്തും തൊടുന്നിടത്തുമെല്ലാം തവളകൾ. നിർവാഹമില്ലാതെ മൂസാ നബിക്കരികിലേക്ക്-വാഗ്ദത്തം- പ്രാർത്ഥന- ദുരന്തമൊഴിയൽ- വീണ്ടും പഴയ പടി. രക്തം കൊണ്ടായിരുന്നു പിന്നീടുള്ള പരീക്ഷണം. പുഴയിലേയും കിണറ്റിലേയുമെല്ലാം വെള്ളം രക്തമായി മാറി. ഒരു പാത്രം വെള്ളം പോലും കിട്ടാനില്ല. എല്ലാം രക്തമായി മാറി. വെള്ളം കിട്ടാതെ മരിക്കുമെന്നായപ്പോൾ വീണ്ടും മൂസാ നബിക്കരികിലെത്തി. ദുരിതമൊഴിയാൻ പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. പ്രയാസങ്ങളൊഴിവായെങ്കിലും അവർ വിശ്വസിച്ചില്ല (ത്വബ്‌രി 58/13).

മൂസാനബി(അ)യുടെ പ്രബോധനത്തെയും അമാനുഷിക സിദ്ധിയെയും നേരിടുന്നതിന് ജാലവിദ്യക്കാരെ തട്ടിക്കൂട്ടി ഒരു മത്സരം തന്നെ ഫറോവ സംഘടിപ്പിച്ചിരുന്നു. എന്നാൽ ദൈവികമായ സത്യത്തിന് മുന്നിൽ ജാലവിദ്യക്കാർ അടിപതറുകയും അവരിൽ ചിലർ മൂസാനബിയെ വിശ്വസിക്കുകയും ചെയ്തതോടെ ഫറോവ കൂടുതൽ കോപിഷ്ഠനായി. നിരവധി മർദന മുറകൾ അഴിച്ചുവിട്ടു. ഇസ്‌റാഈലിലെ ആൺകുട്ടികളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. മൂസാനബി(അ)യെ വധിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. ഫറോവയുടെ കിരാത പ്രവർത്തനങ്ങളിൽ നിന്ന് ഇസ്‌റാഈല്യരെ രക്ഷപ്പെടുത്താൻ രാത്രിയിൽ നാട് വിട്ട് പോവാൻ മൂസാനബിയോട് അല്ലാഹു കൽപ്പിച്ചു. ഫലസ്തീനായിരുന്നു യാത്രാ ലക്ഷ്യം. അവർ ചെങ്കടൽ തീരത്തെത്തി. സമുദ്രത്തിനടുത്തെത്തിയപ്പോൾ ഫറോവ തങ്ങളെ പിടികൂടി നശിപ്പിക്കുമെന്ന് പറഞ്ഞ് ഇസ്‌റാഈല്യർ അപസ്വരങ്ങളുയർത്താൻ തുടങ്ങി. വടി കൊണ്ട് സമുദ്രത്തിൽ അടിക്കുവാൻ മൂസാനബിയോട് അല്ലാഹു കൽപ്പിച്ചു. അടിക്കേണ്ട താമസം രണ്ട് ഭാഗത്തേക്ക് വെള്ളം മാറിനിന്നു. പാറപോലെ ഉറച്ച നടന്ന് പോവാൻ സൗകര്യപ്രദമായ പാത ദൃശ്യമായി. മൂസാനബിയും ഇസ്‌റാഈല്യരും അതിലൂടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പ്രഭാതത്തിലെത്തിയ ഫറോവ കാണുന്നത് പിളർന്ന് നിൽക്കുന്ന സമുദ്രമാണ്. നടന്ന് പോകാൻ പാകമായ വഴിയും. ഒന്നുമാലോചിക്കാതെ ഫറോവയും കൂട്ടരും ഇറങ്ങിത്തിരിച്ചു. പ്രവേശിച്ച് കഴിഞ്ഞപ്പോഴേക്കും രണ്ട് ഭാഗത്തുമുള്ള ജലഭിത്തികൾ ഒന്നിച്ച് ചേർന്ന് അക്രമികൾ മുഴുവൻ വെള്ളത്തിൽ മുങ്ങി നശിച്ചു. ഖുർആനിലെ വിവിധ സ്ഥലങ്ങളിൽ ഉദ്ധരിച്ച ഈ സംഭവം ത്വാഹാ, ശുഅറാഅ്, യൂനുസ് സൂറത്തുകളിൽ വിശദമായും സംഗ്രഹിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

ഘോര ശബ്ദം

സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ് നബി(അ). വലിയ അഭിവൃദ്ധിയും പുരോഗതിയും കൈവരിച്ച സമുദായമാണ് സമൂദ്. ഹിജ്ർ ആയിരുന്നു അവരുടെ വാസസ്ഥലം. മദാഇനു സ്വാലിഹ് എന്നും പേരുണ്ട്. തലയുയർത്തി നിൽക്കുന്ന കെട്ടിടസൗധങ്ങളും സുഖപ്രദമായ ജീവിതവും അവർക്കുണ്ടായിരുന്നു. അഹങ്കാരികളായിമാറിയ അവർ സ്വാലിഹ് നബി(അ)യെ അനുസരിച്ചില്ലെന്ന് മാത്രമല്ല, പ്രവാചകനിൽ വിശ്വസിച്ച ദുർബലരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അഹന്ത മൂത്ത അവർ കൂടുതൽ അക്രമങ്ങളിലേക്കും തിരിഞ്ഞു. അവർക്ക് ദൃഷ്ടാന്തമായി അല്ലാഹു ഒരു ഒട്ടകത്തെ നൽകി. അസാധാരണമായൊരു ഒട്ടകം. വിശ്വസിക്കണമെങ്കിൽ ദൃഷ്ടാന്തം കാണിക്കണമെന്ന ജനതയുടെ ആവശ്യ പ്രകാരമാണ് സ്വലിഹ്(അ) കരിമ്പാറക്കുള്ളിൽ നിന്ന് അമാനുഷികമായി ഒട്ടകത്തെ പുറപ്പെടുവിച്ചത്. അതിന് കൂടുതൽ തീറ്റയും വെള്ളവും ആവശ്യമായിരുന്നു. പക്ഷേ പിന്നീടത് അവർക്ക് ശല്യമായി തോന്നി. ഒട്ടകത്തെ ഉപദ്രവിക്കരുതെന്ന് അല്ലാഹു പ്രത്യേകം കൽപ്പന നൽകിയിരുന്നു. ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. അങ്ങനെയാണെങ്കിൽ കാണട്ടെയെന്നായിരുന്നു അവരുടെ ഭാവം. ധിക്കാരികളായ ചിലർ ഗൂഢാലോചന നടത്തി ഒട്ടകത്തെ അറുത്തു. ശിക്ഷവരട്ടെ എന്ന് വെല്ലുവിളി നടത്തുകയും ചെയ്തു. ‘മൂന്ന് ദിവസം മാത്രമേ നിങ്ങൾക്ക് ജീവിതമുള്ളൂ എന്നും ശിക്ഷ പ്രതീക്ഷിച്ചിരിക്കുക’യെന്നും സ്വാലിഹ് നബി(അ) മുന്നറിയിപ്പ് നൽകി. അതിരാവിലെ ശക്തമായ ഘോര ശബ്ദവും പൊട്ടിത്തെറിയും. വാസസ്ഥലങ്ങളിൽ തന്നെ എല്ലാവരും മറിഞ്ഞ് വീണു നശിച്ചു. സ്വാലിഹ് നബിയും സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി. ശവങ്ങളെ നോക്കി സ്വാലിഹ് നബി പറഞ്ഞ വാക്കുകൾ അഅ്‌റാഫ് 79-ാം വചനത്തിൽ കാണാം: ഞാൻ നിങ്ങളെ ഉപദേശിച്ചല്ലോ? ആരും അത് കേട്ടില്ല. അത് കാരണമാണ് ഈ ഗതി നിങ്ങൾക്ക് വന്നതെന്ന് സാരം. തബൂക്ക് യുദ്ധ സമയത്ത് ഹിജ്‌റ് ദേശത്തിനടുത്തെത്തിയപ്പോൾ ‘കരഞ്ഞ് കൊണ്ടല്ലാതെ നിങ്ങൾ ഇവിടെ പ്രവേശിക്കരുതെന്ന്’ തിരുനബി(സ്വ) സ്വഹാബികളെ ഉണർത്തിയത് ബുഖാരി, മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. 27:48, 11:65, 7:73 തുടങ്ങി നിരവധി ഇടങ്ങളിൽ ഖുർആൻ ഈ സംഭവം പരാമർശിച്ചു.

പ്രകമ്പനം

സീനാ മരുഭൂമിയുടെ പരിസരത്ത് സ്ഥിതി ചെയ്തിരുന്ന മദ്‌യൻ പ്രദേശത്തുകാരുടെ പ്രവാചകനായിരുന്നു ശുഐബ്(അ). സത്യദർശനം ബോധ്യപ്പെടുത്തുകയും അവരിൽ നിലവിലുണ്ടായിരുന്ന അഴിമതികളെ കുറിച്ച് പ്രത്യേകം ഉണർത്തിയുമായിരുന്നു ശുഐബ് നബി(അ)യുടെ പ്രബോധനം. അളക്കത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക, ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കുക, ഭീഷണി, അക്രമം തുടങ്ങിയവയിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ ഉപദേശങ്ങൾ ശുഐബ് നബി അവർക്കു നൽകി. പക്ഷേ മദ്‌യൻകാർക്ക് ശുഐബ് നബി(അ) ഭാരവും ശല്യവുമായാണ് തോന്നിയത്. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചുള്ള ഉണർത്തലുകളൊന്നും അവരെ മാറ്റി ചിന്തിപ്പിച്ചില്ല. ഒരു രാത്രി പെട്ടെന്ന് അതിഭയങ്കരമായ പ്രകമ്പനമുണ്ടായി. രാത്രി സുഖമായി കിടന്നുറങ്ങിയവർ പ്രഭാതം പുലർന്നപ്പോഴേക്കും സ്വഭവനങ്ങളിൽ പൂർണമായി നശിച്ചൊടുങ്ങി. ആ നാട്ടിൽ ഒരാളും താമസിച്ചിട്ടേയില്ല എന്ന് തോന്നും വിധം എല്ലാം നശിച്ചു. അഅ്‌റാഫ്, ഹൂദ് അടക്കം നിരവധി അധ്യായങ്ങൾ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

കല്ലുമഴ-ഭൂകമ്പം

സദൂം ഗോത്രത്തിലേക്കു നിയുക്തനായ പ്രവാചകനാണ് ലൂത്വ് നബി(അ). പ്രകൃതി വിരുദ്ധമായ കൃത്യങ്ങളായിരുന്നു ലൂത്വ് നബിയുടെ സമൂഹത്തിന്റെ തൊഴിൽ. കാമവികാര പൂർത്തീകരണത്തിന് പുരുഷന്മാരെ ഉപയോഗപ്പെടുത്തിയിരുന്ന അവർ നബിയുടെ വീട്ടിൽ അതിഥികളായി മനുഷ്യ രൂപത്തിലെത്തിയ മലക്കുകളെ പോലും കാമ കണ്ണുകളോടെ നോക്കി. ദുശ്ശീലത്തിൽ നിന്ന് പിന്മാറാൻ നിരവധി ഉപദേശങ്ങളിലൂടെ ലൂത്വ് നബി(അ) അവരോടാവശ്യപ്പെട്ടു. ‘നിങ്ങളുടെ കൂട്ടത്തിൽ ബോധവും തന്റേടവുമുള്ള ആരും ഇല്ലേ’ എന്ന് ലൂത്വ് നബി ചോദിച്ചത് ഹൂദ് അധ്യായത്തിലുണ്ട്. ഒന്നും അവർ ചെവികൊണ്ടില്ല. തന്റെ വാക്കുകൾ അനുസരിക്കാത്തതിൽ വിഷമത്തിലായ ലൂത്വ് നബി(അ) നിങ്ങളെ തടയാനുള്ള ശക്തിയും പ്രാപ്തിയും എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് സ്വയം വിലപിച്ചു. അതിഥികളായ മലക്കുകളെ പ്രയാസപ്പെടുത്താൻ തുനിഞ്ഞ അക്രമികളുടെ കണ്ണിന്റെ കാഴ്ച നശിപ്പിച്ചതായി സൂറത്തുൽ ഖമർ 37-ാം വചനത്തിലുണ്ട്. മലക്കുകൾ ലൂത്വ് നബിയെ സമാശ്വസിപ്പിച്ചു: ‘താങ്കളും ബന്ധപ്പെട്ടവരും രാത്രി തന്നെ സ്ഥലം വിടണം. പ്രഭാതമാവുമ്പോഴേക്ക് അവരുടെ നാശം നടക്കും.’ പോകുമ്പോൾ ആരും തിരിഞ്ഞ് നോക്കരുതെന്ന് മലക്കുകൾ പ്രത്യേകം ഉണർത്തി. നബിയും കുടുംബവും നാടുവിട്ടുപോയി. ലൂത്വ് നബിയുടെ ഒരു വീട് മാത്രമേ വിശ്വാസികളുടേതായി ഉണ്ടായിരുന്നുള്ളൂ എന്ന് 51:36-ൽ പറയുന്നുണ്ട്. പ്രഭാതമായപ്പോഴേക്കും സദൂം ഗോത്രക്കാരുടെ പ്രദേശം അടിമേലായി മറിക്കപ്പെട്ടു. ചുട്ടുപഴുപ്പിക്കപ്പെട്ട ഇഷ്ടിക കല്ലുകൾ തുടരെത്തുടരെ വർഷിച്ചുകൊണ്ടിരുന്നു. അസാധാരണമായിരുന്നു ആ കല്ലുകൾ. എവിടെയാണ് പതിയേണ്ടതെന്ന് കൃത്യമായി അടയാളപ്പെടുത്തിയായിരുന്നു കല്ലുകൾ വർഷിച്ചത്. അപ്രകാരം തന്നെ അവ പതിക്കുകയുമുണ്ടായി. ഹൂദ്, ഖമർ അടക്കം നിരവധി അധ്യായങ്ങളിൽ ഈ സംഭവങ്ങൾ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്.

കൊടുങ്കാറ്റ്

യമനിലെ അഹ്ഖാഫ് പ്രദേശത്ത് താമസിച്ചിരുന്ന പ്രാചീന ഗോത്രമായിരുന്നു ആദ് സമൂഹം. ആരോഗ്യ ദൃഢഗാത്രരും അസാമാന്യവലിപ്പവുമുള്ള പ്രകൃതക്കാരായിരുന്നു ആദ് വിഭാഗം. ഹൂദ് നബി(അ)യാണ് അവരുടെ പ്രവാചകൻ. വിഗ്രഹാരാധകരായിരുന്ന അവർ ഹൂദ് നബിയെ അനുസരിച്ചില്ല. ‘ഞങ്ങളേക്കാൾ ശക്തിയും ബലവുമുള്ളവർ ആരാണുള്ളത്. ഞങ്ങൾക്ക് ആരേയും പേടിക്കേണ്ടതില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം. അഹന്തയോടെ അവർ മുന്നോട്ട് പോയി. ഹൂദ് നബിയുടെ വാക്കിന് ഒരുവിലയും അവർ കൽപിച്ചില്ല. ധിക്കാരികളായി തന്നെ മുന്നോട്ട് പോയി. ഹൂദ് പ്രവാചകൻ അവരോട് അവസാനമായി പറഞ്ഞു: ‘നിങ്ങൾ മാറുവാൻ തയ്യാറല്ലെങ്കിൽ അല്ലാഹുവിന്റെ കടുത്തശിക്ഷ പ്രതീക്ഷിക്കുക. മര്യാദയും തന്റേടവും വിവേകവും ഉള്ളവർ ചിന്തിക്കുക.’ ഇതൊന്നും കേൾക്കേണ്ട എന്ന മട്ടായിരുന്നു അവർക്ക്. ഏഴ് രാത്രിയും എട്ട് പകലും തുടർച്ചയായി അടിച്ച് വീശിയ അത്യുഗ്രമായ കൊടുങ്കാറ്റിൽ അവർ ഒന്നടങ്കം കടപുഴകി നശിച്ചു. ഖമർ അധ്യായത്തിൽ സൂചിപ്പിച്ച പോലെ ഈത്തപ്പനത്തടികൾ കടപുഴകി മറിഞ്ഞ് വീണ പ്രകാരം അടിയോടെ പിഴുതെറിയപ്പെട്ടു. ഹൂദ്, ഖമർ, അൽ ഹാഖ അടക്കം നിരവധി അധ്യായങ്ങൾ ഇത് സൂചിപ്പിച്ചതു കാണാം.

അനുഗ്രഹങ്ങളുടെ പറുദീസയിൽ മതിമറന്ന്, വിശ്വാസത്തിന്റെ പ്രതാപത്തിന് ഇളക്കവും അനക്കവും ഒടുക്കവും തട്ടുന്ന ജീവിതവുമായി ചിരിച്ചും കളിച്ചും രസിച്ചും മുന്നോട്ട് പോവുമ്പോൾ കാലം പറഞ്ഞ് തരുന്ന ചരിത്ര സത്യങ്ങൾ വിശ്വാസിയുടെ കണ്ണും കാതും തുറപ്പിക്കണം. സമ്പത്തും പ്രതാപവും അധികാരവും സൗകര്യവും ആരോഗ്യവുമൊന്നും പടച്ച തമ്പുരാന്റെ പരീക്ഷണ ദൃഷ്ടാന്തങ്ങളുടെ മുന്നിൽ ഒന്നുമല്ലെന്ന് ബോധ്യപ്പെടാൻ ഇനിയും കൂടുതൽ ആലോചിക്കേണ്ടതുണ്ടോ? അടിക്കടി ഉണർത്തലുകളുടെ അടയാളങ്ങൾ അറിയുമ്പോൾ, കാണുമ്പോൾ, അനുഭവിക്കുമ്പോൾ വിശ്വാസിക്ക് അവിടെ പഠിക്കാനും പകർത്താനും പകരാനും ഏറെ പാഠങ്ങളുണ്ട്.

Exit mobile version