ബീവി നസീബ (റ)-5: പുത്രവിയോഗത്തിലും പതറാതെ

IslamiC history - Malayalam

ക്കാവിജയാനന്തരം ഇസ്ലാമിന് നല്ലൊരു കുതിപ്പുതന്നെയായിരുന്നു കൈവന്നത്. നിരവധി ജനങ്ങള്‍ പുണ്യമതം പുല്‍കാന്‍ സന്നദ്ധരായി. കൂട്ടംകൂട്ടമായി അവര്‍ വിശുദ്ധമാര്‍ഗത്തിന്‍റെ സഹചാരികളായി. ഈ മഹാവിജയത്തിനെതിരെ ചില അപശബ്ദങ്ങള്‍ മുഴങ്ങാതിരുന്നില്ല. അതില്‍ പ്രധാനമായിരുന്നു യമാമയിലെ മുസൈലിമ എന്ന കള്ളപ്രവാചകന്‍റേത്.

മുസൈലിമ തിരുനബിയില്‍ കടുത്ത വെറുപ്പും അസൂയയും പൂണ്ടു. തനിക്കെന്താണൊരു കുറവ് എന്ന മനോഭാവത്തോടെ പ്രവാചകത്വത്തെ അവന്‍ സ്വയം വരിച്ചുതുടങ്ങി. ഗോത്രപരമായ വര്‍ഗീയതയും സ്വജനപക്ഷപാതവും അതിന് വളമേകി. സത്യം ഉള്‍ക്കൊള്ളുന്നതിന് എന്നും വിഘ്നനമാണല്ലോ കുലമഹിമയിലെ ദുരഭിമാനം.

തിരുനബി(സ്വ) മുസൈലിമയെ നേര്‍വഴിയില്‍ കൊണ്ടുവരാനായി ഒരു സന്ദേശം തയ്യാറാക്കുകയുണ്ടായി. അത് അവന്‍റെ ദര്‍ബാറിലെത്തിക്കണം. ആരാണത് കൊണ്ടുപോവുക? അവിടുന്നന്വേഷിച്ചു. അപകടം മണക്കുന്ന ദൗത്യമാണ്. മുസൈലിമ വ്യാജനാണ്. കൊള്ളരുതാത്തവനും. തന്‍റെ മുമ്പിലെത്തുന്ന തിരുനബിയുടെ ദൂതനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല.

പ്രവാചക ആജ്ഞ ഏറ്റെടുക്കുന്നതാരെന്ന് എല്ലാവരും നോക്കിനില്‍ക്കെ ഒരു ചെറുപ്പക്കാരന്‍ നെഞ്ച് വിരിച്ചെണീറ്റുവന്നു. മറ്റാരുമായിരുന്നില്ല. നസീബ(റ)യുടെ പ്രിയപ്പെട്ട മകന്‍ ഹബീബ്നു സൈദ്(റ).

ഹബീബിന്‍റെ ഒന്നാമത്തെ കരുത്ത് ഹബീബായ തിരുനബി(സ്വ) തന്നെ. രണ്ടാമത്തെ കരുത്ത് തനിക്ക് ആര്‍ജവത്തിന്‍റെ ആദ്യാക്ഷരം പഠിപ്പിച്ചുതന്ന പ്രിയമാതാവ് നബീസ(റ)യും.

നബി(സ്വ) സന്തോഷിച്ചു. ഹബീബിനുബറകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു, കത്ത് ഏല്‍പിച്ചു. മാതാവിനെ വാരിപ്പുണര്‍ന്ന് പുന്നാരമകന്‍ യാത്രയായി.

ധൈര്യമായിരിക്കുക, മരിക്കുന്നെങ്കില്‍ തന്നെയും അതൊരു വിജയമാണെന്നുറപ്പിക്കുക. സത്യത്തിനു മരണമില്ല. മരിക്കുന്ന സത്യവാന്‍ എന്നെന്നും ജീവിക്കുന്നവനാണ്. അത്തരമൊരാളുടെ രക്തസാക്ഷി ദിനം സത്യത്തിന്‍റെ ജന്മദിനമാകുന്നു.

കുന്നും മലകളും പിന്നിലാക്കി ഹബീബി(റ)ന്‍റെ കുതിര പറന്നുകൊണ്ടിരുന്നു.

നീണ്ടയാത്രക്കൊടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. മുസൈലിമത്തിന്‍റെ രാജപരിവേഷമണിഞ്ഞ നഗരത്തില്‍. അസത്യത്തിന്‍റെ മങ്ങിയ നിറം ഹബീബ് കണ്ടു. മുസൈലിമ തന്‍റെ ഗോത്രത്തിലെ വലിയൊരു വിഭാഗത്തെ ഇതിനകം സ്വാധീനിച്ചിരിക്കുന്നു.

പ്രവാചകത്വ വാദത്തിന് ഉപോല്‍ബലകമെന്നവിധം ചില പൊടിക്കൈകള്‍ അയാള്‍ പഠിച്ചെടുത്തിട്ടുണ്ട്. അല്ലെങ്കിലും പിശാച് അത്തരക്കാരെ സഹായിക്കുമല്ലോ. ചിലതൊക്കെ കാണിച്ച് ജനങ്ങളുടെ കണ്ണ് മയക്കുന്നതിനേ അവര്‍ക്ക് പറ്റൂ.

ഹബീബ് യമാമയിലെത്തി. പരിസരങ്ങള്‍ വീക്ഷിച്ചു. എല്ലായിടത്തും വ്യാജപ്രവാചകന്‍റെ ഭടന്മാര്‍ പാറാവിലാണ്. അപരിചിതരെ അവര്‍ സംശയ ദൃഷ്ട്യാ വീക്ഷിക്കുന്നു. അതെല്ലാം അവഗണിച്ച് മഹാന്‍ മുസൈലിമയുടെ രാജദര്‍ബാറില്‍ പ്രവേശിച്ചു. ദര്‍ബാര്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ആരാച്ചാരും പട്ടാളക്കാരുമൊക്കെ സജീവം. ഒരുതരം ഭീതി പടര്‍ത്തുന്ന അന്തരീക്ഷം.

പക്ഷേ ഹബീബിന് ഒരു പതര്‍ച്ചയുമുണ്ടായില്ല. ഞാന്‍ വരുന്നത് സത്യപ്രവാചകനില്‍ നിന്നാണ്. വന്നിരിക്കുന്നത് അസത്യപ്രവാചകനിലേക്ക്. പിന്നെ എന്തിനു ഭയക്കണം. ആരെ ഭയക്കണം? മരണത്തെ പേടിക്കുന്നവനേ മറ്റെന്തും പേടിക്കേണ്ടതായി വരൂ. അതിന് മരണത്തെ ആര്‍ക്കാണിവിടെ പേടി?

സത്യപ്രവാചകന്‍റെ ദൂതനെ മുസൈലിമ അടുത്തേക്കു വിളിപ്പിച്ചു. ഹബീബ്ന്‍ സൈദ്(റ) കടന്നു ചെന്നത് മാറിടം വിരുത്തിപ്പിടിച്ചാണ്. ഈമാനിന്‍റെ തലയെടുപ്പുമായി. തിരിഞ്ഞും മറിഞ്ഞും നോക്കാതെ നേരെ മുസൈലിമയെ ലക്ഷ്യമാക്കി നീങ്ങി. ഉപചാരങ്ങളൊന്നുമില്ലാതെ സംഗതിയവതരിപ്പിച്ചു.

മുസൈലിമക്ക് മനസ്സിലായി, ഹബീബിന്‍റെ ആര്‍ജവം അണമുറിയാത്തതാണെന്ന്. എങ്കിലും ഒരു കൈ നോക്കാമെന്ന് കരുതി ചോദിച്ചു.

‘മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്ന് നീ സാക്ഷ്യപ്പെടുത്തുന്നുണ്ടോ?’

‘അതേ, ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’

ധീരവും ആത്മവിശ്വാസവുമുള്ള പ്രതികരണം.

മുസൈലിമയുടെ ചുണ്ടുകള്‍ വിറച്ചു. അവനില്‍ കോപത്തിന്‍റെ അഗ്നി ആളിക്കത്തി. തന്‍റെ മുമ്പില്‍ ജീവഭയമില്ലാതെ പരദേശി നടത്തിയ പ്രതികരണം മുഖത്തടിക്കുന്നതായി തോന്നി അവന്.

‘ശരി, ഞാന്‍ ദൈവദൂതനാണെന്ന് നീ സാക്ഷ്യപ്പെടുത്തുമോ?’

മുസൈലിമ ഇത് ചോദിച്ചതും ഹബീബിബ്നു സൈദ്(റ) ഹാസ്യരൂപേണ പറഞ്ഞു: ‘ഞാന്‍ ബധിരനാണ്. താങ്കള്‍ പറയുന്നത് എനിക്കേ കേള്‍ക്കാനാകുന്നില്ല. താനത് കേള്‍ക്കാനിഷ്ടപ്പെടുന്നില്ല. അത്തരമൊരു വിഡ്ഢിത്തം കേള്‍ക്കാന്‍ മാത്രം ഞാനൊരു മൂഢനല്ല. മറിച്ച് തിരുദൂതരില്‍ അചഞ്ചലമായി വിശ്വസിക്കുന്ന ഒരനുയായിയാണ്.’

മുസൈലിമക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല. ദൂതന്മാരോടുള്ള എല്ലാ രാജനീതിയും ലോകന്യായവും മറികടന്ന് അവന്‍ പ്രഖ്യാപിച്ചു.

‘ഈ ദുഷ്ടന്‍റെ കൈ ഛേദിക്കൂ.’

നിറഞ്ഞ സദസ്സിനു മുന്നില്‍ ആ ആജ്ഞ അനുനിമിഷം നടപ്പിലാക്കപ്പെട്ടു. ഹബീബി(റ)ന്‍റെ കരങ്ങള്‍ക്കു മുകളിലൂടെ ഖഡ്ഗം മിന്നി. ആ കൈ നിലത്തു വീണു പിടഞ്ഞു. രക്തം ചീറ്റിക്കൊണ്ടിരുന്നു. പക്ഷേ അത് ഹബീബിന്‍റെ ഈമാനില്‍ ഒരു പോറലും വരുത്തിയില്ല.

മുസൈലിമക്ക് കലിയടങ്ങുന്നില്ല.

ചോദ്യമാവര്‍ത്തിക്കുന്നു. ഹബീബിന്‍റെ പ്രതികരണവും കൂടുതല്‍ ഉജ്ജ്വലം. ശരീരത്തിന്‍റെ പച്ചയായ കഷ്ണങ്ങള്‍ പിന്നെയും നിലത്തുരുണ്ടു വീണു. നിണം ചീറ്റി രക്തസാക്ഷിത്വത്തിന് കൈയൊപ്പുചാര്‍ത്തുകയാണ് ആ പുണ്യമേനി. ആകാശഭൂമികള്‍ അതു കാണാനാകാതെ കണ്ണടച്ചു പിടിച്ച നിമിഷങ്ങള്‍.

അവസാന ശ്വാസത്തിലും ‘ഞാന്‍ മുഹമ്മദ് നബിയെ സത്യപ്പെടുത്തുന്നു’ എന്ന് ഹബീബിബ്നു സൈദ്(റ) പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ആ പ്രഖ്യാപനത്തെ വരുംതലമുറക്ക് കൈമാറി തുണ്ടംതുണ്ടമായി മഹാന്‍. തിരുനബി(സ്വ)ക്കായി, താന്‍ വിശ്വസിച്ച ആദര്‍ശ സംരക്ഷണത്തിനായി ഒരു രക്തസാക്ഷി കൂടി പിറന്നു. ഇന്നാലില്ലാ….

ഹബീബി(റ)ന്‍റെ വീരരക്തസാക്ഷിത്വത്തെപ്പറ്റി മദീനയറിഞ്ഞു. കണ്ണീര്‍ കണങ്ങള്‍കൊണ്ടല്ലാതെ അതോര്‍ക്കാനാര്‍ക്കുമായില്ല.

പ്രിയമാതാവ് നസീബയുമറിഞ്ഞു വിവരം. എങ്കിലും ആ ഉമ്മക്ക് ക്ഷമയറ്റില്ല. പൊട്ടിക്കരഞ്ഞില്ല. മകനെ തനിക്ക് നഷ്ടമായതിന് വിലപിച്ചില്ല. ഈയൊരു ദിനത്തിന് വേണ്ടിയാണ് ഞാനെന്‍റെ മകനെ പോറ്റിയതെന്നായിരുന്നു അവരുടെ ആര്‍ജവമുള്ള പ്രതികരണം.

തന്‍റെ മകന്‍ നഷ്ടമായിട്ടില്ലെന്ന സത്യം നസീബ(റ)ക്കറിയാം. തനിക്ക് വലിയ നേട്ടമാണ് കൈവന്നിരിക്കുന്നത്. സ്വര്‍ഗീയ ആരാമത്തിലേക്ക് പൊന്നുമോന്‍ നേരത്തെതന്നെ നീങ്ങിയിരിക്കുന്നു. വിശ്വാസികളെല്ലാം ആഗ്രഹിക്കുന്നത് ആ സ്വര്‍ഗമാണ്. ആകാശ ഭൂതലത്തെക്കാള്‍ പ്രവിശാലമായ സ്വര്‍ഗീയ പറുദീസ. സ്വര്‍ഗത്തില്‍ പ്രപഞ്ചനാഥന്‍റെ ലിഖാഅ് എന്ന ദര്‍ശനത്തിനാണ് ഈ ജീവിതയത്നം. മകന്‍ അതില്‍ വിജയിച്ചിരിക്കുന്നു.

അവന്‍ എന്‍റെ മകന്‍ തന്നെ. പക്ഷേ ബീവി നസീബ(റ) മനസ്സില്‍ ഒന്നു കുറിച്ചിട്ടു. എന്നെങ്കിലും മുസൈലിമയെ തന്‍റെ മുന്നില്‍ കിട്ടിയാല്‍ ഇതിന് പ്രതികാരം ചോദിക്കും. തന്‍റെ പുത്രന്‍ സത്യാദര്‍ശം പുല്‍കിയതിന്‍റെയും പ്രഖ്യാപിച്ചതിന്‍റെയും പേരില്‍ അവനെ തുണ്ടമാക്കിയതിന് മാന്യമായ പ്രതികാരം.

ബീവിയുടെ പ്രതിജ്ഞ അസ്ഥാനത്തായില്ല. കാലം അതിന് കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. പില്‍ക്കാലത്ത് മുസ്ലിം സൈന്യം യമാമയെ ലക്ഷ്യമാക്കി നീങ്ങി.

നായകത്വം വഹിക്കുന്നത് പടര്‍ക്കളത്തില്‍ വിജയം മാത്രം കൊയ്ത ചരിത്രം പറയാനുള്ള അബൂസുഫ്യാനാണ്. തന്‍റെ പുത്രന്‍ അബ്ദുല്ലക്കൊപ്പം നസീബയും സൈന്യത്തില്‍ ചേര്‍ന്നു. പ്രത്യക്ഷമായി യുദ്ധത്തിനിറങ്ങുന്നതിനല്ല. മറിച്ച്, പതിവനുസരിച്ചുള്ള യുദ്ധസേവനത്തിന്.

മുസൈലിമയും സംഘവും സര്‍വായുധ സജ്ജരായി നില്‍ക്കുന്നു. യുദ്ധകാഹളമുണര്‍ന്നു. പോരാട്ടം തുടങ്ങി. വൈകാതെ പോര്‍മുഖം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു.

കള്ളപ്രവാചകന് കൂടുതല്‍ പിടിച്ചുനില്‍ക്കാനായില്ല. അവന്‍ സ്വരക്ഷക്കായി അവസാന അടവെടുത്തു. ഓടെടാ ഓട്ടം. സൈന്യവുമായി ഒരു തോട്ടത്തിലേക്ക് ഓടിക്കയറി. ചുറ്റുമതിലുകള്‍ കൊണ്ടും ഭീമാകാരമായ ഗൈറ്റുകൊണ്ടും സുരക്ഷിതമായിരുന്നു ആ തോട്ടം.  മുസൈലിമ അതിനകത്ത് കയറി ഗൈറ്റ് ഭദ്രമായി അടച്ചു.

പക്ഷേ മുസ്ലിം സൈനികര്‍ നോക്കിനിന്നില്ല. ഇരമ്പി തോട്ടത്തിന്‍റെ വാതിലനരികിലെത്തി. നീണ്ട ഉപരോധത്തിനൊടുവില്‍ ഒരു പട്ടാളക്കാരനെ തന്ത്രത്തില്‍ അകത്തേക്കിട്ടു. ഗൈറ്റിനരികിലുള്ള പാറാവുകാരെ അരിഞ്ഞുവീഴ്ത്തി ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം അകത്ത് നിന്ന് തുറന്നു. പിന്നെ മുസ്ലിം സൈനികരുടെ ഒരൊഴുക്കായിരുന്നു കണ്ടത്. മുസൈലിമ സുരക്ഷിതനായി ഒളിച്ചിരുന്ന ഇടം അവര്‍ കണ്ടെത്തി. പ്രതിരോധത്തിലേക്കു വലിഞ്ഞ അവന്‍റെ പടയാളികള്‍ ആസന്നമായ പതനം മുന്നില്‍ കണ്ടു. പോരാട്ടം ശക്തമായി. മുസൈലിമയെ തേടുകയാണ് മുസ്ലിം പടയാളികളികളിലൊരു വിഭാഗം.

വഹ്ശി(റ)യുടെ അനുഭവ വിവരണം: ‘എന്‍റെ മുന്നിലായി മുസൈലിമയെ കണ്ടെത്തിയത് ഒരു അന്‍സ്വാരി ചെറുപ്പക്കാരനായിരുന്നു. മറ്റാരുമായിരുന്നില്ല. അബ്ദുല്ലഹിബ്ന്‍ സൈദാ(റ)യിരുന്നു അത്.’

അതേ, നസീബ(റ)യുടെ മറ്റൊരു പുത്രന്‍. ഹബീബ് ബിന്‍ സൈദി(റ)ന്‍റെ അനുജന്‍. ജ്യേഷ്ഠന്‍റെ കൊലപാതകത്തിന് പ്രതിക്രിയക്ക് അവസരം പാര്‍ത്തിരുന്ന സ്വന്തം ചോര.

നസീബ ബീവി(റ)യുടെ കൈയ്യിന് സാരമായ പരിക്ക് പറ്റിയ അടയാളം ഒരിക്കല്‍ ഉമ്മു ഹബീബ(റ) കാണാനിടയായി. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ ബീവിപറഞ്ഞു: യമാമ ദിനത്തില്‍ പറ്റിയതാണിത്. അന്ന് മുസൈലിമയും സൈനികനും കോട്ടക്കുള്ളിലേക്ക് പാഞ്ഞുപോയി. സ്വഹാബികള്‍ അവന്‍റെ ഒളിയിടം ലക്ഷ്യമാക്കി പിന്തുടര്‍ന്നു. ഞാനന്ന് അന്‍സ്വാരികള്‍ക്കൊപ്പമാണുണ്ടായിരുന്നത്. ഞങ്ങള്‍ തോട്ടത്തിലെത്തി. അവിടെ പൊരിഞ്ഞ പോരാട്ടംതന്നെ നടന്നു. ഗൈറ്റിനരികില്‍ വച്ചാണ് അബൂദുജാന(റ) പിടഞ്ഞുവീഴുന്നത്. യുദ്ധം കൊടുമ്പിരികൊണ്ട നേരം. മറ്റൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഞാനും രംഗത്തിറങ്ങി. മുസൈലിമയെ ലക്ഷ്യമാക്കിത്തന്നെയാണ് നീങ്ങിയത്. പക്ഷേ പെട്ടെന്നാണ് ഒരു ശത്രുഭടന്‍ എനിക്ക് വിഘ്നം നിന്നത്. അപ്രതീക്ഷിതമായി അവന്‍ എന്‍റെ കൈക്കു വെട്ടി. അതറ്റു നിലത്തുവീഴുമെന്ന് തോന്നി എനിക്ക്. അവ്വിധം മാരകമായിരുന്നു വെട്ട്. അതെന്‍റെ അന്ത്യമാകാത്തത് ഭാഗ്യം. പിന്നെ ഞാനൊന്നും നോക്കിയില്ല. അല്ലാഹുവിന്‍റെ ശത്രുവിനെ തേടി ചുവടുകള്‍ വച്ചു. അവസാനം അവനെ ഞാന്‍ കണ്ടു, നിണമണിഞ്ഞ് മലര്‍ന്നങ്ങനെ കിടക്കുന്നു.

ഞാനെത്തുമ്പോള്‍ മുസൈലിമ കൊല്ലപ്പെട്ടിരുന്നു. കണ്ണ് തുറന്ന് നോക്കുമ്പോള്‍ എന്‍റെ പുത്രന്‍ അബ്ദുല്ലയെയാണ് കാണുന്നത്. അവന്‍ അവന്‍റെ വാള്‍ സ്വന്തം വസ്ത്രം കൊണ്ട് തുടയ്ക്കുകയാണ്.

‘നീ ആ ദുഷ്ടനെ കൊന്നോ മോനേ…’ ഞാന്‍ ചോദിച്ചു.

‘അതേ ഉമ്മാ.. ഞാനവന്‍റെ കഥ കഴിച്ചു.’

ഇത് കേട്ടതും ഞാന്‍ നാഥന് നന്ദിയുടെ സാഷ്ടാംഗത്തിലായി വീണു.

തിരുനബി(സ്വ)ക്കുശേഷം നടന്ന ഈ യുദ്ധത്തില്‍ തനിക്കേറ്റ സാരമായ പരിക്കിന് ബീവി ചികിത്സ ചെയ്തുകൊണ്ടിരുന്നു. ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ബീവിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. ചിലപ്പോള്‍ മഹതിയുടെ വീട്ടില്‍വന്ന് കാര്യങ്ങള്‍ തിരക്കും ഖലീഫ. യമാമയിലേക്ക് പുറപ്പെടുമ്പോള്‍ അറുപത് വയസ്സുണ്ടായിരുന്നു ബീവിക്ക്.

അന്‍സ്വാരി മങ്കകളിലെ രത്നമായി പരിലസിക്കുന്ന നസീബ ബീവി(റ) തന്‍റെ ജീവിതത്തിന് മറ്റ് പലര്‍ക്കുമാകാത്ത നിറങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് പരലോകം പൂകുന്നത്. ഹിജ്റ 13-ല്‍ രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ ഭരണത്തിന്‍റെ തുടക്ക കാലത്തായിരുന്നു മഹതിയുടെ മരണം. ആറു പതിറ്റാണ്ടിലേറെ നീണ്ട ത്യാഗജീവിതത്തിന്‍റെ പരിസമാപ്തി. തിരുനബിസ്നേഹം കൊണ്ട് ചരിത്രം അടയാളപ്പെടുത്തിയ ഉമ്മു ഉമാറ(റ)ക്ക് മദീനാ മലര്‍വനി അന്ത്യവിശ്രമമൊരുക്കി.

End

Exit mobile version