മഖ്ദൂമിയ്യ പ്രഭയിൽ ജ്വലിച്ച് കൊച്ചങ്ങാടി

 

ചരിത്രത്തിനു നേരെ പിടിച്ച ജ്വലിക്കുന്ന കണ്ണാടിയാണ് കൊച്ചിക്കാരുടെ സ്വന്തം കൊച്ചങ്ങാടി. കേരളത്തിലെ മുസ്‌ലിം സാംസ്‌കാരിക നിർമിതിയിൽ കൊച്ചങ്ങാടിക്ക് ശ്രദ്ധേയമായ ഇടമുണ്ട്. കോച്ചൊമാർ എന്ന് വിളിക്കപ്പെട്ടിരുന്ന ജൂതന്മാരുടെ അങ്ങാടിയായിരുന്നതുകൊണ്ടാകാം കൊച്ചങ്ങാടി എന്ന പേരു ലഭിച്ചത്. കച്ചിൽ നിന്നു വന്ന മേന്മമാരുടെ അങ്ങാടി എന്ന നിലക്ക് രൂപപ്പെട്ടതുമാകാം. നിരവധി വ്യാപാരശാലകളുടെയും ഫിഷറീസ് സ്ഥാപനങ്ങളുടെയും കേന്ദ്രമായിരുന്നു കൊച്ചങ്ങാടി. മട്ടാഞ്ചേരിയുടെ ഭാഗമായ ഈ അങ്ങാടിയിൽ നിന്നാണ് ശീതീകരിക്കപ്പെട്ട മത്സ്യം ആദ്യമായി വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. പെരുന്നാൾ തലേന്ന് കച്ചവടം ഉത്സവമാക്കുന്ന ‘അമ്മായിമുക്ക്’ (കെ.സി റോഡ്) കൊച്ചങ്ങാടിയുടെ ദീപാലങ്കാരമാണ്.
സാംസ്‌കാരിക ആദാനപ്രദാനങ്ങളുടെ ചരിത്രഭൂമിയാണ് കൊച്ചങ്ങാടി. കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന്റെ ജന്മഗേഹം. വെങ്കല തിളക്കമുള്ള ചെമ്പിട്ട പള്ളിയുടെ നാട്. മഖ്ദൂം പള്ളി, മമ്മുസർക്ക പള്ളി, ചന്ദനപ്പള്ളി, മൊയ്തീൻ പള്ളി… പാരമ്പര്യ മുസ്‌ലിംകളുടെ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മിനാരങ്ങൾ. മഖ്ദൂമുമാരും ബുഖാരി സാദാത്തുക്കളും സൂഫിവര്യന്മാരും അന്തിയുറങ്ങുന്ന മണ്ണ്. നൈനമാർ വാണ കൊച്ചങ്ങാടിയിൽ മതസൗഹാർദത്തിന്റെ കാലൊച്ചകൾ സംഗീതസാന്ദ്രമാക്കുന്നു.

ചെമ്പിട്ട പള്ളിയുടെ സൗഹൃദത്തിളക്കം

കൊച്ചങ്ങാടിയിലെ ചെമ്പിട്ടപള്ളി രാജ്യാന്തര പ്രസിദ്ധമാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകങ്ങളിൽ ഇടംപിടിച്ച പള്ളിയാണിത്. പൗരാണിക ശിൽപ ഭംഗിയുടെ പ്രൗഢ മാതൃകയാണ് ഇതിന്റേത്. പ്രധാന മേൽക്കൂര മുഴുവനായും ഓടുപോലെ പാകിയിരിക്കുന്നത് ചെമ്പുതകിടുകളാണ്. പള്ളിയുടെ ചില ഭാഗങ്ങളിൽ പേർഷ്യൻ നിർമാണ മാതൃകകൾ കാണാം. അംഗശുദ്ധി വരുത്താൻ കരിങ്കല്ലിൽ തീർത്ത ഹൗളിലെ ജലം ഏതു കൊടിയ വേനലിലും തണുത്തിരിക്കും. ജുമുഅക്കു ശേഷം ഖത്വീബിന്റെ നേതൃത്വത്തിൽ വട്ടമിട്ട് നടക്കുന്ന ‘ഹളറ’യെ സംബന്ധിച്ച് ജമാൽ കൊച്ചങ്ങാടി അനുഭവക്കുറിപ്പിൽ വിവരിക്കുന്നുണ്ട്. പള്ളിയുടെ സമീപത്തുള്ള ആണ്ടാർ കുളം (ആണ്ടാങ്കുളം) സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു.
എഡി 1520നും 1540നും മധ്യേയായിരിക്കണം ചെമ്പിട്ട പള്ളി പണിതതെന്ന് അനുമാനിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസിയായ കൊച്ചി രാജാവ് ദാനം ചെയ്ത സ്ഥലത്ത് കുഞ്ഞാലി നൈനായുടെ നേതൃത്വത്തിലാണ് പള്ളി പണികഴിപ്പിച്ചത്. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരുമായി നടന്ന യുദ്ധത്തിൽ പടനയിച്ച് കൊച്ചിയിലെത്തിയവരാണ് കുഞ്ഞാലി നൈനായും മൂന്ന് സഹോദരന്മാരും. യുദ്ധം കഴിഞ്ഞു തിരിച്ചുപോകാനൊരുങ്ങിയ നൈനാമാരോട് കൊച്ചിയിൽ തന്നെ താമസിക്കാൻ രാജാവ് അഭ്യർത്ഥിച്ചു. ആരാധനാ സൗകര്യമില്ലാത്തതിനാൽ തിരിച്ചുപോകുന്നതായി നൈനാമാർ അറിയിച്ചു. ഇവരോടുള്ള സ്‌നേഹത്താൽ രാജാവ് പള്ളിക്കാവശ്യമായ സ്ഥലം നൽകി. ‘മുഹമ്മദ് അബ്ദുറഹ്‌മാൻ’ എന്ന പുസ്തകത്തിൽ ഇത് വിവരിക്കുന്നുണ്ട് (എസ്‌കെ പൊറ്റക്കാട്, പിപി ഉമ്മർ കോയ, കെഎ കൊടുങ്ങല്ലൂർ, എൻപി മുഹമ്മദ് എന്നിവർ ചേർന്നെഴുതിയത്).
ഹിജ്‌റ 926ൽ പുനർനിർമിച്ചതായി പള്ളിയുടെ അകത്തുള്ള അറബി-തമിഴ് എഴുത്തുകളിൽ കാണാം. ഈ പുനർ നിർമാണത്തിന് നേതൃത്വം നൽകിയത് മഖ്ദൂം കുടുംബമാണെന്നും ഈ രേഖകളിൽ നിന്ന് മനസ്സിലാക്കാം. കവരത്തി ദ്വീപിൽ നിന്നെത്തിയ സയ്യിദ് മൗലൽ ബുഖാരിയുടെ നേതൃത്വത്തിൽ ഏതാണ്ട് എഡി 1760ലാണ് ചെമ്പിട്ട പള്ളി ഇന്ന് കാണുന്ന രൂപത്തിൽ നവീകരിച്ചത്.
പള്ളിയുടെ ശിലാത്തിക്കു (പാലുത്തരം) മരം നൽകിയത് ‘ഷഞ്ചൂർദ്’ എന്ന ജൂതനാണ്. കൊച്ചിയിലെ ജൂതന്മാരുടെ ഈ മുതലിയാർ (തലവൻ) വ്യാപാരിയും ധനികനും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രാജ്യതന്ത്ര പ്രതിനിധിയുമായിരുന്നു. ഒരു ദിനം യഹൂദൻ തന്റെ സുഹൃത്തുക്കളുമൊത്ത് മൗലയുടെ വിജ്ഞാന സദസ്സ് സന്ദർശിക്കാൻ തീരുമാനിച്ചു. ‘ഇദ്ദേഹം ഒരു ദിവ്യപുരുഷനാണെങ്കിൽ തീർച്ചയായും ഇന്നു രാത്രി സഭയിൽ മൂസാ നബിയെ കുറിച്ച് പ്രസംഗിക്കും’ എന്ന് മനസ്സിൽ കുറിച്ചിട്ടു. തങ്ങൾ നിസ്‌കാരത്തിന്റെ മസ്അലകൾ വിശദീകരിച്ചുകൊണ്ടിരിക്കെ ഇദ്ദേഹം സദസ്സിലേക്ക് പ്രവേശിച്ചത്. തങ്ങൾ പൊടുന്നനെ പ്രസംഗ വിഷയം മാറ്റി. മൂസാ നബി(അ)യെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ആശ്ചര്യഭരിതനായ ജൂതൻ തന്റെ രണ്ടു രത്‌നങ്ങൾ മൗലാക്കു സമ്മാനിച്ചു. തങ്ങൾ അത് സ്വീകരിച്ച് അയാൾക്കുതന്നെ തിരിച്ചുകൊടുത്തു. എന്തെങ്കിലും സ്വീകരിച്ചേ പറ്റൂ എന്നായി ജൂതൻ. നിർബന്ധത്തിനു വഴങ്ങിയ തങ്ങൾ അയാളുടെ അധീനതയിലുണ്ടായിരുന്ന തേക്ക് ആവശ്യപ്പെട്ടു. അങ്ങനെയാണ് ആ തേക്ക് പള്ളിക്കു ലഭിക്കുന്നത്.
കേരളത്തിലെ ശ്രദ്ധേയനായ ഇസ്‌ലാമിക നവോത്ഥാന നായകനായിരുന്നു സയ്യിദ് മൗലൽ ബുഖാരി(റ). കൊച്ചിയിലെത്തിയ അദ്ദേഹം നെട്ടൂർ കേന്ദ്രമാക്കിയാണ് പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. വടുതല കോട്ടൂർ പള്ളി, നെട്ടൂർ പള്ളി, തിരുവിതാംകോട് പള്ളി എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പണിത മസ്ജിദുകളാണ്. കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ഹി. 1207ലാണ് വഫാത്തായത്.

കത്തയച്ച സയ്യിദ് ഇസ്മാഈലുൽ ബുഖാരി(റ)

കൊച്ചിക്ക് ഇസ്‌ലാമിക വെളിച്ചം പകർന്ന ആത്മീയ തേജസ്വിയാണ് സയ്യിദ് ഇസ്മാഈലുൽ ബുഖാരി(റ). ബുഖാറയിൽ നിന്നു വളപട്ടണത്തെത്തിയ അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ ഏക പുത്രൻ. ജനനം ഹി. 945ൽ. പിതാവിൽ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഉപരിപഠനം പൊന്നാനിയിൽ. അബ്ദുൽ അസീസ് മഖ്ദൂം, ഉസ്മാനുബ്‌നു ജമാലുദ്ദീൻ അൽമഅ്ബരി എന്നിവർ ഗുരുവര്യന്മാരാണ്. പഠനാനന്തരം പിതാവിന്റെ അനുമതിയോടെ പ്രബോധനത്തിനായി കൊച്ചിയിലേക്കു പുറപ്പെട്ടു. കൊച്ചങ്ങാടിയിലെ ജാതിപ്പറമ്പ് എന്ന ചെത്തുപറമ്പിൽ താമസമാക്കി.
കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം കൊച്ചിയുടെ സാംസ്‌കാരിക മുഖവും മനസ്സും മാറ്റിയെടുത്തു. ധാരാളം പേർ ഇസ്‌ലാമിൽ അംഗത്വമെടുത്തു. ജാതിമത ഭേദമന്യേ സർവരുടെയും ആദരവുകൾ പിടിച്ചുപറ്റി. കൊച്ചിയുമായി വിട്ടുപിരിയാനാകാത്ത ആത്മബന്ധം സ്ഥാപിച്ചു. വളപട്ടണത്തേക്കു തിരിച്ചുവരാൻ ആവശ്യപ്പെട്ട് പിതാവയച്ച കത്തിന് മകൻ നൽകിയ മറുപടി ചരിത്രത്തിന്റെ ഭാഗമായി: ‘കൊച്ചിക്കാർ സംസ്‌കാര രഹിതരാണ്. അവരുടെ നേതൃത്വം ഏറ്റെടുത്ത് മതപ്രബോധനം നടത്തിവരികയാണ് ഞാൻ. പൊടുന്നനെ ഞാൻ ഇവിടം വിട്ടാൽ പല കുഴപ്പങ്ങളും ഉടലെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ വന്ദ്യപിതാവ് ഇപ്പോൾ എന്നെ അങ്ങോട്ട് വരാൻ നിർബന്ധിക്കരുത്.’
മകന്റെ ആത്മാർത്ഥതയിൽ അതീവ സന്തുഷ്ടനായ പിതാവ് ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാം പ്രചരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക’ എന്ന മറു കുറിപ്പെഴുതി പ്രോത്സാഹിപ്പിച്ചു. പിതാവിന്റെ കാലശേഷം വളപട്ടണത്തെ ഖാളിസ്ഥാനം അദ്ദേഹത്തിന് കൈവന്നു. ശൈഖ് സൈനുദ്ദീൻ ഒന്നാമനുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. ഹി. 1021ൽ വഫാത്തായി. ചെമ്പിട്ട പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
സയ്യിദ് അഹ്‌മദുൽ ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ബാ ഫഖ്‌റുദ്ദീൻ ബുഖാരി എന്നിവർ വളപട്ടണത്തെ ഭാര്യയിൽ പിറന്ന പുത്രന്മാരാണ്. ഇവരിലൂടെയാണ് കേരളത്തിൽ ബുഖാരി വംശം പ്രധാനമായും വ്യാപിച്ചത്. സയ്യിദ് ഇസ്മാഈൽ(റ)ന്റെ പുത്രൻ സയ്യിദ് അഹ്‌മദ്(റ), മകൻ സയ്യിദ് ഇസ്മാഈൽ സഗീറി(റ)ന്റെ പുത്രൻ സയ്യിദ് മുഹമ്മദ്(റ) എന്നിവർ കൊച്ചിയിലെ ഇസ്‌ലാമിക പ്രചാരണത്തിന് നേതൃത്വം നൽകിയ മഹാപണ്ഡിതരാണ്.

കൊച്ചങ്ങാടിയിൽ നിന്ന്
പൊന്നാനിയിലേക്ക്

കൊച്ചിയിൽ ഇസ്‌ലാം പ്രചരിക്കുന്നതിലും പ്രതാപം കൈവരിക്കുന്നതിലും മഖ്ദൂം കുടുംബത്തിന്റെ സ്വാധീനം ചെറുതല്ല. മഖ്ദൂം കുടുംബത്തിന്റെ തായ്‌വേര് ആദ്യ ഖലീഫ അബൂബക്കർ സിദ്ദീഖി(റ)ന്റെ പുത്രൻ അബ്ദുല്ല(റ)യുടെ പരമ്പരയിൽ ചെന്നെത്തുന്നു. മഖ്ദൂമുമാരിൽ ഒരാൾ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിൽ യമനിൽ നിന്നും തമിഴ്‌നാട്ടിലെ കോറമണ്ഡൽ തീരത്തെ (മഅ്ബർ) കായൽപട്ടണത്ത് താമസമുറപ്പിച്ചു. പ്രസ്തുത കുടുംബാംഗമായ ശൈഖ് അഹ്‌മദ് അൽമഅ്ബരി(റ) കൊച്ചിയിലെത്തി ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊച്ചിയിലെ മഖ്ദൂം കുടുംബത്തിന്റെ ഖ്യാതി മലബാറിൽപോലും വ്യാപിച്ചിരുന്നു. അതുകൊണ്ടാണ് പൊന്നാനി നിവാസികൾ കൊച്ചിയിൽ പോയി അവിടെ ഖാളിയായിരുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌റാഹീം അൽമഅ്ബരിയെ തങ്ങളുടെ ഖാസി സ്ഥാനം കൂടി ഏറ്റെടുക്കാൻ നിർബന്ധിച്ച് ക്ഷണിച്ചു വരുത്തിയത്.
ചരിത്രപുരുഷനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ(റ) കൊച്ചങ്ങാടിയിലെ മഖ്ദൂമിയ്യ ഭവനത്തിലാണ് ജനിച്ചത്. ഹി. 871 (എഡി1467) ശഅ്ബാൻ 12 വ്യാഴാഴ്ചയായിരുന്നു ആ ചരിത്ര പറവി. ശൈഖ് അഹ്‌മദ് അൽമഅ്ബരി(റ)യുടെ പുത്രൻ ശൈഖ് അലി അൽമഅ്ബരി(റ)യാണ് പിതാവ്. സൈനുദ്ദീൻ മഖ്ദൂമിന്റെ ബാല്യകാലത്തിലേ പിതാവ് വഫാത്തായി. ഉപരിപഠനത്തിനായി അദ്ദേഹം പതിനാലാം വയസ്സിൽ പൊന്നാനിയിലുള്ള പിതൃവ്യന്റെ സന്നിധിയിലെത്തി. പിന്നീട് നടന്നതെല്ലാം ചരിത്രം.
കൊച്ചങ്ങാടിയിലെ മഖ്ദൂം പള്ളിയും കേരള മുസ്‌ലിം ചരിത്രത്തിന്റെ ഭാഗമാണ്. കാലപ്പഴക്കവും വൈജ്ഞാനിക പ്രതാപവും ഈ പള്ളിയെ വേറിട്ടുനിർത്തുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇത് പണികഴിപ്പിച്ചത്. ഈ പള്ളിയുടെ ഭരണച്ചുമതലയും നൈനാമാർക്കായിരുന്നു. മഖ്ദൂം കുടുംബവും നൈനാമാരും തമ്മിൽ ഈടുറ്റ ബന്ധമുണ്ടായിരുന്നുവെന്നു കരുതാം. ഇരുകുടുംബങ്ങളും തമിഴ്‌നാട്ടിലെ കായൽപട്ടണത്തു നിന്നാണ് കൊച്ചിയിലെത്തിയത്. മഖ്ദൂം ജനിച്ച വീട് നിലവിലില്ല. പക്ഷേ, മഖ്ദൂമിയ്യ മദ്‌റസ അവിടെ നടന്നുവരുന്നു. സൈനുദ്ദീൻ മഖ്ദൂമിന്റെ പൂർവികർ കൊച്ചങ്ങാടിയിലെ മഖ്ദൂമിയ്യ മഖാമിലാണ് അന്തിയുറങ്ങുന്നത്.

‘ഒന്നു കുറെ ആയിരം’

കൊച്ചിയുടെ സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളിൽ അഗ്രിമസ്ഥാനത്ത് ഇരിപ്പുറപ്പിച്ച കുടുംബമാണ് നൈന. ഹിന്ദു സമുദായത്തിലെ നായനാർ മതം മാറിയുണ്ടായതാണ് നൈനാർ എന്നൊരു അഭിപ്രായമുണ്ട്. കൊച്ചി രാജാവ് നൽകിയ സ്ഥാനപ്പേരാണ് നൈനാർ എന്നത്, അത് ലോപിച്ച് നൈനയായി എന്നും വാദമുണ്ട്. ഇറാഖിലെ നീനവ പ്രദേശത്തു നിന്ന് കച്ചവടാവശ്യാർത്ഥം ഇന്ത്യയിലെത്തി തമിഴ്‌നാട്ടിലെ കായൽപട്ടണത്ത് താമസമാക്കുകയും അവിടെ നിന്ന് കേരളത്തിൽ വരുകയും ചെയ്തവരാണ് നൈനാമാർ. സിറുജിൽ വെച്ച് എഡി 1306ൽ മരണപ്പെട്ട സുൽത്താൻ ജമാലുദ്ദീന്റെ പിൻഗാമികളാണിവരെന്ന് കരുതപ്പെടുന്നു. മൻസൂർ നൈനായുടെ ‘നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ’ എന്ന പുസ്തകം നൈനാമാരുടെ ആഗമന വഴിയിലേക്ക് വെളിച്ചം വീശുന്നുണ്ട്.
കൊച്ചി രാജകുടുംബവുമായി നൈനാമാർക്ക് ഇഴപിരിക്കാനാവാത്ത ബന്ധമുണ്ടായിരുന്നു. രാജാവ് അവർക്ക് ‘ഒന്നു കുറെ ആയിരം’ പോലുള്ള ബഹുമതികൾ നൽകിയിരുന്നു. കൊച്ചി രാജ്യത്ത് പുതിയ രാജാവ് അവരോധിതനാകുമ്പോൾ രാജാവിനെ അരിയിട്ടു വാഴിക്കുന്ന ചടങ്ങിൽ മുസ്‌ലിം സമുദായത്തിലെ നൈനാമാർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. അവർ രാജാവിന് മംഗളപത്രം സമർപ്പിച്ചിരുന്നു. ആലുവ, മണ്ണഞ്ചേരി, വടുതല തുടങ്ങിയ പ്രദേശങ്ങളിലേക്ക് നൈനാമാർ വ്യാപിച്ചത് കൊച്ചിയിൽ നിന്നാണ്. സ്ത്രീകളുടെ പേരിനൊപ്പം ‘താച്ചി’ ചേർത്താണു വിളിച്ചിരുന്നത്. കൊച്ചങ്ങാടിയിൽ ഇവർക്ക് ഏക്കറുകണക്കിന് ഭൂമിയും വലിയ തറവാടുകളുമുണ്ടായിരുന്നു.
കേരളത്തിൽ കുടിയേറിയ കച്ചി മേമൻ, ദഖിനി, ഹലായി, റാവുത്തർ എന്നിവരെല്ലാം ഹനഫീ വീക്ഷണക്കാരായിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി നൈനാമാർ ശാഫിഈ മാർഗം അവലംബിക്കുന്നു. പള്ളികൾ നിർമിക്കുകയും പണ്ഡിതന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു നൈനാമാർ. പിൽക്കാലത്ത് കൊച്ചി തക്യാവിലെ തങ്ങന്മാരെ കോഴിക്കോട് ജിഫ്രി ഹൗസുമായും കോഴിക്കോടുള്ള മറ്റു തങ്ങന്മാരുമായും ബന്ധിപ്പിച്ചിരുന്നത് നൈനാമാരാണ്.

ചന്ദനപ്പള്ളിയും മമ്മുസുർക്കയും

ചന്ദനപ്പള്ളി, മമ്മുസുർക്കാ പള്ളി, മുഹ്‌യിദ്ദീൻ പള്ളി എന്നിവയും കൊച്ചങ്ങാടിയിലെ പ്രാചീന മസ്ജിദുകളാണ്. ഈ മൂന്നു പള്ളികൾക്കും ഏകദേശം മൂന്നു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ഇവയുടെ മേൽനോട്ടവും നൈനാമാർക്കായിരുന്നു. സയ്യിദ് മൗലൽ ബുഖാരി(റ)യുടെ മുരീദെന്ന് കരുതപ്പെടുന്ന മസ്താൻ ഔലിയ ചന്ദനപ്പള്ളിക്കു ചാരെ മറപ്പെട്ടുകിടക്കുന്നു. സമീപത്തുള്ള ചന്ദനപ്പള്ളിക്കുളം വളരെ സുന്ദരമാണ്.
നൈനാമാരിൽ പെട്ട മമ്മു സർക്ക അല്ലെങ്കിൽ മമ്മു സുർക്ക എന്ന വ്യക്തി എഡി 1834ൽ സ്ഥാപിച്ചതാണ് മമ്മു സുർക്കാ പള്ളി. ഈ പള്ളിയോടനുബന്ധിച്ചും വിശാലമായ കുളമുണ്ട്. പ്രസിദ്ധ സൂഫിവര്യൻ ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാർ മമ്മു സുർക്കാ പള്ളിയിൽ ദീർഘകാലം ദർസ് നടത്തിയിരുന്നു. ഇവിടെയും പ്രസിദ്ധമായ ഒരു മസാറുണ്ട്. സയ്യിദ് ഇസ്മാഈലുബ്‌നി ഇബ്‌റാഹീമുബ്‌നി ശാദിലി(റ) എന്ന ഉണ്ണി പുരുഷനാണ് ഇവിടെ മറപെട്ടുകിടക്കുന്നത്. ബിനിബാവോ നൈനാ എന്നയാൾ കൈക്കാരനായിരുന്ന കാലത്ത് ചെമ്പിട്ട പള്ളിയുടെ ഭരണത്തിനു കീഴിലാക്കിയ പൗരാണിക മസ്ജിദാണ് മൊയ്തീൻ പള്ളി.

ക്ലാപ്പന ഉസ്താദ്

കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറയുടെ സമീപ പ്രദേശമാണ് ക്ലാപ്പന. കൊച്ചങ്ങാടി മമ്മുസുർക്കാ പള്ളിയിൽ ദീർഘകാലം ദർസ് നടത്തുകയും ചെമ്പിട്ട പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന പ്രസിദ്ധ സൂഫിവര്യനാണ് ക്ലാപ്പന ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്‌ലിയാർ. ജനനം 1910ൽ. പിതാവ് അബ്ദുൽ ഖാദിർ ലബ്ബ. മാതാവ് ഫാത്തിമ ബീവി. പിതാവിൽനിന്ന് ബാലപാഠങ്ങൾ നുകർന്ന ശേഷം കൊടുങ്ങല്ലൂർ, മാറഞ്ചേരി, കോക്കൂർ പള്ളിദർസുകളിൽ പഠിച്ചു. എറണാകുളം ജില്ലയിലെ വൈപ്പിൻ നായരമ്പലം, കാഞ്ഞിപ്പുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും ദർസ് നടത്തി. മികച്ച ഗ്രന്ഥകാരൻ കൂടിയാണ്. 1996 ആഗസ്റ്റ് 28 (1417 റബീഉൽ ആഖർ 13) ചൊവ്വാഴ്ച രാത്രി വഫാത്തായി.

മട്ടാഞ്ചേരിയിലെ സേട്ടുമാർ

കൊച്ചി മുസ്‌ലിംകളിലെ ഒരു പ്രബല വിഭാഗമാണ് കച്ചി മേമന്മാർ. മട്ടാഞ്ചേരിയിലാണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. 1815ൽ ഗുജറാത്തിലെ കച്ചിൽനിന്ന് 500 കച്ചിമേമൻ മുസ്‌ലിം കുടുംബങ്ങൾ കൊച്ചിയിലെത്തി. കച്ചവടമായിരുന്നു ലക്ഷ്യം. കൊച്ചി രാജാവ് അവരെ സ്വീകരിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു. സേട്ടുമാർ എന്ന പേരിൽ ഇവർ അറിയപ്പെടുന്നു. ‘ശ്രേഷ്ഠി’ എന്ന സംസ്‌കൃത പദം ലോപിച്ച് സേട്ടു ആയി എന്നാണ് വ്യാഖ്യാനം. ബാംഗ്ലൂർ, കണ്ണൂർ, ആലപ്പുഴ തുടങ്ങി പല പട്ടണങ്ങളിലും സേട്ടുമാരുടെ സാന്നിധ്യമുണ്ട്. പൊതുവിൽ ഇവർ വ്യാപാരികളും സമ്പന്നരുമാണ്. കച്ചി മേമന്മാർ ഹനഫി മാർഗം പിന്തുടരുന്നവരായിരുന്നു. മട്ടാഞ്ചേരിയിലെ കച്ചി ഹനഫി ജുമുഅ മസ്ജിദ് (പഴയ പള്ളി) പണിയിച്ചത് ദോസൽ കദ്വാനി സേട്ടുവാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ പള്ളിക്ക്.
കൊച്ചി കായലിലെ മട്ട് (ചളി) അടിഞ്ഞുചേർന്ന ചേരിയാണ് മട്ടാഞ്ചേരി. ഇസ്‌ലാമിക അനുഷ്ഠാനങ്ങളിൽ ചളിവാരിയിടാനുള്ള നിയോഗവും മട്ടാഞ്ചേരിക്കുണ്ടായി. കേരളത്തിൽ ഇസ്‌ലാം മത ധ്രുവീകരണത്തിന് തുടക്കമിട്ട പ്രദേശമെന്ന അപകീർത്തിയും നേടി. ഇസ്‌ലാമിന്റെ തനത് ആശയങ്ങളോട് അകൽച്ചയും ആചാരാനുഷ്ഠാനങ്ങളോട് പുച്ഛവും തോന്നിയ ഏതാനും പ്രഭുക്കളും അഭിഭാഷകരും ചേർന്നാണ് ഇതിന് കളമൊരുക്കിയത്. ചില സേട്ടുമാർ പിന്തുണക്കുകയും ചെയ്തു.
കേരളത്തിൽ ആദ്യമായി അറബിയേതര ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചത് മട്ടാഞ്ചേരിയിലെ പുതിയ പള്ളിയിലാണ്. ഹാജി അബ്ദുല്ല സേട്ട് നിർമിച്ചതാണ് ഈ പള്ളി. പഴയ പള്ളിയിൽ നടത്തിയ കുത്തിത്തിരിപ്പ് വിശ്വാസികളുടെ ബഹിഷ്‌കരണം മൂലം പരാജയപ്പെട്ടു. തുടർന്നാണ് പുത്തനാശയങ്ങൾ പ്രചരിപ്പിക്കാൻ പുതിയ പള്ളി പണിയിച്ചത്. തമിഴ്‌നാട്ടിലെ തൃശ്ശിനാപള്ളിയിൽ നിന്ന് നെയ്ത്തുകാരായ ഏതാനും ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ കൊണ്ടുവന്നു. പള്ളിപ്പരിസരത്ത് വീടുകൾ വെച്ചുകൊടുത്തു. ധനവും ജോലിയും നൽകി പ്രലോഭിച്ചു. പള്ളിയിൽ വരണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ അറബിയേതര ഖുതുബക്ക് ശ്രോതാക്കളെ കൂട്ടി. പ്രസംഗിക്കാനായി ബാംഗ്ലൂരിൽ നിന്ന് പണ്ഡിത നാമധാരികളെ ഇറക്കുമതി ചെയ്തു. സ്ത്രീകൾക്കും പ്രവേശനം നൽകി. സലഫികൾ സ്വാധീനമുറപ്പിച്ചിടത്തെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും ഈ ഹുങ്ക് ദൃശ്യമാണ്.

അലി സഖാഫി പുൽപറ്റ

Exit mobile version