ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സില്‍ നിന്ന് ലോകകപ്പിലെ ഒന്നാം മത്സരത്തോടെ നൈമര്‍ ഗ്രൂപ്പിലേക്കു കാലുമാറിയ ഒരു ഏഴുവയസ്സുകാരനും ഏകദേശം പത്തുവയസ്സുവരുന്ന മറ്റൊരു കുട്ടിയും ബ്രസീലിന്റെ രണ്ടാം മത്സരത്തിലെ നിലവാരത്തകര്‍ച്ചയും വീരാവീരന്‍ നൈമര്‍ ഗോളടിക്കാത്തതും എന്തോ ഒരു ആനക്കാര്യമെന്നവിധം സഗൗരവം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നു. അപ്പോഴാണ്, ടി വി ഇല്ലാത്തവീട്ടിലെ സ്പോര്‍ട്സില്‍ ഒരു താല്‍പര്യവുമില്ലാത്ത, ഉമ്മയുടെ സാന്നിധ്യത്തിനപ്പുറം എല്‍കെജി പഠനത്തിനായി പോലും പുറത്തുപോവാത്ത നാലു വയസ്സുതികയാത്ത കുഞ്ഞിന്റെ അഭിപ്രായം ഇങ്ങനെവരുന്നത്: ഞാന്‍ മുള്ളറിന്റെ ആളാ, മൂന്നുഗോളാ മുള്ളര്‍ ഒറ്റകളിക്ക് അടിച്ചു കൂട്ടിയത്!
ഇത് മലപ്പുറം ജില്ലയിലെ കളിസ്വാധീനത്തിന്റെ ചെറിയൊരു ഉപമ. ചില പത്രക്കാര്‍ പൊലിപ്പിച്ചെഴുതിയപോലെ ആബാലവൃദ്ധം ജനങ്ങളുടെ സാധാരണ ചര്‍ച്ചമുതല്‍ പ്രാര്‍ത്ഥനവരെയും ഫുട്ബോള്‍ നിറയുന്നു. ബ്രസീലില്‍ പന്തുരുളുമ്പോള്‍, ഇവിടെ കുറെയാളുകളുടെ രക്തസമ്മര്‍ദം ഉയര്‍ന്നു പൊങ്ങുന്നു. ഒരു കായിക വിനോദം മഹത്തായ ഒരു സംസ്കൃതിയെ എങ്ങനെ നിഷ്ക്രിയമാക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കാല്‍ പന്തുകളി സ്വാധീനം.
പന്തുകളി അത്രമേല്‍ വിമര്‍ശിക്കപ്പെടേണ്ടതല്ല. കായികമായി ശരീരത്തിനു ഗുണം ചെയ്യുന്ന ഒന്നാണത്. എന്നാല്‍, അതൊരു അധിനിവേശമായി മാറിയാലോ. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില ഫ്ളക്സു ബോര്‍ഡു വാചകങ്ങള്‍ ഇങ്ങനെ: മറഡോണ ഫുട്ബോള്‍ ദൈവം; മെസ്സി രാജകുമാരന്‍.., അഹങ്കാരികളുടെ നാട്ടിലേക്ക്.., റൊണാള്‍ഡോയുടെ പറങ്കികളെ തടുക്കാന്‍ ദൈവം അവതരിക്കേണ്ടിവരും.., മഞ്ഞക്കിളികളുടെ മയ്യത്തെടുക്കാന്‍ വരുന്നു.. ഇതില്‍ ചില പദങ്ങള്‍ മതനിരാസമാണ്, മറ്റു ചിലത് കടുത്ത പരദൂഷണവും. രണ്ടു ലക്ഷത്തിലധികം വിശ്വാസികളുള്ള ബ്രസീലിനെ കുറിച്ച് മൊത്തത്തില്‍ അഹങ്കാരികളെന്നു പറയാമോ? പുറമെ, പതിനായിരങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, വാഗ്വാദങ്ങളിലെ മാരക നാവുദോഷങ്ങള്‍, ചിലയിടങ്ങളിലെ കയ്യാങ്കളി, നിസ്ക്കാരം ഉപേക്ഷിച്ചുള്ള റോഡു ഷോകള്‍, അങ്ങാടി തരിപ്പിച്ചുള്ള കൂവലും വിളിയും, ചായം പൂശിയും വെട്ടി കൂര്‍പ്പിച്ചും നടത്തുന്ന കേശാലങ്കാരങ്ങള്‍, ഒമ്പതരക്ക് തുടങ്ങുന്ന ഒന്നാം കളി മുതല്‍ ഏകദേശം സ്വുബ്ഹിക്കുള്ള മൂന്നാം കളി വരെ ഉറക്കിളച്ച് സമയം കൊല്ലുന്നത്, ഉറക്കച്ചടവില്‍ നഷ്ടമാകുന്ന പഠന ജോലി സന്ദര്‍ഭങ്ങളും ആരാധനകളും എല്ലാംകൂടി ഒരു നാടിനെയും സംസ്ക്കാരത്തെയും കുഴിച്ചു മൂടി കൊണ്ടിരിക്കുകയാണ്.
മുസ്‌ലിം സ്ത്രീ തല മറക്കുന്നത് നിയമം മൂലം നിരോധിച്ച ഫ്രാന്‍സിനും പൂര്‍വികരെ നിഷ്ക്കരുണം കൊന്നൊടുക്കിയിരുന്ന പോര്‍ച്ചിഗീസുകാരുടെ പിന്‍മുറക്കാര്‍ക്കും വേണ്ടി ജയ് വിളിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നതെങ്ങനെ? അന്യരുടെ പതാകയേന്താന്‍ ഇന്ത്യക്കാരായ നമുക്ക് പറ്റുമോ?
കളികഴിയും. ആര്‍ക്കെങ്കിലും കപ്പടിക്കുകയും ചെയ്യും. പലരും വിവിധ നേട്ടങ്ങളുണ്ടാക്കും. ടൂറിസ്റ്റുകള്‍ സെക്സിനായാണ് ബ്രസീലിലെത്തിയതെന്നും ഇത് കമിതാക്കളുടെ ലോക കപ്പാണെന്നും വാര്‍ത്തകള്‍ വന്നു കഴിഞ്ഞല്ലോ. കളിക്കാര്‍ക്കും പരസ്യക്കാര്‍ക്കും കോടികളുടെ വരുമാനവുമുണ്ടാകും. ഒടുവില്‍ ഉറക്കിളച്ച് കൂവി വിളിച്ച് വിശുദ്ധ മാസത്തെ പോലും അപകീര്‍ത്തിപ്പെടുത്തിയ മടയന്‍മാര്‍ക്കോ? അല്ലാഹുവിലേക്ക് അടുക്കാനുള്ള നല്ല അവസരങ്ങള്‍ നഷ്ടപ്പെടുക മാത്രമല്ല; ഫുട്ബോള്‍ പാപങ്ങള്‍ വഴി അകല്‍ച്ച കൂടിയതുഫലം!
അധികമാളുകളും വഞ്ചിതരായ രണ്ടനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും (ബുഖാരി), ആയുസ്സ് എങ്ങനെ ചെലവഴിച്ചു, യുവത്വം എന്തുചെയ്തു തീര്‍ത്തു, സമ്പത്ത് എങ്ങനെ നേടി, ചെലവാക്കി, വിജ്ഞാനമനുസരിച്ച് എന്തുപ്രവര്‍ത്തിച്ചു എന്നീ ചോദ്യങ്ങളുന്നയിക്കപ്പെടാതെ ആര്‍ക്കും ഒരടി മുന്നോട്ടു വെക്കാനാകില്ല.(തുര്‍മുദി) എന്നീ പ്രവാചക വചനങ്ങളും അവക്കുള്ള നിവാരണവും ഓര്‍ക്കുക. ആരെങ്കിലും ചാരിത്തരുന്ന ഏണികളില്‍ വലിഞ്ഞുകേറി ഊരകുത്തി വീഴാതിരിക്കാനെങ്കിലും ഇവ ഉപകരിച്ചേക്കും.