ബീവി അസ്മാഇന്റെ സമർപ്പണം

അസ്മാഅ് ബിൻത് അബീബക്ർ(റ) ധൃതിപിടിച്ച പാചകത്തിലാണ്. രണ്ടു പേർക്ക് യാത്രക്കിടയിൽ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കണം. സഹായത്തിന് സഹോദരി ആഇശ(റ)യുമുണ്ട്. അല്ലാഹുവിന്റെ നിർദേശ പ്രകാരം മദീനയിലേക്ക് ഹിജ്‌റ പോകാനിറങ്ങിയ തന്റെ പിതാവ് അബൂബക്കർ(റ)വും മുത്തുനബി(സ്വ)യും ശത്രുക്കളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ സൗറ് ഗുഹയിൽ ഒളിച്ചിരിക്കുകയാണ്. വീട്ടിൽ നിന്നിറങ്ങി നേരെ മദീനയുടെ ഭാഗത്തേക്ക് യാത്രതിരിക്കാതെ ശത്രുക്കൾ തിരച്ചിൽ അവസാനിപ്പിക്കുന്നത് വരെ മൂന്ന് ദിവസം ഗുഹയിൽ തങ്ങാമെന്ന് തീരുമാനിച്ചതാണ്. ആവശ്യമായ സജ്ജീകരണങ്ങളെല്ലാം നേരത്തെ പൂർത്തിയാക്കിയിരുന്നു. വഴികാട്ടിയായ അബ്ദുല്ലാഹിബിൻ ഉറൈഖിളി(റ)നോട് മൂന്ന് ദിവസം കഴിഞ്ഞ് ഗുഹയുടെ പരിസരത്ത് ഒട്ടകങ്ങളുമായി എത്താനാണ് നിർദേശം. സിദ്ദീഖ്(റ)വിന്റെ മകൻ അബ്ദുല്ല പകൽ സമയങ്ങളിൽ അങ്ങാടിയിൽ ചുറ്റിനടന്ന് ശത്രുനീക്കങ്ങൾ മനസ്സിലാക്കും. രാത്രിയിൽ ഗുഹയിലെത്തി വിവരങ്ങൾ കൈമാറും. ആമിറുബിൻ ഫുഹൈറ(റ) സാധാരണ പോലെ ആടുകളെ മേച്ച് സൗറ് ഗുഹയുടെ പരിസരത്ത് ചുറ്റിനടക്കും. അബ്ദുല്ലയുടെ കാലടയാളങ്ങൾ മായ്ക്കാനും അവർക്ക് ആടിനെ കറന്ന് പാൽ കുടിക്കാനും ഇത് സഹായകമായി.
ഭക്ഷണവും വെള്ളവും തോൽപാത്രങ്ങളിലാക്കി നോക്കുമ്പോൾ കെട്ടാൻ പറ്റിയ കയറൊന്നും കാണുന്നില്ല. ഉടൻ അസ്മാഅ്(റ) തന്റെ അരപ്പട്ടയിൽ നിന്ന് കീറി രണ്ട് കയറു കഷ്ണങ്ങളുണ്ടാക്കി അതുകൊണ്ട് കെട്ടി ഭക്ഷണവും വെള്ളവും കൊടുത്തയച്ചു. സ്വന്തം വസ്ത്രം കീറി ഭക്ഷണം പൊതിഞ്ഞയച്ചതു കണ്ട് അസ്മാഇ(റ)ന് സ്വർഗീയമായ രണ്ട് അരപ്പട്ടകൾ അണിയാനാകട്ടേ എന്ന് തിരുനബി(സ്വ) പ്രാർഥിച്ചു. ഈ പ്രവർത്തനം കാരണമാണ് അവർക്ക് ‘ദാതുന്നിതാഖൈനി’ എന്ന പേര് ലഭിച്ചത്.
നബി(സ്വ)യും സിദ്ദീഖ്(റ)വും രക്ഷപ്പെട്ടതറിഞ്ഞ് അബൂജഹലും കൂട്ടാളികളും അസ്മാഇന്റെ വീട്ടിലെത്തി വാതിലിൽ മുട്ടി. ചുവന്ന കണ്ണുകളുമായി ഭീകര രൂപത്തിൽ ദേഷ്യപ്പെട്ട് അബൂജഹൽ നിൽക്കുന്നത് കണ്ടിട്ടും അസ്മാഅ് വാതിൽ തുറന്നു. അബൂബക്ർ എവിടെ എന്ന ചോദ്യത്തിന് എനിക്കറിയില്ല എന്നുത്തരം നൽകിയപ്പോൾ അബൂജഹലിന്റെ പരുക്കൻ കൈ അസ്മാഇന്റെ മുഖത്തു പതിഞ്ഞു. ശക്തമായ പ്രഹരമേറ്റിട്ടും ബീവിക്ക് ഒരു കുലുക്കവുമില്ല. തിരുനബി(സ്വ)യും ഉപ്പയും എവിടെയുണ്ടെന്ന രഹസ്യവിവരം അവർ പുറത്തുവിട്ടില്ല. ചെറിയ സൂചന ലഭിച്ചിരുന്നെങ്കിൽ പോലും നബിയെ കണ്ടെത്തി അവർ ശരിപ്പെടുത്തിക്കളയുമായിരുന്നു. ശാരീരികമായി ഒരു സ്ത്രീക്കുള്ള പരിമിതികളെല്ലാം ഉണ്ടായിരിക്കെ സത്യമതത്തിന്റെ സംസ്ഥാപനത്തിനും പ്രചാരണത്തിനും തന്നെക്കൊണ്ടാവുന്നതിന്റെ പരമാവധി ചെയ്യാൻ തന്റേടം കാണിച്ച ധീരവനിതയെയാണ് ഈ ചരിത്രത്തിൽ നാം കാണുന്നത്.
തിരുനബിയുടെയും പിതാവ് അബൂബക്കർ(റ)വിന്റെയും പ്രബോധന സഞ്ചാരത്തിലെ സഹയാത്രികയായിത്തന്നെ ചരിത്രത്തിലുടനീളം അസ്മാഅ്(റ)വിനെ നമുക്ക് വായിക്കാം. തിരുനബി(സ്വ)യുടെ പിതൃസഹോദരി സ്വഫിയ്യയുടെ മകൻ സുബൈർ(റ)വായിരുന്നു അസ്മാഇന്റെ ഭർത്താവ്. ഗർഭിണിയായ സമയത്ത് ഭർത്താവ് ഹിജ്‌റ പോയി. മത നന്മക്ക് വേണ്ടി പലായനത്തിന് നിർബന്ധിതനായ ഭർത്താവിനെ അസ്മാഅ്(റ) യാത്രയാക്കി. ഇപ്പോൾ പിതാവും പോയിരിക്കുന്നു. ഇനി വീട്ടിൽ സഹോദരൻ അബ്ദുല്ലയും സഹോദരി ആഇശയും അവരുടെ മാതാവ് ഉമ്മുറൂമാനും മാത്രമേയുള്ളൂ. നബി(സ്വ)യുടെ കുടുംബം ഈ സമയത്ത് ഹിജ്‌റ പോയിട്ടില്ല.
നബിയും പിതാവും സുരക്ഷിതമായി മദീനയിലെത്തിയ വിവരം അസ്മാഇന് ലഭിച്ചു. നബി(സ്വ)യുടെയും സിദ്ദീഖ്(റ)വിന്റെയും കുടുംബങ്ങൾക്ക് ആശ്വാസമായി. അധികം വൈകാതെ ആ രഹസ്യവിവരവും എത്തി- മദീനയിൽ നിന്ന് അബ്ദുല്ലാഹി ബിൻ ഹരീഖും(റ) അബൂറാഫിഉം(റ) സൈദ് ബിൻ ഹാരിസ(റ)യും മക്കയിൽ എത്തിയിട്ടുണ്ട്. നബിയുടെയും സിദ്ദീഖ്(റ)വിന്റെയും കുടുംബങ്ങളെ സുരക്ഷിതമായി മദീനയിലെത്തിക്കുകയാണ് അവരുടെ ദൗത്യം. ഖുറൈശികളറിയാതിരിക്കാൻ ജാഗ്രത കാണിച്ചു കൊണ്ട് ഇരുകുടുംബങ്ങളും പലായനത്തിനൊരുങ്ങി. പ്രവാചക പുത്രിമാരായ ഫാത്വിമ(റ), ഉമ്മുകുൽസൂം(റ) എന്നിവരും അസ്മാഅ്(റ), ആഇശ(റ), അബ്ദുല്ലാബിൻ അബീബക്ർ(റ), ഉമ്മുറുമാൻ(റ), സൈദ് ബിൻ ഹാരിസ(റ)യുടെ പത്‌നി ഉമ്മു ഐമൻ(റ), മകൻ ഉസാമ(റ) എന്നിവരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പൂർണ ഗർഭിണിയായ അസ്മാഅ്(റ) വൈഷമ്യങ്ങളേറെയുണ്ടെങ്കിലും ഒന്നും പുറത്തു കാണിക്കാതെ ക്ഷമ കൈകൊണ്ടു. തിരുനബി(സ്വ)യും അബൂബക്ർ(റ)വും ഒരുമിച്ചു ഹിജ്‌റ പോയ പോലെ ഇരുവരുടെയും കുടുംബങ്ങൾ ഒരുമിച്ച് മദീനയോട് അടുത്തുകൊണ്ടിരുന്നു. മദീനയുടെ അതിർത്തി പ്രദേശമായ ഖുബാഇലെത്തിയപ്പോൾ അസ്മാഇന് പ്രസവ നൊമ്പരമുണ്ടായി. വേദന വർധിച്ചു. അവിടെ വെച്ചു പ്രസവം നടന്നു. സുമുഖനായ ഒരാൺകുട്ടി. ഹിജ്‌റയായി വന്ന മുസ്‌ലിംകൾക്ക് മദീനയിൽ കുഞ്ഞുങ്ങൾ പിറക്കാതിരിക്കാൻ ഞങ്ങൾ കൂടോത്രം ചെയ്തിരിക്കുന്നു എന്ന ജൂത കിംവദന്തി കൂടിയാണ് ഇതോടെ തകർന്നത്. മുഹാജിറുകൾക്കും അൻസാറുകൾക്കും ആ പ്രസവം സന്തോഷം നൽകി. മുഹാജിറുകൾക്ക് മദീനയിൽ പിറന്ന ആദ്യ കുഞ്ഞ്! അവർ തക്ബീർ മുഴക്കി. കുഞ്ഞിനെ നബി(സ്വ)യുടെ മുന്നിലെത്തിച്ചു. അവിടന്ന് മധുരം നൽകി. ആ കുഞ്ഞാണ് പിന്നീട് ഇസ്‌ലാമിക ചരിത്രത്തിൽ ശോഭിച്ചുനിന്ന അബ്ദുല്ലാഹിബ്‌നു സുബൈർ(റ).
ക്രൂരനായ ഹജ്ജാജ് മക്കക്കെതിരെ യുദ്ധത്തിന് വന്ന സമയത്ത് അബ്ദുല്ലാഹിബ്‌നു സുബൈർ(റ)വായിരുന്നു മക്കയിലെ ഭരണാധികാരി. ഹജ്ജാജിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചുതുടങ്ങിയ സമയമായിരുന്നു അത്. ഹജ്ജാജിന്റെ വലിയ സൈന്യം മക്കയിലെത്തി. ഈ സമയത്ത് ഉമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങാനായി അബ്ദുല്ലാഹി ബിൻ സുബൈർ(റ) വീട്ടിലെത്തി. യുദ്ധം നടക്കുമ്പോൾ ഇങ്ങോട്ടു വരികയാണോ? ഉമ്മയുടെ ചോദ്യം. പലരും കൂറുമാറിയതും താൻ കൊല്ലപ്പെടുമെന്ന് ഉറപ്പായതും ഉമ്മയോട് പറഞ്ഞു. ഹജ്ജാജിന്റെ ക്രൂര ഭരണത്തിന് വിധേയപ്പെടുന്നതിലും ഭേദം രക്തസാക്ഷിത്വം തന്നെയാണ് മകനേ എന്നായിരുന്നു ബീവിയുടെ മറുപടി. കൊല്ലപ്പെട്ടാൽ അവരെന്റെ ശരീരം വികൃതമാക്കും എന്നു പറഞ്ഞപ്പോൾ, അറുത്ത ആടിനെ തോലു പൊളിക്കുമ്പോൾ അതിനു വേദനിക്കുമോ എന്ന് ഉമ്മ തിരിച്ചുചോദിച്ചു. ആവേശഭരിതനായി അബ്ദുല്ലാഹിബിൻ സുബൈർ(റ) അടർക്കളത്തിലെത്താൻ ധൃതി കൂട്ടി. അസ്മാഅ് മകനെ കെട്ടിപ്പിടിച്ചു മുത്തം നൽകി യാത്രയാക്കി. ധീരയായ ആ മാതാവ് മകൻ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ നോക്കിനിന്നു.
കരുതിയത് തന്നെ സംഭവിച്ചു. അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെ അവർ കൊന്ന്, മൃതശരീരം വികൃതമാക്കി കദാഇലെ കുന്നിനു മുകളിൽ കുരിശിൽ തറച്ചു. ബീവി ആ കാഴ്ച കാണാൻ പോയി. പൊട്ടിക്കരഞ്ഞ് മകനു വേണ്ടി പ്രാർഥിച്ചു. ശരീരം വിട്ടുകിട്ടാനും ഖബറടക്കാനും ഹജ്ജാജിന്റെ സമ്മതം വേണ്ടിവന്നു. പിന്നീട് ഹജ്ജാജ് മക്കയിൽ വന്നപ്പോൾ വന്ദ്യവയോധികയായ അസ്മാഅ്(റ) വിരൽ ചൂണ്ടി അയാളോട് കയർത്തു. മകനെ ചൊല്ലി അഭിമാനം കൊണ്ടു. കണ്ടുനിന്നവരും ഹജ്ജാജും വിറച്ചുപോയ രംഗമായിരുന്നു അത്. മകന്റെ വിയോഗത്തിന്റെ പത്താം ദിവസം ബീവിയും വിടചൊല്ലി.
അസ്മാഅ് (റ)വിന്റെ സമർപണ ജീവിതമാണ് നാം കണ്ടത്. ഒരു മുസ്‌ലിം സ്ത്രീ നല്ല ഭാര്യയും നല്ല മകളും നല്ല സഹോദരിയും നല്ല മാതാവുമായിരിക്കണം. മുസ്‌ലിമിന്റെ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സമൃദ്ധമായ ഭക്ഷണത്തളികയിലേക്ക് ചുറ്റുപാടു നിന്നും കൈകൾ നീണ്ടുവരുന്നത് പോലെ മുസ്‌ലിം ഉമ്മത്തിന് നേരെ ഒറ്റയും തെറ്റയുമായ ആക്രമണങ്ങളുണ്ടാകും. കായികമായ ദ്രോഹങ്ങളേക്കാൾ മാരകവും അപകടകരവുമായിരിക്കും ബൗദ്ധികവും വൈജ്ഞാനികവുമായ ആക്രമണങ്ങൾ. അത്തരം ഘട്ടങ്ങളിൽ നല്ലൊരു സഹയാത്രികയായി മാതൃകാ ജീവിതം നയിക്കാൻ ബീവി അസ്മാഇ(റ)ൽ നമുക്കേറെ മാതൃകയുണ്ട്.
സന്ദർഭത്തിനൊത്ത് ഉയരാനും പ്രസ്ഥാനത്തിനും പ്രവർത്തകർക്കും ധൈര്യം പകരാനും ബീവി അസ്മാഅ്(റ) നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായ കഷ്ടനഷ്ടങ്ങൾ അവഗണിച്ചു കൊണ്ടാണ് ഇന്നും മാതൃകാ മുസ്‌ലിം കുടുംബങ്ങൾ മുന്നോട്ടു പോകുന്നത്. ശാശ്വത സുഖാസ്വാദനങ്ങളുടെ പറുദീസയും ഇലാഹീ പ്രീതിയും മുന്നിൽ കണ്ട് പരലോകത്തേക്കുള്ള കൃഷിയിടമായ ദുൻയാവിൽ വിത്തിറക്കുന്ന വിശ്വാസിനികൾക്ക് ഈ ത്യാഗവും സമർപണവും വളരെ നിസ്സാരം. നാളെ വിളവെടുപ്പിന്റെ ദിനത്തിലാണ് അവരുടെ ആശയും പ്രതീക്ഷയും.

നിശാദ് സിദ്ദീഖി

Exit mobile version