സംസ്ഥാനത്ത് മദ്യനിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഹിറ്റായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ചുരുക്കി വായിക്കാം: “എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഒരു ബില്‍ വന്നു; സമ്പൂര്‍ണ മദ്യ നിരോധനം. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വില്ക്കുന്നവരെയും തടവിലിടാന്‍ തുടങ്ങി. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കന്‍ ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കന്‍ ഭരണകൂടം മദ്യപന്മാര്ക്ക് മുന്നില്‍ മുട്ടുകുത്തി. ബില്‍ പിന്‍വലിച്ചു. അമേരിക്കയില്‍ മദ്യം വീണ്ടും അനുവദനീയം! ഇനി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദീനയില്‍ നടപ്പിലാക്കിയ മദ്യനിരോധനം ശ്രദ്ധിക്കുക. അവിടെ പ്രവാചകന് മുഹമ്മദ് നബി(സ്വ) മദ്യം നിരോധിച്ചുകൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേള്‍ക്കേണ്ട താമസം, ജനങ്ങള്‍ തങ്ങളുടെ പക്കലുള്ള മദ്യസംഭരണികള്‍ മുഴുവന്‍ ഒഴുക്കിക്കളയുന്നു. മദീനയില്‍ മദ്യം പുഴ പോലെ ഒഴുകി. നിയമം നടപ്പിലാക്കാന്‍ പോലീസ് സംവിധാനങ്ങളില്ല. ഒരു ദീനാര്‍ പോലും ചെലവഴിച്ചില്ല. പ്രവാചകന്റെ ഒറ്റവാക്കില്‍ മദ്യം നിരോധിക്കപ്പെട്ടു, ഘട്ടം ഘട്ടമായി. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ്(റ) ഇത്തരവ് കേട്ടതും മദ്യചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു. മദ്യം കുടിച്ചുകൊണ്ടിരുന്നവര്‍ ഉത്തരവ് കേട്ടതോടെ തുപ്പിക്കളഞ്ഞു. “ഞാന്‍ മരിച്ചാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിടണം, അങ്ങനെ അതിന്റെ ലഹരി എനിക്കാസ്വദിക്കാം” എന്ന് പറഞ്ഞിരുന്ന ആ അന്ധകാര സമൂഹത്തെ മദ്യം ഒഴിച്ചിടത്ത് വളര്‍ന്ന പുല്ല് പോലും ഇനിയെനിക്ക് വെറുപ്പാണ് എന്ന് പറയാന്‍ മാത്രം പരിവര്‍ത്തിപ്പിച്ച പ്രവാചകന് നിരോധിച്ചതുപോലെ ഒരാളും മദ്യ നിരോധനം നടപ്പിലാക്കിയിട്ടില്ല. കേരളത്തില്‍ നിലവിലുള്ള സാമൂഹിക പശ്ചാത്തലവും സാംസ്കാരിക സ്വഭാവവും പരിഗണിക്കുമ്പോള്‍, മദ്യനിരോധന ചര്‍ച്ചകളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് കാണാന്‍ കഴിയും. മദ്യനിരോധനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായങ്ങള്‍, സാംസ്കാരികമത നേതാക്കളുടെ ഇടപെടലുകള്‍, പൊതു ജനങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവ സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും മതത്തെക്കുറിച്ചും നിര്‍ണായകമായ സൂചനകള്‍ തരുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ കര്‍ശന നിലപാടാണ് മദ്യക്കച്ചവടക്കാര്‍ക്ക് ഒരു പരിധിവരെയെങ്കിലും മൂക്കുകയറിടാന്‍ വഴിയൊരുക്കിയത്. മദ്യവില്പന നിയന്ത്രിക്കുന്നതില്‍ യു.ഡി.എഫ് ഘടകകക്ഷികളും ഉറച്ചനിലപാട് എടുത്തതോടെ ചരിത്രപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആഗസ്റ്റ് 22ാം തിയ്യതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 700 ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടു. പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാറിന്റെ മദ്യനയം എന്നും ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടു. ഒപ്പം ബീവറേജ് കോര്പറേഷന് വില്‍ക്കുന്ന മദ്യങ്ങള്‍ക്ക് അഞ്ച് ശതമാനം അധികനികുതിയും ചുമത്തി. മദ്യം വിതക്കുന്ന ദുരിതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാന് വേണ്ടി സര്‍ക്കാര്‍ ബോധവത്കരണ പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തു. നേരത്തെ 418 ബാറുകള്‍ അടപ്പിച്ചിരുന്നു. മദ്യ ലോബികളുടെ ശക്തമായ സമ്മര്‍ദങ്ങള്‍ക്കിടയിലും അവ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താനും സര്‍ക്കാറിന് സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 338 മദ്യ വില്പന ശാലകളില്‍ ഓരോ വര്‍ഷവും പത്ത് ശതമാനം നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ നയത്തിലൂടെ 1813 കോടി രൂപയാണ് നഷ്ടം സംഭവിക്കുക എന്ന് ധനമന്ത്രി കെ.എം മാണി കണക്കെടുക്കുകയുണ്ടായി. അതേസമയം അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് മദ്യനയത്തിന് പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. മദ്യലോബികളുടെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി മദ്യനയത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. എന്നാല്‍ അബ്കാരി നയം നിലവില്‍വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാവില്ലെന്നും മദ്യക്കച്ചവടത്തിന് ഭരണഘടനാപരമായ പരിരക്ഷയോ അവകാശമോ ഇല്ലെന്നും കോടതി വിധിച്ചു. പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റവും ഒടുവിലായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി ഇത് പറഞ്ഞ അതേ ദിവസം, അഡ്വ. ജനറല്‍ കെ.പി ദണ്ഡപാണി, തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ മദ്യനിരോധനത്തിനുള്ള നടപടി മാത്രമാണ് സര്‍ക്കാറിന്റേതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. മദ്യ നയം വിവേചനപരമാണെന്നും സര്‍ക്കാറാണ് മദ്യക്കച്ചവടത്തിന്റെ കുത്തകയെന്നും പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ അനുവദിക്കേണ്ടെന്ന തീരുമാനം വിവേചനപരമാണെന്നും ബാറുടമകള്‍ വാദിച്ചെങ്കിലും വിലപ്പോയില്ല. രാഷ്ട്രീയസാമ്പത്തികമദ്യ മാഫിയാ സമ്മര്‍ദങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ മദ്യനയവുമായി മുന്നോട്ട് പോവുകയാണെന്നത് മദ്യദുരന്തത്തിനിരയായിക്കൊണ്ടിരിക്കുന്ന കേരളീയര്‍ക്ക് നല്ലൊരു വാര്‍ത്തയാണ്. അടുത്ത തവണയും ഭരണം ഉറപ്പിക്കാന്‍ വേണ്ടി വോട്ടുബേങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ മദ്യനയമെന്നും മറിച്ച് മദ്യം നിരോധിച്ച് സാധാരണക്കാരുടെ കണ്ണീരൊപ്പാനല്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ഇതിനകം പല ഭാഗത്ത് നിന്നും ഉയരുകയുണ്ടായി. എന്നാല്‍, മദ്യനയത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന ആരോപണത്തെ മറിക്കടക്കുന്ന രൂപത്തിലാണ് മദ്യം കേരളീയ സമൂഹത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാരകമായ ദൂഷ്യഫലങ്ങള്‍. സംസ്ഥാനത്ത് കുടുംബബന്ധം തകര്‍ക്കുന്നതില്‍ ഏറ്റവും മുന്നില്‍ മദ്യമാണെന്ന് സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ 2013-14 റിപ്പോര്‍ട്ടില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനുള്ള കാരണങ്ങളില്‍ വിവാഹേതര ബന്ധങ്ങള്‍ പതിനാറ് ശതമാനവും മൊബൈല്‍ ഫോണ്‍ പതിനഞ്ച് ശതമാനവുമാണെങ്കില്‍ 61 ശതമാനം പീഡനങ്ങള്‍ക്കും മദ്യമാണ് കാരണം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാര്‍ഹിക പീഡന കേസുകള്‍ ശാസ്ത്രീയമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ തോത് അനുദിനം വര്‍ധിച്ചുവരികയാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായി. കൊലപാതകവും അശ്ലീലങ്ങളും നിറഞ്ഞാടുന്ന നഗരഗ്രാമ പ്രദേശങ്ങളിലെ മുഖ്യ വില്ലന്‍ മദ്യമാണ്. ഈയൊരു സാമൂഹിക പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നീക്കങ്ങള്‍ തീര്‍ത്തും ശ്ലാഘനീയമാണ്. മദ്യനയ വിവാദങ്ങള്‍ക്കിടയില്‍ പലരും ശ്രദ്ധിക്കാതെ വിട്ട ഒരു വസ്തുതയുണ്ട്. ചാനല്‍ ചര്‍ച്ചകളിലോ സാംസ്കാരിക നായകരുടെ അഭിപ്രായ പ്രകടനങ്ങളിലോ കാണാന്‍ കഴിയാതിരുന്ന ഒരു യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ തീരുമാനിച്ച സമ്പൂര്‍ണ മദ്യനയം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. മറിച്ച്, അനേകം ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അനന്തരഫലമാണ്. നയരൂപീകരണ പ്രക്രിയയില്‍ ആരെല്ലാം സര്‍ക്കാര്‍ തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതിന് ഉപോല്‍ബലകമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്: “മദ്യനിരോധനം എന്നത് എടുത്തിചാടിയെടുത്ത തീരുമാനമല്ല, എല്ലാ വശവും വിശദമായി പരിശോധിച്ചിരുന്നു. മൂന്ന്, നാല് മാസമായി സമൂഹത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.” ഈ മൂന്ന്നാല് മാസത്തെ കാലയളവിനുള്ളില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സര്‍ക്കാറിനയച്ച രണ്ട് കത്തുകളും ഒരു കൂടിയാലോചനയും ഏറെ ശ്രദ്ധേയമാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍ക്ക് പിന്തുണതേടി ഉസ്താദിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. ലഹരിവിരുദ്ധ കാമ്പയിന് സര്‍വപിന്തുണയും അറിയിച്ച് സുധീരന് കാന്തപുരം വിശദമായി എഴുതി. അതാണ് ഒന്നാമത്തെ കത്ത്. രണ്ടാമത്തേത്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കുള്ളതായിരുന്നു. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഴുതിയത്. സംസ്ഥാന ഗവണ്മെന്റിന്റെ മദ്യവിരുദ്ധ പരിപാടികള്‍ക്ക് പിന്തുണ അറിയിച്ച് കൊണ്ട് കാന്തപുരം അയച്ച രണ്ടാമത്തെ കത്തിലെ വരികള്‍ ഇങ്ങിനെ വായിക്കാം: “ലഹരി-മയക്ക് മരുന്ന് മാഫിയക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിനൊപ്പം കൈക്കോര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്ത് കിട്ടി. സന്തോഷങ്ങള്‍. നമ്മുടെ ക്യാമ്പസുകളിലും ജീവിതപരിസരങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതില്‍ അതിയായ സന്തോഷമുണ്ട്. അഭിനന്ദനാര്‍ഹമായ ഈ ചെറുത്തുനില്പ് ലഹരി പദാര്‍ത്ഥങ്ങളെയും അവയുടെ ഉപയോഗത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ നിമിത്തമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലഹരി വിരുദ്ധ കാമ്പയിനുകളും ബോധവല്‍ക്കരണ പദ്ധതികളും സുന്നിമുസ്ലിം സംഘടനകള്‍ നേരത്തെ ആരംഭിച്ച വിവരം ശ്രദ്ധിച്ചു കാണുമല്ലോ. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയും അതിന്റെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്എസ്എഫ്, എസ്എംഎ, എസ്ജെഎം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എസ്എഫ് നടത്തിയ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഫലമായി നിരവധി ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണമായും ലഹരി മുക്തമായിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളുടെ കുത്തഴിഞ്ഞ രാഷ്ട്രീയ സ്വഭാവം തിരുത്തി അച്ചടക്കമുള്ള ക്യാമ്പസുകള്‍ രൂപപ്പെടുത്തുന്നതിലും ഞങ്ങളുടെ സംഘടനകള്‍ വഹിച്ച പങ്ക് ചെറുതല്ല. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നു. അതോടൊപ്പം, ലഹരിമയക്കുമരുന്ന് മാഫിയക്കെതിരായ ഈ പോരാട്ടത്തില്‍ അണിചേരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ഈ കാമ്പയ്നുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വേദിയൊരുക്കാന്‍ കോഴിക്കോട് കാരന്തൂരിലെ മര്‍കസും പ്രസ്ഥാനത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും തയ്യാറാണ്. വിജയാശംസകള്‍ നേരുന്നു. പ്രാര്‍ത്ഥനകള്‍.” ഈ കത്തയച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കാന്തപുരം ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന മദ്യനിരോധനത്തിനുള്ള തന്റെ പ്രായോഗിക നിര്‍ദേശങ്ങളാണ് മുസ്ലിം ഇന്ത്യയുടെ നേതാവ് മുഖ്യമന്ത്രിയെ പ്രസ്തുത കൂടിക്കാഴ്ചയില്‍ അറിയിച്ചത്. ഒരു മുസ്ലിം ആവശ്യം എന്നതിലുപരി കേരളീയ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന നിലക്കാണ് മദ്യത്തെക്കുറിച്ച് കാന്തപുരം ഉസ്താദ് തന്റെ നയനിലപാടുകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാറുമായി പങ്ക് വെച്ചത്. ഇറാഖിലെ ഐ.എസ്.ഐഎസ് തീവ്രവാദികളെക്കുറിച്ച് അദ്ദേഹം നല്കിയ ഫത്വ ദേശീയ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര മാന്യുസ്ക്രിപ്റ്റ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. കേരളത്തിലെ ഈ ആഗോള മതപണ്ഡിതന്റെ നിര്‍ദ്ദേശങ്ങള്‍ രണ്ട് കയ്യും നീട്ടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യനിരോധന പ്രഖ്യാപനം വന്നപ്പോള്‍ വിവിധ, രാഷ്ട്രീയ, വ്യാപാര, മത നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധേയമാണ്. മദ്യം ഉപയോഗിക്കരുതെന്ന് വിലക്കിയ ശ്രീ നാരായണ ഗുരുവിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജന്മംകൊണ്ട എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. പ്രമുഖ അബ്കാരി കൂടിയായ വെള്ളാപള്ളി, മുസ്ലിം ലീഗുകാര്‍ക്ക് ബാറുകള്‍ സ്വന്തമായി ഇല്ലാത്തത് കൊണ്ടാണ് അവര്‍ മദ്യനിരോധനത്തില്‍ വലിയ താല്പര്യം കാണിക്കുന്നത് എന്ന് വരെ പറയുണ്ടായി. ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ വൈന്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്ന്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത് വന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ വൈന്‍ തന്നെ ഉപയോഗിക്കണമെന്ന് അദ്ദേഹം സ്ഥിരപ്പെടുത്തി. എന്‍എസ്എസ് സുകുമാരന്‍ നായരും മദ്യനയത്തില്‍ അനാവശ്യ വര്‍ഗീയ അഭിപ്രായങ്ങള്‍ പറയുണ്ടായി. ചുരുക്കത്തില്‍, മദ്യനിരോധനം എന്നത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. മദ്യ ദുരന്തത്തിന്റെ ഇരകളാവുന്ന ആയിരങ്ങള്‍ക്ക് സമ്പൂര്‍ണ മദ്യനിരോധം ആശ്വാസമേകും. ഇതില്‍ ഇനി വരാനിരിക്കുന്ന സര്‍ക്കാറിനാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളത്. മദ്യം നിരോധിച്ചാല്‍ വ്യാജമദ്യവും ലഹരിയും വ്യാപകമാവുമെന്നും നിരവധി സാമ്പത്തിക രാഷ്ടീയ പ്രശ്നങ്ങള്‍ തലപൊക്കുമെന്നും വിലയിരുത്തുന്നവരുണ്ട്. കൊടിയേരി മുതല്‍ ശശി തരൂര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 1996ല്‍ ആന്റണി മന്ത്രിസഭ ചാരായനിരോധനം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്നുണ്ടായ മദ്യദുരന്തങ്ങളും രാഷ്ടീയ അട്ടിമറിയും മദ്യലോബികളുടെ പാരകളും ഇതിനുദാഹരണം പറയുന്നു. എന്നാല്‍ നിലവിലുള്ള മുഴുവന്‍ വെല്ലുവിളികളെക്കാളും വലുതാണ് മദ്യം സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍. മുമ്പ് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തിലെയും മേഘാലയിലെയും പ്രതിസന്ധികളും വിമര്‍ശകര്‍ ഉദാഹരിക്കുന്നുണ്ടെങ്കിലും കൃത്യമായ കര്‍മപദ്ധതികളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി, മുഴുവന്‍ രാഷ്ടീയമത സംഘടനകളും ഒറ്റക്കെട്ടായി ചെറുത്തുനിന്നാല്‍ മികവുറ്റ ഫലങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. പ്രഖ്യാപനങ്ങളിലും രാഷ്ടീയ ചരട് വലിയിലുമപ്പുറം മദ്യനിരോധനം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടക്കണമെന്നും മാത്രം. യാസര്‍ അറഫാത്ത് നൂറാനി