ബിദ്അത്തിനെതിരെ സക്രിയരാവുക

കുമ്പോൽ മുദരിസായിരുന്ന സമയത്തല്ലേ ഉസ്താദിന്റെ വിവാഹം?

അതേ. 1964-ലായിരുന്നു മംഗലം. കുമ്പോലിലെ മുക്രിക്കയാണ്, കാഞ്ഞങ്ങാട് അബൂബക്കർ ഹാജി നിങ്ങളെ കാണാൻ വേണ്ടി കുമ്പള പള്ളിയിൽ വന്ന് കാത്തിരിക്കുന്നുണ്ട്, കൂട്ടിവരാനായി എന്നെ പറഞ്ഞയച്ചതാണ് എന്നറിയിച്ചത്. ഉടനെ റെയിൽ പാളത്തിലൂടെ നടന്ന് ഞാൻ കുമ്പളയിലെത്തി. സമസ്തയുടെ നേതൃനിരയിൽ ഏറെ പ്രസിദ്ധരാണ് കാഞ്ഞങ്ങാട് അബൂബക്കർ ഹാജി. കുറച്ചു കാലം ഞാൻ അദ്ദേഹത്തിന്റെ ദർസിൽ ഓതിയതുമാണ്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മൂപ്പര് പറഞ്ഞു: മരം വലുതായാൽ കൊമ്പ് പിടിച്ചാണ് കയറുക. നിന്റെ കുടുംബം വലിയ സമ്പന്നരും പ്രമാണിമാരുമായത് കൊണ്ടാണ് നിന്നോട് നേരിട്ട് പറയുന്നത്. എന്റെ മകൾ മറിയമിനെ നിനക്ക് വിവാഹം ചെയ്തു തരാൻ ഞാനാഗ്രഹിക്കുന്നു. ഇത് നീ ഉമ്മയോട് പറയണം. ഉമ്മ ബാപ്പയോടും ബാപ്പ വലിയ ജ്യേഷ്ഠൻ കുഞ്ഞിപ്പയോടും പറഞ്ഞുകൊള്ളും.
ഉസ്താദ് ഏൽപിച്ച പ്രകാരം ഞാൻ ചെയ്‌തെങ്കിലും ജ്യേഷ്ഠന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: അബൂബക്കർ ഹാജി വലിയ പണ്ഡിതനാണ്. അലിക്കുഞ്ഞി പാവവും. മൂപ്പരുടെ മകൾ നമുക്ക് യോജിക്കില്ല. അബൂബക്കർ ഹാജിയെ ഞങ്ങളെല്ലാം ബഹുമാനിച്ചിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആലോചന തൽകാലം അവിടെ അവസാനിച്ചു. അധികം താമസിയാതെ അബൂബക്കർ ഹാജി വഫാത്തായി. കുറച്ചു മാസം കഴിഞ്ഞുകാണും. അബൂബക്കർ ഹാജിയുടെ ഉറ്റ സുഹൃത്തായ തലശ്ശേരി മുത്തുത്തങ്ങൾ ഞങ്ങളുടെ വീട്ടിൽ വന്ന് പഴയ വിവാഹക്കാര്യം ഉപ്പയോടും ജ്യേഷ്ഠനോടും സംസാരിച്ചു. അപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: ഇനിയിത് നടക്കണം. പെണ്ണ് യത്തീമായിപ്പോയി.
ഞങ്ങളുടെ മഹല്ലായ ഒളയം ജുമുഅത്ത് പള്ളിയിൽ വെച്ചായിരുന്നു നികാഹ്. വധൂഗൃഹത്തിലേക്കുള്ള യാത്ര വൈകുന്നേരത്തെ എക്‌സ്പ്രസ്സ് ട്രെയിനിലായിരുന്നു. കുമ്പോൽ കെഎസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ അറുപത് പേർ കാഞ്ഞങ്ങാട് സ്റ്റേഷനിലിറങ്ങി നടന്നാണ് ഭാര്യവീട്ടിലെത്തുന്നത്. അവിടെയെത്തുമ്പോൾ ഇശാഅ് കഴിഞ്ഞിരുന്നു. ഖുതുബി തങ്ങളുടെ നേതൃത്വത്തിൽ ഹദ്ദാദ് നടക്കുകയാണ് അപ്പോൾ. ഹദ്ദാദിനിടയിൽ മഹാൻ മറ്റൊന്നും ശ്രദ്ധിക്കില്ല. അതിനിടെ രസകരമായൊരു സംഭവമുണ്ടായി. കൊയിലാണ്ടി സയ്യിദ് അലി ബാഫഖി തങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ദർസിൽ അൽപകാലം ഞങ്ങൾ സഹപാഠികളായിരുന്നു. ഞങ്ങളുടെ ശരീര പ്രകൃതം ഏതാണ്ട് ഒരുപോലെയാണ്. യാദൃച്ഛികമെന്നു പറയാം, ഇരുവരും ധരിച്ച കോട്ടും ഖമീസും തലപ്പാവുമെല്ലാം ഒരേപോലെ. ആരാണ് പുതിയാപ്പിള എന്ന് വധുവിന്റെ വീട്ടുകാർക്ക് മനസ്സിലായില്ല. ഹദ്ദാദ് കഴിഞ്ഞ ശേഷമാണ് വരനും സംഘവും എത്തിയത് ഖുതുബി തങ്ങൾ അറിയുന്നത്. മഹാനവർകൾ എന്നെ സ്വീകരിച്ചു കൊണ്ടുപോകുമ്പോഴാണ് ഞാനാണ് പുതിയാപ്പിളയെന്ന് അവർ മനസ്സിലാക്കുന്നത്. ഖുതുബി തങ്ങളുടെ മകനാണ് അബൂബക്കർ ഹാജിയുടെ മറ്റൊരു മകളെ കല്യാണം കഴിച്ചിരുന്നത്. ആ ബന്ധം കാരണമാണ് എല്ലാ കാര്യങ്ങൾക്കും മഹാൻ നേതൃത്വം നൽകിയത്. എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്വീകരണവും ആശീർവാദവും വലിയ അനുഗ്രഹമായി. എന്നെ അടുത്തിരുത്തിയാണ് അദ്ദേഹം ഭക്ഷണം കഴിപ്പിച്ചത്. വിവാഹാലോചനയുമായി വന്ന മുത്തു തങ്ങളും എല്ലാറ്റിനും നേതൃത്വം നൽകിക്കൊണ്ട് അവിടെയുണ്ടായിരുന്നു. അന്നത്തെ രീതിയനുസരിച്ച് മൂന്ന് ദിവസം വധൂഗൃഹത്തിൽ തങ്ങിയ ശേഷമാണ് എന്റെ വീട്ടിലേക്ക് മടങ്ങിയത്.
എന്റെ ഉപ്പ ഭംഗിയായി കോട്ട് ധരിക്കുന്നയാളായിരുന്നു. ഞാനും ഇടക്കൊക്കെ ധരിക്കുമായിരുന്നു. ഭാര്യാ വീട്ടിൽ പോകുമ്പോൾ ഞാൻ ശരിയായി ധരിച്ചില്ലെങ്കിൽ ഉപ്പ കോട്ട് ശരിപ്പെടുത്തിത്തരുന്നതും മറക്കാത്ത ഓർമയാണ്.

കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയെക്കുറിച്ചുള്ള ഓർമകൾ?

ഞങ്ങൾ കുടുംബബന്ധമാകുന്നതിനു മുമ്പ് തന്നെ മഹാനവർകൾ വഫാതായല്ലോ. കുറച്ചു കാലം മൂപ്പരുടെ കീഴിൽ ഓതിയ സമയത്തുള്ള അനുഭവവും ഉറ്റവർ പങ്കുവെച്ച കാര്യങ്ങളുമാണ് ഓർമയിൽ വരുന്നത്. സമസ്ത മുശാവറയിൽ വടക്കു ഭാഗത്തു നിന്നുള്ള പ്രധാനിയായിരുന്നു അദ്ദേഹം. വലിയ പാണ്ഡിത്യത്തിനുടമ എന്നതു പോലെ നല്ല അസറുള്ളയാളുമായിരുന്നു. പല അത്ഭുത സംഭവങ്ങളും അടുത്തറിഞ്ഞവർ അയവിറക്കാറുണ്ട്. എംഎ ഉസ്താദ് സമസ്തയുടെ ചരിത്രമെഴുതിയപ്പോൾ മഹാന്റെ സേവനങ്ങളെ പ്രകീർത്തിച്ചതു കാണാം.
കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞപ്പോൾ ഖുതുബിയവർകൾ മുത്തുത്തങ്ങളോട്, കല്യാണത്തിന് കടം വരുമോ എന്ന് ചോദിക്കുന്നതും ഇല്ലായെന്ന് അദ്ദേഹം മറുപടി പറയുന്നതും കേട്ടു. അപ്പോൾ ഖുത്തുബി ചോദിച്ചു: ഇതെല്ലാം നമ്മളാണ് നിയന്ത്രിച്ചതെന്ന് കരുതുന്നുണ്ടോ? നമ്മളല്ല; അബൂബക്കർ ഹാജി നേരിട്ട് നിയന്ത്രിച്ചതാണ്.

ഉസ്താദിന്റെ കുടുംബം?

ലാഹിഖായ ഇണയെയാണ് അബൂബക്കർ ഹാജിയുടെ മകൾ മറിയമ്മയിലൂടെ അല്ലാഹു എനിക്കു നൽകിയത്. ഞങ്ങളുടെ മക്കൾ അബ്ദുറഹ്‌മാൻ നിസാമി, അബൂബക്കർ, മുഹമ്മദ് ത്വയ്യിബ്, ഹാഫിള് അൻവർ അലി സഖാഫി, ആയിശ, സൈനബ, ഖദീജതുൽ കുബ്‌റാ, റാബിഅ എന്നിവരാണ്.

നിറഞ്ഞ യൗവന കാലത്തേ സമസ്ത മുശാവറയിലെത്തിയിട്ടുണ്ടല്ലോ ഉസ്താദ്. അതിനു മുമ്പുള്ള സംഘടനാ പ്രവർത്തനത്തെ കുറിച്ച്?

അമ്പതുകളിൽ നാട്ടിലും പരിസരത്തും ചെറിയ തോതിൽ ജമാഅത്തെ ഇസ്‌ലാമി തലപൊക്കിയിരുന്നു. അവിടത്തെ ഒരു മരുന്നു കച്ചവടക്കാരനിലൂടെയായിരുന്നു ആ ബിദ്അത്ത് പ്രചരിച്ചിരുന്നത്. മരുന്നിനൊപ്പം അയാൾ ജമാഅത്ത് പോരിശ കൂടി വിളമ്പുന്നതറിഞ്ഞപ്പോൾ മുതഅല്ലിമായിരുന്ന ഞാൻ ജുമുഅക്കു ശേഷം നാട്ടിലെ പള്ളിയിൽ വെച്ച് അതിനെതിരെ പ്രസംഗിച്ചു. അത്തരമൊരാളുടെ അടുത്ത് മരുന്നിന് പോകരുതെന്ന് പറഞ്ഞാണ് പ്രസംഗം നിറുത്തിയത്. ഇതോടെ നാട്ടിൽ രണ്ട് ചേരിയായി. അന്ന് കുമ്പോൽ മുദരിസായിരുന്ന അബൂബക്കർ ഹാജി വിവരമറിഞ്ഞ് ജ്യേഷ്ഠൻ കുഞ്ഞിപ്പ ഹാജിയെയും മറ്റും വിളിപ്പിച്ച് സംഭവം ചോദിച്ചറിഞ്ഞു. അലിക്കുഞ്ഞി ചെയ്തതാണ് ശരിയെന്നായിരുന്നു മഹാന്റെ വിധിതീർപ്പ്.
അതിനെ തുടർന്ന് ജ്യേഷ്ഠൻമാരെയും ഫഖ്‌റുദ്ദീൻ ഹാജിയെപ്പോലുള്ള പ്രമുഖരെയും വിളിച്ചുകൂട്ടി സ്വാഗത സംഘം രൂപീകരിക്കുകയും വലിയൊരു സമ്മേളനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. 1956-ലാണത്. അങ്ങനെയൊരു പരിപാടി പ്രദേശത്ത് ആദ്യമായിരുന്നു. എനിക്കന്ന് ഇരുപതിൽ താഴെയാണ് പ്രായം. അനൗൺസ്‌മെന്റ് ചുമതല എനിക്കും അനുജൻ അബൂബക്കറിനുമായിരുന്നു. കാസർകോട് നിന്ന് കാറ് വിളിച്ചു കൊണ്ടുവന്ന് അതിൽ മൈക്ക് കെട്ടി നാടിന്റെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് നടത്തി. വിട്‌ള, പുത്തൂർ വരെ ആ വാഹനമെത്തി.
ആയിരങ്ങൾ ഒത്തുകൂടിയ വലിയ സമ്മേളനമായി അതു മാറി. ജനറേറ്റർ അന്ന് ഇവിടെ അത്ര പ്രചാരമില്ല. അതിനാൽ ജ്യേഷ്ഠന്റെ സഹായത്തോടെ ബോംബെയിൽ നിന്നാണ് ജനറേറ്റർ വരുത്തിച്ചത്. ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ആ സുന്നി മഹാസമ്മേളനത്തിൽ കോട്ടുമല ഉസ്താദ്, വാണിയമ്പലം ഉസ്താദ്, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, മുത്തുത്തങ്ങൾ തലശ്ശേരി, മഞ്ഞനാടി ഉസ്താദ് തുടങ്ങി ധാരാളം പണ്ഡിതർ പ്രസംഗിച്ചു. അന്ന് മഞ്ഞനാടി ഉസ്താദിന്റെ പ്രസംഗത്തിലെ ഒരു നർമം ഇപ്പോഴും ഓർമയുണ്ട്: ഞാൻ വലിയ പണ്ഡിതനോ പ്രസംഗകനോ അല്ല. പക്ഷേ അസ്ഹാബുൽ കഹ്ഫിന്റെ ഖിത്മീറിനെപ്പോലെ വലിയ ഏഴ് പണ്ഡിതർക്കൊപ്പം നടക്കുന്ന എട്ടാമനാണ് ഞാൻ.
ജമാഅത്തെ ഇസ്‌ലാമിയുമായി തർക്കുൽ മുവാലാത്ത് പ്രമേയം ആ യോഗത്തിൽ പാസ്സാക്കപ്പെട്ടു. അറബി മലയാളത്തിലുള്ള അതിന്റെ കോപ്പി ഇപ്പോഴും എന്റെ കയ്യിലുണ്ട്. സമ്മേളനം ഭംഗിയായി സമാപിച്ചു. നാട്ടിൽ ജമാഅത്ത് ശല്യം അതോടെ തീർന്നു. സ്വാഗതം സംഘം പിരിച്ചു വിടാൻ അബൂബക്കർ ഹാജിയും വന്നിരുന്നു. നല്ലൊരു തുക മിച്ചമുണ്ടായി. സമ്മേളനത്തിന് ഓടി നടന്ന അലിക്കുഞ്ഞിക്ക് എന്തെങ്കിലും കൊടുക്കണമെന്ന് ഫഖ്‌റുദ്ദീൻ ഹാജി ഉസ്താദിന്റെ ചെവിയിൽ പറഞ്ഞപ്പോൾ മഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: വേണ്ട, അവനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പടച്ചവൻ അവനെ നല്ലൊരു പണ്ഡിതനാക്കട്ടെ.

ഖാദിയാനികൾ ഉസ്താദിന്റെ കോലം കത്തിച്ചതായി കേട്ടിട്ടുണ്ട്?

അത് ഞാൻ മുദരിസായ സമയത്താണ്. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ ഖാദിയാനിയുടെ മകളെ കല്യാണം കഴിച്ചു. അത് നാട്ടിൽ വലിയ ചർച്ചയായി. എന്റെ ഉസ്താദ് കൂടിയായ ഒളയം ഖത്തീബ് എന്നോട് ഖാദിയാനിസത്തിനെതിരെ ജുമുഅക്കു ശേഷം പ്രസംഗിക്കാൻ നിർദേശിച്ചു. ഖാദിയാനിസം കുഫ്‌രിയ്യത്താണെന്ന് സമർത്ഥിച്ച് പ്രസംഗിച്ചു. പതിവു പോലെ പിറ്റേന്ന് ശനിയാഴ്ച കാടങ്കോട് ദർസിലേക്ക് മടങ്ങി. വ്യാഴാഴ്ച പകലാണ് ഞാൻ നാട്ടിൽ വരാറുള്ളത്. പിറ്റേ ആഴ്ച ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ യതീംഖാനയുടെ പിരിവിനായി വന്നതിനാൽ മഹാനോടൊപ്പം ചിലയിടങ്ങളിൽ പോകേണ്ടിവന്നു. അതു കാരണം രാത്രി വൈകി വീട്ടിലെത്തിയപ്പോൾ മുറ്റത്ത് വലിയൊരു ആൾക്കൂട്ടം. വെള്ളിയാഴ്ചത്തെ പ്രസംഗത്തിൽ പ്രകോപിതരായി ഖാദിയാനികൾ എന്റെ കോലം കത്തിച്ചത് അറിയുന്നത് തന്നെ അപ്പോഴാണ്. ഈ സംഭവം അറിഞ്ഞ് അപമാന ഭാരത്താൽ ഞാൻ നാടുവിട്ടത് കൊണ്ടാണ് സാധാരണ വീട്ടിലെത്തുന്ന സമയമായിട്ടും വരാത്തതെന്ന് കരുതി ഉമ്മ കരയുകയായിരുന്നു അപ്പോൾ. ഈ ബഹളത്തിലേക്കാണ് ഇതൊന്നുമറിയാതെ ഞാൻ ചെല്ലുന്നത്. അവരോട് പറഞ്ഞു: സാധാരണ നെഹ്‌റുവിനെപ്പോലുള്ള വലിയ ആളുകളുടെ കോലമാണല്ലോ എതിരാളികൾ കത്തിക്കാറുള്ളത്. ഇപ്പോൾ ഞാനും അത്ര മോശമല്ല അല്ലേ! തമാശ നാട്ടുകാരും ആസ്വദിച്ചു. ഏതായാലും കോലം കത്തിച്ച ഖാദിയാനിസം നാട്ടിൽ ക്രമേണ ക്ഷയിച്ചുപോയി.

ബിദ്അത്തുകാർക്കെതിരായ ഈ കാർക്കശ്യം ചെറുപ്പത്തിലേ എങ്ങനെയാണ് കൈവന്നത്?

ഉസ്താദുമാരിൽ നിന്നു ലഭിച്ച ആദർശബോധം തന്നെയാണ് പ്രധാന കാരണം. നാട്ടിൽ തലപൊക്കിയ ബിദ്അത്തിനെതിരെയുള്ള പ്രവർത്തനങ്ങളും സംഘടനാ നിലപാടുകളും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. എന്നെ പഠിപ്പിച്ച ഉസ്താദുമാരെല്ലാം ആദർശ രംഗത്ത് തിളങ്ങിയിരുന്ന മഹാന്മാരാണ്. കോട്ടുമല ഉസ്താദിന്റെ ദർസിൽ പഠിക്കുന്ന സമയത്ത് പള്ളിക്കു സമീപം വന്ന് ജമാഅത്തെ ഇസ്‌ലാമിക്കാരൻ ഉസ്താദിനെ വ്യക്തിപരമായി ചീത്ത പറഞ്ഞു. ശിഷ്യന്മാരായ ഞങ്ങൾക്കത് സഹിച്ചില്ല. ഞങ്ങൾ അയാളെ പിടികൂടി പള്ളിയിൽ കൊണ്ടുവന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി അയാളെ കൊണ്ടുപോയി. ശിഷ്യന്മാർക്കും അഹ്‌ലുസ്സുന്നത്തിന്റെ ആദർശം പകർന്നു കൊടുക്കണം. എന്റെ ദർസിൽ കുട്ടികൾക്ക് സമസ്തയുടെ പഴയകാല ആലിമീങ്ങളുടെ ചരിത്രവും അവരുടെ ആദർശ ധീരതയും പറഞ്ഞുകൊടുക്കാറുണ്ട്. അത് വലിയ ഫലം ചെയ്യും. ബിദ്അത്ത് തലപൊക്കുമ്പോൾ പണ്ഡിതർ മൗനം പാലിക്കരുത്. പ്രബോധനം പക്ഷേ പ്രകോപനമാകാതെ നോക്കണം. എന്നാലേ ഫലമുണ്ടാകൂ. അല്ലെങ്കിൽ തെറ്റിദ്ധാരണയാണ് ഉണ്ടാവുക.
എന്റെ ശിഷ്യൻ ജോലി ചെയ്യുന്ന മഹല്ലിൽ തറപ്രസംഗം നടത്താൻ കമ്മിറ്റിക്കാർ നിർബന്ധിക്കുന്നതായി അദ്ദേഹം അറിയിച്ചപ്പോൾ ഒരു വെള്ളിയാഴ്ച ഞാനവിടെ ജുമുഅക്ക് പോയി. നിസ്‌കാര ശേഷമുള്ള പ്രസംഗം എന്റെ ഉസ്താദുമാരുടെ ചരിത്രം അയവിറക്കി കൊണ്ടാണ് നടത്തിയത്. അവസാനം, ഇവരാരും ഇതുവരെ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല. അതുപോലെ ജുമുഅക്ക് മുമ്പൊരു മലയാള പ്രസംഗവും ചെയ്തിട്ടില്ല. അതെല്ലാം തെറ്റായത് കൊണ്ടാണ് അവർ ചെയ്യാതിരുന്നതെന്ന് പറഞ്ഞപ്പോൾ നാട്ടുകാർക്ക് ഹഖ് ബോധ്യപ്പെട്ടു.

ഉസ്താദിന്റെ ചെറുപ്പത്തിൽ ആദർശ പഠന വേദികൾ സജീവമായിരുന്നോ?

ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം സമസ്ത നടത്തുന്ന സമ്മേളനങ്ങളും പരമ്പര വഅളുകളുമായിരുന്നു ആദർശ പഠനത്തിനുള്ള അന്നത്തെ മുഖ്യമായ വേദികൾ. സുന്നി വിരുദ്ധരുടെ ചതിക്കുഴികളെ തൊട്ട് ആളുകളെ ഉണർത്താനുള്ള ക്യാമ്പുകളും നടന്നിരുന്നു. തളങ്കര തെരുവത്ത് 15 ദിവസം നീണ്ടുനിന്ന പണ്ഡിത ക്യാമ്പ് എടുത്തു പറയേണ്ടതാണ്. സുന്നത്ത് ജമാഅത്ത് മാത്രം ചർച്ചയാക്കി അത്ര ദീർഘമായി നടത്തിയ മറ്റൊരു ക്യാമ്പ് എന്റെ ഓർമയിലില്ല. എൺപത് പണ്ഡിതർ അവിടെ താമസിച്ച് പരസ്പരം ചർച്ച ചെയ്തുള്ള ക്യാമ്പിൽ ഇകെ ഹസൻ മുസ്‌ലിയാർ, എപി ഉസ്താദ് എന്നിവരാണ് കാര്യമായി ക്ലാസെടുത്തിരുന്നത്. സുന്നികളും ബിദ്അത്തുകാരും തമ്മിൽ തർക്കമുള്ള എല്ലാ വിഷയങ്ങളും കോർത്തിണക്കിയ ക്ലാസുകൾ മുദരിസുമാരും ഖത്തീബുമാരുമായ ഞങ്ങളെല്ലാം നോട്ട് ചെയ്തിരുന്നു. ജീവിതത്തിലുടനീളം അത് വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. പഴയ ദർസ് പഠനകാലം തിരിച്ചുകിട്ടിയ പ്രതീതിയാണ് ആ ക്യാമ്പ് സമ്മാനിച്ചത്. ചിത്താരി ഹംസ മുസ്‌ലിയാർ, ത്വാഹിർ തങ്ങളെല്ലാം ക്യാമ്പിലെ പ്രതിനിധികളായിരുന്നു. ഇത്തരം ക്യാമ്പുകൾ യുവപണ്ഡിതർക്ക് എല്ലാ കാലത്തും ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം.

ഉസ്താദിന്റെ ഹജ്ജ് അനുഭവങ്ങൾ?

നമ്മുടെ സംസാരത്തിന്റെ തുടക്കത്തിൽ കുറച്ചു കാര്യങ്ങൾ സൂചിപ്പിച്ചിരുന്നല്ലോ. 1961-ൽ പരപ്പനങ്ങാടിയിൽ ഓതുന്ന സമയത്താണ് ആദ്യ അവസരം ലഭിച്ചത്. 100 രൂപ അടച്ചാൽ അന്ന് ഹജ്ജിന് അവസം കിട്ടും. 550 രൂപയാണ് കപ്പൽ ചാർജ്. മറ്റു ചെലവുകൾക്കായി 1750 രൂപയും വേണം. ഉപ്പയും ഉമ്മയും അടുത്ത ബന്ധുക്കളുമടക്കം 12 പേരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. മുതഅല്ലിമാണെങ്കിലും എന്റെ യാത്രക്കുള്ള പണം ഞാൻ കരുതിയിരുന്നു. ദുൽഖഅ്ദിൽ ബോംബെയിൽ നിന്ന് ജിദ്ദയിലേക്ക് കപ്പൽ കയറി. ഇസ്‌ലാമി എന്നായിരുന്നു കപ്പലിന്റെ പേര്. മുന്നൂറ് പേരുണ്ടായിരുന്നു അതിൽ. ഇമാമത്ത് നിൽക്കാനും ഉപദേശം നൽകാനും കപ്പലിൽ അവസരം ലഭിച്ചു. വഅള് പറയാനായി കപ്പലിലെ മൈക്ക് തന്നു. ക്ലാസും ദുആയുമായി ഏഴ് ദിവസത്തെ കടൽയാത്ര ശരിക്കാസ്വദിച്ചു.
മക്കയിലെത്തി ഹജ്ജിനായി തയ്യാറെടുത്ത് കുറെ നാൾ തങ്ങണം. താമസ സ്ഥലത്തെ പണികൾ ഓരോരുത്തരും പങ്കിട്ടെടുക്കും. പാചകവും മറ്റും കൂടെയുള്ളവർ ഏറ്റെടുത്തപ്പോൾ പാത്രം ഞാൻ കഴുകാമെന്ന് പറഞ്ഞു. മുതഅല്ലിമായത് കൊണ്ടാവണം ആരും അതു ചെയ്യാൻ എന്നെ സമ്മതിച്ചില്ല. ഡ്യൂട്ടി എനിക്കാണെങ്കിലും സമയമാകുമ്പോൾ അതവർ തന്നെ പങ്കിട്ടു ചെയ്യും. ഏതായാലും മൂന്ന് മാസം കഴിഞ്ഞ് മടങ്ങുന്നത് വരെ ഞങ്ങളെല്ലാം നല്ല യോജിപ്പിലായിരുന്നു. കൂടെ യാത്ര ചെയ്ത മറ്റു സംഘങ്ങൾ പലരും ഇതിൽ അത്ഭുതം കൂറി സംസാരിക്കുന്നത് കേൾക്കാമായിരുന്നു. യാത്രയിലാണ് ഒപ്പമുള്ളവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാനാവുക എന്നു പറയാറുണ്ട്. യാത്ര തീരും മുമ്പ് പലരും തെറ്റിപ്പിരിയുന്നതാണ് അനുഭവം.
സംസം കിണറിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കാനും ഹജറുൽ അസ്‌വദ് മതിവരുവോളം മുത്താനുമൊക്കെ അന്ന് നല്ല സൗകര്യം ലഭിക്കുമായിരുന്നു. ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും അന്ന് ആയിട്ടില്ല. തിരക്കും കുറവ്. അറഫ തണൽ മരം പോലുമില്ലാത്ത മരുഭൂമി തന്നെയായിരുന്നു.

ഈ യാത്രയിലല്ലേ ഉസ്താദ് കഅ്ബാലയത്തിന്റെ അകത്തു കയറിയത്. അതെങ്ങനെ സാധിച്ചു?

നിനച്ചിരിക്കാതെയാണ് ആ ഭാഗ്യമുണ്ടായത്. ഒരു ളുഹാ നേരത്താണത്. നിസ്‌കാരം കഴിഞ്ഞിരിക്കുകയായിരുന്നു ഞാൻ. വലിയ തിരക്കില്ലാത്ത സമയം. പെട്ടെന്നാണ് അബ്ദുൽ അസീസ് രാജാവും ചുരുക്കം ചില ആളുകളും കടന്നുവരുന്നത് കണ്ടത്. ആളുകളെ പോലീസ് ഒതുക്കി നിറുത്തിയപ്പോൾ അറിയാതെ ഞാൻ കഅ്ബയുടെ അടുത്തെത്തിപ്പെട്ടു. വാതിലിനടുത്ത് ഗോവണി കൊണ്ടുവെക്കുന്നതും രാജാവും പരിവാരങ്ങളും കഅ്ബയുടെ അകത്തേക്ക് കയറുന്നതും കണ്ടു. ആ ഒഴുക്കിൽ ഞാനും അകത്തു കയറി.
ഉള്ളിലെത്തിയപ്പോഴുള്ള അവസ്ഥ വിവരിക്കാൻ ഇപ്പോഴും പറ്റുന്നില്ല. തൊണ്ട വരണ്ടു, നാവ് കുഴഞ്ഞു. ഒരക്ഷരം പോലും ഉരിയാടാനാവാതെ അങ്ങനെ നിന്നു കരഞ്ഞു. എല്ലാം ചോദിച്ച് ദുആ ഇരക്കണമെന്നുണ്ട്. പക്ഷേ വാക്കുകൾ പുറത്തുവരുന്നില്ല. പൊട്ടിക്കരയാനല്ലാതെ മറ്റൊന്നിനും സാധിക്കുന്നില്ല. ഇതിനിടയിൽ നടപടികൾ പൂർത്തിയാക്കി രാജാവും സംഘവും പുറത്തിറങ്ങി. അവരിറങ്ങിയതോടെ ഏണി അവിടെ നിന്നും മാറ്റി. ഞാനാണെങ്കിൽ അകത്തും. മറ്റൊന്നും ആലോചിച്ചില്ല. താഴെയുള്ള പോലീസുകാരന്റെ ചുമലിൽ തട്ടി താഴോട്ട് ചാടി. അയാൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും ഞാൻ ക്ഷമാപണം നടത്തിയപ്പോൾ ചിരിച്ചു.

അന്നത്തെ മദീനയെ കുറിച്ച്?

ഞങ്ങൾ ഹജ്ജിനു മുമ്പാണ് മദീന യാത്ര നടത്തിയത്. തിരുസവിധത്തിലേക്ക് ആദ്യമായി കടന്നുചെല്ലുമ്പോഴുണ്ടാകുന്ന അനുഭവം വർണിക്കാൻ പറ്റില്ല. ഹുജ്‌റതുശ്ശരീഫയുടെ മനോഹാരിതയും ബുർദയുടെ വരികൾ അവിടെ കൊത്തിവെച്ചതുമെല്ലാം മുമ്പ് കേട്ടിരുന്നുവെങ്കിലും അവിടെയെത്തിയപ്പോൾ വല്ലാത്തൊരു പേടി. അതിനാൽ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. പാപികളെ മുത്ത് മുസ്ഥഫാ തങ്ങൾ പരിഗണിക്കില്ലേയെന്ന ബേജാറോടെ ദൂരെ മാറി നിന്ന് മെല്ലെ സലാം പറഞ്ഞ് കരയാനേ പറ്റിയുള്ളൂ. സ്വപ്നത്തിൽ മുത്ത് നബിയെ കണ്ടപ്പോഴും ഇതു പോലൊരവസ്ഥയിലായിരുന്നു. അവിടുത്തെ തിളങ്ങുന്ന പൂമുഖത്തേക്ക് വല്ലാതെ നോക്കാനാവാതെ തിരുപാദത്തിലേക്ക് മാത്രം നോക്കിനിന്നു കരയുകയായിരുന്നു.
ഇമാം ഗസ്സാലി(റ)യുടെ വരികൾ പ്രസിദ്ധമാണല്ലോ. അത്തഹിയ്യാത്തിൽ അസ്സലാമു അലൈക എന്നു പറയുമ്പോൾ നബി(സ്വ)യെ കണ്ടവർ തിരുമേനിയെ ഓർക്കണം, കാണാത്തവർ റൗള കണ്ടിട്ടുണ്ടെങ്കിൽ അത് മനസ്സിൽ കൊണ്ടുവരണം, അതുമില്ലാത്തവർ മദീനയെന്ന നാടിനെയെങ്കിലും മനസ്സിൽ സങ്കൽപ്പിക്കണം. തിരുനബി(സ്വ)യെക്കുറിച്ച് കിതാബിൽ നാം പഠിക്കുന്നുണ്ടല്ലോ. സ്വപ്നത്തിൽ കാണുമ്പോൾ കിതാബിലെ എല്ലാ വർണനകളും അതേ പോലെ ദർശിക്കാനാകും. പിന്നെയാ മുഖം മനസ്സിൽ നിന്നു മാഞ്ഞുപോകില്ല. പല തവണ അവിടത്തെ സന്ദർശിക്കാനും സ്വപ്നത്തിലും നേരിട്ടും കാണാനും നമുക്കെല്ലാം ഭാഗ്യമുണ്ടാകട്ടെ. സ്വർഗത്തിൽ തിരുമുഖം കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യത്തിനായി നാം തേടുക.
ഹജ്ജ് പൂർത്തിയാക്കി മടങ്ങുമ്പോൾ കപ്പൽ ഇടക്ക് കാറ്റിലും കോളിലും ആടിയുലഞ്ഞപ്പോൾ യാത്രക്കാരെല്ലാം ഭയപ്പെട്ടു. ഉപ്പ നേരത്തെ കപ്പലിൽ ജോലി ചെയ്തയാളായതിനാൽ ഞങ്ങളെ സമാധാനിപ്പിച്ചു. വൈകാതെ കടൽ ശാന്തമായി. സുരക്ഷിതരായി ബോംബെയിൽ എത്തിച്ചേർന്നു. ആ ഹജ്ജ് യാത്രക്കു മൊത്തം മൂന്നു മാസമാണെടുത്തത്.
പിന്നീടുള്ള ഹജ്ജ് യാത്രയിൽ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. അതിനു ശേഷമുള്ളതിൽ സംഘടനാ നേതൃത്വമായിരുന്നു കൂടെ. ഇതെല്ലാം വലിയ ഭാഗ്യമായി കാണുന്നു. കുടുംബക്കാരായാലും ആദർശ ബന്ധുക്കളായാലും നമ്മുടെ ഉറ്റവരോടൊത്തുള്ള യാത്രകൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണല്ലോ.
(തുടരും)

പിബി ബശീർ പുളിക്കൂർ

Exit mobile version