ഭൗതിക വിദ്യാഭ്യാസ ഭ്രമം മതവിദ്യക്ക് വിഘാതമാകരുത്

തിരുനബി(സ്വ) പറഞ്ഞു: സന്തതികളോട് നിങ്ങൾ മാന്യമായി പെരുമാറുക. അവരുടെ ശീലങ്ങൾ നിങ്ങൾ നന്നാക്കുക (ഇബ്നുമാജ). മുസ്ലിം ഉമ്മത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് ചെറിയ പെരുന്നാളിനു ശേഷം മതവിദ്യാഭ്യാസാരംഭമാണ്. മദ്‌റസകളും പള്ളിദർസുകളും പുന:രാരംഭിക്കുന്ന സമയം. ഈ നല്ല ശീലത്തിന്റെ ഫലമായാണ് മുസ്‌ലിം സമുദായത്തിൽ മതവിഷയങ്ങളിൽ താൽപര്യവും പ്രതിബദ്ധതയുമുള്ള വലിയൊരു വിഭാഗം നിലനിൽക്കുന്നത്. പ്രാതികൂല്യങ്ങളും പ്രലോഭനങ്ങളും ഏറെ നിലനിൽക്കുമ്പോഴും ഞാനൊരു വിശ്വാസിയാണെന്ന ഉള്ളുറച്ച നിലപാട് പ്രകടിപ്പിക്കാൻ ഒരു വിഭാഗം എന്നും ഇവിടെയുണ്ട്. മുൻഗാമികളൊരുക്കിത്തന്ന മതപരമായ ഈ സുരക്ഷ ശിഷ്ട തലമുറകൾക്ക് കൂടി ലഭ്യമാക്കാൻ നമുക്ക് ബാധ്യതയുണ്ട്.
കുട്ടികൾ നമ്മുടെ കൈയിലേൽപിക്കപ്പെട്ട അമാനത്താ(സൂക്ഷിപ്പ് സ്വത്ത്)ണ്. അവരുടെ നല്ല ഭാവിയും വിജയ പരാജയങ്ങളും നമ്മുടെ സമീപനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമനുസരിച്ചാണ്. ‘എല്ലാ സന്തതികളും പിറക്കുന്നത് ശുദ്ധപ്രകൃതത്തിലാണ്. അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യനോ അഗ്‌നിയാരാധകനോ ആക്കുന്നു’ (ബുഖാരി) എന്ന് നബി(സ്വ).
വിദ്യാഭ്യാസം ലഭിക്കൽ മക്കളുടെ അവകാശമാണ്. അവരെ വിദ്യാഭ്യാസം ചെയ്യിക്കൽ രക്ഷിതാക്കളുടെ ബാധ്യതയും. ഈ ലോകത്ത് മാന്യമായി ജീവിച്ച് പരലോക വിജയം നേടാനുള്ള അറിവും അനുഭവങ്ങളുമാണ് വിദ്യാഭ്യാസം വഴി ലഭ്യമാക്കേണ്ടത്. ശാശ്വത ജീവിതമായ പാരത്രിക വിജയം സമ്പാദിക്കാൻ മതവിജ്ഞാനം കൂടിയേ തീരൂ.
മതമെന്നാൽ വിശ്വാസവും കർമവും സംസ്‌കാരവുമൊക്കെ ചേർന്നതാണ്. ശരിയായ വിശ്വാസം സ്വീകരിക്കുകയും ശരിയായ കർമങ്ങളനുഷ്ഠിക്കുകയും ശരിയായ സംസ്‌കാരവും ജീവിത ശീലങ്ങളും സ്വഭാവങ്ങളും പരിശീലിക്കുകയുമാണ് മുസ്‌ലിം വേണ്ടത്. അതിനുതകുന്ന അറിവും തിരിച്ചറിവുമാണ് മക്കൾക്ക് കിട്ടേണ്ടത്. അതിനു പറ്റിയ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അവരെ വിദ്യാഭ്യാസം ചെയ്യിക്കണം.
അറിവ് സമ്പാദിച്ച് തുടങ്ങുന്നത് ഏതാണ്ട് മൂന്നു വയസ്സ് മുതലാണ്. ഈ സമയത്താണ് നാം കുട്ടികളെ പഠിക്കാനയച്ച് തുടങ്ങുന്നത്. മക്കളെ മതം പഠിപ്പിക്കാനുള്ള ബാധ്യത രക്ഷിതാക്കൾക്കാണ്. അതിന് നമുക്കുള്ള അസൗകര്യവും പരിമിതികളും പരിഹരിക്കാനാണ് പ്രാഥമിക മതപാഠശാലകളായ മദ്‌റസകൾ സംവിധാനിച്ചത്. അറിവും പരിശീലനവും നേടിയ യോഗ്യരായ ഉസ്താദുമാരുടെ സേവനം അവിടങ്ങളിൽ ലഭ്യമാണ്. പക്ഷേ, കേവലമൊരു ചടങ്ങെന്ന നിലയിൽ മദ്‌റസാ പഠനത്തെ കാണുന്നവർ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് സങ്കടകരമാണ്. മുസ്ലിമിനെ സംബന്ധിച്ച് ഒന്നാം പരിഗണന മതപഠനത്തിന് തന്നെയാണ്. കാരണം നമ്മുടെ ഇരുലോക വിജയത്തിനായി പ്രവർത്തിക്കേണ്ടത് അവനവൻ തന്നെയാണ്. ശരിയായ വിശ്വാസം ഉള്ളിലുറച്ച് കർമാനുഷ്ഠാനങ്ങൾ നിർവഹിച്ച് ജീവിക്കാൻ വേണ്ട അറിവുകൾ മദ്‌റസകളിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ ഈ സംവിധാനം നിലനിൽക്കണം.
ഭൗതിക വിജ്ഞാനത്തിന് ഐഹിക ജീവിതകാലത്തെ ആയുസ്സ് മാത്രമേയുള്ളൂ. എങ്കിലും അതനിവാര്യമാണ്. ഒപ്പം മതവിജ്ഞാനം കൂടിയുണ്ടാവുമ്പോൾ അത് പരലോക വിജയത്തിന് കൂടുതൽ സഹായകമാവും. അങ്ങനെ രണ്ടു ലോകവും സന്തോഷകരമാക്കാനാവും. അതുകൊണ്ട് തന്നെ മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിൽ രണ്ടും തമ്മിൽ വേർതിരിക്കേണ്ടതില്ല. ഒന്ന് മറ്റൊന്നിന് വിഘാതമായി കരുതേണ്ടതുമില്ല. എങ്കിലും മുൻഗണനാക്രമവും പരിഗണനയും കരുതലോടെയാവണം. മതപഠനത്തിന് അവസരില്ലാത്ത വിധത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകാൻ വിശ്വാസിക്ക് പറ്റില്ല. ജന്മവും ജീവിതവും തന്ന അല്ലാഹുവിനെ കൈവിട്ടുള്ള ജീവിതത്തിൽ ശാശ്വത വിജയവും സന്തോഷവുമുണ്ടാകില്ല. ഭൗതികമായ എല്ലാ സർട്ടിഫിക്കറ്റുകളും ജോലികളും മരണത്തോടെ അസ്തമിക്കും. ഭൗതികമായി പഠിപ്പിച്ച് മക്കൾ നേടിയ സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും ഉപഭോക്താക്കളായി ജീവിക്കാൻ മാതാപിതാക്കൾക്ക് എത്ര ആയുസ്സാണ്, അവസരമാണ് ലഭിക്കാറുള്ളതെന്ന് പറയേണ്ടതില്ലല്ലോ. പഠിച്ചവനും പഠിപ്പിച്ചവനും ലഭിക്കുന്നത് പരിമിത കാലമാണ്.
മതപരമായ വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന നേട്ടം അനശ്വരമാണ്. അത് നേടിത്തരുന്നത് പരലോക വിജയമാണെന്നതാണ് കാരണം. പരലോകം അനശ്വരമാണ്. മരണാനന്തരവും നിലയ്ക്കാതെ നന്മകളും ഗുണങ്ങളും നൽകുന്ന കാര്യങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ഉപകാരപ്രദമായ വിജ്ഞാനമാണ്. തനിക്കു വേണ്ടി പ്രാർത്ഥന നടത്തുന്ന സ്വാലിഹായ സന്തതിയാണ് രണ്ടാമത്തേത്. സന്തതി സ്വാലിഹാകണമെങ്കിൽ മതപരമായ അറിവും അനുഷ്ഠാനങ്ങളുമുള്ളവരായി അവരെ വളർത്തണം.
‘നാഥാ, എന്റെ മാതാപിതാക്കൾ എന്നെ ചെറുപ്പത്തിൽ കാരുണ്യം തന്ന് വളർത്തിയിട്ടുണ്ട്, അതിനാൽ നീ അവർക്ക് കാരുണ്യം ചൊരിയേണമേ (റബ്ബിർഹം ഹുമാ…) എന്ന് പ്രാർത്ഥിക്കുന്ന മക്കളാവണമെങ്കിൽ, നമ്മുടെ മരണാനന്തരം ആത്മീയമായ ചടങ്ങുകൾ നടത്തി നമുക്ക് പരലോക ഗുണം ലഭിക്കുന്ന സാഹചര്യമുണ്ടാകണമെങ്കിൽ, അവർക്ക് മതം പഠിപ്പിക്കുകയേ മാർഗമുള്ളൂ.
ഇമാം നവവി(റ) എഴുതുന്നു: പ്രായം തികഞ്ഞതിനു ശേഷമുള്ള ജീവിതത്തിന് സഹായകമാവുന്ന കാര്യങ്ങൾ ചെറിയ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കൽ മാതാപിതാക്കളുടെ മേൽ ബാധ്യതയാണെന്ന് ഇമാം ശാഫിഈ(റ)യും മദ്ഹബിലെ ഗുരുവര്യന്മാരും പറഞ്ഞിട്ടുണ്ട്. ശുദ്ധീകരണം, നിസ്‌കാരം, നോമ്പ് തുടങ്ങിയവ പഠിപ്പിക്കണം. വ്യഭിചാരം, സ്വവർഗഭോഗം, മോഷണം, ലഹരി, കളവു പറയൽ തുടങ്ങിയവ നിഷിദ്ധമാണെന്നറിയിച്ചുകൊടുക്കണം. പ്രായം തികയുന്നതോടെ ശരീഅത്തിന്റെ നിയമങ്ങളനുസരിക്കാൻ ബാധ്യസ്ഥനാണെന്നുണർത്തണം. കുട്ടിക്ക് ഇവ പഠിപ്പിക്കണമെന്നതിന് ‘സത്യവിശ്വാസികളേ, നിങ്ങൾ സ്വന്തത്തെയും നിങ്ങളുടെ കുടുംബത്തെയും നരകത്തിൽ നിന്നും കാത്തുരക്ഷിക്കുക’ എന്ന അല്ലാഹുവിന്റെ കൽപന തെളിവാണ് (ശറഹുൽ മുഹദ്ദബ്).
പ്രസ്തുത ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഖുശൈരി(റ) രേഖപ്പെടുത്തുന്നു: അവർക്ക് മതനിയമങ്ങൾ പഠിപ്പിക്കുക, സംസ്‌കാരം പഠിപ്പിക്കുക, അല്ലാഹുവിന് വഴിപ്പെടുന്നതിലേക്ക് നയിക്കുക, അധ്യാപനത്തിലൂടെയും മാർഗദർശനത്തിലൂടെയും പാരത്രിക ശിക്ഷക്ക് ബന്ധപ്പെട്ടവരാവുന്നതിൽ നിന്നു തടയുക, സുന്നത്ത് ജമാഅത്ത് എന്തെന്ന് അവർക്കറിയിച്ചുകൊടുക്കുക, സൽസ്വാഭാവം പരിശീലിപ്പിക്കുക, ഉപദേശങ്ങൾ സ്വീകരിക്കണമെന്നവരോട് നിർദേശിക്കുക.’നിങ്ങൾ അവർ കാൺകെ ഇബാദത്തുകളും സൽകർമങ്ങളും അനുഷ്ഠിക്കുക, അതു കണ്ട് അവർ പഠിക്കുകയും നിങ്ങളെപ്പോലെ അവരും പതിവാക്കുകയും ചെയ്യും (തഫ്‌സീർ ഖുശൈരി).
എന്ത് പഠിക്കണം, എന്തിന് പഠിക്കുന്നു എന്നതാണ് സ്ഥാപന തിരഞ്ഞെടുപ്പിൽ അടിസ്ഥാനമാക്കേണ്ടത്. പഠിക്കുന്ന സ്ഥാപനവും ചുറ്റുപാടുകളും കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തും. മക്കൾക്ക് വിദ്യാഭ്യാസം വേണം. പക്ഷേ, നമ്മുടെ സംസ്‌കാരവും വിശ്വാസവും അപകടപ്പെടുകയുമരുത്. ഇസ്‌ലാമിക സംസ്‌കാരത്തോട് പുച്ഛമുള്ള സ്ഥാപനങ്ങൾ എത്ര മികച്ചതായാലും നമുക്ക് പറ്റിയതല്ല. മതവിദ്യാഭ്യാസ സൗകര്യം മേമ്പൊടിയായി മാത്രം നൽകുന്ന സ്ഥാപനങ്ങളെ സമീപിക്കുമ്പോഴും നല്ല കരുതൽ ആവശ്യമാണ്. പരസ്യത്തിലെ ഭൗതിക വിദ്യാഭ്യാസ മികവ് നോക്കി മതവിദ്യ മറന്ന് മക്കളെ ചേർത്താൽ തീരാദു:ഖം പേറേണ്ടി വന്നേക്കാം. ബിദ്അത്തുകാരും ഇസ്‌ലാം വിരോധികളും നടത്തുന്ന സ്ഥാപനങ്ങൾ കുട്ടികളെ അവരുടെ വരുതിയിലാക്കിയേക്കാമെന്നതും മുൻകൂട്ടി കാണണം.
ഡോക്ടറെയും എഞ്ചിനീയറെയും ഉദ്യോഗസ്ഥരെയും സൃഷ്ടിക്കാൻ വേണ്ടി മാത്രമല്ല വിദ്യാഭ്യാസം. മനുഷ്യനെ വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ മഹത്തായ ധർമം. ഇസ്‌ലാമിക മൂല്യങ്ങൾ കുട്ടികൾക്ക് ലഭ്യമാവണം. അതിന് പറ്റിയ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നൽകണം. വീടുകളിൽ നിന്ന് തന്നെ ഇതിന് തുടക്കമിടേണ്ടതാണ്.
സാമ്പത്തിക ലാഭവും സൗകര്യവും മാത്രം മാനദണ്ഡമാക്കി മക്കളുടെ ഒരു കാര്യത്തെയും നാം സമീപിക്കരുത്. മറിച്ച്, അവരുടെയും നമ്മുടെയും ഗുണവും നേട്ടവുമാണ് പരിഗണിക്കേണ്ടത്. മക്കൾ ഉന്നത വിദ്യാഭ്യാസമുള്ളവരാകാൻ പണവും സമയവും നാം ചെലവഴിക്കുന്നു. അതിനപ്പുറം നമ്മുടെ സംസ്‌കാരവും വിറ്റഴിക്കുന്നുണ്ടോ എന്നാലോചിക്കണം. അന്യദേശങ്ങളിൽ താമസിച്ച് പഠിക്കുന്ന സാഹചര്യത്തിൽ സംസ്‌കാരം മാറ്റിമറിക്കാത്ത സ്ഥാപനങ്ങളും കൂട്ടുകെട്ടും ഹോസ്റ്റലുകളും ഉറപ്പ് വരുത്തിയില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും. മതപഠനം നൽകാതെ ഭൗതിക വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകിയതിന്റെ ദുരന്താനുഭവങ്ങൾ മുന്നിലുണ്ട്. ഗുണമെന്ന് ധരിച്ച് നാം ചെയ്യുന്നത് അവർക്കും നമുക്കും ദോഷമായി മാറും. ഇബ്‌നുൽ ജൗസി എഴുതി: ‘നാമവരെ മാനിക്കുകയാണെന്ന് നാം കരുതും. പക്ഷേ, നിന്ദിക്കലായി അത് മാറും. കാരുണ്യം ചെയ്യുകയാണെന്ന് കരുതും. പക്ഷേ, അക്രമവും തഴയലുമായിരിക്കും നടക്കുന്നത്. അങ്ങനെ മക്കളെ കൊണ്ട് ഉപകാരമില്ലാതായിത്തീരും.’
വിദ്യാഭ്യാസ വിഷയം ഗൗരവത്തിൽ ചിന്തിക്കേണ്ട കാലമാണിത്. ഭൗതിക വിദ്യാഭ്യാസ ഭ്രമം കാരണം മതപഠനത്തിനു പ്രാധാന്യം കൽപിക്കാത്തവർ ഏറെയുണ്ട്. നിലവിലെ ഭൗതിക വിദ്യാഭ്യാസ സംവിധാനങ്ങൾക്കനുസരിച്ച് മക്കളെ പാകപ്പെടുത്താൻ എല്ലാവരും ശ്രമിക്കുന്നു. അതിനിടയിൽ മർമപ്രധാനമായ മതവിദ്യ നഷ്ടപ്പെടുന്നു. കേവലം ഒരു മോറൽ ക്ലാസ് എന്ന രൂപത്തിൽ മദ്‌റസാ പഠനത്തെ കാണരുത്. ശരിയായ മുസ്‌ലിമിനെ വാർത്തെടുക്കുന്ന പ്രാഥമിക സംവിധാനമാണത്.
ജീവിതശീലങ്ങളും സ്വഭാവവും രൂപപ്പെടുന്നത് 13 വയസ്സിനുള്ളിലാണെന്നാണ് മനഃശാസ്ത്രപക്ഷം. അതിനാൽ ടീനേജിനു മുമ്പ് കുട്ടികളിൽ ജീവിത മൂല്യങ്ങൾ വേരുറക്കേണ്ടതുണ്ട്. കുട്ടികളെ സംബന്ധിച്ച് ഈ ഘട്ടം രക്ഷിതാക്കളുടെ സംരക്ഷണത്തിൽ നിന്ന് മോചനം നേടാൻ കഴിയാത്ത കാലമാണ്. ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള വിചാരവും ജീവിതശീലങ്ങളും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പറ്റുന്ന കാലവുമാണിത്. മാതാപിതാക്കളെയോ രക്ഷാകർത്താക്കളെയോ അവലംബിക്കാതെ ജീവിക്കാൻ കുട്ടികൾക്ക് സാധിക്കാത്ത വിധമാണ് അല്ലാഹുവിന്റെ ക്രമീകരണം. എന്നിട്ടും അവർക്ക് മതം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാത്തവർ ഖേദിക്കും.
നിങ്ങളുടെ സന്തതികളെ നിങ്ങൾ ആദരിക്കുക. അഥവാ ‘അക്രിമൂ’ എന്നാണ് നബി(സ്വ) ഉപയോഗിച്ച പദം. മക്കൾക്ക് ആദരവ് നൽകുകയെന്നാൽ അവരെ പരിഗണിക്കുകയെന്നാണർത്ഥം. അർഹിക്കുന്ന മാന്യമായ പെരുമാറ്റം മാതാപിതാക്കളിൽ നിന്നുണ്ടാവണം. വിദ്യാഭ്യാസത്തിലും ജീവിതാവശ്യങ്ങളിലും പരിചരണങ്ങളിലുമെല്ലാം ഇതുണ്ടാവണം.
ഹദീസിലെ രണ്ടാമത്തെ നിർദേശം ‘അവരുടെ അദബ് നിങ്ങൾ നന്നാക്കുക’ എന്നാണ്. ഇതിന് രണ്ട് അർത്ഥ തലങ്ങളുണ്ട്. ഒന്ന്: അവർക്കു നല്ല അദബ് പഠിപ്പിക്കുക. അഥവാ, നൽകുന്ന ശിക്ഷണം നന്നായിരിക്കുക. രണ്ട്: നമ്മുടെ സമീപനത്തിലും സംസ്‌കരണ പ്രവർത്തനത്തിലും വളർന്ന് അവർ നല്ല സംസ്‌കാര സമ്പന്നരായിത്തീരുക. അവരെ പറ്റേ അവഗണിക്കുന്നത് പ്രാകൃത നടപടിയാണ്. നമ്മുടെ മക്കൾ നമ്മുടേതാണ്. ഇഹത്തിലും പരത്തിലും അവർ നമുക്കുപകരിക്കണം. അതിന് നമ്മുടെ പൈതൃക വഴിയേ തന്നെ ആത്മാഭിമാനികളും ആദർശശാലികളുമായി അവർ ചരിക്കണം. അതിനുപ കരിക്കുന്നതാണോ നമ്മുടെ സമീപനമെന്ന് ആലോചനയർഹിക്കുന്നു.

 

അലവിക്കുട്ടി ഫൈസി എടക്കര

 

Exit mobile version