ഭയം ഭരിക്കുന്നു ; ഇന്ത്യയെപ്പോലെ ലങ്കയിലും

Srilankan Politics

രാജ്യം ഇരുണ്ട യുഗത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇവിടെ ഇനി ഭയം മാത്രമേ അവശേഷിക്കുകയുള്ളൂ- ശ്രീലങ്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ധനുഷ്ക രാമനായകയുടെ വാക്കുകളാണിത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗോതബയ രജപക്സേയുടെ ഉജ്ജ്വല വിജയവും    മുന്‍ പ്രസിഡന്‍റ് മഹീന്ദാ രജപക്സേയെ പ്രധാനമന്ത്രിയായി അവരോധിച്ചതും ദ്വീപ് രാഷ്ട്രത്തില്‍ എന്ത് ആഘാതമാണ് ഏല്‍പ്പിക്കാന്‍ പോകുന്നതെന്ന് ഈ വാക്കുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ഭയം വിതച്ചാണ് ഗോതബയ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. രാഷ്ട്ര സുരക്ഷ എന്ന ഒറ്റ വിഷയമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. രജപക്സേ കുടുംബത്തിന്‍റെ സമഗ്രാധിപത്യത്തെ ഒരിക്കല്‍ തോല്‍പ്പിച്ച ശ്രീലങ്കന്‍ ജനത സംശയമൊട്ടും കൂടാതെ അതേ കുടുംബ വാഴ്ചയെ വരിക്കണമെങ്കില്‍ എത്ര ശക്തമായിരിക്കും ആ ഭീതിവത്കരണം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളില്‍ നടന്ന ക്രൂരമായ ഭീകരാക്രമണമാണ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് രജപക്സേയിസത്തെ പ്രാപ്തമാക്കിയത്. തമിഴ് പുലികളെ മുച്ചൂടും മുടിച്ച് തീവ്രദേശീയതയുടെ രക്താഭിഷേകം നടത്തിയതിന്‍റെ പിറകേ നടന്ന തിരഞ്ഞെടുപ്പില്‍ പോലും ഇത്ര വിദഗ്ധമായി ഭൂരിപക്ഷ ധ്രുവീകരണം നടത്താന്‍ രജപക്സേമാര്‍ക്ക് സാധിച്ചിരുന്നില്ല. അത്കൊണ്ട് ഗോതബയ രജപക്സേയുടെ വിജയത്തിന്‍റെ യഥാര്‍ഥ അവകാശികള്‍ സലഫീ ഗ്രൂപ്പുകളാണ്. സ്വന്തം സമുദായത്തെ നിതാന്തമായ ഭയത്തിലേക്കും അന്യവത്കരണത്തിലേക്കും തള്ളിവിട്ട സലഫീ തീവ്രവാദികള്‍ ഇപ്പോള്‍ എവിടെയുമില്ല. നിരപരാധരായ മനുഷ്യരെ കൊന്നു തള്ളിയവരും അവരുടെ സിംപതൈസര്‍മാരും ഇപ്പോള്‍ മിണ്ടുന്നില്ല. ആ വിഡ്ഢികളുടെ നാവിറങ്ങിപ്പോയിരിക്കുന്നു.  എവിടെയും അവര്‍ അങ്ങനെയാണ്. തീവ്രവലതുപക്ഷത്തിനും സാമ്രാജ്യത്വത്തിനും വഴിമരുന്നിട്ട് അവര്‍ തിരശ്ശീലക്ക് പിന്നിലേക്ക് മറയും. ഇസ്ലാമോഫോബിയയുടെ തീയില്‍ മുസ്ലിംകള്‍ വേവും. നിഷ്കളങ്കരായ വിശ്വാസികളെ ചൂണ്ടി വര്‍ഗീയവാദികള്‍ രാഷ്ട്രീയ നേട്ടം കൊയ്യും.  വഹാബിസ്റ്റ്, മൗദൂദിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരവും കാണാനാകില്ല. ഇതാണ് ഇപ്പോള്‍ ശ്രീലങ്കയിലും കാണുന്നത്.

അവര്‍ വീണ്ടും വരുന്നു, കൂടുതല്‍ ശക്തരായി

2005-ല്‍  മഹീന്ദാ രജപക്സേ പ്രസിഡന്‍റായിരുന്നപ്പോള്‍ സഹോദരന്‍ ഗോതബയയെ പ്രതിരോധ സെക്രട്ടറിയായും മറ്റൊരു സഹോദരന്‍ ബസിലിനെ പ്രസിഡന്‍റിന്‍റെ മുതിര്‍ന്ന ഉപദേശകനായും നിയമിച്ചു. മറ്റൊരു സഹോദരന്‍ ചമലിനെ പാര്‍ലിമെന്‍റ് സ്പീക്കറാക്കി. ബസില്‍ രജപക്സേക്ക് പിന്നീട്  സാമ്പത്തിക വികസന, ഗതാഗത വകുപ്പുകളുടെ ചുമതലയും നല്‍കി. മൂന്ന് സഹോദരന്മാര്‍ക്കുമിടയില്‍ ബജറ്റിന്‍റെ 70 ശതമാനം കൈകാര്യം ചെയ്യുന്ന അഞ്ച് മന്ത്രാലയങ്ങളെ കൊണ്ടുവന്നു. ഒരിക്കല്‍ കൂടി ഇവരെല്ലാം അധികാരശ്രേണിയിലേക്ക് തിരിച്ചെത്തുകയാണ്. വൈദേശിക അധിനിവേശവും ആഭ്യന്തര സംഘര്‍ഷവും ഏല്‍പ്പിച്ച മുറിവുണക്കാന്‍ പാടുപെടുന്ന ശ്രീലങ്കന്‍ പോളിറ്റിയിലേക്ക് സിംഹള വര്‍ഗീയത കടത്തിവിട്ടവരാണ് ഇവരെല്ലാം. ഇന്ത്യയിലെ സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് ആശയാടിത്തറ സ്വീകരിക്കുന്ന ബുദ്ധ തവ്രവാദി സംഘടനയായ ബോധു ബല സേന രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ഗോതബയ രജപക്സേ. സംഘടന നടത്തിക്കൊണ്ടുപോകുന്നതും ഇടക്കിടക്ക് കലാപം വിതക്കുന്നതും ബുദ്ധഭിക്ഷുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറേ കാഷായ വേഷധാരികളാണെങ്കിലും ഇവര്‍ക്കെല്ലാം രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഒരുക്കുന്നത് ഗോതബയയാണ്. കഴിഞ്ഞ വര്‍ഷം കാന്‍ഡിയില്‍ നടന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങള്‍ക്ക് പിന്നിലും ബി ബി എസുണ്ടായിരുന്നു.

മുന്‍ യു എസ് പൗരനായ ഗോതബയക്കെതിരെ ശ്രീലങ്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ മനുഷ്യാവകാശ ലംഘനത്തിന് കേസുകളുണ്ട്. യു എസില്‍ സ്വന്തമായി വസതിയുള്ള ഈ എഴുപതുകാരന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചത്. പത്രപ്രവര്‍ത്തകന്‍റെ കൊലപാതകം ഉള്‍പ്പെടെ ഗോതബയക്കെതിരെ ഈ വര്‍ഷം ആദ്യം യു എസില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.  മഹിന്ദ രജപക്സെയുടെ ഭരണകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ വിമര്‍ശകര്‍ക്കെതിരെ  വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടന്നത്.

ഈ കേസുകളിലെല്ലാം അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴാണ് ഭരണമാറ്റം സംഭവിച്ചിരിക്കുന്നത്. ഇവയിലൊന്നും ഇനി നീതി കിട്ടാന്‍ പോകുന്നില്ലെന്നുറപ്പാണ്. ഭരണയന്ത്രത്തിന് മേല്‍ അതിദേശീയവാദികള്‍ പിടിമുറുക്കുമ്പോള്‍ പോലീസും പട്ടാളവും ഉദ്യോഗസ്ഥവൃന്ദവും കോടതി പോലും കൂട്ടിലടച്ച തത്തകളായി മാറും.  2008- 2009 കാലത്തെ എല്‍ ടി ടി ഇ വേട്ടക്കിടെ നടന്ന തമിഴ് കൂട്ടക്കൊലയുടെ വിശദാംശങ്ങളിലേക്ക് ചരിത്രത്തിലെ ഏറ്റവും അപകടകരമായ അന്വേഷണം നടത്തിയ പത്രപ്രവര്‍ത്തകന്‍ പ്രഗീത് എക്നാലിഗോഡ അപ്രത്യക്ഷനായിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. മരിച്ചോ, ജീവിക്കുന്നോ? ഒരു വിവരവുമില്ല. ഈ  കേസില്‍ ഗോതബയ പ്രതിയാണ്. തന്‍റെ ഭര്‍ത്താവിനെ കൊന്നു കളഞ്ഞത് തന്നെയാണെന്ന് ഭാര്യ സന്ധ്യാ എക്നലിഗോഡ വിശ്വസിക്കുന്നു. ഭരണം മാറിയതോടെ നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചുവെന്നും ഇനി അതിന് പിറകേ പോകാനില്ലെന്നും അവര്‍ വ്യക്തിമാക്കി.

ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന സി ഐ ഡി സംഘത്തെ പിരിച്ചു വിടുകയാണ് രജപക്സേമാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യം ചെയ്തത്. മുഖ്യ ഡിറ്റക്ടീവ് നിഷാന്താ സില്‍വ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പലായനം ചെയ്തിരിക്കുന്നു. അദ്ദേഹം മാത്രമല്ല, നിരവധി ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും നാടുവിടാനൊരുങ്ങുകയാണ്. കഴിഞ്ഞയാഴ്ച സ്വിസ് എംബസി ഉദ്യോഗസ്ഥയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത് ഇതുമായി ചേര്‍ത്ത് വായിക്കണം. ഈ ഉദ്യോഗസ്ഥയുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യിച്ച് അക്രമികള്‍ വിവരങ്ങള്‍ ചോര്‍ത്തി. ലാപ് ടോപ്പിലെ വിവരങ്ങളും കൈക്കലാക്കി. അവര്‍ക്ക് വേണ്ടിയിരുന്നത് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകാനൊരുങ്ങുന്നവരുടെ പേര് വിവരങ്ങളായിരുന്നു. തട്ടിക്കൊണ്ടു പോയ കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. ഗോതബയയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് തട്ടിക്കൊണ്ടു പോയതെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്ല പാര്‍ട്ടി പ്രവര്‍ത്തകരാണ് കൃത്യം നിര്‍വഹിച്ചതെന്നും വിവരമുണ്ട്. ഏതായാലും പ്രസിഡന്‍റിനു വേണ്ടിയാണ് എല്ലാം.

എല്‍ ടി ടി ഇ വേട്ടക്കിടെ നടന്ന വംശഹത്യയില്‍ ഒരു അന്വേഷണത്തിന്‍റെയും ആവശ്യമില്ലെന്നാണ് രജപക്സേ സഹോദരന്‍മാര്‍ പറയുന്നത്. ‘രാഷ്ട്രത്തിന്‍റെ സുരക്ഷയാണ് മുഖ്യം. അതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം. ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ സമ്മാനിച്ച വിജയം ഈ അന്വേഷണങ്ങളെയും അന്താരാഷ്ട്ര വിമര്‍ശങ്ങളെയും അപ്രസക്തമാക്കിയിരിക്കുന്നു. ആര്‍ക്കെതിരെയാണ് അന്വേഷണം? കരസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ. നാവിക കമാന്‍ഡര്‍മാര്‍ക്കെതിരെ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ, എനിക്കെതിരെ. എന്നുവെച്ചാല്‍ രാജ്യത്തിനെതിരെ. ഇത് നിയമവാഴ്ചയല്ല’- ഗോതബയ തുറന്നടിക്കുന്നു. പ്രസിഡന്‍റായയുടന്‍ അദ്ദേഹം പോയത് ബുദ്ധഭിക്ഷുക്കളുടെ യോഗത്തിലേക്കാണ്. അവിടെ വെച്ചാണ് അദ്ദേഹം ഈ നയപ്രഖ്യാപനം നടത്തിയത്. രജപക്സേ കുടുംബത്തിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന 700 ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്നതാണ് ഏറ്റവും പുതിയ വിവരം. അവരില്‍ ആരെയൊക്കെ കാണാതാകുമെന്ന് ആര്‍ക്കറിയാം.

 

2015-ല്‍ നിന്ന് 2019-ലേക്കുള്ള ദൂരം

 

2015-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മഹീന്ദാ രജപക്സേയുടെ തോല്‍വി ലോകത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. അദ്ദേഹത്തിന്‍റെ മന്ത്രിസഭാംഗമായിരുന്നു മൈത്രിപാല സിരിസേന മാസങ്ങള്‍ക്ക് മുമ്പ് മാത്രം രൂപവത്കരിച്ച പാര്‍ട്ടിയുടെ ബാനറില്‍ മഹിന്ദാ രജപക്സെയെന്ന അതിശക്തനെ എതിരിടാനിറങ്ങിയപ്പോള്‍ അതൊരു മത്സരമേ അല്ലെന്ന് വലയിരുത്തിയവരാണ് ഏറെയും. പുലി വേട്ടയുണ്ടാക്കിയ വീരപരിവേഷത്തിലായിരുന്നു രജപക്സേ. സിംഹള വീര്യത്തിന്‍റെ ആള്‍രൂപമായി അദ്ദേഹം മാറി. സിംഹള ധ്രുവീകരണത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രചാരണം മുഴുവന്‍. സിരിസേനയാകട്ടെ കുടുംബവാഴ്ച, അഴിമതി, ന്യൂനപക്ഷ വേട്ട, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഒരു ഭാഗത്ത് സിംഹള വികാരം. മറുഭാഗത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭീതി. ഇത് മുസ്ലിം, തമിഴ്, ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കി. ഒടുവില്‍ മഹീന്ദയെന്ന ഭീമനെ സിരിസേനയെന്ന കുഞ്ഞന്‍ വീഴ്ത്തി. ഭൂരിപക്ഷ ധ്രുവീകരണം സമ്പൂര്‍ണമായിരുന്നില്ലെന്നതും ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായിരുന്നുവെന്നതും മതേതര ചേരി വലിയ പരുക്കില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നതുമാണ് സിരിസേനയെ അന്ന് ജയിപ്പിച്ചത്.

2019-ലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രജപക്സേ പേടിയുണ്ടായിരുന്നു. അത് മുമ്പത്തേക്കാള്‍ ശക്തവുമായിരുന്നു. ഇന്ത്യയില്‍ മോദി പേടി പോലെ. അത്കൊണ്ട് ഇത്തവണയും ന്യൂനപക്ഷ വിഭാഗങ്ങളില്‍,  ക്രിസ്ത്യാനികള്‍ ഒഴിച്ച്  ഗോതബയ രജപക്സേക്ക് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഭയത്തിന്‍റെ കയത്തിലേക്ക് തള്ളിവിട്ട ഈസ്റ്റര്‍ ദിന സ്ഫോടന പരമ്പരയാണ് സിംഹള ധ്രുവീകരണം സമ്പൂര്‍ണമാക്കിയത്. മറ്റെല്ലാ രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും തകര്‍ത്തു കളഞ്ഞു ആ സ്ഫോടനം. സലഫീ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെങ്കിലും രാജ്യത്തെ മുഴുവന്‍ മുസ്ലിംകളും സംശയത്തിന്‍റെ നിഴലിലാകുകയായിരുന്നു. നൂറു കണക്കിന് യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മുസ്ലിംകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്കരിച്ചു.  തൊഴിലിടങ്ങളില്‍ നിന്ന് മുസ്ലിംകള്‍ പുറത്താക്കപ്പെട്ടു. ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കിലും ക്രിസ്ത്യാനികള്‍ക്ക് എവിടത്തെയും പോലെ പൊതു ബോധം സൃഷ്ടിക്കാനുള്ള മിടുക്കുണ്ടായിരുന്നു. ആക്രമിക്കപ്പെട്ടത് അവരുടെ ദേവാലയങ്ങളാണല്ലോ. അവര്‍ സിംഹളര്‍ക്കൊപ്പെം ചേര്‍ന്ന് വിദ്വേഷ പ്രചാരണം നടത്തി. തമിഴര്‍ പോലും ഈ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു.

സജിത്ത് പ്രമേദാസയായിരുന്നു ഗോതബയ രജപക്സേയുടെ എതിരാളി. വിക്രസിംഗേ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ സുരക്ഷാ പ്രശ്നങ്ങളുടെ പാപഭാരം മുഴുവന്‍ സജിത്തിന് മേല്‍ വന്നു. രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബുദ്ധ തീവ്രവാദി സംഘടനകള്‍ നടത്തിയ ശ്രമം രണ്ട് തരത്തിലാണ് വിജയം കണ്ടത്. ഒന്നാമതായി കടുത്ത ഇസ്ലാമോഫോബിയക്ക് അത് വഴി വെച്ചു. രണ്ടാമതായി നിലവിലെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദത്തിന് അത് ശക്തി പകര്‍ന്നു. ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച  രജപക്സേ കുടുംബത്തിന് മാത്രമേ പുതിയ ഭീഷണികളെ നേരിടാന്‍ കെല്‍പ്പുള്ളൂവെന്ന പൊതു ബോധം സൃഷ്ടിക്കപ്പെടുകയായിരുന്നു.

ഈ അവസ്ഥ സൃഷ്ടിച്ചത് മുസ്ലിംകള്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത സലഫീ ഗ്രൂപ്പുകളാണ്.  ആദം മലയുള്ള നാടാണ് ശ്രീലങ്ക. അനേകം ദര്‍ഗകളാല്‍ സമ്പന്നമായ നാട്. പലയിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത നവീനവാദക്കാര്‍ ഈ പാരമ്പര്യങ്ങള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തിയപ്പോള്‍ മുസ്ലിം പരിഷ്കരണമായി വാഴ്ത്തുകയാണ്  ശ്രീലങ്കയിലെ സെക്യുലറിസ്റ്റുകള്‍ ചെയ്തത്. ഒടുവില്‍ സഹ്റാന്‍ ഹാശിമിനെപ്പോലെയുള്ള തീവ്രവാദികള്‍ പിറക്കുമ്പോഴും സര്‍ക്കാര്‍ അനങ്ങിയില്ല. ഈ പ്രവണതയെ അതിശക്തമായി എതിര്‍ത്ത വരാണ് ദ്വീപ് രാഷ്ട്രത്തിലെ മുഴുവന്‍ പണ്ഡിതരും. എന്നിട്ടും മുസ്ലിം ജനസാമാന്യം പൊട്ടന്‍ഷ്യല്‍ ടെററിസ്റ്റ് മുദ്ര പേറേണ്ടി വരുന്നു. മതത്തിന്‍റെ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് പോയ മുഴുവന്‍ മുസ്ലിം നാമധാരികളും വഴിമരുന്നിട്ടു കൊടുക്കുന്നത് വര്‍ഗീയവാദികള്‍ക്കാണ്. ലോകത്തെവിടെയും അതാണ് അനുഭവം.

സലഫീ തീവ്രവാദികള്‍  ദര്‍ഗകള്‍ ആക്രമിച്ചപ്പോള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. മുസ്ലിംകളിലെ ആഭ്യന്തര പ്രശ്നമായി അതിനെ ചുരുക്കിക്കാണുകയാണ് അവര്‍ ചെയ്തത്.  പുണ്യ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വഹാബി പ്രവര്‍ത്തകര്‍ വിശ്വാസികളെ തടഞ്ഞപ്പോള്‍ ദര്‍ഗകള്‍ക്ക് താഴിടുകയെന്ന ലളിത പരിഹാരമായിരുന്നു സര്‍ക്കാര്‍ പുറത്തെടുത്തത്. തമിഴ് സ്വത്വവും മുസ്ലിം സ്വത്വവും ഒരുമിച്ച് പേറുമ്പോഴും ശ്രീലങ്കയിലെ മുസ്ലിംകള്‍ എല്‍ ടി ടി ഇയെ തള്ളിപ്പറഞ്ഞത് തീവ്രവാദ പ്രവണതകളോടുള്ള വിസമ്മതം കൊണ്ടാണ്. സഹ്റാന്‍ ഹാശിമിന്‍റെ പ്രഭാഷണങ്ങള്‍ യുവാക്കളില്‍ ചിലരെ ആവേശം കൊള്ളിച്ചപ്പോള്‍ മുസ്ലിം ജനസാമാന്യം അതിനെയും തള്ളിപ്പറഞ്ഞു. 2014ല്‍ ‘സമാധാനകാംക്ഷികളായ മുസ്ലിംകളുടെ കൂട്ടായ്മ’ ആഭ്യന്തര വകുപ്പിന് നല്‍കിയ നിവേദനത്തില്‍ നാഷനല്‍ തൗഹീദ് ജമാഅത്തിനെ വിശേഷിപ്പിച്ചത് ‘അതിവേഗം വ്യാപിക്കുന്ന ക്യാന്‍സര്‍’ എന്നാണ്. ഇസ്ലാമിക മൂല്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഏകദൈവാരാധനയില്‍ കലര്‍പ്പ് പാടില്ലെന്നുമാണ് പുറമേ പറയുന്നതെങ്കിലും അവരുടെ ആശയപ്രചാരണം ആത്യന്തികമായി ചെന്നെത്തുക  ഭീകരതയിലായിരിക്കുമെന്ന് അന്നത്തെ നിവേദനത്തില്‍ ഒപ്പിട്ട മുസ്ലിം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നാഷണല്‍ തൗഹീദ് ജമാഅത്തുമായും ജമാഅത്തെ മില്ലത്ത് ഇബ്റാഹിമുമായും ഒരു ബന്ധവും പാടില്ലെന്ന് ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ വിശ്വാസികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. ഈ സംഘടനകള്‍ പുറത്തിറക്കുന്ന ഖുര്‍ആന്‍ പരിഭാഷകള്‍ നിരോധിക്കണമെന്ന് സര്‍ക്കാറിനെ ജംഇയ്യത്തുല്‍ ഉലമ ഓര്‍മിപ്പിക്കുകയുമുണ്ടായി.

 

ഭയമാണ് ഭരിക്കുന്നത്

ദ്വീപ് രാഷ്ട്രത്തില്‍ ഭയം അലയടിക്കുകയാണ്. ഇന്ത്യയിലും അത് തന്നെയാണ് സ്ഥിതി. ഇവിടെ പശുവിറച്ചിയാണെങ്കില്‍ അവിടെ ഹലാല്‍ ഭക്ഷണ സ്റ്റാളുകളാണ് പ്രശ്നം. ഇവിടെ രാമനാണെങ്കില്‍ അവിടെ രാവണനാണ്. ഇവിടെ താമരയാണെങ്കില്‍ അവിടെ തമരമൊട്ടാണ്. രാവണ വിഗ്രഹത്തില്‍ രക്തമുദ്ര ചാര്‍ത്തിയാണ് രജപക്സേയുടെ ‘പൊതുജന പൊരുമുന പാര്‍ട്ടി’ക്കാര്‍ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. താമരമൊട്ടാണ് പാര്‍ട്ടിയുടെ ചിഹ്നം.  ദ്വീപ് രാഷ്ട്രത്തിന്‍റെ ചരിത്രത്തെ മുഴുവന്‍ നിരാകരിച്ച് സമ്പൂര്‍ണ സിംഹളവത്കരണത്തിലേക്ക് രാജ്യം നീങ്ങുകയാണ്.

വേലുപ്പിള്ള പ്രഭാകരനെ വകവരുത്താനിറങ്ങിയപ്പോള്‍ പട്ടാളം കൊന്നു തള്ളിയ മനുഷ്യരുടെ ചോര ഇന്നും രജപക്സേ സഹോദരര്‍മാരുടെ  കൈകളിലുണ്ട്. ലോകത്തെ എല്ലാ സമാധാന കാംക്ഷികളും ആ  ചോര കാണുന്നുണ്ട്. സൈനിക നടപടിക്കിടെ ‘കൊളാറ്ററല്‍ ഡാമേജ്’ സ്വാഭാവികമാണെന്നാണ് രജപക്സെ പറയുന്നത്.  സമാനമായ വാക്കുകള്‍ ഉച്ചരിച്ചയാളാണല്ലോ ഇന്ത്യയില്‍ രണ്ടാമതും  പ്രധാനമന്ത്രിയായത്. ഗുജറാത്ത് വംശഹത്യയില്‍ മരിച്ചു വീണ മുസ്ലിംകള്‍, ‘കാറോടിച്ച് പോകുമ്പോള്‍ ചക്രത്തിനടിയില്‍ പെടുന്ന പട്ടിക്കുഞ്ഞുങ്ങള്‍’ മാത്രമായിരുന്നുവല്ലോ മോദിക്ക്. ശ്രീലങ്കയില്‍ രജപക്സേമാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമ്പോള്‍ ഒരു വികാരം മാത്രമാണ് മുസ്ലിംകളെയും തമിഴരെയും ഭരിക്കുന്നത്- ഭയം.

Exit mobile version