മാനുഷിക മൂല്യങ്ങൾക്കും സ്‌നേഹ സൗഹാർങ്ങൾക്കും വലിയ സ്ഥാനം കൽപ്പിച്ച മതമാണ് ഇസ്‌ലാം. വ്യക്തിതലം മുതൽ സാമൂഹികതലം വരെ സ്‌നേഹബന്ധങ്ങളുടെ മഹത്ത്വങ്ങളും അനിവാര്യതയും ഖുർആനും സുന്നത്തും മുൻഗാമികളുടെ ചരിത്രവും സുവ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്.
പൊതുവായ മാനുഷിക പരിഗണനകൾ അമുസ്‌ലിമിനും വകവെച്ച് നൽകണമെന്ന് നിർദേശിക്കുന്നു പരിശുദ്ധ മതം. എന്നാൽ സത്യസരണിയുടെ വേരറുക്കാനും മുസ്‌ലിംകൾക്കിടയിൽ അനൈക്യം സൃഷ്ടിക്കാനും ഇസ്‌ലാമിക സമൂഹത്തിന്റെ സംശുദ്ധമായ പാരമ്പര്യത്തിനു നേരെ കൊഞ്ഞനം കുത്താനും ധിക്കാരം കാണിച്ച നവീനവാദികളെയും പുത്തനാശയക്കാരെയും ബഹിഷ്‌കരിക്കണമെന്ന ശക്തമായ നിലപാടാണ് ദീനുൽ ഇസ്‌ലാമിന്റേത്.
വിശ്വാസികൾ അന്യോന്യം നിർവഹിക്കേണ്ട ബാധ്യതകളായി തിരുനബി(സ്വ) എണ്ണിയ സലാം ചൊല്ലൽ, രോഗീസന്ദർശനം, ജനാസാനുഗമനം, ക്ഷണ സ്വീകരണം തുടങ്ങി സ്‌നേഹത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന കർമങ്ങളെയൊന്നും ബിദ്അത്ത്കാരുമായി പങ്കുവെക്കരുതെന്നും അവരുമായുള്ള സർവ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും മതത്തിന് കാർക്കശ്യമുണ്ട്. പ്രമാണങ്ങൾ അത് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭയാനകമാണ് ബിദ്അത്ത്
‘ചില മുഖങ്ങൾ വെളുക്കുകയും ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ദിനം. മുഖം കറുത്തവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങൾ അവിശ്വസിച്ചുവോ, അതു കാരണത്താൽ നിങ്ങൾ ശിക്ഷ അനുഭവിച്ചുകൊള്ളുക’ (ആലുഇംറാൻ 106) എന്ന ഖുർആൻ സൂക്തത്തെ വ്യാഖ്യാനിച്ച് അബ്ബാസ്(റ) പറഞ്ഞു: അഹ്‌ലുസ്സുന്നയുടെ മുഖം പ്രകാശിക്കും. പുത്തനാശയക്കാരുടെ മുഖം കറുക്കും (താഫ്‌സീറുൽ ബഗവി).
ബിദഇകൾ ഇബ്‌ലീസിനോട് കൂടെ നരകത്തിലായിരിക്കുമെന്നും അവിശ്വാസികളെ പോലെ അവരും ശിക്ഷിക്കപ്പെടുമെന്നും ഇമാം റാസി(റ) അഅ്‌റാഫ് സൂറയുടെ പതിനെട്ടാം സൂക്തം വിശദീകരിച്ച് കുറിക്കുന്നു. അബൂ ഉമാമ(റ)വിൽ നിന്ന് അബൂഹാതിം(റ) ഉദ്ധരിക്കുന്ന വചനത്തിൽ പുത്തൻവാദികൾ നരകത്തിലെ ശ്വാനരാണെന്നു കാണാം. ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ: ‘ബിദ്അത്തുകാരന്റെ നിസ്‌കാരം, നോമ്പ്, ഹജ്ജ്, ഉംറ, ധർമസമരം തുടങ്ങി ഫർളും സുന്നത്തുമായ ഒരു കർമവും അല്ലാഹു സ്വീകരിക്കുകയില്ല.’
ശിഥിലീകരണ ചിന്താഗതിക്കാർക്കെതിരെ ഖുർആനിലും തിരുസുന്നത്തിലും പണ്ഡിത വചനങ്ങളിലുമുള്ള കാർക്കശ്യ നിലപാടുകളിൽ ചിലത് വായിക്കാം:
ഖുർആനിക നിർദേശം
‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അല്ലാഹുവിനോടും അവന്റെ പ്രവാചകരോടും ശത്രുതവെക്കുന്നവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നവരായി അങ്ങ് എത്തിക്കുകയില്ല’ എന്ന സൂറതുൽ മുജാദലയിലെ 22-ാം വചനം ഇസ്മാഈൽ ഹിഖ്ഖീ(റ) വിശദീകരിക്കുന്നു: അല്ലാഹുവിനോടും അവന്റെ പ്രവാചകരോടും ശത്രുത പുലർത്തുന്നവർ എന്നതു കൊണ്ടുള്ള വിവക്ഷ മുനാഫിഖുകളും യഹൂദികളും ഫാസിഖീങ്ങളും പുത്തൻവാദികളുമാണ് (റൂഹുൽ ബയാൻ).
പുത്തനാശയക്കാർ ആരു തന്നെയായാലും അവരുമായി സ്‌നേഹബന്ധം പാടില്ലെന്ന് പ്രസ്തുത സൂക്തം തെര്യപ്പെടുത്തുന്നു. ഈ ആയത്തിന്റെ വെളിച്ചത്തിലാണ് ഇമാം മാലിക്(റ) അക്കാലത്തെ നവീനവാദികളായ ഖദ്‌രിയ്യത്തിനെ ശത്രുക്കളായി കാണണമെന്നും അവരുമായി സമ്പർക്കം പുലർത്തരുതെന്നും പ്രഖ്യാപിച്ചത് (റൂഹുൽ ബയാൻ).
മറ്റൊരു സൂക്തം കാണാം: നബിയേ, അങ്ങേക്ക് വിവരം ലഭിച്ചതിന് ശേഷം അവരുടെ ദേഹേച്ഛകളെ അങ്ങ് അനുകരിച്ചാൽ അങ്ങേക്ക് ഒരു സഹായിയും കൈകാര്യക്കാരനുമില്ല (അൽബഖറ 120).
പുത്തൻവാദികളുടെയും ദേഹേച്ഛക്കാരുടെയും വാക്ക്, പ്രവൃത്തികളിൽ അവരെ അനുകരിക്കലും അവരോട് സഹവാസം പുലർത്തലും മോശമാണെന്ന് ഈ സൂക്തത്തിൽ ലക്ഷ്യമുണ്ട്. സലഫുസ്വാലിഹുകളുടെ ചര്യ അത്തരക്കാരെ ബഹിഷ്‌കരിക്കലും അവരോട് ബന്ധം വിച്ഛേദിക്കലുമാണ് (റൂഹുൽ ബയാൻ 1/223).
ത്വീബി പറയുന്നു: മുബ്തദിഇനോട് സലാം പറയരുത്. സലാം പറഞ്ഞതിന് ശേഷം മുബ്തദിഅ് ആണെന്ന് ബോധ്യപ്പെട്ടാൽ അവനെ നിസ്സാരപ്പെടുത്താൻ വേണ്ടി എന്റെ സലാമിനെ ഞാൻ മടക്കിയെടുത്തു എന്നു പറയേണ്ടതാണ് (റൂഹുൽ ബയാൻ 2/253).
പുത്തൻവാദത്തിന്റെയും ദേഹേച്ഛാ വാദത്തിന്റെയും അപകടം വളരെ ഗൗരവമാണ്. ദോഷിയാണെങ്കിൽ ദോഷത്തിന്റെ ചീത്ത വശം മനസ്സിലാക്കി അവൻ മാപ്പ് ചോദിക്കും. പുത്തൻവാദിയും ദേഹേച്ഛാവാദിയും അങ്ങനെയല്ല (റൂഹുൽ ബയാൻ 4/192).
ഹദീസ് ഭാഷ്യം
ഖാളി ഇയാള്(റ) തന്റെ സുപ്രസിദ്ധ രചനയായ അശ്ശിഫയിൽ നിവേദനം ചെയ്യുന്നു: ‘എന്റെ അനുചരന്മാരെ നിങ്ങൾ ചീത്ത പറയരുത്. എന്റെ സ്വഹാബത്തിനെ അസഭ്യം പറയുന്ന ഒരു വിഭാഗം അവസാന കാലത്തു വരും. അവർക്ക് നിങ്ങൾ മയ്യിത്ത് നിസ്‌കരിക്കുകയോ കൂടെ ജമാഅത്തായി നിസ്‌കരിക്കുകയോ വിവാഹബന്ധം നടത്തുകയോ കൂടെ ഇരിക്കുകയോ ചെയ്യരുത്. അവർ രോഗികളായാൽ സന്ദർശിക്കുകയുമരുത്.’
മാതൃകാ യോഗ്യരായ സ്വഹാബത്തിനെ ചീത്തപറയലും പരിഹസിക്കലും തൊഴിലാക്കിയവരാണല്ലോ മുബ്തദിഉകൾ. ആധുനികരും പൗരാണികരും ഈ വിഷയത്തിൽ വ്യത്യസ്തരല്ല. അതിനാൽ അവരോടുള്ള സമീപനത്തിൽ ഓരോ വിശ്വാസിയും ജാഗ്രതയുള്ളവരാവണമെന്നാണ് ഹദീസ് ഓർമപ്പെടുത്തുന്നത്.
നബി(സ്വ) പറഞ്ഞു: ‘നിങ്ങളും നിങ്ങളുടെ പൂർവ പിതാക്കളും കേൾക്കാത്ത വാദങ്ങളുന്നയിക്കുന്ന ഒരു വിഭാഗം അന്ത്യനാളിൽ പ്രത്യക്ഷപ്പെടും. അവരെ നിങ്ങൾ സൂക്ഷിക്കുക.’
ഈ ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാകുമെന്നും പുത്തൻ ചിന്തകളും വാദങ്ങളും പ്രത്യക്ഷപ്പെടുമെന്നും പ്രവാചകരുടെയും അനുചരരുടെയും ചര്യ അനുഗമിക്കുന്നവർക്കാണ് രക്ഷയെന്നും റസൂലുല്ലാഹി(സ്വ) ഉണർത്തിയിട്ടുണ്ട്. പുത്തൻവാദങ്ങളും ചിന്തകളും കൈകാര്യം ചെയ്യുന്നവനോടും സുന്നത്തുകളെ നിസ്സാരമായി കാണുന്നവനോടും ബന്ധവിച്ഛേദം പുലർത്തൽ മുസ്‌ലിമിന് നിർബന്ധമാണ്. അത്തരക്കാരെ അവൻ ജീവിതകാലത്തും മരണശേഷവും ഉപേക്ഷിക്കണം. അവൻ സത്യത്തിലേക്ക് മടങ്ങും വരെ അവനോട് സലാം പറയുകയോ അവൻ സലാം പറഞ്ഞാൽ മടക്കുകയോ ചെയ്യരുത് (ശറഹുസ്സുന്ന).
പണ്ഡിത മതം
1. സുഫിയാനുസ്സൗരി(റ):
നവീനവാദിയിൽ നിന്നു ഒരാൾ വല്ലതും കേട്ടാൽ അതവന് ഉപകരിക്കുകയില്ല. അവരെ ഹസ്തദാനം ചെയ്യുന്നവർ ദീനിനെ അൽപാൽപമായി പൊളിക്കുകയാണ് ചെയ്യുന്നത്.
2. ഫുളൈലുബ്‌നു ഇയാള്(റ):
വല്ലവരും മുബ്തദിഇനെ പ്രിയം വെച്ചാൽ അവന്റെ സൽകർമങ്ങൾ അല്ലാഹു നിഷ്ഫലമാക്കും. ഹൃദയത്തിൽ നിന്ന് ദീനീ ശോഭ തുടച്ചുകളയുകയും ചെയ്യും.
3. ഇമാം നവവി(റ):
മുബ്തദിഇനോടും തൗബ ചെയ്യാത്ത വൻദോഷിയോടും സലാം പറയുകയോ മടക്കുകയോ ചെയ്യാതിരിക്കൽ അനിവാര്യമാണ്. ഇമാം ബുഖാരി(റ)യും മറ്റു പണ്ഡിതന്മാരും ഇപ്രകാരമാണ് പറഞ്ഞത് (അദ്കാർ).
4. ഇബ്‌നു ഹജർ(റ):
കുഫ്‌റിലേക്ക് ചേർക്കുന്ന ബിദ്അത്ത് ഇല്ലാത്ത മുബ്തദിഇനെ പിന്തുടർന്ന് നിസ്‌കരിക്കൽ ശക്തമായ കറാഹത്താണ്. കാരണം അവന്റെ വിശ്വാസം അവനെ വിട്ട് ഒഴിവാകുന്നില്ലല്ലോ (തുഹ്ഫ).
5. ഇമാം റംലി(റ):
തെമ്മാടിയും പുത്തനാശയക്കാരനും സുന്നിയായ വിശുദ്ധയായ സ്ത്രീക്ക് അനുയോജ്യനല്ല (നിഹായ).
6. ഇമാം ഗസ്സാലി(റ):
അക്രമികളോടും നവീനവാദികളോടും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന തിന്മ ചെയ്യുന്നവരോടും ഈർഷ്യത പ്രകടിപ്പിക്കണമെന്നതിൽ പണ്ഡിതർക്ക് പക്ഷാന്തരമില്ല (ഇഹ്‌യ).
ഉദ്ധൃത വചനങ്ങളെല്ലാം ബിദ്അത്തിനോടും അതിന്റെ വക്താക്കളോടും കഠിനമായ വെറുപ്പും അനിഷ്ടവും പ്രകടിപ്പിക്കണമെന്നും സൗഹാർദപരവും മതപരവുമായുള്ള പരിഗണനകളൊന്നും അവർ അർഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. തീവ്രവും പാപപങ്കിലവുമായ ആശയങ്ങളിൽ നിന്ന് അവരെയും ഇതരരെയും രക്ഷപ്പെടുത്തുക എന്നതാണ് ഉപരി സൂചിത പ്രസ്താവനകളുടെയെല്ലാം ലക്ഷ്യം.
1930 മാർച്ച് 16ന് മണ്ണാർക്കാട്ട് വെച്ച് കൂടിയ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമയുടെ നാലാം വാർഷിക സമ്മേളനം അംഗീകരിച്ചു പാസാക്കിയ പ്രമേയം: ചോറ്റൂർ കൈക്കാർ, കോരൂർ കൈക്കാർ, കുണ്ടോട്ടി കൈക്കാർ, ഖാദിയാനികൾ, വഹാബികൾ മുതലായവരുടെ ദുർവിശ്വാസ നടപടികൾ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ സുന്ദരമായ വിശ്വാസ നടപടികളോട് കേവലം മാറായതുകൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ളതായ കൂട്ടുകെട്ടും സുന്നി മുസ്‌ലിംകൾക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു (അൽബയാൻ, പുസ്തകം 1, ലക്കം 5, ഏപ്രിൽ 1930).
സമാനമായ നിരവധി ഫത്‌വകൾ കേരള മുസ്‌ലിം പണ്ഡിതരും ഇതര പണ്ഡിത സഭകളും നൽകിയിട്ടുണ്ട്. ബിദ്അത്തെന്ന മാരക വിപത്തിനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനായിരുന്നു ഇതെല്ലാം. ബിദ്അത്തുകാരനെ സഹായിക്കുന്നവർ മതത്തെ നശിപ്പിക്കാൻ സൗകര്യം ചെയ്യുകയാണെന്ന വിശുദ്ധ വചനം പ്രസിദ്ധമാണല്ലോ. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുശ്‌രിക്കും കാഫിറുകളുമായി പരിചയപ്പെടുകയും അവരെ കൊല്ലൽ നിർബന്ധമാണെന്ന് പല പ്രാവശ്യം എഴുതി പ്രചരിപ്പിക്കുകയും ചെയ്ത കേരളത്തിലെ വഹാബി-മൗദൂദിയാദി പുത്തൻവാദികളോട് സലാം പറഞ്ഞ് സൗഹൃദം പുലർത്താൻ ഒരു വിശ്വാസിക്ക് എങ്ങനെയാണ് സാധിക്കുക? അകറ്റി നിർത്തേണ്ടവർ തന്നെയാണ് അവർ.
ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല