മദീനയെന്ന ആശ്വാസഗേഹം

അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന് അവിടുന്ന് താക്കീതു ചെയ്തു.
മദീനയുടെ മഹത്ത്വം വിവരണാതീതമാണ്. ആ മഹത്ത്വം പറയുന്ന നിരവധി ഗ്രന്ഥങ്ങളാണ് എഴുതപ്പെട്ടിട്ടുള്ളത്. മറ്റൊരു നഗരത്തിനുമില്ലാത്ത മഹത്ത്വമാണിത്. അബ്ദുറസാഖ് സാഇദിയുടെ “മുഅ്ജമു മാ ഉല്ലിഫ അനില്‍ മദീനതില്‍ മുനവ്വറ ഖദീമന്‍ വ ഹദീസന്‍’ ഇത്തരം രചനകളുടെ വിവരങ്ങള്‍ സമാഹരിച്ച പ്രസിദ്ധമായൊരു വിജ്ഞാന കോശമാണ്. ലോകഗുരുവിന്റെ വിശുദ്ധ ഖബ്റിടത്തെക്കുറിച്ചു പാടിയപോലെ മറ്റൊരു കെട്ടിടവും സ്മാരകവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടില്ല. വിശ്വവിമോചകനെ തേടിയെത്തുന്ന പരാതികളും ആവലാതികളും അപേക്ഷകളും ലോകത്തെ ഒരു രാജാവിന്റെ സന്നിധിയിലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടാകില്ല.
വിശ്വാസികളുടെ അഭയമാണ് മദീനയും മദീനയിലെ ചക്രവര്‍ത്തിയും. വിശ്വാസം ആദ്യമധ്യാന്തം അവിടെ ബന്ധിതമാണ്. തിരുദൂതരോടുള്ള സ്നേഹത്തില്‍ തുടങ്ങുന്ന വിശ്വാസവും കര്‍മവും അവിടെ അഭയം തേടുന്ന വിനയത്തിലാണ് ഔന്നത്യം പ്രാപിക്കുക.
അല്ലാഹുവിന്റെ റസൂല്‍(സ്വ) ആശീര്‍വദിച്ചനുഗ്രഹിച്ച മഹാ കവിയാണ് സ്വഹാബി പ്രമുഖനായ ഹസ്സാനുബ്നു സാബിത്(റ). തിരുദൂതരുടെ വിയോഗാനന്തരം ഹസ്സാന്‍ ഒട്ടേറെ വിലാപ കാവ്യങ്ങള്‍ പാടിയിട്ടുണ്ട്. മദീനയെ മൊത്തത്തില്‍ വര്‍ണിക്കുന്നതും തിരുദൂതരുടെ ജീവിതാടയാളങ്ങളോരോന്നും അനുസ്മരിക്കുന്നതുമായ “ബിഥൈബത റസ്മുന്‍…’ എന്നു തുടങ്ങുന്ന കവിത ഏറെ ശ്രദ്ധേയമാണ്. മദീനയിലെ സ്മാരക ചിഹ്നങ്ങള്‍ അനുസ്മരിച്ച ശേഷം അദ്ദേഹം തിരുദൂതരുടെ വിശുദ്ധ ഖബ്റിടത്തെ വര്‍ണിക്കുന്നു:
“അഹ്മദ് നബിയോര്‍ അകംപൂണ്ട ഖബ്റിന്റെ ചാരത്തു കണ്‍കള്‍ ദീര്‍ഘമായി കഷ്ടപ്പെട്ടു കണ്ണീര്‍ വാര്‍ക്കുകയാണ്. റസൂലിനെ കിടത്തിയ ഖബ്റിടമേ നീ അനുഗ്രഹീത! സച്ചരിതരുടെ നേതാവ് അടക്കം ചെയ്യപ്പെട്ട നാടും അനുഗ്രഹീത!! അതിവിശുദ്ധനായ നബി തങ്ങളെ ഉള്‍ക്കൊണ്ടിട്ടുള്ള ഖബ്റിടത്തിനുമേല്‍ കരുത്തേറിയ മേല്‍തട്ടുള്ള ഒരു കെട്ടിടവും കാണാം’ (ഇബ്നുഹിശാംമരണം; ഹി. 213/സീറ)
തിരുദൂതരെ ഉള്‍ക്കൊള്ളുന്ന ഖബ്റിടം മാത്രമല്ല, ആ നാടു തന്നെ അവിടുത്തെ ഖബ്റുള്ളതിനാല്‍ വിശുദ്ധവും അനുഗ്രഹീതവുമാണെന്ന യാഥാര്‍ത്ഥ്യം ആഴത്തില്‍ പ്രഖ്യാപിച്ച ഹദീസ് ഗുരുവത്രെ, ഇമാം മാലിക്(റ).
ഖലീഫ മഹ്ദി മദീന സന്ദര്‍ശിക്കാന്‍ വരുന്നുവെന്നറിഞ്ഞ ഇമാം പ്രമുഖരെയും കൂട്ടി നഗരത്തില്‍ നിന്നും മൈലുകള്‍ക്കപ്പുറം ചെന്ന് ഖലീഫയെ സ്വീകരിച്ചാനയിച്ചു. മഹാഗുരു മാലികി(റ)നെ കണ്ടപ്പോള്‍ ഖലീഫ സാദരം അടുത്തേക്കു ചെന്നു. പരസ്പരം ആശ്ലേഷിച്ചു. സലാം പറഞ്ഞു. ഒന്നിച്ചു മുന്നോട്ടുനീങ്ങി. യാത്രക്കിടെ ഇമാം ഖലീഫയോടു ഉപദേശിച്ചു: “സത്യവിശ്വാസികളുടെ നായകാ, താങ്കളിപ്പോള്‍ വിശുദ്ധ മദീനയില്‍ പ്രവേശിച്ചിരിക്കുകയാണ്. താങ്കളുടെ ഇടത്തും വലത്തും തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ പ്രത്യേകം പരിഗണിക്കണം. അവര്‍ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും പൗത്രന്മാരാണ്. അവര്‍ക്ക് പ്രത്യേകം സലാം പറഞ്ഞ് നീങ്ങണം. ഭൂമിയില്‍ മദീനാ നിവാസികളേക്കാള്‍ ഉത്തമരായ മറ്റൊരു ജനതയുമില്ല, മദീനയേക്കാള്‍ പുണ്യമായ നാടുമില്ലല്ലോ!’
മാലിക് ഇമാമിന്റെ പ്രസ്താവന ഖലീഫയെ ചിന്തിപ്പിച്ചു. അദ്ദേഹം സംശയം ദുരീകരിച്ചു: അല്ലയോ അബൂ അബ്ദില്ലാഹ്, അങ്ങനെ പറയാന്‍ ന്യായമുണ്ടോ? ഇമാം വിശദീകരണം നല്‍കി: മുഹമ്മദ് നബി(സ്വ)യുടെ ഖബ്ര്‍ ഏതു നാട്ടിലാണോ, മറ്റുള്ളവരേക്കാള്‍ ആ നാട്ടുകാരുടെ മികവ് തിരിച്ചറിയപ്പെടേണ്ടതല്ലേ? ഖലീഫക്കു ബോധ്യമായി. അദ്ദേഹം ഇമാമവര്‍കളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചു’ (ഖാളി ഇയാള്/തര്‍ത്തീബുല്‍ മദാരിക് വ തഖ്രീബുല്‍ മസാലിക് ലി മഅ്രിഫതി അഅ്ലാമി മദ്ഹബി മാലിക്/114).
മദീനയുടെ പുണ്യവും തിരുദൂതരുടെ സഹായവും വിശ്വാസികളുടെ എക്കാലത്തെയും അഭയവും പ്രതീക്ഷയുമാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പൂര്‍വിക പ്രവാചകന്മാരില്‍ ചിലര്‍പോലും നബി(സ്വ)യുടെ സമുദായത്തില്‍ ജനിക്കാന്‍ കൊതിച്ചത്.

സ്വാലിഹ് പുതുപൊന്നാനി

Exit mobile version