ബീവി നഫീസതുൽ മിസ്‌രിയ്യ(റ): അറിവിന്റെ രാജകുമാരി

ഈജിപ്തിലെ ഒരു ഗ്രാമം. അവിടെയൊരു ജൂതകുടുംബം താമസിക്കുന്നുണ്ട്. പിള്ളവാതം പിടിച്ച് കാലുകൾ നിശ്ചലാവസ്ഥയിലായ ഏകമകളെയോർത്ത് ആ കുടുംബം കണ്ണീർവാർക്കാത്ത ദിവസങ്ങളില്ല. ഒരുനാൾ മാതാവ് മകളെ അടുത്ത വീട്ടിലാക്കി കുളിക്കാൻ പോയി. അതൊരു മുസ്‌ലിം ഗൃഹമായിരുന്നു. വീട്ടുകാരി നിസ്‌കാരത്തിനായി വുളൂഅ് ചെയ്യുന്നതിനിടെ അൽപം വെള്ളം അടുത്തിരുന്ന കുട്ടിയുടെ ദേഹത്തേക്ക് തെറിച്ചു. അത്ഭുതം. പിള്ളവാതം പിടിച്ച കുട്ടിയുടെ കാലുകൾ സാധാരണ ഗതിയിലായിരിക്കുന്നു. കുട്ടി സ്വയം എഴുന്നേറ്റുനിന്നു. ആരോഗ്യവതിയായി വീട്ടിലേക്ക് നടന്നുവന്ന മകളെ കണ്ട് കുടുംബം അതിശയിച്ചു. ആ വീട്ടുകാരിയുടെ ഖ്യാതി നാടാകെ പരന്നു.
ബീവി നഫീസത്തുൽ മിസ്‌രിയ്യ(റ)യായിരുന്നു അവർ. ജ്ഞാന സമ്പത്തും ആത്മീയ ഔന്നത്യവും കാരണം മുസ്‌ലിംലോകം ആദരിച്ചുപോരുന്ന മഹതി. ഹിജ്‌റ 145 റബീഉൽ അവ്വൽ 11ന് വ്യാഴാഴ്ച മക്കയിലായിരുന്നു ജനനം. അലി(റ)ന്റെ പൗത്രന്മാരിൽപെട്ട സയ്യിദ് ഹസനുൽ അൻവറാണ് പിതാവ്. മാതാവ് ഉമ്മുസൽമയും. മകളെ ആത്മീയ ശിക്ഷണത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു. ചെറുപ്പം മുതലേ വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശം ബീവി കാണിച്ചു. അതീവ ബുദ്ധിമതിയായിരുന്നു. എട്ട് വയസ്സായപ്പോഴേക്കും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. അതിനു മുമ്പേ എഴുത്തും വായനയും പ്രാഥമിക വിജ്ഞാനങ്ങളും സ്വായത്തമാക്കി.
പതിനഞ്ചാം വയസ്സിൽ ഹി. 161 റജബ് അഞ്ചിനായിരുന്നു ബീവിയുടെ വിവാഹം. ദാമ്പത്യജീവിതം സന്തോഷദായകമായിരുന്നു. ഖാസിം, ഉമ്മുകുൽസൂം എന്നീ സന്താനങ്ങൾ ആ മാതൃകാദമ്പതികൾക്ക് പിറന്നു. പക്ഷേ അവരെല്ലാം ഏറെ വൈകാതെ നാഥനിലേക്ക് യാത്രയായി.
വിവാഹശേഷം ഭർത്താവിനോടൊപ്പം മദീനയിലേക്കു തിരിച്ചു. ഇമാം മാലിക്(റ)വിൽ നിന്ന് മുവത്വ പഠിക്കുന്നത് ഇക്കാലത്താണ്. ഹജ്ജിനും റൗളാശരീഫ് സിയാറത്തിനും വരുന്ന പണ്ഡിതന്മാർ ഹദീസ് പഠിക്കാനായി മഹതിയെ സമീപിക്കാറുണ്ടായിരുന്നു. മദീനയിൽ മഹതി വിജ്ഞാനത്തിന്റെ കേന്ദ്രമായി പരിലസിച്ചു. അസാമാന്യ ജ്ഞാനപാടവം കാരണം ലോകപണ്ഡിതർക്കിടയിൽ അവർ സുപ്രസിദ്ധയായിത്തീർന്നു.
മുപ്പതു തവണ ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിലധികവും മക്കയിലേക്ക് നടന്നുപോയാണ് നിർവഹിച്ചത്. ഭൗതികവിരക്തിയായിരുന്നു നഫീസ(റ)യുടെ മുഖമുദ്ര. നൈമിഷിക സുഖാഡംഭരങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും ആത്മീയാവേശം ചോർത്തിക്കളയുന്ന ഭൗതികാസ്വാദനങ്ങൾക്കെതിരെ നിലകൊള്ളുകയും ചെയ്തു ബീവി.
ഒരിക്കൽ ഭർത്താവിനൊപ്പം ഹജ്ജ് കഴിഞ്ഞ് ബൈത്തുൽ മുഖദ്ദസിലേക്കു പോയി. വിശുദ്ധ ഗേഹത്തിനു പരിസരത്തായി മറപെട്ടുകിടക്കുന്ന നിരവധി പ്രവാചകന്മാരുടെയും മഹത്തുകളുടെയും മഖ്ബറകൾ സന്ദർശിച്ച് പുണ്യം നേടുകയായിരുന്നു ലക്ഷ്യം. അവിടെനിന്ന് ഈജിപ്തിലേക്കു തിരിച്ചു. നിരവധി പണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ടനുഗൃഹീതമായ ഈജിപ്തുകാർക്ക് അഹ്‌ലുബൈത്തിനോട് അളവറ്റ പ്രിയമായിരുന്നു. നഫീസബീവി(റ) അഹ്‌ലുബൈത്തും പണ്ഡിതയുമാണല്ലോ. മഹതിക്ക് ഈജിപ്തുകാർ രാജകീയ വരവേൽപ്പ് തന്നെ നൽകി. ഹിജ്‌റ 103 റമളാനിലായിരുന്നു ഇത്. ഈജിപ്തിലെ ധനികരും ദീനീസ്‌നേഹികളും മഹതിക്ക് താമസ സൗകര്യമൊരുക്കാൻ മത്സരിച്ചു. ആദ്യം കഴിഞ്ഞത് ജമാലുദ്ദീൻ അബ്ദുല്ലയുടെ വീട്ടിലാണ്. ബീവിയുടെ മഹത്ത്വവും കറാമത്തുകളും അടുത്തറിഞ്ഞ സ്വദേശികൾ പരിഭവങ്ങൾ പറയാൻ കൂട്ടമായെത്തി. സന്ദർശകരെ കൊണ്ട് വീട് വീർപ്പുമുട്ടി. എല്ലാവരെയും ആശ്വാസവചനങ്ങൾ നൽകി തിരിച്ചയക്കും. രോഗശമനം നേടിയവരിലൂടെ ബീവിയുടെ ഖ്യാതി വിദൂരങ്ങളിലേക്ക് പടർന്നു. സന്ദർശകബാഹുല്യം കാരണം കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. ഭരണാധികാരി സലിയ്യിബ്‌നുൽ ഹകം നൽകിയ സ്ഥലത്താണ് പിന്നീട് താമസിച്ചത്. ഇവിടെയും ധാരാളം പേർ ദിനംപ്രതി ആശ്വാസം തേടിയെത്തി.
വന്നവരൊക്കെ സന്തോഷപൂർവം മടങ്ങിപ്പോയി. എന്നാൽ സന്ദർശകരുടെ ആധിക്യം മഹതിയുടെ ആരാധനക്ക് വിഘ്‌നം സൃഷ്ടിച്ചപ്പോൾ ഈജിപ്ത് വിടാൻ തീരുമാനിച്ചു. ഇതറിഞ്ഞ നാട്ടുകാർ ധർമസങ്കടത്തിലായി. എങ്ങനെയെങ്കിലും ബീവിയെ ഈജിപ്തിൽ തന്നെ പിടിച്ചുനിർത്താൻ അവർ കഠിന ശ്രമം നടത്തി. വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. സന്ദർശകസമയം ആഴ്ചയിൽ രണ്ടു ദിവസമായി ചുരുക്കി ക്രമീകരിച്ചു. ഈജിപ്തുകാരുടെ സ്‌നേഹവായ്പുകൾക്കു മുന്നിൽ കീഴടങ്ങിയ ബീവി അവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ദിവസം സന്ദർശകരെ ആശ്വസിപ്പിച്ചയക്കലും പതിവ് ആരാധനകളുമായി ജീവിതം മുന്നോട്ട് പോയി.
ജ്ഞാനസമ്പാദനം ജീവിതചര്യയാക്കിയ ഇമാം ശാഫിഈ(റ) സമകാലികയായ മഹതിയുടെ വിജ്ഞാനത്തിലുള്ള ആഴവും മഹത്ത്വങ്ങളും തിരിച്ചറിഞ്ഞിരുന്നു. ഇറാഖിൽനിന്ന് ഈജിപ്തിലെത്തിയ ശാഫി(റ) ബീവിയുമായി ആത്മീയബന്ധം സ്ഥാപിച്ചു. രോഗം വന്നാൽ പ്രാർത്ഥിക്കാനാവശ്യപ്പെട്ട് ബീവിയുടെ അടുത്തേക്ക് ആളെ പറഞ്ഞയക്കും. അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ചെന്ന് ഗവേഷണങ്ങൾ നടത്തി കർമശാസ്ത്ര വിഷയങ്ങളിൽ തീർപ്പുകൽപ്പിച്ചിരുന്ന ശാഫിഈ(റ) നഫീസ(റ)ക്ക് നൽകിയിരുന്ന സ്ഥാനമാണിത്. ഈജിപ്തിലെ മറ്റു പണ്ഡിതരും മക്കയടക്കം ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പർവതസമാനരായ പണ്ഡിതന്മാരും ബീവിയെ പലപ്പോഴും സന്ദർശിച്ച് സംശയനിവൃത്തി വരുത്തുകയും പ്രാർത്ഥിപ്പിക്കുകയും ചെയ്തിരുന്നു. വനിതകളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് വിജ്ഞരുടെ രീതി. അവമതിക്കുന്നത് അജ്ഞരാണ്.
രോഗം വന്ന ഒരു സന്ദർഭത്തിൽ ശാഫിഈ(റ) ബീവിയുടെ അരികിലേക്ക് ആളെ അയച്ചു. എന്നാൽ അന്ന് മഹതി നടത്തിയ പ്രാർത്ഥനയിൽ ഇമാമിന് മരണം അടുത്തിരിക്കുന്നുവെന്നതിന്റെ സൂചനകളുണ്ടായിരുന്നു. അതറിഞ്ഞപ്പോൾ തന്റെ മയ്യിത്ത് നിസ്‌കരിക്കാൻ ബീവിക്ക് സൗകര്യം ചെയ്തുകൊടുക്കാൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. ആ രോഗത്തിൽ തന്നെ മഹാൻ വഫാത്താവുകയും ചെയ്തു.
സ്വന്തം കരങ്ങൾകൊണ്ട് ഖബർ തീർത്ത് മഹതി മരണത്തെ കാത്തിരുന്നു. ആ ഖബറിലിരുന്ന് തൊണ്ണൂറോളം തവണ വിശുദ്ധ ഖുർആൻ പൂർണമായി ഓതിത്തീർത്തു. ധാരാളം നിസ്‌കാരങ്ങളും ദിക്‌റുകളും പ്രാർത്ഥനകളും അവിടെവെച്ച് നിർവഹിച്ചു. തന്റെ വിശ്രമസ്ഥലം ഖുർആൻ പാരായണം, പ്രാർത്ഥനകൾ കൊണ്ട് ജീവിത കാലത്തേ ധന്യമാക്കുകയായിരുന്നു നഫീസ(റ).
മരണം മുൻകൂട്ടി അറിഞ്ഞ് അതിനുവേണ്ടി ഒരുങ്ങുന്ന രീതിയിലായിരുന്നു ബീവിയുടെ അവസാന നാളുകൾ. മരണരോഗത്തിലിരിക്കുമ്പോൾ മദീനയിലായിരുന്ന ഭർത്താവിനെ കത്തയച്ചുവരുത്തി. ജീവിതത്തിൽ മിക്ക ദിവസങ്ങളിലും നോമ്പ് നോറ്റ ബീവി മരണവും നോമ്പുകാരിയായിരിക്കെ ആകണമെന്നാഗ്രഹിച്ചു. അപ്രകാരം തന്നെ സംഭവിച്ചു. ഹി. 208 റജബിലായിരുന്നു വഫാത്ത്. ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു വിയോഗം. ‘അവരുടെ നാഥന്റെ സന്നിധിയിൽ അവർക്ക് ശാന്തിയുടെ സൗധങ്ങളുണ്ട്. അവരുടെ നാഥനാണവൻ. അവർ ചെയ്ത കർമങ്ങളുടെ ഫലമാണിത്’ എന്നർത്ഥം വരുന്ന ഖുർആൻ സൂക്തം (7: 127) പാരായണം ചെയ്തുകൊണ്ടിരിക്കെയാണ് വഫാത്ത് സംഭവിച്ചത്.
ജീവിതത്തിലും മരണാനന്തരവും ബീവിയിൽ നിന്ന് ദൃശ്യമായ നിരവധി കറാമത്തുകൾ കാരണം ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അറിവിനോടുള്ള അടങ്ങാത്ത പ്രേമം കൊണ്ട് അവർ നടത്തിയ അലച്ചിലുകളും അത്യധ്വാനങ്ങളും തന്നെയായിരുന്നു മഹതിയുടെ ആത്മീയോന്നതിക്കു നിദാനമായത്. ഈജിപ്തിലെയും പുറം നാടുകളിലെയും പണ്ഡിതർക്കിടയിൽ ബീവി പിൽക്കാലത്ത് അറിയപ്പെട്ടത് ‘നഫീസത്തുൽ ഇൽമ്’ എന്നായിരുന്നു. അവർ കാഴ്ചവെച്ച ജ്ഞാനസേവനങ്ങൾക്ക് ലോകം നൽകിയ അംഗീകാരമായിരുന്നു അത്. പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഈജിപ്തിലെ പ്രധാന കേന്ദ്രമായി നഫീസത്തുൽ മിസ്‌രിയ്യയുടെ മഖ്ബറ വിശ്രുതം.

നഫീസത്ത് മാല

മഹതിയെ കുറിച്ച് നാലകത്ത് കുഞ്ഞിമൊയ്തീൻ രചിച്ച നഫീസത്ത് മാലക്ക് ലഭിച്ച ജനസമ്മതി മലയാളികൾക്കിടയിൽ നഫീസ(റ)യെ സുപരിചിതയാക്കി. ‘ബിസ്മിയും ഹംദും സ്വലാത്തും നൽസലാമും മുന്നെ/ ബിള്ളി നഫീസത്ത് മാല ഞാൻ തുടങ്ങിടുന്നേ…’ എന്ന ഈരടികളോടെ ആരംഭിക്കുന്ന നഫീസത്ത് മാല ഹൃദിസ്ഥമാക്കിയവരായിരുന്നു പഴയ തലമുറയിലെ സ്ത്രീകൾ പലരും. ഗർഭിണിയായാൽ അവരുടെ അധരങ്ങളിൽ നഫീസത്ത് മാല പച്ചപിടിക്കും. മനോഹരമായ ഈണത്തിലാണ് വീടകങ്ങളിൽ അവരത് പാടിയിരുന്നത്. പ്രസവിക്കാനാകുമ്പോഴേക്ക് മാല മനഃപാഠമായിട്ടുണ്ടാകും. പുതുതലമുറയിലെ മുസ്‌ലിം വനിതകളും ബീവിയെയും മാലയും പരിചയിക്കേണ്ടതുണ്ട്. പാരമ്പര്യമായി സമുദായം ചെയ്തുപോന്ന സുകൃതങ്ങൾ കൈവെടിയുന്നത് ആശാസ്യമല്ല. ഗർഭം രോഗമായി ഗണിക്കുകയും ലേബർറൂമുകളിൽ മാരകരോഗികളെ പോലെ ചികിത്സിക്കപ്പെടുകയും ചെയ്യുന്നൊരു കാലത്ത് ഗർഭിണികൾക്ക് ആത്മീയാശ്വാസം പകരാൻ ഇത് ഉപകരിക്കും. ഗർഭവും പ്രസവും രോഗങ്ങളായത് എന്നു മുതലാണ്? സ്‌കാനിംഗും ടെസ്റ്റുകളും ആവശ്യത്തിലേറെ നടത്തി വിപണി കൊഴുപ്പിക്കുകയും ഗർഭിണിയും കുഞ്ഞും സങ്കീർണ ഘട്ടത്തിലാണെന്ന് വിധിച്ച് സിസേയറിൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സ്ത്രീകളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നത് മനുഷ്യാവകാശ പ്രശ്‌നമായി ഗണിക്കേണ്ടതാണ്. നഫീസത്ത് മാല ചൊല്ലി ആത്മീയമായി ധൈര്യം സംഭരിച്ച് വീടുകളിൽ വെച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീകൾ മുൻതലമുറയുടെ അഭിമാനങ്ങളായിരുന്നു.

 

നിശാദ് സിദ്ദീഖി രണ്ടത്താണി

Exit mobile version