കേരളത്തിൽ ബി ജെ പിയെ അധികാരത്തിൽ നിന്ന് തടഞ്ഞു നിർത്തുന്നത് എന്താണ്? ശക്തമായ രണ്ട് മുന്നണികളുടെ സാന്നിധ്യമെന്ന ഉത്തരമാകും ആദ്യം മുന്നിലെത്തുക. ഹിന്ദു ജനസാമാന്യത്തെ വലിയ തോതിൽ ഉൾക്കൊള്ളുന്ന സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ പ്രതിരോധം ഒരു പടി മുന്നിലെന്ന ഉത്തരവും വരും. ശരിയാണത് പിന്നാക്ക വിഭാഗത്തിൽ പെട്ട ഹൈന്ദവരെ നന്നായി അണി നിരത്താനും രാഷ്ട്രീയവത്കരിക്കാനും സഹകരണ സ്ഥാപനങ്ങളിലൂടെയും മറ്റ് തൊഴിൽ സംരംഭങ്ങളിലൂടെയും നിരന്തരമായ രാഷ്ട്രീയ പ്രചാരണത്തിലൂടെയും അവരെ ഉറപ്പിച്ചു നിർത്താനും സി പി എമ്മിന് സാധിച്ചിട്ടുണ്ട്. അതാകട്ടേ ആ പാർട്ടിയുടെ ആശയപരമായ മിടുക്കു കൊണ്ടല്ല, മറിച്ച് ശ്രീനാരായണ ഗുരു അടക്കമുള്ളവർ സൃഷ്ടിച്ച ജാതിവിരുദ്ധ സമരോത്സുകതയുടെ തുടർച്ച ആ പാർട്ടിക്ക് കൈവന്നതു കൊണ്ടാണ്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ വിശേഷിപ്പിക്കുന്നത് സാമൂഹിക പരിഷ്‌കരണത്തിന്റെ രാഷ്ട്രീയ ഉത്പന്നമെന്നാണല്ലോ. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി അത്രയൊന്നും അഗ്രസീവായല്ലെങ്കിലും ബി ജെ പിയെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളാണ് അവരുടെ അടിത്തറ എന്നതിനാൽ ഒരു പരിധിക്കപ്പുറം കോൺഗ്രസിന് സംഘ് രാഷ്ട്രീയത്തെ തടഞ്ഞു നിർത്താൻ സാധിക്കില്ല. എന്നാൽ ഈ രണ്ടു മുന്നണികളും ഇക്കാലമത്രയും തുല്യമായി ചെയ്ത ഒരു സേവനമുണ്ട്. ബി ജെ പിക്ക് രാഷ്ട്രീയ അസ്പൃശ്യത കൽപ്പിക്കുക എന്നതാണ് അത്. ഈ തിരഞ്ഞെടുപ്പു കാലത്തിന്റെ ഒരു പ്രധാന പ്രശ്‌നം ബി ജെ പിയുടെ ആ അസ്പൃശ്യത അതിവേഗം അസ്തമിക്കുന്നുവെന്നതാണ്. അതിനായി ബി ജെ പി (കേന്ദ്ര നേതൃത്വം) ഒരുക്കിയ പദ്ധതികൾ നന്നായി വിജയിക്കുന്നുവെന്ന് ഭീതിയോടെ വിലയിരുത്തേണ്ടിയിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പിലെ മുഖ്യ അജൻഡയായി ബി ജെ പി ഉയർന്നു വന്നിരിക്കുന്നു. നേമത്ത് മുരളീധരൻ മത്സരിക്കുന്നത് മുൻ നിർത്തി യു ഡി എഫ് അവകാശവാദവുമായി വരുന്നു. ‘ഇതാ കണ്ടില്ലേ, ബി ജെ പി അക്കൗണ്ട് തുറന്നിടത്ത് ഞങ്ങൾ വലിയ മത്സരത്തിന് ശക്തനെ ഇറക്കിയിരിക്കുന്നു, ഇത് കണ്ട് ഞങ്ങളുടെ സംഘ്‌വിരുദ്ധത നിങ്ങൾ വിശ്വസിക്കണ’മെന്നാണ് കോൺഗ്രസ് പറയാൻ ശ്രമിക്കുന്നത്. സത്യത്തിൽ കോൺഗ്രസിൽ നിന്ന് ചോർന്ന് പോയ വോട്ട് തിരിച്ചു കൊണ്ടുവരാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് അത്. പിന്നെയുള്ളതെല്ലാം ഹൈപ്പ് ആണ്. ഉമ്മൻ ചാണ്ടിയോട് മത്സരിക്കാൻ പറയുന്നു, ചെന്നിത്തലയോട് പറയുന്നു, കെ സിയാണ് വരുന്നതെന്ന് പറയുന്നു. ഒ സിയെ കാഞ്ഞിരപ്പള്ളിയിൽ നിർത്താൻ ഒരുത്തൻ പുരപ്പുറത്ത് കയറുന്നു. ‘അയ്യോ അച്ഛാ പോകല്ലേ’ ഇശലിൽ കോറസ് പാടുന്നു. എത്രയെത്ര ബ്രേക്കിംഗ് ന്യൂസുകൾ. അതിനിടക്കാണ് ബാലാശങ്കറിന്റെയും ഒ രാജഗോപാലിന്റെയുമൊക്കെ വെളിപ്പെടുത്തൽ വരുന്നത്. അങ്ങനെ ബി ജെ പിയുമായുള്ള രഹസ്യ ബാന്ധവം ഒരിക്കൽ കൂടി ചർച്ചയായിരിക്കുന്നു. ബി ജെ പി തന്നെയാണ് വിഷയമെന്ന് ചുരുക്കം. ശബരിമല വിഷയം വീണ്ടും കത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസാണ് അതിൽ മുന്നിൽ. ബി ജെ പിയിൽ നിന്ന് വ്യത്യസ്തമായ ഒരു നയം ഈ വിഷയത്തിൽ കോൺഗ്രസ് ഒരിക്കലും മുന്നോട്ട് വെച്ചിട്ടില്ല എന്നതിനാൽ സംഘ്പരിവാറിന്റെ പ്രചാരണത്തിന് വിശ്വാസ്യത നേടിക്കൊടുക്കുകയാണ് കോൺഗ്രസ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള ഒരു പത്മവ്യൂഹം ശബരി മല വിഷയത്തിൽ ഒരുക്കാൻ കോൺഗ്രസിന് സാധിച്ചിരിക്കുന്നു. ഇതും ബി ജെ പി സൃഷ്ടിച്ച അജൻഡയെ തന്നെയാണ് ഊട്ടിയുറപ്പിക്കുന്നത്. ഫലത്തിൽ ബി ജെ പിക്ക് സ്വീകാര്യതയൊരുക്കുന്നതിൽ പങ്കെടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസ് പട്ടികയിലെ നായർ അതിപ്രസരം കൂടി ഇവിടെ നോട്ട് ചെയ്യേണ്ടതാണ്. സ്വന്തം വോട്ട് ബേങ്കിനെ ഒറ്റു കൊടുത്ത് സി പി എം മുന്നോട്ട് വെച്ച സംവരണ നയവും ബി ജെ പിയുടെ അജൻഡക്ക് താഴെ ഒപ്പുവെക്കലായിരുന്നു.
ബി ജെ പി ഇത്തവണ കണ്ടെത്തിയ സ്ഥാനാർഥികളെ ശ്രദ്ധിച്ചാൽ ഒറ്റനോട്ടത്തിൽ ചിരിയാണ് വരിക. അബ്ദുല്ലക്കുട്ടി, ഡോ. അബ്ദുസ്സലാം, ഇ ശ്രീധരൻ… എല്ലാവരും ട്രോളുകൾ വാരിക്കൂട്ടുകയാണ്. സി പി എമ്മിൽ നിന്നും സി പി ഐയിൽ നിന്നും എത്ര താഴേ നിലവാരത്തിൽ നിന്ന് വന്നാലും അപ്പോൾ കിട്ടും സ്ഥാനാർഥിത്വം. അതും എ പ്ലസ് മണ്ഡലങ്ങളിൽ. വയനാട്ടിൽ അവർ കണ്ടെത്തിയ സ്ഥാനാർഥി താൻ ബി ജെ പിക്കാരനല്ല, എന്നോട് ചോദിച്ചല്ല ടിക്കറ്റ് പ്രഖ്യാപിച്ചത് എന്ന് പരസ്യമായി പറയുകയുണ്ടായി. സംഘികളല്ലേ, വിവരം അത്രയേ ഉള്ളൂ എന്ന് പരിഹസിക്കാൻ വരട്ടേ. ഇത് ബി ജെ പിയുടെ ഉഗ്രൻ തന്ത്രമാണ്. എല്ലാ വിഭാഗത്തിൽ പെട്ടവരും ഞങ്ങളുടെ കൂടെയുണ്ടെന്ന് കാണിക്കുകയാണ് ബി ജെ പി ചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബി ജെ പിക്ക് വേണ്ടി മത്സരിച്ച മുസ്‌ലിം സ്ത്രീകളെ നോക്കൂ. അവരെയൊന്നും ജയിപ്പിക്കാൻ വേണ്ടിയല്ലല്ലോ വൻ വാഗ്ദാനം കൊടുത്ത് സ്ഥാനാർഥി കുപ്പായമിടീച്ചത്. വളരെ അയഞ്ഞ ഘടനയുള്ള ഒരു സംവിധാനമാണ് ഇതെന്നും ഒരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലെന്നുമുള്ള സന്ദേശമാണ് നൽകുന്നത്. മതിൽക്കെട്ടുകൾ പൊളിക്കുകയാണ് ചെയ്യുന്നത്. കർണാടകയിൽ ആ തന്ത്രമാണ് പയറ്റിയത്. ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാവുന്ന പാർട്ടിയായി ബി ജെ പി സ്വയം അടയാളപ്പെടുത്തുന്നു. ബി ജെ പിയിൽ ആർക്കും വരാം. കൊള്ളില്ലെങ്കിൽ തിരിച്ച് കോൺഗ്രസിലേക്കോ ജനതാദളിലേക്കോ പോകാം. പിന്നെയും ബി ജെ പിയിൽ തന്നെ എത്താം. വളരെ ലളിതമായ രാഷ്ട്രീയം. കർണാടകത്തിലെ ഈ മാതൃക കേരളത്തിൽ പയറ്റുകയാണ് ബി ജെ പി. ഇത് കേന്ദ്ര നേതൃത്വത്തിന്റെ ബുദ്ധിയാണ്, സുരേന്ദ്രന്റേതോ വി മുരളീധരന്റേതോ അല്ല. കേന്ദ്രത്തിലെ അധികാരമാണ് ഇത്തരം ഡീലുകൾക്കുള്ള മൂലധനം. സി പി എമ്മിന്റെയോ കോൺഗ്രസിന്റേയോ കൈയിൽ ഈ മൂലധനമില്ലല്ലോ. അധികാരമാണ് ഐഡിയോളജിയല്ല പ്രശ്‌നമെന്ന് വരുന്നു.
കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും അമിത് ഷാ സംതൃപ്തനായിരിക്കും. മുന്നോട്ടാണ് ഷാ നോക്കുന്നത്. ബി ജെ പിയുടെ തൊട്ടു കൂടായ്മ മാറ്റുകയാണ് ലക്ഷ്യം. ബി ജെ പിയിൽ ചേക്കേറിയ ഒരു നേതാവിന് അവിടെ ആവശ്യത്തിന് അധികാരം കിട്ടിയില്ലെങ്കിൽ തിരിച്ചു ചെല്ലാനും സാധിക്കണം. അതിന് ബി ജെ പി ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാകണം. അതിനാണ് വരുന്നവർക്കൊക്കെ ടിക്കറ്റ് നൽകുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ടെക്‌നോക്രാറ്റുകൾക്കും വിദ്യാസമ്പന്നർക്കും. പൊതു സ്വീകാര്യതയുടെ കടമ്പ കടന്നാൽ പിന്നെ യാത്ര സുഗമമായെന്ന് ബി ജെ പി കേന്ദ്ര നോതൃത്വം വിശ്വസിക്കുന്നു. അപ്പോൾ ട്വിന്റി- ട്വന്റി പോലുള്ള അരാഷ്ട്രീയ ഗ്രൂപ്പുകൾ പടലയടക്കം ബി ജെ പിയിലേക്ക് വരുമെന്നും അവർ കാണുന്നു. വർഗീയത തലക്ക് പിടിച്ചവർ എല്ലാ പാർട്ടിയിലുമുണ്ടാകും. അവരൊക്കെ ബി ജെ പിയിലെത്തും.
പൊതു സ്വീകാര്യതയുടെ ഈ ശാപമോക്ഷം ബി ജെ പിക്ക് സമ്മാനിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുക വഴി ക്രിസ്ത്യൻ ഗ്രൂപ്പുകൾ ചരിത്രത്തിലെ ഏറ്റവും നെറികെട്ടതും അപകടകരവും സ്വയം ഹത്യാപരവുമായ ദൗത്യത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ സമൂഹത്തിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ മാത്രം പഴിക്കുന്നതിൽ അർഥമില്ല. ലവ് ജിഹാദ് പോലുള്ള ദുരാരോപണങ്ങൾക്ക് വൈകാരികമായ പശ്ചാത്തലമൊരുക്കി കാടിളക്കി പ്രചാരണം നൽകിയ കാത്തലിക് വിഭാഗങ്ങൾ മുന്നിലുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുവെച്ച് സാധാരണക്കാരായ വിശ്വാസികൾക്കിടയിൽ ഭീതി വിതക്കുകയാണ് അവർ ചെയ്തത്. മുസ്‌ലിം ജനവിഭാഗങ്ങളെ മാറ്റി നിർത്തേണ്ടവരും അപകടകാരികളുമായി ചിത്രീകരിക്കുന്നതിൽ ഈ ഭീതിവത്കരണം വഹിച്ച പങ്ക് ചെറുതല്ല. തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ മുൻനിർത്തി നടത്തിയ വിദ്വേഷ പ്രചാരണം അതിഭീകരമായിരുന്നു. അതിന്റെ ചില വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് ക്രിസ്ത്യൻ പുരോഹിതൻമാരാണെന്നോർക്കണം. ഒരിക്കലും ഉണക്കാനാകാത്ത മുറിവ് സൃഷ്ടിക്കാനാണ് കേരളീയ ജീവിതപരിസരവുമായി ഒരു ബന്ധവുമില്ലാത്ത ആ വിഷയം ഉപയോഗപ്പെടുത്തിയത്. സംഘ് ശക്തികളുടെ അതേ പദാവലി, ഭാവം, താളം. നേർബുദ്ധിയുള്ള ചില ക്രിസ്ത്യൻ സഹോദരൻമാർ നന്നായി പ്രതിരോധിക്കുന്നുവെന്നതാണ് ആശ്വാസകരം.
ഏറ്റവും ഒടുവിൽ യാക്കോബായ വിഭാഗം സംഘ്പരിവാറുമായി ഗാഢ ആലിംഗനത്തിന്റെ വക്കുവരെ എത്തി. എന്തോ ചില അഡ്ജസ്റ്റ്‌മെന്റുകൾ പാളിയതു കൊണ്ട് തത്കാലം നടന്നില്ലെന്നേ ഉള്ളൂ. യാക്കോബായ സഭയെ പാട്ടിലാക്കാൻ തീവ്രശ്രമവുമായി മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ് പ്രാരംഭനീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായി ഡൽഹിയിലും കേരളത്തിലുമായി നിരവധി ചർച്ചകൾ നടന്നു. പള്ളി ഉടമസ്ഥതാ തർക്കമാണ് തുരുപ്പുചീട്ട്. സുപ്രീം കോടതി വിധിയെത്തുടർന്ന് നിലനിൽപ്പ് പ്രതിസന്ധിയിലായ സഭക്ക് നിയമപരമായ പരിരക്ഷയും നിലനിൽപ്പും ഒരുക്കിയാൽ സഭ ഒപ്പം നിൽക്കാമെന്ന് ബി ജെ പിക്ക് ഉറപ്പ് നൽകി. രണ്ടാം നിര ബി ജെ പി നേതൃത്വം സമ്മതം മൂളി. കോടതി വിധി മറികടക്കാൻ സഹായം നൽകാമെന്നാണ് വാദ്ഗാനം. തിരിച്ച് സഭക്ക് നിർണായക സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളിൽ ബി ജെ പിയെ സഹായിക്കും. ഈ ചർച്ചകളുടെ തുടർച്ചക്കാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അടക്കമുള്ള നാല് മെത്രാപ്പോലീത്തമാർ ഡൽഹിയിലെത്തിയത്. എന്നാൽ പള്ളിത്തർക്കത്തിൽ ശക്തമായ ഉറപ്പ് നൽകാൻ ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറായില്ല. അമിത് ഷായെ കാണാൻ മെത്രാപ്പോലിത്തമാർക്ക് സാധിച്ചതുമില്ല. സഭക്കകത്ത് നിന്നുണ്ടായ എതിർപ്പും പ്രശ്‌നമായിട്ടുണ്ടാകാം.
അപ്പോൾ അതാണ് ചിത്രം. സഭാ നേതൃത്വമാണ് ഈ ഡീലുകൾ നടത്തുന്നത്. പലതും മറച്ചു വെക്കാനും വെളുപ്പിച്ചെടുക്കാനുമുള്ള സഭാ നേതാക്കൾക്ക് അധികാരത്തിന്റെ തണൽ അനിവാര്യമായിരിക്കും. പാവം വിശ്വാസികൾക്ക് ഇതിൽ പങ്കില്ല. സംഘ്പരിവാറിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് നല്ല ബോധ്യം വിശ്വാസികൾക്കുണ്ട്. ക്രിസ്ത്യാനിറ്റിയെ, അത് ഏത് സഭയാകട്ടേ, പുറത്ത് നിന്ന് വന്ന ആശയഗതിയായി മാത്രമേ സംഘ് രാഷ്ട്രീയത്തിന് കാണാനാകൂ. ആർ എസ് എസ് മുന്നോട്ട് വെച്ച ദേശീയത ഹിന്ദുത്വ ദേശീയതയാണ്. അതിൽ മറ്റ് മതസ്ഥർക്ക് സ്ഥാനമില്ല. വംശശുദ്ധിയാണ് ദേശീയതയുടെ അടിസ്ഥാനം. ഹിന്ദുത്വത്തിന്റെ നിർവചനത്തിൽ ജാതിശ്രേണിയിലെ താഴേതട്ടിലുള്ള ഹിന്ദു ജനവിഭാഗങ്ങൾ പോലും വരുന്നില്ല. കമ്യൂണിസം അടക്കമുള്ള ‘വൈദേശിക ചിന്താധാര’ യിൽ ഉൾപ്പെടുന്നവരും ദേശീയതക്ക് പുറത്താണ്. വംശശുദ്ധിയിലധിഷ്ഠിതമായ പടയോട്ടങ്ങൾ നടത്തിയവരും ആ നിലക്ക് ഭരണം നടത്തിയവരും മാത്രമാണ് ആർ എസ് എസിന്റെ കണ്ണിൽ ദേശീയവാദികളായ രാജാക്കൻമാർ. മുസ്‌ലിം ഭരണാധികാരികൾ ഒന്നടങ്കം അവർക്ക് അധിനിവേശക്കാരാണ്. ബ്രിട്ടീഷ് അധികാരികൾക്ക് സേവ ചെയ്യാൻ തയ്യാറാകുമ്പോൾ പോലും ഹിന്ദുത്വവാദികൾ മിഷണറി പ്രവർത്തകരെ അംഗീകരിച്ചിട്ടില്ല. ഘർ വാപസി മുദ്രാവാക്യം യഥാർഥത്തിൽ ലക്ഷ്യം വെക്കുന്നത് ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളെയാണല്ലോ.
2008ൽ ഒഡിഷയിലെ കാന്ധമാലിൽ നടന്ന ക്രിസ്ത്യൻ വേട്ട ഒരു വിശ്വാസിക്കും മറക്കാനാകില്ല. ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ആ മേഖലയിൽ ഭീതിയുടെ അന്തരീക്ഷം അസ്തമിച്ചിട്ടില്ല. വന പ്രദേശങ്ങൾ നിറഞ്ഞ കാന്ധമാലിലെ ഗ്രാമങ്ങളിൽ സംഘ്ഭീകരർ അഴിഞ്ഞാടുകയായിരുന്നു. 600 ഗ്രാമങ്ങളിൽ നരനായാട്ട് നടത്തി. 5,600 വീടുകൾ കത്തിച്ചു. 54,000 പേർ പലായനം ചെയ്തു. 232 ചർച്ചുകൾ തകർത്തു. 39 പേരെ ചുട്ടുകൊന്നു. (നാഷനൽ പീപ്പിൾസ് ട്രൈബ്യൂണൽ- റിട്ടയേർഡ് ഡൽഹി ഹൈക്കോടതി ജഡ്ജ് എ പി ഷാ). ബി ജെ പി. എം എൽ എ മനോജ് കുമാർ പ്രധാനാണ് ഈ കൊടും ക്രൂരതകൾ ആസുത്രണം ചെയ്തത്. ഇയാൾക്കെതിരെ 14 കേസുകൾ ഉണ്ടായിരുന്നു. പ്രധാൻ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസിൽ. പക്ഷേ അയാൾ ജയിലിലിരുന്ന് പിന്നെയും ജയിച്ചു. ഒരു വർഷത്തിനകം പുറത്തിറങ്ങി. കാന്ധമാലിലെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. ക്രിസ്ത്യാനികൾക്ക് സുരക്ഷിത്വമില്ലാത്ത 50 രാജ്യങ്ങളുടെ പട്ടികയിൽ 11 ാം സ്ഥാനത്താണ് ‘ക്രിസ്ത്യൻ മിഷൻ’നരേന്ദ്ര മോദിയുടെ ഇന്ത്യയെ ഉൾപ്പെടുത്തിയതെന്നോർക്കണം. വിശ്വാസികൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. പച്ചക്ക് ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റുവർട്ട് സെറ്റെയിൻസിന്റെയും മക്കളായ ആറ് വയസ്സുകാരൻ തിമോത്തിയുടെയും പത്ത് വയസ്സുകാരൻ ഫിലിപ്പിന്റെയും നിലവിളി ഇന്നും ഉയരുന്നില്ലേ?. അടച്ചിട്ട മുറിയിൽ സഖ്യ ചർച്ച നടത്തുന്ന സഭാ നേതാക്കളുടെ ചെവിയിൽ ആ നിലവിളി മുഴങ്ങുന്നില്ലേ?
പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയപ്പോൾ ക്രിസ്ത്യൻ മത നേതൃത്വം ക്രൂരമായ നിസ്സംഗത പാലിച്ചു. പൗരത്വം കിട്ടുന്നവരുടെ പട്ടികയിൽ ക്രിസ്ത്യാനികൾ ഉണ്ടല്ലോ എന്നാകും അവർ നിനച്ചത്. പുറത്താകുന്നത് മുസ്‌ലിംകളാണല്ലോ എന്നും അവർ ആനന്ദം കൊണ്ടിട്ടുണ്ടാകാം. എന്നാൽ ഇന്ത്യൻ പൗരത്വത്തിന്റെ മാനദണ്ഡമായി മതം ഇതാദ്യമായി കടന്നു വരുമ്പോൾ അതിന്റെ തുടർച്ചകൾ എങ്ങോട്ടാണെന്ന് പ്രവചിക്കാനാകില്ലെന്ന് അവർ മനസ്സിലാക്കാത്തത് എന്താണ്? ഇത്തരം പൗരത്വ പരിഷ്‌കരണ നിയമങ്ങൾ കൊണ്ടു വന്നിടത്തെല്ലാം മാനദണ്ഡ മാറ്റങ്ങളുടെ പ്രളയം പിന്നീട് സംഭവിക്കുകയുണ്ടായി. ഹിന്ദുത്വയുടെ പ്രഖ്യാപിത ആഭ്യന്തര ശത്രുക്കളിൽ മുസ്‌ലിംകൾക്കും കമ്യൂണിസ്റ്റുകൾക്കുമൊപ്പം ക്രിസ്ത്യാനികൾ കൂടി ഉണ്ടെന്ന നിതാന്ത സത്യം തിരഞ്ഞെടുപ്പിന് മുമ്പിൽ നടക്കുന്ന ചർച്ചകളിലൂടെ മായ്ച്ച് കളയാനാകില്ലല്ലോ.
സംഘപരിവാറിന്റെ മറ്റൊരു അജണ്ടയാണ് ഏക സിവിൽകോഡ് നടപ്പാക്കുക എന്നത്. വ്യക്തിനിയമങ്ങളുടെ സൗകര്യത്തിൽ വിവാഹ മത ചടങ്ങുകൾ നിർവഹിക്കുന്നത് മുസ്‌ലിംകൾമാത്രമല്ല, ക്രിസ്ത്യാനികളുമാണ്. ഇത് നിരോധിക്കപ്പെടുന്നതോടെ കുഞ്ഞാടുകളെ വീണ്ടും ബലിക്കല്ലിലേക്ക് വലിച്ചിഴക്കുകയാണ് ഇടയന്മാരായ പുരോഹിതർ ചെയ്യുന്നത്. ഇത് കള്ള ഇടയന്മാരുടെ ലക്ഷണമാണ്. ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നവരാണ് നല്ല ഇടയന്മാരെന്നാണല്ലോ യേശു പറഞ്ഞത് (യോഹന്നാൻ 10:15).
ഇന്ത്യൻ ഭരണഘടനയെ നിരന്തരം ബന്ദിയാക്കുമ്പോൾ മതസ്വാതന്ത്ര്യം അപകടത്തിലാകുമെന്ന് എല്ലാ ന്യൂനപക്ഷ സമൂഹങ്ങളും ആഴത്തിൽ തിരിച്ചറിയേണ്ടതാണ്. നിയമത്തിന് മുന്നിലെ സമത്വം അവകാശമാക്കുന്ന ആർട്ടിക്കിൾ 14 പോകും. ആർട്ടിക്കിൾ 25 മുതൽ 30 വരെയുള്ള വകുപ്പുകൾ സസ്‌പെൻഡ് ചെയ്യപ്പെടും. പള്ളികളും ചർച്ചുകളും ഒരുമിച്ച് പൂട്ടേണ്ടി വരും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ ചിലർ ആഹ്ലാദിച്ചു കാണും. ഇത് നോർത്ത് ഈസ്റ്റിലേക്ക് നീട്ടിയാൽ ആ ആനന്ദം അവസാനിച്ചു കൊള്ളും. ബീഫ് നിരോധിക്കട്ടേ, പോർക്ക് കൂർക്കയിട്ട് വരട്ടാമല്ലോ എന്ന് സമാധാനിച്ചവർ വടക്ക് കിഴക്കൻ മേഖലയിലെ സഭാ പിതാക്കൻമാരോട് ഒന്ന് ചോദിച്ചാൽ സമാധാനം പോയിക്കിട്ടും.
അത്‌കൊണ്ട് ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടേണ്ട ഘട്ടമാണിത്. വിഭജന രാഷ്ട്രീയത്തിന് മറുപടി ഐക്യത്തിന്റെ രാഷ്ട്രീയമാണ്. അവിശ്വാസത്തിന്റെയും ഭീതിയുടെയും വിത്തു മുളപ്പിച്ച് ഒന്നും ആരും നേടാൻ പോകുന്നില്ല. കേരളത്തിൽ ബി ജെ പിയെ തടഞ്ഞു നിർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് കേരളത്തിന്റെ ഡീമോഗ്രഫിയാണ്- ജനസംഖ്യാ ഘടനയാണ്. മിക്ക മണ്ഡലങ്ങളിലും നിർണായക ശക്തിയായി ന്യൂനപക്ഷങ്ങളുണ്ട്. അതാണ് ബി ജെ പിയെ കുഴക്കുന്നത്. ഒപ്പം മതേതരവാദികളായ ഇതര മതസ്ഥരും. (നേമത്ത് ബി ജെ പിയുടെ ആത്മവിശ്വാസം അവിടെ 60 ശതമാനം ഭൂരിപക്ഷ, സവർണ വിഭാഗത്തിൽ പെട്ടവരാണ് എന്നതാണല്ലോ). ഇതു രണ്ടും തകർക്കാനുള്ള ബോംബാണ് ബി ജെ പിയുടെ കൈയിലുള്ളത്. ന്യൂനപക്ഷങ്ങളെ ശിഥിലമാക്കുക. മതേതര ചേരി ദുർബലമാക്കുക. ഈ ബോംബ് അരയിൽ കെട്ടിവെച്ച് ക്രൈസ്തവ നേതൃത്വം ആർക്കോ വേണ്ടി ചാവേറാകണോ?
മുസ്തഫ പി എറയ്ക്കൽ