ബ്ലൂ വെയിൽ ഒരു ഇന്റർനെറ്റ് ഗെയിമാണ്. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ ചാലഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം. ഇതിന്റെ അന്ത്യം ആത്മഹത്യയിലേക്കാണ് നയിക്കുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന ബീച്ചെഡ് വെയിൽസ് എന്ന വാക്കിൽ നിന്നാണ് ‘ബ്ലൂ വെയിൽ’ എന്നത് നിഷ്പന്നമായത്.
ഡെത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന വികോൺടാക്ടെ എന്ന സോഷ്യൽ നെറ്റ്‌വർക്കിന്റെ ഭാഗമായാണ് 2013 -ൽ റഷ്യയിൽ ബ്ലൂ വെയിൽ ആദ്യമായി എത്തുന്നത്. 2015-ലാണ് ഈ ഗെയിമിനോടനുബന്ധിച്ചുള്ള ആദ്യത്തെ ആത്മഹത്യ നടക്കുന്നത്. ഫിലിപ്പ് ബുദെക്കിൻ എന്ന ഫിസിയോളജി വിദ്യാർത്ഥിയാണ് ഈ ഗെയിം നിർമിച്ചതെന്നാണ് അനുമാനം. യൂണിവേഴ്‌സിറ്റിയിൽ നിന്നു പുറത്താക്കിയതാണ് മനുഷ്യനെ കൊല്ലുന്ന ഗെയിം നിർമാണത്തിനു പ്രചോദനമെന്നാണ് പൊതുവേ കരുതുന്നത്. മൂല്യമില്ലാത്തവരെ ലോകത്തിൽ നിന്നു തുടച്ചു മാറ്റുക എന്നതാണ് ഈ ഗെയിമിന്റെ ലക്ഷ്യം എന്ന് ബുദിക്കിൻ പറയുന്നു.
റഷ്യയിലെ ഒരു ജേർണലിസ്റ്റ് ബ്ലൂ വെയിലിനെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും എഴുതിയ ലേഖനത്തെ തുടർന്നു ജനങ്ങൾക്കിടയിലുണ്ടായ പരിഭ്രമം കൗമാരക്കാരിലേക്ക് ഇത് കൂടുതൽ എത്തിപ്പെടാൻ കാരണമായി. 2016-ൽ കൗമാരപ്രായക്കാർക്കിടയിൽ സുപരിചിതമായി ബ്ലൂ വെയിൽ മാറി. ശേഷം ഒരു പതിനാറ്കാരിയുടെ ആത്മഹത്യയെ തുടർന്ന് ബുദിക്കിനിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോകമെമ്പാടും ബ്ലൂ വെയിൽ പ്രതിഭാസത്തെക്കുറിച്ച് ബോധവൽക്കരണങ്ങൾ നടക്കാനിതു കാരണമായി. ചൈനയിൽ സ്വന്തം കൈകളിൽ കീറിക്കൊണ്ട് ആകൃതികളുണ്ടാക്കുന്ന പ്രവണതക്കും ബ്ലൂ വെയിൽ തന്നെയാണ് കാരണമെന്ന് കരുതപ്പെടുന്നു.
ഗെയിമിന്റെ രീതി
ഗെയിം മുന്നോട്ട് പോകുന്നത് കളിക്കാരായ ചാലഞ്ചറും അഡ്മിനും തമ്മിലാണ്. കളിക്കാരൻ തീർച്ചയായും പൂർത്തിയാക്കേണ്ട കുറച്ച് കർത്തവ്യങ്ങൾ അഡ്മിൻ നൽകുന്നു. സ്വയം പീഡനമാണ് ആദ്യ ഘട്ടങ്ങളിൽ. പിന്നീട് ടാസ്‌കുകൾ കൂടുതൽ സങ്കീർണമാകുകയും അന്ത്യത്തിൽ അത് ആത്മഹത്യയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
അമ്പത് ദിവസമാണ് കർത്തവ്യങ്ങൾക്ക് നൽകുന്ന കാലാവധി. പലതും അതിരാവിലെ തുടങ്ങേണ്ടതാണ്. ക്രെയിനിന്റെ മുകളിലേക്ക് കയറുക, കൈകാലുകളിൽ ചിലത് കുത്തിവരക്കുക, സൂചി കൊണ്ട് കയ്യിലോ കാലിലോ മുറിവേൽപ്പിക്കുക, മേൽക്കൂരകളിലും പാലങ്ങളുടെ പിടികളിലും നിൽക്കുക, അഡ്മിൻ അയക്കുന്ന വീഡിയോകൾ, പാട്ടുകൾ കാണുക, കേൾക്കുക എന്നിവയാണ് മിക്കവാറും ചെയ്യാൻ നിർബന്ധിക്കുന്ന കാര്യങ്ങൾ.
ഗെയിമിന്റെ ആദ്യഘട്ടത്തിൽ ഒരു വെള്ള പേപ്പറിൽ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാനാണ് ആവശ്യപ്പെടുക. അമ്പത് ദിവസത്തിനുള്ളിലാണ് അമ്പത് ഘട്ടങ്ങൾ പൂർത്തീകരിക്കേണ്ടത്. കളിക്കാരൻ എല്ലാ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദേശമനുസരിച്ചാണ് കളിക്കാരൻ ഓരോ കാര്യവും ചെയ്യേണ്ടത്.
ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ കാണുക, പുലർച്ചെ ഉണരുക, ക്രയിനിൽ കയറുക, സെമിത്തേരിയിൽ രാത്രി കഴിയുക, കാലിൽ സൂചി കുത്തിക്കയറ്റുക, കൈകളിൽ മുറിവുണ്ടാക്കുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തിലാണ് കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഇതിനോടകം ബ്‌ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. 14നും 18നും ഇടയിലുള്ളവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടവരിലേറയും. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും ഇന്റർനെറ്റിലുള്ള ഇത്തരം ചതിക്കുഴികൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. ചില മാധ്യമങ്ങളിൽ വന്ന വിവരമനുസരിച്ച് നിരവധിയാളുകൾ ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയിൽ ഇതുപോലുള്ള ഗെയിമുകൾ/അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.
ബ്ലൂ വെയിൽ ഗെയിം ചലഞ്ച് ഏറ്റെടുത്ത് ബംഗാളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വെസ്റ്റ് ബെംഗാളിലെ മിദനാപോർ സ്വദേശിയായ അങ്കൻ ഡേയ് ആണ് ബ്ലൂ വെയിൽ ഗെയിമിന്റെ അമ്പതാം ഘട്ടം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആത്മഹത്യ ചെയ്തത്. അങ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം അവ്യക്തവും. തുടർന്നു നടത്തിയ അന്വേഷണത്തിൽ അങ്കൻ ബ്ലൂ വെയിൽ ഗെയിം നിരന്തരം കളിച്ചിരുന്നതായും ഗെയിമിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ചിരുന്നതായും കണ്ടെത്തി.
അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ച മൻപ്രീത് സഹാൻസ് എന്ന പതിനാലുകാരന്റെ മരണവും ‘നീലത്തിമിംഗലം ഗെയിം’ കാരണമെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. മരിച്ച വിദ്യാർത്ഥിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും ആത്മഹത്യയുടെ കാരണം വ്യക്തമാകാത്ത സാഹചര്യത്തിലും മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് മൻപ്രീത് പോസ്റ്റ് ചെയ്ത ഫോട്ടോയും കൈയിലെ ബ്ലൂ വെയിൽ അടയാളവുമാണ് പോലീസിനെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. ഇന്ത്യയിൽ റിപ്പോർട്ടു ചെയ്യുന്ന ആദ്യത്തെ കേസായിരുന്നു ഇത്. ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് എങ്ങനെയാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടേണ്ടതെന്ന് മൻപ്രീത് ഓൺലൈൻ വഴി തിരഞ്ഞിരുന്നു. കൂടാതെ, തിങ്കളാഴ്ച താൻ സ്‌കൂളിൽ വരുകയില്ലെന്ന് മൻപ്രീത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും പത്രം റിപ്പോർട്ട് ചെയ്തു.
ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് മുതൽ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചതായി മാതാപിതാക്കൾക്കു സംശയം തോന്നിയെങ്കിലും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. മകന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് അവർ ഇതുവരെ പുറത്തുവന്നിട്ടില്ല. മരിക്കുന്നതിന്റെ തൊട്ടു മുമ്പ് താൻ കെട്ടിടത്തിന്റെ മുകളിൽ ഇരിക്കുന്ന ഫോട്ടോ മൻപ്രീത് പോസ്റ്റ് ചെയ്തു. കാലുകൾ താഴേക്ക് തൂക്കിയിട്ടിരിക്കുന്ന രീതിയിലുള്ളതായിരുന്നു അത്. അടിക്കുറിപ്പായി ‘അവസാനം നിങ്ങൾക്ക് ബാക്കിയാവുന്നത് എന്റെ ഈ ചിത്രം മാത്രം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവത്തിലെ പോലീസ് ഭാഷ്യം ഇങ്ങനെ: അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ കാല് താഴേക്ക് ഇട്ടിരിക്കുന്ന മൻപ്രീതിനെ അടുത്തുള്ള കെട്ടിടത്തിൽ നിന്ന ഒരാൾ കാണുകയും താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പ്രീത് അനുസരിക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല, അയാളെയും ചേർത്ത് സെൽഫി എടുക്കുകയും സ്വന്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്നെ ഒരാൾ വിലക്കുന്നെന്നും അയാൾ പോയതിനു ശേഷം താൻ താഴേക്ക് ചാടുമെന്നും മൻപ്രീത് സുഹൃത്തുകളോട് പറഞ്ഞു.’
യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നൂറിലേറെ കൗമാരക്കാരാണ് ഗെയിം ചലഞ്ച് ഏറ്റെടുത്ത് ഇതിനകം ആത്മഹത്യ ചെയ്തിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തു നിന്ന് ബ്ലൂ വെയിൽ മരണ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈയിടെയാണ്. എന്നാൽ സംസ്ഥാനത്ത് 2000 പേർ ബ്ലൂ വെയിൽ കളിക്കുന്നുണ്ടെന്നാണ് സൈബർ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മക്കളെ നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുകയുമുണ്ടായി. ഒരിക്കൽ ഈ ഗെയിം ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നെ അതിൽ നിന്ന് പുറത്തുകടക്കാൻ തോന്നാത്ത വിധത്തിലുള്ള അഡിക്ഷൻ ഈ ഗെയിം കുട്ടികളിൽ സൃഷ്ടിക്കുമത്രെ. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി അറിയാൻ ഗെയിം നിർമാതാക്കൾക്ക് കഴിയുമെന്നും വാർത്തകളുണ്ട്.
ഗൂഗിൾ, ആപ്പിൾ, വിൻഡോസ് പ്ലാറ്റ്‌ഫോമുകൾ ഇത്തരം ഗെയിമുകൾ അനുവദിക്കില്ല എന്നത് കൊണ്ടു തന്നെ നമ്മൾ താരതമേന്യ സുരക്ഷിതായിരിക്കും.
ബ്ലൂ വെയിൽ ഗെയിമുകളല്ല, ബ്ലൂ ഗെയിം കാർട്ടൂൺ കഥാപാത്രങ്ങളെ പോലുള്ളവയാണ് യഥാർത്ഥ വില്ലൻ എന്നും വാർത്തയുണ്ട്. സാധാരണ ഗെയിമിനതീതമായ യാതൊരു ഭയാനകതയും അഡിക്ഷനും ഇതിലില്ലെന്നും ഇവർ പറയുന്നു. യഥാർത്ഥ മരണക്കെണി ഒരുക്കിയിരുന്നത് ഡെഡ് ഗെയിംസ് എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടം വീഡിയോ ഗെയിമുകളായിരുന്നു. എല്ലാ കൂട്ടത്തിലും അപകടകാരികളുണ്ടെന്നത് പോലെയാണ് വീഡിയോ ഗെയിമുകളിലും ഇവയുടെ സാന്നിധ്യം. കുട്ടികളിലും യുവാക്കളിലും ആത്മഹത്യാ നിരക്ക് കൂടുന്നതിനു പിന്നിൽ ഇത്തരം ഗെയിമുകളാണെന്നു മനസ്സിലാക്കി സർക്കാർ ഡെഡ് ഗെയിമുകൾ നിർത്തലാക്കിയിരുന്നു. ആ തിക്താനുഭവങ്ങളിൽ നിന്നുണ്ടായ ഭീതിയാണ് നിരുപദ്രവകരമായ ബ്ലൂ വെയിൽ ഗെയിമുകളെയും പിന്തുടർന്നത് എന്നാണ് ഇവരുടെ വാദം. അതെന്തെങ്കിലുമാകട്ടെ, കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന കുട്ടികളിൽ രക്ഷകർത്താക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അശ്രദ്ധയും അജ്ഞതയും കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടാനുള്ള കാരണമാകരുതല്ലോ.
ബ്ലൂ വെയിൽ പോലുള്ള കൊലയാളി ഗെയിമുകൾ കേരളത്തിലെ കുട്ടികൾക്കിടയിൽ വളരെ വേഗത്തിൽ പ്രചാരത്തിലാകുമെന്ന് മന:ശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കേരളത്തിൽ മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽത്സ തേടുന്ന കുട്ടികളിൽ ഭൂരിഭാഗവും മൊബൈൽ, കംപ്യൂട്ടർ ദുരുപയോഗം ചെയ്യുന്നവരാണെന്നാണ് പഠനം. ഇത്തരക്കാരെ വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ ഈ ഗെയിമുകൾക്കു സാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുക്തിസഹമായി ചിന്തിക്കേണ്ട പ്രായത്തിൽ കുട്ടികൾക്ക് മൊബൈൽ ഗെയിമുകളോട് ആസക്തിയുണ്ടാകുന്നത് സ്വയം നിയന്ത്രണ ശേഷി അവരിൽ നിന്നു വിട്ടുപോകാനിടയാക്കും. ഗെയിമുകൾ കുട്ടികളുടെ പെരുമാറ്റത്തെയും മനോഭാവത്തെയും ബാധിക്കുകയും ചെയ്യും. നേരത്തെ ബ്ലൂ വെയിൽ ഗെയിമിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. മാതാപിതാക്കൾ ഇത്തരം കൊലയാളി ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയിൽ ഈ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയും വേണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതു സംബന്ധമായ കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുക: കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവുമൊടുവിൽ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിപ്പെട്ടിരിക്കുന്ന ബ്ലൂ വെയിൽ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ലൂ വെയിൽ. ചില മാധ്യമങ്ങളിൽ വന്ന വിവരപ്രകാരം നിരവധി ആളുകൾ ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ബ്ലൂ വെയിൽ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കൗൺസിലിങ് ലഭ്യമാക്കാവുന്നതുമാണ.്’