മദ്‌റസകൾ മികവിന്റെ കേന്ദ്രങ്ങളാവട്ടെ

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മതവിദ്യാഭ്യാസ രംഗത്തെ ഈടുറ്റ സംവിധാനമാണ് നമ്മുടെ മദ്‌റസകൾ. ബാല്യകാലംതൊട്ടേ മതപരമായ അറിവുകളും ശീലങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും മതജീവിതത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിനും അതോടൊപ്പം ഇസ്‌ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങൾ ഉൾക്കൊണ്ട് മതത്തിന്റെ സൗന്ദര്യം ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനും നിലകൊള്ളുന്ന മദ്‌റസകൾ നമ്മുടെ സമൂഹത്തിൽ നിർവഹിക്കുന്നത് അതുല്യമായ ദൗത്യമാണ്. ഒട്ടേറെ നന്മകളുടെ പൂക്കൾ വിരിയിക്കുന്ന മദ്‌റസകളെ പുതിയകാല സാഹചര്യത്തിനനുസരിച്ച് കൂടുതൽ ഫലപ്രദമാക്കുക, നിലവിലുള്ള സംവിധാനത്തെ മികവോടെ ദഅ്‌വാ രംഗത്ത് സജീവമാക്കി നിലനിർത്തുക തുടങ്ങിയ താൽപര്യങ്ങൾ മുൻനിർത്തി കേരളത്തിലെ മദ്‌റസ സംവിധാനങ്ങളെ കുറിച്ച് വിദ്യാഭ്യാസ-മത രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുമായി സുന്നിവോയ്‌സ് പ്രതിനിധി നടത്തിയ ചർച്ചയിലെ നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഓരോ നാടിന്റെയും പ്രാഥമിക മതവിദ്യാഭ്യാസ മുഖമായ മദ്‌റസകളുടെ ആശയപരമായും ഭൗതികപരമായുമുള്ള സംവിധാനങ്ങൾക്ക് കൂടുതൽ തെളിച്ചമേകാൻ ഈ ചർച്ച ഗുണം ചെയ്‌തേക്കും.
-എഡിറ്റർ

മതരംഗത്തെ അടിസ്ഥാന അറിവുകൾ പങ്കുവെക്കാനും ശീലിപ്പിക്കാനുമുള്ള ഇടങ്ങളാണ് മദ്‌റസകൾ. എങ്കിലും ഒരു നാട്ടിലെ വിദ്യാർഥികളുടെ എല്ലാ അർഥത്തിലുമുള്ള വിദ്യാഭ്യാസ പുരോഗതിക്ക് തുണയാവുന്ന മികവിന്റെ കേന്ദ്രങ്ങളായി മദ്‌റസകളെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. അതിനു വേണ്ട സംവിധാനങ്ങൾ ഓരോ നാട്ടിലും ഒരുക്കേണ്ടതുണ്ട്. അതിന് നാം ചെയ്യേണ്ട കാര്യം, ഓരോ നാട്ടിലും മഹല്ല് കമ്മിറ്റിക്കും മദ്‌റസാ മാനേജ്‌മെന്റിനും പുറമെ നമ്മോട് ആശയപരമായി വിയോജിപ്പില്ലാത്ത വിദ്യാഭ്യാസ രംഗത്തുള്ള എല്ലാ ആളുകൾക്കും ഒരുമിച്ചുകൂടാവുന്നതും ആശയങ്ങൾ പങ്കുവെക്കാവുന്നതും നടപ്പിലാക്കാവുന്നതുമായ ഒരു കേന്ദ്രമായി മദ്‌റസയെ മാറ്റാൻ പറ്റുമോ എന്ന് ആലോചിക്കുകയാണ്.

ഒരു മദ്‌റസയുടെ പരിധിയിൽ വരുന്ന വിദ്യാസമ്പന്നരായ മുഴുവനാളുകളും ഈ മദ്‌റസയിൽ ഏതെങ്കിലും ഒരർഥത്തിൽ ഭാഗമാവുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അതിൽ മതപണ്ഡിതരും മറ്റു ബിരുദധാരികളുമെല്ലാം ഉൾപ്പെടും. വിദ്യാഭ്യാസപരമായ എല്ലാ കാര്യത്തിലും അവരുടെ ഇടപെടൽ നമ്മൾ ആഗ്രഹിക്കുകയും അനുവദിക്കുകയും വേണം. അങ്ങനെയാവുമ്പോൾ ആ മദ്‌റസ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസപരമായ മുഴുവൻ കാര്യങ്ങളിലും നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ശ്രദ്ധയും ലഭിക്കും. ഇത് വിദ്യാർഥികളുടെ ഭാവിയിൽ വിശേഷിച്ചും, നാടിന്റെ വികസനത്തിൽ പൊതുവിലും വലിയ ഗുണം ചെയ്യും.

ദീനിയ്യായ വിഷയങ്ങൾ നമ്മുടെ മക്കളെ പഠിപ്പിക്കുകയും അവരെ അറിവും അച്ചടക്കവും മതബോധവും ഉള്ളവരാക്കുക എന്നതുമാണ് മദ്‌റസകൊണ്ട് നാം എക്കാലവും ഉദ്ദേശിക്കുന്നതെന്നിരിക്കെ തന്നെ, ഈ സംവിധാനം തുടങ്ങുന്ന മദ്‌റസയിൽ ചേർന്ന ഒരു കുട്ടിക്ക് അവന്റെ ഉപരിപഠനം സംബന്ധമായ മാർഗനിർദേശങ്ങൾ മദ്‌റസയിൽ നിന്ന് കിട്ടണം. പത്താം ക്ലാസുകാരനായ ഒരു കുട്ടിയോട് എസ്എസ്എൽസി വിജയിച്ചാൽ അവൻ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയേണ്ടത് മദ്‌റസയായിരിക്കണം. അവിടെയാണ് നേരത്തെ പറഞ്ഞ ആളുകളുടെ പങ്ക് നമുക്ക് ഉപകരിക്കുക. മദ്‌റസയിൽ പഠിക്കുന്നതോടു കൂടി ഒരു കുട്ടിയുടെ ഭാവി എന്തെന്ന് തെളിയാനും കുട്ടിക്ക് ആത്മവിശ്വാസത്തോടെ തന്റെ കരിയറിനെ സമീപിക്കാനും ഇത് ഗുണം ചെയ്യും. അങ്ങനെ കുട്ടികളുടെ അഭിരുചിക്കും നാടിന്റെ ആവശ്യത്തിനുമനുസരിച്ച് ഭാവിതലമുറയെ സൃഷ്ടിക്കാൻ നമുക്കാവും. മാത്രമല്ല, നാട്ടിലെ എല്ലാവിധ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ഈ സംഘത്തിന് കഴിയും. കുട്ടിയുടെ ഗൈഡ് ആ നാട്ടിലുള്ളവരും മദ്‌റസക്കാരുമാവും. ഇനി, ഒരു കുട്ടിയുടെ ഉപരിപഠനത്തിന് തടസ്സം നിൽക്കുന്ന ഘടകം സാമ്പത്തികമാണെങ്കിൽ അത് ആ കുട്ടിയുടെയും രക്ഷിതാവിന്റെയും മാത്രം പ്രശ്‌നമായി ഒതുങ്ങില്ല. മറിച്ച്, ആ നാടിന്റെയും നാട്ടുകാരുടെയും കാര്യമായി മാറും. അത് പരിഹരിക്കുകയും ചെയ്യും. അഥവാ, പരിഹരിക്കാൻ സംഘത്തിന് കഴിയണം.
ഉന്നത പഠനത്തിനുള്ള സ്ഥാപനം കണ്ടെത്തുന്നതിലാണ് ഒരു കുട്ടിയുടെ ആശങ്കയെങ്കിൽ അത് ഇനിമുതൽ അവന്റെ മാത്രം ഉത്തരവാദിത്വമല്ല, ആ നാട്ടുകാരടങ്ങിയ ടീമിന്റെ ചുമതലയാണ്. ഈ രൂപത്തിൽ മികവിന്റെ ഒരു കേന്ദ്രമായി മദ്‌റസയെ മാറ്റുമ്പോൾ ഒരു കുട്ടിക്ക് അവന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തുള്ള മറ്റൊരു കാര്യത്തിനും വേറെ എവിടെയും പോകേണ്ടിവരുന്നില്ല.
മദ്‌റസ മാനേജ്‌മെന്റിന് കൃത്യമായ ഒരു വിഷൻ ഉണ്ടാവുകയെന്നതാണ് ഈ ‘മികവിന്റെ കേന്ദ്രങ്ങൾ’ നടപ്പിലാക്കാൻ ആദ്യമായി വേണ്ടത്. ഒപ്പം തന്നെ ഈ ആശയത്തെ സ്വാഗതം ചെയ്യാനും ആവേശപൂർവം അതിന്റെ കൂടെനിന്ന് നടപ്പിൽ വരുത്താനും സഹകരിക്കുന്ന മുഅല്ലിമുകളും ഓരോ മദ്‌റസയിലും ഉണ്ടാവുന്നത് ഏറെ നന്നായിരിക്കും.

ശക്തമാവേണ്ട മാനേജ്‌മെന്റ്

മുകളിൽ പറഞ്ഞ രൂപത്തിൽ മദ്‌റസയോട് സഹകരിക്കാൻ തയ്യാറുള്ള ഒരു സംഘത്തെ സൃഷ്ടിച്ചാൽ ഓരോ നാട്ടിലും ഇച്ഛാശക്തിയുള്ള നല്ലൊരു മദ്‌റസ മാനേജ്‌മെന്റ് വളർന്നുവരുമൊന്നൊരു സവിശേഷതകൂടിയുണ്ട്. പലയിടത്തും മദ്‌റസ മാനേജ്‌മെന്റുകൾ സാമ്പ്രദായികമായി നിലനിന്നുപോരുന്ന കാര്യങ്ങൾ നിർവഹിക്കുന്നതിലപ്പുറം പുതിയ അജണ്ടകൾ നടപ്പിലാക്കാൻ മുന്നോട്ട് വരാറില്ല. മദ്‌റസയല്ലേ, അത് ഇത്രയൊക്കെ മതി എന്ന ധാരണയും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയാവാം അതിന് കാരണം. എന്നാൽ ഈ കൂട്ടായ്മ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നല്ല. അതേസമയം ഇതുണ്ടാക്കുന്ന ഫലം വളരെ വലുതാണ്. ഒരു നാടിന്റെ വിദ്യാഭ്യാസ ഘടനയെത്തന്നെ മാറ്റിയെഴുതാൻ താഴെത്തട്ടിലുള്ള ഇത്തരം കൂട്ടായ്മകൾ കൊണ്ട് സാധിക്കും.

മദ്‌റസ മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൂടുതൽ ഉറപ്പ് വരുത്തുമ്പോൾ കുട്ടികളുടെ ഗുണനിലവാരവും മദ്‌റസയുടെ ഭൗതിക നിലവാരവും വർധിക്കുകയാണ് ചെയ്യുക. മാനേജ്‌മെന്റും മുഅല്ലിമുകളും നല്ല സഹകരണത്തോടെ നീങ്ങിയാൽ ഈ പദ്ധതി ഭംഗിയായി നടപ്പിലാക്കാൻ സാധിക്കും.

ജനകീയ മദ്‌റസ

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പദ്ധതി നടപ്പിലാക്കുന്നത് ഒരു ടീമിന്റെ പിന്തുണയോടെയാണ്. ഈ ടീമിന്റെ നിർദേശങ്ങൾക്കും ഗൈഡൻസിനുമനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടത്. അല്ലാതെ ഇതിന്റെ നിർവഹണമെല്ലാം ഒരു മുഅല്ലിമിന്റെ മാത്രം ചുമതലയാവില്ല. ഇതിന്റെ മറ്റൊരു ഗുണം മദ്‌റസാധ്യാപകരും നാട്ടിലെ വിദ്യാസമ്പന്നരും തമ്മിൽ നല്ലൊരു ബന്ധം രൂപപ്പെടുന്നുവെന്നതാണ്. അത് ആ മുഅല്ലിമിന് ഗുണം ചെയ്യും. മാത്രമല്ല, മദ്‌റസ കാര്യങ്ങളിൽ നിന്നൊക്കെ പൊതുവെ അകന്നുനിൽക്കുന്ന ഇത്തരം ആളുകളെ പള്ളിയോടും ദീനീസംരംഭങ്ങളോടും അടുപ്പിക്കാനും ഇത് സഹായിക്കും. അവർക്കും ഇത് നല്ല സന്തോഷമാകും. നാട്ടിൽ ചെറിയൊരു സേവനം ചെയ്യാൻ അവസരം ലഭിക്കുന്നത് ആർക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാവുമല്ലോ. നാടിന്റെ പുരോഗതിക്കായി സൗജന്യ സേവനത്തിന് തയ്യാറാവുന്ന വിദ്യാസമ്പന്നർ ഓരോ പ്രദേശത്തുമുണ്ടാകും. നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സാമ്പത്തിക സഹായം നൽകാൻ അവിടത്തെ സമ്പന്നർ തയ്യാറാവുകയും ചെയ്യും.

പുറത്ത് നഗരത്തിൽ പോയി കരിയർ സ്റ്റഡീസും കോച്ചിംഗും സ്‌കിൽ സംബന്ധമായ മറ്റു പഠനങ്ങളും നടത്തുന്ന ഒരുപാട് വിദ്യാർഥികൾ എല്ലാ നാട്ടിലുമുണ്ട്. സ്വന്തം നാട്ടിൽ, തങ്ങൾ പഠിച്ച മദ്‌റസയിൽ തന്നെ ഇത്തരമൊരു സംവിധാനമുണ്ടാവുമ്പോൾ അതവർക്ക് വലിയ തോതിൽ ഗുണം ചെയ്യും. സ്‌പോക്കൺ ഇംഗ്ലീഷ്, മത്സരപരീക്ഷാ കോച്ചിംഗുകൾ, സ്‌കൂൾ വിഷയങ്ങളിലെ ട്യൂഷൻ, തൊഴിൽ സ്‌കിൽ പരിശീലനം എന്നിവയൊക്കെ ഇവ്വിധം ഓരോ പ്രദേശത്തെയും സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്.
ഉന്നത വിദ്യാഭ്യാസ സംബന്ധിയായ ഇത്തരം പഠന-പരിശീലന കാര്യങ്ങൾക്ക് വേണ്ടി മുതിർന്ന ക്ലാസിലെത്തുമ്പോൾ മദ്‌റസ പഠനം അവസാനിപ്പിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ നാടുകളിലുണ്ട് എന്നത് വസ്തുതയാണ്. അത്തരക്കാർക്ക് മതപഠനം ഒഴിവാക്കാതെ തന്നെ ഉന്നത പഠനം നടത്താനും ഈ കേന്ദ്രങ്ങളിലൂടെ സാധിക്കും. നിലവിൽ നല്ലൊരു ശതമാനം പേരും മതപരമായ അടിസ്ഥാന വിദ്യ നുകരാൻ മാത്രമാണ് മദ്‌റസയിലെത്തുന്നത്. അതിനപ്പുറത്തേക്കുള്ള പൊതുവിദ്യാഭ്യാസ ജാലകമായി മദ്‌റസ മാറുന്നുവെന്നത് മദ്‌റസ എന്ന ആശയത്തിലേക്ക് പൊതുസമൂഹത്തെ കൂടുതൽ ആകർഷിപ്പിക്കാൻ കാരണമാകും.

ധാർമിക മുന്നേറ്റം

മദ്‌റസകൊണ്ട് നമ്മളുദ്ദേശിക്കുന്ന വലിയൊരാശയമെന്തെന്നാൽ കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നല്ല ശീലങ്ങളും ഗുണങ്ങളും ഉണ്ടാവുകയെന്നതാണ്. അതിലൊരു ഭാഗം മാത്രമാണ് അവർക്ക് നൽകുന്ന പാഠ്യപദ്ധതി. എന്നാൽ പാഠ്യപദ്ധതിക്കപ്പുറത്ത് നല്ല ശീലങ്ങളും ഗുണങ്ങളും അവരിൽ നിലനിൽക്കാനും മുതിർന്നാൽ തുടർന്ന് പോവാനുമുള്ള ഒരു വഴിയായി നേരത്തെ പറഞ്ഞ മികവിന്റെ കേന്ദ്രംകൊണ്ട് സാധിക്കും. കുട്ടിയുടെ എല്ലാ അർഥത്തിലുള്ള വിദ്യാഭ്യാസത്തിലും ഇടപെടുക മൂലം മുഅല്ലിം-നാട്ടുകാരടങ്ങിയ സമിതി-രക്ഷിതാവ്-വിദ്യാർഥി എന്നിവർ തമ്മിൽ ശക്തമായ ബന്ധമുണ്ടാവുകയും അത് കുട്ടിയുടെ ഭാവിജീവിതം ധാർമികമായി മുന്നോട്ട് നയിക്കുന്നതിൽ വലിയ പ്രേരണയാവുകയും ചെയ്യും.

സ്‌കൂൾ അധ്യാപകരെ കൂടി ഈ സമിതിയുടെ ഭാഗമാക്കുകയാണെങ്കിൽ അത് നല്ലൊരു മുന്നേറ്റം തന്നെയാവും. കുട്ടികൾ അറിഞ്ഞോ അറിയാതെയോ സ്‌കൂൾ അധ്യാപകരെയും ഈ പദ്ധതിയുമായി സഹകരിപ്പിക്കാം. സ്‌കൂൾ അധ്യാപകരുമായി ഈ പദ്ധതിയുടെ ചുമതലയുള്ള മുഅല്ലിം കൃത്യമായ ഇടവേളയിൽ ബന്ധപ്പെട്ടാൽ ആ കുട്ടിയെ നല്ലൊരു മേഖലയിൽ എത്തിക്കാൻ സാധിക്കും. മദ്‌റസയിൽ നാം പ്രധാനമായി ലക്ഷ്യംവെക്കുന്ന ആശയങ്ങൾ പ്രയോഗതലത്തിൽ വരുത്തുന്നതിൽ, അല്ലെങ്കിൽ അത്തരമൊരു ധാർമിക ജീവിതം നയിക്കുന്നതിന് ആക്കം കൂട്ടാൻ ഈയൊരു സംവിധാനം ഉപകരിക്കും.

കൗമാരപ്രായക്കാർ അഭിമുഖീകരിക്കുന്ന, ക്യാമ്പസുകളിലും മറ്റും പോയാൽ ഇരയാവേണ്ടിവരുന്ന അധാർമിക പ്രവർത്തനങ്ങളിൽ അകപ്പെടാതെ നമ്മുടെ കുട്ടികളെ സംരക്ഷിക്കാനും ഇതുകൊണ്ട് സാധിക്കും. അധാർമിക പ്രവർത്തനങ്ങളിൽ പെട്ടുപോയവരെ അതിൽനിന്ന് മുക്തരാക്കുന്നത് ശ്രമകരമായ പ്രവർത്തനമാണ്. എന്നാൽ അതിന് അടിമകളാവാതിരിക്കാൻ ഇത്തരം മദ്‌റസ കേന്ദ്രീകൃത ഉന്നതപഠന ഗൈഡൻസ് കേന്ദ്രങ്ങൾ സഹായിക്കും. കാരണം, മദ്‌റസ കാലത്തുതന്നെ ഒരു കുട്ടിയുടെ കരിയർ കാണിച്ചുകൊടുക്കുകയും അതിലേക്ക് പ്രോത്സാഹിപ്പിക്കുകയുമാണ് നാം ചെയ്യുന്നത്. പഠിക്കാൻ തീരുമാനിച്ച ഒരു കുട്ടിയെ എന്തായാലും വഴിതെറ്റിക്കാനാവില്ലല്ലോ. പഠനവും കരിയറും സ്വപ്നമായി മാറിക്കഴിഞ്ഞാൽ അവർ മോശം കാര്യങ്ങളിലേക്ക് വഴിതെറ്റി സഞ്ചരിക്കാൻ സാധ്യത കുറയും.

മുഅല്ലിം; നാടിന്റെ മെന്റർ

എല്ലാ മദ്‌റസയിലും ഈ പദ്ധതിയുടെ നടത്തിപ്പ് നിർവഹിക്കുന്ന ഒരു പ്രൊജക്റ്റ് കോർഡിനേറ്റർ ഉണ്ടാവുകയെന്നതാണ് പ്രധാനം. അത് ആ മദ്‌റസയിലെ മുഅല്ലിം തന്നെ ആവലാണ് ഉചിതം. ഇവിടെ ഒരു പ്രശ്‌നമുള്ളത്, നമ്മുടെ മദ്‌റസാ മാനേജ്‌മെന്റുകൾ പോലും പലപ്പോഴും വിചാരിക്കുന്നത് മുഅല്ലിംകളാണ് മദ്‌റസയുടെ എല്ലാ കാര്യങ്ങളും നടത്തേണ്ടത് എന്നാണ്. അത് ഈ രംഗത്തുള്ള ഘടനാപരമായ ഒരു പ്രശ്‌നമാണ്. ഉസ്താദിന് ശമ്പളം നൽകുക, കെട്ടിടം ഉണ്ടാക്കിക്കൊടുക്കുക എന്നതിനപ്പുറത്തേക്ക് മദ്‌റസയിൽ മാനേജ്‌മെന്റിന് റോളില്ലെന്നു വിചാരിക്കുന്ന കമ്മിറ്റികളാണ് ബഹുഭൂരിഭാഗവും. മദ്‌റസയിലെ കുട്ടികളുടെ വിദ്യാദ്യാസ നിലവാരത്തെ കുറിച്ച് രക്ഷിതാക്കളോ കമ്മിറ്റിക്കാരോ പരാതി പറയുന്നത് മുഅല്ലിമീങ്ങളോടാണ്. മുഅല്ലിംകളിൽ താൽപര്യമുള്ളവർ അത് ഗൗരവത്തിൽ എടുക്കാറുമുണ്ട്. എന്നാൽ നമ്മൾ ഈ മികവിന്റെ കേന്ദ്രം എന്ന പദ്ധതി നടപ്പിൽ വരുത്തുമ്പോൾ പ്രധാനമായും ഉദ്ദേശിക്കേണ്ടത് ആ നാട്ടുകാരെ മദ്‌റസയുടെ ഉത്തരവാദിത്വത്തിലേക്ക് കുറേക്കൂടി കൊണ്ടുവരിക എന്നതാണ്.
മദ്‌റസാധ്യാപകർ മഹല്ലിൽ തന്നെ ക്യാമ്പ് ചെയ്യുന്ന രീതിയുണ്ടായിരുന്നു മുമ്പ്. ആ സമയത്ത് കുട്ടി പള്ളിയിൽ വരുന്നുണ്ടോ, പഠിപ്പിച്ച രൂപത്തിൽ നിസ്‌കരിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാമായിരുന്നു. എന്നാൽ ഇന്ന് അധ്യാപകരിൽ മിക്കപേർക്കും മറ്റു ജോലികളുള്ളതിനാൽ ഈ നിരീക്ഷണത്തിന് പൂർണമായി കഴിയുന്നില്ല. ഒരു മദ്‌റസയിലെ ഒരധ്യാപകനെങ്കിലും മദ്‌റസാപരിധിയിൽ ക്യാമ്പ് ചെയ്ത് മദ്‌റസക്ക് പുറത്തും കുട്ടികളുടെ കൂടെ നിന്നാൽ നല്ല മാറ്റമുണ്ടാകും. ഒരു നാടിന്റെ മെന്റർ എന്ന നിലയിൽ ഈ മുഅല്ലിമിന് മാറാൻ സാധിക്കും.

മതപരമായ ഉന്നമനം

പരീക്ഷാ കേന്ദ്രീകൃതമായ, അല്ലെങ്കിൽ പരീക്ഷ ലക്ഷ്യംവെച്ചുള്ള മതപഠനമാണ് ഇപ്പോൾ നമ്മുടെ നാടുകളിൽ തുടർന്നു വരുന്നത്. അതിന് ചില ഗുണങ്ങളൊക്കെയുണ്ട്. മൂല്യനിർണയത്തിന് അതിന്റേതായ മെച്ചമുണ്ട്. അതേസമയം മൂല്യനിർണയത്തിന്റെ മാനദണ്ഡം മാറ്റാൻ പറ്റുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്വഭാവ രൂപീകരണം, മതചിട്ട എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരു കുട്ടി നിശ്ചിത ക്ലാസിലെത്തിയാൽ എന്താണ് നേടേണ്ടത് എന്നൊരു കാഴ്ചപ്പാട് വളർന്നു വരേണ്ടതുണ്ട്. ഫർളുകളും സുന്നത്തുകളും കേവലം പരീക്ഷയിൽ മാത്രം എഴുതുന്നതിന് പകരം അത് ആ കുട്ടിയിലുണ്ടോ എന്നറിയാനുള്ള മാർഗങ്ങൾ നമ്മൾ ആലോചിക്കണം. ചിലയിടങ്ങളിലൊക്കെ അത് നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. എന്നാൽ എല്ലായിടത്തും അത് നടക്കണം. ടെക്സ്റ്റ് ബുക്കിൽ പഠിപ്പിക്കുന്ന ഇബാദത്തുകൾ പ്രാക്ടിക്കലായി പഠിക്കാനുള്ള അവസരം എല്ലായിടത്തും ഉണ്ടെന്ന് തോന്നുന്നില്ല. സമയപരിമിതിയൊക്കെയുണ്ടാവാം. എന്നാൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടിയുടെ ജീവിതത്തിൽ പുലർത്തുന്നുണ്ടോ എന്നറിയാൻ അധ്യാപകർ ശ്രമിക്കണം.

ഒരു കുട്ടിയുടെ അനുഷ്ഠാനത്തിലും സമീപനത്തിലും നാം പഠിപ്പിച്ച കാര്യങ്ങൾ എത്രത്തോളമുണ്ടെന്ന് നോക്കണം. കേവലം പരീക്ഷ എഴുതലും അതിലെ ടോപ് പ്ലസും എ പ്ലസും ലക്ഷ്യമാക്കലും പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിന്റെ പ്രാധാന്യം കുറക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
മറ്റൊന്ന് അധ്യാപകരുടെ മേൽ പാഠഭാഗങ്ങൾ തീർക്കാനുള്ള സമ്മർദം നന്നായി ഉണ്ടാവുന്നുണ്ട് എന്നതാണ്. മേൽഘടകത്തിൽ നിന്നുള്ള പരിശോധന സമയത്ത് പാഠഭാഗങ്ങൾ തീർന്നത് പരിശോധിക്കുന്നതാണ് കാരണം. അപ്പോൾ പ്രാക്ടിക്കൽ ഭാഗങ്ങൾ ചെയ്യാൻ മതിയായ സമയം കിട്ടിയെന്ന് വരില്ല. പ്രാക്ടിക്കൽ പരിശീലനത്തിന് ഒരു വീക്കിലി കലണ്ടർ ഉണ്ടാവുന്നത് നന്നായിരിക്കും.
കുട്ടികൾ പല വിഷയങ്ങൾ പഠിക്കുന്നുണ്ടെങ്കിലും അവ കമ്പയിൻ ചെയ്ത് പഠിക്കാനുള്ള സംവിധാനമുണ്ടാവുന്നത് നന്നായിരിക്കും. ട്രെയിൻഡ് ആയ ഉസ്താദുമാർ എല്ലാ മദ്‌റസയിലും ഉണ്ടാവുക എന്നതും വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ സാമ്പ്രദായിക രീതിക്കൊപ്പം നവീകരണ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുകയുള്ളൂ.

അടിസ്ഥാന സൗകര്യ വികസനം

മദ്‌റസയിലെ അടിസ്ഥാന സൗകര്യവും പഠിച്ച കാര്യങ്ങൾ കുട്ടികൾ പ്രാവർത്തികമാക്കുന്നതുമായും തമ്മിൽ നല്ല ബന്ധമുണ്ട്. എന്തെന്നാൽ പ്രാക്ടിക്കലായി പരിശീലിപ്പിക്കാൻ സൗകര്യങ്ങൾ വേണം. പലർക്കും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാവാം. എന്നാൽ ഒന്നാഞ്ഞുപിടിച്ചാൽ അത് പരിഹരിക്കാൻ കഴിഞ്ഞേക്കും.

കുട്ടി മദ്‌റസയെ മാനസികമായി ഇഷ്ടപ്പെടുന്നതിൽ ഉസ്താദുമാരുടെ സമീപനം മാത്രമല്ല കാരണം. മദ്‌റസയിലെ സൗകര്യവും സൗന്ദര്യവും വൃത്തിയുമെല്ലാം അതിൽ പ്രധാനമാണ്. അത്തരം കാര്യങ്ങൾ മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ മാനേജ്‌മെന്റിനും വലിയ പണം മുടക്കി സൗകര്യമൊരുക്കാനൊന്നും കഴിയുന്നുണ്ടാവില്ല. എന്നാൽ ഉള്ളത് ഭംഗിയാക്കാൻ സാധിക്കണം. ആകെ രണ്ട് ക്ലാസ് മുറികളേ ഉള്ളൂവെങ്കിലും നന്നായി പെയിന്റ് ചെയ്തും പൂച്ചെടികൾ വെച്ചും നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. ഒരു പെയിന്റ് പണിക്കാരൻ തിരഞ്ഞെടുത്ത നിറം വരെ ഒരുപക്ഷേ കുട്ടിയുടെ മാനസിക അവസ്ഥയെയും ഉന്മേഷത്തെയും ബാധിക്കും. ഡാർക്ക് നിറത്തിൽ പെയിന്റ് ചെയ്ത ഒരു ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാൻ കുട്ടികൾക്ക് പ്രയാസമുണ്ടാകും. കൂടാതെ ലൈബ്രറി സൗകര്യങ്ങളും മദ്‌റസയിൽ വേണ്ടതുണ്ട്.
വിദ്യാഭ്യാസ ബോർഡ് നൽകുന്ന നിർദേശങ്ങൾ ചിലയിടങ്ങളിൽ മാനേജ്‌മെന്റിലേക്ക് എത്തുന്നില്ല എന്നൊരു പ്രശ്‌നമുണ്ട്. അതിന്റെ ഭാഗമായി പല സൗകര്യങ്ങളും രീതികളും പലയിടത്തും നടപ്പിലാവാതെ പോവുന്നു. മദ്‌റസയിലെ സംസ്‌കാരം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പാരന്റ്‌സ് കമ്യൂണിറ്റിയെ കൂടി മദ്‌റസയുടെ സജീവ ഭാഗമാക്കേണ്ടതുണ്ട്.

മാറാം, കാലത്തിനൊത്ത്

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒരാഴ്ചകൊണ്ടോ മറ്റോ നടപ്പിലാക്കാൻ പറ്റുന്നവയല്ല. എങ്കിലും ഗുണപരമായ ഭാവി മുന്നിൽകണ്ട് ഓരോ സാധ്യതകളും നിരീക്ഷിച്ച് കൂടിയാലോചനകൾ നടത്തി ക്രമേണ മാറ്റങ്ങൾ വരുത്താൻ മദ്‌റസയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർക്ക് സാധിക്കും. ഓരോ അധ്യയന വർഷവും നമ്മുടെ മദ്‌റസയിൽ നമുക്കെന്ത് മാറ്റം വരുത്താൻ കഴിയും എന്ന് ചിന്തിക്കണം. നാടും നാട്ടുകാരും നമ്മുടെ സൗകര്യങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുമ്പോൾ അതിനൊപ്പം സഞ്ചരിക്കാൻ നമുക്കും കഴിയണം. മദ്‌റസയിൽ പഠിക്കുന്ന വിദ്യാർഥികൾ സ്‌കൂളിലും പോവുന്നവരാവുമല്ലോ. അവർ കാണുന്ന സ്‌കൂൾ അടിസ്ഥാന സൗകര്യത്തിലും ആശയത്തിലും രീതിയിലുമെല്ലാം ഓരോ വർഷവും വികസിക്കുകയും അവൻ പഠിക്കുന്ന മദ്‌റസ താൻ ചേർന്നതിന് ശേഷം ഇന്നുവരെ യാതൊരു കാര്യത്തിലും മാറ്റമില്ലാതെ തുടരുകയും ചെയ്യുമ്പോൾ വിദ്യാർഥികളുടെ മനസ്സിനെ അത് നന്നായി ബാധിക്കും. മാറ്റം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബിൽഡിങ് വലുതാവണം എന്നല്ല. പഠിപ്പിക്കുന്ന രീതിയും സമീപനവും ഭൗതിക സംവിധാനങ്ങളും സിലബസും എല്ലാം അതിൽപെടും.

ഒരു നാടിന്റെ ഉന്നമനത്തെയും ആ പ്രദേശത്തിന്റെ മതപരമായ ഭാവിയെയും നിർണയിക്കുന്ന മദ്‌റസകൾ ഓരോ കാലത്തിനനുസരിച്ചും എല്ലായ്‌പ്പോഴും മികവിന്റെ കേന്ദ്രങ്ങളാവുന്നത് നമ്മുടെ സജീവമായ ശ്രദ്ധയും ഇടപെടലും ഉണ്ടാവുമ്പോൾ മാത്രമാണ്. സദാ ശ്രദ്ധ നൽകി ഈ മതവിദ്യാഭ്യാസ വിപ്ലവത്തിന്റെ പുരോഗതിയിൽ നമുക്കും പങ്കുചേരാം.

 

Exit mobile version