പ്രവാചകന്മാരുടെ “അവിശുദ്ധ’ ജീവിതം

ബൈബിള്‍ എഴുത്തുകാരും ആദരപൂര്‍വം പരിഗണിക്കുന്ന മഹാ പ്രവാചകനാണ് ഇബ്റാഹിം(അ). ബാബിലോണിയ കേന്ദ്രീകരിച്ചായിരുന്നു മഹാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ബൈബിള്‍ പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഇബ്റാഹിം(അ)ന്റെതായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു ചേര്‍ക്കുന്നുണ്ട്. മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് നേരിട്ടറിയാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടുന്നതും പക്ഷികളെ അറുത്ത് കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നാലു മലകളില്‍ കൊണ്ടുപോയിട്ട് അവയെ വിളിച്ചപ്പോള്‍ ഓരോന്നും പൂര്‍വരൂപം പ്രാപിച്ച് പറന്നുവന്നതുമായ വിവരണം ഉദാഹണം (അല്‍ബഖറ/260).
വിഗ്രഹങ്ങള്‍ തച്ചുടക്കുന്നതും (അമ്പിയാഅ്/5767) ലൂത്വ് നബി(അ)ന്റെ സമൂഹത്തെ ശിക്ഷിക്കാന്‍ നിയോഗിതരായ മലക്കുകള്‍ ആദ്യം ഇബ്റാഹിം(അ)നെ സന്ദര്‍ശിക്കുന്നതുമൊക്കെ (ഹൂദ്/6974) ഈ ഗണത്തില്‍ പെടുന്നു. ഇവയൊന്നും ബൈബിളില്‍ പരാമര്‍ശിച്ചതല്ല. അവ ലഭിക്കാനുള്ള മറ്റു സാധ്യതകളുമില്ലസര്‍വജ്ഞനായ തമ്പുരാന്‍ അറിയിച്ചു കൊടുത്തു എന്നതല്ലാതെ!
ലൂത്വ് (ലോത്ത്)
നീതിമാനായ പ്രവാചകനായിരുന്നു ലൂത്വ് നബി(അ). തന്റെ ജനതയുടെ മ്ലേച്ഛ ജീവിതവും അധര്‍മ പ്രവര്‍ത്തനങ്ങളും കണ്ട് ഹൃദയം വേദനിക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ കഠിന പരിശ്രമം നടത്തുകയും ചെയ്തിരുന്നു. ബൈബിള്‍ തന്നെ പറയട്ടെ:
ദുഷ്ടന്മാരുടെ മ്ലേച്ഛ ജീവിതം കൊണ്ട് വലഞ്ഞ് നീതിമാനായ ലോത്തിനെ വിടുവിച്ചു. അവരുടെ ഇടയില്‍ വസിച്ചിരുന്നപ്പോള്‍ നാള്‍തോറും താന്‍ കണ്ടതും കേട്ടതുമായ അധര്‍മ പ്രവര്‍ത്തികള്‍ ആ നീതിമാന്റെ ഹൃദയത്തെ വേദനിപ്പിച്ചിരുന്നു (പത്രോസ് 2/7).
പക്ഷേ, ഇതേ ലോത്തിനെക്കുറിച്ചു തന്നെ മദ്യപിച്ച് ഉന്മത്തനായി സ്വന്തം പെണ്‍മക്കള്‍ക്ക് ഗര്‍ഭമുണ്ടാക്കിയതായും ബൈബിള്‍ വിവരിക്കുന്നു:
അനന്തരം ലോത്തും അവന്റെ രണ്ടു പുത്രിമാരും സോവര്‍ വിട്ട് പര്‍വതത്തില്‍ ചെന്നു പാര്‍ത്തു; സോവറില്‍ പാര്‍ക്കുവാന്‍ അവനു ഭയമായിരുന്നു. അവനും രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു. അങ്ങനെയിരിക്കെ മൂത്ത മകള്‍ ഇളയവളോട്: നമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ പതിവനുസരിച്ച് നമ്മുടെ അടുത്തുവരാന്‍ ഭൂമിയിലെങ്ങും ഒരു പുരുഷനുമില്ലല്ലോ. ആകയാല്‍ വരിക, നമുക്ക് അപ്പനെ വീഞ്ഞു കുടിപ്പിച്ചിട്ട് അവനോടൂകൂടെ ശയിച്ച് അപ്പനിലൂടെ സന്താന പരമ്പര നിലനിര്‍ത്താം എന്നു പറഞ്ഞു. അന്നു രാത്രിയില്‍ അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തവള്‍ അകത്തുചെന്ന് പിതാവിനോടു കൂടെ ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റു പോയതോ അവന്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്തമകള്‍ ഇളയവളോട്: ഇന്നലെ രാത്രി ഞാന്‍ അപ്പനോടു കൂടെ ശയിച്ചു. നാം ഈ രാത്രിയിലും അപ്പനെ വീഞ്ഞു കുടിപ്പിക്കുക; അപ്പനില്‍ നിന്ന് സന്തതിയെ ലഭിക്കേണ്ടതിന് നീയും അകത്തുചെന്ന് അപ്പനോടു കൂടെ ശയിക്കുക. അങ്ങനെ അന്നു രാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. ഇളയവള്‍ ചെന്ന് അപ്പനോടു കൂടെ ശയിച്ചു. അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല. ഇങ്ങനെ ലോത്തിന്റെരണ്ടു പുത്രിമാരും പിതാവില്‍ നിന്നും ഗര്‍ഭം ധരിച്ചു. മൂത്ത മകള്‍ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; ഇന്നത്തെ മോവാബ്യരുടെ പിതാവ് അവനാകുന്നു. ഇളയവളും ഒരു മകനെ പ്രസവിച്ചു. അവന് ബെന്‍ അമ്മീ എന്നു പേരിട്ടു. ഇന്നത്തെ അമ്മോന്യരുടെ പിതാവ് അവനാകുന്നു (ഉല്‍പത്തി 19/3038).
എത്ര വൃത്തിഹീനം. ഈ ചരിത്ര ഭാഗം വായിക്കുന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തിപ്പോവും. ഇത്തരത്തില്‍ പ്രവാചകന്മാരെ അവഹേളിക്കുന്ന കെട്ടുകഥകളൊന്നും ഖുര്‍ആനിലില്ല. മറിച്ച് വിശ്വസ്ഥനും സൂക്ഷ്മശാലിയുമായ അദ്ദേഹത്തിന്റെ ജനതയുടെ മ്ലേച്ഛ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും അതില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വന്ദ്യ പ്രവാചകനായാണ് ലൂത്വ്(അ)നെ ഖുര്‍ആന്‍ പരിചയപ്പെടുന്നത്.
അവരുടെ സഹോദരന്‍ ലൂത്വ് നബി(അ) അവരോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു റസൂലാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ (സൂറത്തു ശുഅ്റാ/161163).
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ ഗണത്തിലാകുന്നു. എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി. പിന്മാറി നിന്നവരില്‍ ഒരു വൃദ്ധ ഒഴികെ (സൂറത്തു ശുഅറാ/168171).
യഅ്ഖൂബ്(അ)
സ്വന്തം പിതാവായ ഇസ്ഹാഖ്(അ)നെയും സഹോദരന്‍ ഏശാവിനെയും വഞ്ചിക്കുകയും ചതിക്കുകയും ചെയ്തവനായാണ് ഇസ്രായേലിന്റെ പിതാവായ യാക്കോബിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത് (ഉല്‍പത്തി/146). ഇതും ഖുര്‍ആന്‍ വിരുദ്ധമാണ്.
ദൈവത്തോട് മല്‍പിടുത്തം
നടത്തുന്ന യാക്കോബ്
ആ രാത്രിയില്‍ അവന്‍ എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട് യബ്ബോക് കടവ് കടന്നു. അവരെ അക്കരെ കടത്തിയ ശേഷം തനിക്കുള്ളതൊക്കെയും അക്കരെ എത്തിച്ചു. യാക്കോബ് തനിയെ ശേഷിച്ചു. ഒരു പുരുഷന്‍ നേരം പുലരുന്നതുവരെ അവനോടു മല്‍പ്പിടുത്തം നടത്തി. അവനെ കീഴ്പ്പെടുത്തുവാന്‍ കഴിയുന്നില്ലെന്ന് കണ്ടപ്പോള്‍ അവന്‍ അവന്റെ ഇടുപ്പില്‍ തൊട്ടു. ആകയാല്‍ മല്‍പ്പിടുത്തത്തിനിടയില്‍ അവന്റെ ഇടുപ്പ് ഉളുക്കി. അപ്പോള്‍ ആ പുരുഷന്‍ “നേരം പുലരുന്നതിനാല്‍ എന്നെ പോകുവാന്‍ അനുവദിക്കൂ’ എന്ന് പറഞ്ഞതിന് “നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല’ എന്ന് അവന്‍ പറഞ്ഞു. നിന്റെ പേരെന്ത്? എന്ന് അവന്‍ അവനോട് ചോദിച്ചു. യാക്കോബ് എന്നു അവന്‍ പറഞ്ഞു. ഇനി നിന്റെ പേര് യാക്കോബ് എന്നല്ല യിസ്രയേല്‍ എന്നായിരിക്കും. എന്തെന്നാല്‍ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു എന്ന് അവന്‍ പറഞ്ഞു (ഉല്‍പത്തി 32/2228). ദൈവത്തോട് മല്‍പിടുത്തം നടത്തി ഒരു മനുഷ്യന്‍ ജയിക്കുകയെന്നത് എത്ര മാരകമായ ദൈവദൂഷ്യമാണ്!
ദൈവനിന്ദയും പ്രവാചക നിന്ദയും
യാക്കോബിന്റെ സന്താനങ്ങളെക്കുറിച്ചും ബൈബിള്‍ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവയില്‍ ചിലത്:
ഒന്ന്: യാക്കോബിന് ലോയായില്‍ ജനിച്ച മകളായ ദീനാ ആ ദേശത്തെ കന്യകമാരെ സന്ദര്‍ശിക്കുവാന്‍ പോയി. ആ ദേശത്തെ പ്രഭുവായ ദിവ്യനായ ഹമോറിന്റെ മകനായ ശെഖേം അവളെ കണ്ടപ്പോള്‍ അവളെ പിടിച്ചുകൊണ്ടുപോയി അവളോടു കൂടെ ശയിച്ച് അവളെ മാനഭംഗപ്പെടുത്തി (ഉല്‍പത്തി 34/13).
രണ്ട്: മൂന്നാം ദിവസം എല്ലാവരും വേദനയോടിരിക്കുമ്പോള്‍ ദീനായുടെ സഹോദരന്മാരും യാക്കോബിന്റെ രണ്ടു പുത്രന്മാരുമായ ശിമെയേനും ലേസിയും തങ്ങളുടെ വാളുകള്‍ എടുത്ത്, നിര്‍ഭയമായി പട്ടണത്തില്‍ ചെന്ന് എല്ലാ പുരുഷന്മാരെയും കൊന്നുകളഞ്ഞു. അവര്‍ ഹമാരിയെയും അവന്റെ മകനായ ശെഖേവിനെയും വാളിനിരയാക്കി. ദീനയെ ശെഖേവിന്റെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോന്നു. പിന്നെ യാക്കോബിന്റെ പുത്രന്മാര്‍ കൊല്ലപ്പെട്ടവരുടെ ഇടയില്‍ ചെന്ന്, അവര്‍ തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയത് കൊണ്ട് പട്ടണത്തെ കൊള്ളയടിച്ചു. അവരുടെ ആടുമാടുകളെയും കഴുതകളെയും പട്ടണത്തിലും വയലിലും ഉണ്ടായിരുന്നവയെല്ലാം അവര്‍ കൊണ്ടുപോയി. അവരുടെ സകല സമ്പത്തിനെയും എല്ലാ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര്‍ കൊണ്ടുപോയി. വീട്ടിലുള്ളതൊക്കെയും കൊള്ളയടിച്ചു (ഉല്‍പത്തി 34/2529).
സഹോദരിയെ മാനഭംഗപ്പെടുത്തിയതാണെങ്കിലും സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുക പോലുള്ള കിരാതത്വം ഭൂഷണമാണോ? പിതാവിന്റെ വെപ്പാട്ടിയുമായി ശയിക്കുന്ന പുത്രനും (ഉല്‍പത്തി 35/21,22) പുത്രന്റെ ഭാര്യയെ പരിഗ്രഹിക്കുന്ന പിതാവുമെല്ലാം (ഉല്‍പത്തി 38/618) ബൈബിളില്‍ കാണാം.
ഇത്തരം വൃത്തിഹീനമായ ചരിത്രങ്ങളൊന്നും ഖുര്‍ആനില്‍ കാണുന്നില്ല. ഈ വ്യഭിചാരികളുടെ സന്താന പരമ്പരയിലാണ് ഇതേ ബൈബിള്‍ യേശുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്! അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ്(സ്വ) ബൈബിളില്‍ നിന്ന് പകര്‍ത്തിയെടുത്തതാണെങ്കില്‍ ഇതൊന്നും ഖുര്‍ആനില്‍ കാണാതിരിക്കുന്നതെന്തുകൊണ്ടാണ്?
(തുടരും)
ബൈബിള്‍ഖുര്‍ആന്‍/5 ജുനൈദ് ഖലീല്‍ സഖാഫി

Exit mobile version